ഇന്ത്യന്‍ ഭരണഘടന : തുല്ല്യതയെ അംഗീകരിച്ച ആദ്യ ഇന്ത്യന്‍ ഗ്രന്ഥം

ഇന്ത്യന്‍ ഭരണഘടന നമ്മുടെ ആത്മനവീകരണത്തേയും സാമൂഹിക നവീകരണത്തേയും പറ്റി പറയുന്നു. ആത്മനവീകരണത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്ന ഗാന്ധിയെ അവരാദ്യം ഇല്ലാതാക്കി. കാരണം അതൊന്നും അവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. ഭരണഘടനയുടെ പതിനേഴാം വകുപ്പില്‍ പറയുന്നത് അയിത്തം കുറ്റകരമാണെന്നാണ്. അതിനര്‍ത്ഥം അതുവരെ ഇവിടെ തുടര്‍ന്നിരുന്ന ജീവിതക്രമം തന്നെ കുറ്റകരമാണെന്നാണ്.

കഴിഞ്ഞ നൃറ്റാണ്ടില്‍ സ്വാതന്ത്ര്യം നേടിയ പല രാഷ്ട്രങ്ങളും പട്ടാളഭരണത്തിലേക്കും മതരാഷ്ട്രത്തിലേക്കും മറ്റും നീങ്ങിയപ്പോള്‍ ഇന്ത്യയില്‍ അതുണ്ടായില്ല എന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണെന്നും പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചും അതിനകത്ത് എങ്ങനെയാണ് അധികാരം വിതരണം ചെയ്തിരിക്കുന്നതെന്നും പരിശോധിച്ചാല്‍ അതിനുള്ള മറുപടി കിട്ടും. ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയെന്നത് അതിന്റെ വൈവിധ്യങ്ങളാണ്. അവയെ അംഗീകരിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍ അത് തരംതിരിവുകളുടേതാണ് എന്ന യാഥാര്‍ത്ഥ്യവും മറക്കാനാവില്ല. ഈ വൈവിധ്യം നമ്മുടെ സാമൂഹ്യശരീരത്തില്‍ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നതു പരിശോധിച്ചാല്‍ അതു ബോധ്യമാകും. ആ വിന്യാസം തുല്ല്യതയുടെ അടിസ്ഥാനത്തിലല്ല, തരംതിരിവുകളുടെ അടിസ്ഥാനത്തിലാണെന്നതാണ് വസ്തുത. അതില്‍ അധികാരം വിന്യസിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കുമല്ല, അത് ദൈവദത്തമാണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗത്തിനാണ്.

എന്തുകൊണ്ടാണ് ഇന്ത്യന്‍ സമൂഹം ഇത്രമാത്രം ആചാരാനുഷ്ഠാനുങ്ങളില്‍ കുടുങ്ങികിടക്കുന്നു എന്നു പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകും. ഈ ആചാരാനുഷ്ഠാനങ്ങള്‍ കേവലം അന്ധവിശ്വാസങ്ങളല്ല, മറിച്ച് അധികാരത്തിലിരിക്കുന്ന വിഭാഗങ്ങള്‍ അവ നിലനിര്‍ത്താനായി സൃഷ്ടിച്ചവയാണ്. അവ തികച്ചും മനുഷ്യവിരുദ്ധവുമാണ്. മറ്റുള്ളവരുടെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളില്‍ ഉരുളുക, കെട്ടിത്തൂക്കുകയും ശൂലം തറക്കുകയും പോലുള്ള സ്വയം പീഡനങ്ങള്‍ നടത്തുക, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ നഗ്നരായി പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്ക് അഞ്ഞൂറും അറന്നൂറും വയസായി, അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്നതേയുള്ളു എന്നു പറയുക തുടങ്ങി ആധുനികമനുഷ്യന് ചിന്തിക്കാന്‍ പോലുമാവാത്ത നിലയിലേക്ക് അതു നീളുന്നു. ഇതിന്റെയെല്ലാം പുറകിലുള്ള അധികാരബലതന്ത്രത്തേയും അധികാരവിന്യാസത്തേയും കുറിച്ചറിയാതെ ഇന്ത്യന്‍ സമൂഹത്തെ ശരിയായി മനസ്സിലാക്കാനാവില്ല. മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിച്ചിരുന്ന ഒരു സമൂഹമായിരുന്നില്ല നമ്മുടേത്. അതു തിരിച്ചായിരുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത് അവകാശമായും കര്‍മ്മമായും വിശ്വസിച്ചിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ സങ്കല്‍പ്പങ്ങളൊക്കെ ഈ സമൂഹത്തിന് അന്യമായിരുന്നു. സഹജീവികളെ ഒപ്പമിരുത്താത്ത, വീട്ടില്‍ കയറ്റാത്ത, വിവാഹം കഴിച്ചു കൊടുക്കാത്ത സമൂഹത്തില്‍ ഈ മൂല്യങ്ങള്‍ക്ക് എന്തു സ്ഥാനം?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനാധിപത്യമെന്നത് നമുക്കൊട്ടുമറിയാത്ത ആശയമായിരുന്നു. വ്യക്തിപരമായും സാമൂഹ്യപരമായും ഒരു ജീവിതക്രമമെന്ന നിലക്കുള്ള മൂല്യമായാണ് ജനാധിപത്യ ആശയങ്ങള്‍ മാറേണ്ടത്. അതെ കുറിച്ചറിയില്ല എന്നു സമ്മതിച്ച് പഠിക്കാനാണ് നാം ശ്രമിക്കേണ്ടത്. മതേതരത്വമെന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മതവിരുദ്ധമല്ല. നമ്മുടെ ഭരണഘടനയിലെ We people of India എന്നു തുടങ്ങുന്ന വാചകം തെരഞ്ഞെടുക്കുമ്പോള്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. ഭരണഘടന തുടങ്ങേണ്ടത് ദൈവനാമത്തിലാകണം എന്ന വാദമുയര്‍ന്നു. എന്നാല്‍ ഏതു ദൈവം എന്ന തര്‍ക്കം പിന്നാലെ വന്നു. പതിനായിരകണക്കിനു ദൈവങ്ങളാണല്ലോ നമുക്കുള്ളത്. അതില്‍ നിന്നൊരു തെഞ്ഞെടുപ്പ് പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുമെന്ന ബോധ്യമാണ് ഇത്തരത്തില്‍ മാറ്റാന്‍ കാരണമായത്. മതത്തെ സാമൂഹ്യജീവിതത്തില്‍ നിന്നൊഴിവാക്കുന്നതല്ല, എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതാണ് ഇന്ത്യന്‍ മതേതരത്വം. മതവിശ്വാസത്തിനും പ്രചാരണത്തിനും അവകാശമുണ്ട്.

പ്രാതിനിധ്യവാദമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. പ്രസിദ്ധമായ ലക്‌നൗ പാക്ടിലെ ലീഗ് – കോണ്‍ഗ്രസ് ഉടമ്പടിയില്‍ വരുംസര്‍ക്കാരുകളില്‍ മുസ്ലിമുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ഉറപ്പു കൊടുക്കുന്നുണ്ട്. അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ അങ്ങനേയേ കഴിയൂ. അതൊരി്ക്കലംു പ്രീണനവാദമാകില്ല. എല്ലാ വിഭാഗങ്ങളേയും അവരുടെ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തുല്ല്യതയോടെ ഉള്‍ക്കൊള്ളുന്നതാകണം മതേതര ജനാധിപത്യം. അതു തിരിച്ചറിയുന്നതിനാല്‍ തന്നെയാണ് ഫാസിസ്റ്റുകള്‍ ഈ സങ്കല്‍പ്പത്തെതന്നെ ശക്തമായി അക്രമിക്കുന്നത്. ഈയൊരു മാറ്റം തങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നവര്‍ക്കറിയാം. അതിനാലാണ് മതേതരത്വമെന്നത് മുസ്ലിംപ്രീണനമാണെന്ന് അവര്‍ ആക്ഷേപിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സടക്കം ആരും അതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നില്ല.

മതേതരജനാധിപത്യവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ സങ്കല്‍പ്പങ്ങളും ഓരോരുത്തരുടേയും ജീവിതക്രമമായെങ്കില്‍ മാത്രമേ രാഷ്ട്രീയജനാധിപത്യമെന്നതും അര്‍ത്ഥപൂര്‍ണ്ണമാകു. ഇക്കാര്യം അംബേദ്കര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ദൈനംദിനജീവിതത്തില്‍ നാമെത്രമാത്രം ഡെമോക്രാറ്റ് ആണോ അതിന്റെ തുടര്‍ച്ചയായിരിക്കും രാഷ്ട്രീയജനാധിപത്യം. അല്ലാതെ ഭരണാധികാരികള്‍ ജനാധിപത്യവാദികളാകണം, നമ്മള്‍ അങ്ങനെ ആകേണ്ടതില്ല എന്ന ചിന്താഗതി അര്‍ത്ഥശൂന്യമാണ്.

മനുഷ്യാവകാശത്തിന്റെ വിഷയത്തിലേക്കുവന്നാല്‍, കേവലമായതോ സാങ്കേതികമായതോ ആയ ചര്‍ച്ചയല്ല അതുമായി ബന്ധപ്പെട്ട് വേണ്ടത്. എല്ലാവരും തുല്ല്യരാണ് എന്നൊരിക്കലും വിശ്വസിക്കാതിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അങ്ങനെയാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നമ്മുടെ ഭരണഘടനയായിരുന്നു എന്നു മറക്കരുത്. അതിനുമുമ്പുണ്ടായിരുന്ന വിഖ്യാതമായ ഗ്രന്ഥങ്ങളിലൊന്നും അങ്ങനെ പറഞ്ഞിരുന്നില്ല എന്നു മാത്രമല്ല, തിരിച്ചു പറയുന്നുമുണ്ട്. ഉന്നതനും മ്ലേച്ഛനുമെന്ന് മനുഷ്യരെ വിഭജിച്ചിരുന്ന ഒരു സമൂഹത്തില്‍ എന്ത് മനുഷ്യാവകാശം? സവര്‍ണപുരുഷനുമാത്രം അംഗീകാരമുണ്ടായിരുന്ന, മറ്റുള്ളവരെയെല്ലാം പുറത്തുനിര്‍ത്തുന്ന ഒന്നായിരുന്നു നമ്മുടെ വിജ്ഞാനവ്യവസ്ഥ. ആദിവാസികള്‍ കുറഞ്ഞ മനുഷ്യരാണ്. അവരെ തല്ലിക്കൊന്നാലെന്ത്? രാത്രി ഒരു സ്ത്രീ അക്രമിക്കപ്പെട്ടാല്‍ അവരെന്തിന് ആ നേരത്ത് പുറത്തിറങ്ങി എന്നതാണ് നമ്മുടെ ചോദ്യം. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പാരമ്പര്യം മാത്രമേ നമുക്കുള്ളു. അത് ബൗദ്ധപാരമ്പര്യമാണ്. മറ്റെല്ലാം ഒരു വിഭാഗത്തെ പുറത്തുനിര്‍ത്തുന്നവയായിരുന്നു. ഈ സാഹചര്യത്തി്‌ലാണ് മനുഷ്യാവകാശമെന്നത് അസാധ്യതയിലെ സാധ്യതയാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ഭരണഘടന നമ്മുടെ ആത്മനവീകരണത്തേയും സാമൂഹിക നവീകരണത്തേയും പറ്റി പറയുന്നു. ആത്മനവീകരണത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്ന ഗാന്ധിയെ അവരാദ്യം ഇല്ലാതാക്കി. കാരണം അതൊന്നും അവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. ഭരണഘടനയുടെ പതിനേഴാം വകുപ്പില്‍ പറയുന്നത് അയിത്തം കുറ്റകരമാണെന്നാണ്. അതിനര്‍ത്ഥം അതുവരെ ഇവിടെ തുടര്‍ന്നിരുന്ന ജീവിതക്രമം തന്നെ കുറ്റകരമാണെന്നാണ്. ഇന്ത്യന്‍ ഭരണഘടന സാമൂഹ്യനവീകരണത്തെ പ്രധാനമായി കാണുന്നു. അന്തസായി ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. ന്യൂനപക്ഷസംരക്ഷണം, ആദിവാസികളുടെ സ്വയം ഭരണം, സംവരണം, സ്ത്രീകളുടെയും കുട്ടികളുടേയും പ്രത്യേക അവകാശങ്ങള്‍, പ്രത്യേക പ്രദേശത്തുള്ളവരുടെ അവകാശങ്ങള്‍ എന്നിവയെല്ലാം ഉറപ്പുവരുത്തുന്നു. വ്യത്യസ്ഥതകളെ അംഗീകരിക്കുക മാത്രമല്ല, അവയിലെ ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കുന്നു. ദുര്‍ബ്ബലവിഭാഗങ്ങളെ വെറുതെ ഉള്‍്കകൊള്ളുകയല്ല, അവരുടെ അവകാശങ്ങള്‍ നിയമപരമായി ഉറപ്പുവരുത്തുന്ന മഹത്തായ ദര്‍ശനമാണ് ഇന്ത്യന്‍ ഭരണഘടന.

ഭരണഘടനാ സംരക്ഷണം എന്നത് ഇന്ന് മതേതര ജനാധിപത്യവാദികളുടെ വലിയ ഉത്തരവാദിത്തമാണ്. ഭരണഘടന കത്തിക്കണമെന്നു പറയുന്നവര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. അത് മനുസ്മൃതി പുനസ്ഥാപിക്കണമെന്നാണ്. അതിനു ബദലായി ഭരണഘടന സംരക്ഷിക്കണമെന്ന് ഉറക്കെ വിളിച്ചുപറയണം. ജനങ്ങള്‍ ഭരണഘടന സംരക്ഷിച്ചോളും എന്നു പറയാനാകില്ല. കാരണം ജനം എന്നത് നിര്‍മ്മിതിയാണ്. അത് മാറികൊണ്ടിരിക്കും. നമുക്ക് വേണ്ടത് നവീകരണമെന്നത് വ്യക്തിപരമായും സാമൂഹ്യമായും ഏറ്റെടുക്കുന്ന പൗര സമൂഹമാണ്. അതിനായാണ് പ്രവര്‍ത്തിക്കേണ്ടത്. എങ്കില്‍ മാത്രമേ അപകടകമായ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവൂ

തൃശൂര്‍ സൗഹൃദയവേദി സംഘടിപ്പിച്ച ‘ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം” എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply