ജാതിയെക്കുറിച്ച് അഞ്ച് മിത്തുകള്‍

സവര്‍ണ ജാതിവിഭാഗങ്ങള്‍ ശക്തമായ ഇടങ്ങളിലെല്ലാം ജാതി സൗകര്യപ്രദമായി ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. ഇത്തരം ഇടങ്ങളില്‍ ജാതിയുടെ ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയുമില്ല എന്നുമാത്രമല്ല ജാതിവിവേചനം ഗൗരവതരമായ പ്രശ്‌നമല്ലെന്ന് കരുതിപ്പോരുകയും ചെയ്യുന്നു. ലളിതമായി പറഞ്ഞാല്‍, സവര്‍ണ ഭാവനയില്‍നിന്ന് ജാതി ഇല്ലാതാകുമ്പോഴും, ജാതി വിവേചനപരമായ ഘടകങ്ങളെ സവര്‍ണര്‍ സൂക്ഷ്മമായി കൊണ്ടുനടക്കുന്നു. സവര്‍ണര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയില്‍ ജാതി അനാദികാലം തൊട്ടേ ജീവിതത്തെയും ഉപജീവനത്തെയും രൂപപ്പെടുത്തിയിട്ടുള്ള സര്‍വവ്യാപിയായ ഒന്നാണ്. ഒരാളുടെ ദൈനംദിന ഇടപെടലുകളില്‍ ജാതി അധീശത്വ ബോധ്യങ്ങള്‍ നിലനില്‍ക്കുന്നത് വളരെ സര്‍വ സാധാരണമാണ്. ഈ പട്ടിക, ഏതാനും ജാതീവിവേചന മിത്തുകളെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നു.

01. ജാതി എന്നത് ഒരു പഴയ കാര്യമാണ്

ഒരാള്‍ അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന ഏറ്റവും സാധാരണമായ മിത്തുകളില്‍ ഒന്നാണിത്. ചില ഭരണഘടനാ സംരക്ഷണ നയങ്ങള്‍ കാരണം സ്വതന്ത്രാനന്തര ഇന്ത്യയില്‍ ജാതി ഇല്ലാതാക്കപ്പെട്ടു എന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഈ വാദം ഉടലെടുക്കുന്നത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനത്തിന്റെ ഘടനയാണ് ജാതി എന്നതാണ് വസ്തുത. ഇന്ത്യയുടെ മാത്രമല്ല മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും സാമൂഹ്യഘടനയില്‍ ഇത് വളരെയധികം അന്തര്‍ലീനമായിരിക്കുന്നു. തൊഴില്‍, വിദ്യാഭ്യാസം, സമുദായങ്ങളുടെ വിഭവാധികാരം എന്നിവയിലേക്കുള്ള അവസരങ്ങളുടെ തോത് ഇത് നിര്‍ണ്ണയിക്കുന്നു. നമ്മള്‍ എവിടെയാണ് ജീവിക്കുന്നത്, നമ്മുടെ ബന്ധങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, നമുക്ക് എത്രത്തോളം സാമൂഹിക ചലനാത്മകത ലഭിക്കുന്നു എന്നിവയടക്കം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളെല്ലാം ജാതി രൂപപ്പെടുത്തുന്നു.

ഇന്ത്യന്‍ ദേശ രാഷ്ട്രത്തില്‍ ദലിത്, ബഹുജന്‍, ആദിവാസി സമുദായങ്ങള്‍ ജാതി അക്രമത്തിന്റെ തുടര്‍ച്ചയിലാണ് പിറവി കൊള്ളുന്നത്. ഞാന്‍ ഇത് എഴുതുമ്പോഴും, നിങ്ങളിത് വായിക്കുമ്പോഴും അത് തുടരുന്നു. ഈ സമുദായങ്ങളിലെ അംഗങ്ങളെ അവരുടെ സ്വത്വപദവി കാരണം വ്യാപകമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ ബ്രാഹ്മണ്യ ശക്തികളുടെ കൈവശമുള്ള മാധ്യമങ്ങള്‍ മിക്കവാറും റിപ്പോര്‍ട്ട് ചെയ്യാറില്ല. വൈജ്ഞാനിക ഇടങ്ങളില്‍ ദലിത്-ബഹുജന്‍ സമുദായങ്ങളെ മുന്‍വിധിയോടെ പരിഗണിക്കുന്നത് മുതല്‍ വീട്ടുജോലിക്കാരോട് പ്രകടിപ്പിക്കുന്ന രക്ഷാധികാരി ബോധം വരെ നീളുന്ന ആക്രമണോത്സുകത കുറഞ്ഞ രൂപങ്ങളിലും ജാതി വിവേചനം കാണുന്നു. അതിനാല്‍, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജാതിയുടെ സമഗ്രമായ ഈ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, സവര്‍ണര്‍ക്ക് ഇത് അദൃശ്യമാക്കാന്‍ കഴിയില്ല. ഈ കാലത്തും ജാതിവിവേചനം നിലനില്‍ക്കുന്നു.

02. ജാതി ഗ്രാമങ്ങളില്‍ മാത്രം നിലനില്‍ക്കുന്നു

സവര്‍ണര്‍ ഈ വാദത്തെ എടുത്തു പ്രയോഗിക്കുകയും അതേ സമയം പൂണൂലും കുറിയടയാളങ്ങളും അടക്കമുള്ള അവരുടെ ജാതി അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഭീകരമായ ശാരീരിക ആക്രമണത്തിന്റെ രൂപത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ എന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഈ വാദം ഉയര്‍ന്നുവരുന്നത്. എന്നിരുന്നാലും,ജാതി എത്രമാത്രം ഗ്രാമീണ പ്രതിഭാസമാണോ അത്രത്തോളം ഒരു നഗര പ്രതിഭാസവുമാണ്.

മുഖ്യധാരാ ഭാവനയില്‍ ജാതി, വ്യക്തിസ്വത്വത്തിന്റെ പ്രധാന അടയാളമാകുന്നത് ഗ്രാമങ്ങളില്‍ മാത്രമാണ്. ഇതിനു നേര്‍വിപരീതമായി ജാതിശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് പോലും പൊതു ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാനാവുന്ന, ജീവിതത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന വിമോചനത്തിന്റെ വിളനിലമായിട്ടാണ് നഗരങ്ങളെ പലപ്പോഴും കാണുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗവേഷണത്തിന്റെ പിന്തുണ വളരെ കുറച്ചുമാത്രം ലഭിച്ചിട്ടുള്ള പൂര്‍വകാല സ്മരണയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്

ജാതിയുടെ അടിസ്ഥാനത്തില്‍ പാര്‍പ്പിടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് ആധുനിക ഇന്ത്യയുടെ ഒരു പ്രധാന സവിശേഷതയാണ്.ഇന്ത്യയിലെ നഗരങ്ങളില്‍, ദലിത് വിഭാഗങ്ങള്‍ കൂട്ടമായി താമസിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളായ ശൗചാലയം, ശുദ്ധജല വിതരണം എന്നിവയിലെല്ലാം ഈ പരിസരങ്ങളില്‍ ജീവിക്കുന്നവര്‍ വിവേചനം അനുഭവിക്കുന്നു. കൂടാതെ, ദലിതുകളെ അസംഘടിത മേഖലയിലെ ശുചീകരണത്തൊഴില്‍ അടക്കമുള്ള, ആത്മാഭിമാനമുയര്‍ത്താന്‍ കഴിയാത്ത തൊഴിലുകളിലേക്ക് തരംതാഴ്ത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള തൊഴില്‍ഘടനയും നഗരങ്ങളില്‍ സജീവമാണ്. ഇത്തരത്തിലുള്ള വേര്‍തിരിക്കലിന്റെ പ്രയോഗത്തില്‍ തൊട്ടുകൂടായ്മയുടെ വേരുകളുണ്ട്.

നഗരങ്ങളില്‍ ജാതി കൂടുതല്‍ രഹസ്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യഘടനയുടെ വിഭജന സ്വഭാവം കാരണം നിരവധി ഇന്ത്യന്‍ ഭാഷകള്‍ വ്യത്യസ്ത സമുദായങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് സംസാരിക്കുന്നത്. ഇത് അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളുടെ അന്യവത്കരണത്തിന് കാരണമാകുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സ്വജാതി വിവാഹം നഗരങ്ങളില്‍ ജാതി അധീശത്വം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ പ്രധാന ഉദാഹരണമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

03. സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കണം

സവര്‍ണര്‍ തൊഴില്‍, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ മേഖലകളിലുള്ള സംവരണത്തെക്കുറിച്ച് എല്ലായ്‌പ്പോഴും മോങ്ങുന്നു. സംവരണ നയങ്ങള്‍ യോഗ്യതയുടെ വില കുറയ്ക്കുന്നുവെന്നും അവ വിപരീത ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വരെ പറയുന്ന നിലയിലേക്ക് അവര്‍ നീങ്ങുന്നു. ഇവ അപകടകരമായ തെറ്റിദ്ധാരണകളാണ്.

സഹസ്രാബ്ദങ്ങളായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ആസൂത്രിതമായ ഒരു മാര്‍ഗമാണ് സംവരണ നയങ്ങള്‍ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അവ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. നമ്മുടെ രാജ്യത്ത് മെറിറ്റ് ഒരു മിഥ്യയാണ്. സ്വാഭാവികമായും വിഭവങ്ങളിലേക്കും അവസരങ്ങളിലേക്കുമുള്ള ഓരോരുത്തരുടെയും അധികാരത്തെ അവരുടെ ജാതി നിര്‍ണ്ണയിക്കുന്നതു കൊണ്ടാണ് ഒരു വ്യക്തി എത്രമാത്രം ‘മികവ് പുലര്‍ത്തുന്നു’ എന്നത് മിഥ്യയാകുന്നത്. സവര്‍ണ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന പദവി അതിന്റെ ഗുണഭോക്താക്കളെ അവരുടെ പരമ്പരാഗത ജാതി മൂലധനത്തെ ഉപയോഗിക്കാനും ആധുനികമായ ഔദ്യോഗിക സ്വത്വമായി അതിനെ പരിവര്‍ത്തനം ചെയ്യാനും അനുവദിക്കുമ്പോഴും ജാതി അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നില്ലെന്ന് അവര്‍ നടിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, സാമൂഹ്യ സാമ്പത്തിക ഘടനകളിലുടനീളം വികസനത്തിന് സാധിക്കാതെ കീഴാളര്‍ അവരുടെ ജാതിസ്വത്വം ജീവിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.

04. സ്വത്വരാഷ്ട്രീയത്തിന്റെ അപകടകരമായ രൂപമാണ് ദലിത് ബഹുജനങ്ങളുടെ ജാതിവാദം

ഒരു പ്രത്യേക മതത്തിന്റേയോ വംശത്തിന്റേയോ സാമൂഹിക പശ്ചാത്തലത്തിന്റേയോ അടിസ്ഥാനത്തില്‍ ആളുകള്‍ പ്രത്യേക രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കി പരമ്പരാഗതവും വിശാലവുമായ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രവണതയെ ആണ് ‘സ്വത്വ രാഷ്ട്രീയം’ എന്ന് സൂചിപ്പിക്കുന്നത്. ബ്രാഹ്മണ മേധാവിത്വത്തിന് ഭീഷണിയാണ് എന്നുള്ളതുകൊണ്ട് പലപ്പോഴും ഈ പ്രയോഗം അവഹേളനപരമായി ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ചും ജാതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍. ഇത് അപകടകരമായതും വിഘടന സ്വഭാവമുള്ളതുമായി കണക്കാക്കപ്പെടുന്നു. എന്തുതന്നെ ആയാലും, ദലിത് ബഹുജന്‍ സമുദായങ്ങള്‍ അവരുടെ സ്വത്വം വിളിച്ചു പറയുമ്പോള്‍ അത് ബ്രാഹ്മണ്യക്രമത്തെ ആകമാനം ഇൡമറിക്കുന്നുണ്ട്.

കാന്‍ഷി റാം ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ ദലിത്ബഹുജന്‍ രാഷ്ട്രീയ വാദങ്ങള്‍ അവഹേളിക്കപ്പെടുന്നുണ്ട്. ‘സ്വത്വരാഷ്ട്രീയ’ത്തിന്റെ ആശയ മണ്ഡലങ്ങള്‍ ജാതി സംവരണത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ മാത്രമായി ബോധപൂര്‍വം ചുരുക്കപ്പെട്ടു.

ജാതി, മത, പ്രാദേശിക സ്വത്വം അവകാശപ്പെടുക എന്നതിലുപരി സമൂഹത്തിലെ അധികാര ഘടനക്കുള്ളില്‍ ഭൗതിക നേട്ടങ്ങള്‍ നേടുന്നതിനായുള്ള ഉപാധിയായി സമൂഹത്തിലെ സ്വത്വസ്ഥാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിഷയം.

ജാതിയാല്‍ വ്യാപകമായി ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ അധികാരത്തോടെ ആവശ്യപ്പെടാന്‍ ജാതി അടിസ്ഥാനമാക്കിയുള്ള സംഘടനാവത്കരണത്തിലൂടെ സാധിക്കും. അത്തരം ഏകീകരണ മുന്നേറ്റങ്ങള്‍ നിരാലംബരായ വിഭാഗങ്ങള്‍ക്ക് സാമുദായിക പിന്തുണ വാഗ്ദാനം ചെയ്യുകയും വിമോചനപരമാണെന്ന് തെളിയിക്കുകയും ചെയ്യും. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിലും അവ അവിഭാജ്യ ഘടകമാണ്.

05. ദൈനംദിന ഭാഷ ജാതീയതയില്‍ നിന്ന് മുക്തമാണ്

ഒരുപക്ഷെ, പൊതുവെ നിലനില്‍ക്കുന്ന ജാതിസങ്കല്‍പ്പങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വാദത്തേക്കാള്‍ കൂടുതല്‍ അസംബന്ധമായ മറ്റൊന്നില്ല. സത്യത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ ജാതിത്തെറികള്‍ നിറഞ്ഞതാണ്. അത് പ്രയോഗിക്കുന്നവര്‍ മനുഷ്യത്വമില്ലാത്ത അതിന്റെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയോ അതിനെക്കുറിച്ച് ധാരണയില്ലാതിരിക്കുകയോ ആണ്. ജാതിത്തെറികള്‍ ബ്രാഹ്മണ്യ ഘടനയെ നിലനിര്‍ത്താനുള്ള സവര്‍ണരുടെ കൈകളിലെ ശക്തമായ ഉപകരണമാണ്, അതുവഴി നമ്മുടെ ഭാഷ ജാതീയ അടിച്ചമര്‍ത്തലിനെ പ്രതിഫലിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയുന്നു.

ഹിന്ദിയിലെ ദൈനംദിന ഇടപെടലുകളില്‍ ആകസ്മികമായി കാണപ്പെടുന്ന ചില ജാതിത്തെറികള്‍ ആണ് ഭാംഗി, ചാമര്‍, ജംഗ്‌ളീ, ധോബി, കമീനി, മഹര്‍ മുതലായവ. ഈ വാക്കുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ‘താഴെത്തട്ടിലെ’ ചില ജാതിസമുദായങ്ങളുടെ പേരുകളെ പ്രതിനിധീകരിക്കുന്നു. ഒരു ‘അപരിഷ്‌കൃതനെ’ അല്ലെങ്കില്‍ ‘മോശമായി പെരുമാറിയ’ വ്യക്തിയെ സൂചിപ്പിക്കാന്‍ അവ ഉപയോഗിക്കുന്നത് വളരെ അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ളത് തന്നെയാണ്. ഇത്തരം ജാതി പ്രയോഗങ്ങളില്‍ ചിലത് സുപ്രീം കോടതി പോലും നിയമ വിരുദ്ധമാക്കിയിട്ടുണ്ട്, എന്നാലിതൊന്നും നമ്മുടെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ സ്വാധീനിക്കുന്നില്ല.

2018 ല്‍ ടൈം മാഗസിന്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ ഒരു അടിക്കുറിപ്പോടെ അവതരിപ്പിച്ചു, ‘Producer. Predator. Pariah.’ ‘വാസ്തവത്തില്‍, പറയര്‍ സമുദായത്തിന്റെ പേരില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു ജാതിപ്രയോഗമാണ് പരിയ. അടിക്കുറിപ്പിലെ ജാതി പ്രയോഗത്തിന് ടൈം മാഗസിന്‍ ശക്തമായ തിരിച്ചടി തന്നെ നേരിട്ടു.

ഈ പദങ്ങളുടെ ഉപയോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലപ്പോഴും സവര്‍ണരുടെ വൈകാരികതയെ ബാധിക്കുന്നതേയില്ല. എന്നിരുന്നാലും, സവിശേഷാധികാരം ഉള്ളവര്‍ അവരുടെ സംഭാഷണങ്ങളില്‍ നിന്നും പദാവലിയില്‍ നിന്നും ജാതി പ്രയോഗങ്ങളെ ഇല്ലാതാക്കുക എന്നത് പ്രധാനമാണ്.

ഉപസംഹാരം:

ഇത്തരം മിത്തുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ജാതീയതയുടെ കേവല ഉപരിതലം ആണ്. അതിനാല്‍, ജാതിവിരുദ്ധ പ്രവര്‍ത്തകരുടെ കൃതികള്‍ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മുഖ്യധാരാ സംവാദങ്ങളില്‍ ജാതി ഉള്‍പ്പെടുത്തേണ്ടതുണ്ട്, കാരണം നമ്മള്‍ സംസാരിക്കാതിരുന്നാല്‍ മാത്രം ഇല്ലാതാകുന്ന ഒന്നല്ല അത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply