വന്ദന കട്ടാരിയ മുതല്‍ രമ്യാഹരിദാസ് വരെ : ഇതല്ലാതെ മറ്റെന്താണ് മനുസ്മൃതി

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു അനുദിനം പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ട ഒന്ന് ദളിത് പീഡനമല്ലാതെ മറ്റെന്താണ്? പീഡിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നവരില്‍ വലിയൊരു ഭാഗവും ദളിതര്‍ തന്നെ. ഏറെ കോലാഹലമുണ്ടാക്കിയ ഹഥ്‌റസ് കൂട്ടബലാല്‍സംഗത്തിനു ശേഷവും അതില്‍ കുറവില്ല. ഇക്കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നുകളഞ്ഞത് ശ്മശാനം നടത്തിപ്പുകാരനായ പുരോഹിതനായിരുന്നു. അതു മാത്രമല്ല അയാള്‍ ചെയ്തത്, വീട്ടുകാരെ നിര്‍ബന്ധിച്ച് പെട്ടന്നുതന്നെ മൃതദേഹം സംസ്‌കരിച്ചു. പ്രതിയാരാണെന്നു വ്യക്തമായിട്ടും പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ നിര്‍ഭയയുടെ മാതാവടക്കം രംഗത്തിറങ്ങിയിട്ടുണ്ട്. തൊട്ടുകൂട്ടായ്മ നിലനില്‍ക്കുന്നതിനാല്‍ ഒരു ബ്രാഹ്മണന്‍ ദളിത് സ്ത്രീയെ ബലാല്‍സംഗം ചെയ്യില്ല എന്ന കോടതിവിധി നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത് എ്ന്നതും ഓര്‍ക്കാവുന്നതാണ്.

ടോക്യോ ഒളിബിക്‌സില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുകയാണല്ലോ. അത് നടക്കട്ടെ. എന്നാല്‍ ഏറ്റവും അപമാനകരമായ ഒരു സംഭവവും ഈ ഒളിബിക്‌സുമായി ബന്ധപ്പെട്ടുണ്ടായെന്നതും ഒപ്പം പറഞ്ഞേ പറ്റൂ. വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹരിദ്വാറിലെ റോഷിദാബാദ് ഗ്രാമത്തിലെ താരം വന്ദന കട്ടാരിയയുടെ വീടിന് മുന്നില്‍ സവര്‍ണ്ണരായ രണ്ട് യുവാക്കള്‍ പടക്കം പൊട്ടിച്ച്, പരിഹാസ രീതിയില്‍ നൃത്തം ചെയ്യുകയും വന്ദനയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവം തമാശപോലെ തള്ളിക്കളയാവുന്നതല്ല. കൂടുതല്‍ ദളിതര്‍ ടീമിലുള്ളതാണ് ഇന്ത്യയ്ക്ക് തോല്‍വി സംഭവിച്ചത് എന്നാണവര്‍ വിളിച്ചു പറഞ്ഞത്. ഹോക്കിയില്‍ നിന്നു മാത്രമല്ല എല്ലാ കായിക ഇനത്തില്‍ നിന്നും ദളിതരെ അകറ്റി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഒരു താരത്തിനെതിരെയാണ് ഈ ആക്രോശം എന്നതു കൂടി ശ്രദ്ധിക്കേണ്ടതാണ്.

ഇതു നടന്നത് അങ്ങു വടക്കാണെങ്കില്‍ ഇങ്ങു തെക്കു കേരളത്തില്‍ ഏതാനും ദിവസം മുമ്പ് നടന്ന ഒരു സംഭവമോ? പാലക്കാട്ടെ ഒരു ഹോട്ടലില്‍ പാഴ്‌സല്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഇരുന്നതിന്റെ പേരില്‍ ഒരു എം പിയായിട്ടും ദളിത് വിഭാഗത്തില്‍ പെട്ട രമ്യ ഹരിദാസ് നേരിട്ട ആക്ഷേപങ്ങള്‍ എന്തൊക്കെയായിരുന്നു. സമീപദിവസങ്ങളില്‍ തന്നെ എത്രയോ പരിപാടികളുമായി ബന്ധപ്പെട്ട് എത്രയോ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന വാര്‍ത്തകള്‍ കാണുന്നു. അവര്‍ക്കൊന്നും നേരിടേണ്ടിവരാതിരുന്ന അധിക്ഷേപങ്ങളാണ് രമ്യ നേരിട്ടത്. കോണ്‍ഗ്രസ്സിലെ തന്നെ മറ്റേതെങ്കിലും നേതാവാണെങ്കില്‍ ഇത്തരമൊരനുഭം ഉണ്ടാകുമോ? ഇതുപോലെ അനുമതിയില്ലാതെ 10 മിനിട്ടോളം വീഡിയോ എടുക്കാന്‍ ഡെലിവറി ബോയ്ക്ക് ധൈര്യമുണ്ടാകുമോ? ഈ വ്യത്യാസത്തിനു കാരണം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മനുസ്മൃതി എന്ന്. രമ്യാഹരിദാസാകട്ടെ നിരന്തരമായി ഇത്തരം അധിക്ഷേപങ്ങളാണ് നേരിടുന്നത്. ഹരിദ്വാറിലായാലും കേരളത്തിലായാലും ഗുജറാത്തിലായാലും ബംഗാളിലായാലും ഒരു വലിയ വിഭാഗത്തെയും നയിക്കുന്ന രാഷ്ട്രീയ സംഹിതയും ഭരണഘടനയും മനുസ്മൃതിയാണ്. അതനുസരിച്ച് സ്ത്രീക്കും ദളിതനും നിഷേധിച്ചിരിക്കുന്ന മേഖലകളിലാണ് വന്ദനയും രമ്യയും പ്രവേശിച്ചത്. അതംഗീകരിക്കാന്‍ അറിഞ്ഞും അറിയാതേയും അതിന്റെ ഉപാസകരായവര്‍ക്കു കഴിയുന്നതെങ്ങിനെ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു ന്യായീകരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യമതല്ലല്ലോ. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു അനുദിനം പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ട ഒന്ന് ദളിത് പീഡനമല്ലാതെ മറ്റെന്താണ്? പീഡിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നവരില്‍ വലിയൊരു ഭാഗവും ദളിതര്‍ തന്നെ. ഏറെ കോലാഹലമുണ്ടാക്കിയ ഹഥ്‌റസ് കൂട്ടബലാല്‍സംഗത്തിനു ശേഷവും അതില്‍ കുറവില്ല. ഇക്കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നുകളഞ്ഞത് ശ്മശാനം നടത്തിപ്പുകാരനായ പുരോഹിതനായിരുന്നു. അതു മാത്രമല്ല അയാള്‍ ചെയ്തത്, വീട്ടുകാരെ നിര്‍ബന്ധിച്ച് പെട്ടന്നുതന്നെ മൃതദേഹം സംസ്‌കരിച്ചു. പ്രതിയാരാണെന്നു വ്യക്തമായിട്ടും പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ നിര്‍ഭയയുടെ മാതാവടക്കം രംഗത്തിറങ്ങിയിട്ടുണ്ട്. തൊട്ടുകൂട്ടായ്മ നിലനില്‍ക്കുന്നതിനാല്‍ ഒരു ബ്രാഹ്മണന്‍ ദളിത് സ്ത്രീയെ ബലാല്‍സംഗം ചെയ്യില്ല എന്ന കോടതിവിധി നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത് എ്ന്നതും ഓര്‍ക്കാവുന്നതാണ്.

ജാതിയെ മറികടന്നു എന്നൊക്കെ അഹങ്കരിക്കുന്ന കേരളത്തിലും ഇത്തരം ജാതീയ അധിക്ഷേപങ്ങളും സ്ത്രീപീഡനങ്ങളും ഒറ്റപ്പെട്ട ഒന്നല്ലല്ലോ. ഐതിഹാസികപോരാട്ടം നടന്ന ചരിത്രമുള്ള വൈക്കത്ത് കഴിഞ്ഞാഴ്ച ഉണ്ടായ സംഭവം നോക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിനോടനുബദ്ധിച്ചുള്ള ശ്രീകൃഷ്ണന്‍ കോവിലില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ച ഉണ്ണി പൊന്നപ്പന്‍ എന്ന ഈഴവനെ അധിക്ഷേപിക്കുകയും ശ്രീകോവിലിന്റെ താക്കോല്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തല്ലോ. അര്‍ദ്ധനഗ്നനായാണല്ലോ പൂജാരി പൂജകള്‍ നിര്‍വ്വഹിക്കുക. അപ്പോള്‍ ആ ശരീരത്തില്‍ പൂണൂല്‍ കാണാതിരിക്കുക എന്നത് അംഗീകരിക്കാന്‍ ഇപ്പോഴും നാം തയ്യാറല്ല എന്നര്‍ത്ഥം. ഈ പൂണൂല്‍ മനുസ്മൃതിയുടെ പ്രതീകമല്ലാതെ മറ്റെന്താണ്? ഈ സംഭവത്തില്‍ സര്‍ക്കാരിനു പങ്കില്ലെന്നു വാദിക്കാം. എന്നാല്‍ 2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനം നോക്കൂ. മലയാളി ബ്രാഹ്മണര്‍ക്കു മാത്രമേ ശബരിമല / മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം പരസ്യം ചെയ്തത്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വിവേചനം പാടില്ലെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ദേവസ്വം ശാന്തിനിയമനങ്ങളില്‍ മലയാള ബ്രാഹ്മണര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യവും കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നിട്ടും തീരുമാനത്തില്‍ നിന്ന് ദേവസ്വം പിന്മാറിയിട്ടില്ല. ജാതി സംവരണത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും നിലപാടുള്ളവരാണ് ഇവിടെ സവര്‍ണ്ണ ജാതി സംവരണത്തെ അനുകൂലിക്കുന്നതെന്നതാണ് മറ്റൊരു വൈരുദ്ധ്യം. ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും ആത്യന്തികമായി ഇവരെല്ലാം എതിരാണ്. എല്ലാ മനുഷ്യരും ആത്യന്തികമായി തുല്ല്യരാണെന്നും ആകണമെന്നുമുള്ള ആധുനിക ജനാധിപത്യബോധം നിലനില്‍ക്കുമ്പോഴാണ് അധികാരത്തിന്റേതുമുതല്‍ പൗരോഹിത്യത്തിന്റേതു വരെയുള്ള പല മേഖലകളിലും ജാതിയുടെ പേരില്‍ ചില വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. അതിന്റെ പേരുതന്നെയാണ് മനുസ്മൃതി. ഈ കുറിപ്പെഴുതി കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂില്‍ ദളിത് യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ ആദിവാസികളെ പോലീസും ക്രൂരമായി മര്‍ദ്ദിച്ച വാര്‍്തതകളുടെ വിശദാംശങ്ങള്‍ വരുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റു സംസ്ഥാനങ്ങളെപോലെ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ മിക്കമേഖലകളിലും ഇപ്പോഴും ദളിതര്‍ക്കും സ്ത്രീകള്‍ക്കും അയിത്തം തന്നെയാണ് നിലനില്‍ക്കുന്നത്. ഇനിയും ഒരു ദളിത് മുഖ്യമന്ത്രി വനിതാമുഖ്യമന്ത്രിയോ ഉണ്ടായിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും വ്യത്യസ്ഥമല്ല. വി എസിനേയും പിണറായിയേയും പോലെ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ തങ്ങളുടെ നേതൃത്വത്തിലെത്തിയതായി പല സിപിഎം പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നുണ്ട്. അത്രയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലവിലെ സൂചനയനുസരിച്ച് വരുംകാലനേതൃത്വം സവര്‍ണ്ണവിഭാഗത്തില്‍ നിന്നുതന്നെയാകാനാണ് സാധ്യത. സീനിയര്‍ നേതാവായിട്ടും കെ രാധാകൃഷ്ണന് അപ്രധാന വകുപ്പുകള്‍ നല്‍കിയത് നല്‍കുന്ന സൂചന അതുതന്നെയാണ്. കോണ്‍ഗ്രസ്സിലും സ്ഥിതി വ്യത്യ്സ്ഥമല്ല. സീനിയര്‍ നേതാവും നിരവധി തവണ എംപിയും കേന്ദ്ര മന്ത്രിയും ആയിരുന്ന കൊടിക്കുന്നില്‍ സുരേഷ,് തനിക്കും കെപിസിസി പ്രസിഡന്റാകാന്‍ അര്‍ഹതയുണ്ട് എന്ന് പറഞ്ഞതിന് കോണ്‍ഗ്രസുകാരാല്‍ പോലും അവഹേളിക്കപ്പെട്ട വാര്‍ത്തകള്‍ ഏറെ കണ്ടല്ലോ.

തന്റെ കീഴിലുള്ള സവര്‍ണ്ണ പോലീസുകാരനോട് സെല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് ദളിത് സമൂഹത്തില്‍ പെട്ട എസ് ഐ സോമന്‍ കൊല്ലപ്പെട്ട് ഏതാനും വര്‍ഷങ്ങളായെങ്കില്‍ സമാന സാഹചര്യത്തില്‍ പോലീസുകാരനായിരുന്ന ഒരു ആദിവാസി യുവാവ് അത്മഹത്യ ചെയ്ത് അധികകാലമായില്ല. രജിസ്‌ട്രേഷന്‍ ഐജിയായിരുന്ന ദലിതന്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കസേരയും മുറിയും പുണ്യാഹം തളിച്ച് ശുചീകരിച്ച സംഭവവുമുണ്ടായി. വിനായകന്‍, മധു, ജിഷ, കെവിന്‍, ആതിര, അനീഷ് തുടങ്ങി എത്രയോ സമീപകാല സംഭവങ്ങളിലെ പ്രധാന ഘടകം ജാതിയായിരുന്നു. പലയിടത്തും ഉയരുന്ന ജാതിമതിലുകള്‍ക്കും പ്രത്യക്ഷമായ അയിത്തത്തിനും ഇന്നും കേരളം വഹിക്കുന്നു. വിവാഹങ്ങളിലെ പ്രധാന ഘടകവും ജാതി തന്നെ. ദളിത് വിഭാഗങ്ങളെ ഒഴിച്ച് ജാതിരഹിത വിവാഹത്തിനു തയ്യാറായ പുരോഗമനവാദികളുടെ നാടുകൂടിയാണ് കേരളം. ചില ശ്മശാനങ്ങളില്‍ പോലും ജാതി പരിഗണനകള്‍ നിലനില്‍ക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഭരണഘടനാപരമായ അവകാശം നിഷേധിച്ച് ദളിതര്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുന്നു. ശ്രീകോവിലിനകത്തുമാത്രമല്ല പുറത്തും ക്ഷേത്രകലകളിലും മറ്റും അയിത്തം ശക്തം തന്നെ. തൊട്ടടുത്ത തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും ഉണ്ടായിട്ടുപോലും സ്ത്രീകള്‍ പൂജാരികളാകുന്ന കാലം കേരളത്തില്‍ സങ്കല്‍പ്പിക്കാറായിട്ടില്ല. എന്തിനേറെ, നമ്മുടെ ഭാഷാപ്രയോഗങ്ങളില്‍ പോലും ദളിത്, സ്ത്രീവിരുദ്ധതയും വംശീയതയും വര്‍ഗ്ഗീയതയും കൊണ്ട് സമ്പുഷ്ടമാണ്.

ഇതെല്ലാം തെറ്റാണെന്നു പറയുമ്പോഴും ഒറ്റപ്പെട്ട സംഭവമാണെന്നും എളുപ്പം പരിഹരിക്കാവുന്നതാണെന്നും ധരിച്ചിരിക്കുന്ന വലിയൊരു വിഭാഗത്തെ നിരന്തരമായി കാണാറുണ്ട്. തികച്ചും മിഥ്യയായ ഒരാഗ്രഹമാണത്. സഹസ്രാബ്ദങ്ങളായി ഈ ഭൂപ്രദേശത്തിന്റെ ഭരണഘടനയായിരുന്ന മനുസ്മൃതിയുടെ മൂല്യങ്ങള്‍ ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. നവഫാസിസ്റ്റുകളാകട്ടെ അതിനെ തിരിച്ചുപിടിക്കാനുള്ള തീവ്രമായ നീക്കങ്ങളിലുമാണ്. ഫാസിസത്തെ കുറിച്ചു പറയുമ്പോള്‍ എല്ലാവരും പറയുന്ന ഹിറ്റ്‌ലര്‍ക്കും മുസോളനിക്കും പോലും ഇത്രമാത്രം ശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം തിരിച്ചറിഞ്ഞായിരുന്നു മനുസ്മൃതി കത്തിച്ചുകൊണ്ടുള്ള സമരം തന്നെ നടത്താന്‍ ഡോ അംബേദ്കര്‍ തയ്യാറായത് എന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply