തെരുവുകളില്‍ വിദ്വേഷം വില്‍ക്കുന്ന ഹിന്ദുത്വ പോപ്

ഉപേന്ദ്ര റാണ, സന്ദീപ് ആചാര്യ, പ്രേംകിഷന്‍ വന്‍ഷി തുടങ്ങിയ സംഘപരിവാര്‍ പ്രീതിയാര്‍ജിച്ച പാട്ടുകാരാണ് ആള്‍ക്കൂട്ട വര്‍ഗ്ഗീയ ഉന്മാദത്തെ ആളിപ്പടര്‍ത്തുന്ന ഹിന്ദുത്വ ഭീകരഗാനങ്ങള്‍ പാടി പ്രചരിപ്പിക്കുന്നത്. ഹിന്ദുമത ഘോഷയാത്രകള്‍, രാമനവമി പോലെയുള്ള ഉത്സവ സന്ദര്‍ഭങ്ങള്‍ തുടങ്ങി സവര്‍ണ്ണ രാഷ്ട്രീയ യോഗങ്ങള്‍ വരെ എല്ലാ അവസരങ്ങളിലും ഈ വെറുപ്പിന്റെ ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ കൊണ്ട് യു പി തെരുവുകള്‍ പ്രകോപനത്തിന്റെ പോര്‍നിലങ്ങളാക്കുകയാണ്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ജനപ്രിയ പാട്ടുകളുടെ പ്രച്ഛന്നത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും തെരുവുകളില്‍ ഉന്മാദ ദേശീയതയുടേയും ന്യൂനപക്ഷ-മുസ്ലിം വിരുദ്ധതയുടെയും നടരാജ നൃത്തം ചവിട്ടിക്കുകയും ചെയ്യുന്ന ‘ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍’ ഉത്തര്‍പ്രദേശിലെ തെരുവുകളില്‍ നിന്ന് തുടങ്ങി രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. ഹൈന്ദവ വൈദിക പ്രത്യയശാസ്ത്ര മാലിന്യം നിറച്ച തലയോടുള്ളവരെ തിരഞ്ഞുപിടിച്ച് തീറ്റ കൊടുത്തു വളര്‍ത്തുകയാണ് യോഗി ആദിത്യനാഥിന്റെ ഭരണകൂടം. ‘Hindu pop songs’ spreading the ideology of hate are spreading across the country, starting from the streets of Uttar Pradesh.

ഉപേന്ദ്ര റാണ, സന്ദീപ് ആചാര്യ, പ്രേംകിഷന്‍ വന്‍ഷി തുടങ്ങിയ സംഘപരിവാര്‍ പ്രീതിയാര്‍ജിച്ച പാട്ടുകാരാണ് ആള്‍ക്കൂട്ട വര്‍ഗ്ഗീയ ഉന്മാദത്തെ ആളിപ്പടര്‍ത്തുന്ന ഹിന്ദുത്വ ഭീകരഗാനങ്ങള്‍ പാടി പ്രചരിപ്പിക്കുന്നത്. ഹിന്ദുമത ഘോഷയാത്രകള്‍, രാമനവമി പോലെയുള്ള ഉത്സവ സന്ദര്‍ഭങ്ങള്‍ തുടങ്ങി സവര്‍ണ്ണ രാഷ്ട്രീയ യോഗങ്ങള്‍ വരെ എല്ലാ അവസരങ്ങളിലും ഈ വെറുപ്പിന്റെ ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ കൊണ്ട് യു പി തെരുവുകള്‍ പ്രകോപനത്തിന്റെ പോര്‍നിലങ്ങളാക്കുകയാണ്.

‘മതത്തിനു വേണ്ടി ആയുധമെടുക്കൂ…’
(ധര്‍്മ കി ഖാതിര്‍ ആഗേ ബഡ്‌കേ അബ് ഹത്യാര്‍ ഉഠാവോ)

‘നിങ്ങള്‍ മനുഷ്യരല്ല, നിങ്ങള്‍ അറവുകാര്‍,
ഹിന്ദു – മുസ്ലിം സാഹോദര്യം മതിയാക്കുക’

(ഇന്‍സാന്‍ നഹി ഹൊ സാലൊ തും ഹൊ കസായി,
ബഹോത് ഹുവാ ഹിന്ദു മുസ്ലിം ഭായി ഭായി)

ആചാര്യയെ പോലുള്ള ഹിന്ദുത്വ പോപ്പ് ഗായകര്‍ പലപ്പോഴും ഒരു പടി മുന്നോട്ട് കടന്ന് കലാപാഹ്വാനം ചെയ്യുന്ന വരികള്‍ പോലും പാടുന്നു.

‘ഹിന്ദുക്കള്‍ അടക്കി വാഴാത്ത തെരുവുകളില്ല’
(ഐസീ കൊയീ ഗലീ നഹീ ജഹാം ഹിന്ദുവോം കീ ചലീ നഹീ)

ജനങ്ങള്‍ക്കിടയിലേക്ക് അവര്‍ കടത്തിവിടുന്നത് ഇത്തരം ശ്രുതിമധുരമല്ലാത്ത വളരെ അക്രമാത്മകമായ ദൃശ്യ – ഗാന ആവിഷ്‌കാരങ്ങളാണ്. വിഘടനയും, വംശവിച്ഛേദവും, ഹിംസയും അടങ്ങിയ ഈ വരികള്‍ സാമൂഹ മനസ്സില്‍ കൂട്ടക്കൊലകള്‍ക്കും കലാപാഹ്വാനങ്ങള്‍ക്കും തിരികൊളുത്തിവിടുന്നു. ഉന്മാദ ദേശീയതയുടെ നേര്‍ച്ചക്കാരായും മോദി – യോഗി ആരാധകരായും പ്രഖ്യാപിക്കുന്ന ഈ വേതാള ഗാന സംഘത്തിന്റെ യൂട്യൂബ് ചാനലിന് പതിനായിരക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2015 സെപ്റ്റംബറില്‍ ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാക്കിന്റെ ധാദ്രി എന്ന ഗ്രാമത്തില്‍ നിന്ന് വന്ന ഉപേന്ദ്ര റാണയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഈ പ്രകോപന ഭീകര സംഗീതത്തിന്റെ നടത്തിപ്പുകാരന്‍. ഹിന്ദുത്വം സംരക്ഷിക്കാന്‍ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗാനങ്ങളാണ് അയാള്‍ അവതരിപ്പിച്ചു വരുന്നത്. രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് ചിത്തവിഭ്രാന്തി സൃഷ്ടിക്കുന്ന റാണ എന്ന യോഗി ആദിത്യനാഥിന്റെ കടുത്ത ആരാധകന്റെ പ്രകോപനപരമായ, സംത്രാസം പരത്തുന്ന ആഭാസ ഗാനാവിഷ്‌കാരങ്ങള്‍.

മുന്‍പ് നാടോടിപ്പാട്ടുപാടി നടന്നിരുന്ന റാണ ധാദ്രിയിലെ ആള്‍ക്കൂട്ട തല്ലിക്കൊലക്ക് ശേഷമാണ് ‘ഞങ്ങളുടെയും’ ‘അവരുടെയും’ സന്ദേശങ്ങള്‍ വിളക്കിയെടുത്ത, മുസ്ലിം സമൂഹത്തെ ശാശ്വത ഭ്രഷ്ടരായി അവതരിപ്പിക്കുന്ന ഭേദസ്വരത്തിന്റെ ഭീകര ഗാനങ്ങളുടെ ഹിന്ദുത്വ വിപണി കണ്ടെത്തുന്നത്. 2019 വരെ രജപുത്ര- ക്ഷത്രിയ വിഭാഗത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് ഗാനങ്ങള്‍ വിളമ്പിയിരുന്ന ഇയാളുടെ ഇപ്പോഴത്തെ മാര്‍ഗ്ഗദര്‍ശി മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച യതി നരസിംഹാനന്ദയാണ്. അക്രമത്തിനും മുസ്ലിങ്ങളുടെ സാമൂഹിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പതിവ് ആഹ്വാനങ്ങളുള്ള യൂട്യൂബ് വിഷച്ചാനലില്‍ 4.78 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിങ്ങളുടെ സാമൂഹിക ബഹിഷ്‌കരണത്തിന് ആദ്യം ആഹ്വാനം ചെയ്ത നരസിംഹാനന്ദ, ഉപേന്ദ്ര റാണയുടെ മുഖ്യ മാര്‍ഗ്ഗദര്‍ശിയാകുന്നതില്‍ അത്ഭുതമേതുമില്ല. 2021-ല്‍ ടാപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ പ്രാദേശിക ക്ഷേത്ര പരിസരത്ത് പ്രവേശിച്ചതിന് കൗമാരക്കാരനായ ഒരു മുസ്ലീം ആണ്‍കുട്ടിയെ മര്‍ദ്ദിച്ചതും ഇവരുടെ പ്രദേശത്ത് ഉണ്ടായ സംഭവമാണ്.

‘ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണ്, മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോവുക’ (ഹിന്ദുവോം കാ ഹൈ ഹിന്ദുസ്ഥാന്‍, മുല്ലാ ജാവോ പാക്കിസ്ഥാന്‍) തുടങ്ങിയ ദേശവിരുദ്ധ, വര്‍ഗീയ വിഷഗാനങ്ങള്‍ അയാളെ സംഘികള്‍ക്കിടയില്‍ ജനപ്രിയനാക്കിയപ്പോള്‍ മുന്‍ ഹിന്ദി പിന്നണിഗായകനായിരുന്ന കിഷന്‍വന്‍ഷി ഹിന്ദുത്വ പോപ്പ് ഗാന രംഗത്ത് പൊടുന്നനെ പ്രശസ്തനായത് ‘കാവി പുതച്ച സിംഹങ്ങള്‍ ഞങ്ങള്‍’ (ഹമ് ശേര് ഹെ ഭഗവാധാരി) എന്ന പാട്ടിലൂടെയാണ്. ”മതേതരത്വമാണ് നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നം,” എന്നാണ് കിഷന്‍വന്‍ഷി പറയുന്നത്. പലപ്പോഴും തന്റെ ഗാനങ്ങള്‍ യോഗി ആദിത്യനാഥിന് സമര്‍പ്പിക്കുന്ന അയാള്‍, യോഗിയുടെ ജന്മദിനത്തില്‍ മേല്‍പ്പറഞ്ഞവയില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത വംശീയ വിദ്വേഷ ഗാനങ്ങള്‍ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ടത്രേ. ന്യൂനപക്ഷങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും, നേരിട്ട് വെല്ലുവിളിക്കുന്നതുമായ ‘അയോധ്യ ആരുടെയും അച്ഛന്റെ വകയല്ല’ (കിസീ കേ ബാപ് കാ നഹീം അയോധ്യ) എന്നിങ്ങനെയുള്ള വംശീയ തീക്കനല്‍ വാരിയെറിയുന്ന പാട്ടുകളാണ് ആചാര്യ പാടി നടക്കുന്നത്.

ഹിന്ദുത്വ പോപ്പ് ഗാനരംഗത്തെ സ്ത്രീ അട്ടഹാസമാണ് ലക്ഷ്മി ദുബെ. ഹിന്ദുത്വ പോപ്പിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഒരു പ്രാദേശിക ഹിന്ദി പത്രത്തില്‍ ജേണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച ലക്ഷ്മി ദുബെ.ള്‍, ഇപ്പോള്‍ ഹിന്ദു ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതായി അവകാശപ്പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്നു. കാവി വസ്ത്രം ധരിച്ച് അവര്‍ ആക്രമണോത്സുകമായി വരികള്‍ക്കൊപ്പിച്ച് ആടുകയും പാടുകയും ചെയ്യുന്നു. പശ്ചാത്തലത്തില്‍ വാള്‍, ബാറ്റണുകള്‍, തോക്കുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അവരുടെ അവതരണങ്ങള്‍. ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ക്ക് വംശീയ വിച്ഛേദം സാധ്യമാകുമെങ്കില്‍ ദുബെയ്ക്ക് അപരിഹാര്യമായ വംശീയ വിള്ളല്‍ സൃഷ്ടിക്കാന്‍ കഴിയും. അവരുടെ ചാനലിന് 3.59 ലക്ഷം വരിക്കാരുണ്ടത്രേ.

‘ഇന്ത്യ: സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ് ‘ എന്ന തലക്കെട്ടില്‍ ഒരു ജര്‍മ്മന്‍ മാധ്യമം ഇന്ത്യയില്‍ നടക്കുന്ന ഹിന്ദുത്വ പോപ്പ് ഗാനങ്ങളുടെ വിദ്വേഷ പ്രചരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ഖര്‍ഗോണില്‍ നടന്ന കലാപത്തില്‍, മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പ് വിദ്വേഷം വിതറുന്ന ഹിന്ദി ഗാനങ്ങള്‍ രാമനവമി ഘോഷയാത്രയില്‍ പ്ലേ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും രാസത്വരകമായി ഹിന്ദുത്വ പോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. 65 ദശലക്ഷത്തിലധികം തവണ വീക്ഷിക്കപ്പെട്ട ഹര്‍ ഘര്‍ ഭഗവാ ചായേഗാ (ഓരോ വീടും കാവി നിറമാക്കും) പോലെയുള്ള അവരുടെ ഗാനങ്ങള്‍ ഇന്ത്യയില്‍ ഹിന്ദു ഭരണത്തെ വ്യക്തമായി ആഹ്വാനം ചെയ്യുന്നു. ‘ഹിന്ദു സിംഹങ്ങള്‍ക്ക് മുന്നില്‍ ശത്രു തകരും… ഇന്ത്യ ഹിന്ദുക്കളുടേതായിരിക്കും’ എന്നും പാടുന്നു.

യാഥാസ്ഥിതിക ഹിന്ദു ദേശീയതയുടെ കേന്ദ്രമായ ‘കൗ ബെല്‍റ്റ്’ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ വിശാലമായ വടക്കന്‍ പ്രദേശങ്ങളില്‍, ഹിന്ദുത്വ പോപ്പിന് ഓണ്‍ലൈനിലും ഓഫ്ലൈനിലും വലിയ ഡിമാന്‍ഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2019ല്‍ ആണ് ജനത മ്യൂസിക് ആന്‍ഡ് പിക്‌ചേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാത്തവരെ അവരുടെ ശവക്കുഴികളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുന്ന ‘ജോ ന ബോലെ ജയ് ശ്രീ റാം, ഭേജ് ദോ ഉസ്‌കോ കബറിസ്ഥാന്‍’ എന്ന് പേരിട്ട ഗാനം വന്നത്.

ഹിന്ദുത്വം സംഗീതത്തില്‍ പ്രവേശിച്ചു എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? ഒരു പുതിയ സംവേദനക്ഷമത സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വെറുപ്പ് വികസിപ്പിക്കുവാനും അവര്‍ സംഗീതത്തെ വിന്യസിക്കുമെന്നാണ് ഇതിനര്‍ത്ഥം. വര്‍ഗീയ ട്രാക്കുകള്‍, ലിംഗവിവേചന ട്രാക്കുകള്‍, ജാതീയ ട്രാക്കുകള്‍, വംശീയ ട്രാക്കുകള്‍ എല്ലാം ഉപയോഗിച്ച് ആക്രമണത്തിനുള്ള സംഗീതത്തിന് അവര്‍ ശ്രുതിയിട്ട് തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വ സംഗീതത്തിന് ന്യൂനപക്ഷത്തെ നിശബ്ദരാക്കാനും വെറുപ്പ് പടര്‍ത്തി വിടാനും കഴിയുമെന്ന് ഹിന്ദുത്വം തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘Disc Jockey Hindutva’ എന്നു വിളിക്കാവുന്ന വിഷലിപ്തമായ ഹിന്ദുത്വ ഡിജെ ഗാന നൃത്തങ്ങളും ഹിന്ദു ഉത്സവങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫാസിസ്റ്റ് പ്രചരണത്തിന് സംഗീതത്തിന്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആളാണ് ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ് ഗീബെല്‍സ്. ‘സംഗീതം ബുദ്ധിയെക്കാള്‍ ഹൃദയത്തെയും വികാരങ്ങളെയും ബാധിക്കുന്നു,’ എന്നയാള്‍ പറയുന്നുണ്ട്. ഹിന്ദുത്വം ആ മാതൃക ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. മാര്‍ച്ചിംഗ് ബാന്‍ഡ്, ഘോഷയാത്ര സംഗീതം, വര്‍ഗീയ മുദ്രാവാക്യം, ജയ് ശ്രീറാം എന്ന ആവര്‍ത്തിച്ചുള്ള അട്ടഹാസം – ഹിറ്റ്‌ലര്‍കാലത്തെ ഓര്‍മിപ്പിക്കുന്ന സമാനതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഫാസിസത്തിന്റെ ഇരയും സാമൂഹ്യ സൈദ്ധാന്തികനുമായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ 1935-ല്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ ‘ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സൗന്ദര്യവല്‍ക്കരണം’ ആയി അദ്ദേഹം നിരീക്ഷിക്കുന്നു. അതില്‍ ഫാസിസം ഈ ജനവിഭാഗങ്ങള്‍ക്ക് അവരുടെ അവകാശമല്ല, മറിച്ച് സ്വയം പ്രകടിപ്പിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഫാസിസം എങ്ങനെയാണ് ജനങ്ങളെ മുട്ടുകുത്താന്‍ പ്രേരിപ്പിക്കുന്നതെന്നും, മാത്രമല്ല അവര്‍ക്ക് ആഘോഷിക്കാന്‍ ആചാരപരമായ മൂല്യങ്ങള്‍ നല്‍കുന്നതെങ്ങനെയെന്നും അദ്ദേഹം എഴുതുന്നുണ്ട്. മഹാമാരിയുടെ കാലത്ത് പുഴുസമാനമായി ഇഴഞ്ഞു നീങ്ങിയ പാവപ്പെട്ടവരും, കുടിയേറ്റ തൊഴിലാളികളും, ഡിജെകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് ഈ കീഴടക്കലിന്റെ പ്രതിഫലനമാണ്.

നിയമനടപടികളെ കുറിച്ചുള്ള ഒരു ഭയവും മടിയും കൂടാതെ വെറുപ്പിന്റെയും, ഹിംസയുടെയും വചനങ്ങള്‍ ഉപയോഗിച്ച് സംഗീതത്തിലൂടെ വിദ്വേഷം വില്‍ക്കുന്നവരോട് സര്‍ക്കാരിന്റെ നിശബ്ദത സൂചിപ്പിക്കുന്നത് ഈ ഭയജനകമായ ഉന്മാദത്തിന്റെ ഉറവിടം ഫാസിസ്റ്റ് ഭരണകൂടം തന്നെയാണ് എന്നാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തെരുവുകളില്‍ വിദ്വേഷം വില്‍ക്കുന്ന ഹിന്ദുത്വ പോപ്

  1. ഞെട്ടിക്കുന്നതാണ് ഈ വാര്‍ത്ത, കരുതല്‍ ആവശ്യവും

Leave a Reply