ഗുരുവിന്റെ വഴിയും സിവില്‍ സമൂഹവും

ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ നിര്‍മ്മാണം ജാതിയെ കണ്ടുകൊണ്ടെ സാധ്യമാകൂ. ജാതി എന്നത് ഭരണകൂട നിയന്ത്രണത്തിനു വെളിയില്‍ മനുഷ്യരെ തട്ടുതട്ടായി മുകളില്‍ നിന്ന് താഴേക്ക് വിഭജിച്ചു തരം തിരിച്ച് നിര്‍ത്തിയിരിക്കുന്ന സാമൂഹിക അധികാരത്തില്‍പ്പെട്ട ഒന്നാണ്. ഭരണകൂട നിയന്ത്രണമില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ ഇങ്ങനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. അംബേദ്കര്‍ പറയും പോലെ (4) ഒരാളുടെ ബന്ധങ്ങള്‍ ജാതിയില്‍ തുടങ്ങി ജാതിയില്‍ അവസാനിക്കുന്നു. ഭരണകൂട അധികാരം മാറി വന്നാലും സാമൂഹ്യതലത്തില്‍ വേറിട്ടൊരു അധികാര ശ്രേണി നിലനില്‍ക്കുന്നതിനാല്‍ ജാതിയും ബ്രാഹ്മണിസവും അതിജീവിക്കുന്നു.

ശ്രീ നാരായണഗുരു വന്നതും വിടപറഞ്ഞ് പോയതുമായ വഴികളേതെന്നതിന് അനവധിയായ കാഴ്ചകള്‍ പറയാന്‍ കഴിയുന്നതാണ്. ബഹുമുഖ തിളക്കത്തിന്റെ യുഗപുരുഷനായതുകൊണ്ടാണെന്നതില്‍ സംശയമില്ല. ഗുരു എന്തു പറഞ്ഞു എന്നതുകൂടി ഉള്‍പ്പെടുന്നതാണ് ശരിയായ വഴി. പറഞ്ഞ കാര്യങ്ങളും സംഭവിച്ച മാറ്റങ്ങളും ചേരുമ്പോഴാണ് സമഗ്രമാവുക. ഗുരു തന്നെ പറഞ്ഞത് നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നാണ്.(1) നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്ക്കുള്ളില്‍ തനിക്ക് സന്ന്യസിക്കാന്‍ കഴിയില്ലെന്നും മറ്റൊരു അധികാരവ്യവസ്ഥക്കുള്ളിലാണ് തനിക്ക് സന്ന്യസിക്കാന്‍ കഴിഞ്ഞത് എന്നുമാണതിനര്‍ത്ഥം. സന്ന്യാസവും ഋഷിപദവിയും അധികാര വ്യവസ്ഥയുടെ സൃഷ്ടിയാണ് എന്ന് വിലയിരുത്താന്‍ കഴിയുന്ന ഗുരുവിന്റെ തന്നെ ഉദാഹരണങ്ങളുണ്ട്.(2) ബ്രാഹ്മണനായ വസിഷ്ഠനും, ക്ഷത്രിയനായ വിശ്വാമിത്രനും തമ്മില്‍ ബ്രഹ്മര്‍ഷി പദവിക്കുവേണ്ടി കലഹം നടന്ന കഥ ഹിന്ദുപുരാണങ്ങളിലുണ്ട് എന്നു പറയുന്നു. അത് ബ്രാഹ്മണര്‍ അനുവദിച്ചു നല്കണമായിരുന്നു. ബ്രാഹ്മണാധികാരവ്യവസ്ഥയുടെയും വിഭവ സുഖങ്ങളുടെയും ബ്രഹ്മര്‍ഷിയും സന്ന്യാസിയുമല്ലാത്ത മറ്റൊരു സന്ന്യാസം സാദ്ധ്യമാണ്. അത് ത്യാഗത്തെയും മൂല്യബോധത്തെയും അടിസ്ഥാനപ്പെടുത്തിയതാണ്. ഇന്നും വിശുദ്ധിവാദം ഉന്നയിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണാധികാര വ്യവസ്ഥയ്ക്കു വെളിയില്‍ ത്യാഗത്തിന്റെയും മൂല്യമണ്ഡലത്തിന്റെയും മനുഷ്യപക്ഷത്താണ് ഗുരുവെന്ന ത്യാഗി (സന്ന്യാസി) പിറക്കുന്നത്.
ബ്രാഹ്മണപക്ഷത്തല്ലാത്തതും ത്യാഗത്തിന്റെയും മൂല്യത്തിന്റെയും ഇഴപിരിച്ച് സൃഷ്ടിച്ച ആദ്യത്തെ യുഗസൃഷ്ടിയായിരുന്നു 1888 ലെ അരുവിപുറം പ്രതിഷ്ഠ. അന്നത്തെ കാലത്ത് പൊതു വിദ്യാലയത്തില്‍ പ്രവേശനം വേണം എന്ന ആവശ്യം അവര്‍ണരുടെ ഇടയില്‍ നിന്നുയര്‍ന്നു വന്നു. എന്നാല്‍ പല സ്‌കൂളിന്റെയും അടുത്ത് അമ്പലം ഉണ്ട് എന്നും അവിടെ അയിത്ത ജാതിക്കാര്‍ പ്രവേശിക്കാന്‍ പാടില്ലാത്തതിനാല്‍ വിദ്യാലയത്തിലും പ്രവേശനം അനുവദിക്കാന്‍ പാടില്ല എന്നുമാണ് ബ്രാഹ്മണ-സവര്‍ണ അധികാര ശക്തികള്‍ വാദിച്ചത്. ഭരണകൂടത്തിന്റെ ഇത്തരമൊരു അധികാര സമവാക്യത്തിനെതിരെയാണ് ഗുരു അരുവിപ്പുറത്തിന്റെ മുറ്റത്ത് സ്‌കൂളും സ്ഥാപിക്കുന്നത്. അവിടെ എല്ലാവര്‍ക്കും വരാമായിരുന്നു. അതെ സമയം അധികാരവര്‍ഗത്തിന്റെ ക്ഷേത്രത്തിലും സ്‌കൂളിലും എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു. നൂറ്റാണ്ടുകളായി ബ്രാഹ്മണ ആശ്രിതത്വത്തില്‍ കഴിഞ്ഞ ഈഴവരില്‍ നല്ലൊരു ഭാഗവും സ്വാഭാവികമായും ബ്രാഹ്മണര്‍ സൃഷ്ടിച്ച ജാതി ചിന്തകളുടെയും ആചാരങ്ങളുടെയും നടത്തിപ്പുകാരായിരുന്നു. അത്തരം ഈഴവര്‍ ഗുരുവിന്റെ തുറന്ന മനസിന്റെ മനുഷ്യമൂല്യങ്ങളെ എതിര്‍ത്തു. അരുവിപ്പുറം ക്ഷേത്രത്തിലും സ്‌കൂളിലും ദലിതര്‍ പ്രവേശിക്കുന്നതിനെ യാഥാസ്ഥിതിക ഈഴവര്‍ തടഞ്ഞു. ഈ വിധമുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് ഗുരു ജാതി ഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന, വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നെഴുതി (1890-ല്‍)(3) വയ്ക്കുന്നത്. ഗുരു അത് ഇത് എന്നു വേര്‍തിരിച്ചു. അങ്ങനെ വേര്‍തിരിച്ചില്ലെങ്കില്‍ അരുവിപ്പുറത്തിന് എന്തു പ്രസക്തിയാണുള്ളത്. ഗുരു പറഞ്ഞ അത് ബ്രാഹ്മണ അധികാര വ്യവസ്ഥയാണ്. പകരം ഗുരു ഇത് എന്നു പറഞ്ഞതില്‍ ജാതി-ഭേദമില്ലാത്തതും മത വിദ്വേഷമില്ലാത്തതും, സാഹോദര്യം ഉള്ളതുമായ മാതൃകയാണ്. മറ്റെത് മാതൃക അല്ലെന്നുമാണ്. മാതൃക അല്ലാത്ത ക്ഷേത്ര വിദ്യാലയ അധികാരത്തെ വിമര്‍ശിക്കുന്നതും തിരുത്തുന്നതുമായ സൃഷ്ടിയായിരുന്നു അരുവിപ്പുറത്തേത്. അതായത് മറ്റൊരു പിറവിയായിരുന്നു അത്. പിന്നീട് ഗുരുവിന്റെ തുടര്‍ച്ചകളെല്ലാം ഇതിന്റെ അടിത്തറയിലായിരുന്നു.
ഹിന്ദുമതത്തില്‍ തുടരണമെന്നും, സ്വതന്ത്ര സമുദായമാണ് വേണ്ടതെന്നും, ബുദ്ധമതം സ്വീകരിക്കണമെന്നും, ഗുരുധര്‍മ്മം അടിസ്ഥാനപ്പെടുത്തിയ ഗുരുമതം മതിയെന്നും പറയുന്ന ബഹുസ്വര ശബ്ദങ്ങളുടെ ബൗദ്ധീക ദിശയായിരുന്നു ഗുരു. ഇതിലേതെങ്കിലുമൊന്നായിരുന്നു ഗുരു എന്നു വാദിക്കാം. ഇതില്‍ നിന്ന് സ്വതന്ത്രമായിരുന്നു എന്നും വാദിക്കാം. രണ്ട് കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. ഒന്ന്.. ഗുരു ബഹുസ്വര ശബ്ദങ്ങളെ സഹിഷ്ണുതയോടെ സമീപിച്ചിരുന്നു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് നാം നിലകൊള്ളേണ്ടത് എന്ന ഗുരുവിന്റെ നിലപാട് അതാണ് കാണിക്കുന്നത്. രണ്ട്.. ഭരണകൂടത്തിന്റെ സവര്‍ണക്ഷേത്ര അധികാരത്തിന്റെ പക്ഷത്തായിരുന്നില്ല ഗുരു. അതിനെ തിരുത്തുന്ന പക്ഷത്തായിരുന്നു. ത്യാഗത്തിന്റെ സ്വതന്ത്ര സന്ന്യാസവും, അധികാരത്തെ തിരുത്തുന്നതും , ബഹുസ്വരതയുടെ നേതൃത്വവുമായിരുന്നു ഗുരുവിന്റെ വഴി.

 

 

 

 

 

 

 

 

ഗുരുവിന്റെ ഈ സര്‍ഗാത്മക വഴികള്‍ക്ക് ഇന്ന് പ്രസക്തിയുണ്ടോ ? എങ്ങനെയാണ് പ്രസക്തമാകുന്നത് ? ഗുരുവിനെ ഒരു മതത്തിന്റെ അവതാരമായി ചുരുക്കുകയോ ജാതിയുടെ ഗുരുവായി ചുരുക്കുകയോ അല്ല വേണ്ടത്. സാമൂഹ്യപരിഷ്‌കരണമാണ് മതത്തേക്കാളും ജാതിയേക്കാളും വിശാലമായ പ്രതലം. മതത്തിനകത്തു ചുരുക്കിയാല്‍ ഒരു മതത്തിന്റെ വക്താക്കളുടേതു മാത്രമാകും. ജാതിയുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. ഗുരു തന്നെ പറയും പോലെ മതത്തിനപ്പുറത്തേക്കുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രതലത്തിലേയ്ക്ക് എത്തുന്നതാണ് സാമൂഹ്യ പരിഷ്‌കരണം. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ ഉള്ളടക്കത്തില്‍ സാമൂഹ്യ നിര്‍മ്മാണം പ്രധാനമാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ നിര്‍മ്മാണം ജാതിയെ കണ്ടുകൊണ്ടെ സാധ്യമാകൂ. ജാതി എന്നത് ഭരണകൂട നിയന്ത്രണത്തിനു വെളിയില്‍ മനുഷ്യരെ തട്ടുതട്ടായി മുകളില്‍ നിന്ന് താഴേക്ക് വിഭജിച്ചു തരം തിരിച്ച് നിര്‍ത്തിയിരിക്കുന്ന സാമൂഹിക അധികാരത്തില്‍പ്പെട്ട ഒന്നാണ്. ഭരണകൂട നിയന്ത്രണമില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ ഇങ്ങനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. അംബേദ്കര്‍ പറയും പോലെ (4) ഒരാളുടെ ബന്ധങ്ങള്‍ ജാതിയില്‍ തുടങ്ങി ജാതിയില്‍ അവസാനിക്കുന്നു. ഭരണകൂട അധികാരം മാറി വന്നാലും സാമൂഹ്യതലത്തില്‍ വേറിട്ടൊരു അധികാര ശ്രേണി നിലനില്‍ക്കുന്നതിനാല്‍ ജാതിയും ബ്രാഹ്മണിസവും അതിജീവിക്കുന്നു. അതുകൊണ്ട് തന്നെ ഭരണകൂടാധികാരത്തിനു വെളിയില്‍ ഒരു സിവില്‍ സമൂഹം ഭാഗീകമായി ഉണ്ടായി വന്നപ്പോഴും രാജാധികാരം മാറി വന്നപ്പോഴും ജാതി അതിജീവിച്ചു. ഭരണകൂടത്തിന് വെളിയിലുള്ള സിവില്‍ സൊസൈറ്റിയില്‍ ഹെജമണി സൃഷ്ടിച്ച് ജാതി ഇന്നും തുടരുന്നു. ഒരു പൗരന്‍ ഉണ്ടാകാതെ പോയതിന്റെ കാരണവും ഇതുകൂടിയാണ്.
ശ്രീ നാരായണഗുരുവിന്റെ സ്വതന്ത്രചിന്തയില്‍ രൂപമെടുത്ത ആധുനിക വ്യക്തിത്വങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു കേരളത്തിലെ പൗരസമത്വ പ്രസ്ഥാനം. അതിന്റെ തുടര്‍ച്ചയില്‍ ഉയര്‍ന്നു വന്ന നിവര്‍ത്തന പ്രസ്ഥാനം വരെ മാത്രമേ സിവില്‍ സമൂഹത്തിന്റെ സാമൂഹ്യനീക്കം സാദ്ധ്യമായുള്ളൂ. പിന്നീട് സംഭവിച്ചത് ഒരു രാഷ്ട്രീയ സമൂഹമായി വിശിഷ്യാ കക്ഷി രാഷ്ട്രീയ സമൂഹമായി കേരളം മാറുകയായിരുന്നു. പൗരസമത്വ പ്രസ്ഥാനത്തിന്റെ സാമൂഹ്യ ശക്തികളെ കക്ഷി രാഷ്ട്രീയക്കാര്‍ പങ്കിട്ടെടുത്തു. ഉണ്ടാകേണ്ടിയിരുന്ന സിവില്‍ സമൂഹം അവഗണിക്കപ്പെട്ടു. സാംസ്‌കാരിക ഹെജമണിയ്‌ക്കെതിരായ ഒരു സിവില്‍ സമൂഹം പൗരനെ സൃഷ്ടിക്കുന്നതില്‍ നാമ്പടയ്ക്കപ്പെട്ടു. പിന്നീട് നാളിതുവരെ കക്ഷി രാഷ്ട്രീയക്കാര്‍ മാറി മാറി സൃഷ്ടിക്കുന്ന സിവില്‍ സമൂഹ അവഗണനയ്ക്ക് എതിരായി സമരങ്ങള്‍ തുടര്‍കൊണ്ടേയിരുന്നു.
വ്യാപകമായി തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് പൗരസമൂഹവും സിവില്‍ സമൂഹവും തമ്മിലുള്ള ബന്ധം. ഇത് രണ്ടും ഒന്നല്ല. ആധുനിക നിയമസംഹിതയ്ക്കുള്ളിലെ വ്യക്തിയെ നിര്‍ണ്ണയിച്ചിരിക്കുന്നത് പൗരന്‍ എന്നാണ്. പൗരന്മാരുടെ കൂട്ടത്തെയാണ് പൗരസമൂഹം എന്നു വിളിക്കുന്നത്. അതില്‍ എല്ലാ വിഭാഗം മനുഷ്യരും ഉള്‍പ്പെടും. പലപ്പോഴും പൊതുജനം എന്നതിന് പകരമായും പൗരസമൂഹം എന്ന പ്രയോഗം നടത്തിപ്പോരുന്നു. പൊതുജനം എന്നതില്‍ ജാതിയും മതവും എല്ലാം ഉള്‍പ്പെടും. എന്നാല്‍ പൗരന്‍ എന്നതില്‍ ജാതി മൂല്യങ്ങളേക്കാളും, മത മൂല്യങ്ങളേക്കാളും ഭരണഘടനാ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം. പൊതുജനത്തിന് പകരമായി പൗരസമൂഹം എന്നത് തെറ്റായ ഒരു പ്രയോഗമാണ്. ഒരു പൗരന് പ്രധാനമന്ത്രി വരെ ആകാം. അങ്ങനെ ആയാലും പൗരന്‍ തന്നെയാണ്. പൗരന്‍ (പൗര) എന്നെല്ലാമുള്ള സ്വത്വ നിര്‍മ്മിതിക്ക് ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ചില കാര്യങ്ങള്‍ പ്രധാനമാണ്. അത്തരത്തിലുള്ള പൗരന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാലും പൗരനായി തന്നെ കണക്കാക്കുന്നു.
എന്നാല്‍ സിവില്‍ സമൂഹം എന്നു പറഞ്ഞാല്‍ ചില വ്യത്യാസങ്ങളുണ്ട്. നാം സമൂഹത്തിലെ അനവധി കൂട്ടങ്ങളെ കാണുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, ജാതി, മതം മറ്റ് സംഘടനകള്‍, ഭരണകൂടം എന്നെല്ലാമുള്ളത് സമൂഹത്തിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സിവില്‍ സമൂഹം. ഭരണകൂടത്തിനും, കുടുംബത്തിനും, അധികാര ഉല്പാദനത്തിലെ ഹെജമണിയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്തെ മാത്രമാണ് സിവില്‍ സമൂഹം എന്നു പറയുന്നത്. ജാതിയോ മതമോ ഒന്നുമല്ല അത്. സിവില്‍ സമൂഹത്തിലെ വ്യക്തികളെ “പൗരന്‍’’ എന്ന സ്വത്വമൂല്യത്തില്‍ തന്നെയാണ് കാണേണ്ടത്. ജാതിയ്ക്കും മതത്തിനും കുടുംബത്തിനും, ഭരണകൂടത്തിനും ഇടയിലുള്ള ഒരു പരിവര്‍ത്തമാത്മക സ്ഥലത്തെയാണ് സിവില്‍ സമൂഹം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ജാതി, മതം, പാര്‍ട്ടി, വംശം തുടങ്ങയവയ്ക്ക് ഉള്ളതായ എന്തെങ്കിലും ആചാരമോ, ചുമതലക്കാരോ, പെരുമാറ്റചട്ടങ്ങളോ, അധികാര രൂപങ്ങളോ ഒന്നും സിവില്‍ സമൂഹത്തിലില്ല. സിവില്‍ സമൂഹത്തിന് ലോകസമ്മതമായ ഒരു നിര്‍വ്വചനമില്ല. പൊതുവില്‍ സര്‍ക്കാരിതര സംഘടനകള്‍ ഉള്‍പ്പെടുന്നവയെ സിവില്‍ സമൂഹമായി പറഞ്ഞു പോരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പൊതുവെ ഇന്ന് ചര്‍ച്ചാവേദികളില്‍ അംഗീകരിച്ചുപോരുന്നത് ഭരണകൂടത്തിനും, കുടുംബത്തിനും, വിപണിക്കും ഇടയിലുള്ള ഒരു ഇന്റര്‍മീഡിയറ്റ് സ്‌പേസ് ആണ് സിവില്‍ സമൂഹം എന്ന്. നമ്മുടെ ചരിത്ര സാഹചര്യങ്ങള്‍ക്കും അത്തരമൊരു വീക്ഷണമാണ് പൊരുത്തപ്പെടുന്നത്. സിവില്‍ സമൂഹത്തിലും സംസ്‌കാരം പ്രവര്‍ത്തിക്കുന്നുണ്ട് എന്നു കരുതി സംസ്‌കാരത്തെ സിവില്‍ സമൂഹമായി സമീകരിക്കാനാവില്ല. മേല്‍-കീഴ് തട്ട് തിരിച്ച് അധികാര സ്വഭാവം പുനരുത്പാദിപ്പിക്കുന്ന സ്വഭാവം സിവില്‍ സമൂഹത്തിനുണ്ട്. അത്തരം ഒന്നിന്റെ പക്ഷത്തല്ലാത്ത ഒരു നിലപാടാണ് നമുക്കാവശ്യം. പൗരനെ അടിസ്ഥാനപ്പെടുത്തിയതും, ജാതിയും മതവുമല്ലാത്തതും, ഭരണകൂട അധികാരത്തെ ജനാധിപത്യപരമായി തിരുത്താന്‍ ശ്രമിക്കുന്നതുമായ ഒരു സിവില്‍ സമൂഹ സങ്കല്പമാണ് നമുക്കാവശ്യം. അധികാര രാഷ്ട്രീയത്തിന് വെളിയില്‍ വ്യാപിച്ചു കിടക്കുന്ന സിവില്‍ സമൂഹ സ്‌പേസിലാണ് നമുക്ക് നിലയുറപ്പിക്കേണ്ടത്.

[widgets_on_pages id=”wop-youtube-channel-link”]

പൗരസമത്വ പ്രസ്ഥാനത്തിനും, നിവര്‍ത്തനപ്രസ്ഥാനത്തിനും ശേഷം അത്തരം ഒന്നിവിടെ ഉണ്ടാകേണ്ടിയിരുന്നു. നാം തുടക്കത്തില്‍ പറഞ്ഞ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ അധികാര ഘടനയെ അതിജീവിക്കുന്ന സ്വഭാവം സൃഷ്ടിക്കാനും അത്തരം ഒന്ന് നിലനില്ക്കാനും സിവില്‍ സമൂഹത്തിലാണ് കഴിയുക. സിവില്‍ സമൂഹം വികസിക്കാത്തതിനാല്‍ അരിവിപ്പുറത്തിന്റെ പ്രസക്തി ജാതിയും-മതവുമായി ചുരുങ്ങി എന്നു നാം കാണണം. ഗുരു ജാതിയെ ഉറപ്പിക്കാനല്ല പരിവര്‍ത്തിപ്പിക്കാനായിരുന്നു ശ്രമിച്ചത്. അതിന്റെ സ്വതന്ത്രമണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രസ്ഥാന ത്രയങ്ങള്‍ (സഹോദര പ്രസ്ഥാനം, പൗരസമത്വ പ്രസ്ഥാനം, നിവര്‍ത്തന പ്രസ്ഥാനം) നിലച്ചു പോയതും സിവില്‍ സമൂഹം വികസിക്കാതെ പോയതാണ് കാരണം. ജാതി ഭേദത്തിനും മതദ്വേഷത്തിനും ഇടവരാത്ത ഒരു സമൂഹ ഇടം നമുക്കാവശ്യമായിരുന്നു. അധികാരത്തെയും കൂടി ത്യജിക്കുന്ന ത്യാഗികളുടെ ഇടമാകേണ്ടിയിരുന്നു അത്. ത്യാഗികളെന്ന പൊയ്മുഖം ചാര്‍ത്തിയ സന്ന്യാസിമാര്‍ ഇന്ന് അധികാരത്തിന്റെ ശരീരങ്ങളും മൂല്യച്യുതിയുടെ ആത്മീയതയുമായി ലോകം കണ്ട തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ലിംഗം നഷ്ടപ്പെടുന്ന സന്ന്യാസിമാര്‍, ക്ഷേത്രത്തില്‍ മന്ത്രം ചൊല്ലി ബലാല്‍സംഗം ചെയ്യുന്ന ഭക്തിമാര്‍ഗം, ഹിംസയെ അനുകൂലിക്കുന്ന ആത്മീയത. സ്വര്‍ണത്താലത്തില്‍ ഭക്ഷണം കഴിക്കുന്ന അവതാരങ്ങള്‍, എല്ലാമായി തകരുകയാണ്. ഗുരുവിന്റെ സ്വതന്ത്ര ആത്മീയത അകന്നു പോയി. മതാതീതവും ജാതിരഹിതവുമായ ഗുരുവിനെ സിവില്‍ സമൂഹത്തിലേക്ക് തിരിച്ചു വിളിക്കുകയാണാവശ്യം. നവോത്ഥാനത്തിന്റെ മുന്‍ നിരയില്‍ നിന്ന ഈഴവര്‍ ഇന്ന് എല്ലാവിധ അധികാര ദുര്‍മത്തതയുടെയും ഇരയാണ്. സംവരണം നഷ്ടപ്പെടുന്നു. രാഷ്ട്രീയമായി മൂന്നു തുണ്ടുകഷണങ്ങളായി പിളര്‍ന്നു. ആത്മീയ മൂല്യച്ച്യുതിയില്‍ അന്ധതയില്‍ പെട്ടു. സ്വതന്ത്ര ചിന്തകള്‍ നശിച്ചു. സഹിഷ്ണുത പോയ് മറഞ്ഞു. ജാത്യഭിമാനം ആത്മാഭിമാനക്കൊലയില്‍ വരെ ഇന്ന് നിപതിച്ചു. സ്വന്തം സമുദായത്തിനുള്ളില്‍ ഒരു തരി ജനാധിപത്യമില്ലാതായി. ഈഴവര്‍ മൂല്യചുതിയില്‍പ്പെട്ടു. ശക്തിപ്രാപിക്കുന്നത് ചിലര്‍ മാത്രം. ജനാധിപത്യം തിരിച്ചുവരാന്‍ ഗുരുവിന്റെ വഴികളെ സിവില്‍ സമൂഹത്തിന്റെ സൗഹാര്‍ദ്ദ തിരുത്തല്‍ മണ്ഡലത്തിലേക്ക് തിരിച്ചെടുക്കണം. കാലം ആവശ്യപ്പെടുന്ന ഒരു നീക്കം അതുകൂടിയാണ്. സാമൂഹ്യ ജനാധ്യപത്യത്തിന്റെ തലത്തില്‍ ഇത് പ്രധാനമാണ്.

കുറിപ്പുകള്‍

1. ഡോ. ടി. ഭാസ്‌ക്കരന്‍ – ശ്രീ നാരായണ വൈഖരി – പ്രസാധകര്‍ കുന്നത്തുനാട് എസ്.എന്‍.ഡി.പി യോഗം, പെരുമ്പാവൂര്‍. 2010.പുറം.110
2. അതേ പുസ്തകം. പുറം. 70
3. എ. ലാല്‍സലാം. – ശ്രീ നാരായണഗുരു – മൈത്രി ബുക്ക്‌സ്, തിരുവനന്തപുരം.2012. പുറം.16
4. ഡോ. ബി.ആര്‍. അംബേദ്കര്‍. – ജാതി നിര്‍മൂലനം
5. ചാള്‍സ് കോജോ വാന്‍ഡിക് – വെസ്റ്റ് ആഫ്രിക്ക സിവില്‍ സൊസൈറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് (WACSI) ന്റെ മേധാവി. ശീതയുദ്ധത്തിനു ശേഷമുള്ള എന്‍.ജി.ഒ. സങ്കല്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇദ്ദേഹം പറയുന്ന സിവില്‍ സമൂഹ സങ്കല്പം. ഇത് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply