പ്രകൃതിയുടെ സംരക്ഷണം ജീവിതദര്‍ശനത്തിന്റെ ഭാഗമാകണം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് നമ്മുടെ ജീവിതദര്‍ശനങ്ങളില്‍ ഒരു പുനപരിശോധന ആവശ്യമാണ്. അത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. പ്രകൃതിയെ സംരക്ഷിക്കണമെന്നത് നമ്മുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്.

എഡിറ്റോറിയല്‍

മനുഷ്യര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നൈതികബോധത്തെയും ധാര്‍മികതയെയും പ്രകൃതിയുമായുള്ള ബന്ധത്തെയും കാണാതെ പ്രകൃതി ദുരന്തങ്ങളെ നമുക്ക് വിലയിരുത്തുവാന്‍ കഴിയില്ല. ആയിരകണക്കിനാളുകളുടെ ജീവിതത്തെയാണ് ഈ ദുരന്തങ്ങള്‍ അനാഥമാക്കിയത്. അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കും എന്ന ഭരണാധികാരികളുടെ പ്രഖ്യാപനമല്ലാതെ എങ്ങനെ അതിജീവിക്കും എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല. മലയാളികള്‍ ജീവിക്കുന്ന ജീവിതബോധ്യത്തിന്റെ നൈതിക പരിസരങ്ങളെ കര്‍ശനമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടന്ന നാടകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ എത്രമാത്രം പരിസ്ഥിതിവിരുദ്ധമായിട്ടാണ് മലയാളികള്‍ ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്ന് മനസിലാകും. പശ്ചിമഘട്ടമെന്നത് കേരളത്തിന്റെ ജലസ്രോതസാണെന്നും അതിനെ സംരക്ഷിക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പക്ഷെ അതെകുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും നമുക്ക് സാധിച്ചില്ല. രാഷ്ട്രീയ ഭരണനേതൃത്വമാകട്ടെ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ നിലപാടെടുത്തു. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന മതനേതൃത്വങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളെ തെരുവിലിറക്കി. ഭാവി തലമുറക്കായി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടിനെതിരെ സംഘടിതമായ ലോബികള്‍ പ്രതികരിച്ച രീതി നാം കണ്ടതാണ്. പാരിസ്ഥിതികമായ ബോധം മലയാളികള്‍ക്കിടയില്‍ വളരെ തുച്ഛമാണ് എന്നാണിതെല്ലം ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല നമ്മുടെ ബോധം പ്രകൃതിയെ വേദനിപ്പിക്കുന്ന രീതിയില്‍ ദുര്‍ബലമാണ് എന്ന് മാത്രമല്ല, പ്രകൃതിയുടെ നിലനില്‍പിന് തന്നെ ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ അലസവുമാണ്. മനുഷ്യജീവന് അത്യന്താപേക്ഷിതമായ പാരിസ്ഥിതിക മൂല്യത്തെ സംബന്ധിച്ച ചെറിയ സങ്കല്‍പം പോലും മലയാളികള്‍ക്കിടയിലില്ല, മാത്രമല്ല അതെകുറിച്ചു സംസാരിക്കുന്നവര്‍ മുഴുവന്‍ കുഴപ്പക്കാരാണ് എന്ന് നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പൊതുസമൂഹബോധവും ഇവിടെയുണ്ട്. ഇത് തിരുത്തപ്പെടേണ്ടതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് നമ്മുടെ ജീവിതദര്‍ശനങ്ങളില്‍ ഒരു പുനപരിശോധന ആവശ്യമാണ്. അത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. പ്രകൃതിയെ സംരക്ഷിക്കണമെന്നത് നമ്മുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വവും സിവില്‍ സമൂഹവും ഒരു പുനഃപരിശോധനക്ക് തയ്യാറാവണം. പ്രകൃതിക്ക് മുകളില്‍ എന്തുമാകാമെന്ന ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രീയത എന്ന ദുര്‍വാശിയെ കൊണ്ടുനടക്കാന്‍ നാമിനിയും ശ്രമിക്കരുത്. അതേസമയം അതിനെ വളം വച്ചുകൊടുക്കുന്ന രാഷ്ട്രീയ മത നേതൃത്വമാണ് നമുക്കുള്ളത് എന്നതാണ് പ്രധാനപ്രശ്‌നം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിത്തെ കുറിച്ചുള്ള ഒരു ആലോചനക്ക് നാമിനിയും വഴി തുറന്നില്ലെങ്കില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാന്‍ കഴിയുകയില്ല എന്നതാണ് സത്യം. പ്രകൃതി എന്നത് ഭാവിയിലേക്ക് കൂടി ഉള്ളതാണെന്ന് മനസിലാകുന്ന, വിശാലമായ നയം രൂപീകരിക്കാന്‍ നമുക്ക് കഴിയണം. ആ ചിന്തകള്‍ക്കുള്ള പ്രേരണയെങ്കിലുമാകട്ടെ ഈ പ്രകൃതിദുരന്തങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പ്രകൃതിയുടെ സംരക്ഷണം ജീവിതദര്‍ശനത്തിന്റെ ഭാഗമാകണം

  1. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ, മനുഷ്യരുടെ അധ്വാനം പ്രകൃതിയിൽ ഉണ്ടാക്കുന്ന പ്രതി ക്രി യാ പ്രതിഭാസങ്ങളെ കുറിച്ച് മാർക്സ് , എംഗൽസ് ഒക്കെ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു.. ഒരു പരാമർശം പോലും അർഹിക്കാത്ത വിധത്തിൽ , അതെല്ലാം എല്ലാർക്കും അറിയാം, ദാർശനിക ദൃഷ്ടിയിലും, ഗാഡ്ഗിൽ കമ്മിറ്റി യുടെ ഉഗ്ര പ്രഭാവത്താലും കാലഹരണപ്പെട്ടു എന്നാണോ ? അങ്ങനെയെങ്കിൽ “പുതിയ” ചിന്തയുടെ ,തുട ക്കങ്ങളുടെ സവിശേഷ പ്രാധാന്യം എവിടെയെന്ന് കൂടി ആരെങ്കിലും പറഞ്ഞു തരൂ.

Leave a Reply