മാതൃഭാഷാദിനാഘോഷമാണ് വേണ്ടത്, മലയാളദിനാഘോഷമല്ല.

എല്ലാ ഭാഷകളും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കണം. അതിന്റെ ഭാഗമായി മാതൃഭാഷാദിനവുമാഘോഷിക്കണം. മലയാളികള്‍ മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കട്ടെ. എന്നാല്‍ മാതൃഭാഷ മലയാളമല്ലാത്ത, കേരളത്തില്‍ തന്നെ ജീവിക്കുന്ന മറ്റുള്ളവരെ അതിനു നിര്‍ബന്ധിക്കരുത്. ഇംഗ്ലീഷിന്റെ കടന്നാക്രമണത്തില്‍ മലയാളം മരിക്കുന്നു എന്നു പറയുന്നവര്‍ മലയാളത്തിന്റെ കടന്നാക്രമത്തില്‍ മരിക്കുന്ന ഭാഷകളെ വിസ്മരിക്കുകയുമരുത്.

ഫെബ്രുവരി 21 ഈ വര്‍ഷവും ലോക മാതൃഭാഷാ ദിനമായി ആചരിക്കുകയാണ്. ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം നാമാവശേഷമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും പ്രയോഗക്ഷമമാക്കുന്നതിനുമായി 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി യുനസ്‌കോ ആചരിക്കുന്നത്. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. തീര്‍ച്ചയായും ലോകമാതൃഭാഷാചരണത്തിനു പ്രസക്തിയുണ്ട്. എല്ലാ മേഖലകളിലുമുള്ള വൈവിധ്യങ്ങളും ദുര്‍ബ്ബലവിഭാഗങ്ങളും തുടച്ചുമാറ്റപ്പെടുകയും ആധിപത്യശക്തികള്‍ മാത്രം അതിജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പീഡിതവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് ജനാധിപത്യത്തിന്റെ ആദ്യപാഠമാണ്. അതിനാല്‍തന്നെ തകരുന്ന ഭാഷകളെ സംരക്ഷിക്കാനുള്ള പോരാട്ടം അനിവാര്യമാണ്.

എന്നാലിതിനൊരു മറുവശം കൂടിയുണ്ട്. മാതൃഭാഷക്കുവേണ്ടിയുള്ള വാദം മൗലികവാദപരമായി പോകുന്നുണ്ടോ എന്നതാണത്. കേരളത്തില്‍ ഇതു വളരെ പ്രകടമാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷാ പ്രതിജ്ഞയെടുക്കലാണ് ആഘോഷങ്ങളിലെ പ്രധാന ഇനം. എം ടി രചിച്ച മലയാളമാണെന്റെ ഭാഷ എന്നു തുടങ്ങുന്ന പ്രതിജ്ഞയാണത്രെ എടുക്കുന്നത്. എങ്കിലതെങ്ങിനെ മാതൃഭാഷാദിനാഘോഷമാകും? മറിച്ച് അത് മലയാളദിനാഘോഷമാകുകയല്ലേ ചെയ്യുക? കേരളീയരുടെ മുഴുവന്‍ മാതൃഭാഷയല്ലല്ലോ മലയാളം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകത്ത് ഒരു വശത്ത് രാഷ്ട്രീയപരമായ അതിര്‍വരമ്പുകള്‍ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുന്ന സാഹചര്യവുമാണല്ലോ നിലനില്‍ക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ മലയാളികളും പെടും. എന്നാല്‍ ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷകണക്കിനു ഇതരസംസഥാനതൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. അവരുടെ മാതൃഭാഷ മലയാളമാണോ? അവരില്‍ ഒരുപാട് പേര്‍ കുടുംബമായി തന്നെ ജീവിക്കുന്നുണ്ട്. അവരുടെ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ട്. അവരുടെ മാതൃഭാഷ മലയാളമാണോ? ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ഒരു ഭാഷയും പ്രത്യക്ഷമായോ പരോക്ഷമായോ അടിച്ചേല്‍പ്പിക്കരുത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്മോ പൊളിറ്റന്‍ സംസ്‌കാരത്തിലേക്കാണ് കേരളവും നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യവുമല്ല. ഭാഷാപരമായ തുല്ല്യതയാണ് ഇത്തരം സമൂഹങ്ങളില്‍ ആവശ്യം. അതിനനുസൃതമല്ല ഈ മാതൃഭാഷാദിനാഘോഷവും മലയാളപ്രതിജ്ഞയും. മുഴുവന്‍ കേരളീയരുടെയും മാതൃഭാഷ മലയാളമല്ല എന്നതുതന്നെ പ്രശ്‌നം.

ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രശ്‌നം മാത്രമല്ല ഇവിടെ ഉയര്‍ന്നു വരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കേണ്ടേ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്നീ താലൂക്കുകളും പാലക്കാട് നഗരസഭയും ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പുംചോല താലൂക്കുകളും ഭാഷാന്യൂനപക്ഷപ്രദേശങ്ങളാണ്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദക്ഷിണമേഖലാ കൗണ്‍സില്‍ തീരുമാനമനുസരിച്ച് തമിഴ്, കന്നഡഭാഷകള്‍ക്ക് കേരളത്തില്‍ ഔദ്യോഗിക ന്യൂനപക്ഷ ഭാഷാപദവിയുമുണ്ട്. എന്നിട്ടുമെങ്ങനെയാണ് മാതൃഭാഷാപ്രതിജ്ഞയെന്നത് മലയാള പ്രതിജ്ഞയാകുക? ഫോര്‍ട്ട് കൊച്ചിയിലും കേരളത്തിന്റെ പല നഗരങ്ങളിലും എത്രയോ വിദേശികളും ഇപ്പോഴും ജീവിക്കുന്നു. അവരുടേതു കൂടിയാകണ്ടേ മാതൃഭാഷാദിനം?

ആദിവാസി – ദളിത് മേഖലയിലേക്ക് വന്നാല്‍ വിഷയം കുറെ കൂടി സങ്കീര്‍ണ്ണമാണ്. എത്രയോ ആദിവാസി – ദളിത് ഭാഷകളാണ് കേരളത്തില്‍ നിലനിന്നിരുന്നത്. മലയാളത്തിന്റെ അധിനിവേശം മൂലം പലതും ഏറെക്കുറെ നാമാവിശേഷമായെങ്കിലും ഇനിയും ഒരുപാട് ഭാഷകള്‍ നിലവിലുണ്ട്. പലതിനും ലിപിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അപ്പോഴും മലയാളികള്‍ക്ക് മലയാളം പോലെ അവര്‍ക്കുമത് മാതൃഭാഷയാണല്ലോ. അവരോടെല്ലാം മലയാളമാണെന്റെ ഭാഷ എന്ന പ്രതിജ്ഞയെടുപ്പിക്കാന്‍ നമുക്കെന്താണവകാശം?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാളികളായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധമാക്കുക എന്നത് മനസ്സിലാക്കാം. അതിനപ്പുറമുള്ള നിലപാടുകളൊന്നും ആധുനികകാലത്തിനു അനുയോജ്യമല്ല. മാത്രമല്ല, അങ്ങനെ പറയുന്നവരില്‍ ഭൂരിഭാഗവും സ്വന്തം ജീവിതത്തില്‍ അത് പ്രായോഗികമാക്കുന്നില്ല എന്നതാണ് വാസ്തവം. മലയാളമാധ്യമത്തെ കുറിച്ച് പറയുന്നവരില്‍ മിക്കവരുടെയും മക്കളടക്കം പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണെന്നത് ആര്‍ക്കാണറിയാത്തത്? സമീപകാലത്ത് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചുവരുന്നു എന്നത് ഏറെ ആഘോഷിക്കുന്നതാണല്ലോ. പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ് അതിനുള്ള കാരണം എന്ന കണക്കുകളും കൂടെ പുറത്തുവന്നല്ലോ. ലോകം വിരല്‍ത്തുമ്പിലൊതുങ്ങുന്ന ഇക്കാലത്ത്, തൊഴിലിനായി മനുഷ്യര്‍ ലോകത്തെവിടേയും എത്തുന്ന ഇക്കാലത്ത് ഇംഗ്ലീഷിലുള്ള പ്രാവണ്യം അനിവാര്യമാണ്. കമ്യൂണിക്കേഷനുമാത്രമല്ല, കന്യൂട്ടറിന്റെയും നെറ്റിന്റേയും പരമാവധി ഉപയോഗത്തിനും ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമെല്ലാം അതനിവാര്യമാണ്. എല്ലാം മലയാളം കൊണ്ടാകും എന്നു പറയുന്നവര്‍ പ്രധാനമായും ഇനി തൊഴിലന്വേഷിക്കേണ്ടതില്ലാത്ത മലയാളം അധ്യാപകരാണ്. പിന്നെ ഭാവിയിലെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കയുള്ള മലയാളം പത്രങ്ങളും തങ്ങളുടെ കൃതികള്‍ വായിക്കാനാളുണ്ടാവില്ലല്ലോ എന്നു ഭയപ്പെടുന്ന എഴുത്തുകാുമാണ്. ദളിത് ചിന്തകന്‍ കാഞ്ചൈ ഐലയ്യ ഇതേകുറിച്ച് പറഞ്ഞതും പ്രസക്തമാണ്. സവര്‍ണ്ണരും സമ്പന്നരുമൊക്കെ ഇംഗ്ലീഷില്‍ പഠിച്ച് ഉന്നതസ്ഥാനത്തെത്തി. ഇപ്പോള്‍ ദളിതര്‍ക്ക് അതിനുള്ള അവസരം ലഭിക്കുമ്പോള്‍ അധ്യയന മാധ്യമം മാതൃഭാഷയാക്കണമെന്ന വാദത്തെ തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, മലയാളമടക്കം മാതൃഭാഷയെന്നു പറയപ്പെടുന്ന ഭാഷകളൊന്നും അവരുടെ മാതൃഭാഷയല്ല താനും.

തീര്‍ച്ചയായും തുടക്കത്തില്‍ പറഞ്ഞപോലെ എല്ലാ ഭാഷകളും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കണം. അതിന്റെ ഭാഗമായി മാതൃഭാഷാദിനവുമാഘോഷിക്കണം. മലയാളികള്‍ മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കട്ടെ. എന്നാല്‍ മാതൃഭാഷ മലയാളമല്ലാത്ത, കേരളത്തില്‍ തന്നെ ജീവിക്കുന്ന മറ്റുള്ളവരെ അതിനു നിര്‍ബന്ധിക്കരുത്. എങ്കിലത് അടിച്ചേല്‍പ്പിക്കല്‍ തന്നെ. അതാണിവിടെ നടക്കുന്നത്. പുതിയ കാലത്ത് നമ്മള്‍ ഇംഗ്ലീഷ് പഠിക്കുന്നപോലെ അവര്‍ക്ക് മലയാളം പഠിക്കേണ്ടിവന്നേക്കാം. പക്ഷെ അത് നിര്‍ബന്ധിതമോ മൗലികവാദപരമോ ആകരുത്. ഇംഗ്ലീഷിന്റെ കടന്നാക്രമണത്തില്‍ മലയാളം മരിക്കുന്നു എന്നു പറയുന്നവര്‍ മലയാളത്തിന്റെ കടന്നാക്രമത്തില്‍ മരിക്കുന്ന ഭാഷകളെ വിസ്മരിക്കുകയുമരുത്. അത്തരത്തിലുള്ള ഭാഷകളെ സംരക്ഷിക്കാനാണ് മാതൃഭാഷാ ദിനം ആചരിക്കുന്നതുതന്നെ. അപ്പോള്‍ മാതൃഭാഷാദിനാഘോഷത്തിന്റെ പേരില്‍ മലയാളദിനാഘോഷവും മലയാളപ്രതിജ്ഞയും മാത്രം നടത്തുന്നത് എങ്ങനെയാണ് നൈതികമാകുക? ഓരോരുത്തരും അവരവരുടെ മാതൃഭാഷയാണ് ആഘോഷിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply