കര്‍ഷകരും തൊഴിലാളികളും പോരാട്ടത്തിന്

രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ നിലനില്‍ക്കുന്ന കര്‍ക – തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകരും തൊഴിലാളികളും വീണ്ടും സമരരംഗത്തിറങ്ങുകയാണ്. ഫെബ്രുവരി 13ന് ഡെല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരുടെ റാലി നടക്കും. 16ന് രാജ്യമാസകലം വ്യാവസായ-ഗ്രാമീണ ബന്ദും സംഘടിപ്പിക്കുന്നു.

കാര്‍ഷക രംഗത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരേ 2021 ല്‍ നടന്ന 13 മാസം നീണ്ട ഐതിഹാസിക സമരത്തില്‍ 711 കര്‍ഷകരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്. ആ ചെറുത്ത് നില്‍പ്പിനൊടുവില്‍ മുട്ട് മടക്കേണ്ടി വന്ന മോദി സര്‍ക്കാര്‍ 2021 ഡിസംബര്‍ 9 ന് കര്‍ഷക ദ്രോഹപരമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പക്ഷെ അന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുമായി ഒപ്പിട്ട കരാര്‍ ഇതുവരെ നടപ്പാക്കായിട്ടില്ല. അതേസമയം മൂന്നാമതും അധികാരത്തില്‍ എത്താനുള്ള പദ്ധതിയിലാണ് മോദി സര്‍ക്കാര്‍. അതോടെ അന്നത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാകാത്ത നില വരും. മാത്രമല്ല, റദ്ദാക്കിയ നിയമങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെടും എന്നതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. അംബാനിക്കും അദാനിക്കും വേണ്ടിയായിരുന്നു പഴയ നിയമങ്ങള്‍. അവരടക്കമള്ള കോര്‍പ്പറേറ്റുകള്‍ മോദി സര്‍ക്കാരിന് മൂന്നാമൂഴം ഒരുക്കാനുള്ള പദ്ധതികളിലാണ്. ഈ സാഹചര്യത്തില്‍ മൗനം പാലിക്കുന്നത് ഇന്ത്യന്‍ കര്‍ഷകരുടെ അന്ത്യമായിരിക്കും. സംയുക്ത കര്‍ഷക മോര്‍ച്ച സമരം പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അതിനാലാണ് ക്ഷ്രോഭം പുനരാരംഭിക്കുന്നതെന്ന് മോര്‍ച്ച നേതാക്കള്‍ പറയുന്നു.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 13ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന സമര റാലി പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നു. കര്‍ഷകന്റെയും ഉപഭോക്താവിന്റേ മാത്രമായിരുന്ന ഭക്ഷണത്തിന്റെ പരമാധികാരം (Food Soveringnty) വിത്ത് മുതല്‍ വിപണി വരെ സമ്പൂര്‍ണമായി കയ്യടക്കിയ കോര്‍പ്പറേറ്റ് മൂലധന ശക്തികളുടേതായി മാറിയതിനാല്‍ പാരിസ്ഥിതിക നിലനില്‍പും മനുഷ്യന്റെ ആരോഗ്യവും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണിതെന്നും തിനാല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ ഫാസിസ്റ്റ് കോര്‍പറേറ്റ് വിരുദ്ധര്‍ക്കെല്ലാം അണിചേരാനുള്ള പൊതു പ്ലാറ്റ്‌ഫോമായി രൂപപ്പെടുത്തണമെന്നും സംഘടന ചൂണ്ടികാട്ടുന്നു.

1. ഡോ. എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഇ2+ 50 ഫോര്‍മുല പ്രകാരം എല്ലാ കാര്‍ഷിക വിളകള്‍ക്കും MSP (കുറഞ്ഞ താങ്ങുവില) നിയമപരമായി നടപ്പാക്കുക .
2. ലക്കിീപൂര്‍ ഖേരി കൂട്ടക്കൊലയില്‍ പരിക്കുപറ്റിയവരും കൊല്ലപ്പെട്ടവരുമായ മുഴുവന്‍ കര്‍ഷക കുടുംബങ്ങള്‍ക്കും യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക. കൂട്ടക്കൊലക്ക് ഉത്തരവാദിയായ മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക.
3. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം കടക്കണിയില്‍ ആയ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുക.
4. 58 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്കെല്ലാം പതിനായിരം രൂപ പെന്‍ഷന്‍ പ്രഖ്യാപിക്കുക.
5. വന്യജീവികളുടെ ആക്രമണം മൂലം കൃഷി ചെയ്യാന്‍ സാധ്യമാകാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ വനം വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി കര്‍ഷകര്‍ക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുക
6. കാര്‍ഷിക വിളഇന്‍ഷുര്‍ ചെയ്യുന്നതിന് ആവശ്യമായ പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കുക
7. ദില്ലി ചലോ കര്‍ഷക സമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ പേരിലെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങള്‍. സമരത്തെ പിന്തുണച്ച് ഫെബ്രുവരി നാലിന് തൃശൂരില്‍ സംസ്ഥാനകണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക മോര്‍ച്ചയും 10 ട്രേഡ് യൂനിയന്‍ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഫെബ്രുവരി 16ന് രാജ്യവ്യാപകമായി ഗ്രാമീണ ബന്ദിനും വ്യാവസായിക പണിമുടക്കിനുമാണ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പാവപ്പെട്ടവരുടെയും മറ്റും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചവരാണ് ഈ സര്‍ക്കാര്‍. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കെപ്പെടുന്നില്ല. ദശാബ്ദക്കാലത്തെ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം അത്തരം വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു. തൊഴിലില്ലായ്മ അമ്പത് വര്‍ഷം മുമ്പത്തെതിന് തുല്ല്യമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ‘അച്ഛേ ദിന്‍’, ‘തിളങ്ങുന്ന ഇന്ത്യ’ എന്നിവയെക്കുറിച്ചുള്ള സംസാരം യഥാര്‍ത്ഥ വസ്തുതകളുടെ വെളിച്ചത്തില്‍ ക്രൂര ഫലിതമായി മാറിയിരിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ വേതനം 20% ഇടിഞ്ഞു. മറുവശത്ത് ഈ കാലയളവില്‍ അഭൂതപൂര്‍വ്വമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ വേതനം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍, സ്വകാര്യ, പൊതുമേഖലകളിലെ സ്ഥിരം തൊഴിലാളികളെ കീഴ്‌പ്പെടുത്തുന്ന താല്‍ക്കാലിക തൊഴിലാളികള്‍ കരാര്‍ അല്ലെങ്കില്‍ ഔട്ട്സോഴ്സിംഗില്‍ (പുറം കരാര്‍) ജോലി ചെയ്യുന്നത് ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. തൊഴിലാളികളെ സന്നദ്ധ സേവനം, സ്‌കീം (തൊഴിലുറപ്പ്, അംഗന്‍വാടി, ആശാ വര്‍ക്കര്‍ ലരേ), ഗിഗ് (Zomato,Uber etc) എന്നിങ്ങനെ വിശേഷിപ്പിച്ച് തൊഴിലാളികള്‍ എന്ന പദവിയും വേതനവും നിഷേധിക്കുന്നു.

കോര്‍പ്പറേറ്റ് മേഖലയുടെ സേവനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഒരു നയമെന്ന നിലയില്‍, കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നീക്കം കൂടുതല്‍ തീവ്രമാക്കുകയാണ്. കുറഞ്ഞ അടിസ്ഥാന വേതനം ഏര്‍പ്പെടുത്തുക വഴി വേജ് കോഡിലൂടെ മിനിമം വേതനം കുറയ്ക്കാന്‍ ശ്രമിക്കുന്നു, വേതനത്തെ കൂടുതല്‍ തളര്‍ത്തുകയും തൊഴിലാളികളെ കൂടുതല്‍ ദരിദ്രാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ‘നവരത്‌നങ്ങള്‍’, ലാഭമുണ്ടാക്കുന്ന യൂണിറ്റുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും (ഏതാനും ചിലത് ഒഴികെ) സ്വകാര്യവത്കരിക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. ദേശസാല്‍കൃത ബാങ്കുകളും ഈ നയത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ ആസ്തികള്‍ പണമാക്കി മാറ്റുക എന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മറ്റൊരു രീതിയാണ് – സംഘടനാ നേതാക്കള്‍ പറയുന്നു.

തൊഴിലാളിവര്‍ഗ്ഗത്തെ കൂടുതല്‍ കബളിപ്പിക്കാനും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കാനും രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്കും വിദേശ മൂലധനത്തിനും അനുകൂലമായി സര്‍ക്കാര്‍ നാല് ലേബര്‍ കോഡുകള്‍ കൊണ്ടുവന്നു. എംപ്ലോയീസ് പിഎഫ് (Employees Provident Fund) കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് തുറന്നിരിക്കുന്നു. കോര്‍പ്പറേറ്റ് നവ-ഉദാരവാദികളായ ഇവര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന് (CPS – Contributory Pension Scheme) പകരം OPS (Old Pension Scheme) പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നു. ഫലസ്തീനിലെ തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യയിലെ തൊഴില്‍ രഹിതരെ യുദ്ധമേഖലയിലേക്ക് കൊണ്ടുപോകാന്‍, തൊഴിലില്ലായ്മയാല്‍ വലയുന്ന ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഇസ്രായേലിനെ അനുവദിച്ചിരിക്കുന്നതായും ചൂണ്ടികാട്ടുന്നു.

സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വന്‍കിട മുതലാളിമാരുടെ ലാഭം 30% വര്‍ദ്ധിച്ചപ്പോള്‍, ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും സംഘടനകള്‍ പറയുന്നു. ആഗോള മാനവ വികസന സൂചികയില്‍ 191 രാജ്യങ്ങളില്‍ 132-ാം സ്ഥാനത്താണ് ഷൈനിംഗ് ഇന്ത്യ. പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ 161-ാം റാങ്കോടെ ഇന്ത്യ കുപ്രസിദ്ധി നേടിയിരിക്കുകയാണ്. മാത്രമല്ല പത്രപ്രവര്‍ത്തകര്‍ തൊഴിലെടുക്കുന്നത് തന്നെ അപകടകരമായ സാഹചര്യത്തിലാണെന്നാണ് സൂചികയില്‍ വിലയിരുത്തപ്പെടുന്നത്. വര്‍ഗ്ഗീയതയുടെ, വിഭജന രാഷ്ട്രീയത്തിന്റെ ക്രൂരമായ കലയില്‍ വൈദഗ്ദ്ധ്യം നേടിയ ബിജെപി, ഭൂരിപക്ഷ സമുദായത്തെ മയക്കിക്കിടത്താനും അതുവഴി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് അവരെ തിരിച്ചുവിടാനും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ആക്രമണാത്മകമായി ഹിന്ദുത്വ കാര്‍ഡ് കളിക്കുകയാണെന്നും ആരോപിച്ചാണ് പ്രക്ഷോാഭം ആരംഭിക്കുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ അടുത്തിടെ നടത്തിയ നീണ്ട സമരത്തില്‍ നിന്ന് തൊഴിലാളിവര്‍ഗ്ഗം പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതേസമയം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണം. അതാവശ്യപ്പെട്ടാണ് ഫെബ്രുവരി 16ന് വ്യാവസായിക പണിമുടക്ക് നടത്തുന്നതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply