കൊവിഡ് കാലത്തെ ചില ജനാധിപത്യചിന്തകള്‍

സ്വര്‍ണ്ണകള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പിള്‍ സെക്രട്ടറി ശ്രീ എം ശിവശങ്കരനെ എന്‍ ഐ എ മൂന്നുതവണയും കസ്റ്റംസ് ഒരു തവണയും ചോദ്യം ചെയ്തു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ സജീവമായി തന്നെ തുടരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിരം പതിവുള്ള ശൈലിയില്‍ തന്നെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. ഭരണപക്ഷവും അവരെ പിന്തുണക്കുന്നവരും സംഭവത്തില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ശിവശങ്കരനോ പങ്കില്ലെന്നു പറയുന്നു. പ്രതിപക്ഷം തിരിച്ചും പറയുന്നു. മുന്‍മന്ത്രിസഭയുടെ കാലത്ത് സമാനസംഭവങ്ങള്‍ നടന്നപ്പോള്‍ മറിച്ചായിരുന്നു അവസ്ഥ. ഈ സാഹചര്യത്തില്‍ നമ്മുടെ ജനാധിപത്യസംവിധാനം നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചാണ് പറയാന്‍ ശ്രമിക്കുന്നത്.

സ്വര്‍ണ്ണകള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പിള്‍ സെക്രട്ടറി ശ്രീ എം ശിവശങ്കരനെ എന്‍ ഐ എ മൂന്നുതവണയും കസ്റ്റംസ് ഒരു തവണയും ചോദ്യം ചെയ്തു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ സജീവമായി തന്നെ തുടരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിരം പതിവുള്ള ശൈലിയില്‍ തന്നെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. ഭരണപക്ഷവും അവരെ പിന്തുണക്കുന്നവരും സംഭവത്തില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ശിവശങ്കരനോ പങ്കില്ലെന്നു പറയുന്നു. പ്രതിപക്ഷം തിരിച്ചും പറയുന്നു. മുന്‍മന്ത്രിസഭയുടെ കാലത്ത് സമാനസംഭവങ്ങള്‍ നടന്നപ്പോള്‍ മറിച്ചായിരുന്നു അവസ്ഥ. ഈ സാഹചര്യത്തില്‍ നമ്മുടെ ജനാധിപത്യസംവിധാനം നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചാണ് പറയാന്‍ ശ്രമിക്കുന്നത്.

ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയെന്നതില്‍ സംശയമില്ല. പക്ഷെ ആ സംവിധാനം നിരവധി വെല്ലുവിളികളെ നേരിടുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍്ന്ന് നടത്തുന്ന അഴിമതിയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. ജനങ്ങളുടെ ആധിപത്യമെന്നു പറയുമ്പോഴും ഇവര്‍ക്കുമേല്‍ ജനങ്ങളുടെ നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ കുറവാണെന്നതാണ് കാരണം. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ജന ലോക്പാല്‍ ബില്‍ ഇപ്പോഴും ലക്ഷ്യം കണ്ടിട്ടില്ല. അതൊടൊപ്പം പ്രധാനമാണ് ജനപ്രതിനിധികളില്‍ ജനങ്ങള്‍ക്കുള്ള അധികാരം. ഇന്നത്തെ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ നമുക്കവകാശമുണ്ട്. എന്നാലതിനിടയിലെ കാലം നമ്മള്‍ വെറും കാഴ്ചക്കാരാണ്. ആ അവസ്ഥ മാറണം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പ്രക്രിയയില്‍ തന്നെ ജനങ്ങള്‍ക്ക് പങ്കുവേണം. അത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തരകാര്യമാണെന്ന ധാരണ തന്നെ തെറ്റാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്ത് ആഭ്യന്തരപ്രശ്‌നം? അഴിമതികേസുകളിലും ക്രിമിനല്‍ കേസുകളിലും മറ്റും പെട്ടവരെ ഒഴിവാക്കണമെന്ന് സുപ്രിംകോടതിതന്നെ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഏറെകാലമായി ചര്‍ച്ച ചെയ്യുന്ന തിരിച്ചുവിളിക്കാനുള്ള അവകാശം സ്ഥാപിക്കുകയും അതിനു ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയും വേണം.

മറ്റൊരു പ്രധാന വിഷയം ജയിക്കുന്നവരുടെ മേല്‍ പാര്‍ട്ടിക്കുള്ള നിയന്ത്രണം കുറവാണ് എന്നതാണ് വിപ്പും കൂറുമാറ്റ നിരോധന നിയമവുമൊക്കെ ഉണ്ട്. എന്നാല്‍ അതി്‌നെയെല്ലാം മറികടന്ന്, വന്‍തോതില്‍ പണമൊഴുക്കി സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. അതും ജനാധിപത്യത്തിനു വെല്ലുവിളിയാണ്. വ്യക്തികള്‍ക്കു പകരം പാര്‍ട്ടികള്‍ മത്സരിക്കുക, വോട്ടിന്റെ ശതമാനമനുസരിച്ച് സീറ്റുകള്‍ തീരുമാനി്ക്കുക, ആ സീറ്റുകളിലേക്ക് ജനാഭിപ്രായമറിഞ്ഞ് പ്രതിനിധികളെ തീരുമാനിക്കുക എന്ന നിര്‍ദ്ദേശം നിലവിലുണ്ട്. അതുവഴി 30 ശതമാനം വോട്ടുണ്ടെങ്കില്‍പോലും മൃഗീയഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥ ഇല്ലാതാകും. ഒരു പാര്‍ട്ടിക്ക് മൃഗീയഭൂരിപക്ഷം ലഭിക്കുന്നതുതന്ന ജനാധിപത്യത്തിനു ഗുണകരമല്ല. ,ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. മാത്രമല്ല, കേരളത്തില്‍ ഏറെക്കുറെ ഭംഗിയായി നിലനില്‍ക്കുന്ന മുന്നണി സംവിധാനം രാജ്യമെങ്ങും അനിവാര്യമാണ്. ഒരു പാര്‍ട്ടിയുടേയും അതിന്റെ പിന്നാലെ വ്യക്തിയുടേയും അധികാരകേന്ദ്രീകരണത്തെ അത് തടയും. മാത്രമല്ല പരമാവധി ഒന്നോ േേണ്ടാ തവണ മാത്രമേ ഒരാള്‍ ജനപ്രതിനിധിയാകേണ്ടതൂള്ളൂ എന്നു തീരുമാനിക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നതു ശരി. എന്നാല്‍ രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കണം. അവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. മുഴുവന്‍ സമയപ്രവര്‍ത്തകരൊന്നും ഇന്നത്തെ ജനാധിപത്യ കാലഘട്ടത്തില്‍ ആവശ്യമില്ല. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ല ജനാധിപത്യം. മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരായി മാറുന്നതാണ്. മാത്രമല്ല, മറ്റെല്ലാ മേഖലയിലും നിലനില്‍ക്കുന്ന റിട്ടയര്‍മെന്റ് പോലെ 60 വയസ്സു കഴിഞ്ഞവരെ പരമാവധി മാറ്റി നിര്‍ത്തണം. സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ മാറ്റിവെക്കണം. അഴിമതികേസുകള്‍ വ്യാപകമായി വിവാദമൊക്കെ ഉണ്ടാക്കുമെങ്കിലും പിന്നീടാരും ശിക്ഷിക്കപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. കേസുകളെല്ലാം പിന്നീട് ഒതുക്കപ്പെടുന്നു. അതിനും അവസാനമുണ്ടാകണം.

ജനാധിപത്യസംവിധാനത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ മുഴുവന്‍ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രിയത്തില്‍ താല്‍പ്പര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നത് നന്നല്ല. ഒന്നുമല്ലെങ്കില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാര്‍. മറ്റാര്‍ക്കും അതുവേണ്ടല്ലോ. പക്ഷെ ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കു കാരണം തങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. നേരത്തെ പറഞ്ഞപോലെ ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കു ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാനില്ല. ജനാധിപത്യ സംവിധാനത്തിന്റെ നിലവാരം കൂട്ടിയ ഒന്നാണല്ലോ വിവരാവകാശ നിയമം. എന്നാലതിന് തങ്ങള്‍ അതീതരാണെന്ന നിലപാട് പാര്‍ട്ടികള്‍ മാറ്റണം. കാരണം അധികാരത്തിന്റെ യഥാര്‍ത്ഥ നിയന്ത്രണം പാര്‍ട്ടികളുടെ കൈവശമാണല്ലോ. പാര്‍ട്ടി ഓഫീസുകള്‍ സുതാര്യമാകണം. അവിടെ ആര്‍ക്കും കയറി ചെല്ലാനാകണം. പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍ പോലും ലൈവ് ആയി ജനം കാണട്ടെ. മിനിട്‌സും വരവുചിലവുകണക്കുകളും പ്രസിദ്ധീകരിക്കണം. ഇത്തരത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ച് രാഷ്ട്രീയത്തെ കാലത്തിനനുസരിച്ച് അടിമുടി പരിഷ്‌കരിക്കാനാണ് പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടത്. തീര്‍ച്ചയായും ജനങ്ങളും കാലത്തിനനുസരിച്ച് ഉയരുമ്പോഴാണ് ജനാധിപത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും നിലവാരമുയരുക. ആദ്യമായി കുറച്ചുപേര്‍ക്ക് രാഷ്ട്രീയം ഏല്‍പ്പിച്ചുകൊടുക്കുന്ന നിലപാട് മാറ്റണം. എല്ലാവരും രാഷ്ട്രീയക്കാരാകണം. ഭരണാധികാരികളേയും പ്രതിപക്ഷത്തേയും നിരന്തരമായി വീക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യത്തിലെ പൗരന്മാര്‍ക്കുണ്ട്. ഏതുപാര്‍ട്ടിയോടും താല്‍പ്പര്യമാകാം. അതുപക്ഷെ പ്രകടമാക്കേണ്ടത് തെരഞ്ഞെടുപ്പുവേളയിലാണ്. മറ്റവസരങ്ങളില്‍ പൗരന്മാരുടെ പ്രധാന കടമ ഭരണകൂടത്തെ നിരന്തരമായി വീക്ഷിക്കലാണ്. തീര്‍ച്ചയായും പ്രതിപക്ഷത്തേയും ഓഡിറ്റ് ചെയ്യണം. പക്ഷെ നമ്മുടെ അന്ധമായ കക്ഷിരാഷ്ട്രീയതാല്‍പ്പര്യമാണ് ജനാധിപത്യത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. രാജഭരണണത്തെ പോലെ രാജാവിനു കയ്യടിക്കുകയും രാജസ്തുതികള്‍ പാടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അന്ധമായി എതിര്‍ക്കുന്നതും അങ്ങനെതന്നെ. സ്വര്‍ണ്ണകടത്തു സംഭവത്തിലും നാം കാണുന്നത് അതാണല്ലോ.

സ്വന്തം പാര്‍ട്ടിയോടും നേതാക്കളോടുമുള്ള ഈ അന്ധമായ ആരാധനയാണ് കേരളത്തില്‍ നിരന്തരമായി നടക്കുന്ന കക്ഷിരാഷ്ട്രീയ കൊലകളുടെയും അടിസ്ഥാനം. കൊല്ലാനും കൊല്ലപ്പെടാനും ചാവേറുകളുണ്ടാകേണ്ട ഒരു സംവിധാനമല്ല ജനാധിപത്യം. നിര്‍ഭാഗ്യവശാല്‍ അതാണ് നടക്കുന്നത്. സത്യത്തില്‍ അതു രാഷ്ട്രീയം പോലുമല്ല. രാഷ്ട്രീയത്തില്‍ കൊലക്കെന്തു സ്ഥാനം? ഇതാണ് അരാഷ്ട്രീയം. അരാഷ്ട്രീയ ചിന്താഗതി വ്യാപകമാകുന്നു എന്നതാണ് ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. അത് ഫാസിസത്തെയാണ് സഹായിക്കുക. പക്ഷെ അങ്ങനെയൊരു ചിന്താഗതിക്കു പ്രധാന കാരണം രാഷ്ട്രീയത്തിലെ അപചയങ്ങളാണ്. അതിനോടുള്ള നിഷേധാത്മക പ്രതികരണമാണ് അരാഷ്ട്രീയവാദം. നാളെ രാജ്യത്തെ നയിക്കേണ്ട വിദ്യാര്‍ത്ഥികളിലാണ് അരാഷ്ട്രീയവാദം ഏറ്റവും ശക്തം. അതിനു പ്രധാന കാരണവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അപചയം തന്നെ. പിതൃസംഘടനയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ മാത്രമാണ് പലപ്പോഴുമവ. പല കലാലയങ്ങളും ജനാധിപത്യത്തിന് അന്യമായ കോട്ടകളാണ്. പിന്നെങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയത്തോട് താല്‍പ്പര്യമുണ്ടാകും? പിന്നീട് കോടതി തന്നെ രാഷ്ട്രീയം നിരോധിക്കുന്നു. അപകടകരമായ ഈ അവസ്ഥ സൃഷ്ടിച്ചതില്‍ തങ്ങളുടെ പങ്ക് പരിശോധിക്കാന്‍ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തയ്യാറാകണം.

നിരന്തരമായി അപചയത്തിനു വിധേയമാകുന്ന ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ അടിയന്തിരമായി ഉണ്ടാകേണ്ട മാറ്റങ്ങളില്‍ ചിലതാണ് പറഞ്ഞത്. നമ്മുടെ ജനാധിപത്യബോധം വികസിക്കുന്നതിലൂടെ മാത്രമേ ജനാധിപത്യത്തിന്റെ നിലവാരം മെച്ചപ്പെടുത്താനാവൂ. അല്ലെങ്കില്‍ ഇതേ ജനാധിപത്യ സംവിധാനത്തിലൂടെ ജനവിരുദ്ധ ശക്തികളും ഫാസിസ്റ്റുകളുമൊക്കെ അധികാരത്തിലെത്തുമെന്നതിന് ലോകമാകെ എത്രയോ ഉദാഹരണങ്ങള്‍. ജനപ്രതിനിധികള്‍ മാത്രമല്ല, ഉദ്യോഗസ്ഥരും ജനങ്ങളുടെ നിരന്തരനിരീക്ഷണത്തിനു വിധേയമാകണം. അതിനുള്ള സംവിധാനങ്ങളും വളരെ കുറവാണ്. വിവരാവകാശ നിയമവും സേവനാവകാശനിയമവും നിലവിലുണ്ടെങ്കിലും വളരെ കുറച്ചുപേരേ ഉപയോഗിക്കുന്നുള്ളു. അതൊന്നും അറിയാത്തവരും ഉപയോഗിക്കാത്തവരുമാണ് ഭൂരിഭാഗവും. വാസ്തവത്തില്‍ നമ്മുടെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല എന്നതാണ് വസ്തുത. സാങ്കേതിക വിദ്യയുടെ വികാസം പ്രത്യക്ഷമായ അഴിമതിക്ക് അല്‍പ്പം കുറവുണ്ടാക്കിയിട്ടുണ്ടെന്നു മാത്രം. ഏതു നടപടിയും സംഘടിതശക്തിയോടെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്കാവുന്നു. ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥരേയും ജനങ്ങള്‍ക്ക് നിയന്ത്രിക്കാനുള്ള അവകാശവും സംവിധാനങ്ങളും സൃഷ്ടിച്ചെടുക്കലാണ് ഇന്ന് അടിയന്തിരമായി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply