കൊവിഡ് 19 പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

സര്‍ക്കാര്‍ പ്രഖ്യാപനത്തിന് അനുസരിച്ച് നമ്മുടെ ഉദ്യോഗസ്ഥ സംവിധാനവും താഴെത്തട്ടിലുള്ള ഭരണസംവിധാനവും പ്രവര്‍ത്തിക്കാത്തതാണ് ഇതിന്റെ മുഖ്യ കാരണം. സംവിധാനമെന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും നമ്മുടെ പല ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പാര്‍ശ്വവല്‍കൃത സമൂഹങ്ങളോട് പ്രകടിപ്പിക്കുന്ന കുറ്റകരമായ അവഗണനയും വംശീയ ബോധവും എല്ലാം ഇതിന് ആക്കം കൂട്ടുന്നതാണ്. കൊവിഡ് 19 ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഇതുണ്ടാകാന്‍ അനുവദിച്ചുകൂടാ – മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു തുറന്ന അഭ്യര്‍ത്ഥന

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ നടപടികള്‍ക്കും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണ പിന്തുണ ഒരിക്കല്‍ കൂടി അറിയിക്കുന്നു. അതില്‍ വിജയിക്കാനാകുമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.

രോഗവ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ വലിയ സാമൂഹിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് നേരിടാന്‍ വിവിധ മേഖലകളില്‍ താങ്കള്‍ പ്രഖ്യാപിക്കുന്ന നടപടികളെ വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ പാക്കേജുകളും നടപടികളും താങ്കളുടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. അത് തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച ചില ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത് വേണ്ടി വരുന്നത്.

കോട്ടയം ജില്ലയിലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങിയത് നിര്‍ഭാഗ്യകരമാണ്. അതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശരിയാണെങ്കില്‍ അത് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പോലെ കാര്യങ്ങള്‍ നടപ്പാക്കുന്നില്ല എന്ന ആശങ്കയും അവര്‍ തെരുവിലിറങ്ങിയതിന് കാരണമായെന്ന് കരുതേണ്ടിവരുന്നു. സുരക്ഷിതമായ താമസവും ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കുണ്ടായ വീഴ്ചയും ഡെല്‍ഹിയില്‍ നിന്നുള്ള കൂട്ട പലായനവുമാണ് അവരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഏതായാലും ആ പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചത് ആശ്വാസകരമാണ്. പായിപ്പാട് പ്രതിഷേധത്തിന്റെ പേരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ എടുക്കുന്ന നിയമനടപടികള്‍ പിന്‍വലിക്കേണ്ടതാണ്. ലോക്ക് ഡൌണ്‍ ലംഘിക്കപ്പെട്ടു എന്നുള്ളത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്നാല്‍ തുല്യമായി തന്നെ ഗുരുതരമാണ്, ജനങ്ങളുടെ സാമൂഹികമായ അരക്ഷിതാവസ്ഥയും പട്ടിണിയും. തെറ്റായ വിവരങ്ങള്‍ പരത്തുക തുടങ്ങിയ ആശാസ്യമല്ലാത്ത പ്രവൃത്തികള്‍ക്കെതിരെ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ നടത്തുവാനായി ഗൂഢാലോചന നടത്തി എന്ന കുറ്റകൃത്യം അര്‍ത്ഥശൂന്യമാണ്. അതിഥി തൊഴിലാളികള്‍ നേരിടുന്ന രൂക്ഷമായ സാമൂഹ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുക മാത്രമാണ് അറസ്റ്റ് അടക്കുമുള്ള ഈ നടപടി തളിലൂടെ സംഭവിക്കുന്നത്.

അതീവ ശോചനീയാവസ്ഥയിലാണ് കേരളത്തിലെ അതിഥി തൊഴിലാളികള്‍ മിക്ക സ്ഥലങ്ങളിലും കഴിയുന്നത്. ഇത് പരിഹരിക്കപ്പെടണം. അവര്‍ക്ക് സംരക്ഷണവും മാന്യമായ താമസ സൗകര്യവും ഭക്ഷണവും കുടിവെള്ളവും നല്‍കുന്നതിനുള്ള ചുമതല പ്രാദേശിക ഭരണകൂടങ്ങളെ ഏല്‍പ്പിക്കുകയും അതിന് കൃത്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കുകയും വേണം. കരാറുകാരും വീട്ടുടമകളും ഉത്തരവാദിത്വം ശരിയായി നിറവേറ്റാത്ത സാഹചര്യത്തില്‍ ഇത് മാത്രമാണ് പോംവഴി. പ്രാദേശിക ഭരണകൂടങ്ങള്‍ അത് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണം. വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ ഇടപെട്ട് തിരുത്തണം. അവര്‍ക്ക് ചെറിയ തുകയെങ്കിലും അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. അതിന് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രതിസന്ധിയില്‍ അയവു വന്നാല്‍ ഉടന്‍ അവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കേണ്ടതുണ്ട്. കഴിഞ്ഞ ഒന്നര ദശകത്തിലധികമായി കേളത്തിന്റെയും രാജ്യത്തിന്റെയും കാര്‍ഷിക- ഉല്‍പ്പാദന- വ്യാപാര – സേവന മേഖലകളില്‍ തങ്ങളുടെ അദ്ധ്വാനം കൊണ്ട് വലിയ സംഭാവന നല്‍കുന്ന ഒരു വിഭാഗമാണ് അതിഥി തൊഴിലാളികള്‍. ജീവിത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവര്‍ക്ക് സംരക്ഷണവും സാന്ത്വനവും നല്‍കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.

അതിഥി തൊഴിലാളികള്‍ മാത്രമല്ല സമൂഹത്തിന്റെ അടിത്തട്ടിലുള്ള വിവിധ സാമൂഹിക വിഭാഗങ്ങള്‍ ലോക്ക് ഡൗണിന്റെ ആഘാതം നേരിടുന്നുണ്ട്. ആദിവാസികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, ചേരി- പുറമ്പോക്ക് വാസികള്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് അസംഘടിത തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവരെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്കെല്ലാം സര്‍ക്കാരിന്റെ സഹായവും പരിഗണനയും ആവശ്യമാണ്. ഇപ്പോള്‍ തന്നെ താങ്കളുടെ സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ആളുകളിലേക്ക്, പ്രത്യേകിച്ച് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലേക്ക് ശരിയായ രീതിയില്‍ എത്താറില്ല എന്നത് വസ്തുതയാണ്. പ്രളയ ദുരിതാശ്വാസക്കാലത്തും ഓഖി ദുരിതകാലത്തും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപനത്തിന് അനുസരിച്ച് നമ്മുടെ ഉദ്യോഗസ്ഥ സംവിധാനവും താഴെത്തട്ടിലുള്ള ഭരണസംവിധാനവും പ്രവര്‍ത്തിക്കാത്തതാണ് ഇതിന്റെ മുഖ്യ കാരണം. സംവിധാനമെന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും നമ്മുടെ പല ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പാര്‍ശ്വവല്‍കൃത സമൂഹങ്ങളോട് പ്രകടിപ്പിക്കുന്ന കുറ്റകരമായ അവഗണനയും വംശീയ ബോധവും എല്ലാം ഇതിന് ആക്കം കൂട്ടുന്നതാണ്. കൊവിഡ് 19 ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഇതുണ്ടാകാന്‍ അനുവദിച്ചുകൂടാ. അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തുന്നതിന് ചില നടപടികള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.

1. ദുരിതാശ്വാസത്തിന്റെ ഭാഗമായി ഓരോ വിഭാഗങ്ങള്‍ക്കും പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലൂടെ ഉദ്യോഗസ്ഥ തലത്തിലും പഞ്ചായത്ത് – നഗരസഭകള്‍ക്കും വ്യക്തമായ മാര്‍ഗരേഖ നല്‍കണം. ഇത് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
2. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്ക് കൃത്യമായ ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കണം.
3. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളോട് ജാതീയമോ വംശീയമോ ആയ മുന്‍വിധികളോടെ പെരുമാറുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കണം. അവര്‍ സര്‍വീസില്‍ തുടരില്ല എന്ന് ഉറപ്പാക്കണം.
4. ദുരിതാശ്വാസ പദ്ധതികള്‍ അഴിമതിരഹിതവും സുതാര്യവും പക്ഷപാതരഹിതവുമായി നടപ്പാക്കുമെന്ന് ഉറപ്പു വരുത്തണം.

ഇക്കാര്യങ്ങളില്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു. കൊവിഡ് 19ന്റെ വ്യാപനവും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും തടയുന്നതിന് താങ്കളുടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഒരിക്കല്‍ കൂടി പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി

സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍) 9847036356, കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, കെ സന്തോഷ് കുമാര്‍, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍).

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply