കൊവിഡിനേയും ഫാസിസ്റ്റുകള്‍ പ്രയോജനപ്പെടുത്തും

വാസ്തവത്തില്‍ അടിയന്തരാവസ്ഥയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പൊതുവില്‍ കേരളീയസമൂഹം. നാവടക്കൂ, പണിയെടുക്കൂ എന്ന ശാസനത്തെ സ്വീകരിച്ച് തികഞ്ഞ അച്ചടക്കത്തോടെ സ്വന്തം ജോലി ചെയ്ത് ജീവിക്കുകയായിരുന്നു മഹാഭൂരിപക്ഷം മലയാളികളും. അതുകൊണ്ടുതന്നെയാണല്ലോ 77ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നടന്ന തെരഞ്ഞടുപ്പില്‍ വടക്കെയിന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെതിരെ വിധിയെഴുതിയപ്പോള്‍ കേരളം അവര്‍ക്ക് മഹാഭൂരിപക്ഷം നല്‍കിയത്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ പ്രബുദ്ധത എത്രമാത്രം വസ്തുതാവിരുദ്ധമാണെന്നതിന്റെ തെളിവായിരുന്നു അത്. ജനാധിപത്യത്തെ സത്യസന്ധമായി സ്വീകരിക്കാന്‍ തയ്യാറാകാതെ, ബൂര്‍ഷ്വാജനാധിപത്യമെന്നാക്ഷേപിക്കുന്ന ഇടതുപക്ഷം ഇപ്പോള്‍ പോലും തുടരുന്ന നിലപാടും അതിനു കാരണമാണ്.

1975 ജൂണ്‍ 25 അര്‍ദ്ധരാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ വയനാട്ടിലായിരുന്നു. ഒരു ചായക്കടയില്‍ ചായകുടിച്ചിരിക്കുമ്പോഴാണ് റേഡിയോയില്‍ കൂടിയാണ് ആ വാര്‍ത്ത കേട്ടത്. സത്യത്തില്‍ അതു കേട്ടപ്പോള്‍ പ്രത്യകിച്ച് ഒരു വികാരവും തോന്നിയില്ല. കാരണം ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യം കപടമാണെന്ന നിലപാടായിരുന്നു ഞങ്ങളുടേത്. അതിനാല്‍ തന്നെ ഭരണകൂടത്തിനെതിരെ അതുവരെ തുടര്‍ന്നിരുന്ന രീതിയില്‍ തന്നെ പോരാട്ടം തുടരുക എന്നതായിരുന്നു തീരുമാനം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല എന്നായിരുന്നു കരുതിയതി. എങ്കിലും അപ്പോഴും പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു മാറ്റം വന്നിരുന്നു. അതുവരെ ജന്മിത്വമാണ് ജനങ്ങളുടെ മുഖ്യശത്രു എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളായിരുന്നു പാര്‍ട്ടി പ്രധാനമായും നടത്തിയിരുന്നത്. പല ഉന്മൂലനങ്ങളും നടന്നത് ആ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയോടെ ഭരണകൂടത്തെ തന്നെ മുഖ്യശത്രുവായി കാണുന്ന സമീപനം സ്വീകരിക്കപ്പെട്ടു. അങ്ങനെയാണ് കായണ്ണ പോലീസ് സ്‌റ്റേഷന്‍ അക്രമവും മറ്റും നടക്കുന്നത്. കേരളത്തില്‍ പ്രധാനമായും നക്‌സലൈറ്റുകള്‍ തന്നെയായിരുന്നു അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്. ഒരുപരിധിവരെ ആര്‍ എസ് എസുകാരും സോഷ്യലിസ്റ്റുകളും ചെറിയ വിഭാഗം സിപിഎം പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരുന്നു.

വാസ്തവത്തില്‍ അടിയന്തരാവസ്ഥയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പൊതുവില്‍ കേരളീയസമൂഹം. നാവടക്കൂ, പണിയെടുക്കൂ എന്ന ശാസനത്തെ സ്വീകരിച്ച് തികഞ്ഞ അച്ചടക്കത്തോടെ സ്വന്തം ജോലി ചെയ്ത് ജീവിക്കുകയായിരുന്നു മഹാഭൂരിപക്ഷം മലയാളികളും. അതുകൊണ്ടുതന്നെയാണല്ലോ 77ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നടന്ന തെരഞ്ഞടുപ്പില്‍ വടക്കെയിന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെതിരെ വിധിയെഴുതിയപ്പോള്‍ കേരളം അവര്‍ക്ക് മഹാഭൂരിപക്ഷം നല്‍കിയത്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ പ്രബുദ്ധത എത്രമാത്രം വസ്തുതാവിരുദ്ധമാണെന്നതിന്റെ തെളിവായിരുന്നു അത്. ജനാധിപത്യത്തെ സത്യസന്ധമായി സ്വീകരിക്കാന്‍ തയ്യാറാകാതെ, ബൂര്‍ഷ്വാജനാധിപത്യമെന്നാക്ഷേപിക്കുന്ന ഇടതുപക്ഷം ഇപ്പോള്‍ പോലും തുടരുന്ന നിലപാടും അതിനു കാരണമാണ്. പിന്നീടാണ് രാജന്‍ കേസും മറ്റും ഉയര്‍ന്നു വന്നതും അടിയന്തരാവസ്ഥകാലത്തു സംസ്ഥാനത്തു നടന്ന അതിക്രമങ്ങള്‍ പുറത്തുവന്നതും.

ഇന്ന് അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികമായപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ഹിന്ദുത്വഫാസിസം മാറികഴിഞ്ഞിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷനടക്കമുള്ള സ്ഥാപനങ്ങളെപോലും തങ്ങളുടെ ഉപകരണമാക്കി മാറ്റുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കുന്നു. തന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ അതവസാനിക്കുകയും ചെയ്തു. എന്നാല്‍ രാജ്യം ഇന്നു നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളി സമാനതകളില്ലാത്തതാണ്. അതിനുപുറകില്‍ അതിശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുണ്ട്. നൂറോളം വര്‍ഷം കൊണ്ട് പടിപടിയായി പടുത്തുയര്‍ത്തിയ ശക്തമായ സംഘടനാ സംവിധാനമുണ്ട്. കേന്ദ്രഭരണം കൈവശമാക്കിയ ശേഷം തങ്ങളുടെ അജണ്ട ഒ്‌ന്നൊന്നായി അവര്‍ പുറത്തെടുക്കുകയാണ്. ജനാധിപത്യത്തിനുമുന്നില്‍ പഴയ അടിയന്തരാവസ്ഥയേക്കാള്‍ എത്രയോ വലിയ വെല്ലുവിളിയാണ് ഇവരുയര്‍ത്തുന്നത്.

അതേസമയം ജനാധിപത്യവിശ്വാസികളില്‍ പ്രതീക്ഷയണര്‍ത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടന്ന ജനകീയ പോരാട്ടം ഫാസിസത്തിനു മുന്നില്‍ കീഴടങ്ങില്ല എന്ന പ്രഖ്യാപനം തന്നെയാണ്. അത്തരം പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്നു നയിക്കാനുള്ള കരുത്ത് കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷത്തിനില്ല എന്ന പരിമിതിയുമുണ്ട്. അപ്പോഴും കോണ്‍ഗ്രസ്സ് ഇപ്പോഴും എഴുതിതള്ളാനാവാത്ത ശക്തിയാണ്. അതോടൊപ്പം എത്രയോ പ്രതിസന്ധികളെ അതിജീവിച്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തുമുണ്ട്. അതിനാല്‍ തന്നെ ജനാധിപത്യവിശ്വാസികള്‍ പൂര്‍ണ്ണമായും നിരാശകാകേണ്ടതില്ല.

പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായ സമയത്തായിരുന്നു അപ്രതീക്ഷിതമായി കൊവിഡ് പ്രത്യക്ഷപ്പെടുന്നത്. മറ്റനവധി പ്രത്യാഘാതങ്ങളോടൊപ്പം രാഷ്ട്രീയരംഗത്തും കൊവിഡ് സൃഷ്ടിച്ചിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയെപോലുള്ള രാജ്യത്ത് ആ വെല്ലുവിളി വളരെ ശക്തമാണ്. ഭരണകൂടം ഒരുവശത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങളെ വീടുകളിലിരുത്തുകയും ചെയ്യുന്നു. അതേസമയത്തുതന്നെ മറുവശത്ത് തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നു. യു എ പി എ അടക്കമുള്ള ഭീകരനിയമങ്ങളുപയോഗിച്ച് സാമൂഹ്യപ്രവര്‍ത്തകരെ തുറുങ്കിലടക്കുന്നതുതന്നെ ഉദാഹരണം. ഇന്നത്തെ സാഹചര്യത്തില്‍ കൊവിഡ് ഭീഷണി എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. അതിനാല്‍ തന്നെ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണി കൂടുതല്‍ ശക്തമാകാനാണ് സാധ്യതയെന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply