കേരളത്തിന്റെ ആരോഗ്യം – പുനര്‍വായനയുടെ സമയമാകട്ടെ കൊറോണകാലം

ഇത്തരമൊരു ലക്ഷ്യം നേടാനായി സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തിയെടുക്കണം. ചൈനയില്‍ പഠിക്കുന്ന ക്യൂബന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സ്വകാര്യമായി പണം കുന്നുകൂട്ടി സമ്പാദിക്കാനല്ല, സമൂഹത്തെ സേവിക്കാനാണ് എന്നു പറഞ്ഞതായും അപ്പോള്‍ താന്‍ കേരളത്തിലെ അവസ്ഥ ഓര്‍ത്തതായും ലോകസഞ്ചാരിയായ മുരളി വെട്ടത്ത് പറഞ്ഞിരുന്നല്ലോ. ക്യൂബയെ കുറിച്ചും ചെഗ്വരയെ കുറിച്ചും ഏറെ ആഘോഷിക്കുന്ന നമ്മള്‍ ഈ സാഹചര്യത്തില്‍ ഇറ്റലിയിലേക്ക് വളണ്ടിയേഴ്‌സിനെ അയക്കാമോ എന്നാലോചിക്കണമെന്നു പറഞ്ഞ സി പി ജോണിനെ പലരും അപഹസിക്കുന്നതും കണ്ടു. ഈ ചിന്താഗതികള്‍ മാറാതെ, കൊറോണകാലത്തു മാത്രമല്ല, ഏതു കാലത്തും സമൂഹത്തോട് പ്രതിബദ്ധതയില്ലാതെ ആരോഗ്യമേഖലയില്‍ വലിയ നേട്ടങ്ങള്‍ നേടാന്‍ നമുക്കാവില്ല.

ആയിരങ്ങളുടെ ജീവന്‍ മാത്രമല്ല, നമ്മുടെ ഒരുപാട് തെറ്റായ ധാരണകളെയാണ് കൊറോണ വൈറസ് തകര്‍ത്തു തരിപ്പണമാക്കുന്നത്. അതിലേറ്റവും പ്രധാനമാണ് അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ പോലുള്ള വികസിത രാഷ്ട്രങ്ങള്‍ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ആരോഗ്യമേഖലയിലും വളരെ മുന്നിലെന്നത്. അവരും അങ്ങനെതന്നെ ധരിച്ചിരിക്കുകയായിരുന്നു. അതാണല്ലോ ആരംഭത്തില്‍ അവശ്യം എടുക്കേണ്ട മുന്‍കരതലുകള്‍ എടുക്കാതെ ഇത്രമാത്രം രൂക്ഷമായ അവസ്ഥയിലേക്ക് എത്താനും കാരണമായത്. ആരോഗ്യരംഗത്തും ചികിത്സാമേഖലയിലുമെല്ലാം ഇന്ത്യയുമായി താരതമ്യം ചെയ്താല്‍ മാത്രമല്ല, കേരളവുമായി താരതമ്യം ചെയ്താല്‍ പോലും എത്രയോ മുന്നിലുള്ള രാജ്യങ്ങളാണ് ഇന്നീ ദുരന്തം നേരിടുന്നത്. ആരംഭത്തില്‍ തന്നെ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ അത്തരത്തില്‍ ഭീകരമായ ദുരന്തത്തിലേക്ക് ഇന്ത്യയും കേരളവും പോകില്ല എന്നു കരുതാം.

നിര്‍ഭാഗ്യവശാല്‍ ആരോഗ്യമടക്കം പല വിഷയങ്ങളിലും കേരളത്തെ കുറിച്ച് ഇത്തരം തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് മലയാളികളും. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി സ്വയം നമ്പര്‍ വണ്‍ എന്നഹങ്കരിക്കുന്നത് ഒരു ഫാഷന്‍ പോലെയായിട്ടുണ്ട്. ചരിത്രപരമായി തന്നെ വ്യത്യസ്ഥനിലയില്‍ വികസിച്ചുവന്ന പ്രദേശങ്ങളാണിവ. ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും വ്യത്യസ്ഥ രാജ്യങ്ങളാകാന്‍ തന്നെ അര്‍ഹതയുള്ളവയാണ്. അവ തമ്മിലുള്ള താരതമ്യം തന്നെ അര്‍ത്ഥശൂന്യമാണ്. വേണ്ടത് നമ്മുടെ പ്രയാണം മുന്നോട്ടോ പുറകോട്ടോ എന്നതാണ്. ആ പരിശോധനയില്‍ ആരോഗ്യമടക്കം പല വിഷയങ്ങളിലും നാം പുറകോട്ടെന്നു പറയാതിരിക്കാനാവില്ല. ഈ കൊറോണകാലമെങ്കിലും അന്ധമായ വിശ്വാസങ്ങള്‍ മാറ്റിവെച്ച് അത്തരമൊരു പരിശോധനക്കാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

തീര്‍ച്ചയായും സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും പോലെ പ്രാഥമിക ആരോഗ്യമേഖലയില്‍ നാം മുന്നിലാണ്. അതിനു ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. അതിലേക്കു കടക്കുന്നില്ല. എന്നാലിന്ന് നമ്മുടെ അവസ്ഥ അത്ര ഗംഭീരമാണെന്നു പറയാനാവില്ല. ഒരു പാട് രോഗങ്ങളെ ആട്ടിയകറ്റിയവരാണ് നമ്മളെന്നു പറയുമ്പോഴാണല്ലോ പനി വന്നപോലും മരിക്കുന്ന അവസ്ഥ ഇവിടെ നിലനില്‍ക്കുന്നത്. എത്രയോ തരത്തിലുള്ള പനികളാണ് ഓരോ കൊല്ലവും മലയാളികളെ അക്രമിക്കുന്നത്. അവക്കുള്ള പ്രധാന കാരണം മാലിന്യമാണെന്നത് നമ്മുടെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതക്കുനേരെയുള്ള മറ്റൊരു ചൂണ്ടുവിരലാണ്. മറ്റൊരു വിധത്തിലും ഏറെ രോഗാതുരമായ ജനതയാണ് നമ്മള്‍. ഇന്ത്യയില്‍ ഏറ്റവും ആധുനികരാണെന്ന് നമ്മളെന്ന് അഹങ്കരികക്ുമ്പോള്‍ ആധുനിക ജീവിതചര്യയുടെ ഭാഗമായ രോഗങ്ങളുടേയും വിളനിലമാണല്ലോ കേരളം. പ്രഷറും ഷുഗറും കൊളസ്‌ട്രോളും ഹൃദ്‌രോഗങ്ങളും കരള്‍ – വൃക്ക രോഗങ്ങളും കാന്‍സറുമെല്ലാം ഏറ്റവും അക്രമിക്കുന്നത് മലയാളികളെയാണ്. ഇവയെല്ലാം പ്രതിരോധശേഷിയേയും കുറക്കുമെന്നതിനാല്‍ കൊറോണ പോലുള്ള വൈറസുകള്‍ക്കു വളമാകുന്നു. കൂടിയ മദ്യപാനനിരക്കും ആത്മഹത്യാനിരക്കുമൊക്കെ നമ്മുടെ മാനസിക ആരോഗ്യമില്ലായ്മയുടേയും ഉദാഹരണമാണ്. മറ്റൊന്ന് ഏറെ ആഘോഷിക്കുന്ന നമ്മുടെ ശരാശരി ആയുസ്സിലെ വര്‍ദ്ധനയാണ്. പക്ഷെ വൃദ്ധരില്‍ വലിയൊരു വിഭാഗം അരക്ഷിതരും കിടപ്പിലുമായ അവസ്ഥ എത്രമാത്രം ആരോഗ്യകരമാണെന്ന് പരിശോധിക്കേണ്ടതാണ്. കേരളത്തേക്കാള്‍ ശരാശരി ആയുസ്സ് എത്രയോ കൂടുതലാണ് ഇറ്റലിയില്‍. വൃദ്ധരുടെ അവസ്ഥ എത്രയോ മെച്ചമായിട്ടും അവിടെ അവസാനം 80 കഴിഞ്ഞവരെ മരണത്തിനു വിട്ടുകൊടുക്കുന്ന വാര്‍ത്തകളും കാണുന്നുണ്ടല്ലോ.

തീര്‍ച്ചയായും നമ്മുടെ ആരോഗ്യവിദ്യാഭ്യാസരംഗവും ചികിത്സാമേഖലയും ശക്തമായ നിരീക്ഷണത്തിനു വിധേയമാക്കേണ്ട സമയം കൂടിയാണിത്. ഇന്ന് ഏറ്റവും കച്ചവടവല്‍ക്കരിക്കപ്പെട്ട മേഖലകളായി അവ മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സര്‍ക്കാരിന്റെ 12 അടക്കം 35 മെഡിക്കല്‍ കോളാജാണ് കേരളത്തിലുള്ളത്. ആയുര്‍ വേദവും ഹോമിയോയുമടക്കം എല്ലാ സ്ഥാപനങ്ങളുമെടുത്താല്‍ ആരോഗ്യ പഠന രംഗത്ത് 300ഓളം സ്ഥാപനങ്ങളുണ്ട്. അതിനു പുറമെയാണ് ചൈനയിലടക്കം പോയി വൈദ്യശാസ്ത്രം പഠിക്കുന്നവര്‍. എന്നിട്ട് ഇതിന്റെയെല്ലാം ഫലം എന്താണ്? ക്യൂബയില്‍ നിന്ന് മെഡിക്കല്‍ സംഘം മറ്റുരാഷ്ട്രങ്ങളിലേക്കു പോകുന്നതിനെ പ്രകീര്‍ത്തിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ ഇവിടെ ഇത്രയധികം പേര്‍ പഠിച്ചുവന്നിട്ട് എന്താണ് സംഭവിക്കുന്നത്? മരുന്നു കമ്പനികളും ആശുപത്രിയുടമകളുമെല്ലാമടങ്ങിയ വന്‍കച്ചവടമേഖലയിലെ കണ്ണികളാണ് ഇന്ന് ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും. പ്രാഥമിക മേഖല ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ ചികിത്സാമേഖല ഇന്ന് എത്രയോ ചിലവുള്ളതായിരിക്കുന്നു. അവയില്‍ മിക്കവാറും അനാവശ്യചിലവുകളാണുതാനും. മെഡിക്കല്‍ കോളേജുകളക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ ആവശ്യമുള്ളതിന്റെ പത്തിലൊന്നുപോലുമില്ല. നേരത്തെ സൂചിപ്പിച്ച ആധുനികകാല രോഗങ്ങള്‍ക്ക് പല സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ പോലുമില്ല. സമീപകാലത്ത് ഈയവസ്ഥയെ മറികടക്കാനുള്ള ശ്രമമില്ല എന്നു പറയുന്നില്ല. പക്ഷെ ലക്ഷ്യം എത്രയോ അകലെയാണ്.

ഏറ്റവും മികച്ചതെന്ന് നാമെത്ര അഹങ്കരിച്ചാലും ഇന്നത്തെ നമ്മുടെ ആരോഗ്യസംവിധാനവുമായി വരുംകാല വെല്ലുവിളികളെ നേരിടാന്‍ സാധ്യമാകുമെന്ന് തോന്നുന്നില്ല. നമ്മുടെ അടിസ്ഥാനപരമായ പല ആശയങ്ങളും മാറ്റിയെഴുതേണ്ട സമയമാണിത്. ജനങ്ങളുടെ അവശ്യമേഖലകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരികയും മറ്റുമേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെതന്നെ സ്വകാര്യമേഖലയുടെ ആരോഗ്യകരമായ മത്സ,രത്തിനു വിടുകയാണ് ഇന്ന് ഏതു രാഷ്ട്രവും ചെയ്യേണ്ടത്. അതില്‍ ആദ്യത്തേതില്‍ വരുന്നതാണ് വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ. പക്ഷെ ഇവിടെ കാണുന്നത് തിരിച്ചാണ്. ആരോഗ്യകരമായ മത്സരത്തിനായി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാവുന്ന പല മേഖലകളിലും അനാവശ്യമായി സര്‍ക്കാര്‍ പണമിറക്കുന്നു. നഷ്ടത്തിലാവുന്നു. ഈ അവശ്യമേഖലകള്‍ ഒരു നിയന്ത്രവുമില്ലാതെ സ്വകാര്യമേഖലയുടെ മത്സരത്തിനായി വിട്ടുകൊടുക്കുന്നു. അതിന്റെ ദുരന്തമാണ് ഇന്നു നാം നേരിടുന്നത്. സ്വകാര്യമേഖലയുടെ പ്രലോഭനത്തിനു സര്‍ക്കാര്‍ ഡോക്ടര്‍മാരും അധീനപ്പെടുന്നത് സ്ഥിരം സംഭവമാണല്ലോ. ഈ അവസ്ഥക്കു മാറ്റം വന്നാലേ ഭാവിയിലെ വൈറസുകളെ ഫലപ്രദമായി നേരിടാന്‍ നമുക്കാവൂ.

ഇത്തരമൊരു ലക്ഷ്യം നേടാനായി സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തിയെടുക്കണം. ചൈനയില്‍ പഠിക്കുന്ന ക്യൂബന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സ്വകാര്യമായി പണം കുന്നുകൂട്ടി സമ്പാദിക്കാനല്ല, സമൂഹത്തെ സേവിക്കാനാണ് എന്നു പറഞ്ഞതായും അപ്പോള്‍ താന്‍ കേരളത്തിലെ അവസ്ഥ ഓര്‍ത്തതായും ലോകസഞ്ചാരിയായ മുരളി വെട്ടത്ത് പറഞ്ഞിരുന്നല്ലോ. ക്യൂബയെ കുറിച്ചും ചെഗ്വരയെ കുറിച്ചും ഏറെ ആഘോഷിക്കുന്ന നമ്മള്‍ ഈ സാഹചര്യത്തില്‍ ഇറ്റലിയിലേക്ക് വളണ്ടിയേഴ്‌സിനെ അയക്കാമോ എന്നാലോചിക്കണമെന്നു പറഞ്ഞ സി പി ജോണിനെ പലരും അപഹസിക്കുന്നതും കണ്ടു. ഈ ചിന്താഗതികള്‍ മാറാതെ, കൊറോണകാലത്തു മാത്രമല്ല, ഏതു കാലത്തും സമൂഹത്തോട് പ്രതിബദ്ധതയില്ലാതെ ആരോഗ്യമേഖലയില്‍ വലിയ നേട്ടങ്ങള്‍ നേടാന്‍ നമുക്കാവില്ല. ഒപ്പം അലോപ്പതി മൗലികവാദത്തിലേക്കു കടക്കാതെ ഏതു വൈദ്യശാസ്ത്രത്തില്‍ നിന്നും സ്വീകരിക്കാനും ചികിത്സക്കൊപ്പം രോഗപ്രതിരോധശക്തി വളര്‍ത്താനും തയ്യാറാവണം. അല്ലാത്തപക്ഷം യുപിയേക്കാള്‍ എത്ര ഭേദം എന്ന അവകാശവാദം തുടര്‍ന്ന്, പനി വന്നാല്‍ പോലും മരണപ്പടുന്ന ജനതയായി നമുക്ക് തുടരാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply