ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംക്ഷിപ്തരൂപം

പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3ാം വകുപ്പു പ്രകാരം അധികാരമുണ്ട്. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന്, ചില പ്രത്യേക പ്രദേശങ്ങളില്‍, വ്യവസായമോ, നിര്‍മ്മാണ പ്രവൃത്തികളോ നിരോധിക്കാവുന്നതാണ്. 1989ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമങ്ങള്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. അങ്ങിനെ 1991ലാണ് ആദ്യമായി പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശം (ESA) എന്ന സംജ്ഞ ആദ്യമായി ഉപയോഗപ്പെടുത്തിയത്.

രണ്ടാം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം ഒരിക്കല്‍ കൂടി പ്രസിദ്ധീകരിക്കുന്നു.

പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കാലാവസ്ഥാ വ്യതിയാനഫലങ്ങളും കണക്കിലെടുത്ത് ഭാരത സര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ഒരു പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ്ധ പാനലിനെ നിയമിക്കുകയുണ്ടായി. താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് പാനലിനോട് ആവശ്യപ്പെട്ടത്.

1. പശ്ചിമഘട്ട മേഖലയുടെ ഇപ്പോഴത്തെ പാരിസ്ഥിതിക സ്ഥിതി നിര്‍ണ്ണയിക്കുക
2. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിനു കീഴില്‍ വരുത്തുക.
3. മേഖലയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുക.
4. മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക.
5. ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരണത്തിനുള്ള ശുപാര്‍ശകള്‍ നല്‍കുക.
6. പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പാരിസ്ഥിതികമായ മറ്റേതെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുക.

രത്നഗിരി, സിന്ധുദുര്‍ഗ്ഗ് എന്നീ ജില്ലകളിലായി നീണ്ടുകിടക്കുന്ന തീരപ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും പാനലിനുകീഴെ കൊണ്ടുവരാനും ഗുണ്ടിയ, അതിരപ്പിള്ളി എന്നീ ജലവൈദ്യുതി പദ്ധതികളെ പ്രത്യേകമായി പരിശോധിക്കുവാനും മന്ത്രാലയം പിന്നീട് ആവശ്യപ്പെടുകയുണ്ടായി.

 

 

 

 

 

 

 

 

പരിസ്ഥിതി ദുര്‍ബ്ബലകേന്ദ്രങ്ങള്‍

പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3ാം വകുപ്പു പ്രകാരം അധികാരമുണ്ട്. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന്, ചില പ്രത്യേക പ്രദേശങ്ങളില്‍, വ്യവസായമോ, നിര്‍മ്മാണ പ്രവൃത്തികളോ നിരോധിക്കാവുന്നതാണ്. 1989ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമങ്ങള്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. അങ്ങിനെ 1991ലാണ് ആദ്യമായി പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശം (ESA) എന്ന സംജ്ഞ ആദ്യമായി ഉപയോഗപ്പെടുത്തിയത്. തുടര്‍ന്ന് വളരെയേറെ സന്ദര്‍ഭങ്ങളില്‍ ഈ പദം ഉപയോഗിക്കാനിടയായിട്ടുണ്ട്. ചില പൊതുസമൂഹ സംഘടനകളുടെ താല്‍പര്യപ്രകാരമോ അല്ലെങ്കില്‍ വന്യമൃഗ സങ്കേതങ്ങളുടെയോ ദേശീയോദ്യാനങ്ങളുടെയോ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശം സംരക്ഷിക്കണമെന്ന 2002ലെ ഇന്ത്യന്‍ വന്യജീവി ബോര്‍ഡിന്റെ പ്രമേയപ്രകാരമോ ആണ് ഇതുവരെയും ഇത്തരം മേഖലകള്‍ക്ക് രൂപംകൊടുത്തിരുന്നത്. പശ്ചിമഘട്ട മേഖലയാകെ ഒരു പാരിസ്ഥിതിക ദുര്‍ബല മേഖലയാക്കണമെന്നാണ് ഈ പാനലിന് ആവശ്യപ്പെടാനുള്ളത്. ഈ മേഖലയ്ക്ക് ആകെ ഒരു പൊതു ചട്ടക്കൂട് നിര്‍ദ്ദേശിക്കാനാവില്ല. അതുകൊണ്ട് പശ്ചിമഘട്ട മേഖലയെ ഒന്നാകെയെടുത്ത് തരംതിരിവുകളോടെ ദുര്‍ബ്ബലപ്രദേശങ്ങളായി അടയാളപ്പെടുത്തുകയാണ് നല്ലത്.

പരിസ്ഥിതി ദുര്‍ബല പ്രദേശം കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം

പരിസ്ഥിതി ദുര്‍ബല പ്രദേശം കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം അവിടെയുള്ള സ്പീഷീസുകളെ അടിസ്ഥാനപ്പെടുത്തിയും ജൈവ ആവാസ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഭൌമബാഹ്യ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുമാണ്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പ്രധാന മാനദണ്ഡം തനതു സ്ഥലത്തു മാത്രമുള്ള ജീവജാലങ്ങളുടെ (endemic species) സാന്നിദ്ധ്യമാണ്. പശ്ചിമഘട്ട പ്രദേശം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നതിനാല്‍ ഇത് ഒട്ടാകെ പരിസ്ഥിതി ദൂര്‍ബല പ്രദേശമായി (Ecologically Sensitive Area) കരുതപ്പെടേണ്ടതാണെന്നാണ് സമിതിയുടെ കാഴ്ചപ്പാട്.

 

 

 

 

 

എന്തുകൊണ്ടാണ് പശ്ചിമഘട്ടം പരിസ്ഥിതി ദുര്‍ബല പ്രദേശമാകുന്നത് ?

1. തനതു പ്രദേശത്തു മാത്രം ഉള്ളവ (endemism) :
എന്നാല്‍ ഒരു ജീവിവര്‍ഗ്ഗം(species) ഒരു ഭൂഭാഗത്തു മാത്രം കാണപ്പെടുകയും ലോകത്ത് മറ്റെങ്ങും കാണാതിരിക്കുകയും ചെയ്യുക എന്നതാണത്. പശ്ചിമഘട്ടത്തില്‍ 1500ല്‍ പരം തനത് പുഷ്പിത സസ്യങ്ങള്‍, 500 ഓളം തനതു മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവ കാണപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി തനതു ജീവജാലങ്ങളുള്ളതിനാല്‍ പശ്ചിമഘട്ട പ്രദേശം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

2. വംശനാശം നേരിടുന്ന ജീവികളുടെ സാന്നിദ്ധ്യം (endangered species) : വനത്തില്‍ വലിയ തോതിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് ഇതിലുള്‍പ്പെടുന്നത് . പശ്ചിമഘട്ടത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ധാരാളം ജീവിവര്‍ഗ്ഗങ്ങളുള്ളതിനാല്‍ പശ്ചിമഘട്ട പ്രദേശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടേണ്ടതാണ്.

3. അപൂര്‍വ്വമായ ഒരു ജീവിവര്‍ഗ്ഗം (rartiy) : ഒരു ജീവിവര്‍ഗ്ഗം ലോകത്ത് ചെറിയ തോതില്‍ മാത്രം കാണുകയും എന്നാല്‍ ഇപ്പോള്‍ വിപുലമായ വംശനാശ ഭീഷണി നേരിടാതിരിക്കുകയും, വംശനാശ ഭീഷണിക്കു വശംവദമായേക്കാത്തതും പക്ഷേ അപായ സാധ്യതയുള്ളതും ആണെങ്കില്‍ അവയെ അപൂര്‍വ്വമായി (rare) കരുതാം.

4. ഐ.യു.സി.എന്നിന്റെ (IUCN) ചുവപ്പുപട്ടിക (Redlist) യില്‍ പെടുത്തിയിട്ടുള്ളവയുടെ എണ്ണം.

5. മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുടെ ഉല്‍ഭവസ്ഥലം: മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പ്രകൃത്യായുള്ള ഉത്ഭവസ്ഥാനങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്ള പ്രദേശങ്ങള്‍. എന്നാല്‍ മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുള്ള പ്രദേശങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തേണ്ടതില്ല. അതിനാല്‍ പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി കരുതണം.

6. വന്യജീവികളുടെ ഇടനാഴി (wildlife corridor) : രണ്ടോ അതില്‍ കൂടുതലോ വന്യജീവി ആവാസ കേന്ദ്രങ്ങളെ പുരാതന കാലം മുതല്‍ക്കേ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതും ജീവികള്‍ക്ക് അതിലൂടെ ആവാസവ്യവസ്ഥകളില്‍ അന്യോന്യം കടക്കാവുന്നതുമായ പ്രദേശത്താണ് വന ഇടനാഴികള്‍.

7. പ്രത്യേക ആവാസ വ്യവസ്ഥ(specialised ecsoystem) : ജൈവവും അജൈവവുമായ ഘടകങ്ങള്‍ തമ്മില്‍ ലോലമായ പരസ്പരാശ്രിയത്വം നിലനില്‍ക്കുന്നതും, ജീവികളുടെ മെച്ചപ്പെട്ട നിലനില്‍പ്പിനും പെരുകലിനും വഴിയൊരുക്കുന്നതുമായ പ്രദേശങ്ങള്‍
8. ശുദ്ധജല ചതുപ്പുകള്‍ (fresh water swamps) : സാവധാനം ഒഴുകുന്ന അരുവികള്‍, നദികള്‍, ഒറ്റപ്പെട്ട നീര്‍കുഴികള്‍ തുടങ്ങി സസ്യങ്ങള്‍ (herbaceous vegetation) കൂടുതലായുള്ള സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ദേശാടന പക്ഷികള്‍ ഉള്‍പ്പെടെയുള്ള സമ്പുഷ്ടമായ ജന്തുവൈവിദ്ധ്യവും കാണുന്നു.
– ജാതി ചതുപ്പുവനങ്ങള്‍ (myristica swamp forests) : ഇവ തിരുവിതാംകൂറില്‍ (കേരളത്തില്‍) അരുവികളുടെ തീരങ്ങളിള്‍ ഉള്‍പ്പെടെ വ്യാപിച്ചുകിടക്കുന്നവയാണ് (300 മീറ്ററിനു താഴെ ഉയരത്തില്‍). ഈ കാടുകള്‍ സമ്പുഷ്ടമായ എക്കലടിഞ്ഞ മണല്‍പ്പരപ്പുകള്‍ (sandy alluvium) ഉള്ളവയും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വെള്ളപ്പൊക്കത്തിന് വിധേയമാകുന്നവയുമാണ്. കാണുന്ന പ്രധാന മരം മിരിസ്റിക്ക (ജാതി) ആണ്.
ഉഷ്ണമേഖല മലഞ്ചെരുവുകളിലെ ചതുപ്പു വനങ്ങള്‍ (tropical hillvalley swamp forests) : ഇവ ഹിമാലയത്തില്‍ (ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലും) കൂടാതെ പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങളിലും (ഉദാഹരണം: നീലഗിരിയിലെ വയനാട് ഫോറസ്റ് ഡിവിഷനിലെ വനപ്രദേശങ്ങളില്‍) കാണപ്പെടുന്നു.
ജാതി ചതുപ്പുവനങ്ങള്‍, ഉയരത്തിലുള്ള ചോല പുല്‍ത്തകിടികള്‍, കുന്നുകളിലെ പീഠഭൂമി തുടങ്ങി പ്രത്യേക ആവാസ വ്യവസ്ഥകള്‍ പശ്ചിമഘട്ടത്തിലുണ്ട്.

9. പ്രത്യേക പ്രജനന സ്ഥലം (special breeding site) : ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ പ്രജനനത്തിന്റെ ഏതെങ്കിലും ദിശയുമായി ബന്ധപ്പെട്ട സ്ഥലം.

10. സര്‍പ്പ കാവുകള്‍ (sacred groves) : നിരവധി വര്‍ഷങ്ങളായിട്ട് വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിച്ചിട്ടുള്ള പ്രകൃത്യായുള്ള സസ്യവ്യവസ്ഥകള്‍.

11. തണ്ണീര്‍ത്തടങ്ങള്‍ (wetlands) : ജലം മുങ്ങിക്കിടക്കുന്ന അഥവാ വെള്ളത്താല്‍ പൂരിതമായിട്ടുള്ള പ്രകൃത്യാ ഉള്ളതും മനുഷ്യനിര്‍മ്മിതവും സ്ഥിരം അല്ലെങ്കില്‍ താല്‍ക്കാലികവുമായ ഒഴുകാത്തതോ ഒഴുകുന്നതോ ആയ ജലമടങ്ങിയതും, ശുദ്ധജലം, കായല്‍, ഉപ്പുജലം കടല്‍വെള്ളം എന്നിവ ഉള്ളഭാഗങ്ങളും, വേലിയിറക്കത്തില്‍ 6 മീറ്ററില്‍ കൂടുതല്‍ താഴ്ച ഉണ്ടാകാത്തവയും തണ്ണീര്‍ത്തടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളെ മൊത്തത്തില്‍ പരിസ്ഥിതി ലോല പ്രദേശമായി സമിതി കണക്കാക്കുന്നു.

 

 

 

 

 

 

 

 

പശ്ചിമഘട്ടത്തിലെ ശേഖരിച്ചിട്ടുള്ള ഡാറ്റകള്‍ (western ghats data base)

പശ്ചിമഘട്ടം മൊത്തത്തില്‍ വിശകലനം ചെയ്ത് പ്രധാന പരിസ്ഥിതി ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വളരെ വ്യക്തവും സമഗ്രവുമായി പൊതുസമൂഹത്തിന് പ്രാപ്യമായ വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ളതാണിത്. ഇതിനെ ആധാരമാക്കി ഒരു നിശ്ചിത പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിന്റെയും പാരിസ്ഥിതിക ലോലതയുടെയും തോത് വളരെ ചിട്ടയോടുകൂടി കണക്കാക്കാനാവും.

വ്യത്യസ്ത തലങ്ങളായുള്ള സമീപനം – ESZ1, ESZ2, ESZ3

താഴെപ്പറയുന്ന അടിസ്ഥാനത്തിലാണ് ESA വേര്‍തിരിച്ചിരിക്കുന്നത്. ജൈവപരമായ ഘടകങ്ങള്‍ (ജീവജാലങ്ങളുടെ ബാഹുല്യം, അപൂര്‍വ്വ ഇനങ്ങളുടെ സാന്നിദ്ധ്യം, സ്വാഭാവിക വാസസ്ഥലങ്ങളിലെ ജൈവപിണ്ഡത്തിന്റെ ഉല്‍പ്പാദനക്ഷമത (biomass productivtiy), ജൈവവും പാരിസ്ഥിതികവുമായ ഭീഷണികളെ തരണം ചെയ്യാനുള്ള കഴിവ്, (biological/ecological resilence) സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം, ഭൌമ കാലാവസ്ഥാ ഘടകങ്ങള്‍ (ഭൂപ്രകൃതി, കാലാവസ്ഥ, പ്രകൃതിദുരന്ത സാധ്യത), പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍ എന്നിവ ഇതില്‍പ്പെടും.
വിവിധതലത്തിലുള്ള സമീപനമാണ് WGEEP നിഷ്‌കര്‍ഷിക്കുന്നത്. മാത്രമല്ല, പശ്ചിമഘട്ടത്തെ മൊത്തത്തില്‍ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു.

1. പാരിസ്ഥിതികമായി അതീവലോലപ്രദേശം(ESZ1)
2. പാരിസ്ഥിതികമായി ലോലപ്രദേശം (ESZ2)
3. താരതമ്യേന പാരിസ്ഥിതിക ലോലത കുറഞ്ഞ പ്രദേശം (ESZ3)
ഇവയെല്ലാം വന്യജീവി സംരക്ഷണ നിയമമനുസരിച്ച് തുടര്‍ന്നും സംരക്ഷിക്കപ്പെടേണ്ട സംരക്ഷിതമേഖലകളുമായി (Protected Area) പൊരുത്തപ്പെടുന്നവയായിരിക്കും. ഇത്തരത്തില്‍ WGEEP പശ്ചിമഘട്ടത്തെ മൊത്തത്തില്‍ നാലുതലങ്ങളായി തിരിച്ചിരിക്കുന്നു PAs, ESZ1, ESZ2, ESZ3. ഇതിനുവേണ്ടി പല സ്ഥലങ്ങളിലെയും പാരിസ്ഥിതികമായ ലോലതയുടെ താരതമ്യത്തോത് നിശ്ചയിക്കുന്നതിനുവേണ്ടി WGEEP പശ്ചിമഘട്ടത്തെ, 5 മിനുട്ട് ത 5 മിനുട്ട് ഗ്രിഡുകളായി തിരിച്ചിട്ടുണ്ട്. ഡാറ്റാ ബേസിലുള്‍പ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
1. തനതു സസ്യങ്ങള്‍ – തനത് സസ്യ ഇനങ്ങളുടെ എണ്ണം
2. ഐ.യു.സി.എന്‍, മാക്സിമം – ഐ.യു.സി.എന്നിന്റെ ചുവപ്പുപട്ടികയിലുള്‍പ്പെട്ട സസ്തനികളുടെ എണ്ണം
3. അദ്വിതീയമായ ആവാസവ്യവസ്ഥകളുടെ ശതമാനം ചോലവനങ്ങള്‍ പോലുള്ള നിത്യഹരിത ആവാസവ്യവസ്ഥകളുടെ ശതമാനം
4. ദോഷകരമായ ഇടപെടലുകള്‍ക്ക് താരതമ്യേന വിധേയമാകാത്ത കന്യാവനങ്ങളുടെ ശതമാനം.
5. ഉയരം
6. ചരിവ്
7. പുഴയോരവനങ്ങള്‍/ സസ്യവ്യവസ്ഥ
ഉയരക്കൂടുതല്‍, നല്ല ചരിവ്, തനതുസസ്യങ്ങളുടെ ബാഹുല്യം, വംശനാശ ഭീഷണി നേരിടുന്ന സസ്തനികള്‍, തനതായ നിത്യഹരിത ആവാസവ്യവസ്ഥകള്‍, വര്‍ദ്ധിച്ച തോതിലുള്ള പുഴയോര വനങ്ങള്‍ എന്നിവ ഒരു സംസ്ഥാനത്തെ ഏത് ഗ്രിഡിലാണോ വരുന്നത് ആ ഗ്രിഡ് ഉയര്‍ന്ന മൂല്യമുള്ളതായി കണക്കാക്കും. അതായത്, പത്തിനോടടുത്ത്. ഇക്കാരണത്താല്‍ കാര്യമായ തോതില്‍ ജൈവവൈവിദ്ധ്യമുള്ള പ്രദേശങ്ങള്‍ക്കും മൂന്നോനാലോ മൂല്യം വന്നേക്കാം, അതിനാല്‍ ഒരു ഗ്രിഡിന്റെ സംരക്ഷണമൂല്യം ഈ സ്‌കോറിന്റെ വിലയിരുത്തലിലൂടെ മാത്രം സാധ്യമല്ല. മറിച്ച് സംരക്ഷണമൂല്യമുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളുമായി താരതമ്യം ചെയ്തിട്ടാകണം. അതിനാല്‍ ESZ1 തിരഞ്ഞെടുക്കുന്നതിന് WGEEP സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഇതാണ്. സംരക്ഷിതപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ ഗ്രിഡുകളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ലഭിച്ച ഗ്രിഡിന്റെ സ്‌കോറെങ്കിലും ലഭിച്ചതായിരിക്കും ESZ1 ആകുക.

 

 

 

 

 

 

 

 

വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

* ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പാടില്ല.
* പ്ലാസ്റ്റിക് ഉപയോഗം മൂന്നു വര്‍ഷം കൊണ്ട് നിര്‍ത്തണം.
* മേഖല 1 അഞ്ചുവര്‍ഷംകൊണ്ടും, മേഖല 2 എട്ടു വര്‍ഷംകൊണ്ടും, മേഖല 3 പത്തുവര്‍ഷംകൊണ്ടും ജൈവകൃഷിയിലേക്ക് മാറണം.
* പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹില്‍സ്റ്റേഷനോ പാടില്ല.
* പൊതുഭൂമി സ്വകാര്യവത്കരിക്കാന്‍ പാടില്ല.
* മേഖല 1-ലും 2-ലും വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. * കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. * മേഖല 3-ല്‍ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തു കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
* പഞ്ചായത്ത് തലത്തിലുള്ള വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികള്‍ ഉണ്ടാക്കണം.
* തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹാഹനം കൊടുക്കണം.
* ഏകവിളത്തോട്ടങ്ങള്‍ പാടില്ല.
* മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ മേഖല 1-ലെ ഖനനം നിര്‍ത്തണം. നിയന്ത്രണ വിധേയമായി മേഖല 2-ല്‍ ഇപ്പോഴുള്ള ഖനനവും മേഖല 3-ല്‍ പുതിയ ഖനനവും ആവാം.
* വികേന്ദ്രീകൃത സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങുക.
* റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂ. ഇവയില്‍ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.
* പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിര്‍മ്മാണം. സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. എല്ലാ മേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊര്‍ജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.
* പുഴകളുടെ തിരിച്ചുവിടല്‍ അനുവദിക്കരുത്.
* വനാവകാശനിയമം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഫോറെസ്‌റ് റിസര്‍വ് എന്ന സംവിധാനം നടപ്പാക്കുക.
* മേഖല 1-ല്‍ മണല്‍വാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നല്‍കരുത്.
* മേഖല 1-ലും 2-ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ പുതുതായി അനുവദിക്കരുത്.
* മേഖല 1-ല്‍ 10 മെഗാവാട്ടില്‍ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികളാവാം. വലിയ കാറ്റാടി പദ്ധതികള്‍ പാടില്ല. മേഖല 2-ല്‍ 15 മീറ്റര്‍ കവിയാത്ത അണക്കെട്ടുകള്‍ ആവാം. 10-25 മെഗാവാട്ട് വരെയുള്ള ജലവൈദ്യത പദ്ധതികള്‍ ആവാം.
* കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ 30-50 വര്‍ഷമെടുത്ത് ഡീക്കമ്മീഷന്‍ ചെയ്യണം.
ഇവയ്ക്കു പുറമെ തനതു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് പരിരക്ഷണ സേവനത്തിനുള്ള കൂലി (രീിലെൃ്മശേീി ലെൃ്ശരല രവമൃഴല) നല്‍കണമെന്നും, കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതി ക്ലബ്ബുകളുടെ സേവനം മുതലെടുക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകള്‍ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടാണ് സമിതി എടുത്തത്.

പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി

1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം അധികാരങ്ങളുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമിച്ച ഒരു അതോറിറ്റിയായിരിക്കണം ഇത്. ആറു സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന മേഖലയായതുകൊണ്ട് അതത് സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും യോജിച്ച് വേണം സംസ്ഥാന പശ്ചിമഘട്ട അതോറിറ്റിയായി അത് പ്രവര്‍ത്തിക്കാന്‍. സംസ്ഥാന ജൈവവൈവിദ്ധ്യബോര്‍ഡ് മലിനീകരണ നിയന്ത്രണബോര്‍ഡ്, സംസ്ഥാന ആസൂത്രണവകുപ്പ് എന്നിവയോടും യോജിച്ചുവേണം പ്രവര്‍ത്തിക്കണം. പശ്ചിമഘട്ട വികസന പദ്ധതികളെല്ലാം സംസ്ഥാനസര്‍ക്കാരുകള്‍ അതോറിറ്റികളോടു ചര്‍ച്ച ചെയ്തുവേണം നടപ്പിലാക്കാന്‍.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന ഉന്നതാധികാര കമ്മറ്റിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പരിചരിക്കപ്പെടുന്നത്. പലപ്പോഴും ആവശ്യമായ അധികാരങ്ങളുടെ അഭാവത്താല്‍ കുറ്റമറ്റ കാര്യനിര്‍വ്വഹണം ഇക്കാര്യത്തില്‍ സാധ്യമാകുന്നില്ല. പലേടത്തും ഇത്തരം ഉന്നതാധികാര സമിതികള്‍ തന്നെ പ്രാബല്യത്തിലില്ല, ഏറെക്കാലത്തോളമായിട്ട് എല്ലാ പശ്ചിമജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികള്‍ക്ക് രൂപംകൊടുക്കണമെന്നാണ് പാനല്‍ നിര്‍ദ്ദേശിക്കുന്നത്. ജില്ലാ പരിസ്ഥിതി സമിതി, ജില്ലാ പരിഷത്, ജില്ല ആസൂത്രണ സമിതി, ജൈവവൈവിദ്ധ്യ ബോര്‍ഡ് എന്നിവയുമായും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.
സുതാര്യത, തുറന്ന സമീപനം എന്നിവയൊക്കെയായിരിക്കണം അതോറിറ്റി ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍. ജില്ലയിലെ പരിസ്ഥിതിയുടെ പുരോഗതിക്കു വേണ്ടി യത്നിക്കുന്ന പൗരസമിതികളുടെ പുനഃസംഘടന ഇതിനുവേണ്ടിയുള്ള നല്ലൊരുമുന്നേറ്റമായിരിക്കും. അടിസ്ഥാനഘടകങ്ങളുടെ പുരോഗതിക്കും സുസ്ഥിര വികസനത്തിനും ഈ സമിതിക്ക് നല്ലൊരു പങ്കുവഹിക്കാന്‍ കഴിയും. എല്ലാ ജില്ലകളിലും ഒരു പരിസ്ഥിതി ഓംബുഡ്സ്മാനെ നിയമിക്കാനും അതോറിറ്റിക്കു കഴിയും. പരിസ്ഥിതി ആഘാത പഠനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്കായി അതോറിറ്റി നേതൃത്വം നല്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply