ഇതു നമ്മുടെ റിപ്പബ്ലിക്ക് (ആക്കണം)

ഒരു വശത്ത് രാജ്യത്തെ എല്ലാ പൗരന്മാരും തുല്ല്യരാണെന്ന ആധുനിക സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപിടിക്കുന്നത്. എന്നാലത് കേവലം യാന്ത്രികമായിരുന്നില്ല. അനന്തമായ ഇന്ത്യയുടെ വൈവിധ്യങ്ങളും ജാതിവ്യവസ്ഥയുടേയും മനുസ്മൃതി മൂല്യങ്ങളുടേയും ചൂഷണങ്ങള്‍ക്കുനേരെ കണ്ണടക്കാന്‍ ഭരണഘടനാശില്‍പ്പികള്‍ക്ക്, പ്രത്യേകിച്ച് അംബേദ്കര്‍ക്ക് ആകുമായിരുന്നില്ല. അങ്ങനെയാണ് സംവരണം ഭരണഘടനാവകാശമാകുന്നത്. കാശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്ല്യപദവി ലഭിക്കുന്നത്. മതംമാറ്റം പൗരന്റെ അവകാശമാകുന്നത്. ലിംഗസമത്വം പ്രഖ്യാപിക്കപ്പെടുന്നത്. ഈ സങ്കല്‍പ്പങ്ങള്‍ക്കുനേരെയാണ് അടുത്തകാലത്ത് വന്‍തോതില്‍ കടന്നാക്രമണങ്ങള്‍ നടക്കുന്നത്.

രാജ്യം മറ്റൊരു റിപ്പബ്ലിക്ക് ദിനാഘോഷത്തിലാണ്. എന്നാല്‍ ഇന്നോളം ദര്‍ശിക്കാത്തവിധം വ്യത്യസ്ഥമായ സാഹചര്യത്തിലാണ് ഇക്കുറി റിപ്പബ്ലിക് ദിനമാഘോഷിക്കുന്നത്. തലസ്ഥാനനഗരിയില്‍ നടക്കുന്ന, രാജ്യത്തിന്റെ സൈനികശക്തി വിളിച്ചോതുന്ന പരേഡാണല്ലോ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഇനം. എന്നാല്‍ അതല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തെ ശ്രദ്ധേയമാക്കുന്നത്. മറിച്ച് നൂറില്‍ പരം കിലോമീറ്റര്‍ നീളുന്ന, ലക്ഷകണക്കിനു ട്രാക്ടറുകള്‍ അണിനിരക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയാണ്. അതിനാല്‍ തന്നെ ലോകസമരചരിത്രത്തില്‍ തന്നെ തിളങ്ങുന്ന അധ്യായമായി മാറാന്‍ പോകുകയാണ് 2021ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം എന്നതില്‍ സംശയം വേണ്ട.

എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കപ്പെടുന്നത്. അതുവരെ പ്രത്യക്ഷമായിതന്നെ, ഇ്‌പ്പോള്‍ പോലും പരോക്ഷമായും, മനുസ്മൃതിയായിരുന്നു നമ്മുടെ ഭരണഘടന. ബ്രിട്ടീഷ് ഭരണം രാജ്യത്ത് പലതരത്തിലുള്ള വികസനങ്ങള്‍ക്കും വിത്തിട്ടു എന്നു പറയുമ്പോഴും മനുസ്മൃതി മൂല്യങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാനായില്ല. പല സ്ഥലത്തും വ്യാപകമായി നടന്ന മതംമാറ്റങ്ങളും അങ്ങനെതന്നെ. കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും ബംഗാളുമടക്കം പല പ്രദേശങ്ങളിലും നടന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുപോലും ഒരു പരിധിവി്ട്ട് മുന്നോട്ടുപോകാനായില്ല. പിന്നീട് പുറകോട്ടടിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലായിരുന്നു ഇന്ത്യ ഔപചാരികമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാഭാവികമായും ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് മനുസ്മൃതി മൂല്യങ്ങളെ മറികടന്ന് ആധുനികകാലത്തിനു യോജിച്ച ഒരു ഭരണഘടനക്കു രൂപം നല്‍കുക എന്നതായിരുന്നു. അതിനുമുമ്പുതന്നെ ഹിന്ദുത്വവാദികളും മതേതരവാദികളും തമ്മിലുള്ള ആശയ സമരം കോണ്‍ഗ്രസ്സിലും പുറത്തും സജീവമായിരുന്നു. ഹിന്ദുത്വവാദികള്‍ക്കിടയില്‍ തന്നെയും മതേതരവാദികള്‍ക്കിടയില്‍ തന്നേയും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഗാന്ധിജിയില്‍ പോലും ഹൈന്ദവ – മനുസ്മൃതി ആശയങ്ങള്‍ ഉണ്ടായിരുന്നു എന്ന വിമര്‍ശനമുണ്ടല്ലോ. മറുവശത്ത് നെഹ്‌റുവും അംബേദ്കറും തമ്മിലും ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്തായാലും ഇത്തരം ആശയസമരങ്ങളുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി വധം. ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിട്ടും അതിന്റെ ഫലമായി മതേതരവാദികള്‍ക്ക് മേല്‍ക്കൈ ലഭിച്ചു എന്നത് ചരിത്രപ്രധാനമായ ഒന്നാണ്. അങ്ങനെയാണ് അംബേദ്കറുടെ നേതൃത്വത്തില്‍ ലോകത്തെ മികച്ച ഭരണഘടനകളില്‍ ഒന്ന് രൂപം കൊണ്ടത്. അംബേദ്കറുടേയും നെഹ്‌റുവിന്റേയും ലോകപരിചയവും പുരോഗമാനാശയങ്ങളും അതില്‍ പ്രധാന പങ്കുവഹിച്ചു. അതിനേക്കാളുപരി ഭീകരമായ ജാതീയപീഡനം നേരിട്ടിരുന്ന വിഭാഗങ്ങളുടെ പ്രതിനിധിയായിരുന്ന അംബേദ്കറുടെ ജീവിതാനുഭവങ്ങളും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു വശത്ത് രാജ്യത്തെ എല്ലാ പൗരന്മാരും തുല്ല്യരാണെന്ന ആധുനിക സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപിടിക്കുന്നത്. എന്നാലത് കേവലം യാന്ത്രികമായിരുന്നില്ല. അനന്തമായ ഇന്ത്യയുടെ വൈവിധ്യങ്ങളും ജാതിവ്യവസ്ഥയുടേയും മനുസ്മൃതി മൂല്യങ്ങളുടേയും ചൂഷണങ്ങള്‍ക്കുനേരെ കണ്ണടക്കാന്‍ ഭരണഘടനാശില്‍പ്പികള്‍ക്ക്, പ്രത്യേകിച്ച് അംബേദ്കര്‍ക്ക് ആകുമായിരുന്നില്ല. അങ്ങനെയാണ് സംവരണം ഭരണഘടനാവകാശമാകുന്നത്. കാശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്ല്യപദവി ലഭിക്കുന്നത്. മതംമാറ്റം പൗരന്റെ അവകാശമാകുന്നത്. ലിംഗസമത്വം പ്രഖ്യാപിക്കപ്പെടുന്നത്. ഈ സങ്കല്‍പ്പങ്ങള്‍ക്കുനേരെയാണ് അടുത്തകാലത്ത് വന്‍തോതില്‍ കടന്നാക്രമണങ്ങള്‍ നടക്കുന്നത്. സംവരണാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. സാമൂഹ്യനീതി എന്ന സംവരണത്തിന്റെ മഹത്തായ ആശയത്തിനു നേരെ തന്നെയാണ് കത്തിവെച്ചിരിക്കുന്നത്. തുല്ല്യതയും യോഗ്യതയുമൊന്നും യാന്ത്രികമായി കാണാനാവുന്നതല്ല എന്ന യാഥാര്‍ത്ഥ്യമാണ് അട്ടിമറിക്കപ്പെടുന്നത്. കേരളത്തിലടക്കം മുന്നോക്കസംവരണം നടപ്പാക്കിയിരിക്കുന്നു. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്ല്യപദവി എന്ന ആശയത്തെ അട്ടിമറിച്ചാണ് പൗരത്വനിയമ ഭേദഗതി പാസാക്കിയിരിക്കുന്നത്. ബീഫിന്‍േയും ശ്രീറാംവിളിയുടേയും പേരില്‍ കൊലകള്‍ നടക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് കാശ്മീരിനു നല്‍കിയ പദവി എടുത്തു കളഞ്ഞത്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളെ തകര്‍ത്ത് ഒരൊറ്റരാജ്യം, ഒറ്റ വിപണി, ഒറ്റ നികുതി, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ മതം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ഏകീകൃത സിവില്‍ കോഡ് പാസാക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം – ദളിത് – സ്ത്രീ – ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിച്ച് മനുസ്മൃതി മൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍തന്നെ ഭരണഘടനാ സംരക്ഷണം തന്നെയാകണം ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മുടെ മുദ്രാവാക്യം.

കര്‍ഷകസമരത്തിലേക്കും ട്രാക്ടര്‍ റാലിയിലേക്കും തിരിച്ചുവരാം. ഭരണഘടനാമൂല്യങ്ങളും രാജ്യത്തിന്റെ വൈവിധ്യങ്ങളും ഫെഡറല്‍ സംവിധാനവും തകര്‍ത്ത് ഒരുവശത്ത് ഹിന്ദുത്വശക്തികള്‍ക്കും മറുവശത്ത് വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്കുമായി നടപ്പാക്കുന്ന കേന്ദ്രനടപടികള്‍ക്കെതിരെയാണ് ഐതിഹാസികമായ കര്‍ഷകസമരം. അടുത്തയിടെ പാസാക്കിയ മൂന്നു നിയമങ്ങളുടേയും ആത്യന്തികലക്ഷ്യം അതാണ്. വാസ്തവത്തില്‍ രണ്ടുധ്രുവങ്ങളില്‍ നിലകൊള്ളേണ്ടവരാണ് വര്‍ഗ്ഗീയശക്തികളും കോര്‍പ്പറേറ്റുകളും. എന്നാല്‍ ഇന്ത്യയില്‍, സംഘപരിവാര്‍ ഭരണത്തില്‍ അവരൊന്നിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അതിനെതിരെയാണ് അവരുടെ രാജവീഥികളിലേക്ക് ട്രാക്ടറുകളുമായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കര്‍ഷകരെത്തുന്നത്. ഗ്രാമീണരെത്തുന്നത്. ആത്യന്തികമായി ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം തന്നെയാണ്, ദേശീയപതാകയുമേന്തിവരുന്ന അവര്‍ ലക്ഷ്യം വെക്കുന്നത്. ഇനിയും ആത്മഹത്യ ചെയ്യാനില്ലെന്നും ഇതു തങ്ങളുടെ കൂടി റിപ്പബ്ലിക്കാണെന്നുമാണ് അവര്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ഈ കര്‍ഷകരോടും ട്രാക്ടര്‍ റാലിയോടും ഐക്യപ്പെടുകയാണ് ജനാധിപത്യവിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്തം. അങ്ങനെയാണ് ഇത് നമ്മുടെ, ജനങ്ങളുടെ റിപ്പബ്ലിക്കാക്കാനാവുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനാമൂല്യങ്ങളെല്ലാം അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നാളുകള്‍ മറക്കാറായിട്ടില്ലല്ലോ. അന്ന് ജയിലില്‍ കിടന്ന് സിവിക് ചന്ദ്രന്‍ എഴുതിയ ഒരു കവിതയുടേയും പിന്നീടദ്ദേഹം തന്നെ വരുത്തിയ തിരുത്തലിന്റേയും ഏതാനും വരികള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

അല്ലല്ല തോഴരെ, ഇത് നമ്മുടെ റിപ്പബ്ലിക്ക് അല്ല
അല്ലേ അല്ല ,ഇത് നമ്മുടെ റിപ്പബ്ലിക്ക് അല്ല.
സ്‌കൂള്‍ കുട്ടികള്‍ പാടട്ടെ
അവര്‍ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങള്‍
തെരുവു പുരുഷാരം പാടട്ടെ
അവര്‍ പാവമപസ്മാര ബാധിതര്‍
പ്രക്ഷേപണ നിലയങ്ങള്‍ പാടട്ടെ
അവര്‍ വിലക്കെടുക്കപ്പെട്ട മസ്തിഷ്‌കങ്ങള്‍
വൃത്താന്ത പത്രങ്ങള്‍ പാടട്ടെ
കുരച്ചു തന്നെ തീരണമെന്നായിരിക്കും അവരുടെ വിധി.
ചാനലുകളായ ചാനലുകളും പാടട്ടെ
അവര്‍ വെറും തലവിഷ പൈങ്കിളിപ്പെട്ടികള്‍
പക്ഷെ നമുക്കൊത്തു പാടാം
അല്ലല്ല തോഴരെ ഇത് നമ്മുടെ റിപ്പബ്ലിക്കല്ല.
അല്ലേ അല്ല, നമ്മുടെ റിപ്പബ്ലിക്ക് അല്ല.

ഇതദ്ദേഹം എഴുതിയത് ജയിലില്‍ വെച്ച്. തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തെയല്ല, അന്നത്തെ സാഹചര്യത്തെയാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. അന്ന് വര്‍ഗ്ഗീയഫാസിസം ഇത്രയും ശക്തമായിരുന്നില്ല. എന്നാല്‍ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ വിശദീകരിച്ചതു പോലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഈ വരികള്‍ ഇപ്പോഴും പ്രസക്തമല്ല എന്നു പറയാനാവില്ല. എന്നാല്‍ റിപ്പബ്ലിക്കിനെ തള്ളിക്കളയുകയല്ല, ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഫെഡറലിസത്തിന്റേയും സാമൂഹ്യനീതിയുടേയും അല്ലെങ്കില്‍ ഭരണഘടനാമൂല്യങ്ങളുടെ അന്തസത്ത ഉയര്‍ത്തിപിടിക്കാനാണ് നാമിപ്പോള്‍ തയ്യാറാകേണ്ടത്. അങ്ങനെയാണ് റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കേണ്ടത്. അതായിരിക്കാം പിന്നീട് സിവിക് ചന്ദ്രന്‍ തന്നെ ഇപ്രകാരം എഴുതാന്‍ കാരണമായത്.

ഒരിക്കല്‍
ഭാവിയിലിപ്പോഴെങ്കിലുമൊരിക്കല്‍
നാം വെറും ഇന്ത്യക്കാര്‍ –
നാഗനും കശ്മീരിയും സിഖും മുസ്ലിമും
ദളിതനും സ്ത്രീയും ഗ്രാമീണനും കര്‍ഷകനും ചെരുപ്പ്കുത്തിയും
തോട്ടിയും വയറ്റാട്ടിയും ആദിവാസിയുമഭയാര്‍ഥിയും പ്രവാസിയും
ചേര്‍ന്നീ നമ്മുടെ സ്വന്തം ഇന്ത്യയെ വീണ്ടെടുക്കും
മൂന്നല്ല, മുന്നൂറ് നിറങ്ങളില്‍ നാം നമ്മുടെ
പുതിയ ദേശീയപതാക തുന്നും
ഏഴല്ല, എഴുന്നൂറ് സ്വരങ്ങളില്‍
നാം നമ്മുടെ പുതിയ ജനഗണമന രചിക്കും
അന്നു നാമൊന്നിച്ച് ഏറ്റു പാടും:
നമ്മുടെ റിപ്പബ്ലിക്ക്, നമ്മുടെ സ്വന്തം റിപ്പബ്ലിക്ക്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply