കര്‍ഷകസമരം പൂര്‍ണ്ണസ്വരാജിന് വേണ്ടിയുള്ള സമരം

ഒരു പക്ഷേ പഴയ യൂറോപ്യന്‍ കോളനിവാഴ്ചക്കെതിരെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെക്കാള്‍, ഇന്ന് ലോകത്തെ ഒന്നാകെ ഗ്രസിക്കുന്ന ആഗോള മൂലധന സാമ്രാജ്യവ്യവസ്ഥക്കെതിരായ സമരങ്ങള്‍ കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണവും അപ്രവചനീയവുമായ മാര്‍ഗങ്ങള്‍ കൈവരിച്ചേക്കാം. അതിനാല്‍ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ പിന്‍ബലമുണ്ടെന്നഹങ്കരിക്കുന്ന നരേന്ദ്രമോദിയേയും കൂട്ടരേയും പ്രതിരോധത്തിലാഴ്ത്തിക്കൊണ്ട് അത്ഭുതകരമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്ന ഈ കര്‍ഷക പ്രക്ഷോഭത്തിന്റെ തല്‍ക്കാല പരിസമാപ്തി എന്തുതന്നെയായാലും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവിനെ കുറിക്കുന്ന മഹാസംഭവമായി (Event) ഇത് മാറാന്‍ പോവുകയാണ്; വരാനിരിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ നാനാമുഖ സമരങ്ങള്‍ക്ക് വഴി തുറന്നുകൊണ്ട്.

നരേന്ദ്രമോദി ഗവണ്‍മെന്റ് കൊണ്ടുവന്ന കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കും മറ്റ് പല ജനാധിപത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ ഇന്ന് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ ഇന്ത്യന്‍ കീഴാളജനതയെ സംബന്ധിച്ച് ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായി തിരിച്ചറിയപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. 1947ല്‍ സംഭവിച്ചത് ഇന്ത്യന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളുടെ സ്വാതന്ത്ര്യലബ്ധി ആയിരുന്നില്ലെന്നും അതിന് ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നും കരുതുന്ന വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങള്‍ അക്കാലത്തുതന്നെ പ്രബലമായിരുന്നു. ഈ നിലപാട് ഏറ്റവും ഉച്ചത്തില്‍ തുറന്നു പ്രഖ്യാപിച്ചത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ്. തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ ഇന്ത്യന്‍ വിപ്ലവം പൂര്‍ത്തീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം. ആ മാര്‍ഗങ്ങളെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകള്‍ കാരണമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പലതായി പിളര്‍ന്നതുതന്നെ. ഇന്ന് ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് സ്വപ്‌നങ്ങള്‍ക്കായുള്ള സമരങ്ങള്‍ സോവിയറ്റ് മാതൃകയെ തള്ളിക്കളയുന്ന ബദല്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞ് പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ കീഴാള ജനസഞ്ചയവും സമ്പൂര്‍ണ്ണ ജനാധിപത്യ സ്വാതന്ത്ര്യത്തിനായുള്ള സമരം തുടങ്ങിയിരിക്കുന്നു എന്ന് പറയാം.

ഈ സമരങ്ങളുടെ രാഷ്ട്രീയത്തില്‍ ഭരണകൂടാത്മകമായ അധികാര ബന്ധങ്ങളില്‍ നിന്നും സര്‍വസ്വ (Common) മായ സമൂഹ-പ്രകൃതി ശക്തികളുടെ സ്വകാര്യവത്ക്കരണത്തില്‍ നിന്നും മുക്തമായ മനുഷ്യജീവിതത്തെ സ്വപ്‌നം കണ്ട മാര്‍ക്‌സിന്റെ സാന്നിദ്ധ്യമുണ്ട്. ഈ മാര്‍ക്‌സ് കറുത്ത അടിമത്തൊഴിലാളികളുടെ മോചനത്തിലൂടെ മാത്രമേ മുതലാളിത്ത മൂലധനാധിപത്യത്തില്‍ നിന്ന് ലോകത്തെ സമസ്ത കൂലി അടിമകള്‍ക്കും മോചനമുള്ളൂ എന്ന് പറഞ്ഞ മാര്‍ക്‌സാണ്. അതുമാത്രമല്ല കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ നിര്‍മ്മിതിക്ക് മുതലാളിത്ത വികസനം അനിവാര്യമല്ലെന്നും എല്ലാം എല്ലാവരുടേതുമായ കാര്‍ഷിക ഗോത്ര സമൂഹങ്ങളുടെ ജീവിത ബന്ധങ്ങളില്‍ നിന്നുതന്നെ കമ്മ്യൂണിസത്തിലേക്ക് നേരിട്ട് കടക്കാമെന്നും പറയുന്നതിലൂടെ സ്റ്റാലിനിസത്തിന്റെ തടവറയില്‍ നിന്നും പുറത്തു കടന്ന മാര്‍ക്‌സാണിത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യലബ്ധി ഇന്ത്യന്‍ കീഴാള ജനതയുടെ സ്വാതന്ത്ര്യലബ്ധിയായിരുന്നില്ല എന്ന് ഏറ്റവും ശക്തിയായി പ്രഖ്യാപിച്ചത് ആ സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധി തന്നെ ആണ്. കര്‍ഷകരടക്കമുള്ള കീഴാളജനതയെ സമരശക്തിയായി ഉയര്‍ത്തിയെടുത്തുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യന്‍ മുതലാളിത്ത ശക്തികളെ മുന്‍നിര്‍ത്തി കോളനിവാഴ്ചക്കെതിരെ സമരം നയിക്കുകയാണ് ഗാന്ധി ചെയ്തത്. ആ നിലക്ക് പഴയ കമ്യൂണിസ്റ്റ് പരികല്‍പനകള്‍ പ്രകാരം ‘ദേശീയ ജനാധിപത്യ’മെന്നോ ‘ജനകീയ ജനാധിപത്യ’മെന്നോ വിളിക്കാവുന്ന ബൂര്‍ഷ്വാ വിപ്ലവത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം. ഈ വിപ്ലവത്തിന്റെ അപൂര്‍ണതയെ കുറിച്ച് മറ്റാരേക്കാളും ഗാന്ധിക്കുണ്ടായിരുന്ന തികഞ്ഞ ബോധ്യത്തില്‍ നിന്നാണ് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ മുതലാളി വര്‍ഗ്ഗത്തിന്റെ കൈകളിലേക്ക് വന്ന സ്വാതന്ത്ര്യം അഥവാ സ്വരാജ്, പാര്‍ലമെന്ററി സ്വരാജ് ആണെന്നും പൂര്‍ണ്ണസ്വരാജിനു വേണ്ടിയുള്ള സമരം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു എന്നും ഗാന്ധി പറഞ്ഞത്. ഗാന്ധിയില്‍ പ്രവര്‍ത്തിച്ച ഈ വിപ്ലവരാഷ്ട്രീയം സ്റ്റാലിനിസ്റ്റുകളായിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഹോചിമിന്‍, തന്നെപ്പോലെയുള്ള കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്കു തുല്യനായി ഗാന്ധിയെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയണമായിരുന്നു എന്ന് പിന്നീട് കെ. ദാമോദരനോട് പറഞ്ഞത്. ചുരുക്കത്തില്‍ ഗാന്ധി തുടക്കം കുറിക്കാന്‍ ശ്രമിച്ചതും തുടക്കത്തില്‍ തന്നെ നിലച്ചുപോയതുമായ പൂര്‍ണ്ണസ്വരാജിനു വേണ്ടിയുള്ള സമരം അഥവാ രണ്ടാം സ്വാതന്ത്ര്യസമരം കഠിനയാതനകളുടെ ഒരു നീണ്ട ഇടവേളക്കുശേഷം ഇന്ത്യന്‍ കീഴാളജനത ഇന്ന് വീണ്ടും ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ ഇന്ന് ദില്ലി നഗരത്തെ ഉപരോധിച്ചിരിക്കുന്ന കര്‍ഷകര്‍ ചമ്പാരന്‍ സമരകാലത്ത് ഗാന്ധിക്ക് പിന്നാലെ ഹതാശരായി തലകുനിച്ചു നടന്ന കര്‍ഷകരല്ല. എങ്കിലും ഗാന്ധി ഒരു മഹാരാഷ്ട്രീയശക്തിയായി ഉയര്‍ത്തിയെടുത്ത ഇന്ത്യന്‍ കര്‍ഷകസമൂഹങ്ങളുടെ പിന്മുറക്കാരാണ് ഗാന്ധിയുടെ സ്വാതന്ത്ര്യ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇന്ന് ദില്ലിയിലെ കൊടും തണുപ്പില്‍ തമ്പടിച്ച് സ്വയം സമരം നയിക്കുന്ന കര്‍ഷകര്‍.

സാമൂഹികവും സാമ്പത്തികവുമായ സമത്വം കണക്കിലെടുക്കാത്ത രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണെന്ന് വിശ്വസിച്ച മറ്റൊരു ഇന്ത്യന്‍ നേതാവ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ആണ്. അസമത്വത്തിലും ഉച്ചനീചത്വങ്ങളിലും അടിയുറച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നവ സവര്‍ണ്ണ മുതലാളിവര്‍ഗ്ഗം നയിക്കുന്ന ഭരണകൂടത്തില്‍ നിന്നും ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊന്നും നീതി കിട്ടാന്‍ പോകുന്നില്ലെന്ന് അംബേദ്ക്കര്‍ക്ക് അവസാന കാലത്ത് ബോധ്യം വന്നിരുന്നു. ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്റെ കൈകളില്‍ ഇന്ത്യന്‍ ഭരണഘടന തന്നെ അര്‍ത്ഥശൂന്യമായിത്തീരുന്നു എന്ന് ബോദ്ധ്യം വന്നതു കൊണ്ടാണ് താന്‍ മുഖ്യശില്‍പ്പിയായ ആ ഭരണഘടനയ്ക്ക് പരസ്യമായി തീയിടാന്‍ ആരെങ്കിലും തയ്യാറായാല്‍ താന്‍കൂടി അതിനു മുന്നിലുണ്ടാവുമെന്ന് രോഷാകുലനും ദുഃഖിതനുമായി 1953ല്‍ അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്ററില്‍ തുറന്നു പറഞ്ഞത്. ഗാന്ധി വധത്തിനുശേഷം, ആ വിടവ് നികത്താന്‍ ഇന്ത്യയിലെ കര്‍ഷകരും ദളിതരും ദരിദ്രരുമടക്കമുള്ള സമസ്ത കീഴാളരുടേയും നേതൃത്വമേറ്റെടുത്ത് പുതിയൊരു സമരത്തിന് തുടക്കം കുറിക്കാനുള്ള രാം മനോഹര്‍ ലോഹ്യയുടെ ക്ഷണം തത്വത്തില്‍ സ്വീകരിച്ചതിനു ശേഷമാണ് ഡോ. അംബേദ്ക്കര്‍ ആകസ്മികമായി മരണമടഞ്ഞത്. അതുകൊണ്ട് അംബേദ്ക്കര്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിച്ച കീഴാള വിമോചനത്തിനു വേണ്ടിയുള്ള സമരങ്ങളുടെ തുടര്‍ച്ചയാണ് മേലാള ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ ഇന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ബദല്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ എന്ന് പറയാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍ വിവരിച്ച രാഷ്ട്രീയ ചരിത്ര വസ്തുതകളില്‍ നിന്ന് തെളിഞ്ഞു വരുന്നത് ആഗോള മൂലധന സാമ്രാജ്യവാഴ്ചയും ലോക കീഴാള ജനസഞ്ചയവും തമ്മില്‍ ഏറ്റുമുട്ടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബദല്‍ ജനാധിപത്യ വിപ്ലവസമരങ്ങളില്‍ മാര്‍ക്‌സിന്റേയും ഗാന്ധിയുടെയും അംബേദ്ക്കറുടെയും ന്യൂനപക്ഷാത്മകവും (Minoritarian) വിമോചകവുമായ രാഷ്ട്രീയം നൂതനമായി ആവേശകരമാംവിധം ആവര്‍ത്തിക്കുന്നു എന്നാണ്. അതുകൊണ്ടു തന്നെ സ്റ്റാലിനിസത്തിന്റെ തടവറയില്‍ നിന്ന് പുറത്തുവന്ന മാര്‍ക്‌സിന്റേയും, നവ സവര്‍ണ്ണ മുതലാളിമാരുടെ കോണ്‍ഗ്രസ്സിനെ കയ്യൊഴിഞ്ഞ ഗാന്ധിയുടേയും, അനുയായികളുടെ അടഞ്ഞ ലിബറല്‍ സ്വത്വരാഷ്ട്രീയവാദത്തില്‍ നിന്നും ‘മൈത്രി’ എന്ന ബുദ്ധമത പരികല്പനയെ ഒരു ഭാവി രാഷ്ട്രീയ പരികല്പനയായി ഉയര്‍ത്തിയെടുത്ത അംബേദ്ക്കറുടെയും വികസ്വരമായ തുറന്ന ചിന്തകള്‍ക്ക് പുതിയൊരു ഇന്ത്യയുടേയും ലോകത്തിന്റേയും നിര്‍മ്മിതിക്കായുള്ള വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളില്‍ പരസ്പരം ശക്തി പകരാന്‍ കഴിയും. അങ്ങനെ ഇപ്പോള്‍ പ്രഭാതഭേരി മുഴക്കപ്പെട്ടു കഴിഞ്ഞ രണ്ടാം സ്വാതന്ത്ര്യസമരത്തിന് ദിശാബോധം പകര്‍ന്നുകൊണ്ട് ജനങ്ങളോടൊപ്പം അവരുടെ ചിന്തകളും ഉണ്ടാവും. നരേന്ദ്രമോദി ഗവണ്മെന്റിനെതിരെ സമീപകാലത്തുയര്‍ന്നു വന്ന മിക്ക സമരങ്ങളിലും ഭഗത്‌സിംഗിന്റയും ഗാന്ധിയുടെയും അംബേദ്ക്കറിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കപ്പെട്ടത് യാദൃച്ഛികമല്ല എന്നര്‍ത്ഥം.

ഒരു പക്ഷേ പഴയ യൂറോപ്യന്‍ കോളനിവാഴ്ചക്കെതിരെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെക്കാള്‍, ഇന്ന് ലോകത്തെ ഒന്നാകെ ഗ്രസിക്കുന്ന ആഗോള മൂലധന സാമ്രാജ്യവ്യവസ്ഥക്കെതിരായ സമരങ്ങള്‍ കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണവും അപ്രവചനീയവുമായ മാര്‍ഗങ്ങള്‍ കൈവരിച്ചേക്കാം. അതിനാല്‍ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ പിന്‍ബലമുണ്ടെന്നഹങ്കരിക്കുന്ന നരേന്ദ്രമോദിയേയും കൂട്ടരേയും പ്രതിരോധത്തിലാഴ്ത്തിക്കൊണ്ട് അത്ഭുതകരമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്ന ഈ കര്‍ഷക പ്രക്ഷോഭത്തിന്റെ തല്‍ക്കാല പരിസമാപ്തി എന്തുതന്നെയായാലും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവിനെ കുറിക്കുന്ന മഹാസംഭവമായി (Event) ഇത് മാറാന്‍ പോവുകയാണ്; വരാനിരിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ നാനാമുഖ സമരങ്ങള്‍ക്ക് വഴി തുറന്നുകൊണ്ട്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply