സമരങ്ങള്‍ വീടുകളിലേക്കു മാറുമ്പോള്‍

കഴിഞ്ഞ ദിവസം ശ്രദ്ധേയമായൊരു സമരം കേരളത്തില്‍ നടന്നല്ലോ. കേന്ദ്രത്തിനെതിരെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം നേതൃത്വത്തിലായിരുന്നു സമരം നടന്നത്. സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചല്ല ഈ കുറിപ്പ്. മറിച്ച് ആ സമരത്തിന്റെ രീതിയെ കുറിച്ചാണ്. ഒറ്റനോട്ടത്തില്‍ തീര്‍ച്ചയായും പുരോഗമനപരം തന്നെയാണ് ഈ സമരരീതി. വീടുകളെ സമരവേദികളാക്കുന്ന സമീപനത്തെയാണ് ഉദ്ദേശിച്ചത്. തീര്‍ച്ചയായും സമീപദിവസങ്ങളില്‍ പാലത്തായി സംഭവവുമായി ബന്ധപ്പെട്ടും ചെല്ലാനം സമരവുമായി ബന്ധപ്പെട്ടുമൊക്കെ ഇത്തരം സമരം കേരളത്തില്‍ നടന്നിരുന്നു. എന്നാല്‍ മുഖ്യധാരയില്‍ നിന്നു കാര്യമായി അത്തരം സമരം നടന്നിരുന്നില്ല. കൊവിഡ് കാലത്തും കേരളത്തിനു പുറത്തു പലയിടത്തും സിപിഎം സമരം നടത്തുന്നത് തെരുവില്‍ തന്നെയാണ്. എന്നാല്‍ ഇവിടെ തെരുവില്‍ സമരം ചെയ്യുന്നവരെയെല്ലാം മരണത്തിന്റെ വ്യാപാരികളായാണ് അവര്‍ ആക്ഷേപിച്ചത്. അതിനാലാകാം സമരം വീട്ടകങ്ങളിലേക്ക് മാറ്റിയത്. അപ്പോഴും അത് സ്വാഗതാര്‍ഹം തന്നെ.

രാഷ്ട്രീയപ്രബുദ്ധമെന്ന് സ്വയം അഹങ്കരിക്കുന്നവരാണല്ലോ മലയാളികള്‍. സത്യത്തിലത് കക്ഷിരാഷ്ട്രീയ പ്രബുദ്ധം മാത്രമാണ്. തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെയും നേതാക്കളുടേയും ഏതൊരു നടപടിയേയും ന്യായീകരിക്കല്‍ മാത്രമാണ് നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത. സ്വന്തം രാഷ്ട്രീയബോധത്തില്‍ നിന്നവയെ വിശകലനം ചെയ്യുന്നവരിവിടെ ആരുണ്ട്? ലോകത്തു നടക്കുന്ന ഏതൊരു സംഭവത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നവരാണ് നാം എന്നതും രാഷ്ട്രീയ പ്രബുദ്ധതയുടെ അളവുകോലായി ചൂണ്ടികാട്ടാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏതൊരു ചര്‍ച്ചയും സ്വന്തം വീടിന്റെ ഗേറ്റിനു പുറത്തുനിര്‍ത്താന്‍ നാമെന്നും ശ്രദ്ധാലുക്കളാണ്. കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞ വീടിനകത്തുകയറുമ്പോള്‍ ചെരുപ്പുമാറ്റിയിടുന്നവരാണ് നാം. പുറത്തെ രാഷ്ട്രീയ ജീവിതത്തില്‍ എന്തെല്ലാം പറയുന്നു, ്അതിനെല്ലാം കടകവിരുദ്ധമാണ് വീടുകള്‍ക്കകത്തു നാം. എല്ലാവര്‍ക്കും അറിയാവുന്ന, എന്നാലതില്‍ കാര്യമായി ആരും തെറ്റൊന്നും കാണാത്ത ചില കാര്യങ്ങള്‍ ചൂണ്ടികാട്ടാം. ഏറ്റവും പ്രധാനം ജാതിയുമായി ബന്ധപ്പെട്ടുതന്നെ. ജാതിയുമായി ബന്ധപ്പെട്ട് ഏറ്റവും ചുരുങ്ങിയത് നാരായണഗുരുവിനെയെങ്കിലും ഉദ്ധരിക്കാത്ത ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടാകുമോ? എന്നാലവരില്‍ എത്രപേര്‍ സ്വന്തം വീട്ടിലെ വിവാഹങ്ങളില്‍ അതു പ്രായോഗികമാക്കിയിട്ടുണ്ട്? സ്ത്രീധനത്തിനെതിരെ പ്രസംഗിക്കാത്തവരും ഉണ്ടാകുമോ? അവിടേയും സ്വന്തം വീട്ടിലെ വിവാഹങ്ങളില്‍ ഏതെങ്കിലും രൂപത്തില്‍ സ്ത്രീധനം കൊടുക്കാത്തവര്‍ എത്രപേരുണ്ടാകും? ആര്‍ഭാടവിവാഹത്തിന്റെ കാര്യം പറയാനുമില്ലല്ലോ. സ്വര്‍ണ്ണത്തില്‍ മുങ്ങിനില്‍ക്കുന്ന നേതാക്കളുടെ മ്കകളെയെല്ലാം നാം കണ്ടിട്ടുണ്ടല്ലോ. ലിംഗനീതിയെ കുറിച്ചും സംസാരിക്കാത്ത രാഷ്ട്രീയക്കാര്‍ ഉണ്ടാകില്ല. അക്കാര്യത്തിലും സ്വന്തം വീടുകളിലെന്താണവസ്ഥ എന്നു പരിശോധി്ച്ചാല്‍ യാഥാര്‍ത്ഥ്യം ബോധ്യമാകും. സ്ത്രീകള്‍ പൊതുപ്രവര്‍വര്‍ത്തനത്തിനിറങ്ങുന്നത് എത്രപേര്‍ അംഗീകരിക്കും? ലളിതജീവിതത്തെ കുറിച്ചു പറയ.ുന്നവരുടെ കൊട്ടാരസദൃശമായ വീടുകള്‍ നാം കാണാറുണ്ടല്ലോ. പരിസ്ഥിതി സംരക്ഷണം പറയുമ്പോഴും സഞ്ചരിക്കാന്‍ ആഡംബര കാറുകള്‍ തന്നെ വേണം. പൊതുമേഖലകളെ കുറിച്ചു പറയുമ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കുമൊക്കെ എങ്ങോട്ടാണ് പോകുക എന്നതിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോയ മലയാളത്തെ കുറിച്ച ഘോരഘോരം പ്രസംഗിക്കുന്നവരില്‍ മിക്കവരുടേയും മതക്കള്‍ ഏതു മാധ്യമത്തിലാണ് പഠിക്കുന്നതെന്ന് പരിശോധിക്കാവുന്നതാണ്. സാമ്രാജ്യത്വത്തെ കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കുമ്പോഴും മക്കളെ അമേരിക്കയിലേക്കയക്കുകയാണല്ലോ കൂടുതല്‍ പേരുടേയും സ്വപ്നം? വര്‍ണ്ണവിവേചനത്തെ കുറിച്ചു വാചാലരാകുമ്പോഴും വിവാഹങ്ങളിലെ പ്രധാന പരിഗണന നിറമാണല്ലോ. ഏതൊരു തൊഴിലിനും മാന്യതയുണ്ടെന്നുന്നു പറയുമ്പോഴും മക്കള്‍ നേടേണ്ട ജോലി എത്രയോ കാലം മുമ്പെ തീരുമാനിക്കുന്നവരാണ് നാം ബഹുഭൂരിപക്ഷവും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും മക്കള്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ പിന്തുണക്കുന്ന എത്രപേരുണ്ട്. പകരം രാഷ്ട്രീയമില്ലാത്ത വിദ്യാലയങ്ങളിലല്ലേ പഠിപ്പിക്കുക. മക്കളെ രാഷ്ട്രീയക്കാരാക്കുന്നവരും എത്രപേര്‍? അഥവാ ആക്കുകയാണെങ്കില്‍ മറ്റുള്ളവരെ മറികടന്ന് അനര്‍ഹമായി സ്ഥാനങ്ങളില്‍ എത്തിക്കലല്ലേ ലക്ഷ്യം? അതും സ്വന്തം പാര്‍ട്ടയില്‍ മാത്രം. സ്ത്രീകളുടെ സ്വാശ്രയത്വത്തെ കുറിച്ചൊക്കെ പറയുമ്പോഴും അവരുടെ വരുമാനത്തെ പോലും നിയന്ത്രിക്കുന്നത് ആരാണ്? വീട്ടുജോലിയെ മാന്യമായ തൊഴിലായി ഇനിയും നാം അംഗീകരിച്ചിട്ടുണ്ടോ?

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ സമരം നടന്നത്. തീര്‍ച്ചയായും വീട്ടകങ്ങളെ രാഷ്ട്രീയവേദിയാക്കലായിരുന്നില്ല ആത്യന്തികലക്ഷ്യം. മറിച്ച് കൊവിഡ് മൂലം അതിനു നിര്‍ബന്ധിതമാകുകയായിരുന്നു. ഇനിയെന്തായാലും മറ്റു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വഴി സ്വീകരിക്കുമായിരിക്കാം. കൊവിഡിനു നന്ദി. പക്ഷെ അപ്പോഴും വളരെ പ്രസക്തമായ മറ്റൊരു വിഷയം ബാക്കിയുണ്ട്. ഈ സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട മിക്കവാറും പോസ്റ്റുകളില്‍ കുടുംബം ഒന്നടങ്കമാണ് സമരത്തില്‍. അതായത് കുടുംബനാഥന്റെ തീരുമാനം നടപ്പാക്കപ്പെടുന്നു എന്നു മാത്രം. കുടുംബനാഥനൊപ്പമിരിക്കുന്ന കുടുംബാംഗങ്ങളില്‍ മഹാഭൂരിപക്ഷവും ഇന്നോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരുമല്ല. അതിനാല്‍ തന്നെ വീടിനകത്തെ മറ്റെല്ലാ വിഷയങ്ങളേയും പോലെ ഇവിടേയും കുടുംബനാഥനായ പുരുഷന്റെ തീരുമാനം നടപ്പാക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് കരുതാം. പണ്ടൊക്കെ ഒരേ വീടുകളില്‍ വ്യത്യസ്ഥ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ കാണാമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സന്ദശേം സിനിമയിസേതുപോലുള്ള പോലുളള വീടുകള്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അതൊരു അപൂര്‍വ്വ കാഴ്ചയാണ്. രാഷ്ട്രീയനിലപാടും ആര്‍ക്കുവോട്ടുചെയ്യണമെന്നതുമൊക്കെ ഗൃഹനാഥന്‍ തീരുമാനിക്കുന്ന അവസ്ഥ തന്നെയാണ് മിക്ക വീടുകളിലും. ഇത്തരം സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ സിപിഎം സമരത്തില്‍ വീട്ടകത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരുക എന്ന പുരോഗമനവശത്തിനൊപ്പം വളരെ പ്രതിലോമകരമായ അംശങ്ങളുമുണ്ടെന്ന് പറയാതിരിക്കാനാവില്ല. അവ തിരുത്താനാണ് വരും ദിനങ്ങളില്‍ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. അക്ഷരാര്‍ത്ഥത്തിില്‍ വീട്ടകങ്ങളെ രാഷ്ട്രീയ ഇടങ്ങളാക്കി മാറ്റുക തന്നെ വേണം.

വാല്‍ക്കഷ്ണം – വീട്ടകത്തെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ സമരവേദിയാക്കിയ ഒരു സന്ദര്‍ഭം വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം കണ്ടിരുന്നു. 1996 ല്‍ കാസര്‍ഗോഡായിരുന്നു സമരം അരങ്ങേറിയത്. അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപമായിരുന്നു അത്. 1993 ഒക്ടോബര്‍ ആറിന് കണ്ണൂര്‍ കോട്ട കാണാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ മൈമൂന എന്ന യുവതി ലൈംഗികമായി അക്രമിക്കപ്പെട്ടു. പോലീസില്‍ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, ഒത്തുതീര്‍പ്പിനാണ് പോലീസ് ശ്രമിച്ചത്. ഭര്‍ത്താവുപോലും ഒത്തുതീര്‍പ്പിനായി അവരെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാനായിരുന്നു കാസര്‍ഗോഡ് കൊല്ലാട് സ്വദേശിനി മൈമൂനയുടെ തീരുമാനം. പക്ഷെ മൂന്നുവര്‍ഷമായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ടിരുന്ന സ്ത്രീനീതി സമിതിയുടെ നേതൃത്വത്തില്‍ 1996 ആഗസ്റ്റ് 11ന് അടുക്കള സമരം പ്രഖ്യാപിക്കപ്പെട്ടത്. കാലങ്ങളായി അടിമപ്പണിയെപോലെ തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടുക്കള പണികള്‍ ബഹിഷ്‌കരിക്കാനായിരുന്നു സമിതിയുടെ നേതൃത്വതത്ില്‍ സ്ത്രീകളുടെ തീരുമാനം. അജിതയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ എറ്റവും അപഹാസ്യമായ സംഭവം സിപിഎം അതിനെതിരെ രംഗത്തുവന്നതാണ്. ഭരിക്കുന്ന തങ്ങളുടെ സര്‍ക്കാരിനെതിരായ നീക്കമായാണ് അവര്‍ സ്ത്രീകളുടെ ഈ പോരാട്ടത്തെ വ്യാഖ്യാനിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടുക്കള സമരത്തിനെതിരെ പ്രകടനവും നടത്തി. ഈ പുതിയ സാഹചര്യത്തില്‍ അന്നത്തെ നിലപാട് പുനപരിശോധിക്കാന്‍ സിപിഎം തയ്യാറാകുമെന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply