സിനിമകളിലെ വ്യാജചരിത്രനിര്‍മ്മിതിയെ കരുതിയിരിക്കുക – ജി.പി. രാമചന്ദ്രന്‍

തമിഴ് സിനിമയില്‍ ബോധപൂര്‍വ്വമായി ഒരു ദളിത് മുന്നേറ്റം നടക്കുന്നുണ്ട്. തേവര്‍ മകന്‍ പോലെയുള്ള സിനിമകളിലൂടെ തമിഴ് ചലച്ചിത്രസംസ്‌കാരത്തിലേക്ക് ആനയിക്കപ്പെട്ട ജാത്യാഭിമാനത്തെ പാ. രഞ്ജിത്തിന്റെയും വെട്രിമാരന്റെയും മറ്റും ചിത്രങ്ങള്‍ വെല്ലുവിളിക്കുകയാണെന്ന് ജി പി രാമചന്ദ്രന്‍. ലിംഗനീതിയെ സംബന്ധിച്ചുള്ള ധാരണകള്‍ തിരുത്താന്‍ തയ്യാറാവാത്ത സമൂഹമാണ് ചലച്ചിത്രമേഖലയ്ക്കും പുറത്തുമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അനു പാപ്പച്ചന്‍

സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാവുന്ന ഒരു സംഘര്‍ഷഭൂമിയാണ് ഇപ്പോള്‍ സിനിമയെന്ന് ചലച്ചിത്രനിരൂപകനും കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജി.പി. രാമചന്ദ്രന്‍. പൂരം പുസ്തകോത്സവത്തിന്റെ ഒമ്പതാം ദിവസം ‘ഇന്ത്യയിലെ സിനിമകള്‍, സിനിമയിലെ ഇന്ത്യകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍പ്പോലും സെന്‍സറിംഗ് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ സജീവമാണ്. കാശ്മീര്‍ ഫയല്‍സ് പോലെ ചരിത്രത്തെ പക്ഷപാതത്തോടെ അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് ‘വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റി’കളിലൂടെ നല്‍കുന്ന ബോധപൂര്‍വ്വമായ പ്രചാരം ഇന്ത്യന്‍ ജനാധിപത്യത്തിനുമേലുള്ള ഒരു ടെസ്റ്റ് ഡോസാണ്. പാതാള്‍ലോക് പിന്‍വലിക്കുകയും ഫാമിലി മാന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ മാറുന്നുണ്ട്. ഇന്ന് ദക്ഷിണേന്ത്യയില്‍ നിര്‍മ്മിക്കുന്ന വമ്പന്‍ സിനിമകള്‍ ബോളിവുഡ് വിപണിയെപ്പോലും കവച്ചുവയ്ക്കുന്നവയാണ്. പക്ഷേ ആര്‍ ആര്‍ ആര്‍, കെ ജി എഫ് മുതലായ ചിത്രങ്ങള്‍ വ്യാജചരിത്രനിര്‍മ്മിതിയിലൂടെയാണ് ജനപ്രീതി നേടുന്നത്. അതേസമയം തമിഴ് സിനിമയില്‍ ബോധപൂര്‍വ്വമായി ഒരു ദളിത് മുന്നേറ്റം നടക്കുന്നുണ്ട്. തേവര്‍ മകന്‍ പോലെയുള്ള സിനിമകളിലൂടെ തമിഴ് ചലച്ചിത്രസംസ്‌കാരത്തിലേക്ക് ആനയിക്കപ്പെട്ട ജാത്യാഭിമാനത്തെ പാ. രഞ്ജിത്തിന്റെയും വെട്രിമാരന്റെയും മറ്റും ചിത്രങ്ങള്‍ വെല്ലുവിളിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ലിംഗനീതിയെ സംബന്ധിച്ചുള്ള ധാരണകള്‍ തിരുത്താന്‍ തയ്യാറാവാത്ത സമൂഹമാണ് ചലച്ചിത്രമേഖലയ്ക്കും പുറത്തുമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തില്‍ സംസാരിച്ച അനു പാപ്പച്ചന്‍ പറഞ്ഞു. സിനിമയെന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളല്ല, അവയെ വിശാലമായ സാമൂഹ്യപ്രശ്‌നങ്ങളായി കാണണം. സിനിമകള്‍ കാലങ്ങളായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത, സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. മാന്യമായ പ്രതിഫലം ചോദിക്കുന്നതുകൊണ്ടുപോലും മാറ്റിനിര്‍ത്തപ്പെടുകയും സമൂഹത്തിന്റെ ഓഡിറ്റിംഗ് നേരിടുകയും ചെയ്യുന്ന ദുരവസ്ഥ അഭിനേത്രിമാര്‍ക്കുണ്ട്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി 90 വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു, സ്ത്രീകള്‍ക്കുവേണ്ടി ഡബ്ല്യൂ സി സി എന്ന സംഘടന രൂപപ്പെടാന്‍. അതും അത്രയും അക്രമാസക്തമായ സംഭവങ്ങള്‍ക്കു ശേഷമാണ് അത്തരമൊരു കൂട്ടായ്മ ഉണ്ടായതുതന്നെ. സിനിമയുടെ രാഷ്ട്രീയത്തെ പുനര്‍നിര്‍വ്വചിക്കാന്‍ കഴിയുന്നത് കാണികള്‍ക്കാണ്. അതിനായി ക്രിയാത്മകമായി ഇടപെടാന്‍ എല്ലാവര്‍ക്കും സാധിക്കണം- അവര്‍ പറഞ്ഞു.

ഐ ഷണ്മുഖദാസ് അദ്ധ്യക്ഷനായിരുന്നു. കെ.എല്‍. ജോസ്, എ.എച്ച്. സിറാജുദ്ദീന്‍ എന്നിവരും സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply