ക്ലബ്ബ് ഹൗസില്‍ മുഴങ്ങുന്നത് ഇസ്ലാമോഫോബിയയുടെ ഭീകരശബ്ദം

ഏതൊരു ആധുനിക മാധ്യമവും സാങ്കേതിക വിദ്യയും സജീവമാകുമ്പോള്‍ സ്വാഭാവികമായും ഏവരും കരുതുക അത് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതും സാങ്കേതികമായി മാത്രമല്ല, സാസ്‌കാരികമായും ഉന്നതിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും എന്നാണല്ലോ. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്. കേരളീയ സമൂഹം മറികടന്നു എന്നു പൊതുവില്‍ കരുതപ്പെടുന്ന മൂല്യങ്ങള്‍ അക്രമാസക്തമായി തിരിച്ചു വരുന്നതും അത് സമൂഹത്തെ അതിശക്തമായി പുറകോട്ടുവലിക്കുന്നതുമായ കാഴ്ചയാണ് കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ക്ലബ്ബ് ഹൗസ് മാറിയിരിക്കുന്നു. ഇവിടെ കാണുകയല്ല, കേള്‍ക്കുകയാണ് എന്ന വ്യത്യാസമേയുള്ളു. പക്ഷെ ആ ശബ്ദങ്ങള്‍ക്ക് പലതിനും സാദൃശ്യം ഹിറ്റ്‌ലറുടെ ശബ്ദത്തിനോടാണ് എന്നു മാത്രം.

സംഘപരിവാറിനോടൊപ്പം നവനാസ്തികരും എക്‌സ് മുസ്ലിമുകളും കൃസ്ത്യന്‍ ഗ്രൂപ്പകളും ഒന്നിക്കുന്ന ശബ്ദം

ഏതൊരു ആധുനിക മാധ്യമവും സാങ്കേതിക വിദ്യയും സജീവമാകുമ്പോള്‍ സ്വാഭാവികമായും ഏവരും കരുതുക അത് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതും സാങ്കേതികമായി മാത്രമല്ല, സാസ്‌കാരികമായും ഉന്നതിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും എന്നാണല്ലോ. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്. കേരളീയ സമൂഹം മറികടന്നു എന്നു പൊതുവില്‍ കരുതപ്പെടുന്ന മൂല്യങ്ങള്‍ അക്രമാസക്തമായി തിരിച്ചു വരുന്നതും അത് സമൂഹത്തെ അതിശക്തമായി പുറകോട്ടുവലിക്കുന്നതുമായ കാഴ്ചയാണ് കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ക്ലബ്ബ് ഹൗസ് മാറിയിരിക്കുന്നു. ഇവിടെ കാണുകയല്ല, കേള്‍ക്കുകയാണ് എന്ന വ്യത്യാസമേയുള്ളു. പക്ഷെ ആ ശബ്ദങ്ങള്‍ക്ക് പലതിനും സാദൃശ്യം ഹിറ്റ്‌ലറുടെ ശബ്ദത്തിനോടാണ് എന്നു മാത്രം.

ക്ലബ്ബ് ഹൗസ് കേരളത്തില്‍ സജീവമായിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളു. അതിനകം അതില്‍ നിന്നു പുറത്തുവന്ന ഏറ്റവും പ്രധാന ശബ്ദം ഇസ്ലാമോഫോബിയയുടേതാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം അതു വരുന്നത് പ്രധാനമായും സംഘപരിവാര്‍ ശക്തികളില്‍ നിന്നല്ല എന്നതാണ്. മറിച്ച് നവനാസ്തികരെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളില്‍ നിന്നും കുറെ കൃസ്ത്യന്‍സംഘടനകളില്‍ നിന്നും പുരോഹിതരില്‍ നിന്നും പിന്നെ കുറെ എക്‌സ് മുസ്ലീമുകളില്‍ നിന്നുമാണ്. മുസ്ലിംവിഭാഗങ്ങള്‍ക്കെതിരെ രൂപപ്പെട്ടുവരുന്നത്, വ്യത്യസ്ഥ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവരുടെ ഒരു വിശാലസഖ്യമാണെന്നു സാരം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ കുറിപ്പെഴുതുമ്പോള്‍ പല ക്ലബ്ബ് ഹൗസ് മുറികളിലും നടക്കുന്ന പ്രധാന അക്രോശങ്ങള്‍ ലൗ ജിഹാദിനെ കുറിച്ചാണ്. ലൗ ജിഹാദെന്നത് ഇന്ത്യന്‍ പാര്‍ലിമെന്റിനെതിരെ നടന്ന ഭീകരവാദി അക്രമണത്തിനു സമാനമാണെന്ന വാദമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു പുരോഹിതന്‍ ഉറക്കെ വിളിച്ചു പറയുന്നത് ഇങ്ങനെയാണ്, കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല, ഇന്റലക്ച്വല്‍ ജിഹാദുമുണ്ട്. പെണ്‍കുട്ടികളെ മാത്രമല്ല, മിടുക്കരായ കൃസ്ത്യന്‍ ചെറുപ്പക്കാരേയും അവര്‍ തട്ടി കൊണ്ടുപോകുന്നുണ്ടെന്ന്… പെണ്‍കുട്ടികള്‍ക്കൊപ്പം അവരേയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളേ, നിങ്ങളുടെ ഗര്‍ഭപാത്രം കണ്ട ചാത്തനും കാക്കക്കും പിശാചിന്റെ കുട്ടികളെ ഉണ്ടാക്കാന്‍ വിട്ടു കൊടുക്കരുത്’ എന്ന മറ്റൊരു പുരോഹിതന്റെ പ്രഖ്യാപനവും കേള്‍ക്കാനിടയായി. ബൈബിള്‍ പഠിച്ചാല്‍ വിശുദ്ധനാകുമെന്നും ഖുറാന്‍ പഠിച്ചാല്‍ ഭീകരനാകുമെന്നും കേട്ടു. ഇവര്‍ക്കാവശ്യമായ എല്ലാ ഊര്‍ജ്ജവും നല്‍കി നവനാസ്തികരും എക്‌സ് മുസ്വിമുകളും പല മുറികളിലായി സജീവമായി രംഗത്തുണ്ട്. തീര്‍ച്ചായായും ഇതിനെയെല്ലാം പ്രതിരോധിക്കുന്ന, പ്രധാനമായും മുസ്ലിം വിഭാഗങ്ങളടങ്ങിയ ചര്‍ച്ചകളും കേട്ടു. സ്വാഭാവികമായും അവിടത്തെ സ്വരങ്ങള്‍ മുഖ്യമായും പ്രതിരോധത്തിന്റേതുതന്നെ.

ഹാദിയ സംഭവത്തോടെയാണ് ലൗ ജിഹാദ് വിഷയം കേരളത്തില്‍ സജീവമായത്. ഇടതുലിബറലുകളും ഫെമിനിസ്റ്റുകളും പോലും അതേറ്റുവിളിച്ചത് കേരളം കണ്ടു. അവസാനം എന്താണുണ്ടായതെന്നു കേരളം മാത്രമല്ല, സുപ്രിംകോടതി വരെ കണ്ടതാണ്. എന്തായാലും ലൗ ജിഹാദ് ആരോപണം അനേഷിക്കാന്‍ സുപ്രീം കോടതി സാക്ഷാല്‍ എന്‍ ഐ എയെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദെന്ന് ആരോപിക്കപ്പെട്ട എണ്‍പത്തൊമ്പതോളം മിശ്രവിവാഹങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വളരെ വിശദമായ അന്വേഷണത്തിനുശേഷം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ലൗ ജിഹാദ് നടക്കുന്നതായി അറിയില്ലെന്നാണ് എന്‍ ഐ എയും റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രിംകോടതിയും അതംഗീകരിച്ചു. എന്നിട്ടും ലൗ ജിഹാദിനെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്നത് സംഘപരിവാര്‍ ശക്തികളായിരുന്നു. അടുത്തയിടെ നടന്ന ചില ഗൂഢാലോചനകളുടെ തുടര്‍ച്ചയായാണ് സംഘപരിവാറിനെ മറികടന്ന് കൃസ്ത്യന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്താന്‍ കാരണം. നേരിട്ടറിയുന്ന 27000 പെണ്‍കുട്ടികള്‍ ലൗ ജിഹാദിനു വിധേയരായിട്ടുണ്ടെന്നും യഥാര്‍ത്ഥ സംഖ്യ അതിനേക്കാള്‍ എത്രയോ വലുതാണെന്നും ഒരു ചര്‍ച്ചയില്‍ പറയുന്നതുകേട്ടു. എന്നാല്‍ അതിലെ ഒരു ഇരയെപോലും ഹാജരാക്കിയതായി കണ്ടില്ല. പ്രണയവിവാഹങ്ങളെയാണ് ഇവര്‍ ലൗ ജിഹാദ് എന്നു വിശേഷിപ്പിക്കുന്നതെന്നു സാരം. മറുവശത്ത് ് തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പല പെണ്‍കുട്ടികളും തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്നത് കേള്‍ക്കുകയും ചെയ്തു.

തീര്‍ച്ചയായും ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. സമീപകാലത്ത് കേരളരാഷ്ട്രീയത്തിലുണ്ടായ പല സംഭവങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതു തന്നെയാണിതും. സംസ്ഥാനത്തെ കൃസ്ത്യന്‍ വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ സംഘപരിവാര്‍ ശക്തികള്‍ ഏറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മോദിയും അമിത്ഷായും തന്നെ അത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കേരളത്തില്‍ ബിജെപിയേക്കാള്‍ ഹിന്ദുക്കള്‍ സിപിഎമ്മിലാണല്ലോ. ഹിന്ദുമതത്തില്‍ പ്രതീക്ഷിച്ചത്ര സ്വാധീനം നേടാന്‍ കഴിയാത്തതിനാലാണ് അവര്‍ കൃസ്ത്യാനികളെ ലക്ഷ്യമിടാന്‍ തുടങ്ങിയത്. മുസ്ലിം വിഭാഗങ്ങളില്‍ കയറിപറ്റുക എളുപ്പവുമല്ല. ആ ലക്ഷ്യത്തിലവര്‍ ചില നേട്ടങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഇതു തിരിച്ചറിഞ്ഞ ഇടതുപക്ഷവും അതിനായി രംഗത്തിറങ്ങി. ലീഗ് യുഡിഎഫില്‍ നിലനില്‍ക്കുന്നിടത്തോളം മുസ്ലിവിഭാഗങ്ങളില്‍ ഒരു പരിധിക്കപ്പുറം കയറാനാകില്ല എന്നവര്‍ക്കുമറിയാം. അതെ തുടര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ മാത്രമല്ല, ലീഗിനെപോലും വര്‍ഗ്ഗീയപാര്‍ട്ടിയെന്നു വിശേഷിപ്പിച്ച പ്രസ്താവനകള്‍ പുറത്തുവന്നത്. ബിജെപി ലക്ഷ്യമിട്ടിരുന്ന ജോസ് കെ മാണിയെ മുന്നണിയിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കായി. ബിജെപിയും വിടാന്‍ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പു കാലത്തുതന്നെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍ അതിരൂപതയില്‍ പോയി നഗരത്തില്‍ കൃസ്ത്യന്‍ ആധിപത്യത്തിനു പകരം മുസ്ലിം ആധിപത്യം ശക്തമാകുന്നതിനെ കുറിച്ചു പറഞ്ഞ വീഡിയോ എല്ലാവരും കണ്ടതാണല്ലോ. അതിനിടയിലായിരുന്നു പി സി ജോര്‍ജ്ജ് ലൗ ജിഹാദെന്ന ബോംബ് വീണ്ടും പൊട്ടിച്ചത്. അതാണ് ഇപ്പോള്‍ പല കൃസ്ത്യന്‍ പുരോഹിതരും ഗ്രൂപ്പുകളും ഏറ്റെടുത്തിരിക്കുന്നത്. ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രിയെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞതും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ കോടതിവിധിയും അവര്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ഇടതുപക്ഷത്തിന്റെ പല നിലപാടുകളും വര്‍ഗ്ഗീയ ശക്തികള്‍ക്ക് സഹായകരമായിട്ടുണ്ട്. അതിനിടയില്‍ സജീവമായ ക്ലബ്ബ് ഹൗസ് നല്‍കിയ സാധ്യത ഭംഗിയായി ഉപയോഗിച്ച് ഇവര്‍ പരത്തുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വര്‍ഗ്ഗീയത തന്നെയാണ്. സഹായത്തിനായി നേരത്തെ സൂചിപ്പിച്ചവരും കൂടിയതോടെ സംഘപരിവാുകാര്‍ കാഴ്ചക്കാരായി നിന്നു കയ്യടിക്കുകയാണ്. സത്യത്തില്‍ കേരളീയ സമൂഹത്തി്ല്‍ രൂക്ഷമായി നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയതന്നെയാണ് ഇതിലൂടെ പുറത്തുവരുന്നത്. ശ്രീറാം വിളിക്കാത്തതിന്റേയും ബീഫ് കഴിച്ചതിന്റേയും പേരില്‍ പല കൊലകളും നടത്തിയ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മോശമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് എന്നതില്‍ സംശയമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പറഞ്ഞതിനര്‍ത്ഥം ഇസ്ലാമില്‍ തീവ്രവാദമില്ല എന്നല്ല. അതുപറഞ്ഞാല്‍ ആരും ചിരിക്കും. തീര്‍ച്ചയായും ഇസ്ലാമിലും തീവ്രവാദമുണ്ട്. തീവ്രവാദത്തിനു മതമില്ല. (അതിപ്പോള്‍ കൂടുതല്‍ തെളിയുന്നു). കേരളത്തില്‍ തന്നെ ജോസഫ് മാഷുടെ കൈ വെട്ടിയത് തീവ്രവാദത്തിന്റെ സൂചന തന്നെയാണ്. വിരലിലെണ്ണാവുന്നവരാണെങ്കിലും അപൂര്‍വ്വം പേര്‍ ഐ എസില്‍ ചേരുകയും ചെയ്തു. അതുപോലെ ഇസ്ലാമിലും സ്ത്രീവിരുദ്ധതയുണ്ട്. ഏതൊരു മതവും പോലെ, എന്തിന് ശരാശരി മലയാളിയെ പോലെ മുസ്ലിംമതത്തിലും ഭൂരിഭാഗവും പ്രണയവും മിശ്രവിവാഹവും അംഗീകരിക്കുന്നില്ല. മറ്റു മതങ്ങളെപോലെതന്നെ ആളുകള്‍ വിട്ടുപോകുന്നത് ഇവര്‍ക്കും ഇഷ്ടമാകാനിടയില്ല. ആളുകള്‍ വരുന്നത് ഇഷ്ടമാകുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ മിക്കവാറും മുസ്ലിം സംഘടനകളും പുരോഹിതരുമെല്ലാം അവരുടെ ചെറുപ്പക്കാരെ തീവ്രവാദത്തില്‍ പോകുന്നതില്‍ നിന്നു തടയുന്ന കാഴ്ചയാണ് കാണുന്നത്. അതു വിജയിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ ലീഗിനുള്ള പങ്ക് പൊതുവില്‍ അംഗീകരിക്കപ്പെട്ടതുമാണ്. മതമൗലികവാദം ശക്തമാണെങ്കിലും അവരാരും ഇതുപോലെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നില്ല. എന്നാലതില്‍ നിന്ന് വ്യത്യസ്ഥമായി പുരോഹിതര്‍ പോലും വര്‍ഗ്ഗീയ വിഷം തുപ്പുന്ന ചര്‍ച്ചകളാണ് പല റൂമുകളിലും കാണുന്നത്. 18 കഴിഞ്ഞ ആര്‍ക്കും സ്വന്തം ഇഷ്ടത്തിന് മതം മാറാനുള്ള അവകാശമുണ്ടെന്നു സുപ്രിംകോടതി വിധിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളു. കേരളത്തില്‍ കൃസ്ത്യാനികളുടെ എണ്ണം ഇത്രയും കൂടാന്‍ കാരണം മതംമാറ്റമല്ലാതെ മറ്റെന്തായിരുന്നു? ഇപ്പോഴും വടക്കുകിഴക്കന്‍ മേഖലകളില്‍ മതം മാറ്റുന്നു എന്നോരോപിച്ച് കൃസ്ത്യന്‍ പുരോഹിതര്‍ സംഘപരിവാറുകാരാല്‍ അക്രമിക്കപ്പെടുന്നില്ലേ? അടുത്ത ദിവസമല്ലേ തീവണ്ടിയില്‍ വെച്ച് മലയാളി കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടത്? ഇതൊന്നും മനസ്സിലാക്കാതെയാണ് സംഘപരിവാര്‍ കെണിയില്‍ ഇവര്‍ വീണിരിക്കുന്നത്. വര്‍ഗ്ഗീയ വിഷം ചുരത്താന്‍ പറ്റിയ മാധ്യമമാണ് അവര്‍ക്ക് ക്ലബ്ബ് ഹൗസിലൂടെ ലഭിച്ചിരിക്കുന്നത് എന്നുമാത്രം. എന്തായാലും തങ്ങളുടെ പേരില്‍ നടക്കുന്ന പ്രചരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കെ സി വൈ എം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാലതുപോര. സഭാനേതൃത്വം തന്നെ രംഗത്തുവരേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply