ഗ്രെറ്റ തൂണ്‍ബര്‍ഗിന്റെ പോരാട്ടം ശക്തമാകുന്നു.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിങ്ങള്‍ വേണ്ടത്ര രീതിയില്‍ ശ്രമിക്കുന്നില്ല’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ഗ്രെറ്റ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ സംസാരിച്ചത്. ഗ്രെറ്റയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ ഗ്രെറ്റയെ അഭിനന്ദിച്ചത്

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം കൊണ്ട് ശ്രദ്ധേയയായ സ്വീഡന്‍ സ്വദേശിനിയും പതിനാറു വയസുകാരിയുമായ ഗ്രെറ്റ തൂണ്‍ബര്‍ഗിന്റെ ചരിത്രപരമായ സമരം കൂടുതല്‍ ശക്തമാകുകയാണ്. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് ആ മുന്നേറ്റം വ്യാപിക്കുകയാണ്. യൂത്ത് ക്‌ളൈമേറ്റ് മൂവേമെന്റിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിനു മുന്നിലെ സമരവേദിയില്‍ പ്രസംഗിച്ച ഗ്രെറ്റ അമേരിക്കയുടെ ഊര്‍ജ ഉപഭോഗത്തെ ശക്തമായി വിമര്‍ശിച്ചത് കയ്യടികളോടെയാണ് ലോകം കേട്ടത്.

2018 ഓഗസ്റ്റില്‍ പഠിപ്പ് മുടക്കി സ്വീഡന്‍ പാര്‍ലമെന്റിനു മുന്നില്‍ ഒറ്റക്ക് സമരം നടത്തിയാണ് ഗ്രെറ്റ ഇന്നു ലോകത്തെ ഏറ്റവും ശക്തമായ പാരിസ്ഥിതിക മുന്നേറ്റത്തിലേക്ക് വരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉടനടി രാഷ്ട്രീയ നയസമീപനം ഉണ്ടാകണം എന്നായിരുന്നു ഗ്രെറ്റയുടെ ഒറ്റയാള്‍ സമരത്തിന്റെ ആവശ്യം. വളരെ പതുക്കെ മാധ്യമങ്ങളും യുവാക്കളും ഗ്രെറ്റയുടെ മുദ്രാവാക്യത്തിന്റെ ഗൗരവം മനസിലാക്കി. ആളുകള്‍ മുഴുവന്‍ പരിഭ്രാന്തരാകേണ്ടതുണ്ട് എന്നാണ് ഗ്രെറ്റ തന്റെ സമരത്തിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞത്. ക്യാമ്പസുകള്‍ അവളുടെ സമരാവേശത്തില്‍ ആളിപടര്‍ന്നു. പതിനാറുവയസുകാരിയായ പെണ്‍കുട്ടി യൂറോപ്പിനെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റം നടത്തി. ഗ്രെറ്റയുടെ മൂര്‍ച്ചയേറിയതും രാഷ്ട്രീയക്കാരെ കടന്നാക്രമിക്കുന്നതുമായ പ്രഭാഷണങ്ങള്‍ ക്യാമ്പസുകളെ കോരിത്തരിപ്പിച്ചു.

കാലാവസ്ഥാവ്യതിയാനത്തിനെതിരെ നയപരിപാടികള്‍ സ്വീകരിക്കണമെന്നും പാരീസ് ഉടമ്പടി അംഗീകരിക്കണമെന്നും വോട്ടവകാശം പതിനാറു വയസാക്കണമെന്നുമെന്നുള്ള മര്‍മപ്രധാനമായ ആവശ്യങ്ങളുയര്‍ത്തി യൂറോപ്പിലെ ക്യാമ്പസുകളില്‍ ആ ശബ്ദം ആളിപടര്‍ന്നു. സ്വീഡനില്‍ നിന്ന് ബെര്‍ലിനിലേക്കും അവിടെനിന്നും ലണ്ടനിലേക്കും പാരിസിലേക്കും ബ്രസ്സല്‍സിലേക്കും തുടങ്ങി യൂറോപ്പിലെ 350 ഓളം വരുന്ന നഗരങ്ങളിലേക്ക് സമരം വ്യാപിച്ചു. എല്ലായിടത്തും ആയിരകണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും നഗരങ്ങള്‍ കീഴടക്കി. ലക്ഷക്കണക്കിന് വരുന്ന ആളുകള്‍ ഐക്യപ്പെട്ട ‘സ്‌കൂള്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് മൂവ്‌മെന്റ്’ എന്ന വലിയ മുന്നേറ്റമായി അതുമാറി. യൂത്ത് ഫോര്‍ ക്‌ളൈമേറ്റ് ടുഗെതര്‍ എന്ന സംഘടനയും രൂപം കൊണ്ടു. 2018 ഡിസംബറില്‍ പോളണ്ടില്‍ വച്ച് നടന്ന ഐക്യ രാഷ്ട്ര സഭയുടെ ക്‌ളൈമേറ്റ് ചേഞ്ച് കോണ്‍ഫറന്‍സല്‍ ഗ്രെറ്റക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചു. അവരുടെ പ്രസംഗം ലോകം ഏറെ ശ്രദ്ധയോടെയാണ് കേട്ടത്.

സ്വീഡനിലെ പ്രസിദ്ധയായ ഓപ്പറ ഗായികയായ മലെനാ എമ്മന്റെ മകളാണ് ഗ്രെറ്റ. ബാല്യകാലത്തില്‍ വിഷാദരോഗം ബാധിച്ചിരുന്നതിനാല്‍ ഗ്രേറ്റക്ക് ആളുകളോട് ഇടപഴകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരിസ്ഥിതിയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും സ്‌കൂളില്‍ നിന്നും പഠിച്ച അറിവുകളുമായിട്ടാണ് ഗ്രെറ്റ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയത്. മഞ്ഞുരുകിയ പ്രകൃതിയില്‍ ധ്രുവക്കരടികളും ജീവജാലങ്ങളും നരകിക്കുന്ന കാഴ്ച തന്നെ അസ്വസ്ഥപ്പെടുത്തിയെന്നു ഗ്രെറ്റ പോരാട്ടത്തിലുടനീളം പറഞ്ഞു. തന്റെ കുടുംബത്തെയും സ്വയം തന്നെയും പാരിസ്ഥിതിക കോട്ടം തട്ടാത്ത ഉത്പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാന്‍ ഗ്രെറ്റ പഠിപ്പിച്ചു.

‘കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിങ്ങള്‍ വേണ്ടത്ര രീതിയില്‍ ശ്രമിക്കുന്നില്ല’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ഗ്രെറ്റ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ സംസാരിച്ചത്. ഗ്രെറ്റയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ ഗ്രെറ്റയെ അഭിനന്ദിച്ചത്. 139 രാജ്യങ്ങളിലായി 4638 വേദികളിലാണ് നിലവില്‍ കാലാവസ്ഥവ്യതിയാനവുമായി ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply