ജനാധിപത്യവും തത്ക്കാലത്തില്‍ ജീവിക്കുന്ന ജനതയും

ലോകത്തെ ഏറ്റവും ഡൊമസ്റ്റിക്കേറ്റഡായ ജീവജാലം ആരാണെന്ന് ചോദിച്ചാല്‍ അത് സ്ത്രീയോ, അടിമയോ ആണ്. അവര്‍ക്ക് ഒരു വിധത്തിലുള്ള വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് അവരെ പ്രതിനിധീകരിക്കാനോ മറ്റുള്ളവരെ പ്രതിനിധീകരിക്കാനോ ഉള്ള സ്വാതന്ത്ര്യമോ അധികാരമോ അവകാശമോ ഉണ്ടായിരുന്നില്ല. വളരെ ലളിതമായി യേശുക്രിസ്തു ഇതു പറയുന്നു, അവനവന്‍ ചെയ്തത് എന്താണ് എന്ന് അറിഞ്ഞുകൂടാത്ത ഒരാളുടെ ചെയ്തികള്‍ക്ക് അയാള്‍ക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. ‘അവന്‍ എന്തു ചെ യ്യുന്നു എന്ന് അവന് അറിഞ്ഞുകൂടാ’ എന്ന് ക്രിസ്തു വളരെ സരളമായി പറഞ്ഞു. ഇങ്ങനെ അവനവന്റെ പ്രവൃത്തിയില്‍ ഉത്തരവാദിത്വം വഹിക്കാനുള്ള ഒരു സ്വാതന്ത്ര്യം, ഒരു ഇച്ഛ ഇല്ലാത്തതുകൊണ്ടു തന്നെ സ്ത്രീയോ അടിമയോ അന്നതിനു അര്‍ഹരായിരുന്നില്ല എന്നതാണ് കാരണം. ഈ അര്‍ഹത അല്ലെങ്കില്‍ ഈ അനര്‍ഹത സൂക്ഷ്മമായി പലരിലും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നില്ലേ ജനാധിപത്യം എന്നതാണ് അടുത്ത പ്രധാനപ്പെട്ട ചോദ്യം.

ഗ്രീസിലായിരുന്നു ജനാധിപത്യം ആരംഭിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാം. അതിന് ചില പരിമിതികളും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കും അടിമകള്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല.സംശയിക്കാത്ത ജീവിതങ്ങള്‍ ജീവിതാര്‍ഹങ്ങളല്ല എന്നു പറഞ്ഞിരുന്ന സോക്രട്ടീസ്, അതുപോലെ ഭരണനേതാവ് തത്വചിന്തകനാകണം എന്നു പറഞ്ഞ പ്ലേറ്റോ ഒക്കെയുള്ള നാട്ടില്‍ ഇങ്ങനെ എങ്ങനെ സംഭവിച്ചു? അതിന് വല്ല തത്വചിന്താപരമായ വിശദീകരണവും ആവശ്യമാണോ എന്ന് ആലോചിച്ചു. അങ്ങനെ ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നത് സ്ത്രീയ്ക്കും അടിമയ്ക്കും അന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടായിരുന്നില്ല എന്നതാണ്. ലോകത്തെ ഏറ്റവും ഡൊമസ്റ്റിക്കേറ്റഡായ ജീവജാലം ആരാണെന്ന് ചോദിച്ചാല്‍ അത് സ്ത്രീയോ, അടിമയോ ആണ്. അവര്‍ക്ക് ഒരു വിധത്തിലുള്ള വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് അവരെ പ്രതിനിധീകരിക്കാനോ മറ്റുള്ളവരെ പ്രതിനിധീകരിക്കാനോ ഉള്ള സ്വാതന്ത്ര്യമോ അധികാരമോ അവകാശമോ ഉണ്ടായിരുന്നില്ല. വളരെ ലളിതമായി യേശുക്രിസ്തു ഇതു പറയുന്നു, അവനവന്‍ ചെയ്തത് എന്താണ് എന്ന് അറിഞ്ഞുകൂടാത്ത ഒരാളുടെ ചെയ്തികള്‍ക്ക് അയാള്‍ക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. ‘അവന്‍ എന്തു ചെ യ്യുന്നു എന്ന് അവന് അറിഞ്ഞുകൂടാ’ എന്ന് ക്രിസ്തു വളരെ സരളമായി പറഞ്ഞു. ഇങ്ങനെ അവനവന്റെ പ്രവൃത്തിയില്‍ ഉത്തരവാദിത്വം വഹിക്കാനുള്ള ഒരു സ്വാതന്ത്ര്യം, ഒരു ഇച്ഛ ഇല്ലാത്തതുകൊണ്ടു തന്നെ സ്ത്രീയോ അടിമയോ അന്നതിനു അര്‍ഹരായിരുന്നില്ല എന്നതാണ് കാരണം. ഈ അര്‍ഹത അല്ലെങ്കില്‍ ഈ അനര്‍ഹത സൂക്ഷ്മമായി പലരിലും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നില്ലേ ജനാധിപത്യം എന്നതാണ് അടുത്ത പ്രധാനപ്പെട്ട ചോദ്യം.

നമ്മള്‍ ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിലേക്ക് വരിക. അവിടെ താന്‍ ചെയ്യുന്നത് എന്താണ് എന്ന് അറിയുന്ന വോട്ടറായിരുന്നു വോട്ടു ചെയ്തിരുന്നതെങ്കില്‍ മോദി അധികാരത്തില്‍ വരുമായിരുന്നോ? ബീഹാറിലേയും ഗുജറാത്തിലേയും രാജസ്ഥാനിലേയും ഉത്തര്‍പ്രദേശിലേയും ഒക്കെ നിരക്ഷരരായ, ദരിദ്രരായ, അടിമകളേക്കാളും അടിമകളായ മനുഷ്യര്‍ വോട്ടു ചെയ്തതുകൊണ്ടാണ് അവര്‍ അധികാരത്തില്‍ വന്നത്. കൈക്കൂലി കൊടുത്ത് അവരുടെ മനസ്സുമാറ്റാന്‍ എളുപ്പമാണ്. വാഗ്ദാനങ്ങളില്‍ അവര്‍ വിശ്വസിക്കും. ഇതാ ഇന്ത്യ വലിയ യുദ്ധം നേരിടാന്‍ പോവുന്നു, നമുക്കേ അതിനെ പ്രതിരോധിക്കാനാവൂ എന്നു പറയുമ്പോള്‍ അവരുടെ രാജ്യസ്നേഹം വര്‍ദ്ധിക്കും. ഇങ്ങനെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഈ നിരക്ഷരരായ വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ വോട്ട് ചെയ്തതു കൊണ്ടാണ് , അതുപയോഗപ്പെടുത്തിയാണ് വാസ്തവത്തില്‍ മോദിയെ പോലൊരാള്‍ അധികാരത്തില്‍ വരുന്നത്. ഭാരതീയന്റെ അജ്ഞതയായിരുന്നു മോദിയുടെ ക്യാപ്പിറ്റല്‍.

Unto The Last എന്ന സിദ്ധാന്തം സര്‍വോദയം ആക്കി വിവര്‍ത്തനം ചെയ്ത മഹാത്മാഗാന്ധി നമ്മളോട് പറയുന്നുണ്ട്, അവസാനത്തെ മനുഷ്യനും മോചിതനാവുമ്പോള്‍ മാത്രമേ ഭാരതത്തിന് സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ എന്ന്. ഞാന്‍ ആള്‍ ഇന്‍ക്ലൂസീവ് (എല്ലാവരേയും ഉള്‍ക്കൊള്ളുന്നതായ) ആയ ഭാരതത്തെ ആഗ്രഹിക്കുന്നു എന്ന്. ആ മഹാത്മാവിനെ വെടിവെച്ചു കൊന്നിട്ട് ഉണ്ടാക്കിയ മാര്‍ഗത്തിലൂടെയാണ് ഈ ആളുകള്‍ ഭരണത്തില്‍ എത്തുന്നത് എന്നത് വിസ്മരിക്കാന്‍ പാടില്ല. അതോര്‍ത്തിരുന്നെങ്കില്‍ല്‍ ഒരു ജനത, അവരുടെ രാഷ്ട്രപിതാവിനെ വധിച്ച ഒരു ജനതയ്ക്ക് ഈ വിധത്തിലുള്ള അധികാരം നല്‍കുമായിരുന്നോ? അവര്‍ ചെയ്തത് എന്തെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ഗുജറാത്ത് കലാപം ഉണ്ടാക്കിയത് അവരുടെ കണ്‍മുന്നിലാണ്, അത് അവരുടെ കണ്ണിലോ കാതിലോ എത്തിയോ?

കര്‍ഷകര്‍ ഇന്ന് കലാപം ചെയ്യുന്നു. ഭരണകൂടം ദയാലേശമില്ലാതെ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ആ കര്‍ഷകര്‍ നീതിക്കായി ഇതുപോലൊരു കര്‍ഷക കലാപം വേണ്ടിവരുമെന്ന് കരുതിയിട്ടാണോ വോട്ട് ചെയ്ത് ഈ മോദിയെ അധികാരത്തില്‍ കൊണ്ടു വന്നത്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്ത്രീകള്‍, സ്ത്രീവിരുദ്ധമായ ഒരു ഭരണം വരാന്‍ പോകുന്നു എന്ന് അറിഞ്ഞുകൊണ്ട് വോട്ടു ചെയ്തിട്ടാണോ ഇത് സംഭവിക്കുന്നത് ?ദലിതര്‍ അവര്‍ക്ക് വിരുദ്ധമായി വരാനിരിക്കുന്ന ബ്രാഹ്‌മണിക് ആയ രാജ്യത്തിനാണെന്നറിഞ്ഞാന്നോ അവര്‍ വോട്ടു ചെയ്തത്. മുസ്ലീങ്ങള്‍ അവര്‍ക്കു വിരുദ്ധമായ രാജ്യം വരുമെന്ന് കണ്ടതുകൊണ്ട് ജാഗ്രതയോടെയാണോ വോട്ടു ചെയ്തിരുന്നത്? അല്ല, അവര്‍ ചെയ്യുന്നത് എന്തെന്ന് അറിഞ്ഞുകൂടാത്ത ആളുകള്‍ വോട്ടുചെയ്തതിന്റെ ഫലമായിട്ടാണ് മോദി ഭരണത്തില്‍ വന്നത് എന്നത് വിസ്മരിക്കാന്‍ പാടില്ല. എളുപ്പമാണ് നമ്മുടെ നാട്ടില്‍ ഒരു ജനതയുടെ മനോഭാവത്തെ മാറ്റിയെടുക്കാന്‍. യുദ്ധംപോലെ ഒന്ന് നമ്മുടെ പശ്ചാത്തലത്തില്‍ ഉണ്ടെന്ന് ‘കൂടെക്കൂടെ’ ഓര്‍മ്മിപ്പിച്ചാല്‍ മാത്രം മതി. അങ്ങനെ ഓര്‍മ്മിപ്പിച്ചാല്‍ മതിയാവുന്ന ഒരു നാട്ടില്‍ വിയോജിക്കുന്നവര്‍ക്കൊക്കെ ജയിലും യോജിക്കുന്നവര്‍ക്ക് മാത്രം രാജ്യവും എന്ന ഒരു രാജ്യം വരണമെന്ന് കരുതിയിട്ടാവുമോ അവര്‍ വോട്ടു ചെയ്തിട്ടുണ്ടാവുക. അല്ല, ഇന്ന് സംഭവിച്ചതൊക്കെ സംഭവിക്കും എന്ന അറിവ് അവര്‍ക്കസാധ്യമായിരുന്നു. ആര്‍എസ്എസ്സിന്റെ തത്വശാസ്ത്രം അതാണ് എന്ന് അവര്‍ അറിയേണ്ടതായിരുന്നു. എന്തു ചെയ്യുന്നു എന്ന് അറിഞ്ഞുകൂടാത്ത ഒരു ജനതയുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികാരത്തില്‍ വന്നു.

ഇനി നമുക്ക് കേരളത്തിലേക്ക് വരാം. സാക്ഷരകേരളം എന്നല്ലേ നമ്മുടെ അഭിമാനം. സി.ജെ. തോമസ് കളിയാക്കി പറയുന്നുണ്ട്. ‘നിരക്ഷരനായ സാക്ഷരനാണ് മലയാളി’ എന്ന്. അതെന്തോ ആവട്ടെ, ഭാരതത്തെ അപേക്ഷിച്ച് നിശ്ചയമായും നമുക്ക് ചില മെച്ചങ്ങളുണ്ട്. അവിടെ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ് ഭരണം എങ്കില്‍, ഇവിടെ സ്ഥാപിത താല്പര്യങ്ങളുടെയും വോട്ടറുടെ ചാഞ്ചല്യമുള്ള മനസ്സിനെയും ഉപയോഗപ്പെടുത്തിയാണ് ഏത് മുന്നണിയും അധികാരത്തില്‍ വരുന്നത് എന്നതാണ് വസ്തുത. എന്താ വോട്ടറുടെ ഈ ചാഞ്ചല്യം എന്ന് ചോദിച്ചാല്‍ ‘ഒരു താരകയെ കാണുമ്പോള്‍ അത് രാവ് മറക്കും, പാല്‍ച്ചിരി കണ്ടത് മൃതിയെ മറക്കും,പാവം മാനവഹൃദയം’ എന്നുത്തരം. അതേ ആ പാവം മാനവഹൃദയമാണ്, രാഷ്ട്രീയമായിട്ടുള്ള ഒരു ഇച്ഛാശക്തിയല്ല സൂക്ഷ്മമായ അര്‍ത്ഥത്തില്‍ നമ്മുടെ അടുത്ത അഞ്ചു വര്‍ഷത്തെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ട് ഇലക്ഷന്‍ നടക്കുന്ന ആ ഒരു മാസത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മതി ഒരു പാര്‍ട്ടിക്ക്, ഒരു മുന്നണിക്ക് അധികാരത്തിലെത്താന്‍. കിറ്റ് കൊടുത്താല്‍ മതി, പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചാല്‍ മതി, അവര്‍ നടന്നുവരുന്ന റോഡ് തലേന്ന് ടാറിട്ടു കൊടുത്താല്‍ മതി, അതൊക്കെയല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും ഇവിടെ ഫലിക്കാന്‍ പോവുന്നില്ല. ആര്‍ത്തിപ്പണ്ടാരങ്ങളായ ഈ ആളുകളൊക്കെ, വലിയ ഉപഭോഗതല്പരായതുകൊണ്ട്, ഇതൊക്കെ ഭോഗം ചെയ്തുകൊണ്ട് വോട്ടു കൊടുക്കും. അതാണ് നമ്മുടെ രാഷ്ട്രീയമായ ഉറപ്പ് എന്ന് പറയുന്നത്. അതുകൊണ്ട് അതങ്ങനെ മറ്റൊരു കാലത്ത് മറ്റൊരു വിധത്തില്‍ മാറി വരുന്നത് നിങ്ങള്‍ക്ക് കാണാം, നിങ്ങള്‍ കണ്ടിട്ടുമുണ്ട്. ജനങ്ങള്‍ ലാഭ ദൃഷ്ടിയുള്ളവരാണ്.

വാസ്തവത്തില്‍ എന്താണ് ഈ സ്ഥാപിത താല്പര്യം എന്നു പറഞ്ഞാല്‍? നമ്മുടെ സമൂഹത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പല ശക്തികളുമുണ്ട്. പള്ളികളുണ്ട്, ക്ഷേത്രങ്ങളുണ്ട്, എസ്.എന്‍.ഡി.പി ഉണ്ട്, എന്‍.എസ്.എസ് ഉണ്ട്. ഈ സംഘടനകളെല്ലാം തന്നെയാണ്, അവരുടെ ഇച്ഛയുമാണ് സ്ഥാപിത താല്പര്യം എന്നു പറയപ്പെടുന്നത്. ഇവരെ പിണക്കാന്‍ നമ്മളുടെ മൂന്നു മുന്നണികള്‍ക്കും ഒരുവിധ ധൈര്യവും ഇല്ല എന്നു മാത്രമല്ല, നിങ്ങള്‍ക്കതൊക്കെ ചെയ്തു തന്നിട്ടും നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടു തന്നില്ലല്ലോ എന്ന് പിന്നീട് പരിഭവിക്കുന്നവരുമാണ് അവര്‍. അതുകൊണ്ട് മുന്നോക്കക്കാര്‍ക്ക് സംവരണം കൊടുക്കാന്‍ വരെ നമ്മള്‍ തയ്യാറാവുന്നു. കാരണമെന്താണ്? ഈ സ്ഥാപിത താല്പര്യത്തെ സംരക്ഷിക്കുക എന്നതാണ് പ്രധാനം. അതിന് അലിഖിതമായ പ്രകടനപത്രിക നാം പുറത്തിറക്കും, അനൗപചാരികമായ പ്രകടനപത്രിക പുറത്തിറക്കും. നിങ്ങള്‍ക്കേതാണ് താല്പര്യം. വനം കൊള്ളയാണോ? ക്വാറികള്‍? എന്തെന്ത് താല്പര്യം അതൊക്കെ സാധിപ്പിച്ചു തരാമെന്നാണ് ഈ അനൗപചാരികമായ പ്രകടനപത്രികയില്‍ പറയുന്നത്. ഇതേ നടപ്പില്‍ വരു. അല്ലാത്ത പ്രകടന പത്രത്തിന് പ്രകടന ശൗര്യം മാത്രം, കടലാസിന്റെ വില. പ്രവര്‍ത്തനത്തില്‍ അതെങ്ങനെയാണെന്നു പറഞ്ഞാല്‍, ഒരു ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ ഞങ്ങള്‍ ബിഷപ്പിനോടൊപ്പമാണ്. മൂന്ന് പാര്‍ട്ടികളും മൂന്നു മുന്നണികളും അങ്ങനെയാണ്. നമ്മളത് കണ്ടതാണ്. എറണാകുളത്തെ സമരത്തില്‍, ഒരു രാഷ്ട്രീയക്കാരും ആ വഴിക്ക് വന്നില്ല, ഒറ്റ തിരിഞ്ഞ് ചിലര്‍ വന്നിരുന്നു എന്നതൊഴിച്ചാല്‍. നീതിപൂര്‍ണമായ ശരിക്കും ആവശ്യമായ, എന്നാല്‍ ആളുകളുടെ പിന്‍ബലം വേണ്ടത്ര ഇല്ലാത്ത, ചെങ്ങറ സമരത്തിലായാലും ശരി, പ്ലാച്ചിമട സമരത്തിലായാലും ശരി, എന്‍ഡോസള്‍ഫാന്‍ സമരത്തിലായാലും ശരി, ആദിവാസികളുടെ നില്പ് സമരത്തിലാണെങ്കിലും ശരി അവര്‍ മുഖം തിരിക്കുകയേയുള്ളൂ. എട്ടോളം മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിട്ട് അവര്‍ക്കാര്‍ക്കുമില്ല മനസാക്ഷിക്കുത്ത് എന്നതാണ് സത്യം. ഈ വിധത്തില്‍ ഈ മുന്നണികള്‍, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍, ഇത്തരം രാഷ്ട്രീയകാര്യങ്ങളിലൊന്നും ഒരിക്കലും ഇടപെടുകയില്ല. മറിച്ച് സ്ഥാപിത താല്പര്യങ്ങളെ എങ്ങനെയാണ് തൃപ്തിപ്പെടുത്തുക അല്ലെങ്കില്‍ നേരത്തെ പറഞ്ഞ വോട്ടേഴ്സിനെ ഏതു വിധേനയാണ് പാട്ടിലാക്കുക, ഏത് വാഗ്ദത്തത്താല്‍,പ്രവര്‍ത്തനത്താല്‍ ഏര്‍പ്പെട്ടാലാണ് ആകര്‍ഷിക്കാന്‍ കഴിയുക ന്നതാണ് മുന്നണികളുടെ ചിന്താ വിഷയം. വലിയ സ്വാര്‍ത്ഥരാണ് ഈ വോട്ടര്‍മാര്‍. പൗരധര്‍മ്മത്തിന്റെ പേരിലൊന്നുമല്ല അവര്‍ ആകര്‍ഷിക്കപ്പെടു
ന്നത്, പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് താല്ക്കാലിക ലാഭം തന്നെയാണ് പ്രധാന ലാഭം. അങ്ങനെയുള്ള വോര്‍ട്ടര്‍മാരും അതുപോലെയുള്ള സ്ഥാപിത താല്പര്യങ്ങളുമാണ് ഈ ഭരണകൂടങ്ങളെ കേരളത്തില്‍ നിശ്ചയമായും നിശ്ചയിച്ചു കൊണ്ടിരിക്കുന്നത്. അവരോട് ചോദിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക, മന്ത്രിമാരെയാക്കുക, ഈ വീതംവെപ്പെല്ലാം എല്ലാ സമയത്തും കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ എന്തു ജനാധിപത്യമാണ് ഉള്ളത് എന്ന് നിങ്ങള്‍ സംശയിക്കാം. അതുകൊണ്ട് കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ഒറ്റ അഭിപ്രായമാണ്, ഒരു വിയോജിപ്പുമില്ല. അകത്ത് വിയോജിപ്പില്ലാത്തവര്‍ക്ക് പുറത്തെ വിയോജിപ്പുകളെ അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല.

ഒരാളല്ല ഒരു പാര്‍ട്ടി. അങ്ങനെയായിക്കൂടാ കോണ്‍ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും മുസ്ലീംലീഗായാലും. വ്യത്യസ്തമായ അഭിപ്രായങ്ങളുള്ള ,പല തരക്കാരായ ആളുകളില്ലാത്ത, ഏതന്യായം ചെയ്താലും ചോദ്യം ചെയ്യുന്ന അണികള്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയിലും ജനാധിപത്യം ഉണ്ട് എന്ന് നമുക്ക് പറയാന്‍ സാധ്യമല്ല. ആ വിധത്തിലുള്ള ജനാധിപത്യം ഇല്ലേയില്ല നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍.

കോവിഡ്കാലത്ത് നമ്മുടെ ക്ഷേത്രങ്ങളൊക്കെ അടഞ്ഞു കിടന്നു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭക്തജനതയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപകാരവും ദൈവത്തിനെ കൊണ്ട് ഉണ്ടായിട്ടില്ലെങ്കിലും ദൈവത്തിന്റെ അടുത്തേക്ക് വരുക്കാലത്ത് കോവിഡ് കഴിഞ്ഞാല്‍, ഉണ്ടാവുന്ന ജനപ്രവാഹത്തെ നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുകയില്ല. അത്രയിരട്ടി ആളുകളായിരിക്കും ശബരിമലയിലും ഗുരുവായൂരിലും എത്തിച്ചേരുക. അതുപോലെ തന്നെയാണ് നേതാവിനോടുള്ള ഭക്തിയും. ശക്തനായ നേതാവ് എന്നതൊന്നും കേരളത്തില്‍ വിഷയമായിരുന്നില്ല. ഇ.എം.എസ്സിനൊന്നും വെല്ലുവിളിക്കാനുളള ശേഷിയൊന്നും ശാരീരികമായി ഉണ്ടായിരുന്നില്ല. അദ്ദേഹം ചിന്തിക്കുന്ന ഒരാളായിരുന്നു. ഇപ്പോഴതല്ല, ഇപ്പോള്‍ പ്രതിപക്ഷ നേതാവും ഭരണകക്ഷി നേതാവുമൊക്കെ, ശരീരം കൊണ്ടു പരസ്പരം വെല്ലുവിളിക്കുകയാണ്. പ്രാകൃത ജനവിഭാഗങ്ങള്‍ക്കിടയില്‍പോലും ഇങ്ങനെ ശരീരം കൊണ്ടു വെല്ലുവിളിക്കുന്ന നേതാക്കള്‍ ഉണ്ടായിരുന്നില്ല എന്ന് നാം ഓര്‍ക്കണം. ഞാന്‍ പറഞ്ഞ ക്ഷേത്രത്തിന്റെ മറ്റൊരു പ്രശ്നം ഇതാണ്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കാണും നാം സമീപഭാവിയില്‍. എന്നാല്‍ അപ്പോള്‍ പോലും ഒരു നിലവറയും നാം തുറക്കില്ല, ക്ഷേത്രങ്ങളുടെ. അത് മതി ഈ നാടിന് തല്‍ക്കാലത്തേക്കെങ്കിലും അതിജീവിക്കാന്‍. പക്ഷെ അതു ചെയ്യുകയില്ല. ദൈവങ്ങളെയോ ദൈവങ്ങളുടെ സംരക്ഷകരെയോ സ്ഥാപിത താല്പര്യക്കാരെയോ ഭയന്ന് ഒരു മാറ്റവും കൂടാതെ അനാവശ്യമായ ഈ കരുതിവെയ്ക്കല്‍ നമ്മള്‍ തുടരും. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മറ്റൊരു ഉറപ്പ്.

തുടക്കത്തില്‍ സ്ത്രീകളെക്കുറിച്ചും അടിമകളെക്കുറിച്ചുമാണല്ലോ പറഞ്ഞത്. കേരളത്തിലാണെങ്കില്‍ താമസിയാതെ ഉദ്യോഗത്തിലൊക്കെ ഭൂരിപക്ഷം സ്ത്രീകള്‍ക്കായിരിക്കും. എല്ലാ അധ്യാപകന്മാരും അധ്യാപികമാരായി കഴിഞ്ഞു. കേരളത്തില്‍ എന്നിട്ടും അവര്‍ക്ക് എത്ര പ്രാതിനിധ്യമാണുള്ളത്? പാതിയിലധികം ജനങ്ങളായിട്ടും പത്തു ശതമാനം പ്രാതിനിധ്യം ഭരണത്തില്‍ അവര്‍ക്ക് കൊടുക്കാന്‍ നമ്മുടെ ഒരു മുന്നണിക്കും ഇതുവരെ സാധിച്ചിട്ടില്ല. മറ്റൊരു കാര്യവുമുണ്ട്. ഇനിയാരെങ്കിലും പ്രതിനിധിയായി തെരഞ്ഞെടക്കപ്പെട്ടെന്ന് തന്നെ കരുതൂ, അവര്‍ മുസ്ലീംലീഗ്കാരിയെങ്കില്‍ അവള്‍ അവളല്ല,, പിന്നീട് അവള്‍ മുസ്ലീംഗുകാരനാണ്, മാര്‍ക്സിസ്റ്റുകാരിയെങ്കില്‍ അവള്‍ അവളല്ല, പിന്നീട് അവള്‍ മാര്‍ക്സിസ്റ്റുകാരനാണ്. അങ്ങനെയാണ് കോണ്‍ഗ്രസ്സും. ജോസഫൈനാവും ഏതു സ്ത്രീയും പിന്നീട്എന്നാണ്, ഏത് രാഷ്ട്രീയ പാര്‍ട്ടിയും നമ്മോട് പറയുന്നത്. അങ്ങനെ പരുഷമായി, പുരുഷമായി നിലപാടെടുക്കുന്ന ആളായിത്തീരും അവര്‍. അവര്‍ പറയും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ട് കോടതി, പോലീസ്, പിന്നെ നിങ്ങളെ ഞങ്ങളെന്തിന് ആശ്രയിക്കണം? ഞങ്ങളുടെ കൂടെ നിന്നാല്‍ നിങ്ങള്‍ സുരക്ഷിതരായിക്കും.

കേരളത്തില്‍ ഒരൊറ്റ പ്രത്യയശാസ്ത്രമേ കാര്യക്ഷമമായി നിലവിലുള്ളൂ, അത് സ്വജനപക്ഷപാതം എന്നു പറയുന്ന മൂന്നു മുന്നണികളും പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ്. നമ്മുടെ ഭരണം വരും അന്ന് നമുക്ക് വനംകൊള്ള നടത്താം. നമ്മുടെ ഭരണം വരും ഏതന്യായവും ചെയ്യാം, അന്ന് നിങ്ങള്‍ക്ക് തൊഴില് തരാം. അതിന് തടസ്സമില്ല നമ്മുടെ നാട്ടിലെ ഒരു വ്യവസ്ഥയും എന്നുറപ്പിച്ചു പറഞ്ഞാണ് എല്ലാവരും അവരുടെ ഭരണത്തില്‍ സ്വജനങ്ങളെ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ട് സ്ത്രീ എന്ന നിലയിലുളള ഒരു പരിഗണനയും ഇല്ല. ദളിതന്‍ എന്ന പരിഗണന ഇല്ല. രണ്ടു കാര്യങ്ങളുണ്ട് സ്ത്രീകളെ സംബന്ധിച്ച്- ഒന്ന്, അവള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ല രണ്ട് , അവള്‍ പ്രതിനിധിയാവുന്ന നിമിഷംമുതല്‍ അവള്‍ അവളല്ല. രാഷ്ട്രീയ പാര്‍ട്ടി ഇച്ഛിക്കുന്ന ചുമതല നടപ്പില്‍ വരുത്താന്‍ നിയുക്തയായ ഒരുവള്‍ മാത്രമാണ് പിന്നീട് അവള്‍. ആ ആള്‍ സ്ത്രീയെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാളാണ്. ഇതു തന്നെയാണ് ദളിതന്റെ അവസ്ഥയും. ദളിതന് പ്രാതിനിധ്യം ഇല്ല. അഥവാ പ്രാതിനിധ്യം ഉണ്ടെങ്കില്‍ അയാള്‍ പിന്നീട് ദളിതനല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെങ്കില്‍ കമ്യൂണിസ്റ്റുകാരന്‍ മാത്രമാണ്, മുസ്ലീം ലീഗുകാരന്‍ മാത്രമാണ്.മുസ്ലീം ലീഗില്‍ പണ്ടൊരു രാമനുണ്ടായിരുന്നു. അതുപോലെ അല്ലെങ്കില്‍ തന്റെ ന്യൂനപക്ഷപദവി അടിയറവുവെച്ച അബ്ദുള്ളക്കുട്ടിയെ പോലെ . അങ്ങനെ അതുവരെ അവരാരായിരുന്നോ, എന്തെല്ലാം സങ്കടങ്ങളും അനുഭവങ്ങളും അവര്‍ക്കുണ്ടായിരുന്നോ, അതൊക്കെ മൂടിവെച്ച് പാര്‍ട്ടി കൊടുക്കുന്ന ഈ പുതിയ ഉടുപ്പ് ഏതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവോ അതിനെ മാത്രം പ്രതിനിധീകരിച്ചാല്‍ മതി എന്നു പറയുന്ന ഒരു വ്യവസ്ഥിതി. സ്ത്രീയ്ക്ക്, ദളിതന് ഒരധികാരവും ഇല്ലാത്ത വ്യവസ്ഥിതിയില്‍ എന്ത് ജനാധിപത്യമാണുണ്ടാവുക. സൂക്ഷ്മമായി പറഞ്ഞാല്‍ ഗ്രീസില്‍ നിലവില്‍ വന്നപ്പോള്‍ ഈ ജനാധിപത്യത്തില്‍ ഉണ്ടായ അതേ അവസ്ഥ തന്നെയാണ്-ഇന്ന് കേരളത്തില്‍ പോലും ഉള്ളത്. സ്ത്രീ വോട്ടു ചെയ്യുന്നില്ല. അവള്‍ പ്രതിനിധീകരിക്കപ്പെടുന്നില്ല. പ്രതിനിധീകരിക്കപ്പെടുമ്പോഴും വോട്ടുചെയ്യുമ്പോഴും അവര്‍ അവരേയല്ല.

എന്തൊക്കെയാണെങ്കിലും കേരളത്തിന് പരിമിതമായ അധികാരമേയുള്ളൂ. അതുകൊണ്ട് അവരെ ഒരു പരിധിവിട്ട് പരിഹസിക്കുന്നതില്‍ ഒരു കാര്യവുമില്ല. അങ്ങനെയല്ലല്ലോ ഇന്ത്യ എന്ന സര്‍വ്വാധിപത്യമായിക്കൊണ്ടിരിക്കുന്ന ഈ രാജ്യം. ആ രാജ്യത്തെ കുറിച്ച് എഴുതിയിട്ടുള്ള ഒരു കവിത വായിച്ചുകൊണ്ട് ഞാന്‍ ഈ പ്രഭാഷണം അവസാനിപ്പിക്കാം. ഭാഗവതത്തില്‍ പറയുന്നുണ്ട്, അതെ പുരാണമാണല്ലോ അടിസ്ഥാനമായിരിക്കുന്നത് അവര്‍ക്കും, കലികാലത്ത് ധര്‍മ്മം ഒറ്റക്കാലുള്ള കാളയായിട്ടാണ് അവതരിക്കുക എന്ന്. ഒറ്റക്കാലുള്ള കാള നില്‍ക്കുവാന്‍ എത്രമാത്രം പ്രയാസപ്പെടുന്നുവോ, അത്രമാത്രം ധര്‍മ്മം പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു. നീതിബോധം പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന, ‘ജസ്റ്റിസിനു’ വേണ്ടി ചോദ്യം ചോദിക്കുന്നവര്‍ ജയിലില്‍ കഴിയുന്ന ഒരു നാട്ടില്‍ ആണ് ഈ പാവം കാള ഇങ്ങനെ നില്‍ക്കുന്നത്. അതിനെക്കുറിച്ച് ഒരു ശില്പം നിര്‍മിക്കേണ്ടതല്ലേ നമ്മുടെ കലാകാരന്മാര്‍, അവരെ പ്രചോദിപ്പിക്കാന്‍ വേണ്ടി ഞാനീ കവിത വായിക്കുന്നു.

കലികാലം

ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം
പൂര്‍ത്തിയായി.
പെരുവഴിയില്‍ നിന്നാല്‍ക്കാണില്ല
വഴിവിട്ട് നിന്നാലതല്ലാതെ കാണില്ല.
ഒറ്റക്കാലില്‍
നില്ക്കയാണൊരു കാള.
പിന്നിലെ ഇടങ്കാലില്‍
ദേഹഭാരം
മുഴുവന്‍ പേറി.
ഏകാഗ്രതയാല്‍ മുറുകി
നില്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലല്പം നടുവിലേക്ക്
കൊണ്ടുപോകാനോ
കാലിന്നല്പം തടികൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമംപോലും
ഒന്നുദാസീനമായാല്‍ അന്നിമിഷം
നിലംപതിക്കുമെന്നക്കാളയ്ക്കറിയാം.
നിവര്‍ന്നുനില്‍ക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകള്‍,
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല,
എടുത്തുപിടിച്ച ചുമല്‍,
വലിഞ്ഞു നില്‍ക്കുന്ന വയര്‍
ഭാരം
ആ ഒറ്റക്കാലിന് വെളിയിലേക്ക്
തുളുമ്പാതിരിക്കാന്‍
സദാ ഞെരുങ്ങുന്നു.
ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത് നിലനില്‍ക്കാന്‍.
കണ്ടുനില്‍ക്കുന്ന
പുല്ലും മരവും
ശ്വാസംപിടിച്ചു നില്‍ക്കുന്നുണ്ടത്
വീഴാതിരിക്കാന്‍.
സത്യത്തില്‍
ഈ കാള
നില്‍ക്കുകയല്ല,
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും.
ഇതിന്റെ മുമ്പില്‍
അധികനേരം നില്‍ക്കാനാവില്ല
കാലുകള്‍ കുഴയും
ഒന്ന് വീര്‍പ്പിടാനുള്ള
സ്വാതന്ത്ര്യം പോലുമില്ലെന്ന്
ഇവിടെ നില്‍ക്കുമ്പോഴറിയാം
നിലനില്പിന്റെ യാതന
അതൊറ്റയ്ക്ക് സഹിക്കുന്നു.
സംഭവിക്കരുതാത്തതില്‍
ഒന്നുകൂടി സംഭവിച്ചാല്‍
ആ കാള നിലംപതിക്കും.
ശേഷിക്കുന്നതില്‍
പിടിച്ചുനില്ക്കയാണത്.

(ജനാധിപത്യവേദി സംഘടിപ്പിച്ച ബിമല്‍ സ്മാരക പ്രഭാഷണം, കടപ്പാട് അന്തര്‍ധാര)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply