ജര്‍മ്മന്‍, ഇറ്റാലിയന്‍ ഫാസിസത്തേക്കാള്‍ അപകടകരമാണ് ഹൈന്ദവ ഫാസിസം

ഹിന്ദുത്വ ഫാസിസം ഒരു തരം സൂപ്പര്‍ ഫ്‌ളൂയിഡിക് ഫാസിസം ആണ് . ഭരണകൂട അധികാരമില്ലാതെ തന്നെ നമ്മുടെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഘര്‍ഷണമില്ലാതെ അതിന് പരക്കാന്‍ കഴിയും .സൂപ്പര്‍ ഫ്‌ളൂയിഡിക് ആയ സവര്‍ണ ഹിന്ദു ഫാസിസത്തിന് ഭരണകൂടത്തിന്റെ മൂര്‍ത്തരൂപമായ പാര്‍ലമെന്റിലെ ആധിപത്യമില്ലാതെ തന്നെ സക്രിയമാകാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഒന്നാണ്. പാര്‍ലമെന്റില്‍ അതിന് കിട്ടുന്ന ആധിപത്യം തീര്‍ച്ചയായും ഭരണകൂട സംവിധാനങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്നു എന്ന് മാത്രം .

സി.പി.എം -ന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ സംബന്ധിയ്ക്കുന്ന ഒരു പ്രസ്താവന എം.എ ബേബിയില്‍ നിന്നുണ്ടാകുന്നത് .നിലവില്‍ അത് ഫാസിസ്റ്റല്ലാ എന്നാണ് ബേബി പറയുന്നത് .2016 സെപ്റ്റംബര്‍ മാസം ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ ഹിന്ദുത്വ ഫാസിസത്തെ സംബന്ധിച്ച് ഇതേ കാഴ്ചപ്പാടോടെ ഒരു ലേഖനം പ്രകാശ് കാരാട്ടും എഴുതിയിരുന്നു . ബേബിയും ,കാരാട്ടും പുലര്‍ത്തുന്ന ഈ സമാന വീക്ഷണം പാര്‍ലമെന്ററി ഇടതിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തിന്റെ പ്രത്യക്ഷ തെളിവായേ കാണാനാവൂ .

ഫാസിസം അടിസ്ഥാനപരമായി പട്ടാള ചിട്ടകളുള്ള ഒരു തീവ്രവാദ സംഘടനയോ അവര്‍ നടത്തുന്ന ഭരണക്രമമോ മാത്രമല്ല . അഴത്തില്‍ സാമൂഹിക വേരുകളുള്ള ഒരു ബഹുജന പ്രസ്ഥാനമാണ് ഫാസിസം . അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനെതിരായ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ .ലിബറല്‍ ബുദ്ധിജീവികളെയും ചില മത ന്യൂനപക്ഷങ്ങളെയും എതിര്‍ ചേരിയില്‍ നിര്‍ത്തുന്ന ഒരു രാഷ്ട്രീയ യുക്തിയായി മാത്രമേ കാരാട്ടിനെ പോലെയുള്ള പാര്‍ട്ടി കമ്യൂണിസ്റ്റുകള്‍ക്ക് ഹിന്ദുത്വയെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ .

ഫാസിസം ഭരണകൂട അധികാരത്തെ കേന്ദ്രീകരിയ്ക്കുന്ന സ്ഥൂല രാഷ്ട്രീയ വ്യവഹാരം മാത്രമല്ല .അത് സാമൂഹിക കോശങ്ങളില്‍ സക്രിയമായി പ്രവര്‍ത്തിയ്ക്കുന്ന സൂഷ്മ രാഷ്ട്രീയവുമാണ് .ഫാസിസം പൗരസമൂഹത്തിന്റെ കോശങ്ങളില്‍ ആശയപരമായി ഇടപെട്ട് സൂഷ്മരാഷ്ട്രീയമായും ,ഭരണകൂട രൂപം പൂണ്ട് സ്ഥൂലരാഷ്ട്രീയമായും പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് .Fascism is often mistakenly associated with totalitorian power.

ഫാസിസത്തെ സംബന്ധിക്കുന്ന പൊതുബോധം രൂപം കൊണ്ടിരിയ്ക്കുന്നത് അഥവാ ഫാസിസത്തെ സംബന്ധിയ്ക്കുന്ന സ്ഥൂല രാഷ്ട്രീയ യുക്തി പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ ഫാസിസത്തെ മാനദണ്ഡമാക്കി കൊണ്ടാണ് . യൂറോപ്യന്‍ ഫാസിസം ( historical fascism) ജര്‍മ്മനിയിലും ഇറ്റലിയിലും ഭരണകൂട ശക്തിയായി പ്രവര്‍ത്തിച്ച സ്ഥൂല രാഷ്ട്രീയമായിരുന്നു . അല്‍ത്തൂസര്‍ പറഞ്ഞ ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികളില്‍ കൂടിയാണ് യൂറോപ്യന്‍ ഫാസിസം പ്രവര്‍ത്തിച്ചത് . ഹിറ്റ്‌ലറിനെയും ,മുസോളിനിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ യൂറോപ്യന്‍ ഫാസിസം ഏതാണ്ട് തകര്‍ന്നടിഞ്ഞു . എന്നാല്‍ ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസം ഭരണകൂട അധികാരത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഒന്നല്ല. മോഡിയെ, യോഗിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി കൊണ്ടോ, ബി ജെ.പിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കൊണ്ടോ മാത്രം ഹിന്ദുത്വഫാസിസത്തെ തകര്‍ക്കാനാവില്ല .ഹിന്ദുത്വ ഫാസിസത്തിന്റെ യുക്തി കേന്ദ്രീകരിച്ചരിയ്ക്കുന്നത് ഭരണകൂട അധികാരഘടനയ്ക്ക് പുറത്ത് സാമൂഹിക ജീവിതത്തിന്റെ സുക്ഷ്മ കോശങ്ങളിലാണ് .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ ഒരു നൂറ്റാണ്ടായി പൗരസമൂഹത്തില്‍ ആശയപരമായി ഇടപെട്ട്, സുഷ്മവും സ്ഥൂലവുമായ രാഷ്ട്രീയ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ കൂടി പടര്‍ന്ന് വളര്‍ന്ന ഹിന്ദുത്വ ഫാസിസം വാസ്തവത്തില്‍ ഭരണകൂടം എന്നതിനേക്കാള്‍ ഭരണകൂടത്തെ ചൂഴ്ന്ന് നില്‍ക്കുന്ന സോഷ്യല്‍ അണ്‍ കോണ്‍ഷ്യസ് ആണ് . അത് കൊണ്ട് തന്നെ ബി.ജെ.പി അധികാരത്തിലില്ലെങ്കില്‍ കൂടിയും ഹിന്ദുത്വ പ്രോജക്ടുകള്‍ ഇവിടെ സാധൂകരിയ്ക്കപ്പെടും. ഹിന്ദുത്വ ഫാസിസം ഒരു തരം സൂപ്പര്‍ ഫ്‌ളൂയിഡിക് ഫാസിസം ആണ് . ഭരണകൂട അധികാരമില്ലാതെ തന്നെ നമ്മുടെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഘര്‍ഷണമില്ലാതെ അതിന് പരക്കാന്‍ കഴിയും .

സൂപ്പര്‍ ഫ്‌ളൂയിഡിക് ആയ സവര്‍ണ ഹിന്ദു ഫാസിസത്തിന് ഭരണകൂടത്തിന്റെ മൂര്‍ത്ത രൂപമായ പാര്‍ലമെന്റിലെ ആധിപത്യമില്ലാതെ തന്നെ സക്രിയമാകാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഒന്നാണ് . പാര്‍ലമെന്റില്‍ അതിന് കിട്ടുന്ന ആധിപത്യം തീര്‍ച്ചയായും ഭരണകൂട സംവിധാനങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്നു എന്ന് മാത്രം . കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് പാര്‍ലമെന്ററി അധികാരമില്ലാതെ തന്നെ ഹിന്ദുത്വ ഫാസിസം നമ്മുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെ മാത്രമല്ല , എക്‌സിക്യൂട്ടീവിനെയും ,ജുഡീഷ്യറിയെയും വരെ ഒരളവോളം വര്‍ഗീയവല്‍ക്കരിച്ചു.ഹിന്ദുത്വ ന്യായ വിധികള്‍ തന്നെ ഉണ്ടാകുന്നു ( Ref: (Cossman and Kapur- The Supreme Court hindutva judgements).

ഭരണകൂട ശക്തിയായി, സമഗ്രാധിപത്യമായി ചുരുങ്ങിയ കാലം നിലകൊണ്ട ജര്‍മ്മന്‍, ഇറ്റാലിയന്‍ ഫാസിസത്തേക്കാള്‍ അത്യപകടകരമായ ഒന്നാണ് ഹൈന്ദവ ഫാസിസം . നിമിഷ നേരം കൊണ്ട് കൂട്ടക്കൊലകള്‍ സാധ്യമാക്കുന്ന ഗ്യാസ് ചേമ്പറുകള്‍ക്ക് പകരം, ഒരു വംശഹത്യയെ ഉദാസീനമായി ആസ്വദിയ്ക്കാനും ലെജിറ്റിമൈസ് ചെയ്യാനും തയ്യാറാറുള്ള ഒരു സോഷ്യല്‍ കോണ്‍ഷ്യസിനെ ഇതിനോടകം വാര്‍ത്തെടുത്ത ഐഡിയോളജിയ്ക്കല്‍ ഗ്യാസ് ചേമ്പറുകളിലാണ് ഹിന്ദുത്വ ഫാസിസം അതിന്റെ അടിത്തറ പണിതിരിയ്ക്കുന്നത് . നിരുപദ്രവകരമയ നീണ്ടു വളര്‍ന്ന ഒരു താടിയില്‍ ,തലയില്‍ തിരുകിയ തൊപ്പിയില്‍ ,ഒരു ഹിജാബില്‍ ഒക്കെ നാം നിര്‍ണയനം നടത്തി കൊണ്ടിരിയ്ക്കുന്നു .ഇത്തരം വര്‍ഗീയ നിര്‍ണയനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത് സൂഷ്മ സാമൂഹിക വ്യവഹാരങ്ങളില്‍ കൂടി പ്രവര്‍ത്തിയ്ക്കുന്ന സാമൂഹിക അബോധമാണ് . മുസ്ലീങ്ങള്‍ ജന്മനാ തന്നെ അപരിഹാര്യമായ വൈകൃതങ്ങളുടെ ഉറവിടമാണെന്ന കൃത്രിമ ബോധം നിര്‍മ്മിച്ച് കൊണ്ടാണ് ഹിന്ദുത്വ ഫാസിസം സാമൂഹിക സാധുത നേടുന്നത് ഭരണകൂടത്തെ മാത്രമല്ല ,സകല സാമൂഹിക ,സാംസ്‌കാരിക രാഷ്ട്രീയ വ്യവഹാരങ്ങളെയും പൊതിഞ്ഞിരിക്കുന്ന സൂപ്പര്‍ ഫ്‌ളൂയിഡാണ് ഹിന്ദുത്വ .

What we are witnessing here is boiling frog syndrome. തിളച്ച വെള്ളത്തിലേക്ക് തവളയെ ഇട്ടാല്‍ അത് ചാടി രക്ഷപ്പെടും. എന്നാല്‍ തവളയെ ഇളം ചൂട് വെള്ളത്തിലിട്ടാല്‍ അത് ചാടില്ല . ഇളം ചൂട് വെള്ളത്തിലിട്ട് പതിയെ ചൂട് കൂട്ടാം . തവള ചാടില്ല . പകരം അത് പതിയെ ഉയരുന്ന താപനിലയുമായി സമന്വയിയ്ക്കാന്‍, താദാത്മ്യ പ്പെടാന്‍ ശ്രമിയ്ക്കുകയും ഒടുക്കം ചൂട് കൂടി വെട്ടിതിളച്ച വെള്ളത്തില്‍ വെന്ത് ചാവുകയും ചെയ്യും .ഇളം ചൂടുള്ള ഹിന്ദുത്വ വെള്ളത്തില്‍ ആണ് നമ്മുടെ ഭരണകൂടവും അനുബന്ധ വ്യവഹാരങ്ങളും തവളയെ പോലെ നിലകൊള്ളുന്നത് . പതിയെ തിളയ്ക്കുന്ന ഹിന്ദുത്വ വെള്ളത്തിനോട് അത് സാവധാനം സമന്വയത്തിലെത്തുന്നു .ഗാന്ധി വധത്തെ തുടര്‍ന്ന് മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ട ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്ന് ഗോഡ്‌സേയെ ആനയിച്ച് കൊണ്ട് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നു .

തവളയെ ഇട്ട് പതിയെ തിളപ്പിയ്ക്കുന്ന ഈ വെളളത്തെ കൃത്യമായി തിരിച്ചറിയുക എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്ര ദൗത്യം . നിര്‍ഭാഗ്യവശാല്‍ അവര്‍ക്കതിന് കഴിയുന്നില്ല . ഈ പ്രത്യയ ശാസ്ത്ര പാപ്പരത്തത്തില്‍ നിന്നാണ് ബേബിയ്ക്കും ,കാരാട്ടിനുമൊക്കെ ഹിന്ദുത്വയെ പറ്റി സന്ദേഹങ്ങളുണ്ടാകുന്നത് .ഫാസിസം ഇവിടെ വന്നിട്ടില്ല ,ഫാസിസ്റ്റ് പ്രവണതയേ ഉള്ളൂ എന്നൊക്കെയുള്ള അസംബന്ധ ധാരണകളാണ് ബേബിയും കാരാട്ടുമൊക്കെ പുലര്‍ത്തുന്നത് . ഹിന്ദുത്വയുടെ തിളയ്ക്കുന്ന വെള്ളത്തില്‍ ചെകിള വീര്‍പ്പിച്ച് പൊരുത്തപ്പെടുന്ന പ്രത്യയശാസ്ത്ര ഉദാസീനത .ആശയ പാപ്പരത്തം . എന്നാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് ആ നിലപാട് തിരസ്‌കരിച്ചതായാണ് മനസിലാക്കാന്‍ കഴിയുന്നത് .

ഹിന്ദുത്വ ഫാസിസത്തിന് എതിരായി രണ്ട് തരത്തിലുള്ള പ്രതിരോധ നിര കെട്ടിപ്പടുക്കേണ്ടതുണ്ട് . സൂഷ്മ സാമൂഹിക സാംസ്‌കാരിക വ്യവഹാരങ്ങളില്‍ കൂടി പ്രത്യയശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് നമ്മുടെ സാമൂഹിക അബോധത്തെ സ്വാധീനിയ്ക്കുന്ന ഹിന്ദുത്വ ഐഡിയോളജിയെ പുരോഗമനാശയങ്ങള്‍ കൊണ്ട് നേരിടുക . അതിന് മാര്‍ക്‌സിസ്റ്റ് അംബേദ്ക്കറിസ്റ്റ് ആശയങ്ങളെ ഭൗതിക ശക്തിയാക്കി മാറ്റേണ്ടതുണ്ട് .അതേ സമയം തന്നെ ഭരണകൂട ശക്തിയായി മൂര്‍ത്തരൂപം പ്രാപിച്ച ഹിന്ദുത്വ ഫാസിസത്തെ പാര്‍ലമെന്ററി തലത്തില്‍ പരാജയപ്പെടുത്തുക .ഇങ്ങനെ രണ്ട് തരത്തിലുള്ള സമരങ്ങളാണ് ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരേ സമയം നടത്തേണ്ടത് .

സൂഷ്മ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന നിലയില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ നടത്തുന്ന പ്രത്യയശാസ്ത്ര സമരത്തിന് നേതൃത്യം കൊടുക്കുക വഴി ഇടത് പക്ഷം സ്വയം നവീകരിയ്ക്കപ്പെടുക കൂടി ചെയ്യും . സൂപ്പര്‍ ഫ്‌ലൂയിഡിക് ആയ ഹിന്ദുത്വ ഫാസിസത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്തും സൂഷ്മ കോശങ്ങള്‍ ഉണ്ട് . ഫാസിസത്തെ സൂഷ്മ രൂപത്തില്‍ നേരിടാനുള്ള സമരത്തില്‍ തങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഫാസിസത്തെ മാത്രമല്ല , തങ്ങള്‍ക്കുള്ളില്‍ കുടിയിരിയ്ക്കുന്ന ഫാസിസത്തെയും അതിന് പുറം തള്ളേണ്ടിവരും . പാര്‍ട്ടിയെ ഗ്രസിച്ചിരിയ്ക്കുന്ന ഫ്യൂഡല്‍ ബ്യൂറോക്രസിയെയും ഈ സൂഷ്മ രാഷ്ട്രീയ സമരത്തില്‍ അതിന് പുറം തള്ളാന്‍ കഴിയും . സൂഷ്മ രാഷ്ട്രീയം എന്ന നിലയില്‍ ഫാസിസത്തിനെതിരെ നടത്തുന്ന സമരം തികഞ്ഞ പ്രത്യയശാസ്ത്ര ബോധം കൊണ്ടേ സാധ്യമാകൂ .അധീശ സ്വത്വത്തിനെതിരായ ഈ രാഷ്ട്രീയ ബോധ്യം പാര്‍ട്ടി ബ്യൂറോക്രസിയെയും ദുര്‍ബലമാക്കും . ഫാസിസം സമഗ്രാധിപത്യ ശക്തിയായി ഭരണകൂട രൂപത്തിലും , അപര വിദ്വേഷം കൊണ്ട് സമ്പുഷ്ടമായ സാമൂഹിക ഭാവനകളിലും ,എന്തിനേറെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിയിലെ സൂഷ്മാണുവായും, ആണധികാര കുടുംബ ഘടനയിലൂടെ വ്യക്തികള്‍ക്കുള്ളിലും പീലി നിവര്‍ത്തുന്നു .ഫാസിസ്റ്റ് വിരുദ്ധ സുഷ്മ രാഷ്ട്രീയ യുദ്ധത്തില്‍ ഇതിനെയൊക്കെ നാം ചോദ്യം ചെയ്യേണ്ടി വരും .

പാര്‍ലമെന്ററി തലത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റുക എന്നതാണ് ഫാസിസത്തിനെതിരായ സ്ഥൂല രാഷ്ട്രീയ ലക്ഷ്യം . നിര്‍ഭാഗ്യവശാല്‍ CPM ന്റെ ഈ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വെച്ച രാഷ്ട്രീയ രേഖ അതിന് പര്യാപ്തമായ ഒന്നല്ല . മൃദു ഹിന്ദുത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ സംഘ പരിവാറുമായി സമീകരിയ്ക്കുക വഴി സി.പി.എം സ്വീകരിയ്ക്കുന്നത് വളരെ അപകടകരമായ നിലപാടാണ് . ഫാസിസത്തിനെതിരെ പടുത്തുയര്‍ത്തേണ്ട പാര്‍ലമെന്ററി രാഷ്ട്രീയ മുന്നണിയില്‍ ഉള്ളവരെല്ലാം മതേതരത്വത്തോട് കറതീര്‍ന്ന പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരും ,നിയോലിബറല്‍ സാമ്പത്തിക യുക്തിയെ നിരാകരിക്കുന്നവരും ആകണമെന്ന സൈദ്ധാന്തിക ദുശാഠ്യം ഗുണകരമായ ഒന്നല്ല . സവര്‍ണ ഹിന്ദുത്വ ഫാസിസം നമ്മള്‍ നേരിടുന്ന ദേശിയ വെല്ലുവിളിയാണ് . അതിനെതിരെ ദേശീയ ഐക്യം ഉണ്ടാക്കേണ്ടതുണ്ട് . പ്രയോജനകരമല്ലാത്ത ഫെഡറല്‍ സമീപനം ആണ് ഇവിടെ CPM സ്വീകരിച്ചത്.

മൃദു ഹിന്ദുത്വത്തിന്റെയും ,സാമ്പത്തിക നയങ്ങളുടെയും പേരില്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി സമീകരിയ്ക്കുന്ന CPM നിലപാട് നിഷേധാത്മകവും അപകടകരവുമാണ് .ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ഇത്തരം നിഷേധാത്മക നിലപാടാണ് ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയത് . ഇവിടെയും അതാവര്‍ത്തിയ്ക്കുന്നു . ജ്യോതി ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍, ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിക്കാതിരുന്നുവെങ്കില്‍, UPA സര്‍ക്കാരില്‍ ഇടത് പക്ഷം ചേര്‍ന്നിരിന്നുവെങ്കില്‍ തീര്‍ച്ചയായും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇടത് പക്ഷം മുന്നോട്ട് വെക്കുന്ന ബദലുകളെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പാര്‍ട്ടിയ്ക്ക് കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനും കഴിയുമായിരുന്നു .RSS ന്റെ ഫാസിസ്റ്റ് സ്വഭാവത്തെ കൃത്യമായി നിര്‍ണയിക്കാന്‍ ഇടത് രാഷ്ട്രീയത്തിന് കഴിഞ്ഞിരുന്നില്ല .അങ്ങനെ കഴിഞ്ഞിരുന്നുവെങ്കില്‍ സൈദ്ധാന്തിക ദുശാഠ്യത്തെ വെടിഞ്ഞ് കോണ്‍ഗ്രസടക്കമുള്ള ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടിക ളുമായി ദേശീയ ഐക്യ നിര കെട്ടിപ്പടുക്കാന്‍ മുഖ്യധാരാ ഇടത് തയ്യാറായേനെ . നാസികളെ പ്രതിരോധിക്കാന്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടുത്തെ സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കണമെന്ന് ട്രോട്‌സ്‌കി നിര്‍ദ്ദേശിച്ചിരുന്നു . ഈ നിര്‍ദ്ദേശം ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി . ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നെങ്കില്‍ ജര്‍മനിയുടെ മാത്രമല്ല ലോകത്തിന്റെയും ചരിത്രം മറ്റൊന്നായേനെ .

ഫാസിസത്തെ തടയുന്നതില്‍ ഇറ്റാലിയന്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംഭവിച്ച അതേ പിഴവ് ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളും ആവര്‍ത്തിയ്ക്കുകയാണ് . ഈ പിഴവിന്റെ മുറ്റത്ത് നിന്നാണ് ബൃന്ദാ കാരാട്ടിന് ജാഹാംഗിര്‍ പുരയിലെ ഫാസിസ്റ്റ് ബുള്‍ഡോസറിന്റെ മുന്നിലേക്ക് നടക്കേണ്ടി വരുന്നത് . തെരുവിലെ ബൃന്ദയുടെ ഈ പ്രതിരോധം ഒരു ഭൗതിക ശക്തിയായി വളരട്ടെ .. പക്ഷെ ഈ പാര്‍ട്ടി കോണ്‍ഗ്രസ് പുറത്ത് കൊണ്ട് വരുന്നത് സി.പി.എം ന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം ആണ് . സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുന്നതില്‍ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും പരാജയപ്പെടുകയാണ് . ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെ ലളിതമായി രേഖപ്പെടുത്താന്‍ കഴിയുക അതിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം കൊണ്ടാണ് . കല്‍ക്കട്ടാ തിസീസ് വരുന്നത് ഈ പാപ്പരത്തത്തില്‍ നിന്നാണ് . ജ്യോതി ബസു പ്രധാനമന്ത്രിയാകേണ്ടതില്ല എന്ന തീരുമാനം മറ്റൊരു പ്രത്യയശാസ്ത്ര പാപ്പരത്തം ആയിരുന്നു . ആണവ കരാറിന്റെ പേരില്‍ UPA യ്ക്ക് പിന്തുണ പിന്‍വലിച്ചതും, UPA സര്‍ക്കാരില്‍ പങ്ക് ചേരാതിരുന്നതും ഇതേ പാപ്പരത്തം കൊണ്ടാണ് . 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ രേഖയിലും ഈ പാപ്പരത്തം തെളിഞ്ഞ് കാണാം . ഇരുപത് ശതമാനം വോട്ടുള്ള രാജ്യമെമ്പാടും വേരുള്ള കോണ്‍ഗ്രസിനെ മൃദുഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാറുമായി സമീകരിച്ച് മാറ്റി നിര്‍ത്തി കൊണ്ട് നിലവിലെ സാഹചര്യത്തില്‍ തീവ്ര ഹിന്ദുത്വ ഫാസിസത്തെ പാര്‍ലമെന്ററി അധികാരത്തില്‍ നിന്ന് ഒഴിവാക്കുക സാധ്യമല്ല .

അമിത രാഷ്ട്രീയ യാഥാര്‍ത്ഥ്യ ബോധത്തെ ഗ്രാംഷി വിമര്‍ശിക്കുന്നുണ്ട് . നിലവിലുള്ള രാഷ്ട്രീയ യാതാര്‍ഥ്യത്തെ മനസിലാക്കി യാതാര്‍ഥ്യ ബോധത്തോടെ പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടത് . ഈ യാതാര്‍ഥ്യ ബോധമാണ് വാസ്തവത്തില്‍ പാര്‍ട്ടി നയത്തില്‍ ഇല്ലാതെ പോകുന്നത് .നിലവിലുള്ള മൂര്‍ത്ത സാഹചര്യത്തില്‍ യാതാര്‍ഥ്യബോധത്തോടെ ഇടപെട്ട് ഉള്ള പുരോഗമനസാധ്യതകളെ വികസിപ്പിയ്ക്കുക എന്നതാവണം ഇടത് പക്ഷത്തിന്റെ നയം .

പാര്‍ട്ടിയില്‍ തലമുറ മാറ്റം എന്ന നിലയില്‍ ചില പരിഷ്‌ക്കരണങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട് . ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നു . ചെറുപ്പക്കാരെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആഘര്‍ഷിക്കേണ്ടതുണ്ട് എന്നതില്‍ സംശയമില്ല .എന്നാല്‍ ഒരു മാതൃക എന്ന നിലയില്‍ ഇത് എത്രത്തോളം സ്വീകാര്യമാണ് എന്നത് ബൂര്‍ഷ്വാ പ്രത്യയ ശാസ്ത്ര ബോധം കൊണ്ടല്ല വിലയിരുത്തേണ്ടത് .പോഷക സംഘടനകളില്‍ നിന്ന് സമര്‍ത്ഥര്‍ എന്ന് തോന്നുന്നവരെ കണ്ടെത്തി കൂടുതല്‍ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കി നേതൃനിരയിലേക്ക് കൊണ്ട് വരുന്നു .പുരോഗമനപരം എന്ന് തോന്നുമെങ്കിലും അതില്‍ ചില അപകടങ്ങള്‍ ഉണ്ട് . പാര്‍ട്ടി വിദ്യാഭ്യാസത്തിന് പാര്‍ട്ടി പ്രവര്‍ത്തനത്തേക്കാള്‍ പ്രാധാന്യം വരുമ്പോള്‍ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് കൂടും .പാര്‍ട്ടി പ്രവര്‍ത്തനം എന്നത് പാര്‍ലമെന്ററി ഇടതിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ക്ക് പിന്തുണ സമാഹരിക്കലല്ല . ഈ ഒരു പ്രവണത കാരണം ട്രേഡ് യൂണിയന്‍ രംഗത്ത് നിന്നുള്ളവര്‍ നേതൃ നിരയില്‍ നിന്നൊഴിവാക്കപ്പെടുകയും പാര്‍ട്ടി നേതൃത്വം വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ നിന്ന് വരുന്നവരിലേക്ക് ചുരുങ്ങുകയും ചെയ്യും . തൊഴിലാളി വര്‍ഗത്തിന്റെ ജീവിത അനുഭവ പരിസരങ്ങളെ, ആ വര്‍ഗത്തില്‍ നിന്ന് വരുന്നവരേക്കാള്‍ മധ്യവര്‍ഗത്തില്‍ നിന്നെത്തുന്ന പാര്‍ട്ടി വിദ്യാഭ്യാസം ലഭിച്ച വര്‍ഗരാഷ്ട്രീയത്തോട് കാല്‍പ്പനിക അഭിനിവേശം പുലര്‍ത്തുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയും എന്നത് ഒരു യാഥാര്‍ഥ്യത്തേക്കാള്‍ അതിരുവിട്ട ഭാവനയാണ് . യാഥാര്‍ത്ഥ്യം ഞങ്ങള്‍ പറയുന്നതാണെന്നും ,പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന തെറ്റിദ്ധാരണ പാര്‍ട്ടി നേതൃത്വത്തിനുണ്ടാകുന്നു . ഒരു നല്ല കമ്യൂണിസ്റ്റാവാന്‍ കേവല മതേതര ബോധം മാത്രം പോരാ . ഈ ചെറുപ്പക്കാരായ നേതാക്കന്‍മാരൊക്കെ മതേതരത്വത്തെയും ജനാധിപത്യത്തെയും പറ്റി മനോഹരമായി സംസാരിയ്ക്കും . പക്ഷേ പൊളിറ്റിയ്ക്കല്‍ ഇക്കോണമിയില്‍ ഈ ശേഷി പ്രകടമല്ല .

മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളില്‍ ഊന്നി ഒരു ഓര്‍ഗാനിക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂപപ്പെടുത്താന്‍ ഇവിടെ കഴിഞ്ഞില്ല . പകരം സോവിയറ്റ് ബോള്‍ഷെവിക് മാതൃകയെ യാന്ത്രികമായി അനുകരിച്ചു . ഇന്‍ഡ്യന്‍ സാമൂഹിക ഘടനയിലും അധികാര ബന്ധങ്ങളിലും ജാതിയ്ക്കുള്ള പ്രാധാന്യത്തെ അവര്‍ വില കുറച്ച് കണ്ടു . ജാതി ഒരു മൂലധനമായി കമ്യൂണിസ്റ്റുകള്‍ക്കിടയിലും പ്രവര്‍ത്തിച്ചു . ആറ് പതിറ്റാണ്ട് വേണ്ടി വന്നു CPM ന് ഒരു ദളിതനെ PB യില്‍ എത്തിയ്ക്കാന്‍. കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയോ മതമോ ഇല്ലെങ്കിലും ജാതി ഒരു ഭൗതിക ശക്തിയായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും പ്രവര്‍ത്തിയ്ക്കുന്നു . ജാതിയെ കമ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചാലും ജാതിയുടെ സാംസ്‌കാരിക മൂലധനം അവരുടെ മേല്‍ ഒരു ഭൗതിക ശക്തിയായി പ്രവര്‍ത്തിയ്ക്കുന്നു .ഒരു പ്രത്യേക ജാതിയില്‍ ജനിച്ച 8 പേര്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ എത്തുന്നതും (അവര്‍ക്ക് ജാതിയോ മതമോ ഇല്ലായിരിയ്ക്കാം ),ഒരു ദളിതന്‍ PB യില്‍ എത്താന്‍ 6 പതിറ്റാണ്ട് വേണ്ടി വന്നതും ജാതിയുടെ സാംസ്‌കാരിക മൂലധനം ഭൗതിക ശക്തിയായി പ്രവര്‍ത്തിയ്ക്കുന്നത് കൊണ്ടാണ് . കീഴാള വിരുദ്ധ വര്‍ണ സിദ്ധാന്തത്തിലധിഷ്ടിതമായ ഹിന്ദുത്വ ഫാസിസത്തിന് പതാകയേന്താന്‍ കീഴാളര്‍ തന്നെ മുന്നോട്ട് വരുന്നു . ദളിതനെ പ്രസിഡണ്ടാക്കിയും സ്ഥാനങ്ങള്‍ നല്‍കിയും കീഴാളരെ പൊളിറ്റിയ്ക്കലി ഡിസ് ലൊക്കേറ്റ് ചെയ്യാന്‍ ഹിന്ദുത്വയ്ക്ക് കഴിഞ്ഞു . നേതൃത്വത്തില്‍ ദളിതര്‍ക്ക് പ്രാതിനിധ്യമില്ലാതെ പോയത് എന്ത് കൊണ്ട് എന്നെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ CPM ന് കഴിഞ്ഞിട്ടില്ല . ഉത്തരമുണ്ടെങ്കില്‍ ,അത് തങ്ങള്‍ക്ക് പറ്റിയ വീഴ്ച എന്നല്ലാതെ മറ്റൊന്നാവില്ല .

ഒരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടങ്ങളില്‍ നിലനില്‍ക്കുന്ന മൂര്‍ത്തമായ ചരിത്ര സാഹചര്യത്തെ മുന്‍നിര്‍ത്തി വേണം പാര്‍ട്ടി ഘടനയ്ക്ക് രൂപം കൊടുക്കേണ്ടത് .ഇത് ലെനിന്‍ തന്നെ പറയുന്നുണ്ട് . പക്ഷേ വികലമായ അനുകരണങ്ങള്‍ ആണിവിടെ നടന്നത് . മുതലാളിത്തത്തെയും സോഷ്യലിസത്തെയും താരതമ്യം ചെയ്ത് ലെനിന്‍ പറഞ്ഞ ചില വസ്തുതകളെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട് . ‘ജനാധിപത്യത്തിന്റെ പൂര്‍ണ വികാസമാണ് സോഷ്യലിസം . ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ രണ്ട് കൂട്ടര്‍ മാത്രമേ ഗുണഭോക്താക്കളായുള്ളൂ . പണക്കാരും തൊഴിലാളി വര്‍ഗത്തിലെ ചിലരും ‘ . തൊഴിലാളി വര്‍ഗ്ഗത്തിലെ ചിലര്‍ എന്നത് തീര്‍ച്ചയായും അതിന്റെ രാഷ്ട്രീയ നേതൃത്വമാവും .

ഒരു കമ്യൂണിസ്റ്റിന്റെ വളരെ പ്രധാനപ്പെട്ട പൊളിറ്റിയ്ക്കല്‍ സ്‌പേസ് ആണ് അവന്റെ ദൈനം ദിന ജീവിതം .കേരളത്തിന്റെ മുഖ്യമന്ത്രിയും അത് പോലെ CPM ഉം ഈ അടുത്തകാലത്തായി സ്വീകരിച്ച ചില പ്രവര്‍ത്തന രീതികള്‍ വിശകലനം ചെയ്യേണ്ടതുണ്ട് . ഒന്ന് കേരള വികസന യാത്രയാണ് . അതില്‍ ജില്ലകളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി .മറ്റൊന്ന് കെ.റയിലാണ് . അതില്‍ അദ്ധേഹം പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി . ജനാധിപത്യം ആരുടേത് എന്ന മൗലികമായ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട് .വോട്ട് തേടാന്‍ ജനങ്ങളിലേക്കും അധികാരം കിട്ടിയാല്‍ നയരൂപീകരണത്തിന് പൗരപ്രമുഖരിലേക്കും എന്നത ഒരു നല്ല കാര്യമല്ല . ഇത് ഫ്യൂഡല്‍ യുക്തിയുടെ പുനരുല്‍പ്പാദനം ആണ്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ സവിശേഷത അസമത്വത്തിന്റെ നിയമസാധുത്വം ആയിരുന്നു. പൗരന്മാരുടെ അസമത്വം എന്നത് ആ വ്യവസ്ഥയില്‍ സ്വാഭാവികമായാണ് കണ്ടത്. തുല്യമായ പൗരാവകാശങ്ങളോ രാഷ്ട്രീയ അവകാശങ്ങളോ സാമ്പത്തിക അവകാശങ്ങളോ പൗരന്മാര്‍ക്ക് ലഭ്യമല്ലായിരുന്നു. എന്നാല്‍ ഫ്യൂഡലിസത്തെ തുടര്‍ന്ന് വന്ന മുതലാളിത്ത, ഉദാര ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ പൗരന്മാരും തുല്യരാണ് എന്ന ആശയം ഉയര്‍ന്നു വന്നു. പൗരന്മാര്‍ വാസ്തവത്തില്‍ സമത്വം അനുഭവിക്കുന്നില്ല എങ്കിലും നിയമപരമായി തുല്യത അവകാശപ്പെടാം. They can legitimately claim equality. ഈ വ്യവസ്ഥ പൗരന്മാര്‍ക്ക് തുല്യമായ രാഷ്ട്രീയ-സാമ്പത്തിക, പൗര അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു (ഫലത്തില്‍ ലഭ്യമല്ലെങ്കിലും) .

You have equal right to raise your voice and demands. But you will not be heard equally. ശബ്ദിക്കാനുള്ള അവകാശം, അഭിപ്രായം പറയാനുള്ള അവകാശം നിങ്ങള്‍ക്കെല്ലാം തുല്യമാണെങ്കിലും, നിങ്ങളുടെ എല്ലാം അഭിപ്രായം ഒരേപോലെ പരിഗണിക്കപ്പെടില്ല . നിങ്ങളുടെ എല്ലാം ശബ്ദം ഒരുപോലെ കേള്‍ക്കപ്പെടില്ല . ചിലരുടെ ശബ്ദം മെച്ചത്തില്‍ കേള്‍ക്കുകയും അവരുടെ അഭിപ്രായം പ്രത്യേകം പരിഗണിക്കുകയും ചെയ്യും. ഇങ്ങനെ സവിശേഷമായി പരിഗണിക്കപ്പെടുന്നവര്‍ ഭരണകൂട താല്‍പ്പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരും മൂലധന ശക്തികളും ആയിരിക്കും. ഇങ്ങനെ സവിശേഷമായി പരിഗണിക്കപ്പെടുന്നവരെ വേണമെങ്കില്‍ ‘പൗര പ്രമുഖര്‍ ‘ എന്ന് വിളിയ്ക്കാം . മൂലധന, രാഷ്ട്രീയ ജന്മികള്‍ എന്ന് പറയാം. ഇങ്ങനെ ജന്മിവത്ക്കരിക്കപ്പെട്ട ഒരു പൊതുമണ്ഡലത്തെയാണ് വാസ്തവത്തില്‍ ഇവിടെ ഇടതുപക്ഷം പരിപോഷിപ്പിക്കുന്നത്. പൗരപ്രമുഖര്‍ എന്ന പ്രയോഗത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ അതിന്റെ പ്രതിലോമകരമായ രാഷ്ട്രീയ ഉള്ളടക്കമോ മനസ്സിലാക്കാന്‍ ഇടത് പക്ഷത്തിനോ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മീഡിയോക്കര്‍ ബുദ്ധിജീവികള്‍ക്കോ കഴിയുന്നില്ല .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരിക്കുന്ന വര്‍ഗ്ഗത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഇടതു വീക്ഷണം എന്ന നിലയില്‍ ഈ ‘ബുദ്ധി’ജീവികള്‍ പുനരുല്പാദിപ്പിക്കുന്നത് വാസ്തവത്തില്‍ വ്യവസ്ഥയുടെ യുക്തിയാണ്. മുതലാളിത്ത യുക്തിയാണ് . കെ. റയില്‍ പോലുള്ള പദ്ധതികള്‍ വേണമോ വേണ്ടയോ എന്നല്ല ,. എന്നാല്‍ അതിനെ കേന്ദ്രീകരിച്ച് ജനാധിപത്യപരമായി, യുക്തിഭദ്രവും വസ്തുനിഷ്ഠവുമായി പൊതുമണ്ഡലത്തില്‍ ഉണ്ടാവേണ്ട സംവാദത്തെയാണ് ഈ മീഡിയോക്കര്‍ ബുദ്ധിജീവികള്‍ ഹിംസ കൊണ്ട് റദ്ദ് ചെയ്യുന്നത്. ഇത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് , നമ്മുടെ ഉള്ളിലെ ഫാസിസമാണ് .പൊതുമണ്ഡലത്തെ ഹിംസാത്മകമാക്കുന്നത് ഏത് നിറം കൊണ്ട് എന്നതല്ല പ്രശ്‌നം. കാവികൊണ്ട് പൊതുമണ്ഡലത്തെ ഹിംസാത്മകമാക്കിയാണ്, ദേശീയ ഭ്രാന്ത് വളര്‍ത്തിക്കൊണ്ടാണ് RSS അധികാരം നേടിയത് .

ഭരണകൂട യുക്തിയും കമ്പോള യുക്തിയും ഒന്നായി തീരുകയും പൊളിറ്റിക്‌സും ഇക്കോണമിയും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ ദൃഢമാകുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പങ്കാളിത്ത ജനാധിപത്യത്തെയും സോഷ്യലിസത്തെയും ശക്തിപ്പെടുത്താനുള്ള പ്രധാന വഴി പൊതുമണ്ഡലത്തിന്റെ വ്യാപനവും അവിടെ രൂപപ്പെടുന്ന വിമര്‍ശന യുക്തിയുമാണ്. ഈ പൊതുമണ്ഡലത്തെ ദുര്‍ബലമാക്കിയും ഹിംസാത്കമാക്കിയും ആണ് ദേശീയ ഫാസിസം ഇന്‍ഡ്യയില്‍ വളര്‍ന്നത് . അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കുള്ള സാമൂഹിക ഇടങ്ങള്‍ ചുരുങ്ങുമ്പോള്‍ ദുര്‍ബലമാകുന്നത് ജനാധിപത്യമാണ്. ഇപ്പോള്‍ കേരളത്തില്‍ കെ.റയിലുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സംഭവിയ്ക്കുന്നതും അതാണ്. ജനാധിപത്യ സംവാദങ്ങളെ നേരിടാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആസ്ഥി രജിസ്റ്റര്‍ ഉണ്ടാക്കുന്ന ഫാസിസ്റ്റ് യുക്തിയെ നാം പ്രോത്സാഹിപ്പിച്ച് കൂടാ . ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ മുറ്റത്തെ ഫാസിസ്‌ത്തേയും ചോദ്യം ചെയ്യേണ്ടതുണ്ട് .

പൗരത്വ നിയമ ഭേദഗതിയെ വാസ്തവത്തില്‍ നാം എതിര്‍ക്കുന്നത് ഒരു കൂട്ടം ജനങ്ങളെ പൗരസമൂഹത്തില്‍ (സിവില്‍ സൊസൈറ്റി ) നിന്ന് പുറം തള്ളാന്‍ വേണ്ടിയുള്ളതാണ് ആ നിയമം എന്നത് കൊണ്ടാണ് . മുസ്‌ളീങ്ങളെ സിവില്‍ സൊസൈറ്റിയില്‍ നിന്ന് പുറത്താക്കി വെറും പോപ്പുലേഷന്‍ ആക്കി മാറ്റുക . പൗര സമൂഹത്തിന്റെ പരിധിയില്‍ വരാത്ത , ഭരണകൂടത്തിന് ബാധ്യതയായ ഒരു കൂട്ടം (തെരുവ് പട്ടികള്‍ക്ക് സമം) .രാഷ്ട്രീയ മൃഗത്തെ വെറും മൃഗമാക്കുക . ഒരു കുട്ടിയും പട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു കുട്ടി ജനിയ്ക്കുന്നത് ഒരു പൗരനായിട്ടാണ് , പക്ഷേ പട്ടി ജനിയ്ക്കുന്നത് ഒരു പൗരനായിട്ടല്ല എന്നതാണ് .മുന്‍കൂട്ടി വിഭാവനം ചെയ്യപ്പെട്ട ഒരു കര്‍തൃത്വത്തിലേക്കുള്ള കുട്ടിയുടെ ജനനം ( പൗരന്‍ ) ജന്മം കൊണ്ടുള്ള മുറിവാണെങ്കില്‍ ,സിവില്‍ സമൂഹത്തില്‍ നിന്നുള്ള പുറത്താക്കല്‍ ഭരണകൂടം ഏല്‍പ്പിക്കുന്ന മാരകമായ മുറിവാണ് .The birth of a human child is not just a biological phenomenon but also a political incident. Man is a political animal എന്ന അരിസ്റ്റോട്ടലിന്റെയും man is a cultural animal എന്ന കിംഗ്സ്ലി ഡേവിസിന്റെയും പ്രസ്ഥാവനയുടെ പൊരുള്‍ ഇതാണ് .മനുഷ്യന്‍ പൗരസമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ വാസ്തവത്തില്‍ അവന്‍ ഒരു കേവല മൃഗമായി ചുരുക്കപ്പെടുകയാണ് . What to do with this ‘verminous population’ is a profound political question. ഫാസിസ്റ്റ് പുണ്യഭൂമി സങ്കല്‍പ്പത്തിന് പുറത്താക്കിയ ഈ പോപ്പുലേഷനെ പാളയങ്ങളിലും ചേമ്പറുകളിലും നിറച്ച് ഉന്‍മൂലനം ചെയ്യാം .

പൗരത്വ ഭേദഗതി കൊണ്ട് മാത്രമല്ല വികസന പദ്ധതികള്‍ കൊണ്ടും നിങ്ങള്‍ക്ക് ആളുകളെ സിവില്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കാം എന്നതാണ് പാര്‍ത്ഥാ ചാറ്റര്‍ജിയുടെ പഠനങ്ങള്‍ നല്‍കുന്ന ഒരു പാഠം . നമ്മള്‍ പൗരപ്രമുഖരുടെ വികസനം നടപ്പിലാക്കുമ്പോള്‍ മറുപുറത്തേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യരെ കാണാന്‍ കഴിയാതെ പോകുന്നത് തീര്‍ച്ചയായും വികസനത്തെ സംബന്ധിയ്ക്കുന്ന വികലമായ കാഴ്ചപ്പാടു കൊണ്ടാണ് , ഫാസിസ്റ്റ് മനോഭാവം കൊണ്ടാണ് . ബൂര്‍ഷ്വാ വര്‍ഗ അധീശത്വത്തിന്റെ ബാഹ്യരൂപം മാത്രമായി ഒരു ഇടത് പക്ഷ ഗവണ്‍മെന്റ് മാറിക്കൂടാ .ബംഗാള്‍ പഠിപ്പിക്കുന്ന വലിയ പാഠമാണത് .. ഇന്‍ഡ്യയിലാകമാനം തീര്‍ച്ചയായും ഒരു മാതൃക എന്ന നിലയില്‍ കേരള മോഡല്‍ ഉയര്‍ത്തിക്കാട്ടാം . ഈ മോഡല്‍ ബൂര്‍ഷ്വാ ജനാധിപത്യ സര്‍ക്കാരുകള്‍ മുന്നോട്ട് വെക്കുന്ന മാതൃകയില്‍നിന്ന് ഭിന്നവുമാണ് . ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇതിലും കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ഇടത് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കഴിയും . ഭൂപരിഷ്‌കരണത്തെ പ്ലാന്റേഷന്‍ മേഖലയിലേക്ക് വ്യാപിപ്പിച്ച് കൊണ്ട് സാമൂഹിക ഘടനയില്‍ പുരോഗമനാത്മക മാറ്റം ഉണ്ടാക്കാന്‍ അതിന് കഴിയും . ഫൂഡല്‍ അര്‍ദ്ധ ഫൂഡല്‍ വ്യവസ്ഥയുടെ പൊളിച്ചെഴുത്ത് നടക്കാത്തത് കൊണ്ടാണ് ദളിതര്‍ ഇപ്പഴും പ്രാന്തവല്‍ക്കരിക്കപ്പെടുന്നത് .ആത്മവിമര്‍ശനങ്ങളെ ഒഴിവാക്കി കൊണ്ടാകരുത് മാതൃകകളെ ഉയര്‍ത്തി കാട്ടേണ്ടത് .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply