പുലിയെന്നു പറഞ്ഞ് എലിയെപോലെ വന്നുപോയ പ്രസ് മീറ്റ്

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ പുതുതായി ഒന്നുമുണ്ടായില്ല എന്നതാണ് വസ്തുത. ഗവര്‍ണറുടെ വാക്കുകളും പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളും എല്ലാവരും മുമ്പുതന്നെ കേട്ടതാണ്, കണ്ടതാണ്. വൈകിയാണെങ്കിലും അനിവാര്യമായ പൊട്ടിത്തെറിയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരോക്ഷമായി കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും തമ്മിലുള്ള ഏറ്റുമട്ടല്‍ തന്നെയാണ്. കൂടാതെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടലും.

സത്യത്തില്‍ ബിജെപിയിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കൂടിയോ കുറഞ്ഞോ അളവില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ബംഗാളും തമിഴ് നാടും പോലുള്ള സര്‍ക്കാരുകള്‍ എന്നേ ഗവര്‍ണര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നുപോലും ഗവര്‍ണറെ ഒഴിവാക്കി. പക്ഷെ ഇവിടെ ഇതുവരെ സമവായത്തിന്റെ പാതയായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഒഴിയുന്നു എന്നു പറഞ്ഞ തന്നോട് ഒഴിയരുതെന്നാവശ്യപ്പെടുകയും ഭരണകാര്യങ്ങളില്‍ ഇടപെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് ഗവര്‍ണര്‍ പറയുന്നത്. സമവായം സ്വീകരിക്കേണ്ടവരോടല്ല സ്വീകരിക്കുന്നതെന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എത്രയോ പേര്‍ ചൂണ്ടികാട്ടിയിട്ടും അതുതന്നെയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും തുടര്‍ന്നത്. ഗവര്‍ണറാകട്ടെ വിട്ടുവീഴ്ചയില്ലാതെ അക്രമം തുടരുകയും ചെയ്തു. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനും അദ്ദേഹം തയ്യാറായിട്ടില്ല. അങ്ങനെയാണിത് പൊട്ടിത്തെറിയിലെത്തിയത്. ഇപ്പോഴിതാ സര്‍ക്കാര്‍ മാത്രമല്ല, പാര്‍ട്ടിയും ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നു. ഒപ്പത്തിനൊപ്പം ഗവര്‍ണറും.

ഇവിടെതന്നെ പലപ്പോഴും എഴുതിയപോലെ ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുഖ്യമന്ത്രി അധികാരത്തിലെത്തിയിട്ടുള്ളത്. ഗവര്‍ണര്‍ പദവിയാകട്ടെ അങ്ങനെയല്ല. മിക്കപ്പോഴും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തങ്ങള്‍ക്ക് ഇനിയും ആവശ്യമില്ലാത്തവരെ പ്രതിഷ്ഠിക്കുന്ന ഒന്നാണ് ഈ പദവി. ഭരണതലവന്‍ എന്നൊക്കെ പറയുമ്പോഴും അതൊരു ആലങ്കാരികപദവി മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ സ്വാഭാവികമായും ഇപ്പോഴത്തെ വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കാനാണ് ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടത്. എന്നാല്‍ ചില തര്‍ക്കവിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നു പറയാതിരിക്കാനാവില്ല. ഉദാഹരണം ലോക്പാല്‍ ഭേദഗതി ബില്‍ തന്നെ. പൊതുപ്രവര്‍ത്തകരുടേയും ഭരണാധികാരികളുടേയും അഴിമതിക്കു തടയിടുക എന്നതാണല്ലോ ലോക്പാലിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തോടെയാണ് അതിനു ജുഡീഷ്യല്‍ അധികാരവും നല്‍കിയിരിക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഭേദഗതി. ജനാധിപത്യപരമായ രീതിയില്‍ നിയമസഭ പാസാക്കിയതാണെങ്കിലും അത് അഴിമതിമുക്ത ഭരണമെന്ന ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണെന്ന വിമര്‍ശനം ശക്തമാണ്. ബില്ലില്‍ ഒപ്പുവെക്കാതിരിക്കുന്ന ഗവര്‍ണറുടെ വാദവും അതുതന്നെ. ഈ സാഹചര്യത്തില്‍ ജനാധിപത്യവാദികള്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണെന്നു പറയുന്നതില്‍ തെറ്റില്ല. തീര്‍ച്ചയായും കുറ്റാരോപിതര്‍ക്ക് തങ്ങളുടെ ഭാഗം വാദിക്കാന്‍ അവസരം വേണം എന്ന വാദം ശരിയാണ്. പക്ഷെ അപ്പോഴും താക്കോല്‍ കൊടുക്കേണ്ടത് കള്ളന്റെ കൈവശമല്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗ്ഗീസിന് സര്‍വ്വകലാശാലയില്‍ ജോലികൊടുത്ത വിഷയത്തിലും ഇതേ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ പെട്ടവര്‍ക്കെന്താ ജോലിക്ക് അപേക്ഷിച്ചുകൂടെ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ശരിയാണ്. എന്നാല്‍ അതല്ലല്ലോ തര്‍ക്കവിഷയം. എങ്ങനെ പരിശോധിച്ചാലും അവരേക്കാള്‍ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ജോലി കൊടുത്തതെന്നതാണ്. അവിടേയും ഗവര്‍ണറെ കുറ്റപ്പെടുത്താനാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം നേരത്തെ ഗവര്‍ണറോട് പറഞ്ഞതില്‍ നിന്നു വ്യത്യസ്ഥമായി ചാന്‍സലറുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ബില്‍ അനാവശ്യമായിരുന്നു എന്നതാണ് വസ്തുത. തമിഴ്‌നാട്, ബംഗാള്‍ സര്‍ക്കാരുകളെ പോലെ പ്രസ്തുതപദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുകയായിരുന്നു വേണ്ടിയിരുന്നത്. അത് സാധ്യവുമാണ്. മറ്റൊരു സജീവപ്രശ്‌നം ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്നത് പ്രശസ്തചരിത്രകാരനും വന്ദ്യവയോധികനുമായ ഇന്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ വധശ്രമം നടന്നുവെന്നാണ്. സാമാന്യബുദ്ധിയുള്ള ആര്‍ക്കും അതംഗീകരിക്കാനാവില്ല. ഗവര്‍ണര്‍ കാണിച്ച ദൃശ്യങ്ങളും അതിനെ സാധൂകരിക്കുന്നില്ല. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ കെ കെ രാജേഷ് തടഞ്ഞതില്‍ എന്താണ് തെറ്റ്? രണ്ട് യൂത്ത കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധം എന്നു പറഞ്ഞത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമാണ് എന്നു പറയുന്നതുപോലുള്ള ബാലിശമായ ഒരാരോപണം മാത്രമാണിത്. അര്‍ഹിക്കുന്ന അവഗണനയോടെ അതു തള്ളിക്കളയുകയാണ് വേണ്ടത്. അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളില്‍ കുറെ ശരിയുമുണ്ട് പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കി രണ്ടരവര്‍ഷത്തിനുശേഷം പുതിയ ബാച്ചിനെ കൊണ്ടുവരുന്നതിനെതിരായ ഗവര്‍ണറുടെ നിലപാടും ശരിയാണ്.

ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും പ്രധാന പ്രശ്‌നം രാഷ്ട്രീയമാണ്. ഇതിനുള്ള ആത്യന്തിക മറുപടി സിപിഐ നേരത്തെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനറാ ഇ പി ജയരാജനും അതാവര്‍ത്തിച്ചു. മറ്റൊന്നുമല്ല, ഗവര്‍ണര്‍ പദവി ജനാധിപത്യസംവിധാനത്തില്‍ അനാവശ്യമാണ് എന്നതുതന്നെ. കോളനി ഭരണ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാര്‍ട്ടേര്‍ഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരെയാണ് ഗവര്‍ണ്ണര്‍ എന്നു വിളിച്ചിരുന്നത്. കേന്ദ്രഗവണ്‍മെന്റില്‍ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങള്‍ സംസ്ഥാന തലത്തില്‍ കൈയ്യാളുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവര്‍ണ്ണര്‍ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവര്‍ണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവര്‍ണ്ണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളില്‍ ഗവര്‍ണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്. സത്യം മറിച്ചാണെങ്കിലും. കേവലം ആലങ്കാരികപദവി മാത്രമാണിത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരിക്കേണ്ടത്. അല്ലാത്ത എന്തും രാജഭരണത്തിന്റെ അവശിഷ്ടം മാത്രമായേ കാണാനാകൂ. തുടക്കത്തില്‍ പറഞ്ഞപോലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന, പാര്‍ട്ടിക്കുപോലും വേണ്ടാതാകുന്നവരെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായി ഗവര്‍ണ്ണരാക്കുന്നത്്. ഇന്ത്യയെപോലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത് അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഗവര്‍ണര്‍ പദവി കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്നു പറയുമ്പോഴും കേന്ദ്രസര്‍ക്കാരിന്റേയും അതിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടേയും ചട്ടുകമായാണ് ഗവര്‍ണര്‍ മാറുന്നത്. കഴിഞ്ഞ ദിവസം തന്നെ സംഭവിച്ചത് നോക്കൂ. ഈ വിവാദമെല്ലാം നടക്കുമ്പോഴും ഗവര്‍ണര്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വസതിയില്‍ പോയി മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചല്ലോ. കൊട്ടിഘോഷിക്കുന്നപോലെ ഉന്നതപദവിയാണ് ഗവര്‍ണറെങ്കില്‍ അതു ചെയ്യാമോ? ഫെഡറലിസം എന്നു പേരിനെങ്കിലും വിളിക്കപ്പെടുന്ന നമ്മുടെ ഭരണസംവിധാനത്തിനും ഒട്ടും അനുയോജ്യമല്ല, മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഈ പദവി എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യ.

ഇന്ത്യയില്‍ എത്രയോ തവണ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസര്‍ക്കാരുകളെ പിരിച്ചുവിടുന്നതില്‍ ഗവര്‍ണ്ണമാര്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇനിയും അതാവര്‍ത്തിക്കുമെന്നുറപ്പ്. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യത്യസ്ഥമായ നിലപാടെടുത്ത ഗവര്‍ണര്‍ അതു പരസ്യമായി പറയുകയും നിയമസഭാപ്രമേയത്തെ തള്ളിപ്പറയുകയും ചെയ്തത് മറക്കാറായിട്ടില്ലല്ലോ. പല സംസ്ഥാനങ്ങളിലും ചെയ്യുന്നപോലെ പണമിറക്കി എം എല്‍ എമാരെ പിടിച്ച് കേരള സര്‍ക്കാരിനെ തകര്‍ക്കാനാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇവിടെ ഗവര്‍ണറെ ഇറക്കി കളിക്കുന്നതെന്ന് വ്യക്തം. അതിനാല്‍ തന്നെ ഇതിനു ശക്തമായ തിരിച്ചടി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഗവര്‍ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു പ്രമേയം രാജ്യത്തെ ഒരു നിയമസഭ ചര്‍ച്ച ചെയ്യുന്നത് ഗുണകരമാണ്. താമസിയാതെ അത് ഈ പദവിയുടെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചയായി വികസിക്കും. ഗവര്‍ണര്‍ – മുഖ്യമന്ത്രി തര്‍ക്കത്തില്‍ പക്ഷം പിടിക്കാത്ത പ്രതിപക്ഷം ഇക്കാര്യത്തിലും നിഷ്പക്ഷമാകാനാണ് സാധ്യത. അപ്പോഴും പ്രമേയം പാസാകുമല്ലോ. ഫലത്തില്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിനു ഗുണകരമായേ അതു മാറുകയുള്ളു. അതിനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. ഒപ്പം ഗവര്‍ണര്‍ വിമര്‍ശിച്ചതും അല്ലാത്തതുമായ നടപടികളില്‍ ജനാധിപത്യവിരുദ്ധതയും അഴിമതിയുമുണ്ടെങ്കില്‍ തിരുത്താനുള്ള ആര്‍ജ്ജവവും കാണിക്കണം.

മറ്റൊരു പ്രധാന പ്രശ്‌നം കൂടി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും വി എസിന്റെ ആദ്യകാലത്തുമൊക്കെ ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പല നടപടികള്‍ക്കും കേരളത്തെ അവഗണിക്കുന്നതിനുമെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. ഭരണവും സമരവും ഒന്നിച്ച് എന്ന മുദ്രാവാക്യം തന്നെ അന്നുണ്ടായിരുന്നു. പ്രതിപക്ഷവും പല സമരങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ അടുത്തകാലത്തായി അത്തരം നീക്കങ്ങളൊന്നും നടക്കുന്നതേയില്ല. ഫെഡറലിസം തകര്‍ക്കുന്ന എത്രയോ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമ്പോഴും പല സംസ്ഥാനങ്ങളും അതിനെതിരെ പ്രതികരിക്കുമ്പോഴും കേരളം പൊതുവില്‍ നിശബ്ദമാണ്. അക്കാര്യത്തിലും ഒരു പുനപരിശോധന ആവശ്യമാണ്. മതേതരത്വവും ജനാധിപത്യവും പോലെ പ്രധാനമാണ് ഫെഡറലിസവും എന്നു തിരിച്ചറിഞ്ഞ് അതിനെതിരായ നീക്കങ്ങളില്‍ എല്ലാ പ്രസ്ഥാനങ്ങളേയും ഐക്യപ്പെടുത്തി പോരാടാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഗവര്‍ണര്‍ ക്വിറ്റ് കേരള എന്ന രാഷ്ട്രീയമുദ്രാവാക്യം തന്നെ ഉയര്‍ത്തണം. അല്ലെങ്കില്‍ ഇപ്പോഴത്തെ വാക് പോര് അങ്ങനെതന്നെ അവസാനിക്കുകയേ ഉള്ളു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply