എന്‍ഡോസള്‍ഫാന്‍: രണ്ടര മാസത്തിനിടെ വിട ചൊല്ലിയത് അഞ്ചു കുരുന്നുകള്‍

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഒരു ഇര കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയതോടെ രണ്ടര മാസത്തിനിടെ വിട ചൊല്ലിയത് അഞ്ചു പിഞ്ചോമനകള്‍.

പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ രതീഷിന്റെയും റീനയുടെയും ഏക മകള്‍ സൗപര്‍ണികയാണ് കഴിഞ്ഞദിവസം മരിച്ചത്. വര്‍ഷങ്ങളായി ജില്ലയിലെ ആശുപത്രികളിലും പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11നായിരുന്നു മരണം.

പിറന്നപ്പോള്‍ അനാരോഗ്യമുണ്ടായിരുന്നെങ്കിലും ചികിത്സിക്കാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. അസുഖത്തെ തുടര്‍ന്ന് അച്ഛന്‍ രതീഷ് മരിച്ചതോടെ ചികിത്സ മുടങ്ങി. വിദഗ്ധ ചികിത്സ നല്‍കാന്‍ സാധിക്കാത്തതിനാല്‍ വളരുന്നതിനനുസരിച്ച് രോഗനിലയും കൂടി. 2020ലെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ധനസഹായം കിട്ടിയിരുന്നില്ല. കോടതി ഇടപെടലില്‍ നഷ്ടപരിഹാരത്തുക കിട്ടുന്നതിന് മുമ്പേ പത്തുവയസ്സുകാരിയും യാത്രയായി.

ഒരാഴ്ച മുമ്പാണ് തൃക്കരിപ്പൂരിലെ 17കാരനായ അഭിനവ് കൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയത്. മൂന്നു മാസത്തിനിടെ അഞ്ചു കുട്ടികളാണ് മരിച്ചത്. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍- ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിത (ഒന്നര), മാണിക്കോത്തെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മായില്‍ (11), കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുക്കുഴി പാല്‍ക്കുളത്തെ കുഞ്ഞാറ്റ എന്നിവരാണ് മരിച്ച മറ്റു കുട്ടികള്‍. ഇതിനിടെ മുതിര്‍ന്നവരും നിരവധി പേര്‍ മരിച്ചിട്ടുണ്ട്.

ചികിത്സയും സഹായവും ഇനിയുമകലെ

എന്‍ഡോസള്‍ഫാന്‍ സെല്‍ അടുത്തിടെ പുനഃസംഘടിച്ചെങ്കിലും ജില്ലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തേ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ സൗജന്യ ചികിത്സപോലും നല്‍കുന്നില്ലെന്നാണ് പരാതി. സുപ്രീംകോടതി ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം ധനസഹായമായി നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പ്രതീക്ഷക്കിടയിലും ആശങ്കയുടെ നടുവിലാണ് ദുരിതബാധിതര്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേതടക്കം നിലക്കാത്ത മുറവിളികള്‍ക്കൊടുവില്‍ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗത്തില്‍ ന്യൂറോളജിസ്റ്റുകളെ നിയമിച്ചെങ്കിലും സ്‌കാനിങ് ഉള്‍പ്പെടെ ചികിത്സ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇവിടെയില്ല.

അമേയയുടെ വഴിയേ…

അമ്പലത്തറ മുക്കുഴിയിലെ ദലിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ ഏക മകളായിരുന്നു അമേയ. ആറുമാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ കുറച്ച് മനുഷ്യസ്‌നേഹികളുടെ സഹായത്തോടെയെത്തിച്ച് ചികിത്സിച്ചിരുന്നു.

ഡിസംബര്‍ 15ന് ശ്രീചിത്രയില്‍ കാണിച്ചപ്പോള്‍ തല ചെറിയരീതിയില്‍ വളരുന്നുണ്ടെന്നും തെറപ്പി നിര്‍ബന്ധമായും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കി. പൈസ കടം വാങ്ങിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടും സഹിച്ചാണ് മകളെ ചികിത്സിച്ചത്.

പൊരുതിപ്പൊരുതി, ഒടുവില്‍…

ഇസ്മായില്‍ മരണം വരെ പ്രതിസന്ധികളോടും രോഗത്തോടും പൊരുതിയ ഒരു വിദ്യാര്‍ഥിയും കൂടിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരിക്കെ രണ്ടര വര്‍ഷം മുമ്പാണ് വൃക്കരോഗബാധിതനായത്. കാഴ്ചക്കുറവുള്ള ഇസ്മായിലിന് ബാലന്‍സ് തെറ്റുന്ന രീതിയിലായിരുന്നു നടക്കാന്‍ കഴിഞ്ഞിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. റോട്ടറി സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഇടക്കിടെ ഞരമ്പ് മുറുകുന്ന വേദനയിലും വൃക്ക സംബന്ധമായ അസുഖം കൊണ്ടും വല്ലാതെ പ്രയാസപ്പെട്ട് പൊട്ടിക്കരയുന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ടായതായി മാതാപിതാക്കള്‍ ഓര്‍ത്തെടുക്കുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഇടക്കുവെച്ച് നിന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ ഡെപ്യൂട്ടി കലക്ടറെ കണ്ട് ദിവസേന ആവശ്യങ്ങളുന്നയിച്ചപ്പോഴാണ് സൗജന്യ ചികിത്സ വീണ്ടും ലഭിച്ചത്. ഒരു മാസത്തിനിടെ മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മൂന്ന് പിഞ്ചോമനകളുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവര്‍ക്ക് ഭരണകൂടത്തി!!െന്റ കൈത്താങ്ങ് വളരെ അത്യാവശ്യമാണ്.

വേദന സഹിച്ച് ഹര്‍ഷിത

ഒരുപാട് വേദന സഹിച്ചാണ് ഹര്‍ഷിതയും പോയത്. പിറന്നുവീണതുമുതല്‍ മാതാപിതാക്കള്‍ ചികിത്സക്കായി ആശുപത്രിയില്‍ തന്നെയായിരുന്നു. ഇതിനിടയില്‍ തലയും മെല്ലമെല്ലെ വളരാന്‍ തുടങ്ങി. അതോടൊപ്പം കൈകാലുകള്‍ ശോഷിക്കാനും തുടങ്ങി. അമേയയാണെങ്കിലും ഹര്‍ഷിതയാണെങ്കിലും ഞരമ്പ് നുറുങ്ങുന്ന വേദനക്കിടയിലും ഒരുപാട് ആഗ്രഹങ്ങളായിരുന്നുവെന്നും തലയില്‍ രക്തം കെട്ടിയും തല വളര്‍ന്നും കൈകാലുകള്‍ ശോഷിച്ചും മരിക്കേണ്ടവരായിരുന്നില്ല ഈ പൂമ്പാറ്റകളെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ മുനീസ അമ്പലത്തറ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply