സ്റ്റാന്‍ സ്വാമിയോട് ജനാധിപത്യവാദികള്‍ പ്രായശ്ചിത്തം ചെയ്യണം……

‘മാവോയിസ്റ്റുകളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു’ എന്നാണ്് സ്ഥാപനം പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ ലാപ്ടോപ്പുകളിലും ഹാക്കിങ് നടന്നിട്ടുണ്ട്. മൂന്നു പേരുടേയും ലാപ്ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്നും അതിനായി അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിക്കുകയായിരുന്നു എന്നും പിന്നീട് ജയിലില്‍ ചികിത്സ പോലും നിഷേധിച്ച് ഇന്‍സ്റ്റിട്യൂഷണല്‍ കൊല നടത്തുകയായിരുന്നു എന്നും പരസ്യമായ രഹസ്യമാണ്. അപ്പോഴെല്ലാം രേഖകള്‍ യാഥാര്‍ത്ഥ്യമാണെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോഴിതാ ആ വാദവും തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു. ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഴ്സണല്‍ കണ്‍സല്‍ട്ടിങ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘മാവോയിസ്റ്റുകളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു’ എന്നാണ്് സ്ഥാപനം പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ ലാപ്ടോപ്പുകളിലും ഹാക്കിങ് നടന്നിട്ടുണ്ട്. മൂന്നു പേരുടേയും ലാപ്ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. 2020 ഒകേ്ടാബറില്‍ ആയിരുന്നു അറസ്റ്റ്. ‘എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. രാജ്യത്തുടനീളം നടക്കുന്ന വിശാലമായ പ്രക്രിയയാണിത്. പ്രമുഖ ബുദ്ധിജീവികള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, നേതാക്കള്‍ എന്നിവരെ എങ്ങനെ ജയിലിലടയ്ക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, കാരണം അവര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയോ ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തു. ഞങ്ങള്‍ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തില്‍ ഈ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ നിശബ്ദ കാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്, എന്തായാലും വില നല്‍കാന്‍ തയ്യാറാണ്.’ ജയിലില്‍ നിന്നുള്ള സ്വാമിയുടെ വാക്കുകളാണിവ. കേസില്‍ വിചാരണ കാത്തുകഴിയുന്നതിനിടെയാണ് 2021 ജൂലൈ അഞ്ചിന് ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചത്. തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരിക്കുമ്പോള്‍, സ്വാമി തന്റെ ജെസ്യൂട്ട് സഹപ്രവര്‍ത്തകന് അയച്ച കത്തില്‍, തടവുകാരുടെ ദുരവസ്ഥ ചൂണ്ടികാട്ടിയിരുന്നു. ”ഇത്തരം ദരിദ്രരായ പലര്‍ക്കും അവരുടെ മേല്‍ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അറിയില്ല, അവര്‍ കുറ്റപത്രം കണ്ടിട്ടില്ല, അവര്‍ നിയമപരമോ മറ്റ് സഹായങ്ങളോ ഇല്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുന്നു. പക്ഷേ ഞങ്ങള്‍ ഇനിയും സംഘഗാനം പാടും. ഒരു കൂട്ടില്‍ പക്ഷിക്ക് ഇപ്പോഴും പാടാന്‍ കഴിയും’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത മൂവായിരത്തോളം പുരുഷന്മാരെയും സ്ത്രീകളെയും മോചിപ്പിക്കുന്നതിനായി പോരാടുന്നതിനായി അദ്ദേഹവും സുധ ഭരദ്വാജും ചേര്‍ന്ന് സ്ഥാപിച്ച പീഡിത തടവുകാരുടെ സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്സി) മാവോയിസ്റ്റ് ധനസമാഹരണത്തിനുള്ള ഒരു മുന്നണിയായിരുന്നു എന്നായിരുന്നു സ്വാമിക്കെതിരായ ആരോപണം. കേസ് ആദ്യം പൂനെ പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് എന്‍ഐഎയ്ക്ക് കൈമാറി. ജയിലില്‍ അദ്ദേഹം നേരിട്ടത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം ഗ്ലാസ് പിടിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രോയും സിപ്പറും ആവശ്യപ്പെട്ട് 2020 നവംബര്‍ 6 ന് സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയോട് പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ പ്രതികരണം. സ്വാമിയുടെ സ്‌ട്രോയും സിപ്പറും അവരുടെ പക്കലില്ലെന്ന് എന്‍ഐഎ 2020 നവംബര്‍ 26 ന് പ്രതികരിച്ചു. തനിക്ക് 83 വയസ്സുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചതായും ചൂണ്ടിക്കാട്ടി സ്വാമി രണ്ടാം തവണ ജാമ്യത്തിനായി അപേക്ഷ നല്‍കി. അതും നടന്നില്ല. ആക്ടിവിസ്റ്റുകളായ വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറെയിറ എന്നിവരും സ്റ്റാന്‍ സ്വാമിക്കൊപ്പം തലോജ ജയിലില്‍ കഴിയുന്നുണ്ടായിരുന്നു. 2021 മെയ് 28 ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് 15 ദിവസത്തേക്ക് സ്വാമിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ സ്വാമി കോവിഡ് -19 പോസിറ്റീവ് ആയി. ബോംബെ ഹൈക്കോടതി പുതിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി 2021 ജൂലൈ 5 ന് അദ്ദേഹം അന്തരിക്കുകയായിരുന്നു.

ഫാദര്‍ സ്റ്റാന്‍സ് സ്വാമിയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ വിചാരണ തടവുകാരനായ ഇക്ലാഖ് റഹീം ഷെയ്ഖ്, സ്വാമി ജയിലില്‍ നേരിട്ട ക്ലേശങ്ങളേയും മനുഷ്യാവകാശ ലംഘനങ്ങളേയും പുറം ലോകത്തെത്തിച്ചിരുന്നു. സ്വാമി ഒ മരിക്കുന്നതിന് മുമ്പ് വളരെക്കാലം വളരെയധികം പ്രയാസങ്ങള്‍ നേരിട്ടുവെന്നും, അനാരോഗ്യം മൂലം നിരന്തരമായി കാല്‍ വഴുതി വീഴുമായിരുന്ന അദ്ദേഹത്തിന് അപ്പോഴെല്ലാം ചികിത്സ നിഷേധിച്ചുവെന്നും സ്വാമിയുടെ വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയെ ജയില്‍ ഭരണകൂടം അവഗണിച്ചുവെന്നും ആരോപിച്ച് 2019 മാര്‍ച്ചില്‍ അദ്ദേഹമെഴുതിയ കത്ത് ദി വയര്‍ പ്രസിദ്ധീകരിച്ചു. സ്വാമിയെ ആദ്യമായി ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍, പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമായിരുന്നു. താമസിയാതെ അദ്ദേഹത്തിന് ഹൃദയ സംബന്ധമായും നട്ടെല്ലുമായും ബന്ധപ്പെട്ട് ചില അസ്വസ്ഥതകള്‍ വന്നു തുടങ്ങി. വളരെ അടിയന്തിരമായി വൈദ്യശാസ്ത്ര പരിചരണം അദ്ദേഹത്തിന് ആവശ്യമായിരുന്നു. പക്ഷെ, അതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ജയില്‍ സൂപ്രണ്ട് കൗസ്തുഭ് കുറുളേക്കറും ജയില്‍ ഡോക്ടര്‍ സുനില്‍ കാലേയും ചേര്‍ന്ന് നിഷ്‌ക്കരുണം തള്ളുകയായിരുന്നു എന്നാണ് ഷെയ്ഖ് കത്തിലൂടെ ആരോപിക്കുന്നത്. ‘അണ്ഡ സെല്‍’എന്നറിയപ്പെടുന്ന മുട്ടയുടെ ആകൃതിയിലുള്ള സെല്ലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. വായുസഞ്ചാരത്തിനുള്ള ജന്നലുകള്‍ ഒന്നുമില്ലാത്ത ആ സെല്ലില്‍ സാധാരണയായി കൊടും കുറ്റവാളികളെയും ജയില്‍ ചാടുമെന്ന് പ്രതീക്ഷിക്കുന്നവരെയുമാണ് പാര്‍പ്പിക്കുക. നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹത്തിന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കൊടുക്കാന്‍ പോലും ജയില്‍ അധീകൃതര്‍ തയ്യാറായില്ല. ഒടുവില്‍, കോവിഡ് ബാധിതനായ അദ്ദേഹം ബാന്ദ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം തന്റെ, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നീണ്ട ജയില്‍ വാസത്തിനിടയില്‍, കോടികളുടെ ബാങ്കിംഗ് കുംഭകോണങ്ങള്‍ നടത്തിയവര്‍, ബില്‍ഡര്‍മാര്‍, മയക്കുമരുന്ന് രാജാക്കന്മാര്‍, കൊടും കുറ്റവാളികള്‍ എന്നിങ്ങനെയുള്ളര്‍ ഉള്‍പ്പെടുന്ന, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന നിരവധി ‘വിഐപി തടവുകാരെ’ താന്‍ അവിടെ കണ്ടിട്ടുള്ളതായി ഷെയ്ഖ് പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ, സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശമെന്നതാണ് തമാശ. ദീര്‍ഘകാലമായി മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്ന സ്വാമിയെ കള്ളക്കേസില്‍ കുടുക്കിയതും അദ്ദേഹത്തിന്റെ മരണവും നമ്മുടെ ഭരണകൂടവും സമൂഹവും എത്രമേല്‍ ഏകാധിപത്യപരവും മനുഷ്യ വിരുദ്ധവുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഭരണകൂട ഭീകരത കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിതെന്ന വസ്തുതയാണ് ഇപ്പോള്‍ അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പൗര സമൂഹം ഏറെക്കുറെ നിശബ്ദമാണെന്നത് കൂടുതല്‍ ഭീതിജനകമാണ്. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ നാം ലജ്ജിച്ച് തല താഴ്ത്തേണ്ട സന്ദര്‍ഭമാണിത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എം പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പെഗാസസ് അന്വേഷണ മാതൃകയിലോ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയോ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാരില്‍ നിന്ന് അത്തമൊരു നീക്കം പ്രതീക്ഷിക്കാനാകില്ല എന്നാണ് 2014 മുതലുള്ള സംഭവങ്ങള്‍ വല്‍കുന്ന സൂചന. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജനകീയ ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്. അതാണ് സ്വാമിയോട് ചെയ്യേണ്ട പ്രായശ്ചിത്തം…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply