കര്‍ഷകസമരം പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങള്‍

ഗ്രാമപഞ്ചായത്ത് തലം മുതല്‍ എല്ലാ കാര്‍ഷികോത്പന്നങ്ങളും കര്‍ഷകന് രൊക്കം പണം നല്‍കി സംഭരിക്കുന്നതിനുള്ള സംവിധാനമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. അത് മാറി മാറി ഭരിക്കുന്നവരുടെ വലിയ ഔദാര്യമായി നല്‍കുന്നതിന് പകരം അങ്ങനെ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനും അര്‍ഹമായ വില ഉറപ്പുവരുത്തുന്നതിനും വ്യക്തമായ നിയമം പാര്‍ലമെന്റിലും നിയമസഭകളിലും പാസാക്കുകയാണ് ആവശ്യം. അഭിഭാഷകനായ ഒരു കര്‍ഷക നേതാവ് അത്തരമൊരു കരട് നിയമം തയ്യാറാക്കി അദ്ദേഹത്തിന്റെ പൂര്‍വ്വകാല സഹപ്രവര്‍ത്തകനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്നത്തെ കൃഷി മന്ത്രിക്കും കര്‍ഷക സംഘടനകള്‍ക്കും സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അധികാരികള്‍ അതിന് യാതൊരു പരിഗണനയും നല്‍കിയില്ല. വില നിര്‍ണയത്തിലെ മേല്‍പറഞ്ഞ അടിസ്ഥാനപരമായ സംഗതികള്‍ ആ നിയമത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടില്ല എന്ന വസ്തുത അതിന്റെ മറ്റൊരു വശമാണ്. അത്തരം തത്വങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയും ആവശ്യമായ മറ്റു ചില മാറ്റങ്ങള്‍കൂടി വരുത്തുകയും ചെയ്താല്‍, കാര്‍ഷികോത്പന്ന വിലയെ സംബന്ധിച്ചും ഉത്പന്ന നഷ്ടം വരാതെ സംഭരണം സര്‍ക്കാരിന്റെ നിര്‍ബന്ധ ചുമതലയാക്കുന്നത് സംബന്ധിച്ചും ആ കരട് നിയമം ഉപയോഗപ്പെടുത്താവുന്നതാണ്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ശീതീകരണ സംവിധാനങ്ങളോടു കൂടി മതിയായ അളവ് ഉള്‍ക്കൊള്ളുവാന്‍ പറ്റുന്ന സംഭരണ ശാലകള്‍ തീര്‍ക്കേണ്ടതും അത്യാവശ്യമാണ്.

യാതനകളുടെ സമരത്തിലേക്ക് കര്‍ഷക ലക്ഷങ്ങള്‍

അഞ്ചുനദികളുടെ നാടായ പഞ്ചാബില്‍ നിന്ന് കര്‍ഷക സംഘടനകള്‍ സംയുക്തമായി ആരംഭിച്ച സമരത്തിന്റെ ആ കൊടുങ്കാറ്റ് കിഴക്കന്‍ ദിക്കിലേക്ക് സഞ്ചരിച്ച് ഡല്‍ഹിയില്‍ ആഞ്ഞുവീശുകയാണ്. ആ കൊടുങ്കാറ്റില്‍ ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ (എന്‍.ഡി.എ.) ഒരു ആണിക്കല്ല് ഇളകി തെറിച്ചുപോയി. 1980 കളിലെ സിഖ് മത പീഡനത്തിന്റെയും കാലങ്ങളായി ഉള്ള അധികാരകേന്ദ്രീകരണത്തിന്റെയും പഞ്ചാബിനോടുള്ള അവഗണനയുടെയും ഓര്‍മ്മകളില്‍ നിന്ന് ശക്തി സംഭരിച്ച പാര്‍ട്ടിയാണ് അകാലിദള്‍. അവരുടെ കോണ്‍ഗ്രസ് വിരുദ്ധത മുതലാക്കുവാന്‍ കഴിഞ്ഞ ബി.ജെ.പി.യ്ക്ക് എന്‍.ഡി.എ. രൂപീകരണം മുതല്‍ വിശ്വസ്തതയോടെ രണ്ട് ദശകത്തിലധികം അവരെ കൂടെ നിര്‍ത്തുവാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അകാലിദളിന്, ആഞ്ഞടിച്ച കര്‍ഷക സമരത്തിലൂടെ എന്‍.ഡി.എ.യോട് വിട പറയേണ്ടി വന്നു. ചെറുതെങ്കിലും മറ്റു കക്ഷികളിലേക്കും അത് പടരുന്നുണ്ട്.

ദില്ലി മഹാനഗരത്തിലേക്കുള്ള സിംഘു, ടിക്രിത്, ഗാസിപൂര്‍, ഷഹജാപൂര്‍ തുടങ്ങിയ അഞ്ച് വലിയ പ്രവേശനങ്ങളിലും കര്‍ഷകര്‍ തെരുവുകളില്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ആറു കേന്ദ്രങ്ങളിലും 15 കിലോമീറ്ററില്‍ അധികം നീളത്തില്‍ അവിടങ്ങളിലെ വിശാലമായ തെരവുകള്‍ നിറഞ്ഞു കവിഞ്ഞു കര്‍ഷകരാണ്. പഞ്ചാബിലെയും, ഹരിയാണയിലെയും ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ആദ്യം ഒഴുകിയെത്തിയത്. അറസ്റ്റ്, റോഡിലെ വലിയ വേലിക്കെട്ടുകള്‍, തടസ്സങ്ങള്‍, റ്റീയര്‍ ഗ്യാസ് പ്രയോഗം, ലാഠിചാര്‍ജ്ജ് മുതലായവ പ്രയോഗിച്ച് കര്‍ഷകര്‍ ദില്ലിയെ ലക്ഷ്യമാക്കി നീങ്ങുന്നത് തടയുവാന്‍ ശ്രമിച്ചു. വലിയ പമ്പുകള്‍ ഉപയോഗിച്ച് കൃഷിക്കാര്‍ക്കെതിരെ ശക്തിയില്‍ വെള്ളം ചീറ്റിച്ച് അവരെ തടഞ്ഞു. അതിനെയെല്ലാം അതിജീവിച്ച് ലക്ഷകണക്കിന് കര്‍ഷകര്‍ ദില്ലിക്ക് ചുറ്റും തമ്പടിച്ചിരിക്കുകയാണ്. മൈനസ് ഡിഗ്രി തണുപ്പ് അസ്ഥികളെ തുളയ്ക്കുന്ന വിധം പീഡിപ്പിക്കുമ്പോഴും മുകളില്‍ ആകാശവും താഴെ മണ്ണിലുമായി തെരുവുകളില്‍ യാതനകള്‍ സഹിച്ച് ആ പൈശാചിക നിയമങ്ങളോട് അവര്‍ പോരാടുന്നു. 2020 നവംബര്‍ 26/27 ന് തുടങ്ങിയ ഐതിഹാസികമായ സമരം അത്തരം യാതനകളും സഹനങ്ങളുമേറ്റ് ഇപ്പോള്‍ രണ്ടുമാസം പിന്നിട്ടുകഴിഞ്ഞു. കൊച്ചുകുട്ടികള്‍, സ്ത്രീകള്‍, രോഗികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ എന്നിവരൊട്ടാകെയാണ് സര്‍ക്കാരിന്റെ നിലപാടിലെ മാറ്റം പ്രതീക്ഷിച്ച് കാത്തുകിടക്കുന്നത്. 2021 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ വലിയ ട്രാക്റ്റര്‍ റാലി ഡല്‍ഹിയില്‍ അരങ്ങേറി. വന്‍വിജയമായി മാറിയ ട്രാക്റ്റര്‍ റാലിയെ അപകര്‍ത്തിപ്പെടുത്തുവാന്‍ റാലിയില്‍ നുഴഞ്ഞുകയറിയ സ്ഥാപിത താല്പര്യക്കാര്‍ ചെങ്കോട്ടയിലെ ദേശീയ പതാകയുടെ സമീപത്ത് മറ്റൊരു പതാക ഉയര്‍ത്തുകയുണ്ടായി. അത്തരം അപഹസിക്കല്‍ ട്രാക്റ്റര്‍ റാലിക്കെതിരെ വലിയ പ്രചാരണം അഴിച്ചുവിടാന്‍ സര്‍ക്കാരും ആര്‍.എസ്.എസ്., ബി.ജെ.പി. ശക്തികളും ഉപയോഗപ്പെടുത്തി. റാലിയുടെ വന്‍വിജയവും സത്യാവസ്ഥയും ജനങ്ങള്‍ അറിയാതെയിരിക്കാന്‍ റാലി സമയത്തും തുടര്‍ന്ന് ഇപ്പോഴും സമര ഭാഗത്ത് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അത് പുറത്തുവരാതെയിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കോര്‍പറേറ്റ് ശക്തികളുടെ ഉടമസ്ഥതയിലുള്ള ദൃശ്യ മാധ്യമങ്ങളിലൂടെ നുണപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. അത്തരം കുപ്രപ്രചാരണങ്ങളൊന്നും സമരത്തെ തളര്‍ത്തിയില്ല. തുടര്‍ന്ന് സര്‍ക്കാര്‍ സിംഗൂരിലെ കര്‍ഷകരുടെ ഇടയിലേക്ക് പ്രാദേശിക ജനങ്ങളെന്നവകാശപ്പെട്ട് ബി.ജെ.പി.ഗുണ്ടകളെ കയറ്റിവിട്ട് സംഘര്‍ഷം അഴിച്ചുവിടാനും സര്‍ക്കാര്‍ ശ്രമിച്ചു. പിന്നീട് ഗാസിപ്പൂരിലെ കര്‍ഷകരെ ഒഴിപ്പിച്ചെടുക്കാന്‍ ബലമായി പോലീസ് ശ്രമിച്ചു. എന്നാലത് സര്‍ക്കാരിന് തിരിച്ചടി ഉണ്ടാക്കുകയും സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. ഗാസിപ്പൂരിലേക്ക് പശ്ചിമ യൂ.പി യില്‍ നിന്നും ഹരിയാണിയില്‍ നിന്നും പതിനായിരക്കണക്കിന് കര്‍ഷകര്‍ ഓടിയെത്തി. കര്‍ഷക സമരത്തിന്റെ ജനപിന്തുണയും ശക്തിയുമാണ് അതെല്ലാം കാണിക്കുന്നത്. അതില്‍ ഭയന്നിട്ട് കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും പ്രചണ്ഡമായ നുണപ്രചാരണങ്ങളാണ് ഈ വിഷയത്തില്‍ നടത്തുന്നത്. മാധ്യമങ്ങളും അതില്‍ പങ്കാളികള്‍ ആകുന്നുണ്ടെങ്കിലും സമരരംഗത്തുള്ള കര്‍ഷകരെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല.

കര്‍ഷകരുടെ ഒരുമയും ജനങ്ങളുടെ ഐക്യപ്പെടലും

കര്‍ഷക വര്‍ഗത്തെ കോര്‍പറേറ്റുകളുടെ അടിമകളാക്കുന്ന രണ്ട് നിയമങ്ങളും കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തെയും ന്യായവിലഷോപ്പുകളിലൂടെയുള്ള വിതരണത്തെയും ബാധിക്കുന്ന അവശ്യ വസ്തു നിയമത്തില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതിയും പിന്‍വലിച്ചേ തീരൂ എന്ന ഉറച്ച ശബ്ദത്തിലുള്ള കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടും ആ പുതിയ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കോര്‍പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളായ സര്‍ക്കാരിന്റെ നിലപാടും മുഖാമുഖം നില്‍ക്കുകയാണ്. ബി.ജെ.പി., ആര്‍.എസ്.എസ്.ശക്തികളും അവരുടെ പിണിയാളുകളും ഒഴികെ രാജ്യം മുഴുവന്‍ കര്‍ഷക സമരത്തെ പിന്‍തുണയ്ക്കുന്ന കാഴ്ചയാണ് എവിടെയും. രാജ്യത്ത് എമ്പാടുമുള്ള തീര്‍ത്തും ചെറുതും വലതുമായ നൂറു കണക്കിന് കര്‍ഷക സംഘടനകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്ന് സമരത്തിലാണ്. ജനകീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ സാമൂഹിക സംഘടനകള്‍, വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പകരമായി മറ്റൊരു വഴി തുറക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ സംഘടനകള്‍, ദലിത – ആദിവാസി സംഘടനകള്‍, വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് പുറമെയുള്ള മാക്‌സിറ്റ്-കമ്യൂനിസ്റ്റ് സംഘടനകള്‍ തുടങ്ങിയവയും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ രാജ്യത്തിന്റെ മുഴുവന്‍ ശബ്ദവും കര്‍ഷകരെയും ജനങ്ങളെയും നശിപ്പിക്കുന്ന ആ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിനൊപ്പം അണിനിരക്കുന്നു. ലോക രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കി. ലോകത്തിലെ സെലിബ്രിറ്റികളും പരിസ്ഥിതി സംരക്ഷിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഏറ്റുമുട്ടിയ ഗ്രെറ്റ എന്ന പെണ്‍കുട്ടിയും ഇപ്പോള്‍ കര്‍ഷകരെ പിന്തുണച്ചിരിക്കുകയാണ്.

കോറോണയുടെകാലത്ത്, കോര്‍പറേറ്റ് ശക്തികളില്‍ നിന്നും അവയുടെ താത്പര്യാര്‍ത്ഥമുള്ള ലോക ബാങ്ക്, ഐ.എം.എഫ്., ഏ.ഡി.ബി. തുടങ്ങിയ ഏജന്‍സികളില്‍ നിന്നും ഏറെ സംഖ്യകള്‍ വിവിധ പദ്ധതികള്‍ക്കായി വായ്പയെടുത്ത് രാജ്യത്തിനും ജനങ്ങള്‍ക്കും വന്‍ കടബാദ്ധ്യതകള്‍ വരുത്തിയ സര്‍ക്കാര്‍, കോര്‍പറേറ്റുകളുടെ അടിമകളാണ്. അതിനാലാണ് എക്കാലത്തെയും ചരിത്രത്തില്‍ ഇന്ത്യയും ലോകവും കണ്ട ഏറ്റവും വലിയ കേന്ദ്രീകൃതമായ ബഹുജനസമരത്തിനു മുന്നിലും വഴങ്ങാതെ കോര്‍പറേറ്റുകളോട് വിധേയത്വം കാണിച്ച് സര്‍ക്കാര്‍ ആ നിയമങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. എന്നാല്‍ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ മാത്രമല്ല അവിടുത്തെ ജനതയൊട്ടാകെ ഈ സമരത്തിനൊപ്പം അണി നിരന്നിരിക്കുകയാണ്. കര്‍ഷക ലക്ഷങ്ങള്‍ക്ക് വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ സമരമുഖത്ത് എത്തിക്കുന്നത് ജനങ്ങളുടെ സമരത്തോടുള്ള കൂട്ടായ്മയുടെ പ്രതിഫലനമാണ്. ഭക്ഷണം എല്ലാവര്‍ക്കും നല്‍കാന്‍ ഉത്പാദകരായ കര്‍ഷകര്‍ക്ക് നിഷപ്രയാസം കഴിയുന്നു. ചെരുപ്പുകടകള്‍, വലിയ തുണി അലക്ക് സംരംഭങ്ങള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളും അവശ്യം വേണ്ട വസ്തുക്കളും സേവനവും നല്‍കിയും പണം സമാഹരിച്ചും ഈ കര്‍ഷക സമരത്തെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. അതുപോലെ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷിക്കാരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ദില്ലിയിലേക്ക് ഒഴുകിയെത്തുകയാണ്. സമരത്തിന് വഴങ്ങി നിയമങ്ങള്‍ പിന്‍വലിക്കാനും കാര്‍ഷികോത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എങ്കിലും സംഭരിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്. രാജ്യത്തിന്റെ ഒട്ടാകെയുള്ള ഒരു ഐക്യം കര്‍ഷകരുടെ ആ രണ്ട് ആവശ്യങ്ങള്‍ക്ക് പിന്നിലേക്ക് ഇപ്പോള്‍ സമാഹരിക്കണം. ഇന്ത്യയിലെ ഓരോ പൗരന്റെയും നാവില്‍ നിന്ന് കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് സര്‍ക്കാരിനോട് വഴങ്ങുവാന്‍ ആവശ്യപ്പെടണം. തെരുവുകളായ തെരുവുകളില്‍ ആ ശബ്ദമാണ് മുഴങ്ങേണ്ടത്. ജനങ്ങളെല്ലാം തെരുവില്‍ ഇറങ്ങുകയും ആ നിയമങ്ങള്‍ പിന്‍വലിക്കുവോളം സര്‍ക്കാരിന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയുമാണ് വേണ്ടത്. കോര്‍പറേഷനുകള്‍, നഗരസഭകള്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെല്ലാം അക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കണം. സംഘടനകളും സമുദായങ്ങളും ക്ലബുകളും നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുവാന്‍ മുന്നോട്ട് വരണം. പൗര•ാര്‍ ഓരോരുത്തരും കത്തുകള്‍ അയ്ക്കുന്നതും അനുപേക്ഷണീയമാണ്.

നിയമം പിന്‍വലിക്കും വരെ സമരം എന്തുകൊണ്ട്?

കര്‍ഷക ശാക്തീകരണ വിലസംരക്ഷണ കാര്‍ഷികസേവന നിയമം എന്നും കര്‍ഷക ഉല്‍പാദന വ്യാപാര വാണിജ്യ പ്രോത്സാഹന നിയമം എന്നും ആണ് പേരിട്ടിരിക്കുന്നതെങ്കിലും കൊന്നു തിന്നാന്‍ വളര്‍ത്തുന്ന കോഴികളുടെ കൂടിന് കോഴി പരിപാലന സങ്കേതം എന്ന് പേരിട്ടിരിക്കുന്നതുപോലെ കര്‍ഷകരെ അടിമകളാക്കുവാനും അന്തിമമായി ഉ•ൂലനം ചെയ്യുവാനും ആണ് പ്രസ്തുത നിയമങ്ങള്‍ എന്ന് വെളിവുള്ള ആര്‍ക്കും മനസിലാകും. നിയമത്തിന്റെ വകുപ്പുകള്‍ ഓരോന്നും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പുതിയ നിയമങ്ങള്‍ പിന്‍വലിച്ചേ തീരൂ എന്ന് കര്‍ഷകര്‍ പറയുന്നതിന്റെ ന്യായമെന്താണ്? കര്‍ഷകര്‍ക്ക് വില നല്‍കാനും അത് ഉറപ്പുവരുത്താനും കര്‍ഷകര്‍ക്ക് വില്പനയ്ക്ക് സഹായകമായ വിധം നിലവിലുള്ളഏതെങ്കിലും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനല്ല മേല്‍പറഞ്ഞ രണ്ടു പുതിയ നിയമങ്ങളും മറ്റൊരു നിയമത്തിലെ ഭേദഗതിയും കൊണ്ടുവന്നിരിക്കുന്നത്. ഓരോ വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നമല്ല, മറിച്ച് ആ നിയമങ്ങള്‍ ഒരു പുതിയ സംവിധാനത്തെയാണ് സ്ഥാപിച്ചെടുക്കുന്നത്. അത് ആര്‍ക്കും മനസിലാക്കുവാന്‍ കഴിയും. ആ പുതിയ സംവിധാനം (സിസ്റ്റം) ആണ് കര്‍ഷകര്‍ നിരാകരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ആ പുതിയ സംവിധാനം നിലവില്‍ വരുത്തി അതില്‍ അവിടെയും ഇവിടെയുമായി ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. അതിലൂടെ കര്‍ഷകരെ തൃപ്തിപ്പെടുത്താമെന്ന സര്‍ക്കാരിന്റെ വ്യാമോഹം തികച്ചും തെറ്റായതാണ്. ഉദാഹരണമായി രാജ്യത്ത് ഏറെ പ്രചാരം ലഭിച്ച ഒരു വകുപ്പാണ് ആ നിയമത്തില്‍ പറയുന്ന സിവില്‍ ഉള്‍പ്പെടെയുളള എല്ലാ കോടതികളെയും ഒഴിവാക്കിയ വ്യവസ്ഥ. പകരം കര്‍ഷകരും കച്ചവട, വ്യാവസായിക ശക്തികളും തമ്മില്‍ വയ്ക്കുന്ന കരാറുടമ്പടിയെക്കുറിച്ചും കരാറുടമ്പടിയിലുണ്ടാകുന്ന തര്‍ക്കങ്ങളെക്കുറിച്ചും പരിഗണിക്കാനുള്ള അധികാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു മാത്രം നല്‍കിയിരിക്കുകയാണ്. കൈകാര്യം ചെയ്യാവുന്നതിലധികം കേസുകള്‍ കുമിഞ്ഞുകൂടി ഇപ്പോള്‍ തന്നെ മരവിപ്പിലായ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതികളും രാഷ്ട്രീയ സ്വാധീനത്തിന് വിധേയമാകുന്ന അവിടുത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും കര്‍ഷകര്‍ക്ക് നീതി നല്‍കില്ലെന്ന് ആണ് ഒരു വിമര്‍ശനം. ആ പ്രശ്‌നം പരിഹരിച്ച് മറ്റേതെങ്കിലും ആര്‍ബിട്രല്‍ സംവിധാനം വന്നാലും സ്ഥിതി ഗതികളില്‍ കാര്യമായ മാറ്റമില്ല. വലിയ മൂലധന ശക്തികളും കമ്പോളം നിയന്ത്രിക്കുന്നതുമായ കുത്തക കമ്പനികള്‍ ഇന്നത്തെക്കാള്‍ വിലയിടിച്ച് താഴ്ത്തി കാര്‍ഷികോത്പന്നങ്ങളുട വില്പനയ്ക്ക് കരാര്‍ വയ്ക്കുന്ന സംവിധാനം കര്‍ഷകരുടെ ചൂഷണത്തിനാണ് ഇടവരുത്തുന്നത്.

മണ്ഡി വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഇഷ്ടപ്രകാരം പുറത്തുള്ള വ്യാപരികള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുവാന്‍ കഴിയില്ലായെന്നും രാജ്യത്ത് എവിടെയും ഇഷ്ടമുള്ള ആളുകള്‍ക്ക് വില്‍ക്കുവാന്‍ പുതിയ നിയമങ്ങള്‍ പ്രാപ്തരാക്കുമെന്നും പ്രചരിപ്പിക്കുന്നു. കര്‍ഷകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി വാഴ്ത്തുവാനാണ് ശ്രമം. എന്നാല്‍ നിലവിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ എവിടെയും വില്‍ക്കുവാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കരാര്‍കൃഷിയില്‍ കരാര്‍ വച്ച ശേഷം വിളകള്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുത്ത് വിളവ് എടുക്കുന്ന സമയത്ത് അത് കരാര്‍ വച്ച കമ്പനിക്ക് മാത്രമാണ് വില്‍ക്കുവാന്‍ കഴിയുന്നത്. കമ്പോളത്തില്‍ വില ഉയര്‍ന്നാല്‍ പോലും കര്‍ഷകര്‍ക്ക് ആ വില അനുസരിച്ച് ഉല്പന്നം വില്‍ക്കുവാന്‍ കഴിയില്ല. വില ഉയര്‍ന്നാല്‍ എന്ന പ്രയോഗത്തിന് അര്‍ത്ഥമില്ല. കാരണം കരാര്‍ വച്ച ശേഷം കമ്പോളം നിയന്ത്രിക്കുന്ന ശക്തികള്‍ വില വര്‍ദ്ധിപ്പിക്കുമെന്നും ഉല്പാദകരില്‍ നിന്ന് കരാര്‍ പ്രകാരം വിളകള്‍ തട്ടിയെടുക്കുമെന്നുള്ള കാര്യം നിസ്തര്‍ക്കമാണ്. യഥാര്‍ത്ഥത്തില്‍ കര്‍ഷകന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മാഗ്നാകാര്‍ട്ടയല്ല. മറിച്ച് കര്‍ഷകരെ ഒട്ടാകെ അടിമകളാക്കുന്നതിനുള്ള പ്രമാണ രേഖയാണ് ആ നിയമങ്ങള്‍. അത് വേണ്ടെന്ന് വയ്ക്കണമെങ്കില്‍ നിയമത്തിന്റെ പൂര്‍ണ്ണമായ പിന്‍വലിക്കലിലൂടെ മാത്രമാണ് കഴിയുക. ആ സംവിധാനം നടപ്പില്‍ വരുത്തണമെന്ന സര്‍ക്കാരിന്റെ ഗൂഢമായ താല്പര്യങ്ങള്‍ കൊണ്ടാണല്ലോ ലോകത്തില്‍ ഇന്നേവരെ സംഭവിക്കാത്ത വിധമുള്ള ഈ കര്‍ഷകസമരത്തിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങാത്തത്. അത് തിരിച്ചറിയുന്ന കര്‍ഷകര്‍ ആ സംവിധാനത്തെ പാടേ നിരാകരിച്ചുകൊണ്ട് ഉറച്ചുനില്‍ക്കുകയാണ്. മൂന്നുമാസത്തോടടുത്ത് കൊടിയ യാതനകള്‍ സഹിച്ച് പിന്നിട്ട സമരത്തില്‍ പതിനൊന്ന് വട്ടം സര്‍ക്കാരും കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നീണ്ട സമയം വെച്ചുതാമസിപ്പിച്ചുകൊണ്ട് കര്‍ഷകരെ പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വലിയ കിടങ്ങുകള്‍ കുഴിച്ച് കോണ്‍ക്രീറ്റ് ബ്ലോക്കുകളുടെ ബാരിക്കേഡുകളും റോഡിലാകെ കോണ്‍ക്രീറ്റില്‍ തലതിരിച്ച് ഉറപ്പിച്ച മൂര്‍ച്ചയുള്ള ആണികളും ചുറ്റിവളഞ്ഞ മുള്ളുകമ്പിവേലികളും സമരത്തിന് ചുറ്റും തീര്‍ത്ത് ഇപ്പോള്‍ ഒരു തരത്തിലുള്ള ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ റ്റ്വിറ്ററില്‍ കുറിച്ചതുപോലെ ക്രമസമാധാന പാലനത്തിന് താത്കാലികമായ ബാരിക്കേഡുകള്‍ ആവശ്യമാണ്. എന്നാല്‍ കോണ്‍ക്രീറ്റ് ഉറപ്പിച്ച് സ്ഥിരമായ ബാരിക്കേഡു സ്ഥാപിക്കുന്നത് കോട്ടകെട്ടുന്നതുപോലെയാണ്. അത്തരം സ്ഥിര സ്വാഭാവമുള്ള കോട്ടകെട്ടുന്നതുപോലെയുള്ള ബാരിക്കേഡുകള്‍ സൂചിപ്പിക്കുന്നത് ഒന്നുകില്‍ ഭരണാധികാരി ജനങ്ങളെ ഭയപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ജനങ്ങളെ ശത്രുക്കളായി കാണുന്നുവെന്നാണ്. അവ രണ്ടും ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പുതിയ നിയമങ്ങള്‍ മൂലം അടിമകളാക്കപ്പെടുന്ന കൃഷിക്കാരും കൃഷിക്കാരെ കോര്‍പറേറ്റുകളുടെ അടിമകളാക്കുന്നതിന് അച്ചാരം വാങ്ങി അവരുടെ വെറും ഏജന്റ്മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ ഇന്ത്യയിലെ സര്‍ക്കാരും തമ്മിലുള്ള ഒരു പോര്‍വിളിയാണിത്. അതിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും നിലപാടുകളും എത്രമാത്രം ഉണ്ടായിരുന്നാലും വിവാദമായ 2020 ലെ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരുടെയും അതിനെതിരായ വിശാലമായ ഐക്യമാണ് ഇപ്പോള്‍ നേടേണ്ടത്. അത് നിലപാടുകളിലെ വ്യക്തതയ്ക്കും ദിശാ ബോധത്തിനും ഒരിക്കലും വിഘാതമാകുയുമില്ല.

വിവാദനിയമങ്ങള്‍ ഉണ്ടാക്കുന്ന പുതിയ സംവിധാനം കാര്‍ഷികോത്പന്നങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കില്ല എന്നത് ഉറപ്പാണ്. ഇന്ന് കമ്പോളവും സര്‍ക്കാരും കര്‍ഷകന് നല്‍കുന്ന വിലയെക്കാള്‍ വളരെയേറെ ഇടിച്ചുതാഴ്ത്തിയ വിലയാണ് നല്‍കാന്‍ പോകുന്നതെന്ന സൂചനയാണ് നേരിട്ട് കര്‍ഷകരുമായി ബന്ധമില്ലെന്ന് തോന്നുന്നതും ഉപഭോക്താക്കളെ മാത്രം ബാധിക്കുന്നതെന്ന കരുതുന്നതുമായ മൂന്നാമത്തെ നിയമത്തിലെ ഭേദഗതി നല്‍കുന്നത്. 1955 ലെ അവശ്യവസ്തു നിയമത്തിലാണ് പുതിയ രണ്ട് നിയമങ്ങളോടൊപ്പം മോദിസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പൂഴ്ത്തിവപ്പും കരിഞ്ചന്തയും നടത്തി ഉണ്ടാക്കുന്ന കൃത്രിമമായ ക്ഷാമത്തിന്റെ മറിവില്‍ കച്ചവടശക്തികള്‍ അന്യായമായി കമ്പോളത്തിലെ വില വര്‍ദ്ധിപ്പിച്ച് ചൂഷണം ചെയ്യുന്നത് തടയുന്നതിനാണ് അവശ്യവസ്തു നിയമം. എന്നാല്‍ അതിന്റെ ഭേദഗതിയില്‍ എത്രവേണേലും ഉല്പന്നങ്ങള്‍ കൂട്ടിവയ്ക്കാനും സംഭരിക്കാനും പൂഴ്ത്തിവയ്ക്കാനും ഇഷ്ടമുള്ളപ്പോള്‍ മാത്രം അവ വിറ്റഴിക്കുവാനും കച്ചവടശക്തികള്‍ക്ക് അനുവാദവും അവകാശവും നല്‍കുന്നതാണ് പുതിയ ഭേദഗതി. ഉത്പാദകരില്‍ നിന്ന് ധാരാളം ഉത്പാദനം നടക്കുന്ന കാലയളവില്‍ പരമാവധി വാങ്ങിവച്ച് പിന്നീട് കൃത്രിമമായ ദൗര്‍ലഭ്യവും വിലക്കയറ്റവും സൃഷ്ടിച്ച് വിറ്റഴിക്കുവാന്‍ വന്‍കിട കച്ചവടശക്തികള്‍ക്ക് കഴിയും. അത്തരം പൂഴ്ത്തി വപ്പും പിന്നീട് നടത്തുന്ന കരിഞ്ചന്തയും തടയുവാനാണ് ആ നിയമം 1955 ല്‍ കൊണ്ടുവന്നത്. സാധാരണക്കാരുടെ അവശ്യ വസ്തുക്കളുടെ വിലയില്‍ കൊള്ളയടിക്കുന്നത് തടയുകയായിരുന്നു ആ നിയമത്തിന്റെ ഉദ്ദേശ്യം. കോര്‍പറേറ്റ് കരാര്‍ കൃഷിയില്‍ വരുന്ന കമ്പനികള്‍ക്ക് പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും അവകാശം നല്‍കുന്നതോടൊപ്പം, തന്നിഷ്ടപ്രകാരം വിലയിടിക്കുവാനും കര്‍ഷകരുടെ കൈയ്യില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ വിലയിടിച്ച് കൈവശപ്പെടുത്തി കഴിഞ്ഞാല്‍ തോന്നിയതും വളരെ ഉയര്‍ന്നതുമായ വിലയ്ക്ക് വിറ്റഴിക്കുവാനും അവര്‍ക്ക് കഴിയും.

അജണ്ട മാറ്റുന്ന കര്‍ഷകര്‍

കാരണം ആ നിയമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ എന്നപോലെ കോറോണയുടെ അടച്ചുപൂട്ടലും ജനങ്ങളുടെ നിസ്സഹായതയുടെയും ഇരുണ്ട കാലത്ത് അടിച്ചേല്‍പ്പിച്ചതാണ്. രാജ്യത്തെ തകര്‍ക്കും വിധം മോദിസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അസാധാരണമായ സേവ ചെയ്യുന്ന അനവധി നിയമങ്ങളും നടപടികളും എടുത്തു. രാജ്യ രക്ഷയുടെ മേഖലയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന 24% നേരിട്ടുളള വിദേശ നിക്ഷേപം ഒറ്റയടിക്ക് 74% മാക്കി വര്‍ദ്ധിപ്പിച്ച് ദേശ സുരക്ഷയും ജീവന്‍ തൃണവല്‍ഗണിച്ച് അതിര്‍ത്തികളില്‍ നിലകൊള്ളുന്ന സൈനികരെ വഞ്ചിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നു കൊടുത്തു. രാജ്യത്തിന്റെ പൊതുമുതലായ ഒരുപാട് പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനായി അടിയറ വച്ചു. തൊഴിലാളി വിരുദ്ധമായി അവരുടെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്ന വിധം തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പൊളിച്ചെഴുതി. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ മുതല്‍ മുടക്കിനും വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ച് ലാഭം കൊയ്യുവാനും വിദ്യാഭ്യാസ മേഖല കച്ചവട ചരക്കിന്റെ ഒരു വില്പന രംഗമാക്കി മാറ്റി. ദേശീയ വിദ്യാഭ്യാസ നയം എന്ന് പേരിട്ട് മറ്റൊരു കോര്‍പറേറ്റ് സേവയുടെ നയമാണ് കൊണ്ടുവന്നത്. എന്നാല്‍ അപ്പോഴെല്ലാം രാജ്യം വിറങ്ങലിച്ച് നിന്നതല്ലാതെ രാജ്യത്തെയും ജനങ്ങളെയും പിച്ചിച്ചീന്തുന്നതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുവാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ല് പോലെ കര്‍ഷകര്‍ ഇന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. 1991 മുതല്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കര്‍ഷകജീവിതങ്ങളെ പിച്ചി ചീന്തിയപ്പോള്‍ 1993 മുതല്‍ ആരംഭിച്ച നിസ്സഹായരായ ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യകളാണ് ഉണ്ടായത്. എന്നാല്‍ ഒടുവില്‍, പ്രകടമായ അടിമവ്യവസ്ഥ കൃഷിയില്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ പാസ്സാക്കിയപ്പോള്‍ കര്‍ഷകര്‍ ചെറുത്തുനില്‍പ്പിന് തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. ഉയര്‍ത്തെഴുന്നേല്‍ക്കാനാഗ്രഹിച്ച് പോരാടുന്ന കര്‍ഷകന്‍ ഇന്ന് ഇന്‍ഡ്യയ്ക്ക് പ്രതീക്ഷ ഉണര്‍ത്തുകയാണ്. അത് ആഗോളമുതലാളിത്ത ശക്തികള്‍ അടിച്ചേല്‍പ്പിക്കുന്ന ചൂഷണത്തിന്റെ ഇന്നത്തെ ലോകത്തിനും ഒരു പ്രതീക്ഷയാണ്.

കര്‍ഷകരുടെ ഈ സമരം കാര്‍ഷിക മേഖല അടിക്കടിയായി കോര്‍പറേറ്റുകളുടെ കൈപ്പിടിയില്‍ ആക്കുന്ന കാര്‍ഷിക അജണ്ടയില്‍ വലിയൊരു മാറ്റമാണ് ഈ അന്ത്യനിമിഷത്തിലെങ്കിലും വരുത്തുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും, കര്‍ഷകരെ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും തെറ്റിദ്ധരിപ്പിച്ചുവെന്ന് നിരന്തരമായി പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയല്ല, മറിച്ച് കാര്‍ഷികമേഖലയില്‍ വരുത്തികൊണ്ടിരുന്ന ക്രമേണയായ കോര്‍പറേറ്റുവല്ക്കരണത്തിനെതിരെ ഇതുവരെ യാതൊന്നും ചെയ്യാതെയിരുന്ന വ്യവസ്ഥാപിത പ്രതിപക്ഷ കക്ഷികളെ കര്‍ഷകര്‍ തങ്ങളുടെ ഉജ്വലമായ സമരത്തിലൂടെ അവരുടെ പാതയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അല്പം കൂടി ശരിയായി പറഞ്ഞാല്‍ ഇന്നത്തെ ഭരണ, പ്രതിപക്ഷ വ്യവസ്ഥാപിത കക്ഷികളുടെ കേന്ദ്ര സംസ്ഥാനങ്ങളിലെ മാറി മാറിയുള്ള ഭരണം കൃഷിയുടെ ക്രമേണയായ കോര്‍പറേറ്റുവല്കരണത്തെ ഓരോ ഘട്ടത്തിലും നടപ്പിലാക്കുകയാണ് ചെയ്തത്. അതിനെതിരെയുള്ള ഈ കര്‍ഷക മുന്നേറ്റം രാജ്യത്തെ തന്നെ മറ്റൊരുവഴിയ്ക്കാണ് നയിക്കുന്നത്. കേവലം കാര്‍ഷിക രംഗത്ത് മാത്രമല്ല സാമ്പത്തിക അജണ്ടയിലും രാജ്യത്തെ രാഷ്ട്രീയ അജണ്ടയിലുമാണ് ആ സമരം വിജയിച്ചാല്‍ മാറ്റം വരുത്തുന്നത്. സമരം താത്കാലികമായി പരാജയപ്പെട്ടാല്‍ പോലും അത് തുറന്ന് വിടുന്ന ജനശക്തിയുടെ ഊര്‍ജ്ജം കോര്‍പ്പറേറ്റ് രാജിന് അതിന്റെ മുന്നോട്ടുള്ള പ്രയാണം ജനങ്ങളുടെ ചെറുത്ത് നില്‍പ്പ് നേരിടേണ്ടി വരും എന്നുള്ളതാണ്. ഇക്കാലമത്രയും ലേബലുകള്‍ എന്തായിരുന്നാലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ വികസനം, സാമ്പത്തിക വളര്‍ച്ച എന്നൊക്കെയുള്ള ഓമനപേരിട്ട് യാതൊരു ചാഞ്ചല്യവുമില്ലാതെ ആഗോളവല്ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്തത്. അത് നിമിത്തം ഇന്ത്യയുടെ സമ്പദ്ഘടനയിലെ എല്ലാമേഖലകളിലും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭക്ഷണ പാനീയങ്ങള്‍, ഗതാഗതം, ആശയവിനിമയ സംവിധാനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും കോര്‍പറേറ്റുകളുടെ ആധിപത്യം അഭംഗുരം വര്‍ദ്ധമാനമായിക്കൊണ്ടിരുന്നു. വിവാദമായ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരികയാണെങ്കില്‍ അവിരാമമായ ആ പ്രക്രിയ ആദ്യമായി തിരിച്ചടി നേരിടുകയാണ്. അറുപിന്തിരിപ്പനും സാമൂഹിക ദ്രോഹിയെപ്പോലെ പെരുമാറിയിട്ടുള്ളതുമായ അമേരിക്കയുടെ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടണമെന്നും എതൃസ്ഥാനാര്‍ത്ഥിയായ മനുഷ്യവകാശങ്ങളെ മാനിക്കുന്ന ജോ ബൈഡന്‍ വിജയിക്കണമെന്നും ലോകമൊട്ടക്കുമുള്ള ന•-യില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ആഗ്രഹിച്ചു. ലോകത്തിലെ ശ്രദ്ധേയരായ കലാ, സാഹിത്യ, ബൗദ്ധിക രംഗത്തെ പല പ്രമുഖരും ഇന്ത്യയിലെ കര്‍ഷക സമരത്തെ വളരെ വൈകാരികമായി പിന്തുണയ്ക്കുവാന്‍ മുന്നോട്ട് വന്നു. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യുവാനും പ്രതിപക്ഷ കക്ഷികള്‍ക്ക് വിയോജിക്കുവാനുമുള്ള അവകാശത്തെ വളരെയധികം ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വരികയുണ്ടായി. എന്നാല്‍ അദ്ദേഹം പുതിയ കാര്‍ഷിക നിയമങ്ങളെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അത് എന്തുകൊണ്ടാണെന്ന് നാം മനസിലാക്കണം. അമേരിക്കയുടെ ഇപ്പോഴുള്ള അനുദിനം കുതിച്ചുയര്‍ന്ന സാമ്പത്തിക സമൃദ്ധിയുടെ അടിസ്ഥാനം ലോകത്തിന്റെ മറ്റു ഭാഗങ്ങളിില്‍ നിന്നെല്ലാം സമ്പത്ത് ചോര്‍ന്നൊഴുകിയെത്തുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റ് കാര്‍ഷിക ഇന്‍ഷ്വറന്‍സില്‍ വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുത്ത് ലാഭത്തിന്റെ ഒരു ഭാഗം അമേരിക്കയിലേക്ക് ഒഴുകുമ്പോഴും കോര്‍പറേറ്റുകളുടെ കരാറു കൃഷി ഇന്ത്യയില്‍ നടപ്പിലായി അതില്‍ അമേരിക്കന്‍ കമ്പനികള്‍ മുതല്‍ മുടക്കി ലാഭം ചോര്‍ന്നൊഴുകി അമേരിക്കയില്‍ എത്തിയാലും അത് അനുദിനം കുതിക്കുന്ന അമേരിക്കന്‍ ജനതയുടെ ആര്‍ഭാട സമൃദ്ധിക്കും അമേരിക്കന്‍ സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്കും അത് നേട്ടമുണ്ടാക്കും. ജോ ബൈഡന്‍ ഭരണാധികാരി എന്ന നിലയിലും അമേരിക്കയുടെയും അമേരിക്കയിലെ ജനതയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഒരു ആള്‍ എന്ന നിലയിലും അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും സമ്പത്ത് ചോര്‍ന്നൊഴുകിയെത്തുന്ന ഒരു നടപടിയെ പിന്തുണയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. പലരും കരുതുന്നതുപോലെ അമ്പാനിയും അഡാണിയും മാത്രമല്ല കുറ്റവാളികള്‍. അമേരിക്കയിലെ വലിയ കാര്‍ഷിക കമ്പനികള്‍ ഒരു പക്ഷേ അവരെക്കാള്‍ ഇത്തരം ഒരു നയമുണ്ടാകുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടാകാം. റിലയന്‍സിന്റെയും അഡാണിയുടെയും പോലുള്ള കമ്പനികളില്‍ അത്തരം അമേരിക്കന്‍ കമ്പനികളുടെയും മറ്റ് നിക്ഷേപകരുടെയും എത്രമാത്രം പണം ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയുവാന്‍ കഴിയുന്നില്ലല്ലോ.

കോര്‍പറേറ്റ് കൃഷി പലതരം

കഴിഞ്ഞ 2020 ഡിസംബര്‍ 19,20 തിയതികളില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ സമന്വയ സമിതി യോഗാനന്തരം നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒരു സംഘടനയുടെ പ്രതിനിധി കൃഷിക്കാരെ കോര്‍പറേറ്റുകളുടെ തൊഴിലാളികളാക്കുന്നതാണ് പുതിയ നിയമം എന്ന് പരാമര്‍ശിക്കുകയുണ്ടായി. സമരത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍പോലും പലര്‍ക്കും നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ ശരിയായി മനസിലാക്കുവാന്‍ കഴിയുന്നില്ല എന്ന ഒരു ദൃഷ്ടാന്തമാണ് അത്. കോര്‍പറേറ്റ് കൃഷി എന്നു പറഞ്ഞാല്‍ അത് പലതരത്തിലുണ്ട്. കോര്‍പറേറ്റുകള്‍ വിലയ്ക്കുവാങ്ങിയോ കൃഷിക്കാരില്‍ നിന്ന് പാട്ടത്തിന് എടുത്തോ ലക്ഷകണക്കിനോ അല്ലെങ്കില്‍ പതിനായിരകണക്കിനോ ഏക്കര്‍ ഭൂമിയില്‍ വലിയ യന്ത്രോപകരണങ്ങളും ഡ്രോണ്‍സ് മുതല്‍ ഹെലികോപ്റ്റര്‍ വരെയുള്ള സംവിധാനങ്ങളും ഉപയോഗിച്ച് വന്‍തോതില്‍ രാസകൃഷി ചെയ്യുന്നതാണ് ഒന്നാമത്.

രണ്ടാമതായി കൃഷിക്കാരുമായി കരാറുവച്ച് കൃഷിക്കാരെ അത്യാധുനിക കുടിയാ•ാരായി മാറ്റി കൃഷി ചെയ്യിക്കുന്നതാണ്. വിത്തും വളവും കീടനാശിനികളും കളനാശിനികളും കൃഷിക്കുവേണ്ട മറ്റ് എല്ലാ കാര്യങ്ങളും കോര്‍പറേറ്റുകള്‍ തീരുമാനിക്കുകയും കര്‍ഷകര്‍ക്ക് കരാര്‍ പ്രകാരം അവര്‍ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്ന, എന്നാല്‍ കൃഷിയുടെ ഓരോ ഘട്ടങ്ങളിലുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയും വിളവെടുപ്പ് എപ്പോഴെന്നും എങ്ങനെയെന്നും നിര്‍ണ്ണയിക്കുകയും, കമ്പനികളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മണ്ണ് വികലമാക്കുകയും ആണ് അവിടെ ചെയ്യുന്നത്. കൃഷി കഴിഞ്ഞ് വിളകളുടെ മേല്‍ അപ്രകാരം കരാര്‍വച്ച കമ്പനികള്‍ക്കായിരിക്കും അവകാശം. അവസാനം കാര്‍ഷിക വിളകള്‍ എന്തുവിലയ്ക്ക് കമ്പനികള്‍ക്ക് നല്‍കണമെന്ന് കൃഷിക്ക് മുമ്പേ കരാറു വച്ച് കര്‍ഷകരെ അടിമകളാക്കുകയാണ് അവിടെ ചെയ്യുന്നത്. കമ്പനികളുമായി കരാര്‍ വച്ച കൃഷിക്കാര്‍ക്ക് തങ്ങളുടെ വിളകള്‍ മറ്റാര്‍ക്കെങ്കിലും വില്‍ക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലായെന്നുള്ള കാര്യം പ്രധാനമന്ത്രിയും കൂട്ടരും മറച്ച് വയ്ക്കുകയാണ്. എ.പി.എം.സി. നിയമപ്രകാരം മണ്ഡികള്‍ക്ക് പുറത്ത് വില്‍ക്കുന്നതിനും കര്‍ഷകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ആ സത്യം മറച്ചു വച്ച് കര്‍ഷകര്‍ക്ക് പുതിയൊരു വില്‍പന സ്വാതന്ത്ര്യം വന്നിരിക്കുകയാണെന്ന കൊടും വഞ്ചനയുടെ നുണകളാണ് പ്രചരിപ്പിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗാളിലെ നാദിയ ജില്ലയിലും മറ്റും ബ്രിട്ടീഷ് തുണി വ്യവസായത്തിന് ആവശ്യമായ നിറം ചേര്‍ക്കുന്നതിനുള്ള നീലം കൃഷി ഏതാണ്ട് അതുപോലെ തന്നെ കര്‍ഷകരെ കൊണ്ട് ബ്രിട്ടീഷുകാര്‍ ഏതാണ്ട് 200 വര്‍ഷം മുമ്പ് കൃഷി ചെയ്യിപ്പിച്ചതാണ്. ആദ്യം നല്ല ലാഭം കൃഷിക്കാര്‍ക്ക് ലഭിച്ചെങ്കിലും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മാത്രം കൊടിയ ലാഭവും കര്‍ഷകര്‍ക്ക് അതിജീവിക്കാന്‍ പറ്റാത്ത നാമമാത്രമായ വിലയുമാണ് ലഭിച്ചത്. ആ കൊടിയ ചൂഷണത്തിനെതിരെ 1859 ല്‍ കര്‍ഷകരുടെ വലിയ സമരങ്ങള്‍ ഉണ്ടായി. പിന്നീട് ഒരു നൂറ്റാണ്ടു മുമ്പ് ബീഹാറിലെ ചമ്പാരന്‍ ജില്ലയില്‍ നീലം കൃഷിക്കാരുടെ മേലുള്ള അധിനിവേശ ശക്തികളുടെ ചൂഷണത്തിനെതിരെ കര്‍ഷക സത്യാഗ്രഹം നയിച്ചത് മഹാത്മഗാന്ധിയാണ്. രണ്ട് നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് അധിനിവേശ ശക്തികളാണ് ഇടനിലക്കാരായ ജമീന്ദാര്‍മാരെ സൃഷ്ടിച്ച ജ•ി-കുടിയാന്‍ (ജമീന്ദാരി സിസ്റ്റം) വ്യവസ്ഥിതി ഇവിടെ അടിച്ചേല്‍പ്പിച്ചത്. അതുപോലെ ഇന്ന് നവ അധിനിവേശം കോര്‍പറേറ്റുകളുടെ നേതൃത്വത്തിലുള്ള ആധുനികോത്തരമായ പുതിയ സെര്‍ഫ്ഡം അടിച്ചേല്‍പ്പിക്കുവാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്.

സ്വാമിനാഥന്‍ കമ്മറ്റി ശുപാര്‍ശ കര്‍ഷക വിരുദ്ധം

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് എം.എസ്.സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ്. 2019 ല്‍ രാഷ്ട്രീയ കിസാന്‍ സമന്വയ സമിതി പ്രതിനിധി സംഘം കേന്ദ്ര കൃഷി മന്ത്രിയുമായും അതിനെത്തുടര്‍ന്ന് നിതി ആയോഗ്, കേന്ദ്രകാര്‍ഷിക വകുപ്പ് സെക്രട്ടറി, കാര്‍ഷിക ഉപദേഷ്ടാവ് തുടങ്ങിയവരുമായി 26 ഇന പരിപാടികള്‍ നടപ്പിലാക്കി കിട്ടുവാന്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തങ്ങള്‍ നടപ്പിലാക്കുവാന്‍ പരിഗണിക്കുന്നില്ല എന്നാണ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഔപചാരികമായി നടപ്പിലാക്കുകയോ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്യാതെ അതില്‍ പറയുന്ന വിധം കൃഷിയില്‍ കോര്‍പ്പറേറ്റുകളുടെ ഇടപെടലുകള്‍ കൂടുതലായി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവന്നത്. എന്നാല്‍ സ്വാമിനാഥന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കി കിട്ടുവാന്‍ സുപ്രീം കോടതിയില്‍ കൊടുത്ത കേസില്‍ മോദി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമിനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ കഴിയാത്തതാണെന്നാണ് ബോധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.

കൂടാതെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെപ്പോലെ കാര്‍ഷിക മേഖലയിലെ മുതല്‍മുടക്ക്/നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കുക എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് വലിയ മുതലാളിത്ത ശക്തികളുടെ കൃഷിയിലുള്ള മുതല്‍മുടക്ക് എന്നാണ്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചുവട് മാറ്റിച്ചവിട്ടി സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയെ പരസ്യമായി പിന്തുണച്ചു പറയുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നരമടങ്ങ് സൂത്രവാക്യത്തിലുള്ള വിലപോലും കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിനാണ് മുമ്പ് ആ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പരസ്യമായി പറയാതിരുന്നത്. കോണ്‍ഗ്രസ്സിന്റെ ഡോ.മന്‍മോഹന്‍സിങ് സര്‍ക്കാരാണ് സ്വാമിനാഥന്‍ കമ്മറ്റിയെ കാര്‍ഷിക മേഖല പഠിച്ച് ശുപാര്‍ശകള്‍ നല്‍കുവാന്‍ നിയമിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരും ശുപാര്‍ശ അനുസരിച്ചുള്ള വിലപോലും നല്‍കുവാന്‍ തയ്യാറായില്ല. കര്‍ഷക കുടുംബത്തിലെ അംഗങ്ങളുടെ അദ്ധ്വാനം, മൂലധന ആസ്ഥികള്‍ സ്വന്തമാക്കുന്നതിനായി ചിലവഴിച്ച തുകയുടെ പലിശ, തേയ്മാനം, പാട്ടത്തിനെടുത്ത ഭൂമിയുടെ പാട്ടത്തുക, സ്വന്തം ഭൂമിയാണെങ്കിലും അതിന്റെ വാടക മൂല്യം തുടങ്ങിയവ കൂടി കുറഞ്ഞ താങ്ങുവില നിശ്ചയിക്കുമ്പോള്‍ പരിഗണിക്കണമെന്നാണ് സ്വാമിനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശ. എന്നാല്‍ അടിസ്ഥാനപരമായതും സുപ്രധാനവുമായ കര്‍ഷകരുടെ അദ്ധ്വാനമൂല്യത്തിന്റെ ഇടിച്ചുതാഴ്ത്തിയ വേതനം /പ്രതിഫലം സ്വാമിനാഥന്‍ കമ്മറ്റി കണ്ടഭാവം പോലും കാണിച്ചില്ല. സ്വാമിനാഥന്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത മേല്‍പറഞ്ഞ വിഷയങ്ങള്‍ കണക്കെലെടുക്കേണ്ടതാണ്. എന്നാല്‍ അവ മിക്കതും ഒരു കോര്‍പറേറ്റ് മുതല്‍ മുടക്കുകാര്‍ക്ക് കൂടുതല്‍ യോജിച്ച ശുപാര്‍ശകളാണ്. എന്നാല്‍ സ്വാമിനാഥന്‍ ശുപാര്‍ശയുടെ ഓരോ നടപടികളും സുതാര്യമല്ലാതെ നിശ്ശബ്ദമായി സിറിഞ്ചിലെ സൂചി മുന കയറ്റുന്നതുപോലെയാണ് ആഗോളവല്ക്കരണത്തിലെ നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളും മറ്റ് സംഭവങ്ങളും അനുസരിച്ച് തല്‍ക്കാലം നീട്ടിവച്ചും, ജനങ്ങളും പാര്‍ലമെന്റും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ നിയമങ്ങളും നടപടികളും കയറ്റിവിടുവാനാണ് മാറി മാറി കേന്ദ്ര, സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന വ്യവസ്ഥാപിത പാര്‍ട്ടികളുടെയെല്ലാം തന്ത്രം.

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, യഥാര്‍ത്ഥത്തില്‍ കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ പരിപൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെയും കോര്‍പറ്റേറ്റുകളുടെയും ഒരു സംയുക്ത സംരംഭമായിരുന്നു. ആയിരക്കണക്കിന് നാടന്‍ നെല്‍വിത്തിനങ്ങള്‍ ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്ത ജനങ്ങളോടും രാജ്യത്തോടും കൂറുണ്ടായിരുന്ന ശാസ്ത്രജ്ഞനായ ഡോ.റിച്ചാറിയോയെ പുറത്താക്കി കോര്‍പറേറ്റുകളുടെ നിയന്ത്രണത്തില്‍ മനിലയിലുള്ള അന്തരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനത്തിന് (ഐ.ആര്‍.ആര്‍.ഐ.) അടിയറ വച്ച രാജ്യദ്രോഹിയും കര്‍ഷകവിരുദ്ധനുമാണ് എം.എസ്.സ്വാമിനാഥന്‍. അന്നത്തെ കൃഷി മന്ത്രി സി.സുബ്രഹ്മണ്യം ആവശ്യപ്പെട്ടിട്ടും രാജ്യതാല്പര്യത്തെ മുന്‍നിര്‍ത്തി അവ കൈമാറുവാന്‍ വിസമ്മതിച്ചതാണ് ഡോ.റിച്ചാറിയോയെ പുറത്താക്കുവാനുള്ള കാരണം. പ്രതിരോധ ശേഷിയും നാടന്‍ കരുത്തുമുണ്ടായിരുന്ന വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുത്തി പൂര്‍ണ്ണമായും രാസവളത്തെയും രാസകീടനാശിനികളെയും വലിയ അണക്കെട്ടുകള്‍ അനിവാര്യമാക്കുന്ന വന്‍തോതിലുള്ള ജലസേചനത്തെയും ആശ്രയിച്ച് മാത്രം കൃഷി ചെയ്യാന്‍ പറ്റുന്ന സങ്കര നെല്‍വിത്തിനങ്ങള്‍ രാജ്യത്ത് ഹരിതവിപ്ലവത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിച്ച രാസകൃഷി പദ്ധതിയുടെ ഏജന്റാണ് സ്വാമിനാഥന്‍. ഇപ്പോള്‍ കോര്‍പറേറ്റ് പദ്ധതിക്ക് ജൈവ കൃഷിയെന്ന മറവുണ്ടാക്കി കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ സ്വാമിനാഥനില്‍ നിന്ന് കര്‍ഷകര്‍ക്ക് നന്മ വരില്ല.

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ അധിനിവേശ കാലഘട്ടത്തിലേതുപോലെ കര്‍ഷകരുടെ വിളകള്‍ക്ക് ഇടിച്ചുതാഴ്ത്തിയ വില മാത്രമാണ് ലഭിച്ചിരുന്നത്. ഹരിതവിപ്ലവം മുതല്‍ ഇവിടെ നടപ്പിലാക്കിയ താങ്ങുവില സമ്പ്രദായം (എം.എസ്.പി.) യാതൊരു മാറ്റവും അതില്‍ വരുത്തിയില്ല. അര്‍ഹമായ വിലയ്ക്കു പകരം ഏറ്റവും കുറഞ്ഞ വിലയാണ് (എം.എസ്.പി.) അപ്പോഴും കര്‍ഷകര്‍ക്ക് ലഭിച്ചത്. അതിനാല്‍ വളരെ തുച്ഛമായ താങ്ങുവില പ്രഖ്യാപനത്തിലെ ഒരു വര്‍ദ്ധനവ് പോലും കര്‍ഷകര്‍ക്ക് വലിയ കാര്യമാണ്. കൂടാതെ പ്രഖ്യാപിച്ച താങ്ങുവിലയനുസരിച്ച് കര്‍ഷകരുടെ മുഴുവന്‍ വിളകളും സംഭരിക്കുവാന്‍ വ്യക്തമായ സംവിധാനങ്ങളും രാജ്യമൊട്ടാകെയില്ലായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും എ.പി.എം.സി. നിയമവും (അഗ്രികള്‍ച്ചറള്‍ പ്രൊഡ്യൂസസ്സ് മാര്‍ക്കറ്റിംഗ് കമ്മറ്റി നിയമം) അതനുസരിച്ച് കാര്‍ഷികോല്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള മണ്ഡികളും ഉണ്ടാക്കി. അവിടെ മാത്രമാണ് കുറെയെങ്കിലും താങ്ങുവില അനുസരിച്ചുള്ള വില്പനകള്‍ നടന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അവയൊരിക്കലും ഉണ്ടാക്കിയിട്ടില്ല. തല്‍ഫലമായി കൊയ്ത്തു കഴിഞ്ഞു നെല്‍പ്പാടങ്ങളില്‍ കൂനകൂട്ടിയിരിക്കുന്ന നെല്ല് ആകസ്മികമായ മഴയില്‍ നശിച്ചുപോകുന്നതും കിളിര്‍ത്തുപൊങ്ങുന്നതും സംഭരിച്ച നെല്ലിന് പണം കിട്ടാന്‍ മാസങ്ങളോളം കര്‍ഷകര്‍ കാത്തിരിക്കുന്നതും കേരളത്തില്‍ അസാധാരണമല്ല.

സ്വാമിനാഥന്‍ കമ്മറ്റി കൃഷിക്കാവശ്യമായ ചെലവ് ഒന്ന് എന്ന് കണക്കാക്കി അതിന്റെ 50% അതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നരമടങ്ങ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തത്. കര്‍ഷക പ്രതിനിധികളും വിദഗ്ധ, ഉദ്യോഗസ്ഥ പ്രതിനിധികളോടൊപ്പം ഉള്‍പ്പെട്ടതാണ് സ്വാമിനാഥന്‍ കമ്മറ്റി. എന്നാല്‍ സര്‍ക്കാരിന്റെ വരുതിക്ക് നില്‍ക്കുന്ന സംഘടിത മേഖലയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷക പ്രതിനിധികളാണ് അതിലുള്ളത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. കൂടാതെ കാര്‍ഷികമേഖല അനുഭവിക്കുന്ന അസമത്വവും വിവേചനവും ശരിയായി മനസിലാക്കുകയോ അതനുസരിച്ചുള്ള നിലപാടുകള്‍ എടുക്കുകയോ ചെയ്യുന്നതിനുള്ള രാഷ്ട്രീയ ബോധവും വിവേകവും ഏറെ പേര്‍ക്കും ഇല്ലായെന്നുള്ളതും സത്യം. രാഷ്ട്രീയ കക്ഷികളുടെ ആശയങ്ങളും മുതലാളിത്ത, കമ്യൂനിസ്റ്റ്, സോഷ്യലിസ്റ്റ്, ഫാഷിസ്റ്റ് (വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ഉള്‍പ്പെടെ) തുടങ്ങിയ ആധുനിക പ്രത്യയശാസ്ത്രങ്ങളും കൃഷിയുടെ സമസ്യകള്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല. ഒരുപക്ഷേ അവയെല്ലാം കര്‍ഷകവിരുദ്ധം എന്നു പറയുന്നതാവും കൂടുതല്‍ ശരി. വിഭാഗീയമായ പ്രതിലോമ ഫാഷിസ്റ്റ് വര്‍ഗ്ഗീയശക്തികള്‍ കമ്യൂനിസ്റ്റുകളുടെ കേന്ദ്രീകൃത വ്യവസ്ഥയും അടിച്ചമര്‍ത്തലും സ്വീകരിക്കുന്നു. അതോടൊപ്പം പ്രകടമായി മുതലാളിത്തത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ കെട്ടിപ്പുണരുകയുമാണ്. ആധുനിക രാഷ്ട്രീയത്തില്‍ മഹാത്മാ ഗാന്ധി മാത്രമാണ് അധിനിവേശ ബലത്തില്‍ മാത്രം നില്‍ക്കുന്ന മുതലാളിത്ത നയങ്ങളില്‍ കൃഷിയുടെ അതിജീവിക്കാനാവാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തത്. തുടര്‍ന്ന് ഡോ.രാം മനോഹര്‍ ലോഹ്യയും സോഷ്യലിസ്റ്റ് നേതാവായ കിഷന്‍ പട്ട്‌നായിക്കും സോഷ്യലിസ്റ്റ് ചിന്തകനായ സച്ചിദാനന്ദ സിന്‍ഹയുമാണ് ആ കര്‍ഷകരാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോയത്.

മുതലാളിത്ത നയങ്ങളും പരമ്പരാഗത സോഷ്യലിസത്തിന്റെ ചില വന്‍കിട പദ്ധതികളും കൂട്ടിക്കുഴച്ച നെഹ്രു നയങ്ങള്‍ കര്‍ഷകവിരുദ്ധമായിരുന്നതിനാല്‍ രാജ്യത്തെ കര്‍ഷകരെല്ലാം ഏറ്റവും ചൂഷിതരും പീഡിതരുമായിരുന്നു. നെഹ്രു മാതൃകയില്‍ സൃഷ്ടിച്ച കടം വാങ്ങിയ വലിയ മുതല്‍മുടക്കിന്റെ സമ്പദ്ഘടന വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ (1967) അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിനെ മറികടക്കുവാന്‍ കൂടുതല്‍ കടംവാങ്ങിയ സാഹചര്യത്തിലാണ് ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ ഇവിടെ ഹരിതവിപ്ലവം എന്ന പേരില്‍ കൃഷിയിലേയ്ക്കുള്ള അവരുടെ വലിയ കടന്നുകയറ്റത്തിന് തുടക്കമിട്ടു. കര്‍ഷകര്‍ ചത്തൊടുങ്ങാതെയിരിക്കാന്‍ മാത്രം വില മിതമായി ഉറപ്പുവരുത്തുന്ന എം.എസ്.പി. സംവിധാനത്തോടെ അവര്‍ അത് പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ വളരെ ശക്തമായും ഇന്‍ഡ്യയിലൊട്ടാകെ വ്യാപിപ്പിച്ചും ആ കൃഷിരീതി അടിച്ചേല്‍പ്പിച്ചു. എന്നാല്‍ ഇന്ത്യയിലൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിലും താങ്ങുവില പ്രകാരം കര്‍ഷകരുടെയെല്ലാം ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിന് യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. അരക്ഷിതമായ അവസ്ഥയിലാണ് കൃഷിക്കാര്‍ എന്നും പരിദേവനങ്ങളുമായി അധികാരത്തിന്റെ വാതിലുകള്‍ക്ക് മുന്നില്‍ മുട്ടിവിളിക്കുന്നത്.

അധിനിവേശ കോര്‍പറേറ്റ്‌രാജ് സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നത് നിമിത്തം കാര്‍ഷിക മേഖല അവര്‍ക്ക് അടിയറ വയ്ക്കുവാന്‍ നിര്‍ബന്ധമായും വിധേയപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ്, ബി.ജെ.പി.തുടങ്ങിയ എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും അതിനുള്ള ശ്രമങ്ങളെയൊന്നും എതിര്‍ത്തിട്ടില്ലായെന്നും ഓരോ ഘട്ടത്തിലും നടപ്പിലാക്കുകയാണ് ചെയ്തതെന്നും സൂചിപ്പിച്ചുവല്ലോ. അതനുസരിച്ചാണ് യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് സ്വാമിനാഥന്‍ കമ്മറ്റിയെ നിയമിച്ചത്. എപ്പോഴും അടിസ്ഥാനപരമായ, കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങള്‍ വിലയിടിച്ച് ഉല്പാദകര്‍ നല്‍കേണ്ട അവസ്ഥ മാത്രം പരിഹരിക്കില്ല. അതിന്റെ ഗുണഭോക്താക്കളായ വന്‍കിട സംഘടിത വാണിജ്യ, വ്യവസായ, സേവന മേഖല ആഗോള മുതലാളിത്ത ശക്തികളുടെ ഭാഗമാണിപ്പോള്‍. അതിനാല്‍ കാര്‍ഷികോത്പന്നങ്ങള്‍ വിലയിടിച്ച് കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കുന്ന തുറന്ന ഇറക്കുമതി ഉള്‍പ്പെടെയുള്ള പുതിയ വെല്ലുവിളികള്‍ ആഗോളവല്കരണ കാലത്ത് രൂപപ്പെട്ടു. അടിസ്ഥാനപരമായ, വിലയിടിച്ച് കാര്‍ഷികോത്പന്നങ്ങള്‍ തട്ടിയെടുക്കുന്ന സംവിധാനത്തിന് പരിഹാരം കാണുന്നതിന് പകരം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് വിശദാംശങ്ങള്‍ ചര്‍ച്ചയാക്കും. അപ്രകാരം സ്വാമിനാഥന്‍ കമ്മറ്റിയും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. ജൈവകൃഷിയെന്ന മൂടുപടവും ജനങ്ങള്‍ക്കും കര്‍ഷക സമൂഹത്തിന് ഏറെ പ്രത്യാഘാതമുണ്ടാക്കിയ രാസകൃഷിയുടെ ഇന്ത്യയിലെ ഉപജ്ഞാതാവായ സ്വാമിനാഥന്റെ നേതൃത്വത്തില്‍ തന്നെ ആ റിപ്പോര്‍ട്ടിനെ അണിയിച്ചു. വിലയുടെ കാര്യത്തില്‍ നാമമാത്രമായ വര്‍ദ്ധനവ് ഉറപ്പുവരുത്തുവാന്‍ കോര്‍പറേറ്റ് ഏജന്റായ സ്വാമിനാഥന്‍ പ്രതിജ്ഞാബദ്ധനായിരുന്നു.

വന്‍കിട വാണിജ്യ, വ്യാവസായിക സംഘടിത ശക്തികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സ്വാതന്ത്ര്യം മുതലുള്ള സര്‍ക്കാരുകള്‍ സര്‍ക്കാര്‍ സംഭരണത്തിലായാലും കമ്പോളത്തിന്റെ അന്യായത്തിലായാലും വിലയിടിക്കുന്നതിന് രക്ഷാകര്‍തൃത്വമാണ് വഹിച്ചിരുന്നത്. അതിനാല്‍ താങ്ങുവിലയില്‍ കാര്‍ഷിക ചെലവ് കണക്കാക്കുന്നതില്‍ വലിയ അന്യായങ്ങളും അസമത്വവും സര്‍ക്കാര്‍ തന്നെ അടിച്ചേല്‍പ്പിച്ചതാണ് ആദ്യമായി പരിഹരിക്കേണ്ടത്. എന്നാല്‍ അതിനെക്കുറിച്ച് ഏറെക്കാലം സര്‍ക്കാര്‍ സംവിധാനങ്ങളും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് നിന്ന എം.എസ്.സ്വാമിനാഥന്‍ പരാമര്‍ശിക്കുന്നേയില്ല. സ്വാമിനാഥന്‍ കമ്മിറ്റിയിലുണ്ടായിരുന്ന കര്‍ഷക പ്രതിനിധികള്‍ എന്ന് പറയുന്നവരും അതിനുള്ള ശേഷിയുള്ളവരായിരുന്നില്ല. അപ്രകാരം കാര്‍ഷിക ചെലവ് ഒന്ന് എന്ന് കണക്കാക്കുമ്പോള്‍ വിലയിടിക്കുന്ന ആദ്യത്തെ പടി കടന്നുപോകും. അന്യായമായി കാര്‍ഷിക ചെലവ് കുറച്ച് കണക്കാക്കുമ്പോള്‍ അതിന്റെ പകുതി അല്ലെങ്കില്‍ 50% കൂടി ആ ചെലവിനൊപ്പം താങ്ങുവിലയായി നല്‍കണമെന്ന് പറയുമ്പോള്‍ വിലയിടിക്കുന്ന സര്‍ക്കാര്‍ നടപടി പൂര്‍ത്തിയായി.

എന്നാല്‍ അതുപോലും നട്ടെല്ലൊടിഞ്ഞ് മരണാസന്നമായും കൂട്ട ആത്മഹത്യയിലും പെട്ട കര്‍ഷകര്‍ക്ക് വലിയൊരു പ്രത്യാശയായി സ്ഥാപിത താത്പര്യക്കാര്‍ മാറ്റിയെന്നതാണ് സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരമുള്ള ഒന്നരമടങ്ങ് സൂത്രവാക്യത്തിലുള്ള വിലനിര്‍ണയത്തിന്റെ കേന്ദ്രബിന്ദു. കമ്മറ്റിയെ നിയോഗിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അതുപ്രകാരമുള്ള ശുപാര്‍ശ അനുസരിച്ച് ഒന്നരമടങ്ങ് താങ്ങുവില പ്രഖ്യാപിക്കുവാന്‍ തയ്യാറാകാതെയിരുന്ന സാഹചര്യത്തിലാണ് 2014 ലെ ലോക സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് വന്നത്. അതിലെ അവസരം മുതലാക്കി ആ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യമൊട്ടാകെ നടന്ന്, പെട്ടെന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറിയ നരേന്ദ്രമോദി താന്‍ അധികാരത്തില്‍ വന്നാല്‍ ഒന്നരമടങ്ങ് വില താങ്ങുവിലയായി നല്‍കുമെന്ന് ജനങ്ങളോട് പറഞ്ഞു. എന്നാല്‍ മോദി അധികാരത്തില്‍ വന്നശേഷവും വിലയിടിക്കുന്ന മാനദണ്ഡങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെയുള്ള ആ ഒന്നരമടങ്ങ് വില പോലും നല്‍കാതെയിരുന്ന പശ്ചാത്തലത്തില്‍ വ്യക്തമായ ദിശാബോധം ഇല്ലാത്ത കര്‍ഷകനേതാക്കള്‍ ആ ഒന്നരമടങ്ങ് വില ലഭിക്കണമെന്ന് മുറവിളി കൂട്ടി തുടങ്ങി.

2014 – ല്‍ ഒന്നരമടങ്ങ് വില കാര്‍ഷികോത്പന്നങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്രമോദി തന്റെ ആദ്യ സര്‍ക്കാരിന്റെ കാലാവധി പകുതിയോടടുത്തപ്പോള്‍ മുതല്‍ ആ മുദ്രവാക്യം കൈവിട്ടു. പിന്നീട് അദ്ദേഹവും അദ്ദേഹത്തിന്റെ സര്‍ക്കാരും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന കള്ള പ്രചാരണമാണ് അഴിച്ചുവിടുന്നത്. ഇപ്പോഴും ( 2021) ആ വാഗ്ദാനത്തിന്റെ പ്രചാരണം ശക്തമായി സര്‍ക്കാര്‍ നടത്തുകയാണ്. എന്നാല്‍ മേല്‍ പറഞ്ഞ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ വേതനം തുച്ഛമായി കണക്കാക്കുന്ന അവസ്ഥ തുടര്‍ന്നുകൊണ്ട് വരുമാനം ഇരട്ടിയാക്കിയാലും കര്‍ഷകരുടെ മേലുള്ള കൊടിയ ചൂഷ്ണത്തിന് വ്യത്യാസം വരുന്നില്ല. എന്ന് മാത്രമല്ല മറ്റ് എല്ലാ രംഗത്തും വലിയ വിലക്കയറ്റം അനുനിമിഷം ഉണ്ടായി കൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ് ഘടനയില്‍ ഒരു വര്‍ഷം കഴിഞ്ഞ് വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയാല്‍ പോലും അത് വലിയ അനീതിയായി തീരും. എന്നാല്‍ വരുമാനം ഇരട്ടിയാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ മറ്റു പല ശ്രോതസ്സുകളിലൂടെ വരുമാനം ഇരട്ടിപ്പിക്കാമെന്നാണ് പറയുക. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ വരുമാനം ഇരട്ടിയാക്കുമെന്ന് കപടമായി മോഹിപ്പിച്ച് കര്‍ഷകരെ വഞ്ചിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2021 – 2022 കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലയെയും ഗ്രാമങ്ങളെയും ഹൃദയത്തിലേറ്റിയ ബജറ്റാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങളെ തുടച്ചു നീക്കുന്ന വന്‍ നഗരങ്ങളിലേക്ക് ജനങ്ങളെയെല്ലാം ആട്ടിപ്പായിക്കുന്ന പദ്ധതികളാണ് ആ ബജറ്റില്‍ ഉള്ളത്. കാര്‍ഷിക മേഖലയ്ക്കാണെങ്കില്‍ മൊത്തം ബജറ്റ് തുകയുടെ കേവലം 4% ത്തില്‍ താഴെ മാത്രമാണ് തുക വകയിരുത്തിയിട്ടുള്ളത്. ആ തുകയില്‍ പോലും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള യാതൊരു പദ്ധതിയുമില്ല. എന്നു മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില (എം.എസ്.പി.) വര്‍ദ്ധിപ്പിക്കുന്നതിനുളള തുകയും അതില്‍ വകയിരുത്തിയിട്ടില്ല. കര്‍ഷകരെ അടിമച്ചങ്ങലയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുന്ന കാര്‍ഷിക നയങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്.

ദേശീയ കര്‍ഷക ഏകോപനസമിതിയുടെ രൂപീകരണം (ആര്‍.കെ.എസ്.എസ്.)

2015 മാര്‍ച്ചില്‍ രാജ്യത്തൊട്ടാകെയുള്ള കര്‍ഷക സംഘടനകളുടെയും കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഒരു യോഗം വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമത്തില്‍ ചേര്‍ന്ന് രാഷ്ട്രീയ കിസാന്‍ സമന്വയ സമിതിക്ക് രൂപം കൊടുത്തു. വ്യക്തമായ ദിശാബോധത്തോടെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയപരിപാടികള്‍ക്ക് രൂപം കൊടുക്കുവാനാണ് അന്ന് തീരുമാനിച്ചത്. അതിന് ആധാരമായ ചര്‍ച്ചകളും അവിടെ ആരംഭിച്ചു. പിന്നീട് നടന്ന ഹോഷംഗബാദിലെയും വഡോദരിലെയും മാന്‍സായിലെയും കോട്ടയിലെയും കോട്ടയത്തെയും മറ്റും യോഗങ്ങളിലും ചര്‍ച്ചകളിലും മിക്ക കര്‍ഷകനേതാക്കളും പങ്കെടുക്കുകയും ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. പഴയ ഷേത്കാരി സംഘടനയുടെ പ്രമുഖനായ നേതാവ് വിജയ് ജാവന്ത്യാ, പിന്നീട് രൂപം കൊടുത്ത മഹാസംഘിന്റെ മധ്യപ്രദേശിലെ ശിവകുമാര്‍ ശര്‍മ്മ കക്കാജി, ഹരിയാണയിലെ ഗുര്‍ണാംസിംഗ് (പിന്നീട് കക്കാജിയുമായി ഗുര്‍ണാംസിംഗ് സംഘടനാ വഴിപിരിഞ്ഞു), ഉത്തര്‍പ്രദേശിലെ വി.എം.സിംഗ്, പഞ്ചാബിലെ പ്രമുഖനായ കര്‍ഷകനേതാവ് ബല്‍ബീര്‍ സിംഗ് റിജെവാള്‍, സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ്, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കൈത്ത് തുടങ്ങിയ ഇപ്പോള്‍ കര്‍ഷക സമരത്തിന്റെ മുന്നിലുള്ള മിക്കവരും അക്കൂട്ടത്തിലുണ്ട്. അതില്‍ വി.എം.സിംഗ് താങ്ങുവിലയും സംഭരണവും ഉറപ്പു തന്നിട്ടുണ്ടെന്ന് പറഞ്ഞ് … മോദി പക്ഷത്തേക്ക് മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഘടന ഇപ്പോഴത്തെ സമരത്തില്‍ ഉറച്ചുനില്‍ക്കുകയും റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള കുപ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സമരത്തില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ മേല്‍പറഞ്ഞവരാരും താങ്ങുവിലയിലെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ കാണിച്ചുവരുന്ന അന്യായവും അസമത്വവും വിവേചനവും രാഷ്ട്രീയ കിസാന്‍ സമന്വയ സമിതിയിലെ ആദ്യം ചര്‍ച്ചകളിലും പിന്നീട് നയപരിപാടികളിലും ഉയര്‍ന്നത് ഉള്‍കൊള്ളുകയോ ഗൗരവമായി കണക്കാക്കുകയോ ചെയ്തില്ല. അതിനാല്‍ ശിവകുമാര്‍ ശര്‍മ്മ, യോഗേന്ദ്ര യാദവ്, ഗുര്‍ണാംസിംഗ് തുടങ്ങിയവര്‍ മോദി ഒന്നരമടങ്ങ് സൂത്രവാക്യത്തില്‍ താങ്ങുവില നല്‍കുമെന്ന് പറഞ്ഞത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വളരെ ശക്തമായ പ്രചാരണങ്ങളും പ്രക്ഷോഭണങ്ങളും നടത്തിയവരാണ്. അതില്‍ ഗുര്‍ണാംസിംഗ് മറ്റുചില കര്‍ഷക നേതാക്കളെപ്പോലെ സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പ്രകടമായി ആവശ്യപ്പെട്ടിരുന്നു.

സ്വാമിനാഥന്‍ കമ്മറ്റിയുടെ യഥാര്‍ത്ഥലക്ഷ്യം കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ കോര്‍പറേറ്റുവല്ക്കരണം നേടുകയെന്നതായിരുന്നു. അതനുസരിച്ചാണ് റിപ്പോര്‍ട്ടില്‍ ചര്‍ച്ചകളും ശുപാര്‍ശകളും നടത്തിയിട്ടുള്ളത്. നിലവിലുള്ള തരത്തില്‍ നാമമാത്രമായ വില ലഭിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ അല്ലെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ കൃഷി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണ് അവരെല്ലാം സൃഷ്ടിക്കുന്നത്. വന്‍തോതില്‍ കടബാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ വായ്പ കൂടുതലായി ലഭ്യമാക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ ധനമന്ത്രിയായിരുന്ന പി.ചിദംബരം ഒരുലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കുന്നതിനുള്ള വിഹിതമായി ഉയര്‍ത്തി. ബി.ജെ.പി.യുടെ ധനമന്ത്രി പരേതനായ അരുണ്‍ ജയറ്റ്‌ലി അത് പത്തുലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. 2021 -2022 ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അത് ഇരുപത്തിനാലുലക്ഷം കോടി രൂപയായി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയിലെ ബാങ്കുകളിലെ മുതല്‍ ഇറക്കി ലാഭം കൊയ്യുവാന്‍ തുറന്ന് കൊടുത്തിരിക്കുന്ന പശ്ചാതലത്തില്‍ ഇത്രവലിയ സംഖ്യ കാര്‍ഷിക വായ്പയായി നല്‍കുമ്പോള്‍ കര്‍ഷകരുടെ കൈയ്യില്‍ നിന്നും ഒരു വലിയ സംഖ്യ പലിശയായി അവര്‍ക്ക് ലഭിക്കുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ഇന്നത്തെ വിവാദമായ കരാര്‍ കൃഷിക്ക് കളമൊരുക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ സ്വാമിനാഥന്‍ കമ്മറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് (ഐ) 2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എ.പി.എം.സി.നിയമം റദ്ദ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നതും കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം തന്റെ ബജറ്റില്‍ കരാര്‍ കൃഷി കൊണ്ടുവരും എന്ന് ആവര്‍ത്തിച്ച് പറഞ്ഞതും സ്വാമിനാഥന്‍ കമ്മറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ്സ് ആണെന്നും ഉള്ള സംഗതിയും ചേര്‍ത്തുവായിക്കുമ്പോള്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ പ്രതിസന്ധി മനസിലാകും. ലോകബാങ്കിന്റെയും ഐ.എം.എഫി.ന്റെയും എ.ഡി.ബി.യുടെയും അനുസരണയുള്ള കുട്ടികളെപ്പോലെ ഭരണവും സാമ്പത്തിക നയവും വികസന പദ്ധതികളും നടത്തി വരുന്ന എന്‍.സി.പി., ജനതാദളിന്റെ വിവിധ പിരിവുകള്‍, സമാജ് വാദി പാര്‍ട്ടി, ത്രിണമൂണല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, ദ്രാവിഡ കഴകം പാര്‍ട്ടികള്‍, തെലുഗുദേശം, റ്റി.ആര്‍.എസ്. കമ്യുനിസ്റ്റ് കക്ഷികള്‍ തുടങ്ങിയ വ്യവസ്ഥാപിത പാര്‍ട്ടികളെല്ലാം കരാര്‍ കൃഷി ഇപ്പോഴല്ലെങ്കില്‍ പിന്നീട് നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരാണ്. വന്‍പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ലഭിക്കുന്ന നേതാക്കളുടെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ തങ്ങളുടെ അണികളെയും ജനങ്ങളെയും പാശ്ചാത്യമുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന വികസനത്തിന്റെ ജനവിരുദ്ധത തുറന്നുകാണിക്കാതെയിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.

അധികാരത്തിലിരിക്കുന്നവരുടെയും ആഗോളമുതലാളിത്തത്തിന്റെ പിണിയാളുകളായ സാമ്പത്തിക വിദഗ്ദ്ധരുടെയും കേവലം അധികാരം ലഭിക്കുവാന്‍ മാത്രം വെമ്പല്‍ കൊള്ളുന്നവരുടെയും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടണം, നിക്ഷേപം വര്‍ദ്ധിപ്പിക്കണം എന്നുള്ള പല്ലവി കോര്‍പറേറ്റ് മുതല്‍ മുടക്ക് കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്നതിനും വിവിധ തരത്തിലുള്ള കോര്‍പറേറ്റ് കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള ഒരു മന്ത്രമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെന്ന് അത്തരം ആളുകള്‍ പറയുമ്പോള്‍ എന്താണ് നാം മനസിലാക്കേണ്ടത്. കാര്‍ഷിക ഉത്പാദനക്ഷമത ഓരോ ഏക്കറിനും വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നെല്ലാ മാണ് സാധാരണക്കാര്‍ ധരിച്ചുവശാകുന്നത്. എന്നാല്‍ അതിനെക്കാള്‍ ഏറെ മറ്റ് ചില ലക്ഷ്യങ്ങളാണ് ആ നയരൂപീകരണക്കാരുടെയും അധികാരം കയ്യാളുന്നവരുടെയും മനസിലുള്ളത്. ഒരു കമ്പനി 100 കൃഷിക്കാരില്‍ നിന്ന് കൃഷി ഭൂമി വിലകൊടുത്തോ പാട്ടത്തിനോ ഏറ്റെടുക്കുന്നു എന്ന് കരുതുക. അതിന് ആ കമ്പനി മുടക്കുന്ന തുകയും അവര്‍ കൃഷി ചെയ്യുവാന്‍ ചെലവഴിക്കുന്ന തുകയും കാര്‍ഷിക മേഖലയിലെ നിക്ഷേപ വര്‍ദ്ധനയായി സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കും. അതേ സ്ഥാനത്ത് കര്‍ഷകര്‍ കൃഷി ചെയ്യുന്നതിന്റെ ചെലവ് അവരുടെ അദ്ധ്വാനമൂല്യം ഇടിച്ചും അവരുടെ മേല്‍നോട്ടവും നടത്തിപ്പും സംഘാടനവും (മാനേജ്‌മെന്റ്) വിലയില്ലാത്തതാക്കിയും കണക്കാക്കുമ്പോള്‍ കമ്പനികളുടെ കൃഷിയിലുള്ള നിക്ഷേപം കാര്‍ഷിക വളര്‍ച്ചയാണത്രെ.

പഞ്ചാബും ഹരിയാണയും എന്തുകൊണ്ട്?

പഞ്ചാബിലെയും ഹരിയാണയിലെയും കൃഷിക്കാര്‍ ഇത്രശക്തമായി ആ നിയമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് പോരാട്ടത്തിന് തുനിഞ്ഞു എന്ന ചോദ്യം പ്രസക്തമാണ്. പഞ്ചാബില്‍ ഓരോ രണ്ടു കിലോമീറ്ററിനുള്ളിലും എ.പി.എം.സി. നിയമപ്രകാരം മണ്ഡികള്‍ ലഭ്യമാണ്. അവിടെ കൃഷിക്കാരുടെ ഏറ്റവും മിതമായ താല്പര്യങ്ങള്‍ സുരക്ഷിതവുമാണ്. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും പറയുന്നതുപോലെ മണ്ഡി വ്യവസ്ഥയില്‍ ഇടനിലക്കാരില്ല. അവിടെ ഇടനിലക്കാരുടെ ചൂഷണവുമില്ല. എന്നാല്‍ അര്‍ഹമായ വില കാര്‍ഷികോത്പന്നങ്ങള്‍ക്ക് നല്‍കാതെ വിലയിടിച്ച് (സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തുച്ഛമായ താങ്ങുവില വരെ) വാങ്ങുവാന്‍ കച്ചവട ശക്തികള്‍ക്ക് കഴിയുന്നതൊഴികെ. കമ്മീഷന്‍ ഏജന്റുമാര്‍ കച്ചവട ശക്തികള്‍ വാങ്ങുന്ന വിലയുടെ ശതമാനകണക്കിനാണ് കമ്മീഷന്‍ വാങ്ങുന്നത്. മണ്ഡിയില്‍ വിളവെടുപ്പ് കഴിഞ്ഞാല്‍ കാര്‍ഷികോത്പന്നങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കാന്‍ കഴിയുമെന്നൊരു ഗുണമുണ്ട്. കര്‍ഷകര്‍ക്ക് മണ്ഡിക്ക് പുറത്ത് വില്‍ക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുള്ള സത്യം മറച്ചു വച്ചുകൊണ്ടാണ് പ്രധാനമന്ത്രിയും അനുയായികളും കര്‍ഷകര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വില്‍ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് വിവാദ നിയമങ്ങള്‍ എന്ന് കുപ്രചാരണം നടത്തുകയാണ്. എന്നാല്‍ വലിയ കമ്പോള ശക്തികള്‍ മണ്ഡിയില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും മിതമായ താങ്ങുവില അനുസരിച്ചോ കമ്പോളത്തിലെ അന്യായമായ ആധിപത്യമനുസരിച്ചോ ആണ് വില ലഭിക്കുക. ഉല്പന്നങ്ങളുടെ അര്‍ഹമായ മൂല്യം ആ വിലയില്‍ കണക്കാക്കപ്പെടുന്നില്ല എന്നുള്ളത് സത്യം. എന്നാല്‍ അവിടെ ഏറ്റവും താഴ്ന്നതെങ്കിലും കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിലെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. മണ്ഡി വ്യവസ്ഥയിലെ ഏക ചൂഷണം എന്നുപറഞ്ഞാല്‍ അത് വായ്പാ ചൂഷണമാണ്. കമ്മീഷന്‍ ഏജന്റുമാര്‍ എ.പി.എം. കമ്മിറ്റികളുടെ നിശ്ചയപ്രകാരമുള്ള (സംസ്ഥാന തലത്തില്‍) കമ്മീഷന്‍ തുകയാണ് വാങ്ങുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് സീസണ്‍ അല്ലാത്തപ്പോള്‍ അവര്‍ പലിശയ്ക്ക് കടം നല്‍കി വരുന്നു. കര്‍ഷകരുടെ മണ്ഡികളില്‍ നിന്ന് ലഭിക്കേണ്ട തുക അത്തരം കമ്മീഷന്‍ ഏജന്റുമാരുടെ അക്കൗണ്ടിലേക്ക് നേരിട്ടുപോകുവാനും ക്രമീകരണമുണ്ട്. പണം വായ്പ കൊടുത്ത പലിശയിലുള്ള ആ ചൂഷണമാണ് മണ്ഡി വ്യവസ്ഥയില്‍ നടക്കുന്നത്. അത് സര്‍ക്കാരിന്റെ മാത്രം പരാജയം കൊണ്ട് സംഭവിക്കുന്നതാണ്. മതിയായതും ലഘു വ്യവസ്ഥയോടെയുള്ളതുമായ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് അവകാശം ഉണ്ടെങ്കിലും സര്‍ക്കാര്‍ അത് ലഭ്യമാക്കിയിട്ടില്ല. എന്നുമാത്രമല്ല സമ്പന്ന രാജ്യങ്ങളുടെ മാനദണ്ഡത്തില്‍ പറഞ്ഞാല്‍ വളരെ ഉയര്‍ന്ന പലിശ നിരക്കിലാണ് പൊതുമേഖല ബാങ്കുകള്‍ പോലും കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. അതുപോലും കിട്ടുന്നതിനുള്ള കടമ്പകള്‍ ഏറെ പ്രയാസം നിറഞ്ഞതുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂറോപ്യന്‍ വന്‍കിട തുണി വ്യവസായ ശക്തികള്‍ക്ക് ആവശ്യമായ നീലം കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വായ്പ കൊടുത്തിരുന്നതുപോലെ കരാര്‍ കൃഷി വന്നാല്‍ കൃഷിക്കാരുടെ വായ്പകളും കോര്‍പറേറ്റുകള്‍ക്ക് ഏറ്റെടുക്കുവാന്‍ കഴിയും.

മറ്റൊരു സംസ്ഥാനത്തും ലഭ്യമല്ലാത്ത വിധത്തില്‍ പഞ്ചാബിലെ മണ്ഡി വ്യവസ്ഥ സമീപസ്ഥവും കാര്യക്ഷമവുമായത് അവിടുത്തെ കൃഷിക്കാരെ ഒരു പരിധിവരെ തൃപ്തരാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ആണെങ്കില്‍ ദൂരയുള്ള മണ്ഡിയിലേക്ക് ആവശ്യമായി വരുന്ന ഗതാഗത ചെലവും കഷ്ടപ്പാടുകളും മണ്ഡി വ്യവസ്ഥ തകര്‍ന്ന് അടിഞ്ഞാല്‍ കര്‍ഷകരില്‍ ഇതുപോലെ പോരാട്ട പ്രേരണ ഉണ്ടാക്കില്ല. കൂടാതെ സംസ്ഥാനമൊട്ടാകെയുള്ള മണ്ഡി നെറ്റ്‌വര്‍ക് സംഘടിതമായ ഒരു സ്ഥിതി വിശേഷവും കര്‍ഷകരില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു വിഷയം കൂടി പഞ്ചാബ് കര്‍ഷകര്‍ക്ക് പ്രേരണയാകുന്നുണ്ട്. പഞ്ചാബിലെ മുഖ്യഹാരം ഗോതമ്പാണ്. ഒരു സീസണില്‍ ഗോതമ്പ് കൃഷി ചെയ്താല്‍ അടുത്ത സീസണില്‍ നെല്‍കൃഷി ആയിരിക്കും. അതില്‍ കേവലം ദസമിയുടെ (മലയാളത്തില്‍ ദശമി) ദിനത്തില്‍ മാത്രമാണ് അവര്‍ ചോറുണ്ണുന്നത്. അതിനാല്‍ ഉല്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ മറ്റിടങ്ങളിലേക്ക് കയറ്റിവിടുവാനുള്ളതാണ്. മണ്ഡി വ്യവസ്ഥയിലൂടെ താരതമ്യേന എളുപ്പത്തിലും കുറഞ്ഞ വിലയെങ്കിലും ഉറപ്പുവരുത്തുകയും ചെയ്യുന്ന കയറ്റി വിടാനുള്ള നെല്ലുത്പാദനം അവര്‍ക്ക് കാര്യമായ മിച്ചം കിട്ടുന്നതിന് ഇടയാക്കും. ഗോതമ്പുവരുമാനത്തിന്റെ പുറമെ ലഭിക്കുന്ന ഒരു വലിയ ബോണസ് പോലെ. കോര്‍പറേറ്റുകളുടെ കരാര്‍ കൃഷി വന്നാല്‍ പഞ്ചാബിലെ കൃഷിക്കാര്‍ക്കുള്ള ഇന്നത്തെ മേല്‍പറഞ്ഞ ഏറ്റവും കുറഞ്ഞ സുരക്ഷിതത്വം പോലും പൂര്‍ണ്ണമായും തകരുകയും കനത്ത അരക്ഷിതാവസ്ഥ സംജാതമാകുകയും ചെയ്യും. മറ്റൊരു സംസ്ഥാനത്തും അത്തരമൊരു സ്ഥിതി വിശേഷം ചിലയിടങ്ങളിലെ അപവാദങ്ങള്‍ ഒഴികെ ഉണ്ടാകുന്നില്ല. അത് പഞ്ചാബിലെയും ഒരു പരിധി വരെ ഹരിയാണയിലെയും കൃഷിക്കാരെ അതി ശക്തമായ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നു. അതൊരു ജീവ•രണ പോരാട്ടമാണ്. കര്‍ഷകരുടെ ആ ജീവന്‍ മരണ സമരത്തിന് ഏത് വിധത്തിലും കരുത്തേകുവാന്‍, ഇന്ന് ചൂഷണത്തിന്റെ ഏറ്റവും അടിത്തട്ടിലെ വിഭാഗമായ കേവലം അടിമകളാക്കപ്പെടുന്ന കൃഷിക്കാര്‍ തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുവാന്‍ കടന്നുവരേണ്ടതുണ്ട്.

കാര്‍ഷിക മേഖല സംഘടിത വന്‍കിട മേഖലയുടെ അടിമവേലക്കാര്‍

മോദി സര്‍ക്കാരിന്റെ കര്‍ഷകരെ അടിമകളാക്കുന്ന പുതിയ നിയമങ്ങള്‍ റദ്ദാക്കുകയെന്നത് കര്‍ഷകരുടെ മോചനത്തിന്റെ ആണിക്കല്ലാണ്. എന്നാല്‍ ആ നിയമങ്ങള്‍ പോകുന്നതുകൊണ്ട് മാത്രം കൃഷിക്കാരുടെ മോചനം ഉണ്ടാകുന്നില്ല എന്ന സംഗതി മുന്‍പ് തന്നെ സൂചിപ്പിച്ചുവല്ലോ. അതിന് ഒരു തിരിച്ചറിവില്‍ നിന്നാണ് തുടങ്ങേണ്ടത്. മുതലാളിത്തത്തെ സംബന്ധിച്ച് കാര്‍ഷിക മേഖല വന്‍കിട സംഘടിതമേഖലയുടെ സവിശേഷമായ ചൂഷണത്തിനുള്ള ഒരു മേഖലയാണ്. കേവലം ഏതെങ്കിലും ഒരു കൃഷിക്കാരന് അര്‍ഹമായ വില നല്‍കാത്ത പ്രശ്‌നമല്ല. അല്ലെങ്കില്‍ ഏതെങ്കിലും ഒരു അവസരത്തില്‍ വിലയിടിവ് ഉണ്ടായി ലാഭം ഉണ്ടാക്കുന്ന പ്രശ്‌നവുമല്ല. മറിച്ച് ഒരു സാമ്പത്തിക മേഖലയെന്ന നിലയില്‍ കാര്‍ഷിക മേഖല വന്‍കിട സംഘടിത മേഖലയുടെ ഒരു തരം സാമ്പത്തിക അധിനിവേശത്തിന് വിധേയമാണ്.

ആ വസ്തുത തിരിച്ചറിയുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും പ്രശ്‌നപരിഹാരങ്ങളെക്കുറിച്ച് ശരിയായ അപഗ്രഥനവും പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടുപിടിക്കുവാന്‍ കഴിയുകയുള്ളൂ. ഒരു കാര്‍ഷികോത്പന്നത്തിന് അല്ലെങ്കില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടുതല്‍ ലഭിക്കണമെന്നുള്ള ആവശ്യം എന്ന നിലയില്‍ കാര്‍ഷിക പ്രശ്‌നങ്ങളെ കാണുവാന്‍ കഴിയില്ല. എന്നാല്‍ അര്‍ഹമായ വിലയ്ക്ക് പകരം തുച്ഛമായതും വിലയിടിച്ചതുമായ മൂല്യമാണ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം കാണുമ്പോഴാണ് അര്‍ഹമായ വിലയെക്കുറിച്ച് ശരിയായി ചിന്തിക്കുവാന്‍ കഴിയുക. വന്‍കിട സംഘടിത മേഖലയിലെ ഒരു വ്യക്തിയുടെ അദ്ധ്വാനത്തിന്റെ മൂല്യം വേതനമായി കണാക്കക്കുമ്പോള്‍ വളരെ ഉയര്‍ന്നതും അസംഘടിത മേഖലയിലെ ഒരു വ്യക്തിയുടെ അദ്ധ്വാനത്തിന്റെ മൂല്യം/വേതനം വളരെ താഴ്ന്നതുമാക്കി നിര്‍ത്തുന്നതാണ് മുതലാളിത്ത വ്യവസ്ഥ.

പലതരത്തിലുള്ള ചൂഷണത്തിലൂടെ കുമിഞ്ഞുകൂടിയ മൂലധനം മുടക്കിയാണ് മുതലാളിത്ത ഉല്പാദന വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുന്നത്. അതിനാല്‍ തന്നെ ഓരോ ഘട്ടത്തിലും അതിന്റെ ഉപഭോക്താക്കളുടെ വിപുലീകരണം അതിന് അത്യാവശ്യമാണ്. ആ വിപുലീകരണത്തില്‍ കൂടുതല്‍ കൂടുതലായ മുതല്‍ മുടക്ക് അല്ലെങ്കില്‍ മൂലധനവും ആവശ്യമാണ്. എന്നാല്‍ അസംഘടിത മേഖലയില്‍ കുറഞ്ഞ മൂലധനമാണ് ആവശ്യമായി വരിക. അതിന്റെ സാങ്കേതിക വിദ്യയുടെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന പരിഷ്‌കാരത്തിനും വന്‍മൂലധന നിക്ഷേപം ആവശ്യമില്ല. ആ മുതാളിത്ത തത്വങ്ങള്‍ തന്നെയാണ് കമ്മ്യൂനിസ്റ്റ് ആശയങ്ങളിലും ഉള്ളത്. അതുകൊണ്ടാണ് ലോകത്തില്‍ നിലവില്‍ വന്ന എല്ലാ കമ്യൂനിസ്റ്റ് രാഷ്ട്രങ്ങളിലും വന്‍കിട സംഘടിത മേഖലയുടെ അടിമത്തത്തില്‍ കാര്‍ഷിക മേഖല പെട്ടുപോയത്. ഏറ്റവും വലിയ കമ്യൂനിസ്റ്റ് രാജ്യമായിരുന്ന സോവ്‌യറ്റ് യൂണിയന്‍ കമ്യൂനിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഭരണാധികാരിയുമായിരുന്ന ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ വന്‍കിട വ്യവസായവല്‍ക്കരണത്തിന് തുനിഞ്ഞപ്പോള്‍ അതിനുള്ള ചാലകശക്തി കണ്ടെത്തുവാന്‍ കാര്‍ഷിക മേഖലയെ പഴിഞ്ഞൂറ്റിയെടുക്കുവാനാണ് കളക്റ്റിവൈസേഷന്‍ എന്ന പദ്ധതി ബലമായി കൊണ്ടുവന്നത്. തല്‍ഫലമായി ഒരു കോടയിലധികം കര്‍ഷകരെ ഉന്‍മൂലനം ചെയ്യേണ്ടി വന്നു. കര്‍ഷകരെ കുലാക്കുകള്‍ എന്നാണ് റഷ്യന്‍ ഭാഷയില്‍ പറഞ്ഞിരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് 1980 കളില്‍ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് പുറത്ത് വലിയ ആവേശമായി ആഞ്ഞടിച്ച കര്‍ഷക മുന്നേറ്റത്തെയും അതിന് തൊട്ടുമുമ്പ് ചരന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കര്‍ഷക പിന്‍ബലത്തെയും കുലാക്കുകള്‍ എന്ന് പരിഹാസച്ചുവയോടെ ഇന്ത്യയിലെ സി.പി.ഐ.എം., സി.പി.ഐ. തുടങ്ങിയ കമ്യൂനിസ്റ്റ് കക്ഷികള്‍ വിശേഷിപ്പിച്ചത്.

ഇന്ത്യയില്‍ കാലങ്ങളായുള്ള സര്‍ക്കാരിന്റെ നയത്തില്‍ സംഘടിത മേഖലയിലെ അദ്ധ്വാനത്തിന് വളരെ ഉയര്‍ന്ന മൂല്യവും അസംഘടിത മേഖലയിലെ അദ്ധ്വാനത്തിന് വളരെ കുറഞ്ഞ മൂല്യവും ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് താങ്ങുവില നിര്‍ണയിക്കുന്നതിന് ഒരു ഘടകമായ കര്‍ഷകന്റെ അദ്ധ്വാനമൂല്യം തീരെ താഴ്ന്ന നിലവാരത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. സ്വാമിനാഥന്‍ കമ്മറ്റി അക്കാര്യം പരിഗണിക്കാത്തത് അവരുടെ മുതലാളിത്ത താല്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ഗൂഢമായ ലക്ഷ്യങ്ങള്‍ നിമിത്തമാണ്. സംഘിടത മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ പത്തുവര്‍ഷവും കൂടുമ്പോള്‍ ശമ്പള കമ്മീഷനെ നിയമിച്ച് വേതനം പുനര്‍ നിര്‍ണയിച്ച് വര്‍ദ്ധിപ്പിക്കുന്നുണ്ട്. കേരള സംസ്ഥാനത്ത് ആണെങ്കില്‍ അത് ഓരോ അഞ്ചുവര്‍ഷവുമാണ്. ആ ശമ്പള കമ്മീഷനുകള്‍ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ തവണയും സംഘടിതമേഖലയിലെ ഒരു തൊഴിലാളിയുടെ അല്ലെങ്കില്‍ ഒരു ജീവനക്കാരന്റെ അദ്ധ്വാനമൂല്യവും നിര്‍ണയിക്കുന്നുണ്ട്. ജീവനക്കാരുടെ ക്ലാസ് അനുസരിച്ച് അത് വിഭിന്നമാണ്. എന്നാല്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അദ്ധ്വാനമൂല്യം (ലേബര്‍ വാല്യൂ) ഓരോ തവണയും വളരെ തുച്ഛമായ തോതിലാണ് വര്‍ദ്ധിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ക്ലാസ് വണ്‍ ആഫീസറുടെ ഒരു ദിവസത്തെ അദ്ധ്വാനമൂല്യം/ അദ്ധ്വാനത്തിന് കൂലി 8000/- രൂപയായിട്ടാണ് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയില്‍ നിശ്ചയിച്ചത്. അതിന്റെ 10% മാത്രം കര്‍ഷകന്റെ ഒരു ദിവസത്തെ അദ്ധ്വാനത്തിന് മൂല്യം കല്പിച്ചാലും വലിയ തോതിലാണ് താങ്ങുവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. അതിനോടൊപ്പം മറ്റു മാനദണ്ഡങ്ങളിലെ/ ഘടകങ്ങളിലെ അസമത്വങ്ങളും വിവേചനങ്ങളും കൂടി മാറ്റുകയും അതനുസരിച്ച് കാര്‍ഷിക ചെലവ് കണക്കാക്കുകയുമാണെങ്കില്‍ അത് ഇന്നത്തെ കണക്കില്‍ ഒരു ബംബര്‍ വിലയായിരിക്കും. അദ്ധ്വാനത്തിന്റെ പ്രതിദിന കൂലിയെ 30 ദിവസം കൊണ്ട് ഗുണിച്ചാണ് പ്രതിമാസ ശമ്പളം കണാക്കാക്കുന്നത്. എന്നാല്‍ അതോടൊപ്പം ഡി.എ., വീട്ടുവാടക, ഇന്‍ക്രിമെന്റുകള്‍ തുടങ്ങി മറ്റനേകം ഇനങ്ങളില്‍ തുകകള്‍ അതിനോട് ചേര്‍ത്താണ് ആകെയുള്ള പ്രതിമാസ ശമ്പളം നിശ്ചയിക്കുന്നത്. അപ്പോഴത് വലിയ ഒരു സംഖ്യയാകും. കൂടാതെ യഥാകാലമുള്ള ശമ്പള വര്‍ദ്ധനവ് വൈകിയാണ് നടപ്പിലാക്കുന്നതെങ്കില്‍ മുന്‍ വര്‍ഷങ്ങളിലെ കുടിശിഖ കൂടി ജീവനക്കാര്‍ക്കും ആഫീസര്‍മാര്‍ക്കും നല്‍കി വരുന്നുണ്ട്. അതൊന്നും കര്‍ഷകര്‍ക്ക് അവര്‍ എത്രമാത്രം അടിസ്ഥാനപരമായ സേവനങ്ങളാണ് ചെയ്യുന്നതെങ്കിലും ലഭിക്കുകയില്ല. അത് തന്നെയാണ് അസംഘടിത മേഖലയിലെ താരതമ്യേന വരുമാനം കുറഞ്ഞ ജനവിഭാഗങ്ങളുടെയും സ്ഥിതി.

സംഘടിത മേഖലയിലുളള വന്‍കിട സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം ഭാവനയ്ക്കും അതീതമാണ്. കൂടാതെ ഇന്‍സെന്റീവ്, ഓവര്‍റ്റൈം തുടങ്ങിയ ഇനങ്ങളിലും ശമ്പളത്തോടൊപ്പം കൂട്ടി ചേര്‍ത്ത് വന്‍കിട സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. അവരിലെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അതുപോലെ കൂടിയ ശമ്പളം നല്‍കുവാന്‍ ആ മേഖലയ്ക്ക് കഴിയുന്നത് കാര്‍ഷിക മേഖലയുള്‍പ്പെടെയുള്ള അസംഘടിത മേഖലയുടെയും ആ മേഖലയില്‍ അദ്ധ്വാനിക്കുന്നവരുടെ അദ്ധ്വാനമൂല്യത്തിന്റെയും ചൂഷണം വഴിയാണ്. അതില്‍ മാറ്റം വരുത്തി എല്ലാ മേഖലയിലെയും അദ്ധ്വാനമൂല്യം പുനര്‍നിര്‍ണ്ണയിച്ച് ഏറെക്കുറെയെങ്കിലും സമാനത (പാരിറ്റി) കൈവരിക്കാനായാല്‍ വലിയ മാറ്റമാണ് സമൂഹത്തില്‍ വരുന്നത്. കാര്‍ഷിക മേഖലയുടെ അടിമത്തം അവസാനിക്കാനും ചൂഷണത്തില്‍ നിന്ന് മുക്തമാകുന്നതിന്റെ ആദ്യപടി കടക്കുവാനും അതിലൂടെ കഴിയും. സംഘടിത മേഖലയുടെ ചൂഷണാധിഷ്ഠിതമായ ചാലകശക്തിയായി വര്‍ത്തിക്കുന്ന കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും നീതി ലഭിക്കുവാന്‍ സമത്വ സങ്കല്പമില്ലാതെ സാധിക്കുകയില്ല. സാമ്പത്തിക മേഖലകള്‍ തമ്മിലുള്ള അസമത്വത്തെക്കുറിച്ച് പരമ്പാഗതമായ കമ്യൂനിസ്റ്റ്, സോഷ്യലിസ്റ്റ് സങ്കല്പനങ്ങള്‍ക്ക് സമീപനങ്ങളിലാത്തതിനാല്‍ അവയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അത് സാധ്യമാകുയള്ളൂ. എന്നാല്‍ അതിന് പരമ്പരാഗതമായ മുതലാളിത്ത, കമ്യൂനിസ്റ്റ്, ഫാഷിസ്റ്റ് ആശയങ്ങള്‍ക്കുപകരം ഗാന്ധി, ലോഹ്യ, അംബേഢ്കര്‍, കിഷന്‍ പട്ട്‌നായക്, സച്ചിദാനന്ദസിന്‍ഹ തുടങ്ങിയവരുടെ സംഭാവനകള്‍ ഉള്‍ച്ചേര്‍ത്ത് സമത്വസങ്ക്‌ലപമുള്ള ഒരു പുതിയ സോഷ്യിലിസ്റ്റ് സമീപനം ആവശ്യമാണ്. അത്തരമൊരു ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ശക്തി രൂപം കൊള്ളേണ്ടതും അത്യാവശ്യമാണ്. സര്‍ക്കാരിന് മാത്രമേ ആ ലക്ഷ്യം നേടിയെടുക്കാനാവുകയുള്ളൂ.

ചുരുങ്ങി വരുന്ന കാര്‍ഷിക വരുമാനത്തിന്റെ കാരണങ്ങള്‍

ഉത്പാദിപ്പിക്കുന്നതിന്റെ ചെലവ് കൂടുകയും ഉല്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ മതിയായ വില കിട്ടാതെയിരിക്കുകയും ചെയ്താല്‍ കൃഷിയെന്നല്ല ഏത് സംരംഭങ്ങളും നഷ്ടത്തിലായിരിക്കും. ആ ലളിതമായ സത്യം കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പൊതുവായ ഒരു പ്രതിഭാസമാണ്. ഉത്പാദനച്ചെലവ് കാര്‍ഷിക മേഖലയില്‍ വര്‍ദ്ധിക്കുന്നതിന് അനവധിയായ കാരണങ്ങള്‍ ഉണ്ട്. കൃഷിക്കാവശ്യമായ വിത്ത്/നടീല്‍ വസ്തു, വളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, നിലമൊരുക്കുന്നതിനും വിളവെടുക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന യന്തോപകരണങ്ങളുടെ വര്‍ദ്ധമാനമാകുന്ന ചെലവ്, തൊഴിലാളികളുടെ കൂലി, ഉല്പാദകരായ കര്‍ഷകരുടെയും ഉപഭോക്താക്കളായ ജനങ്ങളുടെയും ഇടയില്‍ ലാഭം കൊയ്യുന്ന ഇടനിലക്കാര്‍, ചെറുകിട വ്യാപാരികള്‍, വന്‍കിട മൊത്ത വ്യാപാരികള്‍ തുടങ്ങിയവരുടെ ചൂഷണം, പ്രകൃതിക്ഷോഭങ്ങളുടെ കെടുതികള്‍, കീടരോഗബാധകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നീ കാരണങ്ങളാല്‍ കാര്‍ഷികചെലവ് വര്‍ദ്ധമാനമായികൊണ്ടിരിക്കുകയാണ്. അല്പം കൂടി ശരിയായി പറഞ്ഞാല്‍ വരുമാനം ഇടിഞ്ഞ് കടക്കെണിയില്‍ കൂപ്പുകുത്തികിടക്കുന്ന അവസ്ഥയില്‍ കാര്‍ഷിക മേഖല നിപതിച്ചിട്ട് ഏറെക്കാലമായി.

കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന ദേശാസാല്‍കൃത , സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുദിനം തടിച്ചുകൊഴുക്കുകയും വായ്പ എടുത്ത് കാര്‍ഷിക വൃത്തിചെയ്യുന്നവര്‍ അനുദിനം തകരുകയും ചെയ്യുന്നത് ആ വായ്പ ഇടപാടില്‍ പന്തികേട് ഉണ്ടെന്നും മനസിലാക്കാം. മേല്‍പ്പറഞ്ഞവയിലെല്ലാം വന്‍കിട കോര്‍പറേറ്റ് മേഖലയുടെ ചൂഷണം ഇന്ന് വ്യാപിച്ചുവരികയാണ്. തൊഴിലാളികളുടെ കൂലി കര്‍ഷകരുടെ വരുമാനപരിധിയില്‍ നിന്ന് നോക്കുമ്പോള്‍ വലിയ ബാധ്യതയാണ്. എന്നാല്‍ ജീവിതച്ചെലവും സംഘടിതമേഖലയിലെ അദ്ധ്വാനത്തിന്റെ തുലോം തുച്ഛമായ അനുപാതത്തില്‍ കണക്കാക്കുന്ന അസംഘടിതമേഖലയിലെ തൊഴിലാളിയുടെ അദ്ധ്വാനമൂല്യവും പരിഗണിക്കുമ്പോള്‍ കൂലിച്ചെലവ് അത്ര കൂടുതല്‍ അല്ലായെന്ന് കാണാവുന്നതാണ്. എന്നാല്‍ വിലയിടിഞ്ഞ് പരിമിതമായ വരുമാനം മാത്രമുള്ള കൃഷിക്കാരന് അതു വലിയൊരു ഭാരമാണ്. സര്‍ക്കാര്‍, സ്വകാര്യ സംഘടിതമേഖലയില്‍ ഉയര്‍ന്ന വിഭാഗത്തിന് എന്തുകൊണ്ടാണ് വലിയ ശമ്പളം കൊടുക്കുവാന്‍ കഴിയുന്നതെന്ന് നാം തിരിച്ചറിയണം. കൃഷി ഉള്‍പ്പെടെയുള്ള അസംഘിടത മേഖലയെ ചൂഷണം ചെയ്ത് ഉപജീവിക്കുന്ന സംഘടിത മേഖല തടിച്ചുകൊഴുക്കുന്നതിനിലാണ് അത് സാധ്യമാകുന്നത്.

കൃഷി ചെയ്യുന്നതിനുള്ള ചെലവില്‍ ഇന്നത്തെ കമ്പോളാശ്രിതമായ കൃഷി രീതി എന്തായിരുന്നാലും പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലേക്കര്‍ പ്രകൃതി കൃഷി കമ്പോളാശ്രിതമല്ലാത്ത കൃഷി രീതിയെ മുന്നോട്ട് വയ്ക്കുന്നുണ്ട്. അത് ആത്മാര്‍ത്ഥമായി സര്‍ക്കാരും കര്‍ഷകരും ഏറ്റെടുത്താല്‍ വലിയൊരു മാറ്റം ഉണ്ടാകാതിരിക്കില്ല. കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ വിലയിടുന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം. നാണ്യവിളകളായ കുരുമുളക്, തേയില, കാപ്പി, റബ്ബര്‍, ഏലം, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ മാത്രമല്ല ഇന്ന് ഇറക്കുമതിയില്‍ വിലയിടിയുന്നത്. പയറുവര്‍ഗ്ഗങ്ങളും അരിയും ഗോതമ്പും സവോളയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവിളകളും ഇറക്കുമതിയുടെ ഭീഷണിയില്‍പ്പെട്ടവയാണ്. വിലയിടിയുകയല്ല മറിച്ച് കമ്പോളത്തിലെ വലിയ ശക്തികള്‍ ഉല്പന്നങ്ങള്‍ക്ക് വിലയിടിക്കുന്നതാണെന്ന് സാമന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകും. എന്നാല്‍ കാര്‍ഷികോത്പന്ന വ്യാപരത്തിലേര്‍പ്പെട്ടിട്ടുള്ള വന്‍ കമ്പനികളാണ് അത്തരം ഇറക്കുമതിയുടെയും വിലയിടിക്കിലിന്റെയും നിയന്താക്കള്‍.

കാര്‍ഷികമേഖല ആഗോള വാണിജ്യകരാറിന്റെ ഭാഗമാക്കിയതുവഴി കാര്‍ഷിക മേഖലയിലും ഗാട്ട് ഉടമ്പടി പ്രകാരം വിദേശ കമ്പനികള്‍ക്ക് ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ മുതല്‍ മുടക്കാനും ഇഷ്ടാനുസരണം കമ്പോളത്തിലേക്ക് ഇറക്കുമതി നടത്താനും കഴിയുന്നു. എന്നാല്‍ അതിന് സഹായകമായ രീതിയില്‍ പ്രാദേശികമായി വിവിധ രാജ്യങ്ങളുമായി അത്തരം തുറന്ന വ്യാപാരത്തിനുള്ള കരാറുകള്‍ വയ്ക്കുവനാണ് അവര്‍ നിര്‍ബന്ധിക്കുന്നത്. അതനുസരിച്ച് ഇന്ത്യ ശ്രീലങ്കയുമായും കിഴക്കന്‍ ഏഷ്യയിലെ മിക്കവാറും എല്ലാ രാജ്യങ്ങളുമായും ഓരോതരത്തിലുള്ള വ്യാപാര കരാറുകള്‍ ഇന്ത്യ വച്ചിട്ടുണ്ട്. അതനുസരിച്ച് കമ്പോള ശക്തികളുടെ സൗകര്യാര്‍ത്ഥം എന്നു പറഞ്ഞാല്‍ കൊളളലാഭം ഉണ്ടാക്കുവാന്‍ കഴിയുന്ന വിധം കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുവാന്‍ ഇറക്കുമതികള്‍ നടത്തുന്നു. ദീര്‍ഘകാലമായാലും ഹ്രസ്വകാലമായാലും കാര്‍ഷിക വിളകള്‍ കര്‍ഷകരെ സംബന്ധിച്ച് ആയുസ്സിന്റെ വിളകളാണ്. അവ കമ്പോളത്തിലെത്തിക്കുന്ന സമയത്ത് അവയുടെ വിലയിടിക്കുന്നത് ശരിക്കും കര്‍കരുടെ ഹൃദയം പിളര്‍ക്കുന്ന നടപടിയാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരാണ് അത്തരം വിലയിടിക്കല്‍ നടപടിയില്‍ ഏറ്റവും അധികം കാലം ദുരിതം അനുഭവിക്കുന്നതും ഏറ്റവും അധികം ചൂഷണത്തിന് വിധേയരാകുന്നതും. തുറന്ന ഇറക്കുമതിയും കര്‍ഷകവിരുദ്ധവും രാജ്യതാല്പര്യത്തിന് എതിരുമായ ലോക വ്യാപാര കരാര്‍, അതുപോലെ മറ്റ് രാജ്യങ്ങളുമായും രാഷ്ട്ര സംഘങ്ങളുമായും ഉള്ള കരാറുകള്‍ റദ്ദാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും നീതി ലഭിക്കുകയുള്ളൂ. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ നയങ്ങള്‍ അതിന് യോജിച്ചവയല്ല. പകരം സംവിധാനത്തോടുകൂടി പുതിയൊരു സമ്പത്ത് ഘടനയും അധികാര വ്യവസ്ഥയും ഉണ്ടാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയമാണ് ഇവിടെ ഉരുത്തിയേണ്ടത്.

ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ഏറ്റവും മര്‍മ്മ പ്രധാനമായ ഒരു സംഗതിയാണ് വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ നിയന്ത്രണം. ഇന്ന് ആ രംഗത്തും കോര്‍പറേറ്റുകള്‍ പിടിമുറുക്കിയിരിക്കുകയാണ് കീടനാശിനി വ്യവസായങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കമ്പനികള്‍ തന്നെ . രോഗ, കീട ബാധയ്ക്ക് പെട്ടെന്ന് വശംവദമാകുന്ന വിത്തുകളും വിളകളും ഇവിടെ വ്യാപകമായി പ്രയോഗത്തിലാക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളും വിളകളും അനധികൃതമായും പരിമിതമായി ലഭിച്ച സാങ്കേതിക അനുമതികളുപയോഗിച്ചും ഇവിടെ പ്രചരിപ്പിക്കുകയാണ്. പാര്‍ലമെന്റ് കമ്മറ്റി ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളും കാര്‍ഷിക വിളകളും അനുവദിക്കാന്‍ പാടില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും കര്‍ഷകരുടെ മൗലികാവകാശവും അപടകത്തിലാക്കുന്ന ഒരു വിഷയമാണെങ്കിലും നാഥനില്ലാ കളരിപോലെയാണ് ഇന്ന് വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും രംഗമെന്ന് പറയേണ്ടി വരും. കമ്പനികള്‍ക്ക് തോന്ന്യവാസം വില നിശ്ചയിക്കാന്‍ അവകാശമുള്ള കീടനാശിനി, കളനാശിനി, രാസവളം, ജൈവവളം തുടങ്ങിയവയുടെ ചൂഷണവും കര്‍ഷകര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്.

കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും മറ്റുമുള്ള വിളനാശം ഇന്നൊരു വലിയ പ്രശ്‌നമായി കഴിഞ്ഞിരിക്കുന്നു. വിള നശിക്കുന്ന കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ തന്നെ മുഴുവന്‍ തുകയും നല്‍കുകയാണ് വേണ്ടത്. അതിനുപകരം കര്‍ഷകരെയും രാജ്യത്തെയും ചൂഷണം ചെയ്യുന്ന ഇന്‍ഷ്വറന്‍സ് എന്ന തട്ടിപ്പ് പരിപാടിയാണ് മാറി മാറി കേന്ദ്രസംസ്ഥാനങ്ങളില്‍ ഭരിക്കുന്ന ബി.ജെ.പി. ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിത പാര്‍ട്ടികളെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതി എന്ന പേരിലാണ് അത് ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നാമാത്രമായ പ്രീമിയം തുകയാണ് ഈടാക്കുന്നതെന്നും സര്‍ക്കാരാണ് ബാക്കി പ്രീമിയം തുക ഒടുക്കുന്നതെന്നാണ് അവകാശവാദം. കര്‍ഷകര്‍ നേരിട്ട് ഒടുക്കിയില്ലെങ്കിലും സര്‍ക്കാര്‍ ഒടുക്കിയാല്‍ അതിന്റെ ബാധ്യത നികുതിയായി കര്‍ഷകരെയും ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ കൊള്ളലാഭം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കാണ് ലഭിക്കുന്നതെന്ന് വിവരാവകാശ പ്രകാരം മുമ്പേ ലഭിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തിയതും നമ്മുടെ മുന്നിലുണ്ട്. ആകെ ഒടുക്കിയ പ്രീമിയം സംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ക്ലെയിമുകളായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. അതെല്ലാം കമ്പനികളുടെ ലാഭത്തിലേക്കാണ് കുമിഞ്ഞുകൂടിയത്. ഏറ്റവും അടുത്ത കാലത്ത് 05.02.2021 തിയതിയില്‍ ലോകസഭയില്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വെളിപ്പെടുത്തിയ കണക്ക് അനുസരിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും ഇപ്പോഴും ശക്തമായി നടപ്പിലാകുന്നുണ്ടെന്ന് മനസിലാക്കാം. മന്ത്രിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് 2017 – 2018 വര്‍ഷം കമ്പനികള്‍ തിരസ്‌കരിച്ച ക്ലെയിമുകളുടെ എണ്ണം 92,869 ആണെങ്കില്‍ 2018 – 2019 ല്‍ അതിന്റെ ഇരട്ടി സംഖ്യയാണ് തിരസ്‌കരിച്ച ക്ലെയിമുകള്‍ അത് രണ്ടുലക്ഷത്തിനാലായിരമാണ്. എന്നാല്‍ പ്രധാന മന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2019 – 2020 ല്‍ തിരസ്‌കരിച്ച ക്ലെയിമുകളുടെ എണ്ണം ഒന്‍പതുലക്ഷത്തിഇരുപത്തിഎണ്ണായിരം ആണ്. 900 ശതമാനമാണ് തിരസ്‌കരിച്ച ക്ലെയിമുകളുടെ വര്‍ദ്ധനവ്. അപ്രകാരമാണെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് സര്‍ക്കാരിന്റെ അവകാശവാദം നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടെന്നാണ്. സര്‍ക്കാര്‍ കൃഷിക്കാരെ ദ്രോഹിക്കുകയും കോര്‍പറേറ്റുകളെ സഹായിക്കുകയും ചെയ്യുന്നതിന് മറ്റൊരു ഉദാഹരണവും വേണ്ടി വരില്ല.

ഉത്പാദനക്ഷമത ഒരു വലിയ പ്രശ്‌നമാണ്. അതിജീവിക്കാത്ത ഹൈബ്രിഡ്ക് വിത്തുകള്‍ ആണ് അതിനു പരിഹാരമെന്ന് കര്‍ഷകരെയും ജനങ്ങളെയും വിശ്വസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിത്തുകളുടെ തെരഞ്ഞുടുപ്പുകളിലൂടെ കൂടുതല്‍ ഉത്പദാനക്ഷമമായ അടുത്ത തലമുറ വിത്തുകള്‍ സൃഷ്ടിക്കാനാവുമെന്ന് പ്രകൃതി കൃഷിയിലുള്ള സുഭാഷ് പലേക്കറുടെ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് രാജ്യത്തെ നൂറുകണക്കിന് കര്‍ഷകരുടെ അനുഭവം കൂടിയാണ്. എന്നാല്‍ കേവലമായ ഉത്പാദനക്ഷമതയും ഉത്പാദന വര്‍ദ്ധനവും അല്ല നമുക്കാവശ്യം. സമീകൃതമായ പോഷക സമ്പൂഷ്ടമായ ഒരു ഭക്ഷണ ക്രമം ജനങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചില കേന്ദ്രങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രീകൃതമായി ഏറെ ഉത്പാദിപ്പിച്ച് മറ്റിടങ്ങളെ തീറ്റിപ്പോറ്റുന്ന ഇന്നത്തെ രീതിക്ക് പകരം രാജ്യത്തെ എല്ലാപഞ്ചായത്തുകളെയും കേന്ദ്രമാക്കി പ്രാദേശികവും തനതുമായ ഭക്ഷണം ഉത്പാദിപ്പിക്കുകവാനും യഥാര്‍ത്ഥ സ്വയം പര്യാപ്തത കൈവരിക്കുവാനുമാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്.

അര്‍ഹമായ വില ഉറപ്പുവരുത്താനുള്ള പ്രായോഗിക മാര്‍ഗ്ഗം

വന്‍കിട സംഘടിത മേഖലയിലെ അദ്ധ്വാനവും കാര്‍ഷിക, അസംഘിടത മേഖലയിലെ അദ്ധ്വാനവും ഏറെക്കുറെ സമാനമായ മൂല്യം കല്പിക്കുന്ന ഒരു രാഷ്ട്രീയ – സാമ്പത്തിക ഘടനയില്‍ കാര്‍ഷികോത്പന്നങ്ങളുടെ അര്‍ഹമായ വില എങ്ങനെ ലഭിക്കുമെന്ന് ഉറപ്പുവരുത്തും എന്ന ചോദ്യം ഏറെ പ്രസ്‌ക്തമാണ്. ഒരു കാര്‍ഷികോത്പന്നവും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനല്ലാതെ ഉല്പാദിപ്പിക്കുന്നില്ല. അടിസ്ഥാനപരമായ ആ സംഗതി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞാല്‍ കര്‍ഷകന്‍ ഉല്പാദിപ്പിക്കുന്ന എതൊരു ഉല്പന്നവും നശിച്ചുപോകാതെയിരിക്കേണ്ടതും അര്‍ഹമായ വില ഉല്പാദനകന് ലഭിക്കുമെന്നും ഉറപ്പുവരുത്തേണ്ടതും സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. അത് ഭക്ഷ്യവിളകളായാലും ധാന്യവിളകളായാലും പച്ചക്കറി പഴവര്‍ഗ്ഗങ്ങളായാലും നാണ്യ വിളകളായാലും വ്യത്യാസമില്ല.

അതിനാല്‍ ഗ്രാമപഞ്ചായത്ത് തലം മുതല്‍ എല്ലാ കാര്‍ഷികോത്പന്നങ്ങളും കര്‍ഷകന് രൊക്കം പണം നല്‍കി സംഭരിക്കുന്നതിനുള്ള സംവിധാനമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. അത് മാറി മാറി ഭരിക്കുന്നവരുടെ വലിയ ഔദാര്യമായി നല്‍കുന്നതിന് പകരം അങ്ങനെ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനും അര്‍ഹമായ വില ഉറപ്പുവരുത്തുന്നതിനും വ്യക്തമായ നിയമം പാര്‍ലമെന്റിലും നിയമസഭകളിലും പാസാക്കുകയാണ് ആവശ്യം. അഭിഭാഷകനായ ഒരു കര്‍ഷക നേതാവ് അത്തരമൊരു കരട് നിയമം തയ്യാറാക്കി അദ്ദേഹത്തിന്റെ പൂര്‍വ്വകാല സഹപ്രവര്‍ത്തകനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്നത്തെ കൃഷി മന്ത്രിക്കും കര്‍ഷക സംഘടനകള്‍ക്കും സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അധികാരികള്‍ അതിന് യാതൊരു പരിഗണനയും നല്‍കിയില്ല. വില നിര്‍ണയത്തിലെ മേല്‍പറഞ്ഞ അടിസ്ഥാനപരമായ സംഗതികള്‍ ആ നിയമത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടില്ല എന്ന വസ്തുത അതിന്റെ മറ്റൊരു വശമാണ്. അത്തരം തത്വങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയും ആവശ്യമായ മറ്റു ചില മാറ്റങ്ങള്‍കൂടി വരുത്തുകയും ചെയ്താല്‍, കാര്‍ഷികോത്പന്ന വിലയെ സംബന്ധിച്ചും ഉത്പന്ന നഷ്ടം വരാതെ സംഭരണം സര്‍ക്കാരിന്റെ നിര്‍ബന്ധ ചുമതലയാക്കുന്നത് സംബന്ധിച്ചും ആ കരട് നിയമം ഉപയോഗപ്പെടുത്താവുന്നതാണ്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ശീതീകരണ സംവിധാനങ്ങളോടു കൂടി മതിയായ അളവ് ഉള്‍ക്കൊള്ളുവാന്‍ പറ്റുന്ന സംഭരണ ശാലകള്‍ തീര്‍ക്കേണ്ടതും അത്യാവശ്യമാണ്.

എന്നാല്‍ ഇന്ന് നിലവിലുള്ള വ്യവസ്ഥാപിത രാഷ്ട്രീയവും അതിന്റെ ശക്തികളും ആഗോള മുതലാളിത്ത നയങ്ങളുമായി അഭേദ്യം കൂട്ടുകെട്ടിലാണ്. അത്തരം ശക്തികളെ മറികടക്കാതെ യാതൊരു പരിവര്‍ത്തനവും ഇവിടെ ഉണ്ടാകുകയില്ല. വ്യാവസായിക, വാണിജ്യ, സേവന, ഇന്‍ഫര്‍മേഷന്‍ മേഖലകള്‍ അടക്കി വാഴുന്ന കോര്‍പറേറ്റ് ശക്തികള്‍ കാര്‍ഷിക മേഖലയെ വെറുതെ വിടുവാന്‍ തീരുമാനിച്ചിട്ടില്ല. ലോക രാജ്യങ്ങളെപ്പോലും മലര്‍ത്തിയടിക്കാന്‍ സാമ്പത്തിക ശേഷിയുള്ള വലിയ കാര്‍ഷിക കമ്പനികള്‍ അതിനാണ് ശ്രമിക്കുന്നത്. ആഗോള കരാറുകള്‍ വഴിയും രാജ്യഭരണാധികാരികളുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും നയവ്യതിയാനങ്ങള്‍ വരുത്തുവാന്‍ അവയ്ക്ക് കഴിയുന്നു. അതിന്റെ ഭാഗമാണ് കോര്‍പറേറ്റുകളുടെ തടവുപുള്ളികളെപ്പോലെ ജനാധിപത്യത്തിലെ ഭരണാധാരികാരികള്‍ ആയി തീര്‍ന്നപ്പോള്‍ കര്‍ഷകരെ കമ്പനികളുടെ അടിമകളാക്കുന്ന പുതിയ നിയമങ്ങള്‍ ഇവിടെ പാസാക്കിയത്. എന്നാല്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നയങ്ങള്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നടപടികളെ തല്കാലം എതിര്‍ക്കുന്നുണ്ടെങ്കിലും ആത്യന്തകമായി അതിന് വഴിപ്പെടുന്ന ഭയാശങ്കകള്‍ അസ്ഥാനത്തുമല്ല. വിപ്ലവകാരികള്‍ എന്ന് അവകാശപ്പെടുന്ന കമ്യൂനിസ്റ്റുകളും അതില്‍ ഉള്‍പ്പെടുമെന്ന് നാം മനസിലാക്കേണ്ടതുണ്ട്. 2021 ജനുവരി മാസം 9-ാം തിയതി പേര് വച്ചെഴുതിയ സി.പി.ഐ.എം.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലേഖനം അവരുടെ മുഖപത്രമായ ദേശാഭിമാനിയും പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍, ‘ നിയമം പിന്‍വലിച്ചശേഷം കര്‍ഷകര്‍, കര്‍ഷക സമൂഹം, കോര്‍പറേറ്റുകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഭാഗങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി പുതിയ നിയമത്തിന് രൂപം നല്‍കുക. തുടര്‍ന്ന് പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ച നടത്തിയശേഷം കരഷകരുടെ താല്പര്യം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരിക എന്നതാണ് പൊതു ആവശ്യം.” കോര്‍പറേറ്റുകളുമായി കര്‍ഷക താല്പര്യം സംരക്ഷിക്കുന്നതിന് എന്തിനാണ് ചര്‍ച്ചയെന്ന് മനസിലാകുന്നില്ല. സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അത് സമര്‍പ്പിച്ചതുമുതല്‍ ഇപ്പോഴും ആവശ്യപ്പെടുകയും സമരം നടത്തുകയും ചെയ്യുന്ന കമ്യൂനിസ്റ്റു പാര്‍ട്ടികള്‍ ലോകത്ത് എല്ലായിടത്തും സംഭവിച്ചതുപോലെ മുതലാളിത്ത സാമ്പത്തിക നയത്തിലേക്ക് പരിണമിച്ചതിന്റെ ഫലമാണെന്ന് മനസിലാക്കാം. അടിമത്തത്തിന്റെ പുതിയ നിയമങ്ങള്‍ പിന്‍വലിപ്പിക്കുന്നതിന് യോജിച്ച പ്രക്ഷോഭണം നടത്തുന്നതിനോടൊപ്പം കര്‍ഷകരുടെ സമ്പൂര്‍ണ്ണ മോചനത്തിന് ഉതകുന്ന കാഴ്ചപ്പാടുകളും അപഗ്രഥനങ്ങളും പരിഹാരമാര്‍ഗങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതും ആവശ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply