വിദ്യാര്‍ത്ഥി രാഷ്ട്രീയം വര്‍ഗ്ഗസമരമോ…….!!

കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഏറെക്കുറെ ഓണ്‍ലൈനായിരുന്നതിനാല്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും കലാലയങ്ങലില്‍ ഉണ്ടായില്ല. എന്നാല്‍ ഈ അധ്യയന വര്‍ഷത്തില്‍ വീണ്ടും അത്തരം വാര്‍ത്തകള്‍ സജീവമാകുകയാണ്. അടുത്ത ദിവസങ്ങളില്‍ അതേറെ വര്‍ദ്ധിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നത് ജനാധിപത്യത്തിന്റെ പരിശീലനകളരിയാകണം. എന്നാലതുണ്ടാകുന്നില്ല, മറിച്ച് സമഗ്രാധിപത്യത്തിന്റെ കളരികളാകുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. രാഷ്ട്രീയം മാറി കക്ഷിരാഷ്ട്രീയമായിരിക്കുന്നു. പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിഗ് കേന്ദ്രങ്ങളായും ഈ സംഘടനകള്‍ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി സമൂഹവും വിദ്യാഭ്യാസ രംഗവും നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഇവരുടെ അജണ്ടയില്‍ ഇല്ല.

ഒരു വശത്ത് രാഷ്ട്രീയപ്രബുദ്ധമെന്നഹങ്കരിക്കുന്ന പ്രദേശമാണല്ലോ കേരളം. ലോകത്തെമ്പാടും നടക്കുന്ന പല രാഷ്ട്രീയവിഷയങ്ങളും നമ്മുടെ ചായക്കടകളില്‍ പോലും ചര്‍ച്ച ചെയ്തിരുന്ന കാലത്തായിരുന്നിരിക്കാം അത്തരം വിശേഷണമൊക്കെ വന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നൊക്കെ എത്രയോ അകലെയാണ്. നമ്മുടേത് തികച്ചും കക്ഷിരാഷ്ട്രീയ പ്രബുദ്ധ സംസ്ഥാനം മാത്രമാണ് എന്നതാണ് ശരി. തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന് തല പണയം വെക്കുകയും അവര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയും കണ്ണടച്ച് ന്യായീകരിക്കുകയും ചെയ്യന്നവരാണ് ഭൂരിഭാഗവും. ഇതാകട്ടെ ആരംഭിക്കുന്നത് കലാലയങ്ങളില്‍ നിന്നുതന്നെ എന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മുടെ കാമ്പസ് രാഷ്ട്രീയമെന്നത് അരാഷ്ട്രീയതയുടേയും സഹിഷ്ണതയില്ലായ്മുടേയും സമഗ്രാധിപത്യത്തിന്റേയും പിടിയിലമര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. ഇവരാണ് നാളത്തെ നേതാക്കന്മാരായി നമ്മെ ഭരിക്കാന്‍ പോകുന്നത് എന്നാലോചിക്കുമ്പോള്‍ എവിടേക്കാണ് കേരളം നീങ്ങുന്നതെന്ന് ഊഹിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിലെ ഏതാനും വാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും. പല കലാലയങ്ങളില്‍ നിന്നും സംഘട്ടനങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അവസാന വാര്‍ത്ത മഹാരാജാസില്‍ നിന്നാണ്. തൃശൂരിലെ പോളിടേക്‌നിക്കില്‍ പ്രിന്‍സിപ്പാളിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നാക്രോശിക്കുന്ന എസ് എഫ് ഐ നേതാവിന്റെ ദൃശ്യം കേരളമാകെ കണ്ടു. അധ്യാപകവര്‍ഗ്ഗവും വിദ്യാര്‍ത്ഥി വര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗസമരമാണ് കേരളത്തില്‍ നടക്കുന്നത് എന്ന നേതാവിന്റെ വ്യാഖ്യാനം കേട്ട് കാള്‍ മാക്‌സിന്റെ ആത്മാവ് പോലും ഞെട്ടിയിരിക്കും. മാവോയിസ്റ്റ് ബന്ധമെന്നാരോപിച്ച് യുഎപിഎ ചുമത്തി ഏറെകാലം ജയിലിലിട്ട അലന്‍ ഷുഹൈബ് എന്ന വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കി വീണ്ടും തടവിലാക്കാനുള്ള നീക്കവും പാലയാട് കാമ്പസില്‍ നടക്കുന്നു.

നമ്മുടെ കാമ്പസുകളില്‍ ഇതെല്ലാം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയത്തിലും പ്രതികരണം കാണുന്നുമില്ല. കാമ്പസുകള്‍ മയക്കുമരുന്നിന്റെ കേന്ദ്രങ്ങളായിരിക്കുന്നു എന്നാണല്ലോ പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രധാന വാര്‍ത്ത. അതിനെ തടയാന്‍ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും കഴിയുന്നില്ല. പല സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന റാഗിംഗിനെതിരേയും ചെറുവിരലനക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പലപ്പോഴും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നു. ബസ് ചാര്‍ജ്ജ് ഇളവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ബസുകളില്‍ നേരിടുന്ന അവഹേളനങ്ങള്‍ സ്ഥിരം സംഭവങ്ങളാണ്. എയ്ഡഡ് കോളേജുകളില്‍ തുടരുന്ന സംവരണ നിഷേധത്തിനെതിരെ ഇവരാരും മിണ്ടുന്നില്ല. അതെല്ലാം പോട്ടെ, ഇപ്പോള്‍ സജീവവിഷയമായ വി സി നിയമനങ്ങളില്‍ ചട്ടങ്ങള്‍ മറികടന്നതിനെതിരേയും അക്കാര്യം പറഞ്ഞ് ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുന്ന ചാന്‍സലര്‍ക്കെതിരേയും ഈ സംഘടനകളൊന്നും രംഗത്തുവരുന്നില്ല. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയിട്ടും അത്തരമൊരാവശ്യം നമ്മുടെ സംഘടനകള്‍ ഉന്നയിക്കുന്നതേയില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വളരെ പ്രധാനപ്പെട്ട, എന്നാല്‍ ഒരിക്കലും നമ്മുടെ വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകളുടെ അജണ്ടയില്‍ വരാത്ത ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ വിഷയം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രമാണ് നാം മുന്‍നിരയിലുള്ളത്. ഉന്നതവിദ്യാഭ്യാസത്തില്‍ നാം ഏറെ പുറകി്‌ലാണ്. അതിനാലാണല്ലോ പ്ലസ് 2 കഴിയുമ്പോള്‍ തന്നെ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ഭാഗവും ഉന്നതവിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചേക്കേറുന്നത്. ഈ വിഷയത്തെ അഭിമുഖീകരിക്കാതെ ഏതൊക്കെയോ അംഗീകാരം നമ്മുടെ ചില സര്‍വ്വകലാശാലകള്‍ക്ക് ലഭിച്ചെന്നാണ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഹങ്കരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഒരു വാര്‍ത്തയാകട്ടെ നമ്മുടെ പ്ലസ് ടു വിദ്യാഭ്യാസത്തിന്റെ നിലവാരം പോലും എത്രമോശമാണെന്ന് കാണിക്കുന്നതായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട പല സര്‍വ്വകലാശാലകളിലും ബിരുദ പഠനത്തിന് കേരള സിലബസില്‍ പഠിച്ചവര്‍ക്ക് ധാരാളമായി സീറ്റു കിട്ടുന്നു എന്നഹങ്കരിച്ചിരുന്നവരാണല്ലോ നമ്മള്‍. ഇത്തവണ ഡെല്‍ഹി സര്‍വ്വകലാശാല പ്രവേശന പരീക്ഷനടത്തിയപ്പോള്‍ കേരളബോര്‍ഡില്‍ പഠിച്ചവര്‍ക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ നാലിലൊന്നു സീറ്റുകള്‍ എന്നതാണ് ആ വാര്‍ത്ത. അധ്യാപക സംഘടനകള്‍ക്ക് ഇതിലൊന്നും താല്‍പ്പര്യം കാണാനിടയില്ല. എന്നാല്‍ പഠിക്കുക, പോരാടുക എന്നൊക്കെ മുദരാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടേയും അവസ്ഥ വ്യത്യസ്ഥമല്ല.

പൊതു രാഷ്ട്രീയ വിഷയങ്ങളിലേക്കു വന്നാലും സ്ഥിതി നിരാശാജനകം ത്‌നനെ. ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹ്യമാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ പ്രധാനമാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എവിടേയും വിദ്യാര്‍ത്ഥികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ചൈനയിലെ വിദ്യാര്‍ത്ഥികലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം പോലും നാമത് കണ്ടു. പക്ഷെ കേരളത്തിന്റെ അവസ്ഥ പൊതുവില്‍ നിരാശാജനകമാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പാതയില്‍ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. കലാലയ അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിംഗ്ദോ കമ്മറ്റി പേരെടുത്ത് പറഞ്ഞ സംസ്ഥാനം കേരളം ആയിരുന്നു. നമ്മുടെ പല കാമ്പസുകളും ചില സംഘടനകള്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ജനാധിപത്യവിരുദ്ധമായ കോട്ടകളാക്കിയിരിക്കുന്നു. അതിനെതിരെ ശബ്ദിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു. പ്രബുദ്ധകലാലയങ്ങള്‍ എന്നു കൊട്ടിഘോഷിക്കുന്നയിടങ്ങളിലെ അവസ്ഥയാണിത്. ശരിക്കും ഗുണ്ടാരാഷ്ട്രീയമായി മാറിയതിനാലായിരിക്കാം വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതിനും കോടതി തന്നെ അതിനെതിരെ വരാനും കാരണമായത്.

തീര്‍ച്ചയായും ആദ്യകാലത്ത് കെ എസ് യു തന്നെയായിരുന്നു കലാലയങ്ങളില്‍ ഗുണ്ടാരാഷ്ട്രീയം നടപ്പാക്കിയത്. നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലത്തും അത്തരം സംഭവങ്ങള്‍ ഉണ്ടായി. അടിയന്തരാവസ്ഥക്കുശേഷം കേരള കലാലയങ്ങള്‍ സാക്ഷ്യം വഹിച്ചത് എസ് എഫ് ഐയുടെ മുന്നേറ്റങ്ങള്‍ക്കായിരുന്നു. കാമ്പസുകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആദ്യമൊക്കെ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് ചിത്രം മാറി. എസ്എഫ്‌ഐ തന്നെ മറ്റു സംഘടനകളുടെപ്രവര്‍ത്തനത്തെ തടയാന്‍ രംഗത്തിറങ്ങി. ചിലയിടങ്ങളില്‍ എബിവിപിയും. പതുക്കെ പതുക്കെ കാമ്പസുകള്‍ വീണ്ടും ഗുണ്ടാരാഷ്ട്രീയത്തിന്റഎ വേദികളായി. കെഎസ്‌യുവും മറ്റും കാമ്പസുകളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. എഐഎസ്എഫ്, എസ്‌ഐഒ, ഫ്രറ്റേണിറ്റി, ഐസ, എഎസ്എ, ഇന്‍ക്വിലാബ് തുടങ്ങിയ സംഘടനകള്‍ക്കൊന്നും മിക്ക കാമ്പസുകളിലും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. നിരവധി കലാലയങ്ങളില്‍ ഇവര്‍ അക്രമിക്കപ്പെട്ടു. പലയിടത്തും ശക്തമായ പ്രതിഷധം അരങ്ങേറിയെങ്കിലും സ്ഥിതിയില്‍ ഇപ്പോഴും കാര്യമായ മാറ്റമില്ല.

എസ്ഫ്‌ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജില്‍ ഇലയനങ്ങാന്‍ പോലും അവരുടെ അനുമതി വേണമെന്ന അവസ്ഥയായിരുന്നു. മറ്റു സംഘടനകളുടെ സ്വാതന്ത്ര്യം തടയുന്നതുമുതല്‍ സദാചാരസംരക്ഷണം വരെ അവരാണ് നടപ്പാക്കിയിരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സംഘടനക്കും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നിര്‍ബന്ധിത സൈനിക സേവനം പോലെ നിര്‍ബന്ധിത എസ് എഫ് ഐ പ്രവര്‍ത്തനവും അവിടെ നടപ്പാക്കിയിരുന്നു. അതുമൂലം എത്രയോ പേര്‍ അവിടെ നിന്ന് പഠനം അവസാനിപ്പിച്ചു. 2000 നവംബര്‍ 10 ന് കെ. എസ്.യു നേതാവിന്റെ മുതുകില്‍ കത്തികൊണ്ട് എസ്എഫ്ഐ എന്ന് ചാപ്പ കുത്തിയ സംഭവവുമുണ്ടായി. 2017ല്‍ ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയും സദാചാരപോലീസിംഗിന്റെ ഭാഗമായി മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ എസ് എഫ് ഐയെ ഞെട്ടിച്ച സംഭവമാണ് 2019 ജൂലായ് ആദ്യം നടന്നത്. ഇനിയും നേതാക്കളുടെ അടിമകളാകാന്‍ തയ്യാറല്ല എന്ന് എസ് എഫ് ഐയുടെ അണികള്‍ തന്നെ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളാണ് മുന്‍നിരയില്‍ എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. അവര്‍ നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തുകയും എസ് എഫ് ഐയുടെ പതാക എടുത്തുമാറ്റുകയും ചെയ്തു. ഇതാണോ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്നാണവര്‍ ചോദിച്ചത്. ആ ചോദ്യത്തിനു മുന്നിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തന്നെ തയ്യാറായത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുണ്ടായിസം ഒന്നൊന്നായി പുറംലോകം അറിഞ്ഞത്. കോളേജില്‍ സ്‌റ്റേജിന് പിന്നില്‍ എസ്എഫ്ഐ യൂണിറ്റ് റൂം അഥവാ ഇടിമുറിയില്‍ വച്ചാണ് കോളേജിലെ പ്രശ്നങ്ങള്‍ തീര്‍ത്തിരുന്നത്. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് സ്ഥിതിയില്‍ അല്‍പ്പം മാറ്റം വന്നു എന്നുമാത്രം. യൂണിവേഴ്സിറ്റി കോളേജിലെ മിടുക്കാനായിരുന്ന ഒരു വിദ്യാര്‍ത്ഥി ഒന്നാംകിട ഗുണ്ടയായി എങ്ങനെ മാറിയന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ നിരവധി കലാലയങ്ങളില്‍ ഏറിയും കുറഞ്ഞും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. ചെങ്കോട്ടകളെന്നാണ് കലാലയങ്ങളെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. മഹാരാജാസ്, കേരളവര്‍മ്മ, വിക്ടോറിയ, കാലടി സര്‍വ്വകലാശാല, മടപ്പിള്ളി, ഗാന്ധി സര്‍വ്വകലാശാല, നാട്ടകം, സി എം എസ് തുടങ്ങി എത്രയോ കലാലയങ്ങളില്‍ സമീപകാലത്തുതന്നെ അക്രമസംഭവങ്ങള്‍ നടന്നു. പലയിടത്തും ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പ്രതിരോധങ്ങളും ശക്തമായി. ജിഷ്ണുപ്രണോയുടെയും രജനി എസ് ആനന്ദിന്റേയും മരണം, ലോ അക്കാദമിയിലെ സംഭവവികാസങ്ങള്‍, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചെറിയ ഉണര്‍വ്വുണ്ടാക്കിയെങ്കിലും അവക്കൊന്നും കാര്യമായ തുടര്‍ച്ച കാണുന്നില്ല.

കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഏറെക്കുറെ ഓണ്‍ലൈനായിരുന്നതിനാല്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും കലാലയങ്ങലില്‍ ഉണ്ടായില്ല. എന്നാല്‍ ഈ അധ്യയന വര്‍ഷത്തില്‍ വീണ്ടും അത്തരം വാര്‍ത്തകള്‍ സജീവമാകുകയാണ്. അടുത്ത ദിവസങ്ങളില്‍ അതേറെ വര്‍ദ്ധിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നത് ജനാധിപത്യത്തിന്റെ പരിശീലനകളരിയാകണം. എന്നാലതുണ്ടാകുന്നില്ല, മറിച്ച് സമഗ്രാധിപത്യത്തിന്റെ കളരികളാകുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. രാഷ്ട്രീയം മാറി കക്ഷിരാഷ്ട്രീയമായിരിക്കുന്നു. പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിഗ് കേന്ദ്രങ്ങളായും ഈ സംഘടനകള്‍ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി സമൂഹവും വിദ്യാഭ്യാസ രംഗവും നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഇവരുടെ അജണ്ടയില്‍ ഇല്ല. അതിനാലാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വര്‍ഗ്ഗസമരമാണെന്നും കൃഷ്ണന്‍ ഗീതയില്‍ പറയുന്നപോലെ ലക്ഷ്യമാണ് പ്രധാനം, മാര്‍ഗ്ഗം വിഷയമല്ല എന്നും അധ്യാപകന്റെ മുട്ടുകാല്‍ തല്ലിയൊടുക്കുമെന്നും എസ് എഫ് ഐ നേതാവില്‍ നിന്നു നമുക്ക് കേള്‍ക്കേണ്ടിവരുന്നത്. ഈയൊരവസ്ഥ അവസാനിപ്പിക്കാനായുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തെ കലാലയങ്ങള്‍ക്ക് പുറത്തുനിര്‍ത്തുമമന്നുറപ്പ്. ഈ കക്ഷിരാഷ്ട്രീയത്തേക്കാള്‍ ഭേദം അരാഷ്ട്രീയമാണെന്ന് അവര്‍ പറയുകയും ചെയ്യും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply