കേരള ഫാര്‍മേഴ്സ് അസംബ്ലി പാസ്സാക്കിയ കര്‍ഷക അവകാശ പ്രഖ്യാപനം

2021 ജൂണ്‍ 13ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) സംഘടിപ്പിച്ച ഫാര്‍മേഴ്സ് അസംബ്ലിയുടെ സമ്മേളനത്തില്‍ പാസ്സാക്കിയ കര്‍ഷക അവകാശ പ്രഖ്യാപനം

പ്രകൃതിയില്‍ നടക്കുന്ന സൃഷ്ടി പ്രക്രിയയില്‍ സര്‍ഗ്ഗാത്മകമായ പങ്കാളിത്തം വഹിച്ചുകൊണ്ടു് ജീവിക്കുന്നവരാണ് കര്‍ഷകര്‍. അതുവഴി സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവിളകളും, ജനങ്ങളുപയോഗിക്കുന്ന പല വ്യാവസായിക ഉല്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളായവിളകളും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഞങ്ങള്‍ കര്‍ഷകര്‍ നാളിതുവരെ ഏറെക്കുറെ നിശബ്ദരായിരുന്നു. ഞങ്ങളുടെ ഇതുവരെയുള്ള നിശബ്ദത ഞങ്ങളെ പാടെ അവഗണിക്കുന്നതിനുള്ള അവസരങ്ങളാക്കി ഉപയോഗപ്പെടുത്തി വന്ന ശക്തികള്‍ക്കെതിരെയുള്ള അപ്രതീക്ഷിത ഇടിമുഴക്കമായി മാറിയ ദേശീയ കര്‍ഷക പ്രക്ഷോഭത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യന്‍ കര്‍ഷക സമൂഹത്തിന്റെ ആത്മാഭിമാന ബോധത്തിന്റെ പ്രതിഫലനമായി തുടരുന്ന സമരത്തിന്റെ ഇരുന്നൂറാം ദിവസമാണ് ഇന്ന്. ഈ സമരം പ്രസരിപ്പിക്കുന്ന ഊര്‍ജ്ജും സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അധികാരികളോടും പൊതു സമൂഹത്തോടും നിവര്‍ന്നു നിന്ന് സംസാരിക്കാന്‍ ഞങ്ങള്‍ കര്‍ഷകര്‍ക്ക് കരുത്ത് പകരുന്നു. ജൂണ്‍ 5- 6 തിയതികളില്‍ NAPM കേരളാ ഘടകം സംഘടിപ്പിച്ച കേരളാ ഫാര്‍മേഴ്‌സ് അസംബ്‌ളിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഞങ്ങള്‍ കര്‍ഷകര്‍ സംസാരിച്ചത് ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ്. ഫാര്‍മേഴ്‌സ് അസംബ്‌ളിയില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്ന ഇരുപത്തഞ്ചോളം കര്‍ഷകരും മുപ്പതോളം സ്വതന്ത്ര കര്‍ഷക സംഘടനാ പ്രതിനിധികളും പങ്കുവച്ച അഭിപ്രായങ്ങളെ അധികരിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ ഞങ്ങളുടെ അവകാശമായി 2021 ജൂണ്‍ മാസം 13ന് ഞങ്ങള്‍ കര്‍ഷകര്‍ പ്രഖ്യാപിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

*1* കാര്‍ഷിക ഉല്‍പാദന രംഗത്ത് പ്രായോഗിക അനുഭവജ്ഞാനമുള്ള ഞങ്ങള്‍ക്ക് അക്കാര്യത്തിലല്ല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍ബലം ആവശ്യമുള്ളത്. വിളകളുടെ സംഭരണ- സംസ്‌ക്കരണ- വിപണന രംഗങ്ങളില്‍ ആസൂത്രിതവും കാര്യക്ഷമവുമായ സംവിധാനങ്ങളൊരുക്കുക എന്നതാണ് അടിയന്തിര ആവശ്യം. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവും. ശീതീകരണ സംവിധാനങ്ങളും ഡ്രയറുകളും സംഭരണ കേന്ദ്രങ്ങളും ഉള്‍പ്പടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ പ്രാദേശികമായി ആരംഭിക്കണം.

*2)* എല്ലാകാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പാദനച്ചെലവുകളും കേരളത്തിലെ പൊതുവായ ജീവിത ചെലവുകളും കണക്കിലെടുത്തു കൊണ്ടുള്ള താങ്ങുവില (MSP) പ്രഖ്യാപിക്കുകയും താങ്ങുവില നല്‍കി സംഭരിക്കുകയോ അല്ലെങ്കില്‍ കമ്പോള വില MSP യിലും കുറവായാല്‍ കുറവു വരുന്നതുക കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയോ ചെയ്യുന്നതിനുളള പദ്ധതികള്‍ ഉണ്ടാവണം. കൂടാതെ എല്ലാ വിളകളുടെയും *MSP* കാലാകാലങ്ങളില്‍ നിര്‍ണ്ണയിക്കുന്നതിന് കര്‍ഷകര്‍ക്കു കൂടി പങ്കാളിത്തമുള്ള ഒരു സ്വതന്ത്ര ഏജന്‍സിയുണ്ടാവണം.

*3)* മറ്റേതൊരു തൊഴില്‍ രംഗത്തും ഉള്ളവരെപ്പോലെ ജീവിത സുരക്ഷിതത്വം കര്‍ഷകര്‍ക്കും അവകാശപ്പെട്ടതാണ്. അതു കൊണ്ടു തന്നെ 60 വയസ്സു കഴിഞ്ഞ കര്‍ഷകര്‍ക്ക് മാന്യമായ പെന്‍ഷന്‍, ക്ഷേമനിധി ആനുകുല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവ ഉറപ്പു വരുത്തണം. കൃഷി മുഖ്യ വരുമാന മാര്‍ഗ്ഗമായവരെയെല്ലാം ഇക്കാര്യത്തില്‍ കൃഷിക്കാരായി പരിഗണിക്കണം. കൃഷിക്കു പുറമെ കാര്‍ഷികാനുബന്ധമായ ഏതെങ്കിലും രംഗത്തു കൂടി പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താലോ അതുമായി ബന്ധപ്പെട്ട ക്ഷേമനിധി പോലുള്ള സ്‌കീമുകളിലംഗമാണ് എന്നതോ ആദ്യം സൂചിപ്പിച്ച ആനുകുല്യങ്ങള്‍ നിഷേധിക്കുന്നതിന് കാരണമാവരുത്.

*4)* കാലാവസ്ഥാമാറ്റം മൂലം കര്‍ഷിക രംഗത്തുണ്ടാവുന്ന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള പഠനങ്ങളും പദ്ധതികളുമുണ്ടാവണം അതിവൃഷ്ടി മൂലമുള്ള മണ്ണൊലിപ്പും മണ്ണിന്റെ ഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ,വര്‍ദ്ധിച്ച കീടബാധയും, വിളനാശവുമെല്ലാം കണക്കിലെടുത്തുള്ള യുക്തിസഹവും ഫലപ്രദവുമായ നടപടികളും വിളകള്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തണം.

*5)* കേരളത്തിലെ കൃഷി മേഖലകളില്‍ വ്യാപകമായി വരുന്ന വന്യമൃഗ ശല്യത്തെ നേരിടാന്‍ പ്രായോഗികവും ഫലപ്രദവുമായ ദീര്‍ഘകാല – ഹ്രസ്വ കാല പദ്ധതികളുണ്ടാവണം. വന്യ ജീവികള്‍ വഴിയുണ്ടാവുന്ന വിളനഷ്ടത്തിന് മാന്യമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണം. വന്യ ജീവികളില്‍ നിന്നുള്ള അക്രമണ ഭീക്ഷണിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ എന്ന നിലയില്‍ അത്തരം മേഖലകളിലെ കര്‍ഷകര്‍ക്ക് റിസ്‌ക് അലവന്‍സ് നല്‍കണം. കൂടാതെ വനങ്ങളില്‍ വന്യജീവികള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. വനത്തിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ആവശ്യമായ പഠനം നടത്തി വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതികളുമുണ്ടാവണം.

*6)* ദേശീയ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് ഓരോ പ്രദേശത്തും കാര്‍ഷിക മേഖലയില്‍ ചെയ്യേണ്ട പ്രവര്‍ത്തി എന്താവണമെന്നു് നിശ്ചയിക്കാന്‍ പഞ്ചായത്തുതലത്തില്‍ കര്‍ഷകര്‍ക്കുകൂടി പങ്കാളിത്തമുള്ള സംവിധാനങ്ങളുണ്ടാക്കണം.

*7)* കൃഷിയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളും നയരൂപീകരണങ്ങളും നടത്തുമ്പോള്‍ കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്താന്‍ സ്വതന്ത്ര കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാന തല സംവിധാനമുണ്ടാകണം.

*8)* കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന, ഗവേഷണ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തന മികവു് വിലയിരുത്താന്‍ കര്‍ഷക പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സ്വതന്ത്ര കമ്മീഷനെ നിയോഗിക്കുക.കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷിഭവന്‍ മുതലുള്ള ഈ രംഗത്തെ എല്ലാ ഏജന്‍സികളുടെയും സംവിധാനങ്ങളുടെയും പുന:സംഘടന ആവശ്യമാണ്. അനാവശ്യമായവ നിര്‍ത്തലാക്കുക, സമാനമായവ കൂട്ടിയോജിപ്പിക്കുക, നിലനിര്‍ത്തുന്നവയെ കാര്യക്ഷമമാക്കുകയും വേണം.

*9)* ഭൂവിനിയോഗ നയം രൂപപ്പെടുത്തുക. അതനുസരിച്ചാണ് കാര്‍ഷിക മേഖലയിലെ എല്ലാ നയങ്ങളും പ്രവര്‍ത്തനങ്ങളുമെന്നുറപ്പു വരുത്താന്‍ ഒരു സ്വതന്ത്ര സംവിധാനമുണ്ടാക്കുക.കൃഷിയിടങ്ങളിലെ മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നിശ്ചിത ഇടവേളകളിലെ ഫലപ്രദമായ മണ്ണ് പരിശോധന, ജൈവ വൈവിധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൃഷിഭൂമിയുടെ റാങ്കിംഗ് തുടങ്ങിയവയൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്.

*10)* സമൂഹത്തിന്റെ മൊത്തം നില നില്‍പ്പിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായ ഒരു മേഖല എന്ന നിലയില്‍ സമൂഹത്തിന്റെ കരുതല്‍ ആവശ്യമുള്ള രംഗമാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണന ആവശ്യമുള്ള കൃഷിക്ക് നേരിട്ടു് സബ്‌സീഡികള്‍ നല്‍കേണ്ടതാവശ്യമാണ്. കാര്‍ഷിക സബ്‌സിഡികള്‍ കുറച്ചു കൊണ്ടുവരുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തപ്പെടണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍ സൂചിപ്പിച്ച പത്തു കാര്യങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള പൊതു ആവശ്യങ്ങളാണ്. ഓരോ വിളയുടെയും സവിശേഷതകള്‍ കണക്കിലെടുത്ത് പ്രത്യേകമായ മറ്റ് നിരവധി ആവശ്യങ്ങളും നിലനില്‍ക്കുന്നുണ്ടു്. അവയെല്ലാം തുറന്ന മനസ്സോടെ സര്‍ക്കാരും പൊതു സമൂഹവും മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നത് കര്‍ഷകലക്ഷങ്ങള്‍ അര്‍ഹിക്കുന്ന നീതി മാത്രമാണ്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു് ന്യായമായ പരിഹാരം ഉണ്ടാവുക എന്നത് കര്‍ഷകരോടുള്ള ഔദാര്യമല്ല, അത് കര്‍ഷകരുടെ മാത്രം ആവശ്യവുമല്ല. കാര്‍ഷിക രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാവേണ്ടത് നാട്ടില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വുണ്ടാവാനും, ജനങ്ങള്‍ക്കു് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്താനും, പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പുവരുത്താനും ആവശ്യമാണ്. അതു കൊണ്ടു തന്നെ ഭാവി കേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ഈ വിഷയങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ഞങ്ങളാവശ്യപ്പെടുന്നു. ഈ ആവശ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ക്ക് കഴിയുന്നത്ര സ്ഥലങ്ങളില്‍ രൂപം കൊടുക്കാനുള്ള നിശ്ചയത്തോടെ ഈ അവകാശ പ്രഖ്യാപനത്തെ കര്‍ഷകരായ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു._

കേരള ഫാര്‍മേഴ്സ് അസംബ്ലി
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply