അതെ സര്‍, നമ്മുടെ നാട്ടില്‍ തന്നെയാണ് ഇതുണ്ടാകുന്നത്

ഇതിന്റെ മറ്റൊരു വശമാണ് കേരളത്തില്‍ വര്‍ദ്ധിക്കുന്നു എന്നു പറയപ്പെടുന്ന വിവാഹ മോചനങ്ങള്‍. വിവാഹമോചനത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും വരുമാനമാര്‍ഗ്ഗമുള്ള സ്ത്രീകളാണ് എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കുടുംബമാഹാത്മ്യത്തിന്റെ പേരില്‍ അടിമത്തം അനുഭവിക്കാന്‍ അവര്‍ തയ്യാറല്ല. ജോലിയുള്ളതിനാല്‍ അവര്‍ക്കത് സാധ്യമാകുന്നു. അത്തരം വിവാഹമോചനങ്ങളെ പുരോഗമനകരമായാണ് കാണേണ്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണത്.

”നമ്മുടെ നാട്ടിലാണിതുണ്ടാകുന്നത്….. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നമ്മുടെ രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് നാം ആര്‍ജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്കു തന്നെ യോജിക്കാത്തതാണ്. തികച്ചും ഖേദകരമായ കാര്യമാണ്. നമ്മുടെ നാടിന് ചേരാത്ത ഒന്നാണ്.”- വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളാണിത്. ഒന്നാമതായി, നമ്മുടേതല്ല, ഒരു നാടിനും ചേരാത്ത ഒന്നാണിത്. കേരളത്തിലാകട്ട കാലം കഴിയുന്തോറും സ്ത്രീധനസമ്പ്രദായവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളും കൂടുന്നതല്ലാതെ കുറയുകയാണോ? ഒരു കാലത്ത് ചില സമുദായങ്ങളിലാണ് ഈ സമ്പ്രദായം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ സമുദായത്തിലും സ്ത്രീധനം അതിരൂക്ഷമല്ലേ? എന്നിട്ടും നമ്മുടെ നാട്ടിലാണിതുണ്ടാകുന്നത് എന്നതില്‍ താങ്കളെന്താണ് അത്ഭുതം കൊള്ളുന്നത്..?

കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ രണ്ടുയുവതികളാണ് കൊല്ലത്തും തിരുവനന്തപുരത്തുമായി ഭര്‍തൃഗൃഹങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടത്. സാങ്കേതികമായി രണ്ടും ആത്മഹത്യകളാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ രണ്ടും ഫലത്തില്‍ കൊലപാതകങ്ങള്‍ തന്നെ. രണ്ടിനും കാരണമായത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് വ്യക്തം. അതേസമയം വിസ്മയയുടേയും കിരണിന്റേയും അറേഞ്ച്ഡ് മാരേജായിരുന്നെങ്കില്‍ അര്‍ച്ചന – സുരേഷിന്റേ്ത് വീട്ടുകാരുടെ സമ്മതമില്ലാത്ത പ്രണയവിവാഹമായിരുന്നു. പക്ഷെ രണ്ടിന്റേയും അവസാനം ഒന്നുതന്നെ.

സാക്ഷരരും പ്രബുദ്ധരുമെന്നഹങ്കരിക്കുന്ന മലയാളി എന്തുമാത്രം കാപട്യം ഉള്ളിലൊളിപ്പിച്ചവരാണെന്നാണ് ഈ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നത്. നിയമം മൂലം നിരോധിച്ച ഒന്നാണ് സ്ത്രീധനം എന്നറിയാത്തവരല്ല ആരും. എന്നാല്‍ പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷമായി സ്ത്രീധനം കൊടുക്കാത്ത എത്ര വിവാഹങ്ങള്‍ നടക്കുന്നുണ്ട്? ചിലര്‍ കൃത്യമായ കണക്കു പറയും, മറ്റു ചിലര്‍ അതു പറയില്ല, മറിച്ച് നിങ്ങളുടെ മകള്‍ക്ക് എന്താണെന്നു വെച്ചാല്‍ ചെയ്യൂ, ഞങ്ങളുടെ മകള്‍ക്ക് മാന്യമായി തന്നെ കൊടുത്തേ ഇറക്കിവിടൂ… തുടങ്ങിയ ഡയലോഗുകളാണ് കേള്‍ക്കുക. വലിയ വായില്‍ വിപ്ലവം പറയുന്നവരില്‍ ഭൂരിഭാഗവും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല എന്നതില്‍ നിന്ന് നമ്മുടെ കാപട്യത്തിന്റെ മുഖ്യം കൂടുതല്‍ വ്യക്തമാകുന്നു. വിസ്മയക്ക് സ്ത്രീധനമായി 100 പവനും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷത്തിന്റെ കാറും നല്‍കിയ പിതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണല്ലോ. മറുവശത്ത് പ്രണയത്തെ ഉദാത്തവല്‍ക്കരിക്കുന്നവരും പ്രണയവിവാഹം നടത്തുന്നവര്‍ പോലും വ്യത്യസ്ഥരല്ല എന്ന് അര്‍ച്ചനയുടെ ദുരന്തവും വ്യക്തമാക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടുംബമൂല്യങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് കേരളീയ സമൂഹം എന്നാണല്ലോ വെപ്പ്. എന്നാല്‍ അതിഭീകരമായ പീഡനങ്ങളാണ് കുടംബങ്ങളുടെ അകത്തളങ്ങളില്‍ അരങ്ങേറുന്നത്. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ വലിയൊരു ഭാഗവും നടക്കുന്നത് വീടുകള്‍ക്കകത്താണെന്ന കണക്കുകള്‍ പലവട്ടം പുറത്തുവന്നതാണല്ലോ. എന്നാല്‍ കുടുംബത്തിന്റെ പവിത്രതയുടെ പേരില്‍ മിക്കവാറും മൂടിവെക്കപ്പെടുന്നു. വളരെ ചെറിയ ശതമാനം മാത്രം പുറത്തുവരുന്നു. ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും അങ്ങനെതന്നെ. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 66 സ്ത്രീകള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യനാലുമാസത്തെ കണക്കനുസരിച്ച് രജിസ്ട്രര്‍ ചെയ്ത ഗാര്‍ഹിക പീഡനകേസുകള്‍ ആയിരത്തില്‍ പരമാണ്. ഇക്കാര്യത്തിലും ചെറിയൊരു ഭാഗം മാത്രമേ പുറത്തുവരാറുള്ളു. കുടുംബമാഹാത്മ്യത്തിന്റെ പേരില്‍ ബാക്കിയെല്ലാം മറച്ചുവെക്കപ്പെടും. സ്വന്തം വീട്ടില്‍ തിരിച്ചുവന്നു നില്‍ക്കുന്നതുപോലും അപമാനമായി കരുതപ്പെടുമ്പോള്‍ ഭര്‍തൃഗൃഹത്തില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് കണക്കില്ല. ഈ രണ്ടുസംഭവങ്ങളിലും പ്രധാന പ്രതി കുടുംബമാഹാത്മ്യം തന്നെയാണ്. അതിനു കാരണം പ്രബുദ്ധരെന്നഹങ്കരിക്കുന്ന മലയാളി പൊതുസമൂഹവും.

ഏറ്റവും പ്രധാനപ്പെട്ടതും മാറേണ്ടതുമായ ഒന്ന് പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതാണ്. വിസ്മയ തന്നെ ആയുര്‍വേദ പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. പഠനം പൂര്‍ത്തിയായി ജോലിയോ സ്വന്തമായോ പ്രാക്ടീസോ ആയ ശേഷം മാത്രം ആലോചിക്കേണ്ട ഒന്നു മാത്രമാണ് വിവാഹം. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് മറിച്ചാണ്. വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനനുവദിക്കാതെയാണ് പെണ്‍കുട്ടികളെ ”കെട്ടിച്ചയക്കുക”. സ്വന്തമായി അഞ്ചുപൈസപോലും കൈകാര്യം ചെയ്യാനാവാതെ എരിഞ്ഞടുങ്ങുകയാണ് അവരുടെ ജീവിതമെന്നു മാതാപിതാക്കള്‍ പോലും അറിയുന്നില്ല. സ്വന്തം വീട്ടിലേക്കും തിരിച്ചുപോകാനാവാത്ത അവസ്ഥ. അഥവാ തിരിച്ചുപോയാല്‍ നാട്ടുകാരും വീട്ടുകാരും ഉപദേശിച്ച് തിരിച്ചയക്കും. വിവാഹത്തിനു വന്ന ബാധ്യതമൂലം പല വീടുകളും ബുദ്ധിമുട്ടിലുമായിരിക്കും. ഈ സാഹചര്യത്തില്‍ ഈ വഴിയല്ലാതെ മറ്റെന്താണ് അവര്‍ക്ക് സ്വീകരിക്കാനാവുക?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതിന്റെ മറ്റൊരു വശമാണ് കേരളത്തില്‍ വര്‍ദ്ധിക്കുന്നു എന്നു പറയപ്പെടുന്ന വിവാഹ മോചനങ്ങള്‍. വിവാഹമോചനത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും വരുമാനമാര്‍ഗ്ഗമുള്ള സ്ത്രീകളാണ് എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കുടുംബമാഹാത്മ്യത്തിന്റെ പേരില്‍ അടിമത്തം അനുഭവിക്കാന്‍ അവര്‍ തയ്യാറല്ല. ജോലിയുള്ളതിനാല്‍ അവര്‍ക്കത് സാധ്യമാകുന്നു. അത്തരം വിവാഹമോചനങ്ങളെ പുരോഗമനകരമായാണ് കാണേണ്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണത്. (അത്തരം വീടുകളിലെ കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവകരമാണ് എന്നതു വേറെകാര്യം. അതിനു പരിഹാം കാണണം). മാത്രമല്ല, സ്വത്തിന്റെ തുല്ല്യവിഹിതം പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നു എന്നുറപ്പുവരുത്തണം. പലപ്പോഴും അതു ലഭിക്കുന്നില്ല. സ്ത്രീധനത്തോടെ എല്ലാ അവകാശങ്ങളും അവര്‍ക്ക് നഷ്ടപ്പെടുകയാണഅ.

ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നാട്ടിലാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. സ്ത്രീസാക്ഷരതയിലും നമ്മള്‍ എത്രയോ മുന്നിലാണ്. എന്നാലത് നമ്മുടെ സംസ്‌കാരത്തേയും സ്വാതന്ത്രബോധത്തേയും ഉത്തേജിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് ഉത്തേജിപ്പിക്കുന്നത് കാപട്യത്തെയാണ്. പുറത്ത് എന്തെല്ലാം പ്രസംഗിക്കുന്നുവോ, അതെല്ലാം പടിക്കുപുറത്തുവെച്ചാണ് നമ്മള്‍ പൊതുവില്‍ വീടുകളില്‍ എത്തുക. പ്രവര്‍ത്തിക്കുന്നത് മിക്കവാറും അതിനു കടകവിരുദ്ധവും. രാഷ്ട്രീയത്തെ ഒരിക്കലും പടിക്കകത്തേക്ക് നാം പ്രവേശിപ്പിക്കില്ല. പ്രസംഗിക്കുന്നതു മുഴുവന്‍ പ്രായോഗികമാക്കാന്‍ കഴിയും, കഴിയണം എന്നല്ല പറയുന്നത്. ഒരാള്‍ ആഗ്രഹിക്കുന്നതും പറയുന്നതും മുഴുവന്‍ പ്രായോഗികമാക്കാന്‍ പറ്റണമെന്നില്ല.. എന്നാല്‍ പറ്റാവുന്ന കാര്യങ്ങളിലും എക്സ്യൂസ് കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും… പുരോഗമനവാദികളായ വിസമയയുടെ പിതാവും സഹോദരനും തേങ്ങിയാണെങ്കിലും പറഞ്ഞത് ‘ഞങ്ങളും സ്ത്രീധനത്തിനെതിരാണ്.. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അതുചെയ്യേണ്ടിവന്നു എന്നാണ്. എങ്ങനെയാണത് ശരിയാകുക…? വിവാഹത്തിനു തിരക്കു പിടിക്കാതെ മകള്‍ ഡോക്ടറായി പ്രാക്ടീസ് തുടങ്ങട്ടെ എന്നായിരുന്നില്ലേ അവര്‍ ആലോചിക്കേണ്ടിയിരുന്നത്. സ്ത്രീധനം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകനായ അദ്ദേഹത്തിന് അറിയുന്നതല്ലേ? പ്രതി സര്‍ക്കാര്‍ ജീവനക്കാരനും….!! വിവാഹിതരാകാന്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വകുപ്പ് തലവന് സത്യവാങ്ങ് മൂലം നല്‍കണമെന്നും അതില്‍ അച്ഛനും ഭാര്യയും ഭാര്യയുടെ അച്ഛനും ഒപ്പിടണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പ്രഖ്യാപിച്ചിരുന്നതാണ് എന്നോര്‍ക്കുന്നത് നന്ന്.

സ്ത്രീധനത്തില്‍ മാത്രമല്ലല്ലോ നമ്മുടെ കാപട്യം നിലനില്‍ക്കുന്നത്. ജാതിയുടെ കാര്യത്തിലും അങ്ങനെയെല്ലേ? നമുക്ക് ജാതിയില്ല എന്നു അവകാശപ്പെടുന്നവരില്‍ എത്ര പേര്‍ സ്വജീവിതത്തില്‍ അതു പ്രായോഗികമാക്കിയിട്ടുണ്ട്? അതിനും പക്ഷെ അവര്‍ക്ക് ന്യായീകരണങ്ങളുണ്ടാകും. പ്രണയം പോലും ജാതിനോക്കിയാകുന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം വിവാഹബ്യൂറോകള്‍. വിസ്മയയുടെ വിവാഹവും നായര്‍ മാട്രിമണി വഴിയായിരുന്നു. പത്രങ്ങളാകെ ജാതി പ്രഖ്യാപിച്ചുള്ള വിവാഹപരസ്യങ്ങള്‍. എസ് സി. എസ് ടി ഒഴികെ എന്നു പരസ്യമായി ജാതി അവഹേളനം നടത്തിയിട്ടും പരസ്യം നല്‍കിയവര്‍ക്കെതിരേയോ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേയോ നടപടിയില്ല. ആഡംബരവിവാഹങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ലല്ലോ. എത്രയോ ലക്ഷങ്ങള്‍ ചിലവാക്കിയാണ് പല വിവാഹങ്ങളും നടക്കുന്നത്. അതാണ് മാന്യതയുടെ പ്രതീകം എന്ന ധാരണയാല്‍ പല കുടുംബങ്ങളും അതോടെ തകരുന്നതും കാണാം. സ്വര്‍ണ്ണാഭരണങ്ങളില്‍ മുക്കി മക്കളെ വിവാഹപന്തലുകളിലേക്കിറക്കുന്ന നേതാക്കളെ പോലും നാം കണ്ടിട്ടുണ്ടല്ലോ. ജാതിയും നിറവും കൊട്ടാരസദൃശമായ വീടും സ്വര്‍ണ്ണവും ആഡംബരവാഹനങ്ങളുമൊക്കെയാണ് വിവാഹത്തിന്റെ മാത്രമല്ല, സാമൂഹ്യജീവിതത്തിന്റെ തന്നെ മാന്യത എന്ന അവസ്ഥയിലേക്ക് കേരളം മാറികഴിഞ്ഞിരിക്കുന്നു. സ്ത്രീകളടക്കം അതെല്ലാം ആന്തരവല്‍ക്കരിച്ചിരിക്കുന്നു. അവക്കെല്ലാം എതിരാണെന്നു പറയുന്നവരില്‍ ഭൂരിഭാഗവും ചെയ്യുന്നത് മറ്റൊന്നല്ല എന്നതാണ് മലയാളികളുടെ കാപട്യത്തെ ഏറ്റവും രൂക്ഷമാക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന സംഭവങ്ങള്‍ അതിനു ഉദാഹരണങ്ങള്‍ മാത്രമാണ്, അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply