ഇലക്ട്രിസിറ്റി ആക്ട് (അമെന്റ്‌മെന്‍ഡ്) ബില്ലും (2020) കര്‍ഷകസമരവും

കര്‍ഷകര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡികളും മറ്റ് സൗജന്യങ്ങളും ഇല്ലാതാക്കുക എന്നത് പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ച കാലത്തു തന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടികളാണ്. പുതിയ വൈദ്യുതി നിയമ ഭേദഗതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് കര്‍ഷകര്‍ക്ക് മേല്‍ വലിയ ഭാരം ഏല്‍പ്പിക്കുമെന്നത് സംശയ രഹിതമായ കാര്യമാണ്. പുതിയ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ വൈദ്യുത പ്രതിമാസ വൈദ്യുത താരിഫ് 5000-6000 വരെ അഡ്വാന്‍സ് തുകയായി കര്‍ഷകര്‍ വൈദ്യുത വിതരണ കമ്പനികള്‍ക്ക് നല്‍കേണ്ടി വരും. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. അഡ്വാന്‍സ് തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാനുള്ള അധികാരം വിതരണ കമ്പനികള്‍ക്കാണ്. ഇത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നത് സുനിശ്ചിതമാണ്.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് കേന്ദ്ര വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പിന്‍വലിക്കുക എന്നതുകൂടിയാണ്. കാര്‍ഷിക മേഖലയെ അടിമുടി തകര്‍ക്കുന്ന മുന്ന് സുപ്രധാന നിയമ ഭേദഗതികളോടൊപ്പം തന്നെ ഏതാണ്ട് അതേ കാലയളവില്‍ തന്നെ വൈദ്യുതി മേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കുന്ന നിയമഭേദഗതി ബില്ലും (കരട്) കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് കെട്ടിപ്പൊക്കിയ എല്ലാ സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യങ്ങളും വിവിധങ്ങളായ നിയമ നിര്‍മ്മാണങ്ങളിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നയസമീപനമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കര്‍ സ്വീകരിച്ചിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. അത്തരം നിയമ നിര്‍മ്മാണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് കേന്ദ്ര വൈദ്യുതി നിയമ (ഭേദഗതി) ബില്‍ 2020. ഈ നിയമ ഭേദഗതികള്‍ എന്തൊക്കെയാണ്? എങ്ങിനെയാണ് അത് കര്‍ഷകരടക്കമുള്ള സാധാരണക്കാരായ ജനങ്ങളെ ബാധിക്കാന്‍ പോകുന്നത്? രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഈ നിയമം എങ്ങിനെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയവയാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

വൈദ്യുതി നിയമ ഭേദഗതി 2020 പ്രത്യാഘാതങ്ങളെന്തൊക്കെ?

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിയമ ഭേദഗതികളുടെ പ്രത്യാഘാതങ്ങള്‍ ലളിതമായി വിശദീകരിച്ചാല്‍ ഇവയായിരിക്കും. 1. സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കും; 2. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കും; 3. പൊതു ഉടമസ്ഥതയിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കും; 4. വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം അനുവദിക്കും; 5. കാര്‍ഷിക മേഖലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ വൈദ്യുതി വിതരണം ഇല്ലാതാക്കും; 6. യുക്തിരഹിതമായ താരിഫ് പരിഷ്‌കരണം ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കും; 7. പുതുതായി രൂപീകരിക്കപ്പെടുന്ന ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോര്‍സ്‌മെന്റ് അതോറിറ്റി വൈദ്യുതി മേഖലയിലെ കേന്ദ്രീകൃത അധികാര ശക്തിയായി മാറും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വൈദ്യുത മേഖലയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്ത് കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കിയത് 2003ല്‍ അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തന്നെയായിരുന്നു. ഉത്പാദന മേഖലയിലടക്കം സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ നയ സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണ് പുതുതായി അവതരിപ്പിച്ച കരട് ബില്ലിലും കാണാന്‍ കഴിയുക. അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് കൂടുതല്‍ അധികാരം കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളും ഇതോടൊപ്പം കാണാന്‍ കഴിയും.

ഇലക്ട്രിസിറ്റി ആക്ട് 2003

നിലവിലെ വൈദ്യുതി നിയമം രൂപപ്പെടുത്തിയത് 2003ലാണ്. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 1910, ദ ഇലക്ട്രിസിറ്റി സപ്ലൈ ആക്ട് 1948, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആക്ട് 1998 എന്നീ നിയമങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാണ് ഇലക്ട്രിസിറ്റി ആക്ട് 2003 തയ്യാറാക്കിയിട്ടുള്ളത്. വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണമടക്കമുള്ള നിരവധി കര്‍ശന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 2003ലെ നിയമ നിര്‍മ്മാണം നടത്തിയത്. രാജ്യം സ്വീകരിച്ച സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുരൂപമാകുന്ന വിധത്തിലായിരുന്നു ഈ നിയമ നിര്‍മ്മാണം. 1998വരെയുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ഉത്തരവാദിത്തം വലിയൊരളവില്‍ കേന്ദ്ര സര്‍ക്കാരിന്റേതും സംസ്ഥാന സര്‍ക്കാരുകളുടേതും ആയിരുന്നു. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ ഇക്കാര്യം ഒരുപരിധിവരെ ഭംഗിയായി നിര്‍വ്വഹിച്ചിരുന്നതുമായിരുന്നു. 1998ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ രൂപീകരണത്തോടൊപ്പം സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയും ഉത്പാദന-വിതരണ-പ്രസരണ മേഖലകളിലേക്ക് സ്വകാര്യ കമ്പനികളെ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ബോര്‍ഡുകള്‍ പിരിച്ചുവിടാതിരിക്കുകയും സ്വകാര്യ കമ്പനികളെ വൈദ്യുത വിതരണ മേഖലയിലേക്ക് കടന്നുകയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.

2003ലെ നിയമ നിര്‍മ്മാണത്തിന് ശേഷം വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ വന്‍തോതിലുള്ള കടന്നുകയറ്റം ഉണ്ടായതായി കാണാവുന്നതാണ്. വൈദ്യുത ഉത്പാദന മേഖല കാര്യക്ഷമമാക്കുന്നതിനും മത്സരം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നാണ് അധികൃതര്‍ അന്ന് അവകാശപ്പെട്ടിരുന്നത്. ഈ നിയമത്തിന്‍ കീഴില്‍ ഒരു സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും റെഗുലേറ്ററി കമ്മീഷനും ഒരു അപ്പല്ലറ്റ് ട്രിബ്യൂണലും രൂപീകരിക്കുകയുണ്ടായി. വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ നേരിട്ടുള്ള സ്വകാര്യ നിക്ഷേപം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, വിപണി വികസനം എന്നിവ സാധ്യമാക്കുവാന്‍ ഈ നിയമ നിര്‍മ്മാണം സഹായിച്ചുവെന്നും അധികാരികള്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും മേഖലയുടെ വാണിജ്യവല്‍ക്കരണത്തിന് തടസ്സം നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിക്കൊണ്ടാണ് പുതിയ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വൈദ്യുതി നിയമ (ഭേദഗതി) ബില്‍ 2020

നിലവിലുള്ള വൈദ്യുതി നിയമം 2003 (ഇലക്ട്രിസിറ്റി ആക്ട് 2003)ല്‍ 36 ഓളം കര്‍ശന ഭേദഗതികളും പുതുതായി ഒരു അദ്ധ്യായവും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് വൈദ്യുതി നിയമ (ഭേദഗതി) ബില്ലിന്റെ കരട് രേഖ 2020 ഏപ്രില്‍ 17ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുന്നതിനായി 21 ദിവസമാണ് സര്‍ക്കാര്‍ അനുവദിച്ചത്. രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതിക്ക് മുതിര്‍ന്നത് എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ഇതേ കാലയളവില്‍ പരിസ്ഥിതി ആഘാത നിര്‍ണ്ണയം നിയമം, കാര്‍ഷിക നിയമ ഭേദഗതികള്‍, തൊഴില്‍ നിയമ ഭേദഗതികള്‍ എന്നിവയും നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയതും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തെ 30ലധികം കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിനായി അനുവദിച്ചു കൊടുത്തുതും ഇതേ ലോക്ഡൗണ്‍ കാലയളവിലായിരുന്നുവെന്നും ഓര്‍ക്കുക. വൈദ്യുതി നിയമ ഭേദഗതികളിന്മേല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം വളരെ കുറഞ്ഞതാണെന്ന് ആ മേഖലയിലെ വിദഗ്ദ്ധര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ തീയ്യതി പിന്നീട് ജൂണ്‍ 21 ആയി മാറ്റുകയുണ്ടായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ നിയമ നിര്‍മ്മാണത്തിന്റെ അടിസ്ഥാന ലക്ഷ്യം വളരെ കൃത്യമാണ്. ഒന്നാമത്തേത്, സ്വകാര്യവല്‍ക്കരണം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുക; രണ്ടാമത്തേത്, ജനങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സബ്‌സിഡികളും സൗജന്യങ്ങളും എടുത്തുകളയുക. കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്ത് അവതരിപ്പിച്ച എല്ലാ നിയമ ഭേദഗതികളിലുമെന്ന പോലെ രാജ്യത്തിന്റെ ഫെഡറല്‍ അധികാര ഘടനയെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാര മേഖലകളിലേക്ക് കടന്നുകയറുന്ന സമീപനം തന്നെയാണ് വൈദ്യുതി നിയമ ഭേദഗതി ബില്ലിലും സ്വീകരിച്ചിട്ടുള്ളത്.

ഇഎസിഇഎ: പുതിയ അധികാര കേന്ദ്രം

2003ലെ ഇലക്ട്രിസിറ്റി നിയമം സെക്ഷന്‍ 2 ഭേദഗതി ചെയ്തുകൊണ്ട് വൈദ്യുത കരാര്‍ നിര്‍വ്വഹണ അതോറിറ്റി (ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോര്‍സ്‌മെന്റ് അതോറിറ്റി-ഇസിഇഎ) രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരിഫ് നിശ്ചയിക്കല്‍, ലൈസന്‍സ് നല്‍കല്‍, തര്‍ക്ക പരിഹാരത്തിനുള്ള പരിമിത അധികാരം എന്നിവ നിലനിര്‍ത്തിക്കൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇസിഇഎ രൂപീകരിക്കുവാനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഒരു അപ്പല്ലറ്റ് ട്രിബ്യൂണല്‍ രൂപീകരിക്കുവാനുള്ള നിര്‍ദ്ദേശവും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരാര്‍ നിര്‍വ്വഹണത്തിനുള്ള മതിയായ നിയമ പരിരക്ഷണം ഉറപ്പുനല്‍കുന്ന സംവിധാനങ്ങള്‍ രാജ്യത്ത് നിലനില്‍ക്കെയാണ് പുതിയൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കരാറിലേര്‍പ്പെടുന്ന കമ്പനികളുമായി കൂടിയാലോചനകള്‍ നടത്താനുള്ള സ്വാതന്ത്ര്യത്തെ പുതുതായി രൂപീകരിക്കപ്പെടുന്ന അതോറിറ്റി ഇല്ലാതാക്കും എന്നതില്‍ തര്‍ക്കമില്ല. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. സ്വകാര്യ വൈദ്യുതി ഉത്പാദകരില്‍ നിന്നും വൈദ്യുതി വിലകൊടുത്തു വാങ്ങുമ്പോള്‍ യൂണിറ്റ് വിലയ്ക്ക് മേല്‍ വിലപേശല്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഇവിടെ നഷ്ടമാക്കപ്പെടും. ഉപഭോക്താക്കളുടെ നേട്ടത്തേക്കാള്‍ ഉത്പാദകരുടെ ലാഭത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍.

സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നിവയെ തിരഞ്ഞെടുക്കാനുള്ള അധികാരം പുതുതായി രൂപീകരിക്കപ്പെടുന്ന ഇസിഇഎയ്ക്ക് ആയിരിക്കും എന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ അതോറിറ്റിയുടെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുന്നു. ഇസിഇഎ, അപ്പല്ലറ്റ് ട്രിബ്യൂണല്‍, സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ എന്നിവയുടെയെല്ലാം അംഗങ്ങളെയും ചെയര്‍പേഴ്‌സുണുകളെയും നിയമിക്കാന്‍ ഒരൊറ്റ കേന്ദ്രീകൃത സംവിധാനത്തിന് അധികാരം നല്‍കുന്നത് പലവിധ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കും എന്ന് മാത്രമല്ല, അഴിമതിയും സ്വജനപക്ഷപാതവും നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളെ അത് അട്ടിമറിക്കുകയും ചെയ്യും. നിലവിലെ ബ്യൂറോക്രസിയുടെ അധികാര ശ്രേണിയില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റഗുലേറ്ററി കമ്മീഷനുകള്‍ കേവലം നോക്കുകുത്തികളാകും എന്നതിലും സംശയമില്ല.

താരിഫ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകളെ നിര്‍ബന്ധിതമാക്കുന്ന ഒരു വ്യവസ്ഥ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അനുസരിച്ച്, താരിഫ് പെറ്റീഷനുകളില്‍ 60 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ ആ പെറ്റീഷന്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടും. പെറ്റീഷനുകളുടെ മെറിറ്റിനെ പരിഗണിക്കാതെയുള്ള സമയ പരിധി നിശ്ചയിക്കല്‍ സംസ്ഥാന റഗുലേറ്ററി സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്നു മാത്രല്ല പൊതു കൂടിയാലോചനകള്‍, സങ്കീര്‍ണ്ണമായ രേഖകള്‍ പരിശോധിക്കല്‍ എന്നിവയ്ക്കുള്ള സാധ്യതകളെക്കൂടി ഇല്ലാതാക്കും. ഈ നിയമ ഭേദഗതികളെല്ലാം തന്നെ സ്വകാര്യ വൈദ്യുതി ഉത്പാദന-പ്രസരണ-വിതരണ കമ്പനികളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നത് വ്യക്തം.

വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നതാണ് പുതിയ പരിഷ്‌കരണങ്ങള്‍. വിതരണ കമ്പനികള്‍ (ഡിസ്ട്രിബ്യൂഷന്‍ കമ്പനീസ്-ഡിസ്‌കോം) മുന്‍കൂര്‍ പണം അടച്ചില്ലായെങ്കില്‍ സംസ്ഥാനങ്ങളുടെ വൈദ്യുതി വിതരണം നിര്‍ത്തിവെക്കാന്‍ റീജ്യണല്‍ ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ക്ക് (ഞഘഉഇ) നിര്‍ദ്ദേശം നല്‍കാന്‍ ദേശീയ ഘഉഇക്ക് അധികാരം ഉണ്ടായിരിക്കും. ഈയൊരു പരിഷ്‌കരണത്തിന്റെ പ്രധാന ഉദ്ദേശം സ്വകാര്യ റിന്യൂവബ്ള്‍ എനര്‍ജി ഉത്പാദകരെ (രാജ്യത്ത് റിന്യൂവ്ബ്ള്‍ എനര്‍ജി രംഗത്ത് വന്‍കിട സ്വകാര്യ കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നത്) സഹായിക്കുക എന്നതാണ്. വൈദ്യുതി ഉത്പാദനത്തില്‍ പുതുതായി കൊണ്ടുവന്ന പല പരിഷ്‌കരണങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് താരിഫ് നിശ്ചയിക്കാന്‍ സഹായിക്കുന്നവയും അവയില്‍ നിന്ന് മാത്രം വൈദ്യുതി വാങ്ങാന്‍ വിതരണ കമ്പനികളെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ളവയുമാണ്. ഇത് വൈദ്യുത വിതരണ കമ്പനികളെ കൂടുതല്‍ സാമ്പത്തിക തകര്‍ച്ചകളിലേക്ക് നയിക്കും എന്നതുറപ്പാണ്.

പവര്‍ പര്‍ച്ചേസിംഗ് കരാറുമായി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ താപനിലയങ്ങളുടെ നിഷ്‌ക്രിയ ചാര്‍ജ്ജുകള്‍ കൂടി ഉള്‍പ്പെടുത്തുകയും, റിന്യൂവബ്ള്‍ എനര്‍ജി നിര്‍ബ്ബന്ധമായും വാങ്ങണമെന്ന നിബന്ധന വെക്കുകയും കര്‍ശനമായ പിഴകളോടെ അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു കേന്ദ്രീകൃത ഏജന്‍സിയെ അതിന് മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ത്തന്നെ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബാദ്ധ്യതകള്‍ സൃഷ്ടിക്കുന്നതായിരിക്കും.

സ്വകാര്യവല്‍ക്കരണം

വൈദ്യുതി ഉത്പാദന-പ്രസരണ-വിതരണ മേഖലകളെ വേര്‍തിരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ഈ മേഖലയില്‍ കടന്നുകയറാനുള്ള സംവിധാനങ്ങളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വിതരണത്തിന് ഡിസ്‌കോമുകളെയും, പ്രസരണത്തിന് ട്രാന്‍സ്‌കോമുകളെയും ഏല്‍പ്പിച്ചുകൊടുക്കാനുള്ള ധൃതിപിടിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഈ മേഖലയില്‍ വര്‍ഷങ്ങളായി സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുടെ അവസ്ഥകളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് കാണാവുന്നതാണ്. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കപ്പെട്ട ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം എത്രമാത്രം അലങ്കോലമായി കിടക്കുന്നുവെന്നത് സംബന്ധിച്ച നിരവധി പഠനങ്ങള്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഉണ്ടാക്കിയ പവര്‍ പര്‍ച്ചേസിംഗ് എഗ്രിമെന്റ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നിഷ്‌ക്രിയ ചാര്‍ജ്ജുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയും ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് പ്രസരണ-വിതരണ മേഖലകളെ കൂടി പൂര്‍ണ്ണമായും സ്വകാര്യ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുവാനുള്ള നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

എന്തുകൊണ്ട് കര്‍ഷകര്‍ ബില്ലിനെ എതിര്‍ക്കുന്നു?

കര്‍ഷകര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡികളും മറ്റ് സൗജന്യങ്ങളും ഇല്ലാതാക്കുക എന്നത് പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ച കാലത്തു തന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടികളാണ്. പുതിയ വൈദ്യുതി നിയമ ഭേദഗതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് കര്‍ഷകര്‍ക്ക് മേല്‍ വലിയ ഭാരം ഏല്‍പ്പിക്കുമെന്നത് സംശയ രഹിതമായ കാര്യമാണ്. പുതിയ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ വൈദ്യുത പ്രതിമാസ വൈദ്യുത താരിഫ് 5000-6000 വരെ അഡ്വാന്‍സ് തുകയായി കര്‍ഷകര്‍ വൈദ്യുത വിതരണ കമ്പനികള്‍ക്ക് നല്‍കേണ്ടി വരും. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. അഡ്വാന്‍സ് തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാനുള്ള അധികാരം വിതരണ കമ്പനികള്‍ക്കാണ്. ഇത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നത് സുനിശ്ചിതമാണ്. അതുപോലെ തന്നെ വൈദ്യുതി സബ്‌സിഡികള്‍ എടുത്തുകളയുന്നതോടെ പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 8 മുതല്‍ പത്ത് രൂപ വരെ നല്‍കേണ്ടുന്ന അവസ്ഥയും ഉണ്ടാകും. വൈദ്യുതി ഉപഭോഗത്തിന്മേലുള്ള ക്രോസ് സബ്‌സിഡി എടുത്തുകളയുവാനുള്ള തീരുമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടിത്തോളം ഇടിത്തീയായി മാറും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയും സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയെ മറയാക്കിക്കൊണ്ട് എല്ലാ ജനവിരുദ്ധ നയങ്ങളും സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

(കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് (ഭേദഗതി) ബില്ലിനെ സംബന്ധിച്ച് കൂടുതല്‍ വിശദമായ വിശകലനം ട്രാന്‍സിഷന്‍ സ്റ്റഡീസ് അടുത്തുതന്നെ പുറത്തിറക്കുന്നു. സൗജന്യ പിഡിഎഫ് ആവശ്യമുള്ളവര്‍ താഴെക്കാണുന്ന ഇ-മെയിലിലേക്ക് സന്ദേശം അയക്കാവുന്നതാണ്. k.sahadevan@gmail.com)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply