കമ്യൂണിസ്റ്റുകാരുടേത് പരാജിതരുടെ ചരിത്രം

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന നേട്ടം അയ്യന്‍കാളി പ്രസ്ഥാനത്തിന്റേയും ശ്രീ നാരായണ പ്രസ്ഥാനത്തിന്റെയും മറ്റു സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ്. ബോംബെയിലും മദ്രാസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തേക്കാള്‍ ശക്തമായിരുന്നു. എന്നാല്‍ അവിടെ ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങളെ സ്വന്തം വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ മഹാത്മാ ഫൂലെയുടെ സത്യശോധക്ക് പ്രസ്ഥാനത്തെ ഇടതുപക്ഷം തള്ളിക്കളയുകയായിരുന്നു. സാമുദായിക സംഘടനയെണെന്നും വര്‍ഗസമരമല്ല അവരുടെ നയമെന്നും പറഞ്ഞായിരുന്നു പാര്‍ട്ടി ഈ നിലപാടെടുത്തത്. അതുകൊണ്ട് അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നഗരങ്ങളിലെ ട്രേഡ് യൂണിയന്‍ സമരങ്ങളില്‍ മാത്രമായി ഒതുങ്ങി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവത്തെകുറിച്ചു തന്നെ തര്‍ക്കങ്ങളുണ്ട്. 1920ല്‍ സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റില്‍ വെച്ചാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് ഒരു വിഭാഗം. അതിനെ ഇന്ത്യയിലെ പാര്‍ട്ടി രൂപീകരണമായി കണക്കാക്കാനാകില്ല എന്ന് മറ്റൊരു വിഭാഗം. എന്തായാലും 1930കളിലും 40കളിലുമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാകുന്നത്. പ്രത്യേകിച്ച് സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍. ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരത്തോട് സ്വീകരിച്ച സമീപനം തുടക്കത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരെ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ മുഖം തിരിച്ചു നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷിയായതോടെ, റഷ്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ടിയോട് ഉണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശത്രവല്ലാതായി തീരുകയായിരുന്നു. അതോടെ യുദ്ധകാലഘട്ടത്തില്‍ അവര്‍ ബ്രിട്ടന് അനുകൂലമായ രാഷ്ട്രീയ സമീപനം സ്വീകരിച്ചു. അതൊരു വലിയ പാളിച്ച ആയിരുന്നു. ആഭ്യന്തരമായ കൊളോണിയല്‍ അധിനിവേശത്തെ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനങ്ങളിലെ ബന്ധങ്ങളുടെ പേരില്‍ അവര്‍ തള്ളിക്കളയുകയായിരുന്നു. ഒരു കാലത്തും ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായി അത് മാറി. പിന്നീട് പലപ്പോഴും ആ നടപടിയെ പാര്‍ട്ടി വിമര്‍ശനപരമായി കണ്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പി സി ജോഷി താരതമ്യേന പുരോഗമനപരം എന്ന് പറഞ്ഞ് നെഹ്റു സര്‍ക്കാരിന് പിന്തുണ കൊടുത്തിരുന്നു. പക്ഷെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നെഹ്റുവിനോടുണ്ടായ സമീപനം ഉള്‍പ്പടെ നാല് വ്യത്യസ്ത നയ സമീപനങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചു. 1948 ഫെബ്രുവരിയില്‍ നടന്ന കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ വി ടി രണദിവയുടെ നേതൃത്വത്തില്‍ കല്‍ക്കത്ത തീസീസ് അവതരിപ്പിക്കപ്പെട്ടു. റഷ്യന്‍ മോഡലില്‍ ഉടന്‍ വിപ്ലവം നടത്തണം എന്ന് ആഹ്വാനം ചെയ്യുകയായിരുന്നു തീസീസിലൂടെ. തുടര്‍ന്ന് ഇന്ത്യയിലുടനീളം കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ചെറിയ ചെറിയ കലാപങ്ങള്‍ ഉണ്ടായി. എന്നാല്‍ അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. അതിനുശേഷം തെലങ്കാന സമരത്തിന് നേതൃത്വം നല്‍കിയ രാജേശ്വരറാവുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജനകീയയുദ്ധത്തിന്റെ ചൈനീസ് മാതൃക സ്വീകരിച്ചു. തെലങ്കാന സമരം ഭൂവുടമകള്‍ക്കെതിരായ സായുധ സമരമായിരുന്നു. എന്നാല്‍ 1950 ആയപ്പോള്‍ അതിനും പിന്തുണ ലഭിക്കാതായി. തുടര്‍ന്നു അജയഘോഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പോയി. സ്റ്റാലിന്റെ ഉപദേശപ്രകാരം ഇന്ത്യ ജനാധിപത്യരാജ്യമാണെന്നംഗീകരിച്ചാണ് അവര്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ പാര്‍ട്ടി അംഗീകരിച്ചു. അതനുസരിച്ചു 51 ലെ വിഖ്യാതമായ നയരേഖ ഉണ്ടായി. എന്നാല്‍ അതൊടൊപ്പം പ്രസിദ്ധീകരിക്കാത്ത മറ്റൊരു രഹസ്യ രേഖകൂടി പാര്‍ട്ടി തയ്യാറാക്കിയിരുന്നു, വിപ്ലവ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സമയമാകുമ്പോള്‍ അതിനായി തയ്യാറെടുക്കണമെന്നും ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു അത്. എന്നാലതിനെ മറികടന്ന് പാര്‍ട്ടി പാര്‍ലമെന്ററി ജനാധ്യപത്യത്തില്‍ പങ്കെടുക്കുകയും കേരളത്തിലും ആന്ധ്രയിലുമടക്കം മത്സരിക്കുകയും ചെയ്തു. 1955ല്‍ ആന്ധ്രയില്‍ ഏറ്റവും വലിയ നിയമസഭാകക്ഷിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറി. 1957ല്‍ കേരളം ഭരിച്ചു. 1960കളോടെ പശ്ചിമ ബംഗാളിലും പാര്‍ട്ടി ശക്തമായി.

പാര്‍ലമെന്ററി പാര്‍ട്ടി

പിന്നീടുള്ള പ്രസ്ഥാനത്തിന്റെ ചരിത്രം ഒരു പാര്‍ലമെന്ററി പാര്‍ട്ടിയായി മറിയത്തിന്റെ ചരിത്രമാണ്. 1950 കളില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ 9% വോട്ട് ഉണ്ടായിരുന്നു എന്നാണ് കണക്ക്. അതിനു ശേഷം 1964ല്‍ പാര്‍ട്ടി പിളരുന്നതിന് രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്നു ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സോവിയറ്റ് യൂണിയന്‍ – ചൈനീസ് പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകളായിരുന്നു. 1964ല്‍ ഒരു വിഭാഗം ചൈനീസ് ജനകീയ വിപ്ലവത്തോടും മറ്റൊരു വിഭാഗം സോവിയറ്റ് വിഭാഗത്തോടുമൊപ്പം നിന്നു. അതിനു മുമ്പ് 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അവരെ അനുകൂലിച്ച വിഭാഗത്തെ അറസ്‌റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. അന്ന് അറസ്റ്റ് ചെയ്യപെടാതിരുന്ന വിഭാഗം സിപിഐ ആയിമാറുകയും അറസ്റ്റ് ചെയ്യപ്പെട്ട വിഭാഗം സിപിഎം ആയിമാറുകയും ചെയ്തു. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലുമൊക്കെ ഈ പിളര്‍പ്പ് പ്രകടമായിരുന്നു. 1965ല്‍ ഇരുകൂട്ടരും ഒറ്റക്ക് മത്സരിച്ചു. സിപിഎം ആണ് കൂടുതല്‍ കരുത്തു കാട്ടിയത്. 1967ല്‍ ഇവര്‍ മുന്നണി സംവിധാനത്തിലേക്ക് എത്തിപ്പെട്ടു. മുമ്പേ സൂചിപ്പിച്ച പോലെ പിന്നീടുള്ള ചരിത്രമെല്ലാം പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ചരിത്രമാണ്. ആന്ധ്രയില്‍ 50 കളില്‍ പാര്‍ട്ടി ശക്തിപ്പെട്ടെങ്കിലും പെട്ടെന്നു അതിന്റെ ശക്തി ക്ഷയിച്ചുപോയി കേരളം, ആന്ധ്രാ, പശ്ചിമ ബംഗാള്‍, ബീഹാറിന്റെ കുറച്ചു ഭാഗങ്ങള്‍, പഞ്ചാബില്‍ ചെറിയൊരു ഭാഗം എന്നീ സ്ഥലങ്ങളിലൊഴികെ എവിടേയും പാര്‍ട്ടിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോഴാകട്ടെ കേരളത്തില്‍ മാത്രവും. മറ്റുള്ള പാര്‍ട്ടികള്‍ക്ക് കഴിയുന്ന മെയ് വഴക്കത്തോടെ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല എന്നതാണ് അതിന്റെ മൂലകാരണം. വോട്ടിന്റെ പങ്കു കണക്കാക്കുകയാണെങ്കില്‍ അഖിലേന്ത്യ തലത്തില്‍ 4 മുതല്‍ 4.5 % വരെ മാത്രമേ ഇപ്പോള്‍ ഇടതുപക്ഷത്തിന് ലഭ്യമായുള്ളു. 1950കളില്‍ ഉണ്ടായിരുന്നതിന്റെ പകുതി. അതുകൊണ്ടാണ് സംഘടനയുടെ പാര്‍ലമെന്ററി രാഷ്ട്രീയ വളര്‍ച്ച മുന്നോട്ട് പോയില്ലെന്നും പരാജയമാണെന്നും പറയുന്നത്.

ആഗോളതലത്തിലെ മാറ്റങ്ങള്‍

അതിനിടെ ആഗോളതലത്തില്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയും ജനാധിപത്യാവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളും നടന്നിരുന്നു. അതിന്റെ അലയൊലികളൊക്കെ ഇവിടേയും ഉണ്ടായി. അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. ഇപ്പോള്‍ ചിലിയിലും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതു ചായ്‌വുള്ള ചില സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. യൂറോപ്പിലും അങ്ങനെ തന്നെ. എന്നാലവയൊന്നും ശക്തമാകുന്നില്ല. എന്നിട്ടും ഇടതുചായ്വുള്ള മുന്നണികള്‍ വിജയിച്ചുവരുമ്പോള്‍ കമ്മ്യൂണിസം ഇതേവരെ തകര്‍ന്നില്ലെന്നും അത് ഇപ്പോഴും പ്രസക്തമാണെന്നും ഒക്കെ വിലയിരുത്തലുകള്‍ കാണാറുണ്ട്. പക്ഷെ ഇവയൊന്നും തന്നെ മാര്‍ക്‌സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ ആശയങ്ങളുടെയോ നേതൃത്വത്തിന്റേയോ നേട്ടങ്ങളല്ല. ചിലതൊക്കെ ഇടതുപക്ഷ സോഷ്യലിസ്റ്റ് സമീപനം ഉയര്‍ത്തിപിടിക്കുന്നുണ്ട്. എന്നാലവയിലും മാര്‍ക്‌സിസത്തെ അംഗീകരിക്കാത്ത ഗ്രൂപ്പുകളുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. കമ്മ്യൂണിസ്‌റ് ചൈനയില്‍ സാമ്പത്തിക ഘടന മുഴുവനും മുതലാളിത്തത്തിന്റേതായി മാറി. ടെക്‌നോക്രാറ്റുകള്‍ എന്ന് പറയാവുന്നവരുടെ നിര ഭരണവര്‍ഗ്ഗത്തില്‍ ഉയര്‍ന്നു വന്നു. ഇന്ത്യയിലേക്ക് വീണ്ടും വരുമ്പോള്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്ക് പരാജയത്തിന്റെ മാത്രം ചരിത്രമാണുള്ളത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതിനു മെയ് വഴക്കത്തോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ദേശീയതലത്തില്‍ ശോഷിച്ചു. ഇപ്പോള്‍ പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കില്‍ എത്തുകയും ചെയ്തു. അപ്പോഴും ജനാധിപത്യത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ട പഴയ രഹസ്യരേഖയുടെ സ്വാധീനം ഇല്ലാതാക്കാന്‍ അവര്‍ക്കായിട്ടില്ല. ഏകപാര്‍ട്ടി സംവിധാനം തന്നെയാണ് അവരുടെ മനസ്സില്‍. നിലവിലെ ജനാധിപത്യ സംവിധാനത്തെ രാഷ്ട്രീയമായി അംഗീകരിക്കാതെ മെയ്‌വഴക്കത്തോടെയുള്ള ഇടപെടല്‍ സാധിക്കുകയില്ലല്ലോ.

എന്തുകൊണ്ട് കേരളം

കേരളത്തിന്റെ സാഹചര്യത്തില്‍ ഇതിനു മാറ്റമുണ്ട്. അതിനു ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. പണ്ടേ കോണ്‍ഗ്രസ്സിനുള്ളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഒരു ഇടതുചേരി ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നാണ് അതറിയപ്പെട്ടത്. ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യഗ്രഹം തുടങ്ങി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ എ.കെ ഗോപാലന്‍, പി കൃഷ്ണപിള്ള തുടങ്ങി ഈ വിഭാഗത്തില്‍ പെട്ടവര്‍ സജീവമായിരുന്നു. അവരന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ആയിരുന്നു. അതേ സമയം അഖിലേന്ത്യ തലത്തില്‍ നഗര കേന്ദ്രീകൃതമായി കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. അവര്‍ ട്രേഡ് യൂണിയന്‍ ആശയങ്ങളില്‍ സ്വാധീനിക്കപെട്ടു. ഇവിടെ 1939ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് കമ്മിറ്റി മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറുകയാണ് ചെയ്തത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന നേട്ടം അയ്യന്‍കാളി പ്രസ്ഥാനത്തിന്റേയും ശ്രീ നാരായണ പ്രസ്ഥാനത്തിന്റെയും മറ്റു സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ്. ബോംബെയിലും മദ്രാസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തേക്കാള്‍ ശക്തമായിരുന്നു. എന്നാല്‍ അവിടെ ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങളെ സ്വന്തം വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ മഹാത്മാ ഫൂലെയുടെ സത്യശോധക്ക് പ്രസ്ഥാനത്തെ ഇടതുപക്ഷം തള്ളിക്കളയുകയായിരുന്നു. അവിടെ ഗ്രാമാന്തരങ്ങളിലെല്ലാം ആ പ്രസ്ഥാനം ശക്തമായിരുന്നു. എന്നാലര്‍ സാമുദായിക സംഘടനയെണെന്നും വര്‍ഗസമരമല്ല അവരുടെ നയമെന്നും പറഞ്ഞായിരുന്നു പാര്‍ട്ടി ഈ നിലപാടെടുത്തത്. അതുകൊണ്ട് അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നഗരങ്ങളിലെ ട്രേഡ് യൂണിയന്‍ സമരങ്ങളില്‍ മാത്രമായി ഒതുങ്ങി. തമിഴ് നാട്ടിലും ഇതുതന്നെ സംഭവിച്ചു. അവിടെ ശക്തമായിരുന്ന ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റുകാര്‍ പുറം തിരിഞ്ഞു നിന്നു. കേരളത്തില്‍ പക്ഷെ ഇത്തരം സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളോട് അവര്‍ മുഖം തിരിഞ്ഞു നിന്നില്ല. അതിനാല്‍ തന്നെ ഇവിടെ ഇപ്പോഴും ഈഴവരും ദളിതുകളും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളാണ് ഇവരുടെ അടിത്തറ. ആ നിലപാട് ബോംബെയിലും മദ്രാസിലും സ്വീകരിച്ചിരുന്നു എങ്കില്‍ അവിടങ്ങളില്‍ പാര്‍ട്ടി തകരുകയില്ലായിരുന്നു.

ഇപ്പോള്‍ പലവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രശനങ്ങളെ അംഗീകരിക്കണം എന്ന് ഒഴുക്കന്‍ മട്ടില്‍ പാര്‍ട്ടി പറഞ്ഞു വക്കുന്നുണ്ടെങ്കിലും സ്വത്വ രാഷ്ട്രീയ സമൂഹങ്ങളുടേതായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് വര്‍ഗ സമരത്തെ ദുര്‍ബലപ്പെടുത്തും എന്നുമവര്‍ പറയുന്നു. അംബേദ്കര്‍ ആശയങ്ങളെ കേരളത്തില്‍ തടഞ്ഞത് അവരായിരുന്നു. ഇന്നിതാ ദളിത് വിഭാഗങ്ങള്‍ അംബേദകര്‍ രാഷ്ട്രീയമുയര്‍ത്തിപിടിച്ച് മുന്നോട്ടുവരുകയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളോടൊപ്പം കേരളത്തിലും ആ ധാര ശക്തമാകുമെന്നതില്‍ സംശയമില്ല.. പ്രതേകിച്ച് സവര്‍ണ ഹിന്ദുത്വത്തിന്റെ തേരോട്ടകാലത്ത്. എന്നാല്‍ അംബേദ്കറിനോടും സ്വത്വരാഷ്ട്രീയത്തോടും സൈദ്ധാന്തികമായി ഒരു നിലപാടെടുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല. ഈ വിഷയമായിരിക്കും വരും ദിവസങ്ങളില്‍ സജീവമാകുക. പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുക. ഒപ്പം ജനാധിപത്യത്തോടുള്ള സത്യസന്ധമായ സമീപനവും.

നക്‌സലൈറ്റ് പ്രസ്ഥാനം

1964ലെ പിളര്‍പ്പിന് ശേഷം സിപീഎം ചൈനീസ് വിപ്ലവ മോഡല്‍ പ്രവര്‍ത്തനമായിരിക്കും തുടരുക എന്നാണ് പൊതുവില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ 1967ലെ പൊതു തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതോടെ അതൊരു വിപ്ലവ പ്രസ്ഥാനമായി മാറാന്‍ പോകുന്നു എന്ന പ്രതീക്ഷ അസ്തമിച്ചു. അതോടെ സിപിഎം വിപ്ലവ പാര്‍ട്ടി അകാന്‍ പോകുന്നു എന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം ചെയ്യാന്‍ തുടങ്ങി. പശ്ചിമ ബംഗാളിലും പഞ്ചാബിലും പിന്നീട് ആന്ധ്രായിലുമാണ് അത് പ്രബലമായത്. അവര്‍ മാവോയിസ്റ്റ് ലൈനിലുള്ള ഒരു ജനകീയ പരിപാടിക്കായാണ് വാദിച്ചത്. ഈ ചിന്താഗതിക്കാര്‍ 1967 നവംബറില്‍ കല്‍ക്കട്ടയില്‍ യോഗം ചേരുകയും അഖിലേന്ത്യ കമ്മ്യൂണിസ്‌റ് വിപ്ലവകാരികളുടെ ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. അതില്‍ കേരളത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ളവര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് കുന്നിക്കല്‍ നാരായണനും, ഫിലിപ്പ് എം പ്രസാദുമാണ് ഉണ്ടായിരുന്നത്. ബംഗാളിലെ ഈ റിബല്‍ വിഭാഗമാണ് 1967ലെ മെയ് ജൂണ്‍ മാസങ്ങളില്‍ നക്‌സല്‍ ബാരി പ്രദേശത്തു കര്‍ഷക കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് വിപ്ലവ രാഷ്ട്രീയത്തിന്റെ പ്രായോഗിക തെളിയിച്ചത്. അന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവിടെ ഭരിക്കുകയാണ്. ജ്യോതിബസു ആയിരുന്നു ആഭ്യന്തര മന്ത്രി. പോലീസ്, കലാപകാരികള്‍ക്ക് എതിരായി വെടിവെപ്പ് നടത്തുകയും കുറച്ചു പേര്‍ മരിക്കുകയും ചെയ്തു, അതോടെ കലാപകാരികള്‍ ഒളിപ്പോര്‍ ഗറില്ലാ രീതിയിലേക്ക് ആക്രമണങ്ങള്‍ മാറ്റി. അതോടെ ആ മുന്നേറ്റം തീവ്രവാദ രാഷ്ട്രീയത്തിലേക്ക് മാറി. അതിന്റെ തുടര്‍ച്ചയായി 1969ല്‍ സിപിഐ.എം.എല്‍ എന്ന പാര്‍ട്ടി ഉണ്ടായി. അതായതു മാര്‍ക്‌സിസ്‌റ് ലെനിനിസ്റ്റ് നയങ്ങളില്‍ നില്‍ക്കുന്നവര്‍. നക്‌സല്‍ബാരി കലാപമാണ് ഇവര്‍ക്ക് നക്‌സലൈറ്റ് പ്രസ്ഥാനം എന്ന പേര്‍ ലഭിക്കാന്‍ കാരണമായത്. കേരളത്തിലും നക്‌സലൈറ്റുകള്‍ ചില ഉന്മൂലനങ്ങള്‍ നടത്തി. പിന്നീട്് പ്രസ്ഥാനം ശിഥിലീകരിക്കപ്പെട്ടു. എന്നിരുന്നാലും അടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതിലും അതില്‍ അക്രമിക്കപെട്ടവരിലും ഈ വിഭാഗത്തിന്റെ പങ്ക് വലുതായിരുന്നു. മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയെ മറികടന്നു അവര്‍ക്ക് വലിയൊരു സ്വീകാര്യത കേരളത്തിലും ബംഗാളിലും മറ്റും ലഭിച്ചു. സംഘടനാപരമായി വലിയ പിന്‍ബലം ഇല്ലെങ്കിലും മാധ്യമങ്ങളുടേയും മറ്റും പിന്‍ബലം ലഭിക്കുകയും അവര്‍ വലിയൊരു ശബ്ദമായി മാറുകയും ചെയ്തു. നക്‌സലൈറ്റ് വേട്ടയുടെ ഭാഗമായി രാജന്‍ കൊല്ലപ്പെടുകയും മൃതദേഹം പോലും കിട്ടാതാകുകയും ചെയ്തതിന്റെ പേരില്‍ അക്കാലത്തെ പോലീസ് മേധാവി ആയിരുന്ന ജയറാം പടിക്കലിനെതിരെ കോടതി നടപടിയും കരുണാകരനെതിരെ കോടതി പരാമര്‍ശവുമുണ്ടായി. തുടര്‍ന്ന് കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. അതെ കാലത്ത് ജനകീയ കോടതികള്‍ എന്ന രീതി ഉപയോഗിച്ചു ജനശത്രുക്കളെ ജനകീയ വിചാരണ ചെയ്യുന്ന ഒരു രീതി പാര്‍ട്ടി ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഴിമതിക്കാരനായ ഡോക്ടറെ ജനക്കൂട്ടത്തിനു മുന്നിലിട്ട് ജനകീയ വിചാരണ ചെയ്ത സംഭവം വലിയ ദേശീയ വാര്‍ത്ത വരെ ആയി. 1977 മുതല്‍ 80കള്‍ വരെയുള്ള കാലഘട്ടത്തില്‍ അവര്‍ ബംഗാളിലും കേരളത്തിലും ശക്തമായ ഒരു വിഭാഗമായി. പക്ഷെ പിന്നീട് അവരുടെ ശക്തി ക്ഷയിച്ചു. പല നക്‌സലൈറ്റ് വിഭാഗങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങി. അതേസമയം ബീഹാറിലും ആന്ധ്രായിലും മറ്റും വലിയ നക്‌സലൈറ്റ് സാന്നിധ്യമുണ്ടായിരുന്നു. പിന്നീടവരും ശോഷിച്ചു. ഇപ്പോള്‍ ഛത്തിസ്ഗഡിലും മറ്റു ചില സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് പാര്‍ട്ടികള്‍ നിലനില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് ചരിത്രത്തെ പറ്റി പറയുമ്പോള്‍ ഈ ധാരകളേയും പരാമര്‍ശിക്കണം.

(സംസാരിച്ച് തയ്യാറാക്കിയത് അരവിന്ദ് ഇന്‍ഡിജിനിയസ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

4 thoughts on “കമ്യൂണിസ്റ്റുകാരുടേത് പരാജിതരുടെ ചരിത്രം

 1. സമുദായ സംഘടന നേതാക്കൾക്ക് ഒരു സമുദായത്തിൽ വലിയ നിയന്ത്രണം ഉണ്ടാകാം. എന്നപോലെ സംഘടിത തൊഴിലാളികളിൽ പാർട്ടി യൂണിറ്റുകൾ ഉണ്ടാക്കാൻ മര്കസീനു , അല്ലെങ്കിൽ അയാളുടെ അനുയായികൾക്ക്, പ്രായോഗികമായി കഴിഞ്ഞു എന്നതാണ് മാർക്‌സ്ന് ലിബെർട്ടറിൻ സോശ്യലിസ്റ്റുകളിൽ നിന്നും ‘ജയം’ പ്രയോഗികമായി ഉണ്ടാക്കാൻ കഴിഞ്ഞത്. അതിന്നു വീണു കിടക്കുന്നു മണ്ണിൽ! ഇന്ത്യയിലും.

  മാർക്‌സ് പറഞ്ഞ ഒന്നും വിജയിച്ചില്ല. ലെനിനിലൂടെ അതു സാധിച്ചു എന്നു തൊഴിലാളികൾ മേനി പറഞ്ഞു, ലെനിനെയും സംഘടിത തൊഴിലാളി വർഗം hijack ചെയ്തു- പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ.

  സംഘടിത തൊഴിലാളി വർഗ പ്രസ്ഥാനവും, അവർ ആണ് ലോക ആസ്തി ഉണ്ടാകുന്നത്, അതുകൊണ്ടു അവരുടെ വർഗ ആധിപത്യം സ്ഥാപിക്കൽ ആണ് സോഷ്യലിസം എന്ന വ്യാജ തിയറി കാലഹരണം വന്നിരിക്കുന്നു. പുരോഗമനവാദത്തിന്റെ abc അറിയാത്തവർ ആയ വകീലും, അധ്യാപകനും, പെറ്റി- ബു.ജീവികളും അല്ല കമ്മ്യൂണിസ്റ്റ് എന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയും.

  മാർക്സിസ്റ്റു ചരിത്രം ഒരു farce ആണെന്ന് ലോകം പിടിക്കപ്പെടുവാൻ പോകുന്നു, വരും നാളിൽ. അതു സാമ്പത്തിക ന്യൂനീകരണം മാത്രം ആണ്. അതു ഒരു സെൻട്രൽ ബാങ്ക് ഉണ്ടാക്കി സ്റ്റേറ്റ് ക്യാപിറ്റലിസത്തിലേക്കു ലോകത്തെ എത്തിച്ചു സോഷ്യൽ ഫാസിസത്തിലേക്കു എത്തിക്കും. അതിലൂടെ ഉണ്ടാകുന്ന സോഷ്യലിസ്റ്റ് സ്റ്റേറ്റ് ഒരിക്കലും കൊഴിഞ്ഞു പോകില്ല. അതു പുതിയ ബുറോക്രട്ടീക് മുതലാളി വർഗത്തെ ഉണ്ടാക്കും, വേണമെങ്കിൽ ഉദാഹരണം ചീനപോലെ.
  ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ചരിത്രം കെ.വേണു വരച്ചിട്ടുണ്ട്. അതിൽ കൂടുതൽ പറയാൻ ഞാൻ യോഗ്യൻ അല്ല.

 2. ചാരുമജൂന്ദർ , കനുസന്യാൽ ,കൊണ്ടപ്പള്ളി എന്നിവരെപ്പോലെയുള്ളവരുടെ കാര്യത്തിൽ അതൊക്കെ ശരിയാണ് കേരളത്തിലെ ലുമ്പൻ കമ്മ്യൂണിസ്റ്റുകാർ സ്വന്തം കാര്യത്തിൽ പരാജിതരല്ല അവർ പല
  തലമുറയ്ക്കുള്ളതൊക്കെ സ്വരുക്കൂട്ടി കഴിഞ്ഞില്ലേ . അടുത്ത ഒരു പ്രളയത്തോടു കൂടി ഇനി ഈ ഫീൽഡ് വിട്ടാൽ സ്വസ്തമാകാം .

 3. ഇടത് പ്രസ്ഥാനങ്ങള്‍ ലോകത്താകമാനം ഒരു പരാജയമായിട്ട് തന്നെയാണ് ലോകം വിലയിരുത്തിയിട്ടുള്ളത്. അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം മുതലാളിത്ത, കോര്‍പ്പറേറ്റ് കുതന്ത്രങ്ങളെ അതി ജീവിക്കാനുള്ള പ്രായോഗിക തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നുള്ളതാണ്. കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാമെന്ന മുതലാളിത്ത മദ്രാവാക്യത്തിന് മുന്നില്‍ മുടന്തി നീങ്ങുന്ന കമ്മ്യൂണിസത്തെയാണ് നാം പലപ്പോഴും കണ്ടത്. ഇന്ത്യയിലാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാനുള്ള സര്‍വ്വ സാഹചര്യവും (ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ അങ്ങിനെ) ഉണ്ടായിട്ടും അത് പരാചയപ്പെട്ടത് പരമ്പരാഗത ഹിന്ദു വ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തത്തിന് മുന്നിലാണ്. ഏറ്റവും കൂടുതല്‍ കാര്‍ഷിക, ഫാക്ടറി തൊഴിലാളികളുള്ള ഇന്ത്യയുടെ ഹൃദയത്തില്‍ (മുഖ്യമായും ഹിന്ദി മേഖല) പോലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സ്ഥായിയായ വിജയമുണ്ടാക്കാനായില്ല. യൗവ്വനത്തില്‍ സാധിക്കാത്തത് ഇനി വാര്‍ധക്യത്തില്‍ ഇതൊക്കെ നേടാം എന്നത് വ്യാമോഹവും. വിപ്ലവം വര്‍ഗ്ഗ സമരം എന്നൊക്കെ പുലമ്പുന്ന ഒരു മാനസിക നില തെറ്റിയ ഒരു ദുര്‍ബലനായ ആദര്‍ശവാദിയായി പലപ്പോഴും ഇടത് പ്രസ്ഥാനങ്ങള്‍ കാഴ്ചയായിരുന്നു ഇതിന്റെയൊക്കെ ഫലം. . . മാത്രമല്ല, പലയിടത്തും വര്‍ഗ്ഗ സമരം മതിയാക്കിയ സഖാക്കള്‍ വര്‍ഗ്ഗീയ സമരവുമായി യോജിച്ച് ബാജാപാ യുടെ സഹയാത്രികരായി മാറുന്നത് കേരളത്തില്‍ പോലും കാണാനായി. . .

 4. ദേശീയ പ്രസ്ഥാനത്തിൽ നിന്നും ഗാന്ധിസത്തിൽ നിന്നും കമ്മ്യൂണിസത്തിനും ഹിന്ദുത്വ ശക്തികൾക്കും ഒരു പോലെ കിട്ടിയ  ചെകിട്ടത്തടിയാണ് ഇത്രയും കാലം അവരെ ഇന്ത്യൻ റഷീട്രീയ ഭൂമികയിൽ ഭിക്ഷാം ദേഹികളാക്കിയത് .കാലാന്തരത്തിൽ കോൺഗ്രസിൽ വന്ന ജീർണതകൾ ഹിന്ദുത്വ ശക്തികൾ വർഗീയ കാർഡിൽ മുതലാക്കി .കമ്മ്യൂണിസ്റുകാരാകട്ടെ വൈകിയുദിക്കുന്ന വിവേകം മൂലം ആഗോളവസ്ഥയിലെന്നപോലെ ഇവിടെയും ജഡാവസ്ഥയിൽ ആയി .

Leave a Reply