ചൈനക്ക് പഠിക്കുന്ന ഇന്ത്യ

ഫെബ്രുവരി അവസാനവാരം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ ഇങ്ങനെ പറഞ്ഞു: അതിര്‍ത്തിയിലെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ”We are the smaller economy and they (China) are the bigger economy and we cannot go and pick up a fight with them.” മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതിനെച്ചൊല്ലി നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

മന്ത്രിവിചാരത്തെ പല രീതിയില്‍ കാണാം. ഏറ്റവും പ്രായോഗികമായ നിലപാട് എന്ന് പറയാം. ഇന്ത്യയും ചൈനയും തുല്യരല്ല അതുകൊണ്ട് ചൈനയോട് പോരിനിറങ്ങരുത് എന്നൊരു ഗുണപാഠം പ്രസ്താവനയില്‍ വായിക്കാം. വലുതിന് മുമ്പില്‍ ചെറുത് ചെറുതായി ഒതുങ്ങി നില്ക്കണമെന്ന് ഒരു സാമാന്യതത്വവും ജയശങ്കര്‍ ധരിപ്പിക്കുന്നുണ്ട്. മന്ത്രിയുടെ മന്‍കാല കാര്യവിചാരങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നിലപാട് വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ചൈനയാണ് താരം. ജയശങ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന വിദേശകാര്യ നിലപാടുകളിലെല്ലാം ചൈനീസ് സ്വാധീനം കാണാം. സ്വാധീനം എന്നിവിടെ അര്‍ത്ഥമാക്കുന്നത് ബെയ്ജിംഗിന്റെ ഇടപെടല്‍ എന്നല്ല, മറിച്ച് ചൈന ലോകസമക്ഷം തങ്ങളെ നിര്‍ണ്ണയിക്കാന്‍ സ്വീകരിച്ചുപോന്ന നിലപാടുകളുടെ സ്വാധീനം എന്ന അര്‍ത്ഥത്തിലാണ്.

ജയശങ്കറിന്റെ ചിന്താപദ്ധതിയെക്കുറിച്ച് കാര്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ The Indian Way: Strategies for an uncertain world. അനിശ്ചിതത്വം നിറഞ്ഞ ലോകത്തെ നേരിടാന്‍ ഒരിന്ത്യന്‍ പാത എന്ന് ജയശങ്കര്‍ വിശേഷിപ്പിക്കുന്ന ഈ പുസ്തകം ഇന്നത്തെ ഇന്ത്യന്‍ വിദേശകാര്യനയം മനസ്സിലാക്കാന്‍ ഉപകരിക്കും. ശീതയുദ്ധത്തിന് ശേഷമുള്ള ലോകം യുഎസ്, റഷ്യ എന്നീ രണ്ടു ധ്രുവങ്ങളുടേതല്ല എന്നും ഒരു രാജ്യത്തിനും മേല്‍ക്കൈ അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ ലോകം മാറിയിരിക്കുന്നുവെന്നും അവിടെ ഉയര്‍ന്നുവരുന്ന പുതിയ ശക്തി ചൈനയാണെന്നും ഏകധ്രുവലോകത്തിനുശേഷം മള്‍ട്ടിലാറ്ററലിസത്തിന്റെ കാലമാണെന്നും ഇന്ത്യ തന്റെ സ്ഥാനം കണ്ടെത്താന്‍ ചൈനയുടെ വളര്‍ച്ചയില്‍ നിന്നും പഠിക്കേണ്ടതുണ്ട് എന്നും ജയശങ്കര്‍ എഴുതുന്നു.

എലിയെ പിടിക്കുന്ന പൂച്ച മാത്രമായി ഡെംഗ് സിയാവോ പിങ് ചൈനീസ് കമ്മ്യൂണിസത്തെ പുനഃനിര്‍മ്മിച്ചതിനുശേഷം ബെയ്ജിംഗ് വലിയ സൈനിക സാമ്പത്തിക ശക്തിയായി മാറി. കഴിഞ്ഞ പതിറ്റാണ്ടില്‍ ഷി ജിന്‍പിംഗ് അധികാരത്തിലെത്തുന്നതോടെ പുതിയ ചൈന ലോകസമക്ഷം തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരവസരവും ഒഴിവാക്കാത്ത രാഷ്ട്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചെയര്‍മാന്‍ മാവോയ്ക്ക് തുല്യമായ സ്ഥാനമാണ് ഷി യ്ക്ക് ഇന്ന് ചൈനയിലുള്ളത്. ഷീ ചിന്തകള്‍ ചൈനയുടെ പൈതൃകത്തിന്റെ ഭാഗമായിക്കാണുമെന്ന് ഷീയുടെ അനുയായികള്‍ അവകാശപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകമെമ്പാടും സമഗ്രാധിപത്യം വളരുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഷീയുടെ വളര്‍ച്ചയും-ചൈനയുടേയും- ഈ സന്ദര്‍ഭത്തിലാണ് കാണേണ്ടത്. റഷ്യയില്‍ പുട്ടിനും ഇന്ത്യയില്‍ നരേന്ദ്രമോദിയും ഷീയെ മാതൃകയാക്കുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. പക്ഷേ ഷീയോടുള്ള വീരാരാധന എന്നതിനേക്കാള്‍ ചൈന എന്ന നേഷന്‍ സ്റ്റേറ്റിനോടുള്ള ആരാധന ജയശങ്കറിലുണ്ടെന്ന് തോന്നുന്നു. നാലു പതിറ്റാണ്ട് കൊണ്ട് ചൈന കൈവരിച്ച സാമ്പത്തിക വളര്‍ച്ച തന്നെയാണ് മുഖ്യ കാരണം. ഇന്ത്യയെക്കാള്‍ വലിയ സൈനിക ശക്തിയായിരുന്നുവെങ്കിലും 80കളിലും 90കളിലുമൊക്കെ ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള വിടവ് എടുത്തുപറയത്തക്കതായിരുന്നില്ല. ശീതയുദ്ധത്തിന്റെ അവസാനം ലോകമെമ്പാടും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കാറ്റ് വീശിത്തുടങ്ങുകയും ഗ്ലോബലൈസേഷന്‍ ആഗോളസമ്പദ്ഘടനയേയും ഉല്പാദനരീതികളെയും മാറ്റിമറിക്കുകയും ചെയ്തപ്പോള്‍ അത് മുതലെടുക്കാന്‍ ചൈന തയ്യാറായിക്കഴിഞ്ഞിരുന്നു. തുറമുഖ നഗരങ്ങളിലായി പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ച് വന്‍തോതില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലേക്ക് വിലകുറഞ്ഞ ഉപഭോഗവസ്തുക്കള്‍ കയറ്റുമതി ചെയ്തുകൊണ്ടാണ് ചൈന വിപണി കീഴടക്കിയത്. ലോകത്തിന്റെ ഫാക്ടറിയായി ചൈന മാറുന്നത് അങ്ങനെതന്നെയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇന്ത്യയ്ക്ക് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കിയ പ്രധാന കുറിപ്പടി ചൈനയെ മാതൃകയാക്കാനാണ്. ചൈന പട്ടിണി തുടച്ചുനീക്കിയതും സാധാരണ മനുഷ്യരുടെ ജീവിതനിലവാരം ചെറിയ കാലഘട്ടത്തില്‍ ഉയര്‍ത്തിയതും ഇന്ത്യയില്‍ തുടര്‍ന്നുപോന്ന പട്ടിണിയും തൊഴിലില്ലായ്മയും കുഞ്ഞുങ്ങളിലെ വളര്‍ച്ചാമുരടിപ്പും പോഷകാഹാരക്കുറവുമൊക്കെ മറികടക്കാന്‍ പരിഹാരമായി അവര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടത് അനേകം തിരുപ്പൂരുകളാണ് എന്നൊരിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞനായ പ്രണബ് ബര്‍ദന്‍ ഈ ലേഖകനോട് പറഞ്ഞു. വലിയ സാമ്പത്തികചൂഷണം- പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളുടെ ഇടയില്‍ -നടത്തിപ്പോവുന്ന ഒരു മാതൃകയല്ലേ തിരുപ്പൂരിന്റേത് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയും ഉല്പാദനരംഗം പുഷ്ടിപ്പെടുത്തുകയും ചെയ്യുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടത് എന്ന് അദ്ദേഹം പറയുകയുണ്ടായി. (സാമ്പത്തിക തൊഴിലാളി വര്‍ഗ്ഗത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു കോയമ്പത്തൂര്‍- തിരുപ്പൂര്‍ മേഖലയില്‍ പണ്ട്. ഉല്പാദന പ്രക്രിയയുടെ അണുവല്‍ക്കരണത്തോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും ചെറിയ ശമ്പളത്തില്‍ പെണ്‍കുട്ടികളെക്കൊണ്ടുവന്ന് ചെറിയ കാലയളവില്‍-കല്യാണപ്രായമാകുന്നതുവരെ-പണിയെടുപ്പിക്കുന്ന ‘സുമംഗലി’ സ്‌കീമുകളൊക്കെ വന്നു. കാര്‍ഷികവൃത്തിയുടെ വരുമാനമില്ലായ്കയില്‍ നിന്നുമുള്ള മോചനവും ഒരളവില്‍ പണം കൈയില്‍ വരുന്ന തൊഴിലിലേക്കുള്ള ഉയര്‍ച്ചയുമായിരുന്നു ഈ മാറ്റം എന്നു പറയുന്നവരുണ്ട്). എന്തുകൊണ്ട് ഈ ചൈനീസ് മാതൃക ഇന്ത്യയില്‍ വ്യാപകമായില്ല എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

ഇന്ത്യന്‍ സാഹചര്യങ്ങളിലെ വൈവിധ്യം, സാമൂഹികമായ അച്ചടക്കമില്ലായ്മ എന്നിങ്ങനെ പല കാരണങ്ങള്‍ കേള്‍ക്കാം. ഇവയൊക്കെ ചൈന സമര്‍ത്ഥമായി പരിഹരിച്ചിരിക്കുന്നു. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു പാര്‍ട്ടി എന്ന കിനാശ്ശേരിയാണല്ലോ ചൈന! ഈ ചൈനീസ് മാതൃക സൃഷ്ടിക്കപ്പെട്ടത് കമ്മ്യൂണിസത്തിന്റെ കാലത്താണ് എന്ന് പറയാറുണ്ടെങ്കിലും ഇതിന്റെ വേരുകള്‍ വളരെ പഴക്കമേറിയതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അതു തുടര്‍ന്നു. എന്നു മാത്രമല്ല വൈരുദ്ധ്യങ്ങളെ ചെയര്‍മാന്‍ മാവോ പുതിയ ചൈനീസ് സ്റ്റേറ്റിന്റെ അധികാരമുറപ്പിക്കാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു-റ്റിബറ്റും ഹോംകോംഗും, തൈവാനും സിന്‍ ചിയാങ്ങുമൊക്കെ ഹാന്‍ ചൈനീസ് രാഷ്ട്രത്തിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമഗ്രാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നേതൃത്വത്തെ സഹായിക്കുകയാണുണ്ടായത്. ലെനിന്റെ സോവിയറ്റ് യൂണിയന്‍ വിഭാവന ചെയ്ത സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകാര്‍ അനുകൂലമായല്ല വിലയിരുത്തിയത്. കടലാസ്സിലെങ്കിലും വംശീയ ഭാഷാ വൈവിധ്യങ്ങള്‍ക്ക് ഇടം നല്‍കിയ ലെനിന്‍ മാതൃകയുടെ പരാജയമായി സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ അവര്‍ വിലയിരുത്തുന്നുമുണ്ട്. ഏകശിലാരൂപമായ രാഷ്ട്രവും അച്ചടക്കവും നിയന്ത്രണവുമുള്ള പാര്‍ട്ടികള്‍ക്ക് ശക്തനായ നേതാവും രാഷ്ട്രനിര്‍മ്മാണത്തിന് ആവശ്യമെന്ന് ചൈന കാണുന്നുമുണ്ട്. ഇത്തരമൊരു രാഷ്ട്രത്തിന് ജനസമ്മതി നേടാന്‍ സാമൂഹ്യനീതി എന്ന ആശയം പോരാ അതിദേശീയതാബോധം തന്നെ വേണമെന്നും ചൈനീസ് കമ്മ്യൂണിസം കാണുന്നുണ്ട്. ലെനിന്റെ സോവിയറ്റ് യൂണിയന്‍ ദേശീയതകളെ വിലയിരുത്തിയതുപോലെയല്ലല്ലോ ചൈന ദേശീയതയെ വ്യാഖ്യാനിച്ചത്. സോവിയറ്റ്-യൂറോപ്യന്‍ കമ്മ്യൂണിസത്തിന്റെ ഇന്റര്‍നാഷണലിസം ചൈന സ്വീകരിക്കുകയും ചെയ്തില്ല – മാവോയിസത്തിന് ലോകവ്യാപകമായി അനുയായികളുണ്ടായത് ചൈന അത് പ്രചരിപ്പിച്ചതുകൊണ്ടാണ് എന്നു പറയുക വയ്യ. സോവിയറ്റ് പാത പിന്‍തുടരാതെ നേതാവ്/പാര്‍ട്ടി നേതൃത്വത്തില്‍ ഏകശിലാരൂപമായ ഒരു സമൂഹവും രാഷ്ട്രവും നിര്‍മ്മിക്കാന്‍ കഴിഞ്ഞതാണ് ചൈനയുടെ വിജയകാരണമായി രാഷ്ട്രീയനേതൃത്വം കാണുന്നത്. അതിന്റെ ആധാരശില ചൈനീസ് ദേശീയതയാണ്. ആ ദേശീയതയാകട്ടെ ചൈന ഒരു സിവിലൈസേഷണല്‍ സ്റ്റേറ്റാണ് എന്ന സങ്കല്പത്തിന്റെ തുടര്‍ച്ചയാണ്. പടിഞ്ഞാറന്‍ നാഷണ്‍ സ്റ്റേറ്റിന് ബദല്‍ എന്ന അര്‍ത്ഥത്തിലാണ് ചൈന തങ്ങളുടെ സ്റ്റേറ്റ് സങ്കല്പത്തെ അവതരിപ്പിക്കുന്നത്. ബെയ്ജിംഗ് അനുവര്‍ത്തിച്ചുപോരുന്ന വിദേശനയത്തിന്റെ അടിസ്ഥാനവും സിവിലൈസേഷണല്‍ സ്റ്റേറ്റ് എന്ന സങ്കല്പമാണ്. അതിന്റെ രണ്ട് പ്രത്യേകതകള്‍ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. ഒന്ന്, വെസ്റ്റഫാലിയന്‍ ഉടമ്പടിക്കുശേഷം യൂറോപ്പില്‍ രൂപംകൊണ്ട ദേശരാഷ്ട്രങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ദേശീയതാബോധവും ദേശരാഷ്ട്രവും ചൈനയില്‍ ഉണ്ടായിരുന്നു. രണ്ട്, ആ രാഷ്ട്രത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചൈനയും. അതുകൊണ്ട് തന്നെ പഴയ ചൈനീസ് സാമ്രാജ്യങ്ങളുടെ ദേശാതിര്‍ത്തികള്‍ ഇന്നത്തെ ചൈനയ്ക്കും ബാധകമാണ്. ലഡാക്കും തവാങ്ങും തൈവാനും ചൈനയുടെ സ്വാധീനപരിധിയില്‍ പെടുമെന്ന വാദമൊക്കെ തുടങ്ങുന്നത് ഇവിടെ നിന്നാണ്. മൂന്ന്, ഒരാള്‍ക്ക് ഒരു വോട്ട് എന്ന ജനാധിപത്യ സങ്കല്പത്തിന് ചൈനീസ് ചരിത്രത്തില്‍ പ്രസക്തിയില്ല. പ്രാതിനിധ്യ ജനാധിപത്യം എല്ലാ രാജ്യങ്ങള്‍ക്കും ഉചിതമായ ചിന്താപദ്ധതിയോ അഭിലഷണീയമായ മാനുഷിക മൂല്യമോ അല്ല. പാര്‍ട്ടി നിയന്ത്രിക്കുന്ന/സൃഷ്ടിക്കുന്ന സമവായത്തില്‍ കൂടി രാഷ്ട്രനിര്‍മ്മാണം സാധ്യമാണ്. ചൈനീസ് കമ്മ്യൂണിസം ദേശീയത കലര്‍ത്തി രൂപം നല്‍കിയ ഈ രാഷ്ട്രീയചിന്തയ്ക്ക് പിന്തുണ ലോകമെമ്പാടുമുണ്ട്. ചൈനയുടെ പ്രഭാവലയത്തില്‍ നിലനിന്നിരുന്ന കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ അത് സ്വാധീനം ചെലുത്തുന്നുണ്ട്. വ്‌ലാദ്മീര്‍ പുട്ടിന്റെ റഷ്യയും നരേന്ദ്രമോദിയുമൊക്കെ ഇതേ രാഷ്ട്രീയത്തിന്റെ സ്പിരിറ്റില്‍ ജീവിക്കുന്നവരാണ്.

ചൈനയെപ്പോലെ ഇന്ത്യയും ഒരു സിവിലൈസേഷണല്‍ സ്റ്റേറ്റാണ് എന്ന് ജയശങ്കറും മോദിയും മോഹന്‍ ഭാഗവത്തുമൊക്കെ വിശ്വസിക്കുന്നുണ്ട്. നെഹ്‌റുവിയന്‍ ഇന്ത്യയും സിവിലൈസേഷണല്‍ സ്റ്റേറ്റ് എന്ന സങ്കല്പത്തെ അംഗീകരിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ നെഹ്‌റുവിയന്‍ ചരിത്രകാരനായ രവീന്ദര്‍കുമാര്‍ തുടങ്ങിയവര്‍ അതിനെ സിദ്ധാന്തവല്‍ക്കരിച്ചിട്ടുണ്ട്. അതില്‍നിന്നും വ്യത്യസ്തമായിട്ടാണ് മുകളില്‍ പറഞ്ഞ മൂവരും ഈ സങ്കല്പത്തെക്കാണുന്നത്. ജയശങ്കറാകട്ടെ പ്രയോജനവാദത്തിന്റെ രൂപത്തിലാണ് ചൈനയോടുള്ള താല്പര്യം അവതരിപ്പിക്കുന്നത്. പുതിയ ലോകത്ത് ഇന്ത്യ തന്റെ ഇടംതേടാന്‍ ചൈനയുടെ മാര്‍ഗ്ഗം സ്വീകരിക്കാമെന്നാണ് ജയശങ്കര്‍ പറയുന്നത്. രണ്ട് വന്‍ ശക്തികള്‍ നിയന്ത്രിച്ചിരുന്ന ലോകം അവസാനിച്ചിരിക്കുന്നു. പലധ്രുവങ്ങളുള്ള പുതിയ ലോകത്ത് ഇന്ത്യന്‍ ഇടപെടല്‍ എങ്ങനെ വേണം. ചൈന മാതൃകയാണ് എന്ന് ജയശങ്കര്‍ പറയുന്നു: ‘China has shown that a developing society, albeit of a larger size and dynamic economy can start to assume that responsibility? (പുതിയ ലോകക്രമത്തെ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്തം). ഇന്ത്യയ്ക്ക് ചെയ്യാവുന്നതെന്തെന്നാല്‍, ”In an incrimental way, by hoping to play a balancing role as new equations come into play”… അല്ലെങ്കില്‍, ”it could be bolder and seek to determine agendas and outcomes.”

ചൈന ചെയ്തത് എന്തെന്നും ജയശങ്കര്‍ പറയുന്നുണ്ട്. ”Until recently, a Western paradigm has detailed global norms and values. China, as the first non Western power to seriously rise in the post 1945 era, has drawn on its cultural heritage to project its personality and shape the narrative. It is but logical that India should follow that.” ചൈന Three Kingdoms തുടങ്ങിയ ചരിത്രാഖ്യായികകളെ രാഷ്ട്രസമാധാനത്തിന്റെയും മറ്റും ആധാരമാക്കിയതുപോലെ മഹാഭാരതത്തേയും മറ്റും മുന്‍നിര്‍ത്തി ഇന്ത്യ പുതിയ ലോകക്രമത്തില്‍ തന്റെ സാന്നിധ്യം അറിയിക്കണമെന്ന് ജയശങ്കര്‍ പറയുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയുടെ അടുത്തകാലത്തെ നയതന്ത്രസമീപനങ്ങളെ വായിക്കാന്‍. ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ എടുത്ത സ്വതന്ത്ര നിലപാട് മുതല്‍ ബിബിസി ഡോക്യുമെന്ററി കാര്യത്തില്‍ ബ്രിട്ടനെ വിമര്‍ശിക്കുന്നതുവരെയുള്ള സര്‍ക്കാര്‍ നിലപാട് ഈ പുതിയ പരിപ്രേക്ഷ്യത്തിന്റെ തുടര്‍ച്ചയാണ്. പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിലയിരുത്തേണ്ടതില്ല എന്നത് ഒരു പ്രധാന വ്യതിയാനമാണ്. നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോഴും സ്വതന്ത്ര ഇന്ത്യ ലിബറല്‍ മൂല്യങ്ങള്‍- ജനാധിപത്യം, എൃലല ടുലലരവ, സാമൂഹ്യനീതി, മനുഷ്യാവകാശങ്ങള്‍, മതനിരപേക്ഷത, മതേതരത്വം – എന്നിവയോട് കൂറ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നുമാത്രമല്ല അതേ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് അവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നതും. ചേരിചേരാനയം, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഐക്യപ്പെടല്‍ എന്നിവ മുതല്‍ അപ്പാര്‍ത്തിഡ്, തെക്കന്‍ ആഫ്രിക്കയോടും പാലസ്തീന്‍ വിഷയത്തെ മുന്‍നിര്‍ത്തി ഇസ്രയിലിനോടും വിദേശബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം വരെയുള്ള കാര്യങ്ങളില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടുകള്‍ കാണാം. നരസിംഹറാവു മുതല്‍ ഈ നിലപാടുകളില്‍ മാറ്റം വരുന്നുണ്ട്. ലോകക്രമം മാറിയതിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. ചൈനയെപ്പോലെ ഇന്ത്യയും ഇന്ന് അമേരിക്കന്‍ ശക്തി ക്ഷയിച്ചിരിക്കുന്നു എന്ന് വിലയിരുത്തുന്നു. അമേരിക്കന്‍-യൂറോപ്യന്‍ ചേരിക്കും റഷ്യയ്ക്കും ഇന്ത്യയെ ആവശ്യമുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തി മാത്രമല്ല 1.3 ബില്യണ്‍ ജനങ്ങളുള്ള മാര്‍ക്കറ്റ് കൂടിയാണ് ഇന്ത്യ. മോദിക്ക് വിദേശങ്ങളില്‍ ലഭിക്കുന്ന പരിഗണനയ്ക്കും ഇന്ത്യന്‍ ഭരണകൂടത്തിനു സംഭവിച്ചിരിക്കുന്ന സ്വാഭാവിക മാറ്റത്തെ അമേരിക്ക-യൂറോപ്പ് വിമര്‍ശിക്കാതിരിക്കുന്നതിനും കാരണം മറ്റൊന്നല്ല. സംഘപരിവാറാകട്ടെ ഇത് ഇന്ത്യയെ ”വിശ്വഗുരു” ആക്കാനുള്ള ഒരവസരമായി കാണുന്നു. സംഘപരിവാര്‍ പിന്തുടരുന്നത് ാശഹഹലിിശമഹ ചരിത്രബോധമാണ്. ഹിന്ദു ഇന്ത്യയെ ലോകശക്തിയാക്കുക തങ്ങളുടെ നിയോഗമായി അവര്‍ കാണുന്നു. ഇതേ ചരിത്രനിയോഗം തന്നിലുണ്ട് എന്ന് മോദിയും കരുതുന്നു. അതിനുള്ള മാര്‍ഗ്ഗം അവര്‍ ചൈനയില്‍ നിന്ന് ഗാഢമായി തന്നെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ചൈനയുടേതിന് സമാനമായ അതിദേശീയതയിലൂന്നിയ ഒരു രാഷ്ട്രവ്യവഹാരം മോദിയും കൂട്ടരും ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏതാണ്ടിങ്ങനെ ആ പൊളിറ്റിക്കല്‍ പ്രോജക്ടിനെ നമുക്ക് വിശദീകരിക്കാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്ന്, ഏകശിലാനുസൃതമായ ഒരു ദേശരാഷ്ട്രമായി ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക. മത-ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടാന്‍ ഇടം നല്‍കാതിരിക്കുക. ഹിന്ദുസ്വത്വമാണ് ഇന്ത്യന്‍ സ്വത്വമെന്ന് സ്ഥാപിക്കുക. അത് അംഗീകരിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്ക് സ്വത്വാധിഷ്ഠിത രാഷ്ട്രീയ-മത-സാമ്പത്തിക-സാംസ്‌കാരിക നിലപാടുകള്‍ സ്വീകരിക്കാതെ കഴിയാനുള്ള സ്വാതന്ത്ര്യമുണ്ടായേക്കാം. പൊതുഭാഷയായി ഹിന്ദിയെ അംഗീകരിക്കുക. പ്രാദേശികഭാഷകള്‍ക്ക് അതാതിടങ്ങളില്‍ വളരാം. പക്ഷേ ദേശീയഭാഷയായി ഹിന്ദി, ഹിന്ദി 2മാത്രം അംഗീകരിക്കുക. പ്രധാനമന്ത്രിയുടെ പാര്‍ലമെന്റിലും മറ്റുമുള്ള ഇടപെടലുകളില്‍ ഈ അടയാളപ്പെടുത്തല്‍ കാണാവുന്നതാണ്. രണ്ട്, ജനാധിപത്യം ഒരു വിശ്വാസമല്ല മറിച്ച് ഒരു ഭരണസംവിധാനം മാത്രമായി കാണുക. തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഒരു സംവിധാനം. അതില്‍ പ്രാതിനിധ്യം എന്നത് ഒരു ശിേെൃൗാലിമേഹശ്യേ മാത്രം. ജനാധിപത്യമൂല്യങ്ങള്‍-അഭിപ്രായ സ്വാതന്ത്ര്യം, മത നിരപേക്ഷത, മനുഷ്യാവകാശം തുടങ്ങിയവ- ഭരണകൂടത്താല്‍ നിശ്ചയിക്കപ്പെടുന്ന അളവില്‍ മാത്രം അനുവദിക്കപ്പെടുന്ന ഒന്നായിരിക്കും. മൂന്ന്, വ്യക്തിയല്ല സമൂഹ/രാഷ്ട്രം ആയിരിക്കും കേന്ദ്രസ്ഥാനത്ത്. വ്യക്തിസ്വാതന്ത്ര്യം എന്ന മൂല്യം രാഷ്ട്രതാല്പര്യം എന്ന് ഭരണകൂടം നിര്‍ണ്ണയിക്കുന്ന അളവുകോലാല്‍ നിയന്ത്രിക്കപ്പെടും. ആര്‍ക്ക്, എന്ത്, എപ്പോള്‍, എന്നിങ്ങനെ പറയാമെന്നത് ഭരണകൂടം തീരുമാനിക്കും. നാല്, പല രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു നിവൃത്തികേടാണ്. ആ വൈവിധ്യം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ മുക്തഭാരതം ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനപ്പുറം ഒരു ദേശീയതാല്പര്യമായി മാറും. പല പാര്‍ട്ടികള്‍ ആവാം. പക്ഷേ അവയൊക്കെ ഒരേ രാഷ്ട്രീയം ഒരേ മൂല്യങ്ങള്‍ അംഗീകരിക്കുന്ന പാര്‍ട്ടികളാവണം. ചൈനീസ് കമ്മ്യൂണിസവും ഷീ ചിന്തയും ചൈനയില്‍ വിജയിച്ചതിന് കാരണം ഈ രാഷ്ട്രീയമാണ്. ജനാധിപത്യത്തോടുള്ള സമീപനത്തില്‍ എന്നാല്‍ മോദിയും ഷീയും വേര്‍പിരിയുന്നുണ്ട്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്ന പ്രധാനമന്ത്രി ലോകസമക്ഷം പറയാറുണ്ട്. അതായത് ജനാധിപത്യം പടിഞ്ഞാറിന് വ്യാഖ്യാനിച്ച് സ്ഥാപിക്കാവുന്ന ഒരു മൂല്യമല്ല. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് അവരുടെ ദേശീയതാല്പര്യങ്ങള്‍ക്ക് അനുസൃതമായി ചട്ടവും ചിട്ടയും രൂപപ്പെടുത്താവുന്ന ഒരു രാഷ്ട്രീയ സങ്കല്പമാണ് ജനാധിപത്യം. അതൊരു മൂല്യാവസ്ഥയേ അല്ല. സ്വാതന്ത്ര്യമെന്നത് പരിധി കല്പിക്കാന്‍ പാടില്ലാത്ത ആദര്‍ശമല്ല മറിച്ച് ദേശരാഷ്ട്രത്തിന് കീഴ്‌പ്പെട്ട് മാത്രം ആസ്വദിക്കാവുന്ന ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് കീഴില്‍ അടയാളപ്പെടുത്താവുന്ന ഒരു പരികല്പന മാത്രം. ഒരിന്ത്യന്‍ സമഗ്രാധിപത്യത്തിന്റെ രൂപരേഖയാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. ഉലാീരൃമര്യ ംശവേ കിറശമി ഇവമൃമരലേൃശേെശര െഎന്ന് വിളിക്കപ്പെടുമായിരിക്കും ഇത്തരമൊരു ഭരണക്രമം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍-അയോധ്യക്ഷേത്രം മുതല്‍ പാര്‍ലമെന്റിന്റെ പുതിയ രൂപം വരെ-വിദ്യാഭ്യാസ നയം മുതല്‍ നിയമ നിര്‍മ്മാണ രീതികള്‍ വരെ അന്വേഷണ ഏജന്‍സികള്‍ മുതല്‍ കോടതികള്‍ വരെ ഈ മാറ്റത്തിന്റെ സൂചനയല്ലേ എന്ന് ആലോചിക്കാവുന്നതാണ്. ഇത്തരത്തിലുള്ള രാഷ്ട്രനിര്‍മ്മാണത്തെ ചോദ്യം ചെയ്യുന്നതെന്തും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടാം.

ഈ പേജുകളില്‍ മുമ്പും എഴുതിയിട്ടുള്ളത് പോലെ വെറും തിരഞ്ഞെടുപ്പുകളെ കേന്ദ്രീകരിച്ചുകൊണ്ട്-തിരഞ്ഞെടുപ്പുകളുടെ നിര്‍ണ്ണായക സ്വാധീനം കുറച്ചുകാണുകയല്ല-ഒരു പ്രതിപക്ഷരാഷ്ട്രീയം നിലവിലുള്ള ഭരണപക്ഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രരൂപാന്തരത്തെ തടയാന്‍ മതിയാവില്ല. ജനാധിപത്യം ഒരു അടവുനയമല്ല ജീവിതമൂല്യമാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുള്ള രാഷ്ട്രീയസംസ്‌കാരം കുരുപ്പിടിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ട ഊര്‍ജ്ജസ്രോതസ്സുകളും ഉറവകളും ഇവിടെയുണ്ട്. പക്ഷേ, ജനാധിപത്യത്തെ ജീവവായുവായി കാണുന്ന ബോധ്യമോ ലക്ഷ്യബോധമോ പ്രതിബദ്ധതയോ നമുക്കുണ്ടോ എന്നതാണ് പ്രശ്‌നം. വലുതിനോട് പോരാടാന്‍ ചെറുതിന് വേണ്ടത് സാമ്പത്തികശക്തിയേക്കാള്‍ ഉറച്ച ബോധ്യങ്ങളും ഇച്ഛാശക്തിയുമാണ്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply