അടച്ചുപൂട്ടല്‍ ദുരന്തമാവാതിരിക്കണമെങ്കില്‍

ദിവസങ്ങള്‍ കഴിയുംതോറും അടച്ചുപൂട്ടല്‍ ലംഘനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ അടച്ചുപൂട്ടലിന് പകരം ആളുകള്‍ തമ്മില്‍ അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ബോധവല്‍ക്കരണമല്ലേ കൂടുതല്‍ പ്രയോജനപ്രദമെന്നു ആലോചിക്കേണ്ടിയിരിക്കുന്നു.

അഖിലേന്ത്യാതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട മൂന്നാഴ്ചത്തെ അടച്ചുപൂട്ടല്‍ കൊറോണ വൈറസിനെ നേരിടാനുള്ള ഒഴിച്ചുകൂടാനാവാത്ത നടപടി തന്നെയാണ്. അത്രയും കാലം കൊണ്ടു മാത്രം വൈറസ് ഭീഷണി അവസാ നിക്കണമെന്നുമില്ല. അങ്ങിനെ വന്നാല്‍ അടച്ചുപൂട്ടല്‍ നീട്ടേണ്ടിയും വന്നേക്കാം. ഈ ഭീഷണി നേരിടാന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല താനും. അനവധി ഗവേഷണ ശാലകളില്‍ ഈ വൈറസിനെതിരായ മരുന്നിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ചിലത് അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. പക്ഷെ അവ പോലും മനുഷ്യരില്‍ ഉപയോഗിക്കാവുന്ന അവസ്ഥയിലെത്തണമെങ്കില്‍ ഒന്നുരണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. തല്‍ക്കാലത്തേക്ക് സാമൂഹ്യ വ്യാപനം എന്ന ഗുരുതരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാതിരിക്കണമെങ്കില്‍ അടച്ചുപൂട്ടല്‍ പോലുള്ള നടപടികള്‍ തന്നെ വേണം. മാത്രമല്ല, ഈ അടച്ചുപൂട്ടല്‍ യഥാര്‍ത്ഥ അടച്ചുപൂട്ടല്‍ ആവുകയും വേണം.

ജനതാ കര്‍ഫ്യൂ ദിവസം കേരളത്തില്‍ അത് പൊതുവില്‍ ഫലപ്രദമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട് എങ്കിലും ചെറിയ തോതിലുള്ള ലംഘനങ്ങള്‍ ഇവിടെയും നടന്നിട്ടുണ്ട്. സാമൂഹ്യ ബോധവല്ക്കരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെങ്കിലും പഴുതുകള്‍ ഇവിടെയും ഉണ്ടെന്നര്‍ത്ഥം. അടച്ചുപൂട്ടല്‍ നടപ്പിലായി തുടങ്ങിയപ്പോഴും കാണാന്‍ കഴിയുന്നത്
അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നതും പോലീസ് അവരെ
പിന്തിരിപ്പിക്കുന്നതുമാണ്. ദിവസങ്ങള്‍ കഴിയുംതോറും പുറത്തിറങ്ങേണ്ടുന്നതിന്റെ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചു വരുകയും ലംഘനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. ലംഘനങ്ങള്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു നിയന്ത്രിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആ സമീപനം പ്രശ്‌നത്തെ സങ്കീര്‍ണമാക്കുകയെ ഉള്ളൂ. ഉദ്യോഗസ്ഥരും പോലീസും നിശ്ചയിക്കുന്ന അത്യാവശ്യ കാര്യങ്ങള്‍ മാത്രമല്ല ജനങ്ങളുടെ മുന്നില്‍ അത്യാവശ്യ കാര്യങ്ങളായി വരിക. പ്രത്യേകിച്ചും ദിവസങ്ങള്‍ നീണ്ടുപോകുംതോറും. ഫലത്തില്‍ നിയന്ത്രണ നടപടികള്‍ ജനവിരുദ്ധ നടപടികളായി മാറാനാണ് സാദ്ധ്യത. ചുരുങ്ങിയ പക്ഷം ജനങ്ങള്‍ അങ്ങിനെ കണക്കാക്കുകയെങ്കിലും ചെയ്യും.

കൊറോണ മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെ പിണറായി സര്‍ക്കാര്‍ ഏതാനും ദിവസം മുന്‍പ് ഇരുപതിനായിരം കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. അതില്‍ പക്ഷെ ഒരു കബളിപ്പിക്കലും അടങ്ങിയിരുന്നു. കുടുംബശ്രീ വഴി രണ്ടായിരം കോടിയുടെ വായ്പയും രണ്ടു മാസത്തെ തൊഴിലുറപ്പുപദ്ധതിയുമെല്ലാം സാധാരണ ജനങ്ങള്‍ക്ക് സഹായകമായിരുന്നു എങ്കിലും പതിനാലായിരം കോടിയും കോണ്‍ട്രാക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിശ്ശിക തീര്‍ക്കാനുള്ളതായിരുന്നു. കരാറുകാരുടെ കുടിശ്ശിക തീര്‍ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അതിനുള്ള ഭീമമായ തുകയോടൊപ്പം സൗജന്യ റേഷനും കുടുംബശ്രീ വായ്പയുമൊക്കെ ചേര്‍ത്ത് അവതരിപ്പിക്കുന്ന രീതി ശരിയല്ല. തുടര്‍ന്നും സര്‍ക്കാര്‍ നിരവധി ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹം തന്നെ. അവ നടപ്പാക്കാനുള്ള ആര്‍ജ്ജവം ഉറപ്പാക്കണം.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൂടി ആയപ്പോള്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. മേല്‍പ്പറഞ്ഞ പാക്കേജിലോന്നും പെടാത്ത ദശലക്ഷക്കണക്കിന് പേരാണ് തൊഴിലില്ലാത്തവരായി മാറുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കും. അവരാകെ ഏഴെട്ടു ലക്ഷം പേരേ വരൂ. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ വിഭാഗമായ ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന പീടികതൊഴിലാളികളില്‍ അഞ്ചു ലക്ഷത്തോളം വരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് തൊഴിലാളികള്‍ ഒഴിച്ചുള്ളവരെല്ലാം ഇപ്പോള്‍ തൊഴില്‍ രഹിതരായിരിക്കുകയാണ്. കേരളത്തിലെ അടുത്ത പ്രധാന തൊഴില്‍ മേഖലയായ നിര്‍മാണ മേഖലയില്‍ ഇരുപത്തഞ്ചു ലക്ഷത്തില്‍ കുറയാത്ത തൊഴിലാളികളുണ്ട്. അവരും തൊഴില്‍ രഹിതരായിരിക്കുന്നു. അവരില്‍ വലിയൊരു വിഭാഗം അന്യസംസ്ഥാനക്കരാണ്.  ഇതിനു പുറമേ പലവിധ തൊഴിലുകള്‍ ചെയ്യുന്ന 15-20 ലക്ഷം തൊഴിലാളികള്‍ വേറെയുമുണ്ടെന്നു കണക്കാക്കപ്പെടുന്നു. അവരും തൊഴില്‍ രഹിതരായിരിക്കുന്നു. ദിവസം 700-800 മുതല്‍ 1000 വരെ കൂലി വാങ്ങുന്നവരാണ് അവര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൊണ്ട് അവരുടെയൊന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുമില്ല.

ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ ദിവസങ്ങള്‍ കഴിയുംതോറും അടച്ചുപൂട്ടല്‍ ലംഘനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ അടച്ചുപൂട്ടലിന് പകരം ആളുകള്‍ തമ്മില്‍ അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ബോധവല്‍ക്കരണമല്ലേ കൂടുതല്‍ പ്രയോജനപ്രദമെന്നു ആലോചിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply