ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ് സഖാവ് കോടിയേരി

തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ തിരിഞ്ഞിരിക്കുന്നത് രാഹുല്‍ ഗാന്ധിക്കെതിരെയാണ്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നു രാഹുല്‍ പറഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അങ്ങനെ രാഹുലും ബിജെപിയും പറയുന്നത് ഒന്നാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ന്യൂനപക്ഷക്കാരില്ലാത്തത് അതു കൊണ്ടാണ് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഒന്നുകില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതു മനസ്സിലാകാതെ, അല്ലെങ്കില്‍ മനപൂര്‍വ്വമായ അധിക്ഷേപം. ഇതിലൊന്നാണ് കൊടിയേരിയുടെ വാക്കുകള്‍ക്കു പുറകില്‍ എന്നുറപ്പ്.

ഉത്തര്‍പ്രദേശടക്കം വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍ പല തലങ്ങളിലുമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറ്റവും സജീവമായ പ്രദേശങ്ങളിലൊന്നാണ് കേരളം. ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാലമായ ഐക്യമുന്നണി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമെന്നു ധരിച്ചവര്‍ക്ക് തെറ്റി. കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ് ഇതിനുള്ള പ്രധാന കാരണം. കോണ്‍ഗ്രസ്സുമായി ഒരു ധാരണയും വേണ്ട എന്ന നിലപാടുള്ള കേരളഘടകം അതു സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയാകാന്‍ കാരണം എന്നതാണ് വസ്തുത.

തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ തിരിഞ്ഞിരിക്കുന്നത് രാഹുല്‍ ഗാന്ധിക്കെതിരെയാണ്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നു രാഹുല്‍ പറഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അങ്ങനെ രാഹുലും ബിജെപിയും പറയുന്നത് ഒന്നാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ന്യൂനപക്ഷക്കാരില്ലാത്തത് അതു കൊണ്ടാണ് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഒന്നുകില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതു മനസ്സിലാകാതെ, അല്ലെങ്കില്‍ മനപൂര്‍വ്വമായ അധിക്ഷേപം. ഇതിലൊന്നാണ് കൊടിയേരിയുടെ വാക്കുകള്‍ക്കു പുറകില്‍ എന്നുറപ്പ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും ഹിന്ദു എന്നത് ഒരു മതമാണെങ്കില്‍ ഹിന്ദുത്വമെന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണെന്നുമാണ് കോടിയേരി വിമര്‍ശിക്കുന്ന ജയ്പൂര്‍ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞത്. ഗാന്ധിജി ഹിന്ദുവായിരുന്നു, എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇവിടെ ഇപ്പോള്‍ ഭരിക്കുന്നത് ഹിന്ദുത്വവാദികളാണ്. അവരെ മാറ്റണം, ഹിന്ദുക്കള്‍ വരണം…. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതില്‍ ഹിന്ദുക്കള്‍ വരണം എന്ന വരി മറ്റു വരികളില്‍ നിന്നടര്‍ത്തി മാറ്റിയാണ് കോടിയേരി വിമര്‍ശിക്കുന്നത്. മുസ്ലിമോ മറ്റു ന്യൂനപക്ഷങ്ങളോ അധികാരത്തില്‍ വരരുത്, ഹിന്ദുക്കളേ വരാവൂ, അങ്ങനെ രാഹുല്‍ ബിജെപിയെ സഹായിക്കുന്നു… എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. എങ്കില്‍ കോടിയേരിയോട് അതേ നാണയത്തില്‍ തിരിച്ചുചോദിക്കാവുന്ന ചോദ്യം പകരം ഹിന്ദുത്വവാദികള്‍ വരണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത് എന്നാണ്. ഗാന്ധിയോ ഗോഡ്‌സെയോ എന്ന ചോദ്യത്തിന് ഗാന്ധി എന്നു രാഹുല്‍ പറയുമ്പോള്‍ ഗോഡ്‌സെ എന്നു കോടിയേരി പറയുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

ഹിന്ദുത്വം അപരനെ സൃഷ്ടിക്കലാണ്, അഖ്‌ലാഖിനെ കൊല്ലുന്നതാണ്, അത് ഹിന്ദുമതമല്ല, ഹിന്ദുമതഗ്രന്ഥങ്ങളോ ഉപനിഷത്തുകളോ അങ്ങനെ പറയുന്നില്ല എന്നെല്ലാം വിശദീകരിക്കുന്ന രാഹുലിനെ ബിജെപിക്കാരനാക്കുന്ന കോടിയേരിയുടെ തന്ത്രം പാര്‍ട്ടിക്കകത്തെ രണ്ടുലൈന്‍ സമരത്തില്‍ കേരളഘടകത്തിന്റെ നിലപാട് സാധൂകരിക്കാന്‍ ശ്രമിക്കലാണെന്നു വ്യക്തം. എന്നാല്‍ ഇത്തരം നിലപാടുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ധ്രുവീകരണങ്ങള്‍ അദ്ദേഹം ഓര്‍ക്കണമായിരുന്നു. തീര്‍ച്ചയായും ഹിന്ദുത്വ മാത്രമല്ല, ഹിന്ദുമതവും തങ്ങളോട് നൂറ്റാണ്ടുകളായി ചെയ്യുന്നത് അനീതിയാണെന്നു വാദിക്കുന്ന ദളിത് രാഷ്ട്രീയം ഇവിടെയുണ്ട്. അത് മറ്റൊരു വിഷയമാണ്. കോടിയേരിക്കോ സിപിഎമ്മിനോ അറിയാത്ത, താല്‍പ്പര്യമില്ലാത്ത രാഷ്ട്രീയം. ഇവിടത്തെ വിഷയം താല്‍ക്കാലികമായ കേവലകക്ഷിരാഷ്ട്രീയ താല്‍പ്പര്യം മാത്രമാണ്. എന്നാലത് ആത്യന്തികമായി സഹായിക്കുക ഹിന്ദുത്വവാദികളെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

സിപിഎമ്മിന് സ്വാധീനമുള്ള രാജ്യത്തെ ഏകസംസ്ഥാനം കേരളമാണ്. ഇവിടെയാകട്ടെ അവരുടെ മുഖ്യ എതിരാളി കോണ്‍ഗ്രസ്സും. ഇതാണ് പാര്‍ട്ടിയുടെ മുഖ്യപ്രശ്‌നം എന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയാണെന്നും ബിജെപിക്കെതിരായ പോരാട്ടത്തിന്റെ മുഖ്യശക്തി കോണ്‍ഗ്രസ്സാണെന്നും കോണ്‍ഗ്രസ്സിനെ ഒഴിവാക്കികൊണ്ടുള്ള ഒരു സഖ്യം അസാധ്യമാമെന്നും മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയബോധം മാത്രം മതി. ആ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെയാണ് കേരളത്തിന്റെ കാര്യം പറഞ്ഞ് തകര്‍ക്കാന്‍ സിപിഎം കേരളഘടകം ശ്രമിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ്സും ഒരുപോലെയാണെന്ന വാദം ആരെയാണു സഹായിക്കുക എന്നു കൃത്യമായി മനസ്സിലാക്കിതന്നെയാണ് ഈ നിലപാടെന്നു വേണം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ്സിന ക്ഷീണിപ്പിച്ചാല്‍ കേരളം എന്നന്നേക്കുമായി ചുവപ്പുകോട്ടയാക്കാമെന്നായിരിക്കും പാര്‍്ട്ടിയുടെ ധാരണ. എന്നാല്‍ കാവിക്കോട്ടയായി മാറുമെന്നതാണ് വരാന്‍ പോകുന്ന യാഥാര്‍ത്ഥ്യം. കേരളത്തില്‍ ബിജെപിക്കവസരം നല്‍കാതെ പരസ്പരം പോരാടുമ്പോള്‍ തന്നെ ആവശ്യമായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി ഐക്യപ്പെടാനാണ് പാര്‍ട്ടി തയ്യാറാകേണ്ടത്. ഒറ്റ രാഷ്ട്രീയനിലപാടില്‍ നില്‍ക്കാവുന്നതല്ല വൈവിധ്യങ്ങളുടെ അനന്തമായ സാമ്രാജ്യമായ ഇന്ത്യന്‍ രാഷ്ട്രീയമെന്നും ഓരോ പ്രദേശത്തിനും അനുയോജ്യമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ മനസ്സിലാക്കുന്നതേയില്ല. ഫലത്തില്‍ സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുക എന്ന മാര്‍ക്‌സിന്റെ വാക്കുകളെ തന്നെയാണ് അവര്‍ തള്ളിക്കളയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതാനും ദിവസം മുമ്പുവരെ ഇതേ നേതാക്കള്‍ കോണ്‍ഗ്രസ്സിനെതിരെ നടത്തിയിരുന്ന ആരോപണങ്ങള്‍ കൂടി ഓര്‍ക്കുന്നതു നന്നായിരിക്കും. കോണ്‍ഗ്രസ്സിനെ നയിക്കുന്ന ലീഗാണ്, ലീഗാകട്ടെ താലിബാനികളാണ്, ഫലത്തില്‍ കോണ്‍ഗ്രസ്സും ആ വഴിക്കാണ് നീങ്ങുന്നത് എന്നായിരുന്നു അവരുടെ മുഖ്യപ്രചാരണം. തെരഞ്ഞെടുപ്പുവേളയില്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന എ വിജയരാഘവന്‍ തന്നെയായിരുന്നു അതിനു നേതൃത്വം നല്‍കിയത്. അതിനുമുമ്പ് ലോകസഭാ തെരഞ്ഞെടുപ്പുവേളയിലാകട്ടെ, രാഹുല്‍ ഗാന്ധി മത്സരിച്ചതിന്റെ പേരില്‍ കേരളത്തെ പാക്കിസ്ഥാനായി വ്യാഖ്യാനിച്ച സംഘപരിവാറിനൊപ്പമായിരുന്നു ഫലത്തില്‍ ഇക്കൂട്ടരും. ഈ പ്രചാരണങ്ങളിലൂടെ ബിജെപിയെ കടത്തിവെട്ടി ഹിന്ദുവോട്ടുകള്‍ നേടിയെടുക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്തിനേറെ, ഇപ്പോള്‍ പോലും സംഭവിക്കുന്നതെന്താണ്? സംഘപരിവാറിനെ പിന്തുണക്കുന്നതാണ് പല സര്‍ക്കാര്‍ നയങ്ങളുമെന്ന വിമര്‍ശനം ഇടതുമുന്നണിക്കകത്തുനിന്നുതന്നെ ഉയരുന്നു. പോലീസിന്റഎ നിയന്ത്രണം തന്നെ അവരുടെ കൈവശമാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസുകളെടുക്കുന്നു. ഒരുപരിധി വിട്ട് ന്യൂനപക്ഷ പിന്തുണ ലഭിക്കില്ലെന്നുറപ്പുള്ള സിപിഎം ഭൂരിപക്ഷപിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ്അതിനായി ബിജെപിയെ പോലും കടത്തിവെട്ടുകയാണ്. അതിനു മറയിടാന്‍ കൂടിയാണ് ഇത്തരത്തിലുള്ള വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

കോടിയേരിയുടെ പ്രസ്താവനയിലെ മറ്റൊരു തമാശകൂടി കാണേണ്ടതാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലില്ല എന്നു പറയുന്ന കോടിയേരി അക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയിലെ അവസ്ഥയെങ്കിലും താരതമ്യം ചെയ്തിരുന്നെങ്കില്‍… അക്കാര്യത്തില്‍ സിപിഎമ്മിനേക്കാള്‍ എത്രയോ ഭേദമാണ് കോണ്‍ഗ്രസ്സിന്റെ അവസ്ഥ. ദളിത്, സ്ത്രീ പ്രാതിനിധ്യത്തിലും അങ്ങനെതന്നെ. നേതാക്കള്‍ എന്തുപറഞ്ഞാലും വിശ്വസിക്കുന്ന അണികളായതിനാലാവും അദ്ദേഹം ഇതെല്ലാം തട്ടിവിടുന്നത്. എന്നാല്‍ ജനങ്ങളെല്ലാം വിഡ്ഢികളാണെന്നാണോ അദ്ദേഹം ധരിച്ചിരിക്കുന്നത്. ജനാധിപത്യസംവിധാനത്തില്‍ ഏതു രാഷ്ട്രീപാര്‍ട്ടിയേയും നിരീക്ഷിക്കാനും അഭിപ്രായം പറയാനും ഏതൊരു പൗരനും അവകാശമുണ്ടെന്നതും അദ്ദേഹം മറന്നെന്നു തോന്നുന്നു. അതിനേക്കാളുപരി സങ്കുചിതമായ കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനായി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന അദ്ദേഹം ആത്യന്തികമായി സഹായിക്കുന്നത് ഹിന്ദുത്വത്തിനായി നിലകൊള്ളുന്ന സംഘപരിവാറിനയൊണ് എന്നതാണ്. അതാണ് ഈ പ്രസ്താവനകളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply