കടല്‍തീരം എങ്ങനെയാണ് സുരക്ഷിതമല്ലാതായി തീര്‍ന്നത് മുഖ്യമന്ത്രി….?

കേരളത്തിന്റെ കടല്‍തീരം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന അലക്ഷ്യപ്രസ്താവന നടത്തുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. അതിനു കാരണം പ്രധാനമായും മനുഷ്യനിര്‍മ്മിതികളാണെന്ന് അംഗീകരിച്ച് സത്വരനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. മനുഷ്യന്‍ കടലില്‍ നടത്തിയ അശാസ്ത്രിയ ഇടപെടലുകളും, നിര്‍മ്മിതികളും, ഖനനവും ഒരു ജനതയുടെ വംശ കത്തിക്ക് ഇടവരുത്തുമ്പോള്‍, ആര്‍ജ്ജവമുള്ള ഭരണാധികാരിയെന്ന നിലയില്‍ തിരുവനന്തുപുരം മുതല്‍ കാസര്‍കോടുവരെയുള്ള തീരദേശത്തെ ഖനനവും, കടലിലെ നിര്‍മ്മിതികളും ്അടിയന്തിരമായി നിര്‍ത്തിവെക്കണം. തടര്‍ന്ന് ഈ വിഷയത്തെ ഗൗരവമായി പഠിച്ച്, ശാശ്വതപരിഹാരത്തിനായി ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കണം. കടല്‍ ശോഷണം തടഞ്ഞ് തീരദേശനിവാസികളുടെ ജീവിതെ സുരക്ഷിതമാക്കുക എന്നതായിരിക്കണം അത്തരം നടപടികളുടെ ആത്യന്തികലക്ഷ്യം. അതിനുള്ള ആര്‍ജ്ജവമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പ്രകടമാക്കേണ്ടത്.

മഹാമാരിയും പേമാരിയും കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണല്ലോ. സംസ്ഥാനം മുഴുവന്‍ അതിന്റെ കെടുതികള്‍ നേരിടുന്നു എന്നു പറയുമ്പോഴും ഏറ്റവും ദുരിതങ്ങള്‍ നേരിടുന്ന തീരദേശജനതയാണ്. സ്വാഭാവികമായും അവരില്‍ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാലികളാണ്. കേരളത്തിന്റെ തീരപ്രദേശം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ പറയുന്നത് കേട്ടു. കേള്‍ക്കുമ്പോള്‍ വളരെ ശരിയെന്നു തോന്നുമ്പോഴും ആ വാചകത്തില്‍ വലിയൊരു തെറ്റുണ്ട്. അദ്ദേഹം പറയേണ്ടിയിരുന്നത് കേരളത്തിന്റെ തീരപ്രദേശം സുരക്ഷിതമല്ലാതാക്കി തീര്‍ത്തിരിക്കുന്നു എന്നാണ്. തീരദേശത്തെ ഈ ദുരിതങ്ങള്‍ക്കു കാരണം ഈ ചുഴലികാറ്റും അമിതമായ മഴയും മാത്രമല്ല, കാലങ്ങളായി തുടരുന്ന തെറ്റായ വികസനനയങ്ങള്‍ മൂലം തീരദേശത്തിന് അതിന്റെ സ്വാഭാവികമായ പ്രതിരോധശേഷി നഷ്ടപ്പെട്ടതാണ്. തുറമുഖ പുലിമുട്ടുകള്‍, കടല്‍ഭിത്തികള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍, ഗ്രോയിനുകള്‍, മണല്‍ ഖനനം എന്നീ കടല്‍ത്തീരത്തെ നിര്‍മ്മാണ പ്രവൃത്തികളും അതുമൂലമുണ്ടാകുന്ന തീരശോഷണവുമാണ് കടലോരങ്ങളിലെ ഇപ്പോഴത്തെ ദുരിതങ്ങളുടെ അടിസ്ഥാനകാരണം. കനത്ത മഴ അതിനെ കൂടുതല്‍ തീവ്രമാക്കി എന്നു മാത്രം. ഇക്കാര്യത്തെ അഭിസംബോധന ചെയ്യാത്തിടത്തോളം ഈ ദുരിതങ്ങള്‍ എല്ലാ വര്‍ഷവും തുടരുമെന്നതില്‍ സംശയമില്ല.

തിരുവനന്തപുരത്തെ തീദേശമേഖലയിലെ സാമൂഹ്യപ്രവര്‍ത്തകനായ ജോസഫ് വിജയന്‍ ഇക്കാര്യം തെളിവുസഹിതം സമര്‍ത്ഥിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കെടുതികള്‍ നേരിടുന്ന തീരങ്ങളെ വ്യക്തമായി മൂന്ന് മേഖലകളായി വേര്‍തിരിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂര്‍-കൊല്ലങ്കോട് തീരം, മധ്യ ഭാഗത്തായി വിഴിഞ്ഞത്തിന് വടക്ക് പനത്തുറ മുതല്‍ കൊച്ചുവേളി വരെയുള്ള തീരം, വടക്കു ഭാഗത്തായി മുതലപ്പൊഴിയുടെ വടക്ക് താഴമ്പള്ളി മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരം. പുലിമുട്ടുകളുടെ സഹായത്തോടെ മൂന്ന് കൃത്രിമ തുറമുഖങ്ങള്‍ ഈ മൂന്നിടത്തും സമീപത്തായി നിര്‍മ്മിച്ചിട്ടുണ്ട്. പൊഴിയൂര്‍ തീരത്തിനടുത്തെ തേങ്ങാപ്പട്ടണം തുറമുഖം തമിഴ്‌നാടിലാണെങ്കിലും ദൂരം അത്രയൊന്നുമില്ല. തേങ്ങാപ്പട്ടണം തുറമുഖ പുലിമുട്ടുകള്‍ നിര്‍മ്മിച്ച ശേഷം വടക്കുള്ള ഇരയിമ്മന്‍ തുറ, വള്ളവിള തുടങ്ങിയ തീരങ്ങളില്‍ വലിയ തീരശോഷണം ഉണ്ടായി. കടല്‍ഭിത്തികള്‍ ഫലവത്താകാതെ വന്നപ്പോള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിരവധി ഗ്രോയിനുകള്‍ കേരള അതിര്‍ത്തിയായ നീരോടി വരെ നിര്‍മ്മിച്ചു. അതിന് ശേഷമാണ് പൊഴിയൂരില്‍ സ്ഥിതി വഷളായത്. വിഴിഞ്ഞത്ത് 1970-ല്‍ തുറമുഖ പുലിമുട്ട് നിര്‍മ്മിച്ച വര്‍ഷം മുതല്‍ തുടങ്ങിയതാണ് അതിന് വടക്ക് പനത്തുറയിലും പൂന്തുറയിലും കടലേറ്റവും തീരനാശവും. അവിടെ പ്രതിവിധിയായി നിര്‍മ്മാണം ആരംഭിച്ച കടല്‍ഭിത്തികളും ഗ്രോയിനുകളും വലിയതുറ കടന്നെത്തി നില്‍ക്കുകയാണ്. 2016-ല്‍ വിഴിഞ്ഞത്ത് അദാനി പുതിയ തുറമുഖത്തിനായി ഡ്രഡ്ജിംഗ് നടത്തുകയും പുലിമുട്ട് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി, തോപ്പ്-ശംഖുമുഖം മുതല്‍ കൊച്ചുവേളി വരെയും തീരശോഷണം വ്യാപിച്ചു. മൂന്നാമത്തെ മേഖലയില്‍ തീരശോഷണം മുതലപ്പൊഴിയില്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഉണ്ടായത് കഴിഞ്ഞ 2 വര്‍ഷത്തിനിടെ അവിടെ അദാനി നടത്തിയ പുതിയ നിര്‍മ്മാണങ്ങള്‍ വടക്കുള്ള അഞ്ചുതെങ്ങ് മേഖലയിലെ തീരശോഷണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. അതേസമയം വിഴിഞ്ഞം. മുതലപ്പൊഴി തുറമുഖങ്ങളുടെ മധ്യത്തായുള്ള വലിയ വേളി മുതല്‍ പുതുക്കുറിച്ചി-പെരുമാതുറ വരെയുള്ള ഏകദേശം 17 കി.മീ വരെ ദൂരമുള്ള തീരത്ത് ഈ ചുഴലിക്കൊടുങ്കാറ്റിലും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. കാരണം ഇവിടം തുറമുഖ-പുലിമുട്ട്-കടല്‍ഭിത്തി വിമുക്തമായ ഒരു തീരമാണെന്നതാണെന്നു ജോസഫ് വിജയന്‍ പറയുന്നു. ഇവിടത്തെ സ്വാഭാവിക മണല്‍ത്തീരങ്ങള്‍ക്ക് കടലേറ്റത്തില്‍ നിന്നും തീരത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള ശേഷി ഇപ്പോഴും ഉണ്ട്. ഇവിടെ മണല്‍ ഒഴുകിപ്പോയില്ലെന്നും, അഥവാ പോയത് തിരിച്ചെത്തിയിട്ടുണ്ടെന്നുമാണ് ചൂണ്ടികാട്ടപ്പെടുന്നത്. തീരത്തോടടുത്ത കടലിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പ്രകൃതിദത്തമായ ഇടതടവില്ലാത്ത മണല്‍നീക്കം തടസ്സപ്പെട്ട തീരങ്ങളിലാണ് പ്രത്യാഘാതങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഈ യാഥാര്‍ത്ഥ്യമാണ് ഇനിയെങ്കിലും തിരിച്ചറിയേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എല്ലാവര്‍ഷവും കാലവര്‍ഷം ഏറ്റവും ദുരിതങ്ങള്‍ വിതക്കുന്ന ചെല്ലാനത്തെ അവസ്ഥയും വ്യത്യസ്ഥമല്ല. പതിറ്റാണ്ടുകളായി കടല്‍കയറ്റം തുടര്‍ക്കഥയായ ഒരിടമാണ് ചെല്ലാനം-കൊച്ചി തീരം. സംസ്ഥാനത്ത് ഏറ്റവും അധികം തീരശോഷണം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചെല്ലാനം. ആകെ 17.5 കി.മി വിസ്തീര്‍ണ്ണമുള്ള ചെല്ലാനം പഞ്ചായത്തില്‍ 1.5 കി.മി പ്രദേശം ഇതിനകം കടലെടുത്തു പോയിക്കഴിഞ്ഞു. ഈ പ്രശനം പരിഹരിക്കണം എന്നത് ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ്. എന്നാല്‍ നാളിതു വരെ മാറിമാറി ഭരിച്ച സര്‍ക്കാരുകളും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളും കുറ്റകരമായ അനാസ്ഥയാണ് ഈ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. കൊച്ചി കപ്പല്‍ ചാലിന്റെ സാന്നിധ്യമാണ് ഇവിടത്തെ തീരശോഷണത്തിനു പ്രധാന കാരണം. എന്നാല്‍ കൊച്ചിന്‍ പോര്‍ട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഈ വസ്തുത അംഗീകരിക്കാനും ചെല്ലാനം-കൊച്ചി തീരത്തിന്റെ കടല്‍കയറ്റ ദുരന്തത്തിന്റെയും ദുരിതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല. നാട്ടുകാര്‍ ഒന്നടങ്കം സര്‍ക്കാരിനെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരം ഈ പ്രശ്നം ബോധിപ്പിച്ചിട്ടും അവര്‍ അവഗണന തുടരുകയാണ്. എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന കടല്‍കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലാണ് ഈ തീരജനതയുടെ ജീവിതം. ഇപ്പോഴത്തെ അപ്രതീക്ഷിതമായ ന്യൂനമര്‍ദ്ദം പ്രശ്‌നത്തെ രൂക്ഷമാക്കി എന്നു മാത്രം. പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയും, (അത് കല്ല് കൊണ്ട് തന്നെ വേണമെന്നില്ല, ജിയോ സിന്തറ്റിക് ട്യൂബ് കൊണ്ട് പുലിമുട്ട് നിര്‍മ്മിക്കാം) വര്‍ഷം മുഴുവന്‍ കപ്പല്‍ച്ചാലില്‍ ഡ്രഡ്ജ് ചെയ്ത് പുറം കടലില്‍ കൊണ്ടുപോയി തള്ളുന്ന എക്കലും ചെളിയും ഈ തീരത്ത് അടിയുംവിധം നിക്ഷേപിക്കുകയും ചെയ്താല്‍ ഇവിടെ തീരം പുനഃസൃഷ്ടിക്കപ്പെടും എന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ എത്രയോ കാലമായി സമരത്തിലാണ്. എന്നാല്‍ തീരദേശനിവാസികളെ ഒഴിപ്പിച്ച് മറ്റെവിടെയെങ്കിലും പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അത് തങ്ങളുടെ അന്നം മുട്ടിപ്പിക്കുന്ന നടപടിയാകുമെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിന്റെ കടല്‍തീരം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന അലക്ഷ്യപ്രസ്താവന നടത്തുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. അതിനു കാരണം പ്രധാനമായും മനുഷ്യനിര്‍മ്മിതികളാണെന്ന് അംഗീകരിച്ച് സത്വരനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. മനുഷ്യന്‍ കടലില്‍ നടത്തിയ അശാസ്ത്രിയ ഇടപെടലുകളും, നിര്‍മ്മിതികളും, ഖനനവും ഒരു ജനതയുടെ വംശ കത്തിക്ക് ഇടവരുത്തുമ്പോള്‍, ആര്‍ജ്ജവമുള്ള ഭരണാധികാരിയെന്ന നിലയില്‍ തിരുവനന്തുപുരം മുതല്‍ കാസര്‍കോടുവരെയുള്ള തീരദേശത്തെ ഖനനവും, കടലിലെ നിര്‍മ്മിതികളും ്അടിയന്തിരമായി നിര്‍ത്തിവെക്കണം. തടര്‍ന്ന് ഈ വിഷയത്തെ ഗൗരവമായി പഠിച്ച്, ശാശ്വതപരിഹാരത്തിനായി ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കണം. കടല്‍ ശോഷണം തടഞ്ഞ് തീരദേശനിവാസികളുടെ ജീവിതെ സുരക്ഷിതമാക്കുക എന്നതായിരിക്കണം അത്തരം നടപടികളുടെ ആത്യന്തികലക്ഷ്യം. അതിനുള്ള ആര്‍ജ്ജവമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പ്രകടമാക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply