ഇന്ത്യന്‍ രാഷ്ട്രീയം പരിപൂര്‍ണ്ണ ഏകാധിപത്യത്തിലേക്കോ….?

ജനാധിപത്യ – മതേതരവാദികളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ഫലമാണ് ത്രിപുര – മേഘാലയ – നാഗാലാന്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നിരിക്കുന്നത്.

ജനാധിപത്യ – മതേതരവാദികളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ഫലമാണ് ത്രിപുര – മേഘാലയ – നാഗാലാന്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നിരിക്കുന്നത്. അടുത്തകാലം വരെ സംഘപരിവാറിനു ബാലികേറാമലയായിരുന്ന വടക്കുകിഴക്കന്‍ മേഖലയിലും അവര്‍ ആധിപത്യം പുലര്‍ത്തികഴിഞ്ഞു. തങ്ങള്‍ ഇന്ത്യക്കാരല്ല എന്നു വിശ്വസിക്കുന്ന വലിയൊരു ഭാഗം ജനങ്ങള്‍ വസിക്കുന്ന മേഖലയാണിവ. പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍. പല സംസ്ഥാനങ്ങളിലും സായുധസമരങ്ങള്‍ പോലും നടക്കുന്നു. മറ്റൊരു സംസ്ഥാനങ്ങളിലും ഉപയോഗിക്കാത്ത ഭീകരനിയമങ്ങള്‍ പോലും കേന്ദ്രം ഈ മേഖലയില്‍ പ്രയോഗിക്കുന്നു. അടുത്ത തങ്ങളുടെ ലക്ഷ്യം കേരളവും തമിഴ് നാടുമൊക്കെയാണെന്ന് പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസവും ഇതോടെ സംഘപരിവാര്‍ നേടിക്കഴിഞ്ഞു. മോദിയത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത് അവിശ്വസനീയമായി തോന്നാമെങ്കിലും ഏതാനും വര്‍ഷം മുമ്പ് ത്രിപുരയിലും ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യമായിരുന്നു എന്നു മറക്കരുത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരമ്പരാഗത ശത്രുക്കളായ കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിച്ചു നിന്നി്ട്ടും ത്രുപുരയിലെ ബിജെപി തേരോട്ടം തടയാനായില്ല. തീര്‍ച്ചയായും കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് ക്ഷീണം തന്നെ. പ്രതിപക്ഷത്തെ തീരെ ഇല്ലാതാക്കാന്‍ അവര്‍ക്കായിട്ടില്ല എന്നത് ആശ്വാസമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ സിപിഐഎം കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുകയും ചെയ്തു. പക്ഷെ രാഷ്ട്രീയത്തില്‍ അധികാരം പ്രധാന ഘടകമാണല്ലോ. അവിടെ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ ട്രിപ്പ മോത്ത 13 സീറ്റുകള്‍ നേടി എന്നതു ശ്രദ്ധേയമാണ്. ടിപ്ര മോത്തയുടെ ഗോത്രമേഖലയിലെ മികച്ച പ്രകടനമാണ് 13 സീറ്റുകള്‍ സമ്മാനിച്ചത്. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ ബിജെപിയുടെ സഖ്യകക്ഷിയും മറ്റൊരു ഗോത്രവര്‍ഗ പാര്‍ട്ടിയുമായ ഐപിഎഫ്ടിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമേ നേടനായുള്ളു. ഗിരിവര്‍ഗ്ഗ മേഖലയില്‍ അത്രയൊന്നും സ്വാധീനം ബിജെപിക്കില്ല എന്നത് വ്യക്തം. എന്നാല്‍ സവര്‍ണ്ണ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചിട്ടുണ്ടെന്നും വ്യക്തം.

നാഗാലാന്‍ഡിലും ബിജെപി മുന്നണിക്ക് ഭരണം നിര്‍ത്താന്‍ കഴിഞ്ഞു. തങ്ങള്‍ ഹിന്ദുപാര്‍ട്ടിയല്ലെന്നും കൃസ്ത്യന്‍ വിഭാഗങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനമാണ് ഈ വിജയം വ്യക്തമാക്കുന്നതെന്നുമാണ് ബിജെപിയുടെ അവകാശവാദം. മേഘാലയിലും എന്‍പിപി – ബിജെപി സഖ്യം തന്നെയാണ് ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ ഇരു സംസ്ഥാനത്തും ബിജെപിക്ക് വലിയ നേട്ടമൊന്നുമില്ല എന്നതാണ് വാസ്തവം. ബിജെപിക്കൊപ്പമുള്ള പ്രാദേശിക പാര്‍ട്ടികളായ എന്‍ പി പിയും എന്‍ഡിപിപിയുമാണ് സീറ്റുകള്‍ വാരിക്കൂട്ടിയത്. അപ്പോഴും വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും അടുത്തവര്‍ഷം നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പിലും പോരാടാന്‍ വലിയ ഊര്‍ജ്ജം തന്നെയാണ് ഈ വിജയങ്ങള്‍ ബിജെപിക്ക് സമ്മാനിച്ചിരിക്കുന്നത് എന്നതില്‍ ംസശയം വേണ്ട.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായികൊണ്ടിരിക്കുന്ന മറ്റൊരു മാറ്റത്തിന്റെ സൂചനയായി കൂടിവേണം ഈ തെരഞ്ഞെടുപ്പുഫലത്തെ നോക്കികാണാന്‍. സംഘപരിവാറിന്റെ ഹിന്ദത്വരാഷ്ട്രീയമാണ് വര്‍ഷങ്ങളായി ഇന്ത്യയില്‍ വെന്നി്‌ക്കൊടി പാറിക്കുന്നതെന്നാണല്ലോ എല്ലാവരും പറയാറുള്ളത്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലെ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാല്‍ അതു ശരിയാണെന്നും കാണാം. എന്നാല്‍ വളരെ അടുത്ത വര്‍ഷങ്ങളില്‍ അത് അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചതായും കാണാം. അതാകട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറയോടെയുള്ള ഏകാധിപത്യമെന്നതാണ്. അതായത് മോദി എന്ന വ്യക്തിയിലേക്ക് ഇന്ത്യ ചുരുങ്ങുകയാണ് എന്നര്‍ത്ഥം. ഒരുപക്ഷെ ലോകചരിത്രം ഇന്നോളം കണ്ട ഏറ്റവും ശക്തനായ ഏകാധിപതിയായി മോദി മാറികൊണ്ടിരിക്കുകയാണ് എന്നു കരുതുന്നതില്‍ തെറ്റില്ല. മുന്‍ ഏകാധിപതികളുടെ അനുഭവങ്ങളുടെ ചരിത്രം മുന്നിലുള്ളതിനാലും അവര്‍ക്കൊന്നുമില്ലാതിരുന്ന, നൂറുകണക്കിനു വര്‍ഷങ്ങളുടെ അപ്രഖ്യാപിത ഭരണഘടനയായിരുന്ന മനുസ്മൃതിയുടെ മൂല്യങ്ങളുടെ പിന്തുണയുള്ളതിനാലും, ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞുതന്നെ മോദിക്കത് സാധ്യമാകുന്നു. മാത്രമല്ല, കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലെ പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം എന്ന ഭീകരനായ അപരനില്‍ നിന്നു രാജ്യത്തെ രക്ഷിക്കുകയാണ് തങ്ങളെന്ന പൊതുബോധം സൃഷ്ടിക്കാനും മോദിക്കും കൂട്ടര്‍ക്കുമായതും ഈ മാറ്റത്തെ എളുപ്പമാക്കുന്നു.

തങ്ങളെന്തുചെയ്താലും എത്രതന്നെ എതിര്‍പ്പുവന്നാലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഭൂരിപക്ഷം കൂടെനില്‍ക്കുമെന്ന ആത്മവിശ്വാസം മോദിയും കൂട്ടരും നേടിക്കഴിഞ്ഞിട്ടുണ്ട്. മോദിയുടെ രൂപവും പ്രസംഗവും മാത്രം മതി വോട്ടുകിട്ടാന്‍ എന്ന അവസ്ഥയിലേക്ക് രാജ്യം മാറുകയാണോ? തെരഞ്ഞെടുപ്പു കഴിഞ്ഞ പിറ്റേന്നുതന്നെ പ്രഖ്യാപിച്ച പാചകവാതക വിലവര്‍ദ്ധനവും സാമ്പത്തികരംഗത്തെ ഏകശക്തിയായി അദാനിയെ വളര്‍ത്തിയെടുക്കുന്നതുമൊക്കെ അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. ഭരണമില്ലാത്തപ്പോഴാണ് സംഘപരിവാര്‍ ശക്തികള്‍ വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുക എന്നും ഭരണമുള്ളപ്പോള്‍ അതുണ്ടാകില്ല എന്നുമുള്ള ഒരുവാദം നിലവിലുണ്ട്. രാജ്യത്ത് വന്‍തോതിലുള്ള വംശീയ ഉന്മൂലനം ഇപ്പോള്‍ നടക്കുന്നില്ലല്ലോ എന്നതാണവര്‍ ഈ വാദത്തിനു ഉപോല്‍ഫലകമായി ചൂണ്ടികാട്ടുന്നത്. എന്നാല്‍ പൗരത്വഭേദഗതി, കാശ്മീരിനെ വെട്ടിമുറിക്കല്‍, വിയോജിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടലും വധിക്കലും, ബിഫിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകള്‍ തുടങ്ങിയവയെല്ലാം നടക്കുന്നത് അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെയാണല്ലോ. മാത്രമല്ല, ജനാധിപത്യത്തെ അട്ടിമറിച്ച് എത്രയോ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമന്ത്രിസഭകളെ അട്ടിമറിച്ചു. വരുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏകീകൃത സിവില്‍ കോഡും മതപരിവര്‍ത്തനം തടയലുമൊക്കെ അണിയറയില്‍ തയ്യാറാകുന്നു. സംഘപരിവാറില്‍ പ്രതീക്ഷ കാമാനും ചര്‍ച്ചകള്‍ക്കുപോകാനും ജനാധിപത്യവാദികള്‍ക്കാകില്ല എന്നര്‍ത്ഥം.

ജനാധിപത്യവാദികള്‍ക്ക് ഇനി ഒരു പ്രതീക്ഷക്കും സാധ്യതയില്ല എന്നല്ല പറഞ്ഞുവരുന്നത് ഇന്ത്യന്‍ ജനാധിപത്യം വളരെ കരുത്തുള്ളതു തന്നെയാണ്. ഇന്ത്യയിലെ അനന്തമായ വൈവിധ്യമാണ് അതിന്റെ ശക്തി. ,എന്നാല്‍ ജനാധിപത്യം മുന്നോട്ടുവെക്കുന്ന പുരോഗമന മൂല്യങ്ങളെ സംഘപരിവാര്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന മനുസ്മൃതി മൂല്യങ്ങള്‍ കടത്തിവെട്ടുന്നു എന്നതാണ് ഇപ്പോഴത്തെ ദുരന്തം. അതിനെ മറികടക്കാന്‍ ജനാധിപത്യ – മതേതര മൂല്യങ്ങള്‍ക്ക് കഴിയണം. ഏകത്വത്തിനു പകരം നാനാത്വത്തെ ഉയര്‍ത്തിപിടിക്കലാണ് അതിനുള്ള ഏകമാര്‍ഗ്ഗം. സത്യത്തില്‍ ഈ നാനത്വത്തിന്റെ രാഷ്ട്രീയ രൂപങ്ങളാണ് പ്രാദേശിക പാര്‍ട്ടികള്‍. എന്നാലവയില്‍ ഭൂരിപക്ഷവും തങ്ങളുടെ ചരിത്രപരമായ കടമ നിര്‍വ്വഹിക്കുന്നതു കാണുന്നില്ല. അവയെ കൂടി കൂടെകൂട്ടി അധികാരത്തിലെത്താന്‍ ബിജെപിക്കു കഴിയുന്നു എന്നതാണ് വൈരുദ്ധ്യം.

കണക്കുകള്‍ പ്രകാരം ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ബിജെപിക്കില്ല, വോട്ടുചെയ്യുന്നവരില്‍ 40 ശതമാനത്തിനു താഴെയാണ് അവരുടെ വിഹിതം. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ഇനിയും ജനാധിപത്യത്തേയും മതേതരത്വത്തേയും രാജ്യത്തേയും രക്ഷിക്കാനാകും. എന്നാല്‍ അതു സംഭവിക്കാത്തതാണ് ബിജെപിയുടെ വിജയം. അധികാരമോഹമടക്കമുള്ള താല്‍പ്പര്യങ്ങളാല്‍ ഒന്നിച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ തവണ വിവിധ നേതാക്കളുടേയും പാര്‍ട്ടികളുടേയും മുന്‍കൈയില്‍ അതിനുള്ള ശ്രമം നടന്നു. എന്നാലവയെല്ലാം പരാജയങ്ങള്‍ തന്നെ. ഏറെ ശ്രദ്ധേയമായ ഭാരത് ജോഡോ യാത്രയില്‍ പോലും പ്രതിപക്ഷത്തില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസ്സ് നേതാക്കളാകട്ടെ തെരഞ്ഞെടുപ്പു നടന്ന ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് കാര്യമായി എത്തിയില്ല. ഇപ്പോഴിതാ ത്രിപുര.യിലെ സഖ്യത്തിലൂടെ തങ്ങള്‍ക്ക് നഷ്ടമാണുണ്ടായതെന്നും കോണ്‍ഗ്രസ്സിനാണ് നേട്ടമുണ്ടായതനെന്നും അതിനാല്‍ ഇനി സഖ്യം വേണ്ട എന്നുമുള്ള വാദം സിപിഎമ്മില്‍ ശക്തമാകുകയാണത്രെ. കോണ്‍ഗ്രസ്സും സിപിഎമ്മുമായി ഒരു സഖ്യവുമുണ്ടാകില്ലെന്ന് മമതയും പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ മാറ്റിവെച്ച് സംഘപരിവാറിനെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തില്‍ അടിയുറച്ചുനിന്നാല്‍ ഒരുപക്ഷെ അതിനിയും സാധ്യമാകും. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ ഏകാധിപത്യം അതിന്റെ തല്‍സ്വരൂപം കാണിക്കുമോ എന്ന ഭയം ന്യായമാണ്. എന്നാല്‍ ആത്യന്തിക ജയം ഏകാധിപത്യത്തിനാകില്ല, ജനാധിപത്യത്തിനാകുമെന്നതില്‍ സംശയം വേണ്ട. പ്രതിപക്ഷം കാലത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളുമോ എന്നതു തന്നെയാണ് ആവര്‍ത്തിക്കുന്ന ചോദ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply