ഇന്ത്യന്‍ ജനാധിപത്യ സംവിധാനം തകര്‍ച്ചയിലേക്കോ?

തീര്‍ച്ചയായും കോണ്‍ഗ്രസ്സ് – എന്‍സിപി – ശിവസേന സഖ്യവും ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സ് – എന്‍സിപി സഖ്യത്തോട് മത്സരിച്ചവരാണ് ശിവസേനക്കാര്‍. മാത്രമല്ല ഹിന്ദത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ തന്നെയാണല്ലോ അവരും.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനം തകര്‍ച്ചയിലേക്കാണോ എന്ന ചോദ്യമാണ് മഹാരാഷ്ട്രസംഭവവികാസങ്ങള്‍ ഉയര്‍ത്തുന്നത്. രാത്രിയുടെ നിഗുഢതയില്‍ അട്ടിമറിക്കപ്പെട്ടത് ഉദ്ധര്‍ താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനമല്ല, ജനാധിപത്യ സംവിധാനം തന്നെയാണ്. കേന്ദ്രമന്ത്രിസഭ പോലും കൂടാതെ രാഷ്ട്രപതി ഭരണം പിന്‍വലിക്കുക, ഭൂരിപക്ഷപിന്തുണയുണ്ടോ എന്ന് ഒരുറപ്പുമില്ലാതെ, നേരത്തെ മന്ത്രിസഭാ രൂപീകരണത്തില്‍ പരാജയപ്പെട്ടവര്‍ക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അവസരം നല്‍കുക, അതിനായി ജനാധിപത്യവിരുദ്ധമായ എന്തുമാര്‍ഗ്ഗവും ഉപയോഗിക്കുക. അതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്.

തീര്‍ച്ചയായും കോണ്‍ഗ്രസ്സ് – എന്‍സിപി – ശിവസേന സഖ്യവും ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സ് – എന്‍സിപി സഖ്യത്തോട് മത്സരിച്ചവരാണ് ശിവസേനക്കാര്‍. മാത്രമല്ല ഹിന്ദത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ തന്നെയാണല്ലോ അവരും. പ്രാദേശികവാദമുയര്‍ത്തി ഒരു കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ശിവസേന ബാബറി മസ്ജിദ് കാലത്താണ് ബിജെപിയേക്കാള്‍ രൂക്ഷമായ രീതിയില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കളായത്. മുംബൈ കൂട്ടക്കൊലയില്‍ അവരുടെ പങ്ക് ആര്‍ക്കുമറിയാം. പിന്നീട് മോദിയും അമിത്ഷായുമൊക്കെ ബിജെപിയുടെ നേതൃത്വത്തിലെത്തിയപ്പോഴാണ് ശിവസേനയാണ് ഭേദമെന്ന തോന്നലുണ്ടായത്. എന്നാല്‍ ബിജെപി – ശിവസേന തര്‍ക്കം എന്നും അധികാരം പങ്കിടുന്നതിനെ കുറിച്ചു മാത്രമായിരുന്നു. ഇപ്പോഴും അവരകലാന്‍ കാരണം മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കമാണല്ലോ

പുതിയ സംഭവവികാസങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുക കോണ്‍ഗ്രസ്സിനെ തന്നെ. ശിവസേനയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ ഒരു താല്‍പ്പര്യവുമില്ലാതിരുന്ന കോണ്‍ഗ്രസ്സിനെ അതിനു നിര്‍ബന്ധിച്ചത് പവ്വാറായിരുന്നു. കാര്യങ്ങള്‍ അനന്തമായി നീണ്ടുപോയാല്‍, ജനാധിപത്യത്തിനു ഒരു വിലയും കല്‍പ്പിക്കാത്ത ബിജെപി, മൂന്നു പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ റാഞ്ചുമെന്ന ഭയം എല്ലാവര്‍ക്കുമണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിയത്. എന്നാല്‍ പതിവുപോലെ അമിത് ഷാ ആഞ്ഞടിച്ചു. ഇത്തവണയത് ശരത് പവാറിന്റെ അനന്തരവന്‍ അജിത് പവ്വാറിന്റെ രൂപത്തിലാണ്. കേസില്‍ കുടുക്കുമെന്ന ഭീഷണിതന്നെയാണ് ഇവിടേയും ബിജെപി ഇറക്കിയതെന്നു കരുതാം.

അതേസമയം 170 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശരത് പവാറിന്റെ അവകാശവാദം. പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരത് പവാര്‍ പറഞ്ഞു. ശരത് പവാര്‍ പറയുന്നതു ശരിയാകാം. എന്നാല്‍ വരുംദിവസങ്ങളില്‍ പണമിറക്കിയും മറ്റെന്തു ഹീനമാര്‍ഗ്ഗങ്ങള്‍ പയറ്റിയും എം എല്‍ എമാരെ വരുതിയിലാക്കാന്‍ ബിജെപി ശ്രമിക്കുമെന്നുറപ്പ്. പല സംസ്ഥാനങ്ങളിലും അവരത് ചെയ്തതുമാണ്.

എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച പോലെ ഒരു വലിയ പ്രതിസന്ധിയെ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി നടത്തിയ ജനാധിപത്യ വിരുദ്ധ നടപടികള്‍ തന്നെയാണ് മഹാരാഷ്ട്രയിലും പയറ്റുന്നത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായി മത്സരിച്ച ബിജെപിയും എന്‍സിപിയും ചേര്‍ന്ന് ഭരിക്കുക എന്നതുതന്നെ ജനാധിപത്യത്തെ മാത്രമല്ല, ജനങ്ങളെ തന്നെ അവഹേളിക്കലാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളിലൂടെ ജനാധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുക എന്നതു തന്നെയായിരിക്കണം സംഘപരിവാറിന്റെ ലക്ഷ്യം. അതാണല്ലോ ഫാസിസത്തിന് എപ്പോഴും ആവശ്യം. ഈ കെണിയില്‍ വീഴാതെ, ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാനും കൂടുതല്‍ കരുത്തുള്ളതാക്കാനുമുള്ള നീക്കങ്ങളാണ് ജനാധിപത്യ വിശ്വാസികളും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply