ഗുജറാത്തിലെ നിരാശയും ഹിമാചലിലെ പ്രതീക്ഷയും

ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയേണ്ട ഒരു വിഷയം തന്നെയാണ് ആം ആദ്മിയുടെ സാന്നിധ്യം. അത് ഇരു സംസ്ഥാനങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചതു കൊണ്ടല്ല. കഴിഞ്ഞ ദിവസം വന്ന ഫലത്തില്‍ ഡെല്‍ഹി കോര്‍പ്പറേഷനില്‍ അവര്‍ വന്‍വിജയം നേടിയെങ്കിലും ഇപ്പോഴും ഡെല്‍ഹി – പഞ്ചാബ് മേഖല മാത്രമാണ് അവരുടെ ശക്തികേന്ദ്രം. പക്ഷെ അപ്പോഴും ചുരുങ്ങിയ കാലത്തില്‍തന്നെ അവരുടെ രാഷ്ട്രീയത്തില്‍ വന്ന മാറ്റം വളരെ പ്രധാനമാണ്. വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് വളരെ പ്രധാനമാണ്.

ഏതൊരു ജനാധിപത്യ – മതേതരവാദിയേയും ആശങ്കപ്പെടത്തുന്ന തെരഞ്ഞെടുപ്പു വാര്‍ത്തകളാണ് ഗുജറാത്തില്‍ നിന്നും വന്നിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഗുണകരമല്ലാത്ത രീതിയില്‍ ബിജെപിയുടെ ഏഴാമത്തെ തുടര്‍ഭരണത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. അതും അവര്‍പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിന്. ഭരണത്തിനെതിരായി നിലനില്‍ക്കുന്നു എന്നു പറയപ്പെട്ടിരുന്ന വികാരത്തിനു, എന്തിനു മോര്‍ബി ദുരന്തത്തിനുപോലും ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാനായില്ല. അതേ സമയം സ്ഥിരമായി ഭരണമാറ്റം സംഭവിച്ചിരുന്ന ഹിമാചല്‍ ആചരിത്രം നിലനിര്‍ത്തിയിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ രാഷ്ടീയ പ്രാധാന്യമുള്ള വിജയമാണ് കോണ്‍ഗ്രസ്സ് അവിടെ നേടിയിരിക്കുന്നത് . ഗുജറാത്ത് നല്‍കുന്ന ആശങ്കയിലും ഹിമാചല്‍ നല്‍കുന്നത് പ്രതീക്ഷയാണ്. 2024ല്‍ ലോകസഭാ തെരഞ്ഞെടപ്പു നടക്കുന്ന സാഹചര്യത്തില്‍ ഈ ഫലം തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു.

വര്‍ഗ്ഗീയതയുടേയും വംശീയഹത്യയുടേയും അടിത്തറയാണ് ഗുജറാത്തില്‍ ബിജെപിയുടേത്. അതിനുമുകളിലാണ് അവരുടെ ജൈത്രയാത്ര നടക്കുന്നത്. വംശീയകലാപകാലത്തെ ഭീകരരെ തുറന്നുവിട്ടും സ്വീകരണം നല്‍കിയും ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും തങ്ങളുടെ നയത്തില്‍ അടിസ്ഥാനമാറ്റമില്ലെന്നു തന്നെയാണ് അവര്‍ പ്രഖ്യാപിക്കുന്നത്. അപ്പോഴും ഇത്രമാത്രം വന്‍വിജയം എന്നതാണ് ഭയപ്പെടത്തുന്നത്. ഭരണത്തിനെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന വികാരം പോലും അവിടെയില്ല എന്നതാണ് അത്ഭുതം. ഉണ്ടാകുമെന്ന് പല എക്‌സിറ്റ് പോളുകളും പറഞ്ഞെങ്കിലും. തീര്‍ച്ചയായും വോട്ടര്‍മാരെ സ്വാധീനിച്ച വേറേയും ഘടകങ്ങള്‍ ഉണ്ടാകും. രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനം എന്ന ഇമേജ് സൃഷ്ടിക്കാന്‍ മോദിയുടേയും അദാനിയുടേയും നാടിനായിട്ടുണ്ട്. ഗുജറാത്ത്, വികസനത്തില്‍ വളരെ പുറകിലാണെന്ന് കണക്കുകളടക്കം കേരളത്തില്‍ നിരന്തരം കാണാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതുമാത്രമായിരിക്കണമെന്നില്ല വസ്തുത. ഏതാനും ദിവസം മുമ്പ് ദിവസക്കൂലി ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന വാര്‍ത്തയോടു കൂട്ടിചേര്‍ത്ത് ഡോ തോമസ് ഐസക് പറഞ്ഞ ഒരു വസ്തുതയുണ്ട്്. ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളമായതിനാല്‍ ഇവിടത്തെപോലെ തൊഴിലില്ലായ്മ അവിടെ ഇല്ലെന്ന്. ഇതൊരു പ്രധാന ഘടമായിരിക്കാം.

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സ് ഏറെ വിജയസാധ്യത പ്രതീക്ഷിച്ചിരുന്നത്. പല ദളിത്, പിന്നോക്ക, മുസ്ലിം സംഘടനകളും അന്ന് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മേവാനി, ഹാര്‍ദ്ദിക് തുടങ്ങിയ നേതാക്കളും. അന്ന് രാഹുല്‍ ഗാന്ധിതന്നെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മോദിയോ രാഹുലോ എന്ന ചോദ്യം തന്നെ ഉയര്‍ന്നു. പക്ഷെ വിജയം മോദിക്കു തന്നെയായിരുന്നു. ഇത്തവണ പക്ഷെ അന്നു പിന്തുണച്ച പലരും കോണ്‍ഗ്രസിനെ കൈവിട്ടു. തന്നെ മാത്രം ആശ്രയിക്കുന്ന ഒന്നായി കോണ്‍ഗ്രസ് മാറരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി ഇക്കുറി രാഹുല്‍ അങ്ങോട്ടുപോയില്ല. ഇതിനെല്ലാം പുറമെയാണ് ആം ആദ്മിയുടെ സാന്നിധ്യം. കുറെ സീറ്റുകളെങ്കിലും കോണ്‍ഗ്രസ്സിനു നിഷേധിക്കാന്‍ അവര്‍ക്കായി. എല്ലാം കൂടിയായപ്പോള്‍ അനിവാര്യമായതു സംഭവിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയേണ്ട ഒരു വിഷയം തന്നെയാണ് ആം ആദ്മിയുടെ സാന്നിധ്യം. അത് ഇരു സംസ്ഥാനങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചതു കൊണ്ടല്ല. കഴിഞ്ഞ ദിവസം വന്ന ഫലത്തില്‍ ഡെല്‍ഹി കോര്‍പ്പറേഷനില്‍ അവര്‍ വന്‍വിജയം നേടിയെങ്കിലും ഇപ്പോഴും ഡെല്‍ഹി – പഞ്ചാബ് മേഖല മാത്രമാണ് അവരുടെ ശക്തികേന്ദ്രം. പക്ഷെ അപ്പോഴും ചുരുങ്ങിയ കാലത്തില്‍തന്നെ അവരുടെ രാഷ്ട്രീയത്തില്‍ വന്ന മാറ്റം വളരെ പ്രധാനമാണ്. വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് വളരെ പ്രധാനമാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ അമൃത് ലാല്‍ ഈ മാറ്റത്തെ കൃത്യമായി തന്നെ വിശദീകരിക്കുന്നുണ്ട്. നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവതരിപ്പിക്കാന്‍ ഒരു പാര്‍ട്ടി എന്ന നിലയ്ക്കാണ് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടെന്ന് അദ്ദേഹം പറയുന്നു. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്ന രീതിയിലായിരുന്നു അത്. അഴിമതിക്കെതിരായ ശക്തമായ നിലപാടും അവര്‍ക്കുണ്ടായിരുന്നു. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആപ്പ് മത്സരിച്ചത് ഈ രാഷ്ട്രീയ കാഴ്ചപ്പാട് മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു. മേധാ പട്കറും സോണി സൂരിയും ഉദയ്കുമാറും രാജ്മോഹന്‍ ഗാന്ധിയും സാറോജോസഫുമൊക്കെ സ്ഥാനാര്‍ത്ഥികളായത് അങ്ങനെയാണ്. ബനാറസില്‍ നരേന്ദ്രമോദിയെ നേരിട്ട് രണ്ടാം സ്ഥാനത്തെത്തിയ കേജ്റിവാള്‍ ഒരു പുതിയ ഇന്ത്യന്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആപ്പ് മാറുകയായിരുന്നു. അതാകട്ടെ സംഘടനാതലത്തിലും രാഷ്ടീയമായും. സംഘടനാതലത്തില്‍, ബിജെപിയില്‍ മോദി എങ്ങനെയാണോ ആപ്പില്‍ അദ്ദേഹം അങ്ങനെയായി. മറ്റെല്ലാ നേതാക്കളേയും അപ്രസക്തരാക്കിയോ പുറത്താക്കിയോ അദ്ദേഹം സംഘടനയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കി. മറുവശത്ത് മോദിയുടെ ഹിന്ദുത്വരാഷ്ടീയത്തിലൂടെതന്നെ മുന്നേറാനും അദ്ദേഹം തീരുമാനിച്ചു എന്നും കാണാം. ബിജെപി രാഷ്ട്രീയത്തെ എതിര്‍ക്കാതെ ബിജെപിയെ എതിര്‍ക്കുക എന്നൊരു തന്ത്രമാണ് അദ്ദേഹം മെനഞ്ഞത്. അഥവാ ബിജെപിയുടെ ബി ടീം തന്നെ. വിലക്കയറ്റത്തിന് തടയിടാന്‍ കറന്‍സി നോട്ടുകളില്‍ സരസ്വതിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ മുദ്രണം ചെയ്യുക, ഗുജറാത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് സൗജന്യതീര്‍ത്ഥയാത്ര തുടങ്ങിയവയൊക്കെ വരുന്നത് അങ്ങനെയാണ്. നേരത്തെതന്നെ പൗരത്വ, കര്‍ഷക സമരങ്ങളില്‍ കാര്യമായി ഇടപെടാതെ ആപ് അതിന്റെ നയം വ്യക്തമാക്കിയിരുന്നു. ഇപ്പോഴത് കൂടതല്‍ പ്രകടമായെന്നു മാത്രം. അതിനാല്‍ തന്നെ ഗുജറാത്തില്‍ സംഘടാപരമായി വിജിയച്ചില്ലെങ്കിലും രാഷ്ടീയമായി അവര്‍ വിജയിച്ചിരിക്കുക തന്നെയാണ്. രാജ്യത്ത് ശക്തമായിരിക്കുന്ന ഈ ഹിന്ദുത്വ ബോധത്തെ പിന്തുടാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തയാറാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. എങ്കിലത് അപകടരമായിരിക്കു. കോണ്‍ഗ്രസ്സില്‍തന്നെ അത്തരത്തില്‍ ചിന്തിക്കുന്നവരുണ്ടെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്.

തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യം അത്രവേഗം തകരാനൊന്നും പോകുന്നില്ല എന്നുതന്നെയാണ് ഹിമാചല്‍ നല്‍കുന്ന സന്ദേശം. രാജ്യത്തു പലഭാഗത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നു. എത്രയോ പ്രതികൂലമായ സാഹചര്യത്തിലാണ് ഹിമാചലില്‍ കോണ്‍ഗ്രസ്സ് വിജയകൊടി പാറിച്ചത്. തീര്‍ച്ചയായും മറ്റു പല സംസ്ഥാനങ്ങളിലും ചെയ്തപോലെ ജനവിധി അട്ടിമറിക്കാനുള്ള നീക്കം അവിടെയും ഉണ്ടാകും. അതിനെ ചെറുക്കേണ്ടതുണ്ട്. ഒപ്പം ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമാകുന്തോറും വരുംദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരതിനൊത്തുയരാനും ബിജെപിക്കെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിപക്ഷം തയാറാകേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി സര്‍ക്കാരിന് ഒരു മൂന്നാമൂഴും ലഭിക്കുകയാണെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നതിന്റെ സൂചനകളുമായി പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം പൗരത്വ ഭേദഗതി നിയമവും ഏകസിവില്‍ കോഡും പാസാക്കുമെന്നു മാത്രമല്ല, അതിനായി ഭരണഘടനയില്‍ തന്നെ ഭേദഗതി വരുത്തുമെന്നാണ്. ഹിന്ദുത്വരാഷ്ട്രത്തിന്റേതായ ഭരണഘടനക്ക് അണിയറയില്‍ രൂപം കൊടുത്തു കഴിഞ്ഞതായി വിശ്വാസ്യയോഗ്യയുള്ള മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ പൗരന്മാരും തുല്ല്യരാണെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വം തന്നെയാണ് തിരുത്തിയെഴുതാന്‍ പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം, പക്ഷെ രണ്ടാം പൗരന്മാരായി, വോട്ടവകാശം പോലുമില്ലാതെ എന്നതാണത്രെ ഇവരുടെ സങ്കല്‍പ്പത്തിലെ ഭരണഘടനയിലെ പ്രധാന വകുപ്പ്. അത്തരമൊരു നീക്കത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

സത്യത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രഥത്തെ പിടിച്ചുകെട്ടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗിലെ കണക്കുകളും അതിനുശേഷം പലയിടത്തായി നടന്ന തെരഞ്ഞെടുപ്പുകളുടെ കണക്കുകളും ഇപ്പോഴത്തെ ഹിമാചല്‍ ഫലവും പരിശോധിച്ചാല്‍ അതു ബോധ്യമാകും. നാല്‍പ്പതുശതമാനത്തിനു താഴെ മാത്രമാണ് ഇപ്പോഴും ബിജെപിയുടെ വോട്ടുവിഹിതം. പ്രശ്നം എല്ലാവരും ചൂണ്ടികാട്ടുന്ന പോലെ പ്രതിപക്ഷഐക്യം സാധ്യമാകുമോ എന്നതാണ്. അടിയന്തരാവസ്ഥകാലത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് വീണ്ടും അധികാരത്തിലെത്താമെന്നു കരുതിയ ഇന്ദിരാഗാന്ധിക്ക് പ്രതിപക്ഷപാര്‍ട്ടികളും ജനങ്ങളും നല്‍കിയ മറുപടി മറക്കാറായിട്ടില്ലല്ലോ. അതിനേക്കാള്‍ അതിരൂക്ഷമായ ഈ സാഹചര്യത്തില്‍ ആ ചരിത്രം പുതിയ കാലത്തിന് അനുസൃതമായി ആവര്‍ത്തിക്കാനാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് രാജ്യത്തിന്റെ ഭാവി. അതില്‍ ഗുജറാത്ത് നല്‍കുന്ന നിരാശയിലും ഹിമാചല്‍ നല്‍കുന്നത് പ്രതീക്ഷയാണ്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply