വേണ്ടത് മനുഷ്യചങ്ങലയല്ല, നിസഹകരണമാണ്

കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ മനുഷ്യചങ്ങല സംഘടിപ്പക്കാന്‍ കഴിയുക സിപിഎമ്മിനും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും മാത്രമാണ്. എന്നാലത് എന്തിനു സംഘടിപ്പിക്കുന്നു എന്നതാണ് പ്രധാനം. ശക്തമായ പോരാട്ടത്തിനു പകരമാകില്ല ആഘോഷത്തിന്റെ സ്വഭാവമുള്ള മനുഷ്യചങ്ങല. ശബരിമല വിവാദകാലത്ത് ലിംഗനീതിയുടെ പേരില്‍ നടത്തിയ മനുഷ്യചങ്ങല നമ്മള്‍ കണ്ടതാണ്.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിന്റെ കാരണത്തെ കുറിച്ചുള്ള രാഷ്ട്രീയതര്‍ക്കങ്ങള്‍ തുടരുകയാണ്. പതിവുപോലെ കേരളം കേന്ദ്രത്തേയും കേന്ദ്രം കേരളത്തേയും കുറ്റപ്പെടുത്തു തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനിടയിലാണ് ഏഴെട്ടു വര്‍ഷമായി സമരങ്ങളൊന്നും ചെയ്യാത്ത ഡിവൈഎഫ്‌ഐ ഈ വിഷയത്തിലിടപെടുന്നത്. എന്നാല്‍ സമരമോ പ്രക്ഷേഭമോ ഒന്നുമല്ല അവര്‍ ചെയ്യാന്‍ പോകുന്നത്. മറിച്ച് ഇടക്കിടെ കേരളത്തില്‍ ആവര്‍ത്തിക്കുന്ന മനുഷ്യ ചങ്ങല. മുദ്രാവാക്യമോ, ഇനിയും സഹിക്കേണാ നമ്മള്‍ കേന്ദ്രത്തിന്റെ ഈ അവഗണന എന്ന്? എന്താണ് വാസ്തവം? കേന്ദ്രം കേരളത്തെ അവഗണിക്കുകയാണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രം കേരളത്തെ അവഹേളിക്കുകയാണ്. കേരളം ഇന്നു നേരിടുന്ന രൂക്ഷമായ സമ്പത്തിക പ്രതിസന്ധിയുടെ പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അതു തന്നെയാണ്. ഇപ്പോഴിതാ സാമ്പത്തിക വര്‍ഷാവസാനം പ്രതിസന്ധിയുടെ ആക്കം കൂട്ടി കേന്ദ്രം കടുംവെട്ടു വെട്ടിയതായാണ് വാര്‍ത്ത. അവസാനപാദത്തില്‍ സംസ്ഥാനം 7437.61 കോടിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1838 കോടി മാത്രമാണ് അനുവദിച്ചത്. അതിരൂക്ഷമായ പ്രതിസന്ധിയായിരിക്കും സാമ്പത്തിക വര്‍ഷാവസാനം കേരളം നേരിടാന്‍ പോകുന്നതെന്നര്‍ത്ഥം. ്അപ്പോഴാണ് മനുഷ്യചങ്ങലയുമായി ഡി െൈവഫ്‌ഐ രംഗത്തു വരുന്നത്.

കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ മനുഷ്യചങ്ങല സംഘടിപ്പക്കാന്‍ കഴിയുക സിപിഎമ്മിനും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും മാത്രമാണ്. എന്നാലത് എന്തിനു സംഘടിപ്പിക്കുന്നു എന്നതാണ് പ്രധാനം. ശബരിമല വിവാദകാലത്ത് ഇവരുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ ചങ്ങല സൃഷ്ടിച്ചല്ലോ. എന്തിനായിരുന്നു അത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലിംഗനീതിക്ക്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിസല്‍ ശബരിമല കയറാന്‍ തയ്യാറായി വന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാതെ പോലീസ് തിരിച്ചയക്കുമ്പോഴായിരുന്നു ആ ചങ്ങല. സംഘപരിവാര്‍ ശക്തികള്‍ തെരുവില്‍ കലാപം സൃഷ്ടിക്കുമ്പോള്‍ അവര്‍ക്കുമുന്നില്‍ മുട്ടുകുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. നൂറു സ്ത്രീകളുമായി ശബരിമല കയറാന്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗം തയ്യാറായിരുന്നെങ്കില്‍, വേണ്ട, സ്ത്രീചങ്ങല പമ്പ.യിലേക്കായിരുന്നെങ്കില്‍ അതുണ്ടാക്കുമായിരുന്ന സാമൂഹ്യവിപ്ലവം എന്തായിരുന്നു? എന്നാല്‍ ് അതിനുള്ള ആര്‍ജ്ജവം ഇല്ലാത്തതിനാലായിരുന്നു അന്ന് കൊട്ടിഘോഷിച്ച ചങ്ങല സംഘടിപ്പിച്ചത്.

സമാനമാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നതും. കേന്ദ്രം കേരളത്തെ നിരന്തരമായി അവഹേളിക്കുന്നതിനെതിരെ ശക്തമായ ഒരു പ്രക്ഷോഭമാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കേണ്ടത്. അതില്‍ പ്രതിപക്ഷത്തേയും പങ്കെടുപ്പിക്കണം. ഇതൊരു പുതിയ ആശയമൊന്നുമല്ല. നായനാരും ആന്റണിയുെമാക്കെ ഭരിക്കുമ്പോള്‍ നമ്മുടെ ഭരണപക്ഷവംു പ്രതിപക്ഷവും ഐക്യപ്പെട്ട് ഡെല്‍ഹിയില്‍ പോയി എത്രയോ തവണ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. ഭരണവും സമരവും എന്ന പ്രസിദ്ധമായ മുദ്രാവാക്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കുറെ കൊല്ലങ്ങളായി അത്തരമൊരു പോരാട്ടം നമ്മള്‍ കാണുന്നതേയില്ല. പകരം കാണുന്നത് കേന്ദ്രത്തിനു മുന്നില്‍ പിച്ചച്ചെട്ടിയെടുത്തു നില്‍ക്കുന്ന കേരളത്തെയാണ്. പരമാവധി ഉപയോഗിക്കുന്ന വാക്ക് അവഗണനയെന്നാണ്. ഇനിയും സഹിക്കണോ നമ്മളീ അവഗണന എന്നാണ് ദയനീയമായി ഡിവൈഎഫ്‌ഐ ചോദിക്കുന്നത്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നിരന്നു നിന്നാണ് ഇതു ചോദിക്കുന്നത് എന്നു മാത്രം. നവകേരളസദസ്സിനുശേഷം എല്‍ഡിഎഫ് ഡെല്‍ഹിയില്‍ പോയി സമരം നടത്തുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാലതേ കുറിച്ചൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. പകരമാണ് ഈ ചങ്ങലയുടെ, ഫലത്തില്‍ അടിമചങ്ങലയുടെ, വാര്‍ത്ത കേള്‍ക്കുന്നത്.

ഫെഡറലിസത്തെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുമ്പോഴും കേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയുടേത്. അതാകട്ടെ കൂടുതല്‍ കൂടുതല്‍ രൂക്ഷമാകുകയുമാണ്. എല്ലാ വിധ ബഹുസ്വരതയും വൈവിധ്യങ്ങളും കുഴിച്ചുമൂടുക എന്നത് സംഘപരിവാര്‍ അജണ്ടക്ക് അനിവാര്യമാണ്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മേഖലയില്‍ അതിന്റെ പ്രതിഫലനമാണഅ ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യം. അതിന്റെ തന്നെ ഭാഗമാണ് കേന്ദ്രത്തിന്റെ പിടിമുറുക്കലുകളും ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ഇറക്കി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തലും. അതിനെതിരെ ശക്തമായ എന്തെങ്കിലും പ്രതിഷേധം കേരളത്തില്‍ നിന്നുണ്ടാകുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. ഫെഡറലിസത്തെ തകര്‍ക്കുന്ന മറ്റൊന്നാണ് ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ഇപ്പോഴത്തെ ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള തര്‍ക്കങ്ങളില്‍ ഇടെപടാനുദ്ദേശിക്കുന്നില്ല. പക്ഷെ ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും അനുയോജ്യമല്ല ഗവര്‍ണര്‍ എന്ന പദവി എന്നത് എത്രയോ പ്രകടമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു മീതെയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കാലഹരണപ്പെട്ട നേതാക്കളെ ഗവര്‍ണര്‍ പദവി കൊടുത്ത് വിടുന്നത്. ഭരണഘടനാ രൂപീകരണ സമിതിയില്‍ തന്നെ ഗവര്‍ണര്‍ എന്ന പദവി വേണോ എന്ന വിഷയം രൂക്ഷമായ തര്‍ക്കങ്ങള്‍ക്കു വിധായമായിരുന്നു. അവസാനം ഒരു ഒത്തുതീര്‍പ്പുപോലെയാണ് തുച്ഛമായ അധികാരങ്ങളോടെ ഗവര്‍ണര്‍ പദവി അംഗീകരിക്കപ്പെട്ടത്. എന്നാല്‍ പതുക്കെപതുക്കെ സംഭവിച്ചത് മറ്റൊന്നാണ്. ഗവര്‍ണറിലൂടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേലെ പിടിമുറുക്കുകയാണ്. അതിന്റെ അങ്ങേയറ്റമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രഹസനസമരങ്ങള്‍ നടത്തുന്നവര്‍ കാതലായ ഈ വിഷയം ഉന്നയിക്കുന്നതേയില്ല. ഗവര്‍ണര്‍ പദവി റദ്ദാക്കണമെന്ന നിലപാടൊക്കെയുള്ള സിപിഐ പോലും അടുത്ത കാലത്ത് അതേകുറിച്ചു സംസാരിക്കുന്നില്ല. ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയിലും ഈ വിഷയം ഗൗരവമായി ഉന്നയിക്കുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കുകയാണ് കേന്ദ്രം എന്നതില്‍ തര്‍ക്കമില്ല. നിസാരമായ കാരണങ്ങള്‍ പറഞ്ഞ അര്‍ഹതപ്പെട്ട വിഹിതങ്ങള്‍ തടഞ്ഞുവെക്കുകയാണ്. എന്നാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധം കാര്യമായി എവിടെനിന്നും ഉണ്ടാകുന്നില്ല. പല രീതിയില്‍ അ്തു സാധ്യമാണ്. നേരത്തെ പറഞ്ഞപോലെ ഡെല്‍ഹിയില്‍ പോയി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തലാണ് ഏറ്റവും മിനിമം. അതുപോലും നമ്മള്‍ ചെയ്യുന്നില്ല. പിന്നീട് വേണ്ടത് ശക്തമായ നിസഹകരണമാണ്. സാമ്പത്തികമായി നമ്മെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തോട് നിസഹകരണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇവിടെ നിന്ന് കൊണ്ടുപോകുന്നതിന്റെ തുച്ഛമായൊരു അംശം മാത്രമാണ് തിരിച്ചു നല്‍കുന്നത് എന്നു പറയാറുണ്ടല്ലോ. ഇഷ്ടംപോലെ ഇവിടെ നിന്നു കൊണ്ടുപോകുന്നതു തടയാന്‍ സാധ്യമായതു ചെയ്യാനാണ് ശ്രമിക്കേണ്ടത്. അത്തരമൊരു അന്തരീക്ഷമൊരുക്കാന്‍ യഥാര്‍ത്ഥ ഫെഡറലിസത്തിനായുള്ള ചര്‍ച്ചകളും സമരങ്ങളും ഉയര്‍ത്തി കൊണ്ടുവരണം. എന്നാലതിനൊന്നും ശ്രമിക്കാതെ എന്തെങ്കിലും പ്രഹസനം ചെയ്ത് കേന്ദ്രത്തെ പിണക്കാതിരിക്കാനാണ് നമ്മുടെ ശ്രമം. അതിന്റെ ഭാഗമാണ് ഡിവൈഎഫ്‌ഐയുടെ ഈ പരിപാടിയും.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രം മാത്രമാണ് ഉത്തരവാദി എന്നല്ല ഇപ്പറഞ്ഞതിന്റെയെല്ലാം അര്‍ത്ഥം. കാലങ്ങളായി നമ്മള്‍ തുടരുന്ന തെറ്റായ നയങ്ങളും അതിന് കാരണമാണ്. കടം മേടിച്ച് വികസനം നടപ്പാക്കാമെന്നും അതിന് കേന്ദ്രം അനുമതി നല്‍കണമെന്നുമുള്ള നിലപാടുതന്നെ തിരുത്തണം. മുരടിക്കുന്ന ഉല്‍പ്പാദനമേളകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കാതെ മദ്യത്തില്‍ നിന്നും ലോട്ടരിയില്‍ നിന്നും അതുപോലുള്ള മറ്റു ചിലമേഖലഖലില്‍ നിന്നും അതുപോലെ പ്രവാസി പണത്തെ ആശ്രയിച്ചും നിലനില്‍ക്കാമെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. തെഴിലില്ലായ്മക്കുള്ള പരിഹാരം സംരംഭകത്വങ്ങള്‍ ഉയര്‍ന്നു വരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ്. അക്കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും പരാജയമാണ്. നടക്കുന്നത്. അല്‍പ്പം വാണിജ്യം മാത്രമാണ്. സംരംഭകത്വം ഉയര്‍ന്നു വരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം സര്‍്ക്കാര്‍ ഒരാവശ്യവുമില്ലാത്ത മേഖലകളില്‍ പണം നിക്ഷേപി്ക്കുകയാണ്. അവയില്‍ മഹാഭൂരിപക്ഷവും നീങ്ങുന്നത് കെ എസ് ആര്‍ ടി സിയുടെ വഴിക്കാണ്. ജീവിതത്തെ നേരിട്ടുബാധിക്കുന്ന അവശ്യമേഖലഖില്‍ മാത്രമേ സര്‍ക്കാര്‍ പണം നിക്ഷേപിക്കേണ്ടതുള്ളു. എന്നാല്‍ നടക്കുന്നത് നേരെ തിരിച്ചാണ്. വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ സ്വകാര്യമേഖല്തത് തീറെഴുതി കൊടുത്ത് പല വ്യവസായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് പണം നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ തൊഴില്‍ ദായക സ്ഥാപനമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. അപ്പോള്‍ തന്നെ കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

അതുപോലെ പ്രധാനമാണ് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും. പണത്തിന്റെ സ്രോതസിനെകുറിച്ചൊരു ധാരണയുമില്ലാതെയാണ് കേന്ദ്രം കടമെടുക്കാനനുവദിക്കുമെന്ന പ്രതീക്ഷയോടെ പല പദ്ധതികളും പ്രഖ്യാപി്ക്കുന്നത്. അവയെല്ലാം പ്രതിസന്ധിയിലാണ്. സര്‍ക്കാരിനു ലഭിച്ച പണമാണ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ പലപ്പോഴും വഴി തിരിച്ചുവിടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളാണ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന മറ്റൊന്ന്. കൊവിഡ് സമയത്ത് വോട്ടിനുേവണ്ടി ലോകത്ത് ഒരിടത്തും ഉണ്ടാകാത്ത രീതിയില്‍ ശബളവും പെന്‍ഷനും വര്‍ദ്ധിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണമെന്ന് എത്രയോ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു വിഷയവും ഉന്നയിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം തന്നെയാണ് 20-ാം തിയതി ഡിവൈഎഫ്‌ഐ നടത്തുന്ന മനുഷ്യച്ചങ്ങല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ കാര്യങ്ങള്‍ നോക്കാനെന്നു പറഞ്ഞ്, പാര്‍ട്ടി മാറി വന്നതിനു പ്രതിഫലമായി, മാസം ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരു കെ വി തോമസിനെ ഡെല്‍ഹിയില്‍ ഇരുത്തിയിട്ടുണ്ടല്ലോ. ആ പണം പോകുന്നു എന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ? അയാളെ തിരിച്ചുവിളിക്കുക എന്ന ആവശ്യം കൂടി ഈ സമരത്തിലുന്നയിക്കുന്നു എങ്കില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെന്ന് സമ്മതിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply