വാക്‌സിനുകള്‍ കൊണ്ടുള്ള ആര്‍ജിത പ്രതിരോധവും ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കലല്ല

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളാണ് അസുഖങ്ങള്‍. മുറിവുകള്‍, സൂക്ഷ്മാണുക്കളുടെ ആക്രമണം, ചുറ്റുപാടിന് ഉണ്ടാകുന്ന മാറ്റങ്ങള്‍, പോഷകാഹാരക്കുറവ്, ജലദൗര്‍ലഭ്യത, മലിനീകരണം, ജീവിതശൈലി, ജനിതകം തുടങ്ങിയ അസംഖ്യം കാരണങ്ങള്‍ക്കൊണ്ട് നമ്മുക്ക് മാറ്റങ്ങളുണ്ടാകാം. പരിണാമപരമായി നമ്മുടെ ശരീരം ഇത്തരം വ്യതിയാനങ്ങള്‍ തരണം ചെയ്ത് സന്തുലനാവസ്ഥ (homeostasis) നിലനിര്‍ത്താന്‍ കഴിവാര്‍ജിച്ചിട്ടുണ്ട്. എന്നാല്‍ ശരീരത്തെ ആക്രമിക്കുന്ന പല രോഗാണുക്കളും പരിണാമത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് ചില രോഗാണുക്കള്‍ക്ക് ശാരീരിക സന്തുലനാവസ്ഥ തെറ്റിച്ച് അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും

കോവിഡിനുള്ള മരുന്നാണെന്ന് പറഞ്ഞ് ബാബ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ എന്ന ആയുര്‍വേദ ഗുളിക കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചിരുന്നു. ‘കൊറോണില്‍’ എന്ന ട്രേഡ്മാര്‍ക്ക് പതഞ്ജലി കമ്പനി ഉപയോഗിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ 10 ലക്ഷം രൂപയാണ് കമ്പനിക്ക് പിഴ ചുമത്തപ്പെട്ടത്. വിധിയില്‍ ‘ആളുകളുടെ ഭയം മുതലെടുത്ത് ജലദോഷം, ചുമ, പനി എന്നിവയ്ക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റാറായ കൊറോണില്‍ ഗുളിക, കോവിഡിനുള്ള പ്രതിവിധിയാണെന്ന് പറഞ്ഞ് പുറത്തിറക്കി പണമുണ്ടാക്കുകയാണ് പതഞ്ജലി’ എന്ന് കോടതി പ്രസ്താവിച്ചു. ഇവിടെ ഒരു വ്യാജമരുന്ന് ഇറക്കി എന്നതിനേക്കാള്‍ ഗുരുതരമായ കാര്യം കോടതി ആ മരുന്നിനെ ഇമ്മ്യൂണിറ്റി ബൂസ്റ്റാറായി അംഗീകരിച്ചിരിക്കുന്നു എന്നതാണ്. ശാസ്ത്രാവബോധമുള്ള ഒരു പൗരനെന്ന നിലയില്‍ എന്തുതരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രതിരോധശേഷി കൂട്ടുന്ന മരുന്നുകള്‍ നിര്‍ബാധം മാര്‍ക്കറ്റില്‍ ഇറക്കുവാന്‍ അനുവദിക്കുന്നതെന്ന് ബഹുമാനപ്പെട്ട കോടതി വ്യക്തമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശരിക്കും എങ്ങനെയാണ് ഇത്തരം മരുന്നുകള്‍ ഇമ്മ്യൂണിറ്റിയെ അഥവാ പ്രതിരോധത്തെ ബൂസ്റ്റ് ചെയ്യുന്നത്?

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്ററായ ആഴ്സനിക്കം ആല്‍ബത്തിന്റെ കാര്യത്തിലും സമാനമായ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ക്രിട്ടിക്കില്‍ തന്നെ ഡോ. വടക്കേടത്ത് പത്മനാഭന്‍ നല്‍കിയ മറുപടി ‘ഹോമിയോമരുന്നുകള്‍ ശാസ്ത്രം നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അതീതമാണ്’ എന്നാണ്. അടിസ്ഥാന ശാസ്ത്രത്തിന്റെ വ്യവസ്ഥക്ക് വെളിയിലാണ് ഹോമിയോപ്പതി നിലനില്‍ക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. തുടര്‍ന്നുള്ള ഓരോ വാചകത്തിലും ശാസ്ത്രത്തെ മാറ്റിനിര്‍ത്തി ഒരു സമാന്തര ജ്ഞാനവസ്ഥയില്‍ നിന്നുകൊണ്ടാണ് പല വിമര്‍ശങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഡോ. ബിജു അടക്കമുള്ള ഹോമിയോപ്പാത്തുകള്‍ ഹോമിയോപ്പതി ശാസ്ത്രീയമാണെന്ന് വാദിക്കുന്നതിനെപ്പോലും ലേഖകന്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുവാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ് എന്നുമാത്രമല്ല അവ ശരിയായ ഒരു പ്രവണതയിലേക്ക് നയിക്കുന്നുമില്ല. അനുഭവസാക്ഷ്യങ്ങള്‍ വെച്ച് സമാന്തരജ്ഞാനവ്യവസ്ഥകളെ പ്രോത്സാഹിപ്പിച്ചാല്‍ ഏതൊരു ‘മോഹനോ’പ്പതിയെയും ജ്യോതിഷത്തെയും മന്ത്രവാദത്തെയും വരെ അംഗീകരിക്കേണ്ടി വരും.

ക്രിട്ടിക്കില്‍ ഹരിശങ്കര്‍ എഴുതിയ ‘ആയുര്‍വേദത്തിന്റെ ശത്രു അതു ദുരുപയോഗം ചെയ്യുന്നവരാണ്’ എന്ന ലേഖനത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലാണ് കൊവിഡ് ചികിത്സയിലെ ഒരു പ്രധാന ഘടകം എന്നും അക്കാര്യത്തില്‍ ആയുര്‍വേദത്തിനു പങ്കുവഹിക്കാനാകുമെന്നും പറയുന്നുണ്ട്. ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് എന്നു വെറുതെ ഗൂഗിളിലോ യൂട്യൂബിലോ തിരഞ്ഞാല്‍ എണ്ണംപ്രതി ലേഖനങ്ങളും വീഡിയോകളും ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ കഴിയും. സകലമാന ഇതരവൈദ്യ-സാമ്പ്രദായിക രീതികളും ഊന്നിയൂന്നി പറഞ്ഞുകൊണ്ടിരിക്കുന്ന ‘ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ്’ ശരിക്കും എന്താണ്? നമ്മുടെ രോഗപ്രതിരോധശേഷിയെ മരുന്നുകള്‍കൊണ്ടോ ഭക്ഷണക്രമം കൊണ്ടോ ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ടോ വര്‍ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് എന്ന പ്രതിഭാസത്തെ ഒന്നാഴത്തില്‍ പരിശോധിക്കാം.

എന്താണ് രോഗപ്രതിരോധ വ്യവസ്ഥ?

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളാണ് അസുഖങ്ങള്‍. മുറിവുകള്‍, സൂക്ഷ്മാണുക്കളുടെ ആക്രമണം, ചുറ്റുപാടിന് ഉണ്ടാകുന്ന മാറ്റങ്ങള്‍, പോഷകാഹാരക്കുറവ്, ജലദൗര്‍ലഭ്യത, മലിനീകരണം, ജീവിതശൈലി, ജനിതകം തുടങ്ങിയ അസംഖ്യം കാരണങ്ങള്‍ക്കൊണ്ട് നമ്മുക്ക് മാറ്റങ്ങളുണ്ടാകാം. പരിണാമപരമായി നമ്മുടെ ശരീരം ഇത്തരം വ്യതിയാനങ്ങള്‍ തരണം ചെയ്ത് സന്തുലനാവസ്ഥ (homeostasis) നിലനിര്‍ത്താന്‍ കഴിവാര്‍ജിച്ചിട്ടുണ്ട്. എന്നാല്‍ ശരീരത്തെ ആക്രമിക്കുന്ന പല രോഗാണുക്കളും പരിണാമത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് ചില രോഗാണുക്കള്‍ക്ക് ശാരീരിക സന്തുലനാവസ്ഥ തെറ്റിച്ച് അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

ദിവസേന നമ്മള്‍ ലക്ഷക്കണക്കിന് സൂക്ഷ്മജീവികളോട് ഇടപഴകുന്നുണ്ട്. അവയില്‍ തന്നെ രോഗകാരികളായവ നിരവധിയുണ്ടാകും. പക്ഷേ എന്നും നമ്മുടെ ആരോഗ്യനില തെറ്റിക്കാന്‍ അവയ്ക്ക് കഴിയുന്നില്ല. അതിന് കാരണം മനുഷ്യശരീരം തീര്‍ത്ത പ്രതിരോധമാണ്. അസുഖാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഒരു ജീവിയില്‍ നിലനില്‍ക്കുന്ന ഭൗതിക രാസ പ്രതിരോധ മാര്‍ഗങ്ങളാണ് രോഗപ്രതിരോധ വ്യവസ്ഥ (immunity). പ്രതിരോധ വ്യവസ്ഥയെ രണ്ടായി തിരിക്കാം: സ്വതസിദ്ധ പ്രതിരോധവും (innate immunity) ആര്‍ജിത പ്രതിരോധവും (acquired immunity).

സ്വതസിദ്ധ പ്രതിരോധമെന്നാല്‍ ഏതൊരു ആക്രമകാരിയെയും ആളും തരവും നോക്കാതെ (non specific) തടയുന്നതാണ്. ശരീരത്തിലെ ത്വക്കും മ്യൂക്കസ് സ്ഥരവും ശരീര പ്രതലത്തില്‍ വസിക്കുന്ന സൂക്ഷ്മജീവികളും ഭൗതികമായ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്നു. രാസവസ്തുകളായ കണ്ണീരിലെ ലൈസോസൈമും ആമാശയത്തിലെ ആസിഡും സൂക്ഷ്മാണുക്കളെ കൊല്ലുന്നുണ്ട്. ഫാഗോസൈറ്റുകള്‍ (phagocytes), നാച്ചുറല്‍ കില്ലര്‍ കോശങ്ങള്‍ (NK cells) തുടങ്ങിയ ശ്വേതരക്തകോശങ്ങള്‍ (white blood cells or leukocytes) ആണ് സ്വതസിദ്ധ പ്രതിരോധത്തിലെ നായകര്‍. ഫാഗോസൈറ്റുകളായ ന്യൂട്രോഫില്ലുകള്‍ (neutrophils), മാക്രോഫേജുകള്‍ (macrophages) തുടങ്ങിയവ സൂക്ഷ്മജീവികളെ വിഴുങ്ങി സ്വയം നശിക്കുമ്പോള്‍ NK കോശങ്ങള്‍ രോഗബാധയേറ്റ കോശങ്ങളെ കൊല്ലുന്നു. ഡെന്‍ഡ്രൈറ്റിക് കോശങ്ങളാണ് സ്വതസിദ്ധ പ്രതിരോധത്തെയും ആര്‍ജിത പ്രതിരോധത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

ശ്വേതരക്താണുക്കളായ റ്റി-കോശങ്ങളും (T cells) ബി-കോശങ്ങളും (B cells)
ചേര്‍ന്നതാണ് ആര്‍ജിത രോഗപ്രതിരോധം. രോഗാണു-അധിഷ്ഠിത പ്രതിരോധമാണ് (specific) ആര്‍ജിത പ്രതിരോധത്തിലുള്ളത്. അതുകൊണ്ടുതന്നെ ഓരോ രോഗത്തിന് എതിരെയും അത് സ്വതസിദ്ധ പ്രതിരോധത്തേക്കാള്‍ മെച്ചപ്പെട്ടതാണ്. രോഗാണുക്കളെ വിഴുങ്ങുന്ന ഡെന്‍ഡ്രൈറ്റിക് കോശങ്ങള്‍ (മാക്രോഫേജുകളും) അവയുടെ പ്രതലത്തിലും മറ്റുമുള്ള തന്മാത്രകളായ ആന്റിജനുകളെ റ്റി-കോശങ്ങള്‍ക്ക് കൈമാറുന്നു. റ്റി-കോശങ്ങള്‍ കൂടുതലായി വിഭജിക്കപ്പെടുകയും മറ്റ് ശ്വേതരക്തകോശങ്ങളെ രോഗാണുബാധിത ഭാഗത്തേക്ക് വിളിക്കുകയും ചെയ്യുന്നു. ചില റ്റി-കോശങ്ങള്‍ രോഗാണുബാധിത കോശങ്ങളെ കൊല്ലുകയും (cytotoxic T cells) മറ്റു ചിലത് (memory T cells) ലഭിച്ച ആന്റിജനെ ഓര്‍മിച്ചു വെക്കുകയും ചെയ്യുന്നു. ബി-കോശങ്ങള്‍ ആന്റിബോഡികളെ നിര്‍മിച്ചുകൊണ്ടാണ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പ്രോട്ടീന്‍ തന്മാത്രകളായ ആന്റിബോഡികള്‍ രോഗാണുക്കളിലെ ആന്റിജനുകളില്‍ ഒട്ടിയിരിക്കുകയും മാക്രോഫേജുകള്‍ക്ക് അവയെ വിഴുങ്ങാനുള്ള സിഗ്‌നലായി വര്‍ത്തിക്കുകയും ചെയ്യുന്നു. ബി-കോശങ്ങളും (memory B cells) ആന്റിജനുകളുടെ ഓര്‍മ സൂക്ഷിക്കുന്നുണ്ട്.

സ്വതസിദ്ധ പ്രതിരോധം മണിക്കൂറുകള്‍കൊണ്ട് നടക്കുമ്പോള്‍ അതിനെ തോല്‍പിച്ചു മുന്നോട്ട് പോകുന്ന രോഗാണുക്കളെ തടയാന്‍ ആര്‍ജിത പ്രതിരോധത്തിന് ദിവസങ്ങള്‍ വേണ്ടി വരുന്നു. എന്നാല്‍ അതേ രോഗാണു വീണ്ടും ആക്രമിച്ചാല്‍ ഓര്‍മ സൂക്ഷിക്കുന്ന കോശങ്ങള്‍ക്ക് (memory B cells and memmory T cells) വളരെപ്പെട്ടന്ന് തന്നെ ആളെ മനസിലാക്കി ആക്രമണം നിര്‍വീര്യമാക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ കഴിയും. ഒരു ബാക്ടീരിയ അല്ലെങ്കില്‍ വൈറസിന് എതിരെ വാക്സിന്‍ പ്രയോഗിക്കുമ്പോള്‍ മെമ്മറി കോശങ്ങളെ ഉണ്ടാക്കുകയാണ് നാം ചെയ്യുന്നത്. ആന്റിജന്‍ അടങ്ങിയ നിര്‍വീര്യമാക്കപ്പെട്ട രോഗാണുവോ അവയുടെ ഭാഗങ്ങളോ ആണല്ലോ യഥാര്‍ത്ഥത്തില്‍ വാക്സിന്‍. അസുഖം ഉണ്ടാകാതെ തന്നെ മെമ്മറി കോശങ്ങളെ അവയ്ക്ക് ഉണ്ടാക്കാന്‍ കഴിയും.

ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് എന്ന അബദ്ധധാരണ

നമ്മുടെ പ്രതിരോധത്തെ എന്തെങ്കിലും ഒരു മരുന്ന് കൊണ്ട് വര്‍ധിപ്പിക്കാനാകുമെന്ന് ഒരു ശാസ്ത്രീയ പഠനത്തിലൂടെയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ‘ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുക’ എന്നത് തന്നെ ശാസ്ത്രയുക്തിക്ക് നിരക്കാത്തതാണ്. സ്വാഭാവിക ഇമ്മ്യൂണിറ്റി ഉണ്ടാവുക എന്നാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടത്. വാക്‌സിനുകള്‍ കൊണ്ടുള്ള ആര്‍ജിത പ്രതിരോധം ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കലാണെന്ന് തെറ്റിധരിക്കരുത്. വ്യക്തികളില്‍ അയാളുടെ ജീവിതകാലത്ത് കണ്ടുമുട്ടിയ രോഗാണുക്കള്‍ക്ക് അനുസരിച്ച് രൂപപ്പെട്ട രോഗാണു-നിര്‍ദിഷ്ട പ്രതിരോധമുണ്ട്. ഇത് ഓരോ മനുഷ്യനിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അത് സ്വാഭാവിക പ്രതിരോധം മാത്രമാണ്, വര്‍ധിതമായതല്ല. രോഗാണുവിന് പകരം വാക്‌സിനുമായി കണ്ടുമുട്ടുമ്പോള്‍ അങ്ങനെയും കുറച്ചു ആര്‍ജിത പ്രതിരോധം കിട്ടുന്നു. അല്ലെങ്കില്‍ തന്നെ വാക്‌സിന്‍ എന്നത് മാര്‍ക്കറ്റില്‍ കിട്ടുന്ന ബൂസ്റ്ററുകളെപ്പോലെ ഒരു മരുന്നല്ലെന്ന് വ്യക്തമാണല്ലോ!

ഹോമിയോപ്പതിയിലെ ആഴ്സനിക്കം ആല്‍ബം 30C ഉള്‍പ്പെടെയുള്ള ബൂസ്റ്റര്‍ മരുന്നുകള്‍ അവകാശപ്പെടുന്നത് ശ്വേത രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു എന്നാണ്. എന്നാല്‍ പ്രതിരോധകോശങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് പ്രതിരോധശേഷി ‘വര്‍ധിക്കണ’മെന്നില്ല. മറിച്ച് സ്വാഭാവിക പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കാന്‍ അത്തരമൊരു പ്രയത്‌നത്തിനാകും. കായിക ക്ഷമത കൂട്ടാന്‍ കൂടുതല്‍ രക്തം സ്വീകരിക്കുന്ന ‘രക്ത ഉത്തേജനം’ (blood doping) സ്‌ട്രോക്ക് ഉണ്ടാക്കാന്‍ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യശരീരത്തില്‍ ഒരുപാട് തരം പ്രതിരോധകോശങ്ങളുണ്ടെന്ന് നമ്മള്‍ കണ്ടു. ഓരോ തവണയും രോഗപ്രതിരോധം നടക്കുമ്പോള്‍ എത്രയെണ്ണം, ഏത് തരം ശ്വേതരക്തകോശമാണ് വേണ്ടതെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. സങ്കീര്‍ണമായ പ്രതിരോധപ്രയത്‌നങ്ങളില്‍ ഏതെങ്കിലും ഒരു തരം കോശത്തിന്റെ എണ്ണം വ്യത്യാസപ്പെടുത്തിയാല്‍ ഉണ്ടാകുന്ന ഫലം അനുകൂലമാണോ പ്രതികൂലമാണോ എന്നു പ്രവചിക്കാനും സാധ്യമല്ല.

ജീവിതരീതിയും പോഷകാഹാരവും

ഭക്ഷണത്തില്‍ നിന്നു കിട്ടുന്ന മൈക്രോ-പോഷകങ്ങളായ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, സിങ്ക്, ഫോളിക് ആസിഡ് തുടങ്ങിയുടെ കുറവ് രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള പഠനങ്ങളുണ്ട്. എന്നാല്‍ ഇവയുടെ കൂടുതലായുള്ള ഉപയോഗം എന്തുതരം ഇമ്മ്യൂണ്‍ പ്രവര്‍ത്തനമാണ് മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പോഷകാഹാരവും ജീവിതരീതിയും തീര്‍ച്ചയായും രോഗപ്രതിരോധത്തെ ബാധിക്കുന്നുണ്ട്. പോഷകക്കുറവ്, ഉറക്കമില്ലായ്മ, സ്‌ട്രെസ്, വ്യായാമമില്ലായ്മ തുടങ്ങിയവ പ്രതിരോധശേഷിയെ ശോഷിപ്പിക്കും. നല്ല ശീലങ്ങള്‍ നിലനിര്‍ത്തി പോരുന്നത് സ്വാഭാവിക പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.

കോവിഡ്-19 സമയത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്ററുകളാണ് ഇതരവൈദ്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വ്യാപകമായതിന് പ്രധാന കാരണം. എന്നാല്‍ ബൂസ്റ്റര്‍ മരുന്നുകള്‍ക്കപ്പുറം ഇതര വൈദ്യമേഖലകളുടെ തന്നെ ഫലപ്രാപ്തി, സാദ്ധ്യത തുടങ്ങിയവയിലേക്ക് എഴുത്തുകള്‍ വരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഹരിശങ്കറിന്റെ ലേഖനത്തില്‍ ആയുര്‍വേദത്തെ ‘അലോപ്പതിക്കാര്‍’ കടന്നാക്രമിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒന്നാമതായി, വസ്തുതാപരമായി ചോദ്യം ചെയ്യുന്നതിനെ കടന്നാക്രമണമായി മുദ്രകുത്തി ഇരവാദം പറയുന്നത് ഒഴിവാക്കണം. അലോപ്പതിക്കാര്‍ എന്ന് തെറ്റായി അഭിസംബോധന ചെയ്യപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്നവര്‍ മാത്രമല്ല, സയന്‍സില്‍ ഗവേഷണം ചെയ്യുന്നവര്‍, ശാസ്ത്രാവബോധമുള്ള സാധാരണക്കാര്‍ തുടങ്ങിയവരൊക്കെ സമാനമായ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.

പ്രകൃതിയില്‍ കാണുന്ന സസ്യങ്ങള്‍ക്ക് തീര്‍ച്ചയായും ജന്തു ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഫൈറ്റോകെമിക്കലുകള്‍ (phytochemicals) എന്നറിയപ്പെടുന്ന അത്തരം രാസവസ്തുക്കള്‍ ചെടികളില്‍ ജീവികള്‍ അവയെ ഭക്ഷിക്കാതിരിക്കാനും (defense against herbivores) മറ്റുമായി പരിണാമത്തില്‍ ഉണ്ടായതാണ്. അവ മനുഷ്യ ശരീരത്തില്‍ എഫക്ട് ഉണ്ടാക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ആയുര്‍വേദമരുന്നുകള്‍ ഫലിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും, അനേക ശതാബ്ദങ്ങളുടെ ട്രയല്‍ ആന്‍ഡ് എറര്‍ ഉപയോഗിച്ച് ചില സസ്യഭാഗങ്ങള്‍ അസുഖങ്ങള്‍ക്ക് മരുന്നാകാം എന്ന് പറയുന്നത് പൂര്‍ണമായും തള്ളിക്കളയുന്നില്ല. നാലാം നൂറ്റാണ്ടിലെ ചൈനീസ് പ്രാചീന വൈദ്യത്തിലെ ഒരു മരുന്നില്‍ നിന്നും മലേറിയക്കുള്ള മരുന്നായ ആര്‍ടിമൈസിനിന്‍ (Artemisinin) കണ്ടെത്തിയതിന് Tu Youyou ന് 2015ല്‍ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായല്ലോ. എന്നാല്‍ അദ്ദേഹം നേതൃത്വം കൊടുത്ത പഠനത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആവശ്യമായ അളവില്‍ പ്രസ്തുത രാസവസ്തു മാത്രമായി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ അവരെടുത്ത കഷ്ടപ്പാടാണ്. ഇതാണ് പാരമ്പര്യ ചികിത്സാ രീതികളുടെ പ്രധാന പ്രശ്‌നം. ഫലമുണ്ടാക്കുന്ന രാസവസ്തു ഔഷധച്ചെടികളുടെ ഭാഗങ്ങളില്‍ ഒരേപോലെ വിതരണം ചെയ്യപ്പെടണമെന്നില്ല. വളരുന്ന സാഹചര്യമനുസരിച്ചു മറ്റു രാസവസ്തുക്കളും ചെടികളില്‍ ഉണ്ടാകാം. ഫൈറ്റോകെമിക്കലുകളില്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങള്‍, ലെഡ്, ആഴ്സനിക് തുടങ്ങിയവയും പോഷക ആഗിരണത്തെ തടയുന്ന പദാര്‍ത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.

രാസപദാര്‍ഥങ്ങളെ വേര്‍തിരിക്കാതെ ചാറെടുത്ത് കയ്യില്‍ ഉരുട്ടിയോ മെഷീനിലോ ഗുളികയുണ്ടാക്കുമ്പോള്‍ അവയില്‍ യഥാര്‍ത്ഥ മരുന്ന് എത്രയുണ്ടെന്ന് കണ്ടെത്തുന്നത് എളുപ്പമല്ല. അസുഖം മാറ്റുന്ന രാസവസ്തു തുലോം തുച്ഛമായ അളവിലെ പല മരുന്നുകളിലും കാണപ്പെടാന്‍ സാധ്യതയുള്ളൂ. മാത്രമല്ല, കൃത്യമായ ടോക്‌സിക്കോളജി പഠിക്കാതെ മരുന്നായി ഉപയോഗിക്കുന്നതിനാല്‍ ഫൈറ്റോടോക്‌സിനുകളും മറ്റും ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ‘എന്നിരുന്നാലും ആധുനിക ചികിത്സക്ക് മാറ്റാന്‍ കഴിയാത്ത അസുഖങ്ങള്‍ ആയുര്‍വേദത്തില്‍ മാറുന്നുണ്ടല്ലോ’ എന്ന വാദത്തിന് ക്രിട്ടിക്കില്‍ മുന്‍പ് എഴുതിയ ഹോമിയോപ്പതിയെപ്പറ്റിയുള്ള ലേഖനത്തില്‍ ഉത്തരം നല്‍കിയതാണ്. സ്വയം മാറുന്ന അവസ്ഥ, സൈക്ലിക് ആയി വരുന്ന രോഗങ്ങള്‍, പ്ലാസിബോ എഫക്ട് തുടങ്ങിയവ തന്നെയാണ് മിക്ക അസുഖങ്ങളിലും ചികിത്സ ഫലിക്കുന്നതായി കാണുന്നതിന് പ്രധാന കാരണം. അല്ലാത്തപക്ഷം മരുന്ന് തന്നെയാണ് രോഗം മാറ്റിയത് എന്ന് തെളിയിക്കാന്‍ ഡബിള്‍ ബ്ലൈന്‍ഡഡ് ആയ റാന്‍ഡ്‌മൈസ്ഡ് കണ്ട്രോള്‍ ട്രയലുകള്‍ കൊണ്ടുവരട്ടെ. അതാണ് ശാസ്ത്രത്തിന്റെ രീതി. അതുവരെ നിരന്തരമായി ചോദ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും.

റെഫറന്‍സുകള്‍:

The evolution of homeostasis, Proceedings of the American Philosophical Society, Joseph Pick, 1954

Immunity, Encyclopedia of Microbiology, J.R. Rodgers, 2009

Antigens, Encyclopedia of Immunology, Michael Sela, 1998

How to boost your immune system, Harvard health publishing, 2014

How traditional Chinese medicine drove the discovery of a Nobel-winning anti-malarial drug, The Conversation, Annie Bligh, 2015

Variability of Secondary Metabolites of the Species Cichorium intybus L. from Different Habitats, Plants, Nenad M. Zlatiര and Milan S. Stankoviര, 2017

Introduction to Food Toxicology (2nd ed.), Elsevier, Bjeldanes, Leonard; Shibamoto, Takayuki, 2009

FDA warns against use of Ayurvedic medicine because of high lead levels, Helio, 2017

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “വാക്‌സിനുകള്‍ കൊണ്ടുള്ള ആര്‍ജിത പ്രതിരോധവും ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കലല്ല

  1. രോഗങ്ങളെ മനസ്സിലാക്കാൻ, കൃത്യമായ ഏകചിത്രം നല്‍കാന്‍ ശാസ്ത്രത്തിനു കഴിയുമെന്ന ധാരണയില്‍ നാം എന്തിനു വിശ്വസിക്കണo? ശാസ്ത്രത്തിന്റെ കേവലസംപ്രത്യയവല്‍ക്കരണമാണ് ഈ വാദത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. 

Leave a Reply