വേണം വൈദ്യശാസ്ത്രത്തില്‍ കമ്പോളവും അധികാരവും നിയന്ത്രിക്കാത്ത ഗവേഷണം

അലോപ്പതിയെ പാടെ നിഷേധിച്ച് ഹോമിയോപ്പതിയോ മറ്റേതെങ്കിലും ചികിത്സരീതിയോ ആണ് പൂര്‍ണ്ണം എന്നൊരു നിലപാടും എനിക്കില്ല .ഹോമിയോപ്പതി പഠനഗവേഷണങ്ങള്‍ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിമിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അതിന്റെ കാരണങ്ങളും പരിഹരിക്കപ്പെടുന്നതോടെ മാത്രമേ ശരിയായൊരു ആരോഗ്യ സംവാദത്തിനുപോലും സാധ്യതയുള്ളു. ജനസൗഹൃദമായൊരു ശാസ്ത്രഗവേഷണബോധം മാത്രമേ അതിനനുവദിക്കുകയുള്ളു. നിലവിലെ കള്ളികള്‍ക്കപ്പുറത്തേക്ക് ശാസ്ത്രം വികസിച്ചു കൊണ്ടേയിരിക്കും. കമ്പോളവും അധികാരവും നിയന്ത്രിക്കാത്ത ഗവേഷകരും ഗവേഷണവും ജനങ്ങളിലേക്ക് ഇറങ്ങിവരുന്നൊരു കാലത്തിനായ് ചോദിച്ചുകൊണ്ടേയിരിക്കാം. ലോകജനതയുടെ കോവിഡ് മരണഭീതിയെ യഥാര്‍ത്ഥ ശാസ്ത്രബോധനത്തിലൂടെ മറികടക്കാം. അതാകട്ടേ സംവാദങ്ങളുടെ കേന്ദ്രബിന്ദു.

ഹോമിയോപ്പതി അടക്കമുള്ള അംഗീകൃത ഇതര ചികിത്സ സംവിധാനങ്ങളിലെ മരുന്നുകള്‍ കോവിഡ് രോഗ നിയന്ത്രണത്തില്‍ ഉപയോഗിക്കുന്നതിലെ തടസമെന്താണെന്നൊരു ചോദ്യം ഞാനടക്കമുള്ള ചിലര്‍. ഉയര്‍ത്തിയിരുന്നു. രോഗികളുടെ എണ്ണം ദിനം പ്രതി രണ്ടായിരത്തിനുമുകളില്‍ ആകുകയും നാളിതുവരെ രാപകലില്ലാതെ ഈ ദുരന്തത്തെ മറികടക്കന്‍ ഓടിനടന്നവരില്‍ പലരും രോഗത്തിനുകീഴ്‌പെടുകയും ചെയ്യുന്ന സാഹചര്യത്തോടെ ഇപ്പോള്‍ .സ്വാഭാവികമായും കൂടൂതല്‍ ഇടങ്ങളില്‍ നിന്നു സമാനമായ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. സാമൂഹിക-വിവരവിനിമയ സങ്കേതങ്ങളുടെ വികാസം മൂലം മറ്റു രാജ്യങ്ങളിലും ഇന്‍ഡ്യയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഇതര വൈദ്യശാസ്ത്രത്തെ പ്രയോജനപ്പെടുത്തിയ വിവരങ്ങള്‍ സാധാരണജനങ്ങളില്‍ പോലും വിരല്‍തുമ്പില്‍ കിട്ടി തുടങ്ങി. അതോടെ അവരുടെ ചോദ്യങ്ങള്‍ക്കുകൂടി തൃപ്തികര മായൊരു മറുപടി കണ്ടെത്തുകയെന്നത് കേരളത്തിലെ ആരോഗ്യശാസ്ത്രം മെന്നാല്‍ അലോപ്പതി മാത്രമാണെന്ന കടുംപിടുത്തക്കാരുടെ ബാധ്യതയായി മാറി.

കോവിഡ്-2 എന്ന വൈറസ് രോഗത്തിനു മുന്നില്‍ ലോകആരോഗ്യശാസ്ത്രരംഗത്തെ ഗവേഷകര്‍ മുഴുവന്‍ പരിഹാരത്തിനായി അശ്രാന്തപരിശ്രമത്തില്‍ തന്നെയാണെന്ന് കാണാം. ഒപ്പം ഇതിന്റെ ദുരിതം നേരിട്ട് അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പകച്ച്‌നില്പൂം കഷ്ടപ്പാടുകളും നിമിഷംപ്രതിയെന്നോണം ലോക മാധ്യമങ്ങള്‍ പുറത്തെത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍, സാധ്യതകള്‍, ആരോഗ്യ-രാഷ്ട്രീയ -സാമ്പത്തിക സാമൂഹികരംഗത്ത് സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ ദുരന്തം മറികടക്കുന്നതിനുള്ള ജനകീയ വഴികളെ ജനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യരംഗത്തെ ജനപക്ഷവിദഗ്ധര്‍ നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്രമാധ്യമങ്ങളിലും വന്ന പഠനങ്ങളെ അധികരിച്ച് മലയാളത്തിലും ചെറിയ ലേഖനങ്ങളും അതിന്റെ വിശദീകരണങ്ങളും വന്നു. ഇതിന്റെ പിന്നിലെ അധികം വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത വശങ്ങളെ പ്രതിപാദിച്ച് ഞാനടക്കമുള്ളവര്‍ തെളിവുകള്‍ നിരത്തികൊണ്ട് തന്നെ എഴുതിയിരുന്നു.

എന്നാല്‍ ലോകവ്യാപകമായി ഉയര്‍ന്നുവന്നൊരു ദുരന്തപ്രതിസന്ധിയെ മൂലധനമാക്കി മാറ്റി എങ്ങനെ തങ്ങളുടെ താത്പര്യങ്ങളും ലോകമേധാവിത്വവും നിലനിര്‍ത്തമെന്ന മത്സരവും ശക്തമായിതന്നെ ആരംഭിച്ചു .നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാരമാധ്യമങ്ങളടക്കം അറിഞ്ഞും അറിയാതെയും നിരന്തര ഭയനിര്‍മ്മിതിയിലൂടെ ജനങ്ങളുടെ പൊതുശാസ്ത്രബോധത്തെ മരണഭയത്തിനു കീഴ്‌പ്പെടുത്തി നിറുത്തി അധികാരത്തിന്റെ ശാക്തികചേരിക്കൊപ്പംകൂടി. കേരളത്തിലെ ശാസ്ത്രത്തിന്റെ വക്താക്കള്‍ എന്ന അവകാശപ്പെടുന്നവര്‍ അന്താരാഷ്ട്ര ശാസ്ത്രമാസികകളില്‍ വന്ന ലേഖനങ്ങളും പഠനങ്ങളും കണ്ടതേയില്ല. ഇത്തരം ലേഖനങ്ങളില്‍ എന്താണ് പറയുന്നത് എന്ന് നോക്കി വിശകലനം ചെയ്യുന്നതിനുപകരം ആരാണ് പറയുന്നത് എന്നതില്‍ അധിഷ്ഠിതമായ മുന്‍വിധികളിലാണ് ഇക്കൂട്ടര്‍ കേന്ദ്രീകരിച്ചത്. അതുകൊണ്ട് തന്നെ ഈ മഹാമാരിയുടെ പിന്നിലുള്ള മറ്റുതാത്പര്യങ്ങളെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ജനങ്ങളുടെ ഭാഷയില്‍ പറയാന്‍ ശ്രമിച്ച ഞാനടക്കമുള്ളവരുടെ അതിനുള്ള യോഗ്യത എന്ത് എന്നതാണ് അവരുടെ ശാസ്ത്രബോധത്തെ അലസോരപ്പെടുത്തിയതും ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാകുന്നതും. അവരുടെ ഭാഗ്യവശാല്‍ നിര്‍ബന്ധിത വാക്‌സിനെതിരെ നടന്ന പ്രചാരണകാലത്തെ പോലെ തന്നെ ഇത്തവണയും ഞാനടക്കം ചില ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ആദ്യം മുതല്‍ സജീവമായി ഇതിലും ഉണ്ടെന്നത് ചര്‍ച്ചകളെ ‘ഹോമിയോപ്പതി എന്ന ശാസ്ത്രത്തിന്റെ ശാസ്ത്രീയത ഞങ്ങളുടെ മുന്നില്‍ തെളിയിച്ചിട്ടു മതി ബാക്കിയൊക്കെ’എന്ന ചില കേവല യുക്തിവാദികളുടെ അശാസ്ത്രിയവും അരാഷ്ട്രീയപരവുമായ കടുംപിടുത്തതിന്റെ ദിശയിലേക്ക് മാറ്റി.

ലോകത്തിന്റെ അധികാരകേന്ദ്രങ്ങളെ പോലും നിയന്ത്രിക്കുന്ന ഗാവി, മിലിന്‍ഡ ഫൗണ്ടേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ കോടികള്‍ മുതല്‍മുടക്കി വാക്‌സിന്‍ ഗവേഷണവും നിര്‍മാണവും കച്ചവട സാധ്യതകളും അതിനുള്ള മുന്നൊരുക്കങ്ങളില്‍ ആണെന്ന് മാത്രമല്ല. മരുന്നു-വാക്‌സിന്‍ ഗവേഷണത്തിന്റെ നിലവിലുള്ള നിയമങ്ങളെയും നൈതികനിയന്ത്രണങ്ങളെയും മറികടക്കാന്‍ ഒരവസരമായി ദുരന്തത്തേയും മരണങ്ങളെയും ഉപയോഗിക്കുന്നത് കാണാം .കേരളത്തിലെ ആരോഗ്യവകുപ്പ്, ഐ.എംഎ പോലെയുള്ള സ്വകാര്യസംഘടനയുടെ നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ വഴിപ്പെടേണ്ടിവരുന്ന അവസ്ഥ മുന്‍പും ഉണ്ടായിട്ടുണ്ട്.1980കളുടെ രണ്ടാംപകുതിയിലാണ് ആയൂര്‍വേദ/ഹോമിയോ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായുള്ള സര്‍ജറി- ഗൈനക്കോളജി ക്ലിനിക്കല്‍ പ്രയോഗികക്ലാസുകള്‍ക്ക് മെഡിക്കല്‍കോളേജുകളിലും ജില്ല ആശുപത്രികളിലും പഠനസൗകര്യമൊരുക്കുന്നതിനെതിരെ രംഗത്തുവന്നത് ഇത്തരം സംഘടനകളുടെ മുന്‍കൈയില്‍ തന്നെയാണ്. നിപ്പ പടര്‍ന്ന് പിടിച്ച സമയത്ത് ഹോമിയോപ്പതി പൊതുപ്രതിരോധമരുന്ന് / ചികിത്സ നല്കിയ സമയത്തും ഇതേ പോലെ തന്നെ ശാസ്ത്രീയയുക്തി എന്നപേരില്‍ ഇവരൊക്കെ രംഗത്തു വന്നിരുന്നു. അതുകൊണ്ട്തന്നെ ഇപ്പോഴെത്തെ പ്രതിവാദങ്ങളില്‍ കാര്യമായ കഴമ്പില്ലയെന്നു ഈമേഖലയിലുള്ള നിഷ്പക്ഷമായി കാര്യങ്ങളെ നോക്കി കാണുന്നവര്‍ക്ക് ബോധ്യപ്പെടും നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു സംവാദം സാധാരണ ജനങ്ങള്‍ക്കൊ പൊതുശാസ്ത്രസമൂഹത്തിനൊ ഒട്ടും ഗുണകരമല്ലയെന്നതു കൊണ്ടാണ് ഹോമിയപ്പതിക്കെതിരെ ഉയര്‍ത്തിയ ഇത്തരത്തിലുളള കപടശാസ്ത്രവാദവും മറ്റും അവഗണിച്ചത്. ഇതല്ല ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയം എന്ന സാമാന്യയുക്തിയും സാമൂഹികബോധവുമാണ് മൗനം പാലിക്കാന്‍ നിര്‍ബന്ധിതനാക്കിയത് .

കേരളത്തിലെ ആരോഗ്യശാസ്തര്രംഗത്തെ അവസാനവാക്ക് ഞങ്ങളാണെന്ന് സ്വയം കരുതുന്ന ചിലരുടെ പൊതുബോധം ഇങ്ങനെയാണ്-‘ആരോഗ്യരംഗത്തെ അശാസ്ത്രീയതകളോ അനീതികളോ അടക്കം തെറ്റായ പ്രവണതകളെ ചൂണ്ടികാട്ടാനും തിരുത്താനുമുള്ള അവകാശം ഞങ്ങള്‍ക്ക് മാത്രമാണ് . മറിച്ച് അതുപറയുന്ന നിങ്ങളാരെങ്കിലും അംഗീകൃത ഇതരവൈദ്യശാസ്ത്രങ്ങളായ ഹോമിയോപ്പതി / ആയൂര്‍വേദം പഠിച്ചവരാണെങ്കില്‍ പിന്നെ അതിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടുമതി അഭിപ്രായ പ്രകടനം’. എന്നതാണ്. സ്വകാര്യ-സഹകരണ-സ്വാശ്രയ മെഡിക്കല്‍ കോളേജ്, സ്വകാര്യമെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, മരുന്നു പരീക്ഷണ നിയമങ്ങളില്‍, വിലനിര്‍ണയത്തില്‍, രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തുടങ്ങിയ എല്ലാസന്ദര്‍ഭങ്ങളിലും ഇത് പ്രകടമായിട്ടുണ്ട്. ശാസ്ത്രതാത്പര്യങ്ങള്‍ക്കും മുകളില്‍ ഉയരുന്ന കമ്പോള-ലാഭതാത്പര്യങ്ങളില്‍ നിന്നു ആരോഗ്യരംഗത്തെ വിടുതല്‍ ചെയ്യാന്‍ ശ്രമിക്കുന്ന സാധാരണജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറയാന്‍ കഴിയാത്ത സമയങ്ങളില്‍ എല്ലാം ഇത്തരക്കാര്‍ സ്വീകരിച്ചത് ഈ രീതിയാണ്. അതേസമയംതന്നെ വിക്കീപീഡിയപോലെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പറയുന്ന വിവരങ്ങള്‍മാത്രം അടിസ്ഥാനപ്പെടുത്തി ഇതരവൈദ്യ ശാസ്ത്രത്തിലെ മരുന്നുകളെ കുറിച്ചോ ,അവയുടെ ശരീരത്തിലെ പ്രവര്‍ത്തനരീതികളെ കുറിച്ചോ മരുന്നു നിര്‍ണയിക്കുന്നരീതികള്‍ രോഗനിര്‍ണ്ണയരീതികളെ കുറിച്ചോ പോലും അറിയാതിരിക്കുമ്പോള്‍ തന്നെ അതിന്റെ അടിസ്ഥാനതത്വങ്ങളെ കുറിച്ച് മാത്രമല്ല, ഇത്തരം വൈദ്യശാഖകളിലെ വിദഗ്ധരെയും ഉപരിപഠനം കഴിഞ്ഞ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെയും വ്യക്തിപരമായിപോലും അപമാനിക്കുന്നതരത്തിലാണ് ഇവരുടെ ഭാഗത്ത് നിന്നു പ്രതികരണങ്ങള്‍ ഉയരുന്നത്. ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ഗുണപരമായ മുന്നോട്ട് പോക്കിനെ കൂടിയാണ് ആരോഗ്യകരമായൊരു ശാസ്ത്രസംവാദം പ്രതിനിധാനം ചെയ്യുന്നത്. കേവലം ആക്ഷേപങ്ങള്‍ വാരിയെറിയുന്ന വിഴുപ്പലക്കലായി വീണ്ടും മാറാതിരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി ചികിത്സശാസ്ത്രത്തിനെതിരെ വന്ന മുന്‍ലേഖനങ്ങളിലെ ചില നിലവാരം കുറഞ്ഞ പ്രയോഗങ്ങളെ അവഗണിക്കുന്നു. ഒപ്പംതന്നെ ഹോമിയോപ്പതിയെ ഗൗരവത്തോടെ ആശ്രയിക്കുകയും ഈ രംഗത്ത് നടക്കുന്ന മാറ്റങ്ങളെ പഠിക്കുകയും ചെയ്യുന്നവരുടെകൂടി അറിവിലേക്കായി ചിലകാര്യങ്ങള്‍

1) ഹോമിയോപ്പതി/ആയൂര്‍വേദ ബിരുദവിദ്യാര്‍ത്ഥികളുടെ പഠനക്രമവും പാഠ്യവിഷയങ്ങളും (sylubus& subjects) അലോപ്പതി ബിരുദവിദ്യാര്‍ത്ഥികളുടേതിനു തുല്യമാണ്. വ്യത്യാസം അതാത് ചികിത്സ ശാസ്ത്രങ്ങളുടെ ചരിത്രവും സൈദ്ധാന്തിക -തത്വശാസ്ത്രപരമായ പ്രത്യേകതകള്‍ പഠിക്കുന്ന വിഷയങ്ങളിലും, ഫാര്‍മസി ഫാര്‍മക്കോപ്പിയ തുടങ്ങിയ വിഷയങ്ങള്‍ മാത്രമാണ്.

2) അനുബന്ധവൈദ്യശാസ്ത്രരംഗത്തുണ്ടായിട്ടുള്ള (Nursing, MLT, paramedical, diaganostics) ആവശ്യമായ എല്ലാ പുതിയ അറിവുകളെയും കേരളത്തിലെ ഹോമിയോപ്പതി /ആയുര്‍വേദ മെഡിക്കല്‍ കോളേജ്കളില്‍ പഠനത്തിനുംചികിത്സയ്കും ഉപയോഗിക്കുന്നുണ്ട്, അവിടെയും പലപ്പോഴും ഇത്തരത്തിലുള്ളവരുടെ കുയുക്തികള്‍ തടസമായി വരാറുണ്ട് . ശാസ്ത്രസാങ്കേതികമേഖല ആരോഗ്യരംഗത്തേക്ക് വികസിപ്പിച്ചെടുത്തിട്ടുള്ള ഉപകരണങ്ങള്‍/പൊതുസംവിധാനങ്ങളുടെയും അധികാരവും അവകാശവും ഇവര്‍ക്ക് മാത്രമാണെന്നുള്ള വാദംതന്നെയാണ് അവിടെയും

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഹോമിയോപ്പതി മരുന്നുകളെകുറിച്ചും ഫലപ്രാപ്തിയെ കുറിച്ചു നിരവധി ഗവേഷണങ്ങളും അന്വേഷണങ്ങളും നടക്കുന്നുണ്ട് . അതിന്റെ വിശദവിവരങ്ങള്‍ വിവിധങ്ങളായ അന്താരാഷ്ട്ര ഹോമിയോപ്പതിക്ക് പ്രസിദ്ധീകരണങ്ങളുടെ വിവിധലക്കങ്ങളില്‍ ലഭ്യമാണ്. ഇത്തരം മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതാണ് ശാസ്ത്രീയതയുടെ ആധികാരിക അംഗീകാരത്തിന്റെ അവസാനവാക്ക് എന്നു കരുതുന്നില്ല. പലപ്രാവശ്യം വിരുദ്ധഫലം കിട്ടിയ പലതും പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അലോപ്പതിയിലെ തന്നെ ആദ്യം തെളിയിക്കപ്പെട്ട പലതും പിന്നീട് അതേ പ്രസിദ്ധീകരണത്തില്‍ തെറ്റെന്ന് പഠനങ്ങളുണ്ട്. കോവിഡിന്റെ കാര്യത്തില്‍പോലും ഒരു ആരോപണം പ്രതേക്യിച്ച് ശാസ്ത്രപക്ഷത്ത് നില്ക്കുന്നു എന്ന് അവകാശപ്പെട്ടു ഉയര്‍ത്തുമ്പോള്‍ അതിലും ശാസ്ത്രീയ നീതിബോധം പ്രകടിപ്പിക്കേണ്ടതുണ്ട്.

ഇനിയുള്ള പ്രധാന ആരോപണങ്ങള്‍ ഹോമിയോപ്പതി മെഡിസിനുകളില്‍ യാതൊരു ഔഷധഗുണവുമില്ലെന്നും കേവലം മാനസികസംതൃപ്തിയാണ് (placebo efect) ഫലം ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത് എന്നുമാണ്. ഇതിനു വിശദീകരണമായി ഇപ്പോഴും പറയുന്നത് ഉയര്‍ന്ന ആവര്‍ത്തിപ്പിലുള്ള ഹോമിയോ മെഡിസിനുകളില്‍ ഔഷധ പദാര്‍ത്ഥത്തിന്റെ അവശേഷിപ്പുകളുണ്ടാകില്ല എന്നാണ് . ഇതിനു ആധാരമായി പറയുന്നത് പ്ലസ്ടൂ തലമെത്തുമ്പോഴേക്ക് രസതന്ത്രത്തില്‍ പഠിക്കുന്ന അവഗാഡ്രോ നിയമമാണ്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം.

നിലവില്‍ ഒരു വസ്തുവിന്റെ ഔഷധഗുണം കണ്ടെത്തുന്നത് രണ്ടുരീതിയിലാണ്. ഒരു പ്രത്യേക രോഗവസ്ഥയിലുള്ള ബാക്കിയെല്ലാ ഘടകങ്ങളും സമാനമായ ഒരുകൂട്ടം ആള്‍ക്കാരില്‍ നല്കി ഫലപ്രാപ്തി വിലയിരുത്തുന്നരീതിയാണ് ഒന്നാമത്തേത്. (ഇതിന്റെ തന്നെ സൂക്ഷമമായിനടത്തുന്ന പല ഉപവിഭാഗങ്ങളായി വിഭജിച്ച് പഠിക്കുന്ന രീതികള്‍ പ്രയോഗത്തിലുണ്ട്). രണ്ടാമത്തെ രീതി ഔഷധമായി ഉപയോഗിക്കുന്ന പദാര്‍ത്ഥം അനുയോജ്യമായ അളവില്‍ ശരീരത്തിനകത്തേക്ക് കടത്തിവിട്ട് . അത് എങ്ങനെയാണ് അല്ലെങ്കില്‍ എന്താണ് കോശങ്ങളിലോ അതിലും സൂക്ഷ്മതലങ്ങളിലോ വരുത്തുന്ന മാറ്റങ്ങളെ നിലവില്‍ ലഭ്യമായ അത്യന്താധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണവും അതില്‍നിന്നും എത്തിചേരുന്ന നിഗമനകളും ആവര്‍ത്തിച്ചുള്ള പഠനങ്ങളും. ഇതില്‍ ഒന്നാമത്തെ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍നടത്തി പിയര്‍റിവ്യൂ പഠനത്തില്‍ തെളിയിക്കപെട്ടില്ലായെന്ന് ആരോപിക്കുന്നവര്‍ തന്നെ ഹോമിയോപ്പതി മരുന്നു കളില്‍ അപകടകരമായ വിഷ പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന ആരോപണവും മുന്നോട്ട് വയ്ക്കുന്നു.

ബോംബെ ഐ.ഐ.റ്റിയിലെ കെമിക്കല്‍ എന്‍ജിനിയറിങ്ങ് വകുപ്പ് തലവന്‍ പ്രൊഫ.ജയേഷ് ബല്ലേരി. 2018ല്‍ അമേരിക്കയില്‍ നടത്തിയ പ്രഭാഷണവും ഇലക്ട്രോണ്‍ മൈക്രോസ്പിക്ക് ചിത്രങ്ങളുടെ സഹായത്തോട്കൂടി ഒരുപിടി ഹോമിയോപ്പതിക് മെഡിസിനുകളുടെ വ്യത്യസ്ത ഉയര്‍ന്ന പൊട്ടെന്‍സികളിലെ ഔഷധ പദാര്ത്ഥ സാന്നിദ്ധ്യം തെളിയിക്കുന്നു. 2015 ല്‍ ബോംബെയില്‍ നടന്ന ഗ്ലോബല്‍ ഹോമിയോപ്പതിക് സമ്മിറ്റില്‍ പങ്കെടുത്ത ലോകത്തിന്റെ എല്ലാഭാഗത്തുനിന്നു വന്ന പ്രമുഖര്‍ നടത്തിയ വിശദീകരണങ്ങള്‍ ഇന്ന് ലഭ്യമാണ്.

(https://www.dnaindia.com/mumbai/report-homeopathy-is-not-a-placebo-science-2076685?fbclid=IwAR2Wx2vYdKIBSIUZtqjYUUcDHfdpBHh6ccVy_kprWstwIhZAyhfSYfXBNG0). പ്രൊഫ. ബല്ലാരിയുടെയും ഡോ.പ്രശാന്ത്‌സതീഷ് ചികരമണയുടെയുംനേതൃത്വത്തില്‍ ബോംബെ ഐഐറ്റിയില്‍നടന്ന ഗവേഷണത്തെ കുറിച്ച് (https://researchmatters.in/news/research-group-iit-bombay-recognised-their-work-shows-scientific-basis-homoeopathic-medicines) കാണവുന്നതാണ്. ആസ്‌ത്രേലിയയിലടക്കം ഹോമിയോപ്പതിക്കെതിരെ നടന്ന നീക്കങ്ങളെ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ ഹോമിയോപ്പത് ഡോ.ഡാന ഉല്ലമന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിക്കുന്നു. (https://scroll.in/pulse/728344/after-being-rubbished-by-recent-australian-study-beleaguered-homeopaths-look-for-credibility).

ലോകശാസ്ത്രചരിത്രം നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഓരോ നാഴികകല്ലുകളും ആരംഭിക്കുന്നത് ആദ്യമൊക്കെ തീര്‍ത്തും അസംഭവ്യമെന്നൊ അസംബന്ധമെന്നോ കരുതുന്ന ചില ഊഹാപോഹങ്ങളില്‍ നിന്നോ സങ്കല്പങ്ങളില്‍ നിന്നോ ആണെന്ന്കാണാം. അവിടെ നിന്നു കൂടുതല്‍കൂടുതല്‍ വ്യക്തവും കൃത്യവുമായ നിരീക്ഷണങ്ങളിലേക്കും തുടര്‍ന്നു നിരന്തരം നടത്തുന്ന അന്വേഷണ-ഗവേഷണപഠനത്തിലൂടെ എത്തിചേരുന്ന നിഗമനങ്ങള്‍വഴി രൂപപ്പെടുന്ന സമവാക്യങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും പ്രയോഗിക തെളിവുകളിലേക്കുമാണെന്ന് കാണാം . ഓരോഘട്ടത്തിലും അതാത് കാലത്തെ ശാസ്ത്രരംഗത്തെ ഉത്പതിഷ്ണുക്കള്‍ എന്ന് അവകാശപ്പെട്ട് അധികാരകൈയാളുന്നവര്‍തന്നെയാണ് എതിര്‍പ്പുമായി രംഗത്തുവരിക. ഒട്ടും ശാസ്ത്രാഭിമുഖ്യമില്ലാത്ത തികച്ചും യാഥാസ്ഥിതികമായ നിലപാടും ഇവരുടേത് തന്നെയായിരിക്കുമെന്നും കാണാം . ഹോമിയോപ്പതിയുടെ നാളിതുവരെയുള്ള ചരിത്രവും വികാസവും വ്യത്യസ്ഥമല്ല. ലോകം മുഴുവന്‍ കോവിഡ്2 എന്നൊരു വൈറസിനുചുറ്റും സാധ്യമായ വഴികളെല്ലാം അന്വേഷിച്ച് പരക്കം പായുമ്പോഴും. ഇവിടെ കേരളത്തില്‍ ഹോമിയോപ്പതിയെ യാതൊരു കാരണവശാലും അനുവദിക്കില്ല എന്ന കടുപിടുത്തത്തില്‍ തന്നെയാണ്. രോഗബാധിതരുടെയും മരിക്കുന്നവരുടേയും എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം നിഷേധാത്മക നിലപാട്. മുകളില്‍ പറഞ്ഞിട്ടുള്ള പഠനങ്ങളെയൊന്നും കാണുകയൊ കേള്‍ക്കുകയോ വിലയിരുത്തുകയോ ചെയ്യാതെയാണ് ആരോപണങ്ങള്‍.

കേരളത്തിലെ വിവിധ ഗവ അംഗീകൃത ഹോമിയോ മെഡിക്കല്‍കോളേജുകളിലും 14 ജില്ലാആശുപത്രികള്‍ ആയിരകണക്കിനുവരുന്ന ഗവ ഡിസ്‌പെന്‍സറികള്‍ എന്നിവയില്‍ എത്തുന്ന രോഗികളുടെ എണ്ണവും അവയില്‍ കിട്ടുന്ന റിസള്‍ട്ടുകള്‍ എന്നിവ വിശകലനം ചെയ്താല്‍തന്നെ മതിയാകും .ഏതെങ്കിലും ഒരു പ്രത്യേകരോഗം അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക മരുന്നു തിരഞ്ഞെടുത്ത് വിമര്‍ശകര്‍ക്ക് തന്നെ നടത്താവുന്നതേയുള്ളു ശാസ്ത്രീയത തെളിയിക്കല്‍ . അതൊരു നിഷ്പക്ഷ മെഡിക്കല്‍ -നൈതിക സമിതിയുടെ മുന്നിലാകട്ടെ. അതിനു അവര്‍ മുന്നോട്ട് വരുന്നില്ലയെങ്കില്‍ മറ്റു സംവിധാനങ്ങള്‍ പിന്തുണ ലഭ്യമാക്കുകയാണെങ്കില്‍ ഹോമിയോപ്പതി രംഗത്തെ സംഘടനകള്‍, സ്വകാര്യ ഡോക്ടര്‍മാര്‍, തീര്‍ച്ചയായും തയ്യാറാണ്താനും. ആയൂഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷണത്തിനുള്ള ഫണ്ട് ഇത്തരം പ്രോജക്റ്റുകള്‍ക്ക് അനുവദിക്കുക. നിലവിലെ ഗവഷേകര്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ സാഹചര്യമനുവദിക്കുക.

പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതിക്ക് ജില്ലാമെഡിക്കലോഫീസര്‍ ഡോ. ബിജുകുമാര്‍, ഡോ.തോമസ്. എം.വി (ഗവേഷകന്‍,കണ്ണൂര്‍ സര്‍വ്വകലശാല,) ഡോ. നിര്‍മ്മല്‍ ഘോഷ്. ഒ.എസ്, ഡോ.മുരളിധരന്‍.കെ.സി, ഡോ. എസ്.ജി. ബിജു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ ഇന്ന് സാമൂഹികമാധ്യമങ്ങളില്‍ ലഭ്യമാണ്. (https://www.facebook.com/thomas.marang…/…/10217172456239159… ) ഹോമിയോപ്പതിമരുന്നായ ആഴ്‌സ്-ആല്‍ബ് 30 ഒരാളുടെ രോഗപ്രതിരോധശേഷിയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനമായിരുന്നു അത്. ഇത് ഒരു തുടക്കമാണെന്നും ഇനിയും കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട്തന്നെയാണ് ശാസ്ത്രലോകത്തിനു മുന്നിലേക്കും ജനങ്ങളുടെ മുന്നിലേക്കും വിവരങ്ങള്‍ പങ്കുവച്ചത്. ശാസ്ത്രലോകം നിഷ്‌കര്‍ഷിക്കുന്ന രീതിശാസ്ത്രവും മാനദണ്ഡങ്ങളും പാലിച്ചുതന്നെയാണ് പഠനങ്ങള്‍ നടത്തിയെന്ന് കാണാം. എന്നാല്‍ തികച്ചും യാഥാസ്ഥിക മനോഭാവത്തിലാണ് ഗ്രന്ഥകര്‍ത്താവും ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ നേതാവുമായ ഡോ.കെ.പി അരവിന്ദനടക്കമുള്ളവര്‍ ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത് എന്നു കാണാം. അവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ശാസ്ത്രീയവും കൃത്യവുമായ മറുപടി നല്കിയിട്ടും പഠനത്തിന്റെ പുതിയ വഴി തുറക്കാന്‍ ശ്രമിച്ച വരെ അഭിനന്ദിക്കുന്നതിനു പകരം തട്ടിപ്പ് എന്നാണ് സംബോധന ചെയ്യതിരിക്കുന്നത്.

മറ്റൊരു ഗവേഷകന്‍ ഹോമിയപ്പതി ഡോക്ടര്‍മാരെ ഇമ്മ്യൂണിറ്റിബൂസ്റ്റിങ്ങും വാക്‌സിനേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണെന്നതാണ് പറഞ്ഞുവയ്ക്കുന്നതും പഠിപ്പിക്കുന്നതും. ഒപ്പം തന്നെ ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ക്കും ഇതൊക്കെ അറിയാനും ചോദിക്കാനുമുള്ള അവകാശമുണ്ടെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവകാശബോധത്തെ അഭിനന്ദിക്കുന്നു. നിലവില്‍ മേധവിത്വം പുലര്‍ത്തുന്ന രീതിശാസ്ത്രത്തിലൂടെ മാത്രമേ ഞങ്ങള്‍ ശാസ്ത്രീയമെന്ന് അംഗീകരിക്കു എന്ന കടുംപിടുത്തം ഉപേക്ഷിച്ചാല്‍ നിലപാടുകള്‍ക്ക് കുറച്ചുകൂടി ശാസ്ത്രീയത മാത്രമല്ല സാമൂഹികനീതി ബോധവുംകിട്ടും. അങ്ങനെവരുമ്പോള്‍ ഹോമീയോപ്പതിക്ക് നേരെ ചൂണ്ടുന്ന വിരലുകള്‍ വാക്‌സിനേഷന്‍ രംഗത്തേക്കും അതിലെ അപകടങ്ങളിലേക്കും അലോപ്പതിരംഗത്തെ ശാസ്‌ത്രേതര താത്പര്യങ്ങളിലേക്കുമൊക്കെ നീളും . അപ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് നിശ്ചിതകള്ളികളില്‍നിന്നു പുറത്തിറങ്ങി മറുപടി പറയേണ്ടിവരും കോവിഡ്കാലത്ത് പ്രതിരോധകുത്തിവയ്പ് ഗവേഷണത്തിന്റെ പേരില്‍ നടക്കുന്ന മത്സരങ്ങളും അവയുടെ യഥാര്‍ത്ഥ താത്പര്യങ്ങളും ജനങ്ങളോട് പറയേണ്ടിവരും അതിനു നാളിതവരെയുള്ള മഹാമാരികളുടെയും പകര്‍ച്ചവ്യധികളുടെയും ചരിത്രവും വാക്‌സിന്‍വന്ന സമയവും അതിനുശേഷം സംഭവിച്ച വാക്‌സിന്‍അനുബന്ധഅപകടങ്ങളും ഒക്കെ സത്യസന്ധമായി പഠിക്കുന്നതിലേക്ക് നയിക്കും.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ റഷ്യന്‍ കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ എന്തുനിലപാടാണ് എടുക്കുന്നത്. അത് ശാസ്ത്രീയമല്ലയെങ്കില്‍ ഹോമിയോപ്പതിയിലെ ആഴ്‌സ് ആല്‍ബിനെ കുറിച്ച് ധാര്‍മികരോഷം കൊള്ളുന്നവര്‍ അതിലും ഉച്ചത്തില്‍ ജനങ്ങളോട് പറയേണ്ടേ .റഷ്യന്‍ വാക്‌സിന്‍ ഏതൊക്കെ തരത്തിലാണ് ചൈനിസ് വാക്‌സിനുമായി വ്യത്യാസപ്പെട്ടിരിക്കുന്നത് ഒക്‌സ്‌ഫോഡ് വാക്‌സിന്‍ എങ്ങനെയാണ് ഐസിഎംആര്‍ പുറത്തിറക്കുന്നു എന്ന് പറയുന്ന വാക്‌സിനുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇതില്‍ ചിലതിന്റെ ശരീരത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമല്ലെന്നാണോ. പരീക്ഷണം ശരിയല്ലെന്നാണോ, വാക്‌സിന്‍ പരീക്ഷണത്തിന്റെ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിച്ചില്ലയെന്നാണോ?. ഇനി ഇതാണ് ശാസ്ത്രത്തിന്റെ രീതിയെങ്കില്‍. ഇപ്പോള്‍ ഉത്തരംകിട്ടാത്ത കാര്യങ്ങള്‍ ഭാവിയില്‍ ഉത്തരം കിട്ടുമ്പോള്‍ മാത്രം ശാസ്ത്രീയവും അതുവരെ അന്ധവിശ്വാസവുംമാകുന്നതെങ്ങനെ.

പുതിയ മരുന്നുകള്‍ക്കായി ജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ഗവേഷണങ്ങളെ അന്താരാഷ്ട്ര മരുന്നുകമ്പനികളും ഏജന്‍സികളും ലാഭത്തിനായി വഴിതിരിച്ചുവിടുന്നതിന്റെ ഒരു ചെറുവിവരണം തെളിവുകളടക്കം നിരത്തുന്നു . സമീര്‍മല്‍ഹോത്ര ( പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍&റിസര്‍ച്ച് ചണ്ഡിഗഡ്) science.thewire.in ല്‍. അതില്‍ അദ്ദേഹം പറയുന്ന ഒരു ഉദാഹരണം മെയ് 22നു പുറത്തിറങ്ങിയ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ വന്ന പഠനത്തില്‍ നിന്നാണ്. ഗ്ലിയഡ് എന്നൊരു അന്താരാഷ്ട്രമരുന്നുകമ്പനിയുടെ Remdesivir എന്ന മരുന്നു എങ്ങനെയാണ് കോവിഡ്19 പോലൊരു രോഗത്തിനു അനുമതി വാങ്ങിയെടുത്തത്എന്ന് വിവരിക്കുന്നു. ഈ മരുന്നു കേരളത്തില്‍ പോലും കോവിഡ് രോഗികളില്‍ പ്രയോഗിച്ചു നോക്കിയെന്നത് ഒരു പ്രമുഖഡോക്ടറുടെ വെളിപ്പെടുത്തല്‍ . ലോകത്ത് ഇതിനു മുന്‍പ് വെല്ലുവിളിയുയര്‍ത്തിയ ഒട്ടുമിക്ക വൈറസ് രോഗങ്ങളിലും പരാജയമാണെന്ന് തെളിയിച്ച മരുന്നു നിര്‍മിതാക്കള്‍ കോവിഡ് പോലൊരു രോഗത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹംതന്റെ പഠനത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ ചെലവ് വഹിച്ചിരിക്കുന്നത് അമേരിക്കയിലെ ഗവണ്‍മെന്റ് ഏജന്‍സിയാണ് ഇത്തരത്തിലൊരു താത്ക്കലിക അടിയന്തരഘട്ട അനുമതി വാങ്ങിയെടുക്കുന്നതിന്റെ പിന്നമ്പുറ കഥകള്‍ ജനങ്ങളോട് പറയണ്ടേ?

ഇന്‍ഡ്യയിലെ ചില നഗരങ്ങളിലടക്കം നടത്തിയ പഠനങ്ങളില്‍ നല്ലൊരു ശതമാനം ആള്‍ക്കാരിലും കോവിഡ് രോഗാണു കടന്നുപോയതിന്റെ ഭാഗമായ് രൂപപെടുന്ന പ്രതിരോധ ഘടകം (IgG) രൂപപ്പെട്ടിരിക്കുന്നു എന്നാണ് (13% മുതല്‍ 57% വരെ) അങ്ങനെയെങ്കില്‍ ഈ ഭീകരതയും ലോകം മുഴുവനുമുള്ള വാക്‌സിന്‍ വിതരണവുമെന്തിനെന്ന് ചോദിക്കേണ്ടതില്ലെ. ഇനി ഇങ്ങനെ ലഭിക്കുന്ന ആര്‍ജ്ജിതപ്രതിരോധം അധികകാലം നില്ക്കില്ലയെന്നാണെങ്കില്‍. വാക്‌സിന്‍വഴി ലഭിക്കുന്ന പ്രതിരോധത്തിന് എന്തുറപ്പ് ?. കണ്ടെത്തി ഇതിനകം ആറിലധികം മ്യൂട്ടേഷന്‍ സംഭവിച്ചു എന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നൊരു വൈറസിനു ആറുമാസത്തിനുള്ളില്‍ മത്സരിച്ച് പുറത്തിറക്കുന്ന ആറിലധികം വാക്‌സിനുകളില് ഏതായിരിക്കും സുരക്ഷിതം ഏതായിരിക്കും ശാസ്ത്രീയം ഏതായിരിക്കും നിയമപരം.

കോവിഡ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്തു കൊണ്ടാണെന്നതില്‍പോലും വ്യത്യസ്ത അഭിപ്രായം നിലനില്ക്കുന്നത് ശാസ്ത്രത്തിന്റെ മുന്നോട്ട് പോക്കും വിനയവുമെന്നൊക്കെ പറയാമെങ്കിലും ആ മേഖലയിലേക്ക് ഗവേഷണം കേന്ദ്രീകരിക്കാതെ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിലേക്ക് മാത്രം മത്സരിക്കുന്നു. നിയന്ത്രണത്തില്‍നിന്നു വിട്ടുപോകുന്ന ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് (സൈറ്റോകൈന്‍സ്റ്റോം) കോവിഡിന്റെ കാര്യത്തില്‍ മരണത്തിനടക്കമുള്ള ഗുരുതരവസ്ഥയ്കക്ക് കാരണമെന്ന നിഗമനത്തില്‍ നടത്തുന്ന ചികിത്സ രോഗാണു നേരിട്ട് ശരീര കോശത്തില്‍ വരുത്തുന്ന മാറ്റം മൂലം സംഭവിക്കുന്നു എന്ന് കരുതുമ്പോള്‍ രൂപപ്പെടുത്തുന്ന ചികിത്സമാനങ്ങളും വ്യത്യസ്തമാണ് ഒരുപരിധിവരെ എതിര്‍ദിശയിലുമാണ്. (ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വന്ന വിവിധ കോവിഡ് അനുബന്ധലേഖനങ്ങളില്‍ നിന്നു). ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ വിലകൊടുത്തു വാങ്ങി കുത്തിവയ്‌ക്കെണ്ടിവരുന്ന വാക്‌സിനുകളെകാള്‍ സുരക്ഷിതവും ശാസ്ത്രിയവുമായത് പ്ലാസ്മതെറാപ്പിയാണെന്ന് സീനിയര്‍ മൈക്രോബയോളജിസ്റ്റ് ഡോ .നിരജ്ഞന രാജലക്ഷ്മി തന്റെ പഠനത്തില്‍ പറയുന്നു . ഇത്തരം കാര്യങ്ങളിലേക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഉപയോഗിക്കുന്നതിനുപകരം ശാസ്ത്രത്തിന്റെ നിര്‍വചനവും വ്യാകരണവും പറഞ്ഞ് ഇതര വൈദ്യശാസ്ത്ര ങ്ങളൊക്കെ കപടമാണെന്ന് പറയുന്നത് ശാസ്ത്രിയനിലപാടല്ല.

അലോപ്പതിയെ പാടെ നിഷേധിച്ച് ഹോമിയോപ്പതിയോ മറ്റേതെങ്കിലും ചികിത്സരീതിയോ ആണ് പൂര്‍ണ്ണം എന്നൊരു നിലപാടും എനിക്കില്ല .ഹോമിയോപ്പതി പഠനഗവേഷണങ്ങള്‍ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിമിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അതിന്റെ കാരണങ്ങളും പരിഹരിക്കപ്പെടുന്നതോടെ മാത്രമേ ശരിയായൊരു ആരോഗ്യ സംവാദത്തിനുപോലും സാധ്യതയുള്ളു. ജനസൗഹൃദമായൊരു ശാസ്ത്രഗവേഷണബോധം മാത്രമേ അതിനനുവദിക്കുകയുള്ളു. നിലവിലെ കള്ളികള്‍ക്കപ്പുറത്തേക്ക് ശാസ്ത്രം വികസിച്ചു കൊണ്ടേയിരിക്കും. കമ്പോളവും അധികാരവും നിയന്ത്രിക്കാത്ത ഗവേഷകരും ഗവേഷണവും ജനങ്ങളിലേക്ക് ഇറങ്ങിവരുന്നൊരു കാലത്തിനായ് ചോദിച്ചുകൊണ്ടേയിരിക്കാം. ലോകജനതയുടെ കോവിഡ് മരണഭീതിയെ യഥാര്‍ത്ഥ ശാസ്ത്രബോധനത്തിലൂടെ മറികടക്കാം. അതാകട്ടേ സംവാദങ്ങളുടെ കേന്ദ്രബിന്ദു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply