വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും യു.എ.പി.എക്കുമെതിരെ മനുഷ്യാവകാശദിനത്തില്‍ ജനാധിപത്യസംരക്ഷണ കണ്‍വെന്‍ഷന്‍

വിശദ്ധ പശുക്കളുടെ സംരക്ഷകരായി സ്വയം പ്രഖ്യാപിക്കുന്നവര്‍ പശുപാലകരായ പെഹ്ലൂഖാന്‍മാര്‍ക്കും പശു മാംസം ആഹാരമാക്കിയെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കും വധശിക്ഷ വിധിക്കുന്നു. ‘ജയ് ശ്രീറാം’ എന്നത് ആള്‍ക്കൂട്ടക്കൊലയാളികളുടെ പോര്‍വിളിയാകുന്നു. ദളിതരും സ്ത്രീകളും സ്വതന്ത്രരായിരിക്കാന്‍ അര്‍ഹരല്ലെന്നു വിധിക്കപ്പെടുന്നു.

മനുഷ്യാവകാശങ്ങള്‍ക്കോ, പൗരാവകാശങ്ങള്‍ക്കോ, ഭരണഘടന ഉറപ്പു നല്‍കുന്ന മാലികാവകാശങ്ങള്‍ക്കോ ഒന്നും യാതൊരു പ്രസക്തിയും കല്പിക്കപ്പെടാത്ത ഒരു രാഷ്ട്രീയ സ്ഥിതിയിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്നത്. മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സമത്വ സങ്കല്പവും പോലുള്ള, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ബോധപൂര്‍വ്വം തന്നെ ലംഘിക്കപ്പെടുകയും ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. പോലീസിനൊപ്പം കോടതികളും ഭരിക്കുന്ന കക്ഷിയുടെ തികച്ചും വിഭാഗീയവും മനുഷ്യത്വ വിരുദ്ധവുമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രയോഗത്തിനുള്ള ആയുധങ്ങളായി അധ:പതിപ്പിക്കപ്പെടുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അവമതിക്കപ്പെടുന്നതും അദ്ദേഹത്തെ വെടിവച്ചു കൊന്ന ഗോഡ്‌സെ പാര്‍ലമെന്റില്‍ പോലും പ്രകീര്‍ത്തിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദികളായവര്‍ അധികാരസ്ഥാനങ്ങളില്‍ അവരോധിതരാവുന്നതും ഒരു ന്യായാധിപന്റെ പോലും അരും കൊല ആരും അന്വേഷിച്ചു കൂടെന്നു വിധിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍ തന്നെ. പൗരത്വത്തെ മതാടിസ്ഥാനത്തില്‍ പുനര്‍ നിര്‍വ്വചിക്കുന്ന പൗരത്വ ഭേദഗതി നിയമവും ദശലക്ഷങ്ങളെ പൗരത്വമില്ലാത്ത ‘കടന്നുകയറ്റക്കാരാ’യി ചിത്രീകരിക്കുന്ന പൗരത്വ റജിസ്റ്ററുകളും തയ്യാറായിക്കൊണ്ടിരിക്കുന്നു. മതരാഷ്ട്രത്തെ നിര്‍മ്മിച്ചെടുക്കാനായി ജനാധിപത്യ, മതനിരപേക്ഷ റിപ്പബ്ലിക്കിനെ തച്ചുടച്ചു കൊണ്ടിരിക്കുന്നതാണ് നാം ദിനേന കണ്ടു കൊണ്ടിരിക്കുന്നത്.

വിശദ്ധ പശുക്കളുടെ സംരക്ഷകരായി സ്വയം പ്രഖ്യാപിക്കുന്നവര്‍ പശുപാലകരായ പെഹ്ലൂഖാന്‍മാര്‍ക്കും പശു മാംസം ആഹാരമാക്കിയെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കും വധശിക്ഷ വിധിക്കുന്നു. ‘ജയ് ശ്രീറാം’ എന്നത് ആള്‍ക്കൂട്ടക്കൊലയാളികളുടെ പോര്‍വിളിയാകുന്നു. ദളിതരും സ്ത്രീകളും സ്വതന്ത്രരായിരിക്കാന്‍ അര്‍ഹരല്ലെന്നു വിധിക്കപ്പെടുന്നു.

തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്കെതിരായി ഭേദഗതി ചെയ്യപ്പെടുന്നു. അവകാശങ്ങള്‍ കുത്തകകള്‍ക്കും മൂലധനശക്തികള്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെടുകയും ‘സംവരണം’ അര്‍ഹിക്കുന്നവര്‍ തെരുവിലെറിയപ്പെടുയും ചെയ്യുന്നു. മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ നടപ്പാക്കപ്പെടേണ്ടതില്ലാത്ത ഉപചാരങ്ങള്‍ മാത്രമായി അവശേഷിക്കുകയും അധികാരത്തിന്റെ അസുര നീതികളെ അനുസരിക്കുക മാത്രമാണ് പൗരന്റെ കടമയെന്ന് ഭരണകൂടം നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല കേരളത്തിലെ സ്ഥിതിയും.

സ: വര്‍ഗ്ഗീസ് 1971 ല്‍ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് ‘ഏറ്റുമുട്ടലി’ല്‍ കൊല്ലപ്പെട്ടതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലാണ് കേരളത്തില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളുണ്ടാവുന്നത്. നിലമ്പൂരിലും വയനാട്ടിലെ വൈത്തിരിയിലും അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിലും. മൂന്ന് ഏറ്റുമുട്ടലുകളിലായി ഏഴു പേര്‍ കൊല്ലപ്പെട്ടു. 1971ലെ സ: വര്‍ഗ്ഗീസിന്റെ കൊലപാതകം നടന്നത് അന്നു പോലീസും സര്‍ക്കാരും അവകാശപ്പെട്ടതു പോലെ ‘ഏറ്റുമുട്ടലി’ല്‍ ആയിരുന്നില്ലെന്നും അതൊരു ‘വ്യാജ’ ഏറ്റുമുട്ടല്‍ മാത്രമായിരുന്നുവെന്നും തെളിയാന്‍ നാല്പതിലേറെ വര്‍ഷങ്ങളെടുത്തു.

കഴിഞ്ഞ സെപ്തംബര്‍ 28ന് അട്ടപ്പാടിയില്‍ നടന്ന നാലു പേരുടെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായ ‘ഏറ്റുമുട്ടല്‍’ കൊലകളൊക്കെ വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്നാണ് പുറത്തു വന്ന വിവരങ്ങളും തദ്ദേശവാസികളുടെ മൊഴികളും ലഭ്യമായ സാഹചര്യ തെളിവുകളും കാണിക്കുന്നത്. നിയമം അനുശാസിക്കുന്ന വിധത്തിലോ സമാനമായ സംഭവങ്ങളില്‍ അനുവര്‍ത്തിക്കേണ്ടതെന്നു കോടതികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിധത്തിലോ ഉള്ള അന്വേഷണങ്ങളൊന്നും ഈ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. കേരള പോലീസിന്റെ പ്രത്യേക വിഭാഗമായ ‘തണ്ടര്‍ബോള്‍ട്ടാ’ണ് കൊല നടത്തിയത് എന്നതൊഴികെ, കൊല്ലപ്പെട്ടവര്‍ ആരാണെന്നതുള്‍പ്പെടെ സുപ്രധാനമായ വിവരങ്ങളൊക്കെ ഇപ്പോഴും നിഗൂഢമായി തുടരുന്നു.

ഒരു ജനാധിപത്യ സമൂഹത്തിന് നിശ്ശബ്ദമായി അനുവദിച്ചു കൊടുക്കാവുന്ന ഒന്നല്ല ഇത്. കൊല്ലപ്പെട്ടവരുടെ രാഷ്ടീയത്തോടോ, പ്രത്യയശാസ്ത്രത്തോടോ, സാമൂഹിക സങ്കല്പങ്ങളോടോ ഉള്ള വിയോജിപ്പുകളോ വ്യത്യസ്തതകളോ ഒന്നും അവരുടെ കൊലപാതകങ്ങള്‍ക്കുള്ള ന്യായീകരണമായിക്കൂടാ. ജനാധിപത്യ മൂല്യങ്ങളേയും നിയമവാഴ്ചയേയും ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ നൈതിക സങ്കല്പങ്ങളേയും നിരാകരിക്കുന്ന ഈ കൊലപാതകങ്ങളെപ്പറ്റി നിയമാനുസൃതമായ അന്വേഷണം നടത്താനും സത്യം പുറത്തു കൊണ്ടുവരാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ ഹാജരാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജനാധിപത്യവാദികള്‍ തയ്യാറാവണം.

1995 ല്‍ സ്വയം റദ്ദായ ‘ടാഡ’ (TADA) യേയും 2004 ല്‍ കാലഹരണപ്പെട്ട ‘പോട്ട’ (POTA) യേയും പോലെ തന്നെ 2004 ല്‍ അധികരിച്ച പ്രഹരശേഷിയോടെ പുനരുജ്ജീവിപ്പിക്കപ്പെട്ട ‘1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമ”വും (UAPA) ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ഇന്ത്യ കൂടി ഒപ്പുവച്ച ഐക്യരാഷ്ട്ര സംഘടനയുടെ ‘മനുഷ്യാവകാശ പ്രഖ്യാപന ‘ത്തിന്റെ ഉള്ളടക്കത്തിനും എതിരാണ്. അതൊരു കരിനിയമമാണെന്നും അതു നടപ്പാക്കാന്‍ പാടില്ലെന്നും അതിന്റെ ആവിഷ്‌ക്കാര കാലം മുതല്‍ തന്നെ ഇന്ത്യയിലെ ജനാധിപത്യ, പുരോഗമന ശക്തികള്‍ ആവശ്യപ്പെടുന്നതാണ്. സമീപകാലത്ത് (2019) പുതിയൊരു ഭേദഗതിയിലൂടെ ഈ നിയമം കൂടുതല്‍ ഹിംസ്രവും അക്രാമകവും ആക്കിയിട്ടുണ്ട്. യു.എ.പി.എ നടപ്പാക്കാന്‍ പാടില്ലെന്ന ആവശ്യം കേരളത്തിലും ശക്തമായിത്തന്നെ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഈ കരിനിയമത്തെ നിശിതമായി എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കക്ഷികള്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ തന്നെ യു.എ.പി.എ എന്ന കരിനിയമം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നിയമം നടപ്പാക്കാന്‍ പാടില്ലെന്നും അതു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും കൂടുതല്‍ ശക്തമായി ആവശ്യപ്പെടേണ്ട സമയമാണിത്.

1919 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പാക്കിയ ‘റൗളറ്റ് ആക്റ്റ്’ എന്ന കരിനിയമത്തിനെതിരായ പ്രക്ഷോഭത്തെ നേരിടാനാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടത്തിയത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന കരിനിയമത്തിന്റെ ചുവടുപിടിച്ചാണ് 1958 ലെ സായുധസേന പ്രത്യേകാധികാര നിയമം (AFSPA) ആവിഷ്‌കരിച്ചത്. ഈ കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മണിപ്പൂരിലെ ‘ഉരുക്കു വനിത’യെന്നറിയപ്പെടുന്ന ഇറോം ചാനു ശര്‍മ്മിള 16 വര്‍ഷക്കാലം നിരാഹാര സമരം നടത്തിയത്.

‘അമിതാധികാര’ത്തിന്റെ സൂചനകള്‍ എന്നതിലപ്പുറം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങള്‍ തന്നെയാണ് കേന്ദ്ര ഭരണകൂടം നടത്തുന്നതെങ്കില്‍ ഫാസിസത്തിന്റെ അധികാര യുക്തിയിലേക്ക് കേരളവും സ്വയം ഉള്‍ച്ചേരുകയാണോ എന്ന സംശയമുണര്‍ത്തുന്ന അനുഭവങ്ങളാണ് നമുക്കു ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ്, ‘കേരളത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ നാടാക്കി മാറ്റാന്‍ അനുവദിക്കില്ല’ എന്നും ‘കരിനിയമമായ യു.എ.പി.എ നടപ്പാക്കരുത്’ എന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട്, 2019 ലെ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് തൃശൂര്‍ എം.ജി റോഡിലെ ശ്രീശങ്കര ഹാളില്‍ (ബ്രഹ്മസ്വം മഠം) വച്ച് ജനാധിപത്യ സംരക്ഷണ കണ്‍വന്‍ഷന്‍ നടക്കുന്നത്. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സ: എം. എം. ലോറന്‍സ് (മുന്‍ എംപി), അഡ്വ. തമ്പാന്‍ തോമസ് (മുന്‍ എം.പി), സെബാസ്റ്റ്യന്‍ പോള്‍ ( മുന്‍ എം.പി), വെങ്കിടേഷ് രാമകൃഷ്ണന്‍ ബി.രാജീവന്‍,പ്രൊഫ. സാറാ ജോസഫ് , പി.സി. ഉണ്ണിച്ചെക്കന്‍, ഡോ. വിനോദ് ചന്ദ്രന്‍, എന്‍. മാധവന്‍കുട്ടി, കെ.പി. സേതുനാഥ്, റഫീഖ് അഹമ്മദ്, പി.കെ. വേണുഗോപാലന്‍, ജോയ് മാത്യു, ടി.ആര്‍. രമേഷ്, അഡ്വ: ആശ, ഡോ. കെ. എന്‍. അജോയ് കുമാര്‍ ഷീബ അമീര്‍, പുരുഷന്‍ ഏലൂര്‍, കെ.എം.സലിംകുമാര്‍, പ്രൊ. വി.ശിവപ്രസാദ്, ഇ.പി. അനില്‍ , കെ.പി.സന്ദീപ് (എ.ഐ.വൈ.എഫ്) തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കും

ഡോ. എം.ആര്‍. ഗോവിന്ദന്‍ (ചെയര്‍മാന്‍), കെ.എ. മോഹന്‍ദാസ് (കണ്‍വീനര്‍), സംഘാടക സമിതി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply