അടുക്കളയും അവരുടേതാകുന്നു

പ്രാദേശിക കാര്‍ഷിക വിഭവങ്ങളെ തദ്ദേശീയരായ ജനങ്ങളില്‍നിന്നും തട്ടിപ്പറിച്ചെടുക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കുമാത്രം കഴിയുന്ന മൂലധനനിക്ഷേപവും ശാസ്ത്ര- സാങ്കേതികജ്ഞാനവും വിനിയോഗിച്ചാണ്. മാത്രമല്ല, സംസ്‌ക്കരണത്തെ സഹായിക്കുന്ന നിരവധി കണ്‍സള്‍ട്ടന്‍സികളുമാണുള്ളത്. കോര്‍പ്പറേറ്റുകള്‍ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ വിലയിലോ ഗുണമേന്മയിലോ വിപണത്തിലോ മത്സരിക്കാന്‍ കഴിയാതെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പുറംതള്ളപ്പെടുന്നതിലൂടെ വിപണിയിന്മേലുള്ള അധീശത്വം രൂപംകൊള്ളുകയും ചെയ്യും. അച്ചാറുകള്‍, കറി പൗഡറുകള്‍, മത്സ്യം, മാംസം എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളും ആയുര്‍വേദ ഔഷധങ്ങളും കോര്‍പ്പറേറ്റുകളില്‍നിന്നും മാത്രമായിരിക്കും വാങ്ങിക്കാന്‍ കഴിയുന്നത്. ഇതോടെ അടുക്കളയും അവരുടേതായി മാറുന്നു – കെ കെ കൊച്ചിന്റെ ”സ്വയം പര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം” എന്ന ലേഖനത്തിന്റെ ആറാംഭാഗം

വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കേരളത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ കടന്നുപോയൊരു ബഹിഷ്‌ക്കരണസമരം നടക്കുകയുണ്ടായി. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തകയായ ഹിന്ദുസ്ഥാന്‍ ലിവറി (ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍)ന്റെ ഉല്‍പ്പന്നങ്ങള്‍, വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനപ്രകാരം, റീട്ടെയില്‍ വ്യാപാരികളടക്കമുള്ളവരാണ് ബഹിഷ്‌ക്കരിച്ചത്. സമരത്തിനാധാരമായ ആവശ്യം നിവിലുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു. വ്യാപാര- വ്യവസായ മേഖലയിലെ ഏറ്റവും വലിയ സംഘടിതശക്തിയുടെ തീരുമാനം പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടതോടെ, ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. എങ്കിലും, കമ്പനി വിട്ടുവീഴ്ചയ്ക്കു തയ്യാറായാതേയില്ല. ഈ മത്സരത്തില്‍ ശ്രദ്ധേയമായ കാര്യം അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലായിരുന്ന സപ്ലൈകോയുടെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റേയും വില്‍പ്പനശാലകൡ വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെന്നതുള്ളതാണ്. ഇപ്രകാരമൊരു സാഹചര്യത്തില്‍ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്ന് വില്‍പ്പന നടത്തിയതോടെ വ്യാപാരി-വ്യവസായി ഏകോപന സമിതി ഏകപക്ഷീയമായി ബഹിഷ്‌ക്കരണം പിന്‍വലിക്കുകയായിരുന്നു.

തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ ലിവറിന് വിജയിക്കാന്‍ കഴിഞ്ഞത്? കാരണമാരായുമ്പോള്‍ വ്യക്തമാകുന്നത്, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, വിപണനസൗകര്യം, പരസ്യത്തിന്റെ പിന്‍ബലം, വിലക്കുറവ് എന്നീ കാര്യങ്ങളാണ.് ഹിന്ദുസ്ഥാന്‍ ലിവറിന്റെ മാത്രമല്ല, ഒട്ടെല്ലാ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അതേസമയം, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഖ്യം ചെയ്തവരും ഉല്‍പ്പാദന പങ്കാളിത്തമുള്ളവരും ഇറക്കുമതി ചെയ്ത ശാസ്ത്ര-സാങ്കേതികജ്ഞാനവും വൈദഗദ്ധ്യമുള്ളവരുമായ ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ ഉല്‍പന്നങ്ങളും വിപണിയില്‍ സ്വാധീനമുറപ്പിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത്, വിദേശിയും സ്വദേശിയുമായ കോര്‍പ്പറേറ്റുകളുടെ അപ്രതിരോധ്യമായ മേധാവിത്വംമൂലം ദേശീയ-തദ്ദേശീയ ഉല്‍പാദനത്തിന് നിലനില്‍ക്കാനാവില്ലെന്നാണ്. അതുകൊണ്ടാണ് സ്വദേശിവല്‍ക്കണം മുഖ്യ സാമ്പത്തിക നയമായംഗീകരിച്ച ബി.ജെ.പി.യ്ക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്റേതില്‍നിന്നും ഭിന്നമായൊരു സാമ്പത്തികനയം പിന്തുടരാന്‍ കഴിയാതെ വന്നിരിക്കുന്നത്.

ഒരു ചരിത്രഘട്ടത്തില്‍, സമ്പദ്ഘടനയുടെ മുഖ്യാവലംബം മൂലധന കേന്ദ്രീകരണവും അധ്വാനശേഷിയുടെ വന്‍തോതിലുള്ള വിനിയോഗവുമായിരുന്നു. ഇപ്രകാരം വിനിയോഗിക്കപ്പെട്ട അധ്വാനശേഷിയുടെ ഒരു ഘടകം മാത്രമായിരുന്നു ശാസ്ത്ര- സാങ്കേതികജ്ഞാനം. തൊഴിലാളികളുടെ അധ്വാനവും യന്ത്രസഹായവും കൊണ്ട് ഉല്‍പാദനബന്ധങ്ങളിലുണ്ടായ കുതിച്ചുചാട്ടത്തെ മാര്‍ക്‌സ് വിലയിരുത്തുന്നത് ‘കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പാദനശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചുള്ളതിനേക്കാള്‍ എത്രയോ വമ്പിച്ചതാണ്. ഭീമമാണ് പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം ആവിക്കപ്പലും തീവണ്ടിയും, കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയൊക്കെ കൃഷിക്കുവേണ്ടി വെട്ടിതെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗ്യമാക്കല്‍, ഇന്ദ്രജാലപ്രയോഗത്താലെന്നപോലെ വലിയജനസഞ്ചയങ്ങളെ മണ്ണിനടിയില്‍നിന്നും ഉയിര്‍ത്തിക്കൊണ്ടുവരല്‍, സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്‍പാദനശക്തികള്‍ക്ക് ഉറഞ്ഞിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് സംശയമുണ്ടായിരുന്നത്. സാമൂഹ്യധ്വാനത്തില്‍നിന്നും സൃഷ്ടിച്ച സമ്പത്തിന്റെ ജനാധിപത്യപരമായ അവകാശവും, അധ്വാനം എല്ലാവരുടേയും കടമയാക്കലുമാണ് സോഷ്യലിസം വിഭാവനം ചെയ്തത്. ജനലക്ഷ്യത്തിനുവേണ്ടിയാണ് ലോകമെമ്പാടുമുള്ള ദരിദ്രരരും പീഡിതരുമായ ജനങ്ങള്‍ എണ്ണമറ്റ കലാപങ്ങളിലൂടെ ജീവത്യാഗം ചെയ്തതും. ദുരൂഹമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയതും ഇപ്രകാരമുള്ള ചരിത്രാനുഭവങ്ങളിലൂടെ രൂപംകൊണ്ട റഷ്യയും ചൈനയുമടക്കം നിരവധി രാജ്യങ്ങള്‍ മനുഷ്യരാശിയുടെ മുമ്പില്‍ പുതിയ ലോകത്തിന്റെ മാതൃകയായി മാറുകയുണ്ടായി.

എന്നാല്‍, മുന്‍ചൊന്ന രാജ്യങ്ങളിലെ സമ്പദ്ഘടന സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണവും എല്ലാവരുടെ അധ്വാനവും ഉള്‍ക്കൊള്ളുന്നതായിരുന്നില്ലെന്നു മാത്രമല്ല, മുതലാളിത്തത്തിലെന്നപോലെ ചെറിയൊരു ന്യൂനപക്ഷത്തില്‍ സമ്പത്ത് നിക്ഷിപ്തമാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളേയും നിര്‍ദ്ധനരും കൂലിതൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. അസമത്വം കൊടികുത്തി വാണതും, സോഷ്യലിസം എന്ന സങ്കല്‍പ്പനവുമായി വിദൂരബന്ധംപോലം പുലര്‍ത്താതിരുന്ന സമ്പദ്ഘടനയെ അടിച്ചമര്‍ത്തലുകളിലൂടെ പരിരക്ഷിക്കാനുള്ള കടമ ഭരണകൂടം ഏറ്റെടുത്തതോടെ സോഷ്യലിസം, കേവലം ജലരേഖയായി മാറി. ഈ അനുഭവമാണ് സോഷ്യലിസത്തിനുവേണ്ടിയുള്ള വിപ്ലവങ്ങളെ അപ്രസക്തമാക്കിയത്.

അതേസമയം, വിപ്ലവം നടക്കാതിരുന്ന സമൂഹങ്ങളില്‍ ജനങ്ങളുടെ നിരന്തരമായ പ്രക്ഷോഭങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഫലമായി തൊഴിലാളികളുള്‍പ്പെടുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വേതനമായി സമ്പത്തിന്റെ ഒരു ഭാഗം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, വൈദ്യസഹായം എന്നിങ്ങനെയുള്ള കാര്യങ്ങളും അവകാശങ്ങളായി മാറിയിട്ടുണ്ട്. ഇപ്രകാരം, മെച്ചപ്പെട്ട തൊഴില്‍ മേഖലയോടൊപ്പം, മുതലാളിത്തകാലത്തില്‍നിന്നും ഭിന്നമായി വിപുലവുമായൊരു സേവനമേഖയും രൂപംകൊണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ അഭാവത്തിലും, വിവിധ രാജ്യങ്ങളിലെ ജനസംഖ്യയിലേ ഗണ്യമായൊരു വിഭാഗത്തിന് ഉയര്‍ന്ന സാമ്പത്തിക ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്. ഈ വികസനസമൂഹം വിപുലമായ വിപണിയായി പരിവര്‍ത്തനപ്പെട്ടതോടെയാണ് വന്‍കിടവ്യവസായത്തിലെന്നപോലെ മുന്‍ചൊന്ന വിപണിക്കുവേണ്ടിയുള്ള ഉല്‍പാദനം, വ്യവസായികോല്‍പ്പാദനത്തിന്റെ അനിഷേധ്യഭാഗമാകുന്നത്.

മുന്‍കാലങ്ങളില്‍ ഈ വിപണിക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണവും ചെറുകിട സ്വത്തുടമസ്ഥരുടേയും ദേശീയ മുതലാളിമാരുടേയും നിയന്ത്രണത്തിലായിരുന്നു. തന്മൂലം, ഉല്‍പ്പാദനത്തിനാധാരമയത് പ്രാദേശിക അസംസ്‌കൃതവസ്തുക്കളും, തദ്ദേശീയ വൈദഗ്ധ്യവും ജ്ഞാനവുമായിരുന്നു. ഇപ്രകാരം നിലനിന്ന വിപണിക്കുമേല്‍ അധിശത്വമുറപ്പിക്കാന്‍ സാര്‍വദേശിയ-ദേശീയ കുത്തകകളുടെയും കോര്‍പ്പറേറ്റുകളുടേയും വജ്രായുധം മൂലധനവും ആധുനിക ശാസ്ത്ര-സാങ്കേതിക ജ്ഞാനവുമാണ് ഈ കടന്നുകയറ്റത്തിന്റെ ഫലമായി, മത്സരശേഷി നഷ്ടപ്പെടാതെ ദേശീയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്നും പുറന്തള്ളപ്പെടാനിടയാക്കി. അതായത്, മുതലാളിത്ത കാലഘട്ടത്തില്‍ ലോകമ്പോളം പിടിച്ചെടുക്കാന്‍ യന്ത്രനിര്‍മ്മിത ഉല്‍പ്പന്നങ്ങളുമാണ് സഹായകമായെങ്കില്‍ വര്‍ത്തമാനകാലത്ത് ആശ്രയിക്കുന്നത് കയറ്റുമതിയിലൂടെടോ ഇറക്കുമതിയിലൂടെയോയുള്ള മൂലധനവും ശാസ്ത്ര-സാങ്കേതികജ്ഞാനവുമാണ്. ഇതോടെയാണ് സോപ്പ്, ടൂത്ത് പേസ്റ്റ്, വാഷിങ്ങ് പൗഡര്‍ എന്നിങ്ങനെയുള്ള എണ്ണമറ്റ നിത്യോപയോഗ വസ്തുക്കളോടൊപ്പം കളിപ്പാട്ടങ്ങള്‍ വരെയുള്ളവ ഫാക്ടറി ഉല്‍പ്പന്നങ്ങളായി മാറിയത്. ഉല്‍പാദനമേഖലയിലെ മത്സരവും വിപണിയുടെ മേലുള്ള ആധിപത്യവും നിലനിറുത്താന്‍ ഉല്‍പ്പന്നങ്ങളുടെ പരിഷ്‌ക്കരണ അനിവാര്യമായതോടെയാണ് ശാസ്ത്ര-സാങ്കേതികജ്ഞാനം മുഖ്യമാകുന്നത്.

ഇതോടെയാണ്, മുന്‍ കാലങ്ങളില്‍ ഉല്‍പ്പാദനത്തിന്റെ സഹായഘടകമായിരുന്ന ശാസ്ത്ര-സാങ്കേതികജ്ഞാനം സ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടത്. ഇത്തരം പതിനായിരക്കണക്കിന് സ്ഥാപനങ്ങളാണുള്ളത്. കേരളത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന സ്ഥാപനം 6000ത്തോളം സാങ്കേതിക വിദഗ്ദ്ധരും, പ്രത്യേക വിഷയങ്ങളിലെ ഉപദേശക്കാരും, സംഘടനാവൈദഗ്ദ്ധ്യമുള്ളവരെയുമുള്‍ക്കൊള്ളുന്നു. ലോകമെമ്പാടും വേരുകളുള്ള സ്ഥാപനമാണ് വിവിധ രാജ്യങ്ങളിലെ നിര്‍മ്മിതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ദൗത്യമാണ് ഈ സ്ഥാപനത്തിനുള്ളത്. ഇത്തരം സ്ഥാപനങ്ങളുടെ ശുപാര്‍ശയുടെയുംമേല്‍ നോട്ടത്തിന്റേയും അഭാവത്തില്‍ കോര്‍പ്പറേറ്റ് മൂലധനവിന്യാസം അസാധ്യമാണ്. കാരണം വായ്പയോ സഹായധനമായോ മൂലധനം ലഭ്യമാകണങ്കില്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ സേവനം അനിവാര്യമാക്കിയതിലൂടെയാണ് മൂലധനമെന്നപോലെ ശാസ്ത്ര- സാങ്കേതികജ്ഞാനമൊരു കയറ്റുമതി ഇറക്കുമതി ഉല്‍പ്പന്നമായി മാറിയത്. ആധുനിക സാമ്പത്തികശാസ്ത്രത്തിന് സുപരിചിതമായ കണ്‍ള്‍ട്ടന്‍സികളുടെ ദൗത്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

കണ്‍സള്‍ട്ടന്‍സികള്‍ സര്‍വ്വശക്താമാകുന്നതിനുമുമ്പ് വ്യവസായശാലകള്‍, അണക്കെട്ടുകള്‍ എന്നിങ്ങനെയുള്ള വന്‍കിട നിര്‍മ്മിതികള്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാമ് നിര്‍മ്മിച്ചിരുന്നത്. ശാസ്ത്രസാങ്കേതിക ജ്ഞാനത്തിന്റെ അഭാവത്തില്‍ ഇന്ത്യയിലെ നിരവധി വന്‍കിട വ്യവസായസ്ഥാപനങ്ങലും ഇടുക്കി അണക്കെട്ടുപോലുള്ളവയുടേയും നിര്‍മ്മാണം നടന്നത് ഇപ്രകാരമാണ്. അതേസമയം, രാജ്യത്തിനുള്ളില്‍ മൂലധനവിനിയോഗം ആസൂത്രണം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍വ്വഹിച്ചത് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരുടെ സര്‍ക്കാര്‍ ഉദ്യോസ്ഥരായിരുന്നു. ഭരണഘടനാപരമായി സംവരണമുണ്ടായിരുന്നതിനാല്‍ ഈ വിഭാഗത്തില്‍ ഏറെക്കുറെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. തന്മൂലം, ആസൂത്രണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ദേശീയസ്വഭാവമുണ്ടിയിരുന്നു. ഈ വൈദഗ്ദ്ധ്യത്തോടൊപ്പം മൂലധന സമാഹരണം നടത്തിയത്, പ്രത്യക്ഷവും പരോക്ഷവുമായ നികുതികളില്‍നിന്നും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍നിന്നുമായിരുന്നു. അതുകൊണ്ടാണ് പൊതുമേഖലാസ്ഥാപനങ്ങള്‍, അണക്കെട്ടുകല്‍, റോഡുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം രാഷ്ട്രത്തിന്റെ സ്വത്തായി കണക്കാക്കിയത്.

എന്നാല്‍, വര്‍ത്തമാനകാലത്തെ സ്ഥിതി വ്യത്യസ്ഥനമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള മൂലധനം ഇറക്കുമതിയിലൂടെ ലഭ്യമാക്കുമ്പോള്‍, കണ്‍സള്‍ട്ടന്‍സികള്‍ അനിവാര്യമാണെന്നു മാത്രമല്ല, വലിയ തുകയാണ് ഫീസായി നല്‍കേണ്ടിവരുന്നത്. മാത്രമല്ല, സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ ഉദ്യോസ്ഥന്മാരായി നിയമിക്കേണ്ടിവരുമ്പോള്‍, വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇപ്രകാരമുള്ള നിര്‍മ്മിതികളുടെ മുതലും പരിശയും ഈടാക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ സബ്‌സിഡികളും ആനുകൂല്യങ്ങളും റദ്ദാക്കി സേവനത്തിന് ഫീസീടാക്കുന്നു. ഫലമോ, ഒരിക്കല്‍ ജനങ്ങള്‍ക്ക് സൗജന്യമായി യാത്രചെയ്യാന്‍ കഴിഞ്ഞ റോഡുകള്‍, പാലങ്ങള്‍ എന്‌നിവയ്‌ക്കെല്ലാം ഭീമമായ യൂസര്‍ ഫീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ക്കും പുറമെ, യൂസര്‍ഫീ ഏര്‍പ്പെടുത്തിയും എല്ലാ സഹായങ്ങളും ഇല്ലാതാക്കിയുമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വികസനാവശ്യങ്ങള്‍ക്കുള്ള മൂലധനവും ഇറക്കുമതി ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിലാണ് നിക്ഷിപ്തമായിരിക്കുന്നതിനാല്‍ മൂലധനത്തിന്റെയും ശാസ്ത്ര-സാങ്കേതികജ്ഞാനത്തിന്റെയും സുഗമമായി ഒഴുക്കിനുവേണ്ടി ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊള്ളുന്ന നിയമങ്ങള്‍ റദ്ദാക്കാനും, കര്‍ശന വ്യവസ്ഥകളോടെ നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുന്നു. ഇത്തരം നിയമങ്ങള്‍ രാജ്യത്തിനുള്ളിലെ വിഭവമേഖലകളെ കോര്‍പ്പറേറ്റ് മൂലധനത്തിന് തീറെഴുതിക്കൊടുക്കുന്നതിനാല്‍ ആ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്നവരെ പുറംതള്ളുന്നതിനായി അനിയന്ത്രിതമായ ബലപ്രയോഗത്തിന്നിരായക്കുകയും പിറന്നഭൂമിയില്‍നിന്നുള്ള പലായനത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

പുതിയ നിയമങ്ങള്‍ രാജ്യത്തിനുള്ളിലെ സമ്പന്നരുടെയും വലിയൊരു വിഭാഗം സ്വത്തുടമസ്ഥരുടെയും താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍, വ്യവസ്ഥാപിതരാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും മൗനമവലംബിക്കുന്നു. ഇരകളാകട്ടെ, വ്യക്തമായ രാഷ്ട്രീയദിശാബോധമില്ലാത്തതിനാല്‍, അസംഘടിതരും നിശ്ശബ്ദരും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുപരി സന്നദ്ധസംഘടനകള്‍, തീവ്രവാദപ്രസ്ഥാനങ്ങള്‍, ഉദാരമതികളായ വ്യക്തികള്‍ എന്നിവരാലാണ് നയിക്കപ്പെടുന്നത്. ഇന്‍ഡ്യന്‍ വനപ്രദേശങ്ങളെ ഖനനമേഖലകളാക്കിയപ്പോള്‍ ആദിവാസികളും വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവരും, സ്വത്തവകാശവും തൊഴിലവകാശവും നിഷേധിക്കപ്പെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയായിരുന്നു. ഇത്തരം ബലിമൃഗങ്ങളുടെ വലിയൊരു നിരയെയാണ് പുതിയ സാമ്പത്തികക്രമം സൃഷ്ടിക്കുന്നത്.

വന്‍കിടവ്യവസായം, വ്യാപാരം, ഖനനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയെകൂടാതെ ചെറുകിട വ്യവസായമേഖലയേയും കോര്‍പ്പറേറ്റ് മൂലധനവും ശാസ്ത്ര-സാങ്കേതികജ്ഞാനവും നിയന്ത്രണത്തിലാക്കി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, കഴുകന്‍ കണ്ണുകള്‍ എത്താതിരുന്നത് കാര്‍ഷികവിളകള്‍ക്കം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കുംമേലാണ്. ഇവയില്‍ കാര്‍ഷികവിളകളുടെ ഉല്‍പാദനം, സംഭരണം, വിപണനം എന്നീ കാര്യങ്ങളില്‍ സഹായം ലഭിക്കാതിരുന്നതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ സര്‍വ്വസാധാരണമായി മാറിയത്. ഭക്ഷ്യോല്‍പ്പന്നങ്ങടക്കമുള്ള നിത്യോപയോഗവസ്തുക്കളുടെ സംഭരണത്തിനും വിപണനത്തിനും ആരംഭിച്ച മാളുകള്‍ വിജയിക്കാതിരുന്നതോടെയാണ് മുന്‍ചൊന്ന വിഭവങ്ങളുടെ സംസ്‌ക്കരണത്തിനും വിപണനത്തിനുമായുള്ള കോര്‍പ്പറേറ്റ് നയങ്ങള്‍ രൂപംകൊള്ളുന്നത്. ഇത്തരമൊരു നയം രൂപംകൊള്ളുമ്പോള്‍ ഭക്ഷ്യസംസ്‌ക്കരണത്തെ രംഗത്തെ സ്ഥിതി ഇപ്രകാരമാണ്. രജിസ്റ്റര്‍ ചെയ്യാതെയും അനൗപചാരികതലത്തിലും പ്രവര്‍ത്തിക്കുന്ന 25 ലക്ഷം ഭക്ഷ്യസംസ്‌ക്കരണ സംരംഭങ്ങള്‍ രാജ്യത്തുണ്ട്. ഇതിന്റെ 66 ശതമാനവും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 80 ശതമാനവും കുടുംബസംരംഭങ്ങളാണ്. ഇതില്‍ പണിയെടുക്കുന്ന 75 ശതമാനംപേരും സ്ത്രീകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രാദേശിക വിഭവങ്ങളിലും മനുഷ്യാദ്ധ്വാനത്തിലും തലമുറകളിലൂടെ കൈമാറിയ സാങ്കേതികജ്ഞാനത്തിലും നിലനില്‍ക്കുന്ന ഇത്തരം മേഖലകളെയടക്കം വിഴുങ്ങുന്ന നയമാണ് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയുള്‍ക്കൊള്ളുന്ന വ്യവസായവല്‍ക്കരണത്തിനായി 90,000 കോടി രൂപയാണ് വൈദ്യുതി വിതരണകമ്പനികള്‍ക്ക് നല്‍കുന്നത്. കൂടാതെ, ഗതാഗതമേഖലയുടെ മെച്ചപ്പെടുത്തലിന്റേയും ലക്ഷ്യം മറ്റൊന്നല്ല. ചുരുക്കത്തില്‍ കാര്‍ഷിക, മത്സ്യ, മൃഗസംരക്ഷണമേഖലയിലെ അടിസ്ഥാന സൗകര്യനിര്‍മ്മിതിക്കായി 1.63 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

പുതിയ സാമ്പത്തിക നയത്തില്‍ ഏറ്റവും മുഖ്യം, 1955ലെ അവശ്യവസ്തുനിയമത്തിന്റെ ഭേദഗതിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും ഇതരസംസ്ഥാനത്തേയ്ക്കുള്‍പ്പടെ ഇഷ്ടമുള്ള വിപണിയില്‍ വില്‍ക്കാനും കഴിയും. മാത്രമല്ല, വിപണി കണ്ടെത്താനാവാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധത തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയ്ക്കു മാത്രമായിരുന്നത്, പച്ചക്കറികള്‍ക്കം പഴങ്ങള്‍ക്കും ബാധകമാക്കുന്നതോടെ പ്രാദേശികവിഭവങ്ങളുടെ കേന്ദ്രീകൃതസമാഹരണമാണ് സാധ്യമാകുന്നത്. ഇപ്രകാരം സംഭരിക്കുന്ന വിഭവങ്ങളെ ക്ലസ്റ്റര്‍ അധിഷ്ഠിത സമപീനത്തിലൂടെയായിയിരിക്കും സംസ്‌ക്കരിക്കുക. ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപിച്ചിരിക്കന്നത്, ഉത്തര്‍പ്രദേശില്‍ മാമ്പഴം, ആന്ധ്രാപ്രദേശില്‍ മുളക്, തമിഴ്‌നാട്ടില്‍ കപ്പ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഉല്‍പ്പന്നങ്ങളായിരിക്കും സംസ്‌ക്കരിക്കുകയെന്നാണ്. ഈ വിഭവങ്ങളെ തദ്ദേശീയരായ ജനങ്ങളില്‍നിന്നും തട്ടിപ്പറിച്ചെടുക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കുമാത്രം കഴിയുന്ന മൂലധനനിക്ഷേപവും ശാസ്ത്ര- സാങ്കേതികജ്ഞാനവും വിനിയോഗിച്ചാണ്. മാത്രമല്ല, സംസ്‌ക്കരണത്തെ സഹായിക്കുന്ന നിരവധി കണ്‍സള്‍ട്ടന്‍സികളുമാണുള്ളത്. കോര്‍പ്പറേറ്റുകള്‍ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ വിലയിലോ ഗുണമേന്മയിലോ വിപണത്തിലോ മത്സരിക്കാന്‍ കഴിയാതെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പുറംതള്ളപ്പെടുന്നതിലൂടെ വിപണിയിന്മേലുള്ള അധീശത്വം രൂപംകൊള്ളുകയും ചെയ്യും. അതേസമയം, കേരളത്തിലെ റബ്ബറിന് ഈ നയം ബാധകമാകുന്നില്ല. കാരണം തദ്ദേശീയരില്‍ നിന്ന് സംഭരിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ഈ അസംസ്‌കൃതവസ്തു വ്യവസായശാലകളാണ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്. ചുരുക്കത്തില്‍, അച്ചാറുകള്‍, കറി പൗഡറുകള്‍, മത്സ്യം, മാംസം എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളും ആയുര്‍വേദ ഔഷധങ്ങളും കോര്‍പ്പറേറ്റുകളില്‍നിന്നും മാത്രമായിരിക്കും വാങ്ങിക്കാന്‍ കഴിയുന്നത്. ഇതോടെ അടുക്കളയും അവരുടേതായി മാറുന്നു.

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply