അതിജീവിതക്കൊപ്പമോ കേരളം?

നടിയെ അക്രമിച്ച കേസ് അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാനുള്ള അവസാനപോരാട്ടത്തിലാണ് അതിജീവിതക്കൊപ്പം ആത്മാര്‍ത്ഥമായി നിലകൊള്ളുന്നവര്‍. എന്നാല്‍ കേരളം മുഴുവന്‍ അതിജീവിതക്കൊപ്പം എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാല്‍ അവരില്‍ വലിയൊരു വിഭാഗവും ഇരക്കൊപ്പം എന്നു പറയുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുന്നവരുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസം കഴിയുന്തോറും അത് കൂടുതല്‍ കൂടുതല്‍ പ്രകടമാകുകയാണ്. അത്തരം സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ വെച്ച് സാംസ്‌കാരിക കേരളം അതിജീവിതക്കൊപ്പം എന്ന പേരില്‍ വലിയൊരു ഐക്യദാര്‍ഢ്യപരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കേസിന്റെ തുടരന്വേഷണ സമയപരിധി നീട്ടണം എന്നക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മാറണം എന്ന അതിജീവിതയുടെ ആവശ്യ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നേരത്തെ കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന് കാണിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് മാറണം എന്ന് അതിജീവിത ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് ഇദ്ദേഹത്തെ ഹൈക്കോടതി ജസ്റ്റിസ് പദവിയിലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്ന് പിന്‍മാറണം എന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്. ഇതോടെയാണ് ജഡ്ജി സ്വയം പിന്മാറി കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്. എന്നാല്‍ അതിജീവിതയുടെ പുതിയ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചതും അത് നീട്ടി നല്‍കിയതും താനാണ് എന്നും ഇതില്‍ നിയമപരമായ താനാണ് തുടര്‍ വാദം കേള്‍ക്കണ്ടത് എന്നുമാണ് ജഡ്ജി പറഞ്ഞത്. ജഡ്ജിയെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നുമാണ് നേരത്തെ അതിജീവിത ആവശ്യപ്പെട്ടിരുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത് എന്ന നിലപാടിലാണ് പ്രതിഭാഗം. തുടരന്വേഷണത്തിന് വേണ്ടി ക്രൈംബ്രാഞ്ച് മുന്നോട്ട് വെക്കുന്ന തെളിവുകളില്‍ വസ്തുതയില്ല എന്നാണ് അവരുടെ വാദം. മൂന്ന് മാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നും അതിനാല്‍ ഫോറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നുമാണ് ദിലീപ് പറയുന്നത്. കൂടുതല്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. മാത്രമല്ല നടി ആക്രമിക്കപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണവും ദിലീപ് നിഷേധിച്ചു. നേരത്തെ, മേയ് 31-നുള്ളില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടി നല്‍കില്ല എന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മേയ് 31നുള്ളില്‍ അന്വേഷണം അവസാനിപ്പിക്കണെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഏതാനും ദിവസം മുമ്പ് നടി മുഖ്യമന്ത്രിയെ കണ്ടത്. അതിനുമുമ്പ് സര്‍ക്കാര്‍ തനിക്കൊപ്പമാണോ എന്ന വിഷയത്തില്‍ നടി സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. അതിനെതിരെ തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിനു വേണ്ടിയാണ് നടിയിത് പറയുന്നതെന്നതെന്ന വൃത്തികെട്ട അരോപണമായിരുന്നു എം എം മണിയും കോടിയേരിയും ജയരാജനും ആന്റണി രാജുവും മറ്റും ഉന്നയിച്ചത്. തുടര്‍ന്നാണ് തന്റെ ഭാഗം വ്യക്തമാക്കാന്‍ നടി മുഖ്യമന്ത്രിയെ കണ്ടത്. 1. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് എനിക്ക് പരാതിയില്ല. അവര്‍ക്ക് അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം . 2. ഈ കേസിലെ സാക്ഷികളെ കൂറുമാററിക്കുന്നതിന് ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവ് ഉണ്ടാകണം 3. കോടതിയില്‍ ഇരുന്ന മെമ്മറികാര്‍ഡ് എങ്ങനെ എന്നെ ടാമ്പര്‍ ചെയ്യപ്പെട്ടു എന്ന് അന്വേഷിക്കുന്നതിന് ഉത്തരവാകണം. 4. അടിയന്തരമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം .5. കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയമായി ആരും ഇടപെടാതിരിക്കുന്നതിനുള്ള നിലപാട് എടുക്കണം . കാരണം പ്രതികള്‍ പ്രബലരാണ്. പണവും സ്വാധീനവും ഉള്ളവരാണ് പലതരത്തില്‍ അവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നീ ആവശ്യങ്ങളായിരുന്നു അവര്‍ മുഖ്യമന്ത്രിക്കുമുന്നില്‍ ഉന്നയിച്ചത്. സ്വാഭാവികമായും അതിജീവിതക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് അതിജീവിതയും പറഞ്ഞു. എന്നാലും ഹര്‍ജി പിന്‍വലിക്കാന്‍ നടി തയ്യാറായില്ല. പിന്നാലെ ഏറെക്കുറെ നടിയുടെ ആവശ്യങ്ങളെ പിന്തുണക്കുന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത്.

ഇത്തരം സാഹചര്യത്തിലായിരുന്നു നടി കളിച്ചുവളര്‍ന്ന സാഹിത്യ അക്കാദമി മുന്നറ്റ് വന്‍ ഐക്യദാര്‍ഢ്യസമ്മേളനം നടന്നത്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളായെ കെ ടി ജലീലിന്റേയും വി എസ് സുനില്‍ കുമാറിന്റേയും പി ബാലചന്ദ്രന്റേയും വൈശാഖനടക്കം ഇടതുപക്ഷത്തുനില്‍ക്കുന്ന പല എഴുത്തുകാരേയും സാക്ഷിനിര്‍ത്തി  സാറാജോസഫും ഭാഗ്യലക്ഷ്മിയും മറ്റും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കാഴ്ചക്കായിരുന്നു അക്കാദമി സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ അതിജീവിതക്കൊപ്പം തന്നെ എന്ന് വി എസ് സുനില്‍ കുമാര്‍ മറുപടി പറഞ്ഞു. എന്നാല്‍ വേദിയില്‍ തന്നെ വായിച്ച, അതിജീവിത മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തില്‍ അതെത്രമാത്രം വിശ്വസനീയം എന്ന ചോദ്യം അവശേഷിക്കുകയാണ്. അന്വേഷണത്തിന് മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ അവസാനഘട്ടത്തില്‍ മാറ്റിയത് പ്രതികൂലമായി ബാധിച്ചതായി നിവേദനത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. 2020 ജനുവരി മുപ്പതാം തീയതി മുതല്‍ നടന്ന 15 ദിവസത്തെ വിചാരണ കോടതിയില്‍ താന്‍ നേരിട്ടത് അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തന്നെ ആയിരുന്നു. . വ്യക്തിഹത്യയായിരുന്നു അന്ന് കോടതിയില്‍ എതിര്‍ഭാഗം വക്കീല്‍ രാമന്‍പിള്ളയുടെ ജൂനിയേഴ്‌സ് നടത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഈ കേസില്‍ ആ സമയത്ത് പാലിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ജഡ്ജിക്കെതിരായും അതിജീവിത വിരല്‍ ചൂണ്ടിയിട്ടുണ്ട്. കോടതി പൂര്‍ണമായും താന്‍ പറയുന്ന കാര്യങ്ങള്‍ പലതും എഴുതി എടുക്കാതിരിക്കുകയും അത് ചോദ്യം ചെയ്ത പ്രോസിക്യൂഷന് വലിയ രീതിയില്‍ അപമാനം നേരിടേണ്ടി വരികയും ചെയ്തു.

കേസില്‍ പ്രതിയായിട്ടുള്ള ദിലീപിന്റെ സ്വാധീനം മൂലം സാക്ഷികളില്‍ പലരും കൂറുമാറി. അതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്ന കാര്യങ്ങളിലും കൊടുക്കുന്ന പരാതികളിലും അപേക്ഷകളിലും ഒന്നുംതന്നെ കോടതി നടപടി എടുത്തില്ല. കോടതിയും പ്രോസിക്യൂഷനും ശത്രുക്കളായി മാറുകയും പ്രോസിക്യൂഷന്‍ കോടതിയെ മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ആ ഹര്‍ജി അനുവദിക്കാതെ പോവുകയും വീണ്ടും അതേ ജഡ്ജി തന്നെ വിസ്താരത്തിലേക്ക് വരികയും ചെയ്തു. ഈ സമയത്ത് ആദ്യത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു പോയി. അടുത്ത പ്രോസിക്യൂട്ടര്‍ വരാന്‍ ഒരുപാട് സമയം എടുത്തു. തുടര്‍ന്ന് വന്ന പ്രോസിക്യൂട്ടറും തെളിവുകള്‍ ഹാജരാക്കാന്‍ കോടതി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട അപമാനഭാരത്താല്‍ രാജിവെച്ചു. ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി കേസ് മുന്നോട്ടു പോയിരുന്നത്. സാക്ഷികളെ അഭിഭാഷകര്‍ എങ്ങനെ മൊഴിമാറ്റി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും കണ്ടു കിട്ടി. ദിലീപിന്റെയും കൂട്ടരുടെയും ഫോണുകളില്‍ നിന്നും ലഭിച്ച മുഴുവന്‍ രേഖകളും നശിപ്പിക്കുന്നതിന് ബോംബെയിലേക്ക് നാല് അഭിഭാഷകര്‍ പോയതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് . 2020 ല്‍ പ്രധാനപ്പെട്ട രേഖയായ മെമ്മറി കാര്‍ഡ് കോടതിയില്‍ ഇരിക്കുമ്പോള്‍ അനുവാദമില്ലാതെ ടാമ്പര്‍ ചെയ്യപ്പെട്ടതും തെളിയിക്കപ്പെട്ടു. എന്നാല്‍ അക്കാര്യം കോടതി പ്രോസിക്യൂഷനെ അറിയിക്കുകയോ നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നത് സ്വകാര്യതയുടെ ലംഘനമാണ് . കോടതിയുടെ അനുമതിയോടെ ചോര്‍ന്ന ദൃശ്യങ്ങള്‍ പലരുടേയും ഫോണുകളില്‍ കണ്ടിട്ടുണ്ട് എന്ന് പിന്നീട് വന്ന പല വാര്‍ത്തകളിലൂടെയും അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി കോടതിയില്‍ നല്‍കി. അതിന്റെ മേല്‍ കോടതി യാതൊരു വിധത്തിലുള്ള നടപടികളും എടുത്തില്ല. ഇതിനിടയിലാണ് കേസ് പെട്ടെന്ന് തീര്‍ക്കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് ഉണ്ടായത്.ഇന്നത്തെ സാഹചര്യത്തില്‍ കോടതി പറഞ്ഞ ഈ സമയത്തില്‍ കേസിന്റെ ചാര്‍ജ് കൊടുത്താല്‍ പിന്നെ ഈ കേസില്‍ നീതി കിട്ടില്ല എന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ താനായിട്ട് ഹര്‍ജി നല്‍കിയത് എന്ന് നടി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് തന്റെ വിഷയമല്ലെന്നും. ഇത്തരെമാരു സാഹചര്യത്തിലാണ് ഈ കുറിപ്പിന്റെ തലകെട്ട് പ്രസക്തമാകുന്നത്. അതിനു മറുപടി പറയാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply