ദുരന്തത്തെ സര്‍വ്വനാശത്തിലെത്തിക്കുന്ന നയങ്ങളാണോ നമുക്കാവശ്യം?

കൊവിഡിനും പ്രളയത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമൊക്കെ പരിസ്ഥിതിനാശങ്ങള്‍ക്ക് പങ്കുണ്ടെന്നത് സംശയാതീതമായി തെളിഞ്ഞിട്ടും വികസനസങ്കല്‍പ്പങ്ങളെ പുനപരിശോധിക്കാന്‍ നാം തയ്യാറാവുന്നില്ല എന്നു മാത്രമല്ല, ഇത്തരം മഹാദുരന്തസാഹചര്യങ്ങള്‍ തങ്ങളുടെ നയങ്ങളും പദ്ധതികളും അടിച്ചേല്‍പ്പിക്കാനും ഉപയോഗിക്കുകയാണ്. പലരും ചൂണ്ടികാണിച്ചപോലെ ഈ കാലവും കടന്നു പോകും, കുറെ ദുരന്തങ്ങളോടെയാണെങ്കിലും. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെത്തിക്കുക ഒരിക്കലും അവസാനിക്കാത്ത ദുരന്തങ്ങളിലായിരിക്കും എന്ന് സര്‍വ്വനാശത്തിനുമുമ്പ് ഓര്‍ക്കുന്നത് നന്നായിരിക്കും.

ദുരന്തകാലങ്ങള്‍ ആഘോഷിക്കുന്ന ചില വിഭാഗങ്ങളെ ലോകം മുഴുവന്‍ കാണാം. അതിലേറ്റവും പ്രധാനം ഭരണകൂടങ്ങള്‍ തന്നെയാണ്. രാജഭരണകാലത്തും കൊളോണിയല്‍ ഭരണകാലത്തുമൊക്കെ അത് സ്വാഭാവികമായി പോലും ജനങ്ങള്‍ കരുതിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യ ഭരണകൂടങ്ങളും ആ പാത പിന്തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മഹാമാരിയുടെ പേരില്‍ ജനങ്ങളോട് അടങ്ങിരിക്കാന്‍ പറഞ്ഞ്, അതുറപ്പു വരുത്തി, പ്രതിഷധങ്ങള്‍ക്കുള്ള എല്ലാ സാധ്യതകളുമടച്ചാണ് പലപ്പോഴും ഇത്തരം നടപടികള്‍ പ്രഖ്യാപിക്കപ്പെടുന്നത്. ജനങ്ങളോട് തങ്ങള്‍ പറയുന്ന ആഹ്വാനത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ പല സര്‍ക്കാരുകളും തയ്യാറാകുന്നില്ല. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറുങ്കിലടച്ച സംഭവം തന്നെ ഉദാഹരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പോരാടിയവരടക്കം അതില്‍ പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങളിളെല്ലാം കണ്ണടച്ച് സര്‍ക്കാരുകള്‍ക്ക് കയ്യടിക്കുന്ന വിഭാഗങ്ങളെ എവിടേയും കാണാം. തങ്ങള്‍ പൗരന്മാരല്ല, പ്രജകളാണ് എന്നു വിശ്വസിക്കുന്നവരാണവര്‍.

കൊവിഡ് കാലത്ത് കേരളത്തിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡാറ്റാവിവാദമടക്കം പല ഏകപക്ഷീയതീരുമാനങ്ങള്‍ക്കുമെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടി എന്നായിരുന്നു സര്‍ക്കാര്‍ വാദം. അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അസാധാരണ സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് തെളിയുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന, ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുള്ള പല തീരുമാനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാനമായും അത് പാരിസ്ഥിതിക രംഗത്താണ് എന്നതും ശ്രദ്ധേയമാണ്. ശക്തമായ ജനകീയ എതിര്‍പ്പുണ്ടാകുമെന്നുറപ്പുള്ള പദ്ധതികളാണ് ഈയവസരം മുതലാക്കി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും.

ദശകങ്ങള്‍ നീണ്ട ജനകീയ സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ശേഷം ഉപേക്ഷിച്ചു എന്നു നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ച അതിരപ്പിള്ളി പദ്ധതിക്കായുള്ള നീക്കങ്ങള്‍ തന്നെ ഉദാഹരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ജനപ്രതിനിധി സഭക്ക് ഒരു വിലയും കൊടുക്കാതെ, മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിപോലും എതിര്‍ക്കുന്ന ഒരു പദ്ധതിക്കാണ് ഈ ദുരന്തകാലത്ത് യാതൊരു ന്യായീകരണവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനംമന്ത്രിപോലും പദ്ധതിക്കെതിരാണ് എന്നോര്‍ക്കണം. രണ്ടു പ്രളയാനുഭവങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു നീക്കമെന്നതും പറയാതെവയ്യ. 2018ലെ പ്രളയത്തെ രൂക്ഷമാക്കുന്നതില്‍ ഡാമുകള്‍ വഹിച്ച പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നിട്ടും ഇപ്പോള്‍ തന്നെ ആറു ഡാമുകളുള്ള ചാലക്കുടി പുഴയിലാണ് വീണ്ടും ഡാം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. പദ്ധതി സൃഷ്ടിക്കുന്ന വനനാശം, ജൈവവൈവിധ്യനാശം, കീഴ് പ്രദേശങ്ങളില്‍ പുഴയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷകണക്കിനുപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, കുടിയൊഴിക്കപ്പെടുന്ന ആദിവാസികള്‍, ആദിവാസികളുടെ വനാവകാശം, ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പതിനായിരങ്ങള്‍, പ്രളയ സാധ്യതകള്‍ എന്നിവയെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, ദശകങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. എന്നിട്ടുമിതാ വീണ്ടും അതേ പദ്ധതിക്കായി ഈ കൊറോണകാലത്തുതന്നെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നു. അതിനു കയ്യടിക്കാനുമുണ്ട് പ്രകൃതിയേക്കാള്‍ വികസനഭ്രാന്തിനും കക്ഷിരാഷ്ട്രീയത്തിനും കയ്യടിക്കുന്ന നിരവധിപേര്‍.

കൊവിഡ് കാലത്തെ മറ്റൊരു ഏകപക്ഷീയ പ്രഖ്യാപനമാണ് സില്‍വര്‍ ലൈന്‍ എന്ന പേരില്‍ തിരുവനന്തപുരം കാസര്‍ഗോഡ് വരെ നീളുന്ന അര്‍ദ്ധ അതിവേഗ തീവണ്ടിപാത. 531 കി മി വരുന്ന ഈ ഇരട്ടപ്പാതക്ക് 63941 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ രണ്ടുവരി റെയില്‍ പാത കൂടി ആവശ്യമുണ്ടെന്നത് ശരിതന്നെയാണ്. എന്നാലതു നിര്‍മ്മിക്കേണ്ടത് ഇപ്പോഴുള്ള റെയിലിനോട് സമാന്തരമായാണ്. കൊച്ചുവേളി മുതല്‍ തിരൂര്‍ വരെ പുതിയ പ്രദേശങ്ങളിലൂടേയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള ഇരട്ടിപ്പാതക്ക് സമാന്തരമായുമാണ് പുതിയ പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. അതിനായി 1300 ഹൈക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരും. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്ത് നാലുമണിക്കൂര്‍ കൊണ്ടെത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാലതിനായുള്ള സാമൂഹ്യനഷ്ടമെത്രയാണ്? ഇപ്പോഴത്തെ പാതക്കു സമാന്തരമായാണെങ്കില്‍ പരമാവധി ഒന്നോ രണ്ടോ മണിക്കൂര്‍ കൂടുമായിരിക്കാം. എന്നാലങ്ങനെയല്ല സര്‍ക്കാര്‍ നീക്കം.

തുടര്‍ച്ചയായി രണ്ടു പ്രളയങ്ങള്‍ നേരിട്ട കേരളത്തിലെ തണ്ണീര്‍ത്തടങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ ഇത്തരത്തിലുള്ള വന്‍കിട നിര്‍മ്മാണങ്ങള്‍ ഇനിയും അഭികാമ്യമാണോ? കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കണമെന്നും ഭൂഉടമക്ക് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഭൂമിപാട്ടത്തിനു നല്‍കിയാലും ഒട്ടുംതന്നെ തരിശിടാതെ സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യണമെന്നുമാണ് മുഖ്യമന്ത്രിതന്നെ പറയുന്നത്. കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും രൂപമാറ്റം വരുത്താതെ നിലനിര്‍ത്തുന്നവര്‍ക്ക് ഹെക്ടറിന് 2000 രൂപ പ്രതിവര്‍ഷസഹായം നല്‍കുന്ന ന്യൂതന പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നിട്ടും കോള്‍നിലങ്ങള്‍ പോലുള്ള വിവിധോദ്ദേശ തണ്ണീര്‍ത്തടങ്ങളെ നെടുകെ പിളര്‍ന്നുകൊണ്ട് ഇത്തരമൊരു പദ്ധതി അഭികാമ്യമാണോ? പകരം വേണ്ടത് ഭരണത്തിന്റെ വികേന്ദ്രീകരണമാണ്. സെക്രട്ടറിയേറ്റിന്റേയും ഹൈക്കോടതിയുടേയും ജനങ്ങള്‍ കയറിയിറങ്ങുന്ന മറ്റുപ്രധാന സ്ഥാപനങ്ങളുടേയും ബ്രാഞ്ചുകള്‍ ചുരുങ്ങിയപക്ഷം തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും സ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. കൂടാതെ പലപ്പോഴും പറച്ചില്‍ മാത്രമായ ഇ – ഗവേണന്‍സ് ശക്തമാക്കുക. അതിനെല്ലാം പകരം ഇത്തരം ഭീമന്‍ പദ്ധതികള്‍ ഇനിയുള്ള കാലം അഭികാമ്യമല്ല എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം പോരേ? പ്രത്യേകിച്ച് കൊവിഡാനന്തരലോകത്തില്‍ ജനങ്ങളുടെ യാത്രാവശ്യങ്ങള്‍ ഗണ്യമായി കുറയുമെന്ന വിലയിരുത്തല്‍ നിലനില്‍ക്കുമ്പോള്‍.

ഇത്തരത്തില്‍ മറ്റനവധി തീരുമാനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. പലതും കാര്യമായി ആരുമറിയുന്നില്ല. 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കുന്നതിന് ഇളവ് നല്‍കാനുള്ള തീരുമാനം മറ്റൊരുദാഹരണം. കെട്ടിട നിര്‍മ്മാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് നിഷ്‌കര്‍ഷിച്ചിരുന്നു. ഇപ്രകാരം പെര്‍മിറ്റ് സമ്പാദിക്കാന്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമസ്ഥരില്‍ നിന്നും സമ്മതപത്രം, റവന്യൂ രേഖകള്‍, സര്‍വെ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു. ഈ മുന്നൂറാണ് ഒറ്റയടിക്ക് 20000 ആക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിക അനുമതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയതാണ് ഇതിനുളള ന്യായീകരണം. എന്നാല്‍ കേരളത്തിന്റെ ഈ രംഗത്തെ സാഹചര്യം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് എത്രയോ ഭിന്നമാണെന്നുപോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഇതുമുണ്ടാക്കാന്‍ പോകുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങളായിരിക്കും.

കൊവിഡിനും പ്രളയത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമൊക്കെ പരിസ്ഥിതിനാശങ്ങള്‍ക്ക് പങ്കുണ്ടെന്നത് സംശയാതീതമായി തെളിഞ്ഞിട്ടും വികസനസങ്കല്‍പ്പങ്ങളെ പുനപരിശോധിക്കാന്‍ നാം തയ്യാറാവുന്നില്ല എന്നു മാത്രമല്ല, ഇത്തരം മഹാദുരന്തസാഹചര്യങ്ങള്‍ തങ്ങളുടെ നയങ്ങളും പദ്ധതികളും അടിച്ചേല്‍പ്പിക്കാനും ഉപയോഗിക്കുകയാണ്. പലരും ചൂണ്ടികാണിച്ചപോലെ ഈ കാലവും കടന്നു പോകും, കുറെ ദുരന്തങ്ങളോടെയാണെങ്കിലും. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെത്തിക്കുക ഒരിക്കലും അവസാനിക്കാത്ത ദുരന്തങ്ങളിലായിരിക്കും എന്ന് സര്‍വ്വനാശത്തിനുമുമ്പ് ഓര്‍ക്കുന്നത് നന്നായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply