ജനാധിപത്യവും മതാധിഷ്ഠിത രാഷ്ട്രീയവും ഒത്തുപോകില്ല

ലോകനിലവാരത്തില്‍ മെച്ചപ്പെട്ട ഒരു ഭരണഘടന ഉണ്ടായിട്ടും ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം എവിടെയെത്തി നില്‍ക്കുന്നു എന്നത് പരിശോധിക്കണം. തീര്‍ച്ചയായും ലോകം ശ്രദ്ധിക്കുന്ന ഒരു ജനാധിപത്യസംവിധാനം തന്നെയാണ് നമ്മുടേത്. അത് അതിന്റെ ഗുണമേന്മ കൊണ്ടല്ല. അതിബൃഹത്തും അനവധി ഭാഷകളും സംസ്‌കാരിക വൈവിധ്യങ്ങളുമുള്ള സമൂഹത്തില്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയില്‍ അതു നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പുകളും അധികാര കൈമാറ്റങ്ങളും നടക്കുന്നു. ഘടനാപരമായി മെച്ചപ്പെട്ട ഒരവസ്ഥ തന്നെയാണിത്. എന്നാല്‍ അതാണോ അതിന്റെ യഥാര്‍ത്ഥ അന്തസത്ത എന്നു പരിശോധിക്കണം.

ഭരണഘടനയുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയും മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രവുമായി ബന്ധപ്പെട്ടേ കാണാനാവൂ. രാജഭരണത്തിനുശേഷം മാനവസമൂഹം ജനാധിപത്യവ്യവസ്ഥയിലേക്ക് മാറുന്ന ഘട്ടവുമായി ബന്ധപ്പെട്ടാണ് ഭരണഘടനയെന്ന ആശയമുയര്‍ന്നു വരുന്നത്. എല്ലാ അധികാരവും ഏകപക്ഷീയമായി രാജാവില്‍ കേന്ദ്രീകരിച്ചിരുന്ന സംവിധാനത്തില്‍ നിന്ന് ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്ന സാമൂഹ്യപരിവര്‍ത്തനമാണല്ലോ ജനാധിപത്യം. രാജവാഴ്ചകാലത്ത് വ്യക്തിയെന്നാല്‍ വെറും പ്രജയായിരുന്നു. വ്യക്തി എന്ന രീതിയില്‍ ഒരവകാശവുമില്ലാതിരുന്ന പ്രജ. അതില്‍ നിന്ന് പൗരന്‍ എന്നതിലേക്കുള്ള പരിവര്‍ത്തനമാണ് ജനാധിപത്യത്തില്‍ സംഭവിച്ചത്. രാജാധികാരത്തില്‍ ഓരോകാലത്തും ഭരിക്കുന്ന രാജാവിന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും അനുസൃതമായിട്ടായിരുന്നു ചട്ടങ്ങളും നടപടികളും രൂപപ്പെട്ടത്. എന്നാല്‍ ജനാധിപത്യപ്രക്രിയയില്‍ അതു സാധ്യമാകില്ല. പകരം സമൂഹത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചട്ടങ്ങള്‍ അനിവാര്യമായി. അങ്ങനെയാണ് ഭരണഘടന എന്ന സങ്കല്‍പ്പം ഉണ്ടാകുന്നത്.

രാജവാഴ്ചകാലത്തെ ദേശരാഷ്ട്രമെന്നത് രാജാക്കന്മാരുടെ വെട്ടിപ്പിടിക്കലുമായി ബന്ധപ്പെട്ടായിരുന്നു രൂപപ്പെട്ടിരുന്നത്. അതു നിരന്തരമായി മാറിയിരുന്നു. ജനങ്ങളാകട്ടെ മാറി മാറി പല രാജാക്കന്മാരുടേയും പ്രജകളായികൊണ്ടിരുന്നു. ജനാധിപത്യത്തില്‍ ആ അവസ്ഥ മാറുകയും പ്രധാനമായും ഭാഷാധിഷ്ഠിതമായി വ്യത്യസ്ഥ ദേശരാഷ്ട്രങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. ഒരേ ഭാഷ സംസാരിക്കുന്നവര്‍ ആധുനിക ദേശരാഷ്ട്രങ്ങളായി മാറുന്ന പ്രതിഭാസമായിരുന്നു പൊതുവില്‍ ഉണ്ടായത്. അപ്പോഴാണ് ഓരോ ദേശരാഷ്ട്രത്തിലേയും പൗരന്മാര്‍ക്ക് സ്വീകാര്യമായ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടന അനിവാര്യമായത്. ഇന്ത്യയിലും അങ്ങനെയാണ് ഭരണഘടന രൂപം കൊണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തദിവസം ഭരണഘടനയേയും അതിനു രൂപം കൊടുത്തവരേയും അധിക്ഷേപിച്ച് ഒരു മന്ത്രി സംസാരിക്കുന്നതു കേട്ടു. എത്രയോ പ്രഗല്‍ഭര്‍ എത്രയോ വര്‍ഷം ചിലവഴിച്ച് രൂപം കൊടുത്ത ഭരണഘടനയുടെ പ്രാധാന്യമോ ഉള്ളടക്കമോ ചരിത്രമോ അറിയാത്ത മന്ത്രിമാരെ കുറിച്ച് സഹതപിക്കാനേ കഴിയൂ. മറ്റു പല രാജ്യങ്ങളിലേയും ഭരണഘടനകള്‍ രൂപപ്പെട്ടതിനുശേഷമാണ് ഇന്ത്യന്‍ ഭണഘടന നിലവില്‍ വന്നത്. അതുമായി ബന്ധപ്പെട്ട നടന്ന ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയുടെ, പതിമൂന്ന് ഭാഗങ്ങളിലായി ആയിരം പേജുകളുള്ള മിനിറ്റ്‌സില്‍ കൂടി കടന്നുപോയാല്‍ അന്നു നടന്ന ചര്‍ച്ചകളുടെ ആഴവും ഗൗരവവും നമുക്ക് മനസ്സിലാകും.

അപ്പോഴും ഒരു പ്രധാന ചോദ്യം ഉയരുന്നു. ലോകനിലവാരത്തില്‍ മെച്ചപ്പെട്ട ഒരു ഭരണഘടന ഉണ്ടായിട്ടും ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം എവിടെയെത്തി നില്‍ക്കുന്നു എന്നതാണത്. തീര്‍ച്ചയായും ലോകം ശ്രദ്ധിക്കുന്ന ഒരു ജനാധിപത്യസംവിധാനം തന്നെയാണ് നമ്മുടേത്. അത് അതിന്റെ ഗുണമേന്മ കൊണ്ടല്ല. അതിബൃഹത്തും അനവധി ഭാഷകളും സംസ്‌കാരിക വൈവിധ്യങ്ങളുമുള്ള സമൂഹത്തില്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയില്‍ അതു നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പുകളും അധികാര കൈമാറ്റങ്ങളും നടക്കുന്നു. ഘടനാപരമായി മെച്ചപ്പെട്ട ഒരവസ്ഥ തന്നെയാണിത്. എന്നാല്‍ അതാണോ അതിന്റെ യഥാര്‍ത്ഥ അന്തസത്ത എന്നു പരിശഓധിക്കണം.

സമൂഹത്തില്‍ ജൈവികമായ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ച ഹിന്ദുത്വരാഷ്ട്രീയം ജനാധിപത്യത്തിന് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജനാധിപത്യത്തിന് മതേതരമാകാനേ കഴിയൂ. മതാധിഷ്ഠിതരാഷ്ട്രീയവും ജനാധിപത്യവും ഒത്തുപോകില്ല. അത് ജനാധിപത്യത്തിനു മാത്രമല്ല, ഭരണഘടനക്കും വന്‍ഭീഷണിയാണ്. മതേതരജനാധിപത്യഘടനയിലേക്ക് തങ്ങളുടെ മതാധിഷ്ഠിത രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുകയാണ് ഹിന്ദുത്വശക്തികള്‍ ചെയ്യുന്നത്. 1925ല്‍ ഹെഡ്‌ഗേവാര്‍ ആര്‍ എസ് എസ് രൂപീകരിക്കുമ്പോള്‍ തന്നെ ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ല എന്നു പ്രഖ്യാപിച്ചിരുന്നു. മറുവശത്ത് തിലകനും ഗോഖലേയും ഹിന്ദുത്വവാദികളായിരുന്നില്ലെങ്കിലും ഹിന്ദുപാര്‍ട്ടിയെന്ന രീതിയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്സിനെ വളര്‍ത്താന്‍ ശ്രമിച്ചത്. പക്ഷെ പിന്നീട് നേതൃത്വത്തില്‍ വന്ന ഗാന്ധി, തനൊരു സനാതന ഹിന്ദുവാണെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ സാമൂഹ്യഅടിത്തറ മതസാഹോദര്യമാണെന്നു വ്യക്തമാക്കി. മതേതരം എന്ന വാക്കിനു പകരം മതസാഹോദര്യമെന്നായിരുന്നു അദ്ദേഹമുപയോഗിച്ചത്. താന്‍ കൊല്ലപ്പെടുന്നതുവരെ ഒരു പരിധിവരെ മതസാഹോദര്യ സാഹചര്യം നിലനിര്‍്തതാനും അദ്ദേഹത്തിനു കഴിഞ്ഞു. അതാണ് ഗാന്ധിവധത്തിനു കാരണമായതെന്നതും ചരിത്രം. അക്കാലത്ത് ഈശ്വരന്‍ അള്ളാ തേരാ നാം പോലുള്ള ഗാനങ്ങളാല്‍ ഇന്ത്യന്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ മുഖരിതമായിരുന്നു. ഈ സാഹചര്യത്തെയാണ് അംബേദകറും നെഹ്‌റുവുമടക്കമുള്ളവര്‍ ആധുനിക ജനാധിപത്യ സമൂഹമാക്കി രാജ്യത്തെ മാറ്റാനും അതിനനുസൃതമായ ഭരണഘടനക്ക് രൂപം കൊടുക്കാനും ഉപയോഗിച്ചത്. ഇരുവരേയും പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പങ്ങളും വളരെയധികം സ്വാധീനിച്ചിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭരണഘടനാമൂല്യങ്ങള്‍ ഇപ്പോഴും ഏറെക്കുറെ നിലനില്‍ക്കുന്നു എന്നത് തള്ളിക്കളയാനാവില്ല. അവ സംരക്ഷിക്കുന്നതില്‍ കോടതികളും പലപ്പോഴും ഇടപെടുന്നു. എന്നാല്‍ ഈ രീതിയില്‍ നിലനില്‍ക്കുന്ന മതേതര ജനാധിപത്യ അന്തരീക്ഷത്തെ ജനങ്ങളുടെ ജനാധിപത്യ അനുഭവമായി മാറ്റാനാകുന്നുണ്ടോ എന്ന ചോദ്യമാണ് പ്രസക്തം. ഉദാഹരണമായി രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. ഹിന്ദുത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം അതിരൂക്ഷമായിരിക്കുന്നു. രാജ്യത്ത് മതാധിഷ്ഠിത വിഭജനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ അതിശക്തമായിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും മനുഷ്യാവകാശങ്ങള്‍ പിന്തള്ളപ്പെടും. അപ്പോഴത് ജനാധിപത്യമല്ലാതാകുന്നു. അതു തടയാന്‍ ഭരണഘടന കൊണ്ടുമാത്രം സാധ്യമല്ല. കരുത്തുറ്റ ഭരണഘടനയുള്ളപ്പോഴും അതു തകര്‍ക്കാവുന്ന രീതിയില്‍ ജനാധിപത്യ വിരുദ്ധ ശക്തികള്‍ ശക്തിപ്പെടുന്നു എന്നതാണ് നാമിന്ന് നേരിടുന്ന വെല്ലുവിളി. അതിനെ ചെറുക്കാന്‍ ജനങ്ങളുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി ജനാധിപത്യബോധത്തെ വളര്‍ത്തിയെടുക്കാനാണ് ജനാധിപത്യശക്തികള്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്. ഒപ്പം ഹിന്ദുത്വശക്തകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും.

തൃശൂര്‍ സൗഹൃദയവേദി സംഘടിപ്പിച്ച ‘ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം” എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply