വിഴിഞ്ഞം സമരവും വികസനവും ശശി തരൂരിന്റെ വരവും

ഇടതു ഭരണം മാറുമ്പോള്‍ പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ വരുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. കോണ്‍ഗ്രസിനകത്തെ വിമത ശബ്ദം എന്ന രീതിയില്‍ സിപിഎമ്മും ബിജെപിയും ഈ വിവാദങ്ങളില്‍ സന്തോഷിക്കുന്നത് സ്വാഭാവികം. ആകെ തളര്‍ന്നു നില്‍ക്കുന്ന ഇടതുപക്ഷത്തിന് ഇത് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ശശി തരൂരിനെതിരെ ഇടതുപക്ഷവും ബിജെപിയും ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല.

കേരളത്തിലെ കോണ്‍ഗ്രസിനകത്ത് എന്തോ വലിയ സംഘര്‍ഷങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ധാരാളം വാര്‍ത്തകള്‍ വരുന്നു. ഒരു കോണ്‍ഗ്രസുകാരന്‍ അല്ല എന്നതിനാല്‍ അതെന്നെ ആശങ്കപ്പെടുത്തുന്നില്ല താനും. ഇങ്ങനെയൊക്കെ എല്ലാക്കാലത്തും നമ്മള്‍ കണ്ടിരുന്നതുമാണ്. എന്നാല്‍ ആ വാര്‍ത്തകളിലൂടെ പുറത്തു വരുന്ന ചില സന്ദേശങ്ങള്‍ കോണ്‍ഗ്രസിനപ്പുറം കേരളത്തെ ആകെ ബാധിക്കാവുന്ന ചില വിഷയങ്ങള്‍ ഉണ്ടെന്ന ചിന്ത മൂലമാണ് ഇങ്ങനെ ഒന്നെഴുതാമെന്നു കരുതിയത്. ഇന്ത്യയില്‍ ഒരു വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടം പിടിമുറുക്കുന്നതിനെതിരെ കാര്യമായ ഒരു പങ്കു വഹിക്കേണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന് അതിന്റെ ശത്രുക്കള്‍ എന്ന് പറയുന്നവര്‍ പോലും സമ്മതിക്കും. കേരളത്തില്‍ ഏറെ പരിഹസിച്ചു എങ്കിലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സംബന്ധിച്ചു സിപിഎം കേന്ദ്ര നേതൃത്വം വളരെ ഗുണാത്മകമായിട്ടാണ് കണ്ടത്. ചില സംസ്ഥാനങ്ങളില്‍ സിഐടിയു തന്നെ യാത്രയെ അഭിവാദ്യം ചെയ്യുന്ന വാര്‍ത്തകളും കണ്ടു. ഒപ്പം കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഒരു ഭരണമാണ് എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതും പരിഗണിക്കപ്പെടേണ്ട കാലമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനകത്തെ ചലനങ്ങള്‍ നിര്ണായകമാകുന്നു.

പല പതിറ്റാണ്ടുകള്‍ക്ക് ശേഷമാണല്ലോ കോണ്‍ഗ്രസില്‍ ഒരു തെരഞ്ഞെടുപ്പ് , ഭാഗികമായെങ്കിലും നടന്നത്.കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ചയായ ഒരു വ്യക്തിയാണ് ശശി തരൂര്‍. മല്ലികാര്‍ജുന്‍ ഖാര്‌ഗെക്കെതിരെ അദ്ദേഹം സ്ഥാനാര്‍ഥി ആയതും അത് സംബന്ധിച്ച് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടായ ചര്‍ച്ചകളുടെയും തുടര്‍ച്ചയായി വേണം ഇപ്പോള്‍ നടക്കുന്ന വാദപ്രതിവാദങ്ങളെയും കാണാന്‍ എന്ന് തോന്നുന്നു. തീര്‍ത്തും ഏകപക്ഷീയമായി നടന്ന ഒന്നായിരുന്നു ആ തെരഞ്ഞെടുപ്പെന്ന വസ്തുത തള്ളിക്കളയാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം മുഴുവനും ഇപ്പോഴത്തെ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‌ഗെ ക്കൊപ്പമായിരുന്നു. ഒറ്റപ്പെട്ട പിന്തുണയാണ് കേരളത്തില്‍ നിന്ന് പോലും ശശി തരൂരിന് ലഭിച്ചത്. എന്നിട്ടും ഏതാണ്ട് 11 ശതമാനത്തോളം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. അത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ ഒരു സ്ഥാനം അദ്ദേഹം അര്‍ഹിക്കുന്നു എന്നതും തള്ളിക്കളയാന്‍ കഴിയില്ല. വര്‍ക്കിങ് കമ്മിറ്റിക്കു പകരം ഉണ്ടാക്കിയ സ്റ്റീയറിങ് കമ്മിറ്റിയില്‍ തരൂരിന് ഒരു സ്ഥാനം നല്‍കാത്തതും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ തരൂരിനെ പങ്കെടുപ്പിക്കാത്തതുമെല്ലാം ഈ അവഗണനയാണ് അവര്‍ കാണുന്നു. കേവല മധ്യവര്ഗ്ഗക്കാര്‍ക്കപ്പുറം ശശി തരൂരിന് അടിത്തട്ടില്‍ വേരുകള്‍ ഇല്ല എന്ന വിമര്‍ശനം തെറ്റാണെന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു എന്നാണു അദ്ദേഹത്തിന്റെ പക്ഷത്തു നില്‍ക്കുന്നവര്‍ അവകാശപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ ഈ വിവാദം ചൂട് പിടിച്ചത് ശശി തരൂര്‍ മലബാര്‍ മേഖലയിലെ ചില പരിപാടികളുമായി മുന്നോട്ടു വന്നപ്പോഴാണ്. കമ്യുണിസ്റ്റ്, ബിജെപി തുടങ്ങിയ കേഡര്‍ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊതുസ്വീകാര്യതയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ നേതൃത്വത്തിന്റെ മുന്‍കൂര്‍ അനുമതിയൊന്നും തേടണമെന്ന നിര്ബന്ധമില്ല. മലബാറില്‍ അദ്ദേഹത്തിന്റെ പ്രധാന പരിപാടി ആര്‍ എസ്എസ് വിരുദ്ധസെമിനാര്‍ ആയിരുന്നു. അതിന്റെ സംഘാടകര്‍ യൂത് കോണ്‍ഗ്രസ് ആയിരുന്നു. ഒപ്പം എംടി വാസുദേവന്‍ നായര്‍, പാണക്കാട് തങ്ങള്‍ അടക്കം പല പ്രമുഖരെയും നേരില്‍ കാണലും ആയിരുന്നു. ഇതൊന്നും ആശയപരമായി കോണ്‍ഗ്രസിനോ യുഡിഎഫിനോ ദോഷമുണ്ടാക്കുന്ന പരിപാടികള്‍ ആയിരുന്നില്ല താനും.എന്നാല്‍ ഈ പരിപാടികളെ നേതൃത്വം സമീപിച്ച രീതിയില്‍ തുടക്കത്തില്‍ ചില പ്രശ്ങ്ങള്‍ ഉണ്ടായി. സംഘാടകരായ യൂത്ത് കോണ്‍ഗ്രസിനെ അതില്‍ നിന്നും നേതൃത്വം പിന്‍വലിപ്പിച്ചു. പകരം കോണ്‍ഗ്രസ് അനുഭാവമുള്ള മറ്റൊരു സംഘടന അത് നിര്‍വ്വഹിച്ചു.

പാണക്കാട് തങ്ങള്‍ നല്‍കിയ സ്വീകരണവും ഒപ്പം പേറുന്ന കേന്ദ്രമായുള്ള എന്‍എസ് എസ് അദ്ദേഹത്തിന് സ്വീകാര്യത പ്രഖ്യാപിച്ചതും (മുമ്പ് അദ്ദേഹത്തെ അവര്‍ അംഗീകരിച്ചിരുന്നില്ല) കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെടുന്നു എന്നതിന്റെ സൂചനകളായി പലരും കണ്ടു. പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനിന്നു പോന്ന എ ഐ തുടങ്ങിയ പ്രബല ഗ്രൂപ്പുകളില്‍ നിന്നും കഷ്ടിച്ച് മോചനം ലഭിച്ചു എന്ന തോന്നല്‍ ഉണ്ടാക്കിയ കോണ്‍ഗ്രസില്‍ പുതിയൊരു ഗ്രൂപ്പിനുള്ള കേന്ദ്രമായി തരൂര്‍ മാറുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും (സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം) കഴിഞ്ഞു. അതിന്റെ ഫലമായി ഇന്നത്തെ നേതൃത്വത്തെ എതിര്‍ക്കുന്ന എല്ലാവര്ക്കും ഐക്യപ്പെടാവുന്ന ഒരു ഗ്രൂപ്പ് ആയി അത് മാറുമെന്ന തോന്നല്‍ വളര്‍ന്നു വന്നപ്പോഴാണ് ചില നേതാക്കള്‍ പരസ്യമായി രംഗത്തു വന്നത് . അത്തരം ഒരു ഐക്യത്തിന്റെ സന്ദേശം എന്ന രീതിയില്‍ അത് യു ഗ്രൂപ്പ് ആയിരിക്കുമെന്ന് തമാശയായിട്ടാണെങ്കിലും ശശി തരൂര്‍ പറയുകയും ചെയ്തു.

ഇടതു ഭരണം മാറുമ്പോള്‍ പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ വരുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. കോണ്‍ഗ്രസിനകത്തെ വിമത ശബ്ദം എന്ന രീതിയില്‍ സിപിഎമ്മും ബിജെപിയും ഈ വിവാദങ്ങളില്‍ സന്തോഷിക്കുന്നത് സ്വാഭാവികം. ആകെ തളര്‍ന്നു നില്‍ക്കുന്ന ഇടതുപക്ഷത്തിന് ഇത് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ശശി തരൂരിനെതിരെ ഇടതുപക്ഷവും ബിജെപിയും ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. നാട്ടില്‍ വേരില്ലാത്തയാള്‍, മലയാളം അറിയാത്തയാള്‍ തുടങ്ങി ഭാര്യയുടെ മരണത്തില്‍ വരെ അദ്ദേഹത്തിന് പങ്കുണ്ടെന്നു കൂടി അവര്‍ പ്രചരിപ്പിച്ചതാണ്. ഒരു പക്ഷെ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പില്ലെങ്കില്‍ ഇടതുപക്ഷത്തേക്ക് കൂറ് മാറുകയാണെങ്കില്‍ ഇതെല്ലാം അവര്‍ മറക്കും. അങ്ങനെയാണല്ലോ തിരുതത്തോമ എന്ന് കളിയാക്കിയിരുന്ന കെവി തോമസ് ഇപ്പോള്‍ വിപ്ലവകാരി തോമ ആയത്. ഇടതുപക്ഷത്തെ ഒരു നിരീക്ഷകന്‍ പറയുന്നത് തരൂര്‍ കേരളത്തിലല്ല കേന്ദ്രത്തില്‍ മോദിക്കെതിരായ പോരാട്ടത്തിന്റെ നായകന്‍ ആകണമെന്നാണു. കോണ്‍ഗ്രസിനകത്തുള്ളവരില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുന്നത് സ്വാഭാവികം മാത്രം. അവരില്‍ പലര്‍ക്കും നഷ്ടം ഉണ്ടാകാമല്ലോ. ഇടതുപക്ഷത്തിന്റെ ഭരണദോഷം കൊണ്ട് തന്നെ അടുത്ത തവണ അധികാരം നേടാന്‍ എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതും.

കക്ഷി രാഷ്ട്രീയത്തിനപ്പുറം ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായി വരുന്നതിന്റെ ഗുണദോഷങ്ങള്‍ എന്താണ്? ആഗോളതലത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയൊക്കെ അംഗീകരിക്കപ്പെടും. ഒപ്പം നല്ലൊരു എഴുത്തുകാരന്‍ എന്ന നിലയില്‍ ശശി തരൂരിന്റെ നിലവാരമുള്ള ഒരു നേതാവും കേരളത്തില്‍ ഇല്ലെന്നും പറയാം. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അംഗീകാരം എത്ര മാത്രമാകും? രാഷ്ട്രീയത്തിലെ എതിരാളികളെ ശത്രക്കളായി കണ്ട് എല്ലാത്തിനെയും എതിര്‍ക്കുന്ന രീതി തെറ്റാണെന്നും വിവേചനബുദ്ധിയോടെ വിലയിരുത്തി പ്രതികരിക്കലാണ് ശരിയെന്നും അദ്ദേഹം പറയുന്നതിനെ തള്ളിക്കളയാന്‍ പറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ അങ്ങനെ സ്വീകരിക്കാന്‍ കഴിയുന്നതാണോ എന്നതാണ് പ്രധാന ചോദ്യം. മോഡി പ്രധാനമന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ മുഖ്യമന്തി എന്നനിലയിലും മിടുക്കന്മാരാണ് എന്ന് ശശി തരൂര്‍ പറയുന്നത് മേല്പറഞ്ഞ ഉദാര ജനാധിപത്യത്തിന്റെ രീതിയില്‍ കാണാന്‍ കഴിയില്ല. അവര്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം മറന്നു കൊണ്ട് ഇങ്ങനെ പറയുന്നതില്‍ പല വിധ പ്രശ്‌നങ്ങളും ഉണ്ട്. ശത്രുത വേണമെന്നില്ല . വിമര്‍ശനം രാഷ്ട്രീയം ആയിരിക്കണം. അത് കക്ഷി രാഷ്ട്രീയം മാത്രമാകണം എന്നുമില്ല. ജനകീയ രാഷ്ട്രീയമാകണം.

പുതിയ കാലത്തെ, വിശേഷിച്ചും ആഗോളവല്‍ക്കരണകാലത്തെ രാഷ്ട്രീയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. അവിടെ രാഷ്ട്രീയയ കക്ഷികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായുള്ള അതിര് വരമ്പുകള്‍ അപ്രത്യക്ഷമാകുന്നു. സാമ്പത്തിക വികസന നയങ്ങള്‍ എല്ലാവര്ക്കും ഒന്ന് തന്നെയാകുന്നു. സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യസ്തമാകുന്നത് അവയിലെ നേതാക്കളുടെ വ്യക്തിഗുണങ്ങള്‍ കൊണ്ട് മാത്രമാണ് എന്ന് വരുന്നു. പ്രൊഫഷണല്‍ തുടങ്ങിയ വിശേഷണങ്ങളില്‍ കൂടി നയങ്ങള്‍ അപ്രസക്തമാകുകയും ക്രോണി മുതലാളിത്ത വികസനനയങ്ങള്‍ നടപ്പിലാക്കാനുള്ള വ്യക്തികളുടെ കാര്യപ്രാപ്തി പ്രധാനമാകുകയും ചെയ്യുന്നു. അഴിമതി കുറവുള്ള വ്യക്തി എന്ന രൂപത്തിലാണല്ലോ അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ എത്തുന്നത്. ശക്തനായ ഭരണകര്‍ത്താവ് എന്നതും ഒരു യോഗ്യത ആകുന്നു. അവിടെ മനുഷ്യത്വമെന്നതൊക്കെ വെറും പുറംമോഡി മാത്രം. മൂലധന സൗഹൃദമാകുന്നതിനായി നേതാക്കള്‍ തമ്മില്‍ മത്സരിക്കുന്നു. കേവലം പ്രതിപക്ഷത്താകുമ്പോള്‍ മാത്രം നാമമാത്രമായ ചില എതിര്‍പ്പുകള്‍ ഉയര്‍ത്തും . എന്നാല്‍ ഭരണത്തില്‍ വരുമ്പോള്‍ അതൊക്കെ മറന്നു പോകും. ഇതിനു നൂറു കണക്കിന് ഉദാഹരണങ്ങള്‍ കേന്ദ്രത്തിലും കേരളത്തിലും നമുക്ക് കാണാവുന്നതാണ്. ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ലൊരു ഉദാഹരണം. 2015 ല്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കരാര്‍ ഒപ്പിട്ടപ്പോള്‍ അതില്‍ ആറായിരം കോടിയിലധികം രൂപയുടെ അഴിമതി ഉണ്ടെന്നു പ്രഖ്യാപിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. അന്നദ്ദേഹം സിപിഎം സെക്രട്ടറി. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദനും മുന്‍ ധനമന്ത്രി തോമ ഐസക്കും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഈ അദാനി പദ്ധതിയുടെ നടത്തിപ്പുകാരായി മാറി. ഇത് തന്നെ ഗെയില്‍ പൈപ്പ്‌ലൈന്‍ അടക്കം നിരവധി പദ്ധതികളുടെ കാര്യത്തിലും സംഭവിച്ചു. ഇവിടെയാണ് ശശി തരൂരിന്റെ പ്രസക്തി. ഇടതു സര്‍ക്കാര്‍ മുന്നോട്ടു വച്ച സില്‍വര്‍ ലൈന്‍ അടക്കമുള്ള നിരവധി പദ്ധതികള്‍ക്കെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി പിന്തുണക്കുന്നു. എന്നാല്‍ ശശി തരൂര്‍ ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ് ആദ്യം എടുത്തത്. പിന്നീട് അത് മാറ്റി എന്ന് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ നടന്ന ഒരു സമരപരിപാടിയിലും അദ്ദേഹം ഇന്നു വരെ പങ്കെടുത്തിട്ടില്ല. തലസ്ഥാന നഗരത്തിലെ ഭരണത്തില്‍ ഏറെ വിവാദമായ മേയറുടെ കത്തും അതിലെ അഴിമതിയും അതുമായി ബന്ധപ്പെട്ട സമരങ്ങളും ശശി തരൂര്‍ കണ്ടതായി ഭാവിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടിക്കാരാണ് അവിടെ സമരം ചെയ്യുന്നത് എന്ന വസ്തുത അദ്ദേഹം അറിയുന്നില്ല എന്നാണോ? സമരം രാഷ്ട്രീയത്തില്‍ പറ്റില്ല എന്ന് കരുതുന്ന നേതാവാണ് അദ്ദേഹം.

ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ കാര്യം തന്നെയെടുക്കാം. അദാനിയുടെ ഈ പദ്ധതിക്കെതിരെ ഒരു വാക്കു പോലും അദ്ദേഹം പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആ സമരപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെയും അദ്ദേഹം മിണ്ടുന്നില്ല. സ്വന്തം മണ്ഡലത്തിലെ, അതും തന്നെ വിജയിപ്പിക്കുന്നതിന് നിര്‍ണ്ണായക പങ്കു വഹിച്ച ജനങ്ങള്‍ നടത്തുന്ന ഈ പോരാട്ടം കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ? കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തു മല്‍സ്യമാര്‍ക്കറ്റിനെ പറ്റി തരൂര്‍ പറഞ്ഞ ചില പരിഹാസ വാചകങ്ങള്‍ വലിയ കോളിളക്കം ഉണ്ടാക്കിയതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വി ഡി സതീശന്‍ അടക്കമുള്ളവര്‍ നയപരമായെങ്കിലും ജനപക്ഷ പരിസ്ഥിതി സൗഹൃദ വികസന നിലപാടുകള്‍ എടുക്കുന്നവരാണ്. അത് പിണറായി സര്‍ക്കാരിനും മോഡി സര്‍ക്കാരിനും അത് വഴി ക്രോണി മുതലാളിത്തത്തിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതൊഴിവാക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശശി തരൂരിനെ പോലെ ഒരാള്‍ വരുന്നതാണ്. അതിനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികളില്‍ നയപരമായ വ്യത്യാസം ഇല്ലെങ്കില്‍ പിന്നെ ഭരണ മാറ്റം എന്തിനു എന്ന് തന്നെ ജനങ്ങള്‍ ചിന്തിക്കില്ല?

പിണറായിയും മോദിയും നല്ലവര്‍ എന്ന് പറയുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കുന്നതിനേക്കാള്‍ മെച്ചം പിണറായി തന്നെ തുടരുന്നതല്ലേ എന്നും ജനങ്ങള്‍ ചിന്തിച്ചേക്കാം. ചുരുക്കത്തില്‍ വിഴിഞ്ഞം തുടങ്ങിയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ശശി തരൂര്‍ വിവാദം ഉയരുന്നതിന്റെ രാഷ്ട്രീയം തുറന്നു കാട്ടപ്പെടണം.

(കടപ്പാട് – ജനശക്തി)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply