ഭാരതമോ ഹിന്ദുസ്ഥാനോ അല്ല, ഇന്ത്യ തന്നെ

സ്വാതന്ത്ര്യം നേടുന്ന സമയത്തു, പുറത്തു ഹീന്ദുത്വരാഷ്ട്രത്തിനായി നിലകൊണ്ടിരുന്ന ആര്‍ എസ് എസ് അടക്കമുള്ള ശക്തികള്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സിനുള്ളിലാകട്ടെ രണ്ടു ധാരകളും സജീവമായിരുന്നു. നെഹ്‌റുവും പട്ടേലും ഈ ധാരകളുടെ പ്രതിനിധികളായിരുന്നു എന്നു പറയാം. അന്നുനടന്ന നിരവധി ചര്‍ച്ചകളുടേയും ആശയസമരങ്ങളുടേയും തടര്‍ച്ചയായാണ് ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് ആര്‍ട്ടിക്കിള്‍ 1ല്‍ എഴുതിവെച്ചത്. ഡോ ബി ആര്‍ അംബേദ്കറടക്കമുള്ളവര്‍ അത്തരമൊരു ഒത്തുതീര്‍പ്പിനു നിര്‍ബന്ധിതനാകുകയായിരുന്നു. അഥവാ ഭാരതം എന്നെഴുതിവെച്ചെങ്കിലും ഔദ്യോഗികമായി ഇന്ത്യ എന്ന പദം തന്നെയാണ് ഉപയോഗിച്ചത്. ഇപ്പോഴുമങ്ങെതന്നെ.

ഇന്ത്യയുടെ പേര് മാറ്റി ഭാരതമെന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രിം കോടതിയില്‍ ഹര്‍ജിയെത്തിയിരിക്കുന്നു. ഡല്‍ഹി സ്വദേശിയായ ഒരാളാണ് പൊതു താത്പര്യ ഹര്‍ജി. നല്‍കിയിരിക്കുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജൂണ്‍ രണ്ടിന് കോടതി പരിഗണിക്കും.

‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാര്‍ക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഒരാള്‍ സ്വന്തം താല്‍പ്പര്യപ്രകാരം നല്‍കുന്ന ഹര്‍ജിയല്ല ഇതെന്ന് വ്യക്തം. കൃത്യമായ അജണ്ടയോടെയുള്ള സംഘടിത രാഷ്ട്രീയ ഹര്‍ജി തന്നെയാണിത്. ഇതിനു മുന്‍പും സമാന സ്വഭാവമുള്ള ഹര്‍ജികള്‍ സുപിം കോടതിയില്‍ പലരും സമര്‍പ്പിച്ചിരുന്നു. 2016 മാര്‍ച്ചില്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ ഉള്‍പ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹര്‍ജിക്കാരനെ കോടതി ശകാരിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹര്‍ജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്നും കോടതി അന്നു ചൂണ്ടികാട്ടി.

കോടതിയില്‍ മാത്രമല്ല, പുറത്തും, ഇന്ത്യയോ ഭാരതമോ എന്ന ദശകങ്ങളായി നടക്കുന്ന ഒരു പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് ഈ ഹര്‍ജി. ഈ ആശയസമരമാകട്ടെ സ്വാതന്ത്ര്യസമരകാലത്തുതന്നെ സജീവമായിരുന്നു. വ്യത്യസ്ഥ ദേശീയജനവിഭാഗങ്ങളുടെ ഫെഡറലിസത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ഇന്ത്യ എന്ന പദത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു കേന്ദ്രീകൃത സംവിധാനത്തെയാണ് ഭാരതം എന്ന പദം ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യം നേടുന്ന സമയത്തു, പുറത്തു ഹീന്ദുത്വരാഷ്ട്രത്തിനായി നിലകൊണ്ടിരുന്ന ആര്‍ എസ് എസ് അടക്കമുള്ള ശക്തികള്‍ സജീവമായിരുന്നല്ലോ. അവര്‍ സ്വാഭാവികമായും ‘ഭാരത’|ത്തിന്റെ അഥവാ ‘ഹിന്ദുസ്ഥാന്റെ’ വക്താക്കളായിരുന്നു, അതേ സമയത്തുതന്നെ കോണ്‍ഗ്രസ്സിനുള്ളിലും ഈ ധാരകള്‍ സജീവമായിരുന്നു. നെഹ്‌റുവും പട്ടേലും ഈ ധാരകളുടെ പ്രതിനിധികളായിരുന്നു എന്നു പറയാം. അന്നുനടന്ന നിരവധി ചര്‍ച്ചകളുടേയും ആശയസമരങ്ങളുടേയും തടര്‍ച്ചയായാണ് ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് ആര്‍ട്ടിക്കിള്‍ 1ല്‍ എഴുതിവെച്ചത്. ഡോ ബി ആര്‍ അംബേദ്കറടക്കമുള്ളവര്‍ അത്തരമൊരു ഒത്തുതീര്‍പ്പിനു നിര്‍ബന്ധിതനാകുകയായിരുന്നു. അഥവാ ഭാരതം എന്നെഴുതിവെച്ചെങ്കിലും ഔദ്യോഗികമായി ഇന്ത്യ എന്ന പദം തന്നെയാണ് ഉപയോഗിച്ചത്. ഇപ്പോഴുമങ്ങെതന്നെ. അതുമാറ്റി ഭാരതമോ ഒരുപടി കൂടി കടന്ന് ഹിന്ദുസ്ഥാനോ ആക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഹര്‍ജി. അതിനാല്‍ തന്നെ ഇത് മതേതരത്വത്തിനും ജനാധിപത്യത്തിനും ഫെഡറലിസത്തിനും കടകവിരുദ്ധമാണ്. കോടതി ഇത്തവണയും ഇതു തള്ളികളയുമെന്നുതന്നെ പ്രതീക്ഷിക്കാം.

വാസ്തവത്തില്‍ കോണ്‍ഗ്രസ്സിനെ തന്നെ ഹിന്ദുപാര്‍ട്ടിയാക്കി മാറ്റാനായിരുന്നു ആദ്യകാല ഹിന്ദുത്വരാഷ്ട്രീക്കാരുടെ ശ്രമം. എന്നാല്‍ താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ്സിനെ ഹിന്ദു – മുസ്ലിം – സിക്ക് സൗഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തത്. അല്ലെങ്കില്‍ തിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിനെ സവര്‍ക്കറുടെ ശിഷ്യനായിരുന്ന ഹെഡ്ഗെവാറും മറ്റും ചേര്‍ന്ന് ഹിന്ദുത്വസംഘടനയാക്കി മാറ്റുമായിരുന്നു. അന്നുതന്നെ ഇന്ത്യക്കുപകരം ഹിന്ദുസ്ഥാന്‍ ഉണ്ടാകുമായിരുന്നു. ഗാന്ധിയോട് തോറ്റ ഹെഡ്ഗെവാറും മറ്റും 1925ല്‍ കോണ്‍ഗ്രസ്സ് വിട്ട് ആര്‍ എസ് എസ് രൂപീകരിക്കുകയായിരുന്നു. 100 കൊല്ലം കൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നായിരുന്നു ആര്‍ എസ് എസ് ലക്ഷ്യം ആ കാലമടുക്കുകയാണ്. അത്തരമൊരു ലക്ഷ്യത്തിന്റെ ഭാഗം തന്നെയാണ് ഈ പൊതു താല്‍പ്പര്യ ഹര്‍ജി എന്നു കരുതുന്നതില്‍ തെറ്റില്ല.

ഗാന്ധിക്കുശേഷം നെഹ്റുവിന്റെ നേതൃത്വത്തില്‍ ആധുനിക ജനാധിപത്യ രീതിയിലുള്ള രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് ശക്തമായത്. അംബേദ്കറുടെ നേതൃത്വത്തില്‍ ലോകത്തെതന്നെ മികച്ച ഭരണഘടനയും നമുക്കുണ്ടായി. ഗാന്ധിവധത്തോടെ ഏറെകാലം രാഷ്ട്രീയത്തില്‍ അദൃശ്യമായിരുന്ന ആര്‍ എസ് എസും കൂട്ടരും പിന്നീട് അടിയന്തരാവസ്ഥക്കെതിരായ സമരത്തിലൂടെയാണ് തല പൊക്കിയത്. അന്നത്തെ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചതും ഭരണത്തില്‍ പങ്കാളികളായതും പിന്നീട് ബി ജെ പി രൂപീകരിച്ചതും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കൂട്ടക്കൊലയുമടക്കമുള്ള നിരവധി വര്‍ഗ്ഗീയ നടപടികളിലൂടെ അധികാരത്തിലെത്തിയതൊക്കെ സമീപകാല ചരിത്രം. ഇപ്പോഴത്തെ മോദി സര്‍ക്കാരാകട്ടെ കാശ്മീരിലെ ഇടപെടലും പൗരത്യ ഭേദഗതിയുമടക്കമുള്ള നിരവധി നടപടികളിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനുള്ള ശ്രമത്തിലാണ്. അതിനേറ്റവും വലിയ ഒരു കടമ്പയാണ് ശക്തമെന്നു പറയാനാകില്ലെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫെഡറലിസവും അതിനെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യ എന്ന നാമധേയവും. അതിനാല്‍ തന്നെ അതില്ലാതാക്കല്‍ അവരുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. അതാണ് ഉപ്പോള്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പലപ്പോഴും പരസ്പരം അങ്കം വെട്ടിയിരുന്ന നിരവധി നാട്ടുരാജ്യങ്ങളായിരുന്നു ഇന്ത്യ എന്നത് ചരിത്രത്തിന്റെ ഭാഗം. ഈ പ്രദേശത്തിന്റെ എത്രയോ ഭാഗങ്ങള്‍ എത്രയോ കാലം മുസ്ലിം രാജാക്കന്മാരും ഭരിച്ചിട്ടുണ്ട്. ഈ നാട്ടുരാജ്യങ്ങളെയെല്ലാം കീഴടക്കിയോ പാട്ടിലാക്കിയോ ഇന്ത്യയെന്ന് രാഷ്ട്രരൂപം ഉണ്ടാക്കയത് കൊളോണിയല്‍ ശക്തികളായിരുന്നു. ഇപ്പോഴത്തെ പാക്കിസ്ഥാനും ബംഗ്‌ളാദേശുമൊക്കെ അതിന്റെ ഭാഗവുമായിരുന്നല്ലോ. വാസ്തവത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെയാണ് ഇന്ത്യന്‍ എന്ന വികാരം തന്നെ സൃഷ്ടിക്കപ്പെട്ടത്. അതാകട്ടെ വിവിധ പ്രദേശങ്ങളുടെ രാഷ്ട്രീയാസ്തിത്വം സംരക്ഷിച്ചുകൊണ്ടാണ് വിഭാവനം ചെയ്യപ്പെട്ടത്. പിന്നീട് വിഭാവനം ചെയ്യപ്പെട്ട പോലെയൊന്നുമെത്തിയില്ലെങ്കിലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊള്ളുകയും കുറെയേറെ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയും ഫെഡറലിസം എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയുമൊക്കെ ചെയ്തു. ഈ ആശയം നിലനില്‍ക്കുവോളം തങ്ങളുടെ ലക്ഷ്യം നിറവേറ്റാനാവില്ല എന്നറിയുന്നതിനാളാണ് ഇപ്പോള്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ഹര്‍ജിക്കാരന്‍ പറയുന്ന പോലെ ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെയും ഭാരതം/ഹിന്ദുസ്ഥാന്‍ നമ്മുടെ ദേശീയതയുമല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച് യഥാക്രമം ഫെഡറലിസത്തേയും ഹിന്ദുത്യത്തേയുമാണ്. അതിനാല്‍ തന്നെയാണ് ഹിന്ദുസ്ഥാനോ ഭാരതമോ അല്ല, നമ്മുടേത് ഇന്ത്യയാണെന്നു പ്രഖ്യാപിക്കേണ്ടത് ജനാധിപത്യ – മതേതര – ഫെഡറല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്നവരുടെയെല്ലാം രാഷ്ട്രീയ കടമയാകുന്നത്. (ഇതോടൊപ്പം തന്നെ പ്രസക്തമാണ് ഹൈന്ദവരാഷ്ട്രീയത്തെ നെടുകെ പലതായി പിളര്‍ക്കുന്ന, ജാതിയെന്ന പച്ചയായ യാഥാര്‍ത്ഥ്യവും എന്നും ഇതോടൊപ്പം കൂട്ടിചേര്‍ക്കേണ്ടതുണ്ട്.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply