കൊവിഡ് കാലം നമ്മുടെ കാഴ്ചശക്തി കൂട്ടുന്നു

മനുഷ്യാവകാശം പെട്ടെന്ന് ഒരു ചെറിയ സംജ്ഞയായി. ജൈവനീതിയും ജീവാവകാശവുമായി അവകാശത്തിന്റെ പരിധി പുതിയൊരു ജീവല്‍ പ്രപഞ്ചദര്‍ശനത്തോളും പ്രതിരോധവിപുലമായി. ഭൂമിയുടെ അവകാശികളെന്ന് ബഷീര്‍ കാണിച്ച ജീവപ്രപഞ്ചത്തോട് മനുഷ്യര്‍ ഇന്നു പുലര്‍ത്തുന്ന സാഹോദര്യവും സ്‌നേഹവും ധര്‍മ്മവും മൂല്യബോധവും മനുഷ്യരുടെ രോഗപ്രതിരോധശക്തികൂടി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കരുത്തുറ്റ പ്രതിരോധസൈന്യമായി ഈ മാനസികയുദ്ധത്തില്‍ ആ സഹജീവി പരിഗണന നമ്മുടെ പോരാട്ട വീര്യം തീര്‍ച്ചയായും സജീവമാക്കുന്നുണ്ട്.

കൊറോണക്കെതിരായ പോരാട്ടത്തിലാണ് ഇന്നു ലോകം. നിയമവും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും വൈദ്യശാസ്ത്രവുമുള്‍പ്പെടെ ലോകം മുഴുവന്‍ വ്യാപിച്ച പോരാട്ടത്തിന്റെ ചരിത്രമായിരിക്കുന്നു ഇന്നത്തെ ലോകചരിത്രം. ഇതുപോലൊന്ന് എന്റെ അറിവിലില്ല. ലോകം അവസാനിക്കുന്നതായി പണ്ടു പല പഴങ്കഥകളിലും കേട്ടിട്ടുണ്ട്. പടുകൂറ്റന്‍ ചിറകുകള്‍ വീശി പറന്ന പര്‍വ്വതപക്ഷികളും ദിനോസറുകളും ആദിമഗോത്രങ്ങകളുമുള്‍പ്പെടെ അനവധി ജീവവംശങ്ങള്‍ നശിച്ചിട്ടുണ്ട് പ്രകൃതിയുടെ മഹാചരിത്രത്തില്‍. പഴമയുടെ ഇല്ലാതാകലിനെ പറ്റിയും പുതുമയുടെ ഉദിച്ചുയരലിനെ പറ്റിയും കുറെ കേട്ടിട്ടുണ്ട്. മഹാപ്രളയം, മഹാമാരി, മഹായുദ്ധം, അണുബോംബ്, മനുഷ്യാവസാനം, ലോകാവസാനം തുടങ്ങിയവയൊക്കെ പണ്ടു പണ്ടേ കേട്ടിട്ടുണ്ട്. പുരാണമോ അമ്മൂമ്മകഥയോ ചരിത്രമോ അവയുടെ കോണും മൂലയുമോ ആയിരുന്നു ആ കേള്‍വികള്‍. വീട്ടിലെ ഇരുട്ടിനു ആഴം കൂടുന്ന അത്താഴം കഴിഞ്ഞുള്ള അമ്മൂമ്മ കഥകളിലായിരുന്നു ആ കേള്‍വി കൂടുതല്‍. നാട്ടിലെ പ്രൈമറി സ്‌കൂളിലേക്കുള്ള യാത്രകളിലായിരുന്നു ചിലതു കേട്ടത്. നിമിഷ ചരിത്രകാരന്മായിരുന്നു അന്നത്തെ സഹയാത്രികരായിരുന്ന സഹപാഠികള്‍. നിമിഷ ചരിത്രകാരന്മാരും നിമിഷ ശാസ്ത്രജ്ഞന്മാരുമായിരുന്നു ആ കുട്ടിമായാവികളില്‍ പലരും. എന്തും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുള്ളവരായിരുന്നു നാട്ടിലെ പഴമക്കാര്‍. അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നു പ്രപഞ്ച വിജ്ഞാനത്തിന്റെ ഓരോ തുണ്ടെങ്കിലും. സര്‍വ്വനാശത്തിന്റെ ഓരോ കഥയെങ്കിലും. വലിയൊരു ഫാന്റസി യൂണിവേഴ്‌സിറ്റിയായിരുന്നു ആറുപതിറ്റാണ്ടുമുന്നത്തെ ഏതു ഗ്രാമവും.

എന്നാല്‍ പണ്ടുകേട്ട ഫാന്റസിയുടെ തുടര്‍ച്ചയല്ല ലോകം മരണത്തെ മുഖാമുഖം കാണുന്ന ഇന്നത്തെ കൊവിഡ് വൈറസിന്റെ പടയോട്ടകഥ. ഭീതിയായും ആധിയായും മനുഷ്യന്റെ പരിഹാര പ്രക്രിയക്ക് വെല്ലുവിളിയായും ദിവസം തോറും വളരുന്ന ദുരന്തസീരിയലുകളായും ചെറുതുകളുടെ സൈന്യം മഹാമാരിയായി ലോകം നിറയുന്നു. പ്രവചിക്കാനാവുന്നില്ല നമുക്കതിന്റെ വിന്യാസത്തെ. യുദ്ധതന്ത്രത്തെ. പടര്‍ച്ചയെ. ചെറുതിലും ചെറുതായ സൂക്ഷ്മജീവികള്‍ വലുതിലും വലുതായ മനുഷ്യപ്രതാപത്തെ അട്ടിമറിക്കുന്നു. ചെറുത് ഭീകരം എന്നിനി പറയാതെ വയ്യ. ചെറുത് സുന്ദരം എന്ന് പറയാനും വയ്യ. കോവിഡിന്റെ ഭ്രാന്തന്‍ പകര്‍ച്ച തടയാന്‍ നാം പുറമെ അകന്നും അകമെ അടുത്തും നിന്നു. ലോകത്തെ വീടുകളാക്കി നുറുക്കി. വീടുകളിലടച്ചു. നഗരങ്ങളെ ആളനക്കമില്ലാത്ത പഴങ്കാലമാക്കി. പാതകളില്‍ അരണ്ട ജാഗ്രതയും മൗനവും വിരിച്ചു. അങ്ങിങ്ങെങ്കിലും മാനും മയിലും കാട്ടുപക്ഷികളും കടുവകളും പ്രതിനാഗരികതയുടെ വരവറിയിച്ചു. ഓരോ പ്രഭാതവും വീടുകളിലേക്ക് പാലും വാര്‍ത്തയും പുതിയ മരണകണക്കുകളുമായി വരുന്നു. പുതിയ രോഗികളുടെ കണക്കുകള്‍. അതിജീവിച്ചവരുട കണക്കുകള്‍. ആവുന്നത്ര ജീവന്‍ രക്ഷിക്കാന്‍ സമയം മുഴുവന്‍ സ്വയം മറന്ന് രക്ഷായുദ്ധം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍, സന്നദ്ധ സേവകര്‍, പോലീസുകാര്‍ തുടങ്ങിയവരുടെ കണക്കുകള്‍. ആശുപത്രികളുടേയും വെന്റിലേറ്ററുകളുടേയും കിടക്കകളുടേയും ആംബുലന്‍സുകളുടേയും ചികിത്സാകിറ്റുകളുടേയും കണക്കുകള്‍. കണക്കുകള്‍ക്കപ്പുറം അഭയാര്‍ത്ഥികളായി നരകിക്കുന്ന അഭയാര്‍ത്ഥി തിരമാലകള്‍. സ്വന്തം ഊരു ദൂരെ ദൂരെ എന്ന് അവരോട് പറയുന്ന നെടുമ്പാതകള്‍. വിശപ്പുകള്‍, മുഷിവുകള്‍, നോവുകള്‍, വിണ്ട പാദങ്ങള്‍ കൊണ്ട് ദൂരം ഇഴഞ്ഞുതാണ്ടുന്ന ദരിദ്ര വൃദ്ധര്‍, ദരിദ്ര സ്ത്രീകള്‍, ദരിദ്ര കുട്ടികള്‍, മുഷിഞ്ഞ ഭാണ്ഡങ്ങള്‍. മരിച്ചവരും അനാഥരുമായ അനേക ലക്ഷങ്ങളില്‍ ചവിട്ടി മഹാമാരി ഭൂമിയും ആകാശവും നിറഞ്ഞു നില്‍ക്കുന്നു. ഇത്രയേയുള്ളൂ നിന്റെ പത്രാസെന്ന് ലോകത്തെ പുച്ഛേെത്താടെ നോക്കുന്നു.

കോടാനുകോടി വീടുകളില്‍. ലോകത്തെ പുറത്തിട്ടടച്ചിട്ടും ലോകം പുറത്താകാതെ മനസ്സില്‍ പേറുന്നവര്‍.  എപ്പോഴും പ്രതിരോധ സജ്ജരായിരിക്കുന്നവര്‍. ഇന്നോളമുണ്ടായിട്ടില്ലാത്ത ജാഗ്രതയോടും രോഗജാഗ്രതയോും മൃത്യുജാഗ്രതയോടും ലോകജാഗ്രതയോടും കരുതിയിരിക്കുന്നവര്‍. ജാതിഗര്‍വ്വും മതഗര്‍വ്വും ഫാസിസ്റ്റ് വിഷവും വര്‍ഗ്ഗീയ ക്രൗര്യവും തല്‍ക്കാലത്തേക്കെങ്കിലും മൂടിപ്പിടിച്ചിരിക്കുന്നവര്‍. കൊറോണ കൊണ്ടുവന്ന അരണ്ട ലോകദൃശ്യം പോലെ അവരവരുടെ ആയുസ്സ് കണ്ടിരിക്കുന്നവര്‍. വീട്ടിലെ തണല്‍ മതിയാകില്ല ജന്മത്തിന്റെ വേനല്‍ താണ്ടാനെന്ന് ലോകത്തണലിനു കൊതിക്കുന്നവര്‍. ആളൊഴിഞ്ഞ മൂകതയില്‍ പാതയുടെ പാട്ട് മായുന്നത് വേദനയോടെ കണ്ടിരിക്കുന്നവര്‍.

ഏതു ലോകമഹായുദ്ധവും പോലെ കൊറോണ യുദ്ധവും ഒരു സമഗ്രയുദ്ധമാണ്. സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ യുദ്ധം. ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും കാണാത്ത ഒരുമയോടെയാണ് ലോകം കൊറോണ വൈറസ് എന്ന വിപത്തിനെ നേരിടുന്നത്. പ്രതിസന്ധിയില്‍ ഒരുമിക്കാന്‍ കഴിയുന്നതില്‍ ജീവന്റെ അതിജീവന ചോദനകളുണ്ട്. ഒരു ജീവനിലെ സ്‌നേഹസംഗീതം മറ്റുജീവനുകളിലേക്കും പടരുന്നുണ്ട്. അതുകൊണ്ടാണ് വലിയൊരളവ് നാം പ്രതിരോധിക്കുന്നതും ജയിക്കുന്നതും. മനുഷ്യന്റെ ജയം കൂടിയും കൊറോണയുടെ കോയ്മ കുറഞ്ഞും വരുന്നുണ്ട് ചില രാജ്യങ്ങളിലെങ്കിലും. വിയോജിപ്പുകള്‍ മറന്ന് യോജിപ്പിന്റെ ജയമാണത്. അത് നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പതനഭയങ്ങളില്‍ നിന്നു നമ്മെ ഉയര്‍ത്തുന്നുണ്ട്. വംശദുരന്തം ആസന്നമെന്ന ഭീതിയില്‍ നിന്ന നമ്മെ രക്ഷിക്കുന്നുണ്ട്. നമ്മുടെ പ്രത്യാശ ഉജ്ജ്വേലിപ്പിക്കുന്നുണ്ട്. നമ്മില്‍ നന്മയും സഹജീവി സ്‌നേഹവും ആളിക്കുന്നുണ്ട്. ഭൂമിയുടെ അവകാശികളെന്ന് ബഷീര്‍ കാണിച്ച ജീവപ്രപഞ്ചത്തോട് മനുഷ്യര്‍ ഇന്നു പുലര്‍ത്തുന്ന സാഹോദര്യവും സ്‌നേഹവും ധര്‍മ്മവും മൂല്യബോധവംു മനുഷ്യരുടെ രോഗപ്രതിരോധശക്തികൂടി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കരുത്തുറ്റ പ്രതിരോധസൈന്യമായി ഈ മാനസികയുദ്ധത്തില്‍ ആ സഹജീവി പരിഗണന നമ്മുടെ പോരാട്ട വീര്യം തീര്‍ച്ചയായും സജീവമാക്കുന്നുണ്ട്.

മനുഷ്യാവകാശം പെട്ടെന്ന് ഒരു ചെറിയ സംജ്ഞയായി. ജൈവനീതിയും ജീവാവകാശവുമായി അവകാശത്തിന്റെ പരിധി പുതിയൊരു ജീവല്‍ പ്രപഞ്ചദര്‍ശനത്തോളും പ്രതിരോധവിപുലമായി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേരളസര്‍ക്കാര്‍ പരിഗണിക്കുന്നത് വിഭിന്ന സാമ്പത്തിക വിചാരങ്ങളിലെ ആധികള്‍ മാത്രമല്ല, പ്രകൃതിയിലെ നമ്മുടെ സഹജീവികളുടെ മുഴുവന്‍ ജീവന്റെ നൈതിക അവകാശങ്ങള്‍ കൂടിയാണ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ കേരളത്തിന്റേത് മഹത്തായ മാതൃകയാണെന്ന് ലോകം അംഗീകരിക്കുന്നു. ബഹുമുഖ ചികിത്സാ ജാഗ്രതയും കരുതലും സഹകരണവും ഒരുമയും എത്തിക്കാവുന്ന ഏതു ദൂരം വരേയും എത്തിക്കുന്ന സഹായങ്ങളും ഭാവികാഴ്ചയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഈ ജൈവനീതി ദര്‍ശനം കൂടി ഈ മാതൃകാ ബഹുമതിക്ക് ഒരു ഘടകമാണ്.

കൊറോണകാലം നമ്മുടെ കാഴ്ചശക്തി കൂട്ടിയിട്ടുണ്ട്. ഇന്നലെ കേട്ടു ചണ്ഡിഗഡില്‍ നിന്ന് ചിലര്‍ ഹിമാലയം കണ്ടെന്ന്. 1990ല്‍ സമീപത്തെ ഒരു മലമുകളില്‍ കയറി കാഞ്ചന്‍ഗംഗ കാണാന്‍ തണുത്തുവിറച്ചു കാത്തുനിന്ന പ്രഭാതം ഞാന്‍ ഓര്‍ത്തു. കണ്ടില്ല. മലിനമായ വായു ആ കാഴ്ച മറച്ചുപിടിച്ചിരുന്നു. അതാര്യമായ ഒരു വെള്ളത്തിരശീലയായിരുന്നു ആ വായു. വായുമലിനീകരണം കൊണ്ടു കാണാതായ ദൂരകാഴ്ചകളും ആഴകാഴ്ചകളും മനകാഴ്ചകളും സഹജീവികാഴ്ചകളും ജാതി മത സംസ്‌കാര മലിനീകണം കുറഞ്ഞ ഈ ലോക് ഡൗണ്‍ കാലത്ത് തെളിഞ്ഞു കാണാമെന്നായിട്ടുണ്ട്. വിപല്‍കാലം അങ്ങനെയാണ്. കാഴ്ചശക്തി കൂട്ടും. ലോകകാഴ്ച കൂട്ടും. ഉള്‍കാഴ്ച കൂട്ടും. നമ്മെ നാം കൂടുതല്‍ കാണും. ജീവന്റെ വിലോലത കാണും. നമ്മുടെ നിസ്സാരതയും സാരതയും കാണും. ഗര്‍വ്വും ക്രൗര്യവും ആത്മീയ മലിനീകരണവും നമ്മില്‍ കുറഞ്ഞിട്ടുണ്ടെന്ന് കാണും. നാം കൂടുതല്‍ നന്മ ശ്വസിക്കും. ആഴത്തില്‍ ഊറിത്തുടങ്ങിയ തെളിമയും ശുദ്ധിയും കൊണ്ടാവണം കൊറോണ കാലത്ത് നമ്മുടെ ഭാഷയും പണ്ടത്തേക്കാള്‍ സുതാര്യമായിട്ടുണ്ട്.

ഒരുപക്ഷെ പ്രതീതിബോധത്തില്‍ നിന്ന് യാഥാര്‍ത്ഥ്യധാരണയിലേക്ക് വര്‍ത്തിക്കുന്ന ഈ കാഴ്ചശക്തികള്‍ക്കൊപ്പം ചില കാണായ്മകള്‍ ഇന്നും നമ്മില്‍ തുടരുന്നുണ്ടെന്നും തോന്നുന്നു. നിരപരോധികളോ നീതിക്കുവേണ്ടി പോരാടിയവരോ ആയവര്‍ യു എ പി എ ചുമത്തിയും മറ്റും ഇന്നും തടവറകളില്‍ നരകിക്കുകയാണ്. പുതിയ അറസ്റ്റുകള്‍ ഉണ്ടാകുന്നുണ്ട്. നിയമചതികളുണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ചൈനയിലും തുര്‍ക്കിയിലും ശ്രീലങ്കയിലും മറ്റനേകം രാജ്യങ്ങളിലും ഭരണകൂട ഭീകരതകള്‍ ലോകമറിയാതെ തുടരുന്നുണ്ട്. കൊറോണയെ നാം പോരാടി തോല്‍പ്പിക്കും. ജനാധിപത്യവ്യവസ്ഥയുടെ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന ഫാസിസ്റ്റ് വൈറസുകളെയോ? ബോറന്മാരും നീചന്മാരും ദുര്‍ബുദ്ധികളും സേച്ഛാധിപതികളും സംസ്‌കാരത്തിലെ ചിരജീവി വൈറസുകള്‍ തന്നെയാണ്. കൊറോണകാലം കഴിഞ്ഞാലും അവ ലോകത്ത് തുടരും. ആ ജാഗ്രത നമുക്കെന്നും വേണം.

(കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ‘അതിജീവനത്തിന്റെ മൊഴികള്‍’ പ്രഭാഷണ പരമ്പരയില്‍ സംസാരിച്ചത്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply