എയ്ഡഡ് സ്‌കൂള്‍ : നടക്കുന്നത് ചക്ലാത്തി പോരാട്ടം മാത്രം

ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ആളുകള്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളം ആണ്. എന്നാലീ മേഖലയില്‍ സംവരണം നടപ്പാക്കാത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോഴും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴുമില്ല. ഈ വിഷയമുന്നയിച്ച് മൂന്ന് പതിറ്റാണ്ടായി ദളിത് പിന്നോക്ക സാമൂഹിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നിയമപരമായ നീക്കങ്ങളും നടത്തുന്നുണ്ട്.

അധ്യാപക നിയമനത്തെച്ചൊല്ലി സര്‍ക്കാരും എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകളും തമ്മിലുള്ള പോര് മുറുകുകയാണ്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനം സര്‍ക്കാര്‍ അറിഞ്ഞുവേണമെന്ന ബജറ്റ് നിര്‍ദേശത്തിനെ എതിര്‍ത്ത മാനേജ്മെന്റുകള്‍ക്കെതിരേ മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ പരിശോധിക്കുമെന്നും പുതിയ നിയമനങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടെയാകണമെന്നുമായിരുന്നു ബജറ്റ് നിര്‍ദേശം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. നിലവില്‍ 13,255 സംരക്ഷിത അധ്യാപകര്‍ പുറത്തുനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ എയ്ഡഡ് സ്‌കൂളുകള്‍ 18,119 തസ്തിക സൃഷ്ടിച്ചെന്നാണു ബജറ്റില്‍ പറയുന്നത്. സര്‍ക്കാര്‍ വേതനം കൊടുക്കുമ്പോള്‍ നിയമനത്തെ കുറിച്ച് മുന്‍കൂട്ടി അറിയണമെന്ന ഏറ്റവും ന്യായമായ നിലപാടിനെയാണ് മാനേജ്‌മെന്റുകള്‍ വെല്ലുവിളിക്കുന്നത്. സ്‌കൂള്‍ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഇടപെടലായാണ് അവരതിനെ വ്യാഖ്യാനിക്കുന്നത്. ആവശ്യമെങ്കില്‍ വാടക നല്‍കി ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്നുപോലും മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കില്‍ അങ്ങനെയാകട്ടെ എന്ന് സിംഗിള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ആര്‍ക്കുമറിയാം. സാമുദായിക സംഘടനകളും യുഡിഎഫും സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുണ്ട്. അതേസമയം എയ്ഡഡ് മേഖലയില്‍ സംവരണം എന്ന ഏറ്റവും പ്രസക്തമായ വിഷയത്തില്‍ എല്ലാവരും ഒറ്റകെട്ടായി നിശബ്ദരാണുതാനും.
1957ല്‍ കേരളത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യത്തെ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രധാന കാരണമായതു എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപക നിയമനവുമായി സര്‍ക്കാര്‍ എടുത്ത തീരുമാനവും അതിനെത്തുടര്‍ന്ന് കൂടി ഉയര്‍ന്നുവന്ന വിമോചന സമരവും ആയിരുന്നല്ലോ. മത ജാതി നേതൃത്വങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്താനുള്ള നീക്കമാണ് വിമോചന സമരത്തിന്റെ പല കാരണങ്ങളില്‍ ഒന്നായത്. തുടര്‍ന്ന് സംഭവിച്ചത് നിയമനം മാനേജ്‌മെന്റ് നടത്തുകയും വേതനം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുക എന്ന ലോകത്തവിടേയും ഉണ്ടാകാനിടയില്ലാത്ത രീതിയായിരുന്നു. 50% നിയമനങ്ങള്‍ അതാതു മാനേജ്‌മെന്റ് സമുദായങ്ങളില്‍ നിന്നും ബാക്കി ഓപ്പണ്‍ മെറിറ്റില്‍ നിന്നും നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഓപ്പണ്‍ മെറിറ്റ് എന്നതൊക്കെ ഒരു പ്രഹസനം മാത്രമാണ്. മാനേജ്‌മെന്റിനു താല്‍പ്പര്യമുള്ളവരെ വന്‍പണം വാങ്ങി, അക്കാഡമിക മികവോ മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ച് സര്‍ക്കാര്‍ വേതനവും ആനുകൂല്യങ്ങളും വാങ്ങിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് ഈ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്. കൂടാതെ ഇങ്ങനെ കയറിയ 4000 അധ്യാപകരെ അതാതു സ്‌കൂളുകളില്‍ കുട്ടികളില്ലാതെ വന്നപ്പോള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുകയുമുണ്ടായി. പി എസ് സി പരീക്ഷ എഴുതിയിരുന്നവരും ഇനി എഴുതാനായി ഇരുന്നവരുമായ 4000 ത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് ഇതിലൂടെ സര്‍ക്കാര്‍ വഞ്ചിച്ചത്.
ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ആളുകള്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളം ആണ്. എന്നാലീ മേഖലയില്‍ സംവരണം നടപ്പാക്കാത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോഴും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴുമില്ല. ഈ വിഷയമുന്നയിച്ച് മൂന്ന് പതിറ്റാണ്ടായി ദളിത് പിന്നോക്ക സാമൂഹിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നിയമപരമായ നീക്കങ്ങളും നടത്തുന്നുണ്ട്.
ഒരു രാഷ്ട്രസംവിധാനത്തിന്റെ കീഴിലുള്ള എല്ലാ സര്‍വീസുകളിലും ആ രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണം എന്നുള്ളതാണ് ആധുനിക ജനാധിപത്യ സങ്കല്‍പം. അതിനുവേണ്ടിയാണ് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുച്ഛേദം അനുസരിച്ചു പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സമുദായ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണക്കു പ്രകാരം 114000 ത്തോളം അധ്യാപകരില്‍ 462 പേര് മാത്രമാണ് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായങ്ങളില്‍ നിന്നുള്ളത്. സംസ്ഥാനത്ത് ഏകദേശം 52 സര്‍ക്കാര്‍ കോളേജുകളും 180 എയ്ഡഡ് കോളേജുകളും ആണുള്ളത്. സര്‍ക്കാര്‍ കോളേ ജുകളില്‍ 12% പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഉണ്ട്. അതേ സമയം 8233 എയ്ഡഡ് കോളേജ് അധ്യാപകരില്‍ ആകെ മൊത്തം 49 പേര്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരായിട്ടുള്ളൂ. 3725 അനധ്യാപകരില്‍ 16 മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ. അങ്ങനെ ആകെ മൊത്തം 11958 പേരില്‍ 65 പേര് മാത്രമേ ഈ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ നിന്നും എയ്ഡഡ് മേഖലയില്‍ നിയമിതരായിരുന്നുള്ളൂ. അതായതു 0.54% മാത്രം. കോളേജുകള്‍ എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, വി എച് എസ് സി, ഹയര്‍ സെക്കന്ററി, ഹൈ സ്‌കൂള്‍, യു പി സ്‌കൂള്‍, എല്‍ പി സ്‌കൂള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളില്‍ ആയി 154360 അധ്യാപക അനധ്യാപകരുണ്ട്. ഇതില്‍ ആകെ 586 പേര്‍ മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. മൊത്തം ലഭ്യമായ നിയമനങ്ങളില്‍ 0.37 % മാത്രമാണ് ഇവരുടെ പ്രാതിനിധ്യം. മൊത്തത്തിലെടുത്താല്‍ എയ്ഡഡ് മേഖ ലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29 %) മാത്രമാണ് ടഇ/ടഠ പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അതില്‍ ആയിരംകോടി ഇവരുടെ അവകാശമാണ്. അവയെല്ലാം നിഷേധിക്കുന്നത് വലിയൊരു സാമൂഹിക അനീതിയാണ്. ജനാധിപത്യ വിരുദ്ധതയാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണത്തിന്റെ അട്ടിമറിയും. ഇതിനെല്ലാം പുറമെയാണ് മാനേജ്‌മെന്റുകള്‍ പണം വാങ്ങി നിയമിച്ച 4000ത്തില്‍ പരം അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ നിലനിര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളിലടക്കം നിയമിച്ചത്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും നഗരമധ്യങ്ങളില്‍ സര്‍ക്കാര്‍ ഏറെക്കുറെ സൗജന്യമായി നല്‍കിയ, കോടിക്കണക്കിനു വിലവരുന്ന ഭൂമിയിലാണെന്നതും ഓര്‍ക്കേണ്ടതാണ്.
സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും ചെറിയ ജോലികളില്‍ പോലും പ്രവേ ശിക്കുന്നവര്‍ക്ക് നേടാന്‍ കഴയുന്നത് വളരെ വലിയ സാമ്പത്തിക സുരക്ഷി തത്വമാണ്. പില്‍ക്കാലത്തെ പെന്‍ഷന്‍ മാത്രമല്ല മറിച്ച് ബാങ്ക് ലോണുകളുടെ ഒരു വലിയ ലോകം അവര്‍ക്കു മുന്‍പില്‍ തുറക്കപ്പെടും. സര്‍ക്കാര്‍ ജോലി ക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്. നല്ല വിവാഹം, വീട്, കുട്ടി കള്‍ക്ക് നല്ല വിദ്യാ ഭ്യാസം തുടങ്ങി സാമൂഹ്യ സാമ്പത്തിക വികാസത്തിനുള്ള വലിയ സാധ്യത കളാണ് ഓരോ സര്‍ക്കാര്‍ ജോലിയും ആളുകള്‍ക്ക് തുറന്നുകൊടുക്കുന്നത്. അതാണ് ദളിതുകള്‍ക്ക് നിഷേധിക്കുന്നത്. സ്വന്തമായി കാര്യമായ ഭൂമിയില്ലാത്തതിനാല്‍ അതു പണയം വെച്ച് എന്തെങ്കിലും സംരംഭം തുടങ്ങാനോ ഗള്‍ഫില്‍ പോകാനോ അവര്‍ക്കാവുന്നില്ല. സ്വന്തം എയ്ഡഡ് സ്ഥാപനമെന്നത് അടുത്തൊന്നും നടക്കാന്‍ പോകാത്ത സ്വപ്‌നമാണുതാനും.
എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റില്‍ നിന്നും അധ്യാപക നിയമനങ്ങള്‍ നടത്തിയപ്പോള്‍ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭസമിതി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. 2015 മെയ് 25 എയ്ഡഡ് കോളേജുകളില്‍ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ നടപടി സ്വീകരിക്കണം എന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഈ വിധിക്കെതിരെ എന്‍ എസ് എസ് മാനേജ്മന്റ് അപ്പീല്‍ കൊടുത്തപ്പോള്‍ കോടതി വിധി അവര്‍ക്ക് അനുകൂലമായി. 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുമ്പോള്‍ 55.5% മുന്നാക്കക്കാരും ആശ്രയി ക്കുന്നത് അണ്‍ എയ്ഡഡ് മേഖലയെ ആണ്. അതായത് പൊതു വിദ്യാഭ്യാ സമേഖലയെ പിടിച്ചു നിര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഈ നിയമങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നത്. ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസസംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണ വിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളുമായൊക്കെ നടക്കുന്നതെന്നതും തിരിച്ചറിയണം. അവിടെയാണ് എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്കു വിടുക, അല്ലെങ്കില്‍ സംവരണം ഉറപ്പു വരുത്തുക, ഇതുവരെയുള്ള സംവരണനഷ്ടം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നികത്തുക എന്നീ മുദ്രാവാക്യങ്ങളുടെ പ്രസക്തി. അതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. എന്നാല്‍ ഇക്കാര്യം സ്പര്‍ശിക്കാതെയാണ് ഇപ്പോഴത്തെ ചക്ലാത്തിപോരാട്ടം എന്നതാണ് അപഹാസ്യം.

വാസ്തവത്തില്‍ മാനേജ്മെന്റ് നിയമിക്കുകയും വേതനം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വന്നതിന്റെ ചരിത്രം നോക്കിയാല്‍ അതില്‍ പങ്കില്ലാത്ത ആരുമില്ല. മാനേജ്മെന്റുകള്‍ക്കും അധ്യാപകര്‍ക്കും മാഗ്‌നാകര്‍ട്ടയായിരുന്നല്ലോ സാക്ഷാല്‍ വിദ്യാഭ്യാസബില്‍ തന്നെ. എല്ലാവരും പക്ഷെ ഇന്നു നല്ല പിള്ള ചമയുകയാണ്. ഒപ്പം ഒന്നുകൂടി പറയണം – കാലങ്ങളായി എയ്ഡഡ് സ്‌കൂള്‍ – കോളേജ് അധ്യാപകരില്‍ വലിയൊരു ഭാഗവും ഇത്തരത്തില്‍ അന്യായമായി ജോലിയും ലക്ഷങ്ങള്‍ വേതനം നേടിയവരുമാണ്. പലരും റിട്ടയറായി. ഇവരില്‍ പലരും സാംസ്‌കാരിക നായകരും എഴുത്തുകാരും രാഷ്ട്രീയനേതാക്കളും സംഘടനാനേതാക്കളുമൊക്കെയാണ്. ദളിതരും മുസ്ലിമുകളുമായ അധ്യാപകരൊന്നുമില്ലാത്ത കേരളവര്‍മ്മ പോലുള്ള കലാലയങ്ങള്‍ പ്രബുദ്ധമെന്നു വാഴ്ത്തപ്പെടുന്നതും നാം കാണുന്നു…!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply