അന്ന് അവര്‍ ചെയ്ത കലാപം ഇന്ന് നിങ്ങള്‍ക്കായിക്കൂടെ യുവനേതാക്കളെ….?

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന പ്രതിഭാസം കേരളത്തില്‍ അവസാനിക്കുകയാണ്. മുസ്ലിം – സുറിയാനി – നായര്‍ വിഭാഗങ്ങള്‍ എന്തായാലും തങ്ങളെ വിജയിപ്പിക്കുമെന്ന ധാരണയും തിരുത്തിയേ പറ്റൂ. സ്വയം ഒരു ഉടച്ചുവാര്‍ക്കലിനു വിധേയമാകാതേയും ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെടാതേയും ഇനിയും കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ കേരളത്തില്‍ വിജയിക്കാനാവുമെന്നു കരുതുക മൗഢ്യമായിരിക്കും. അത്തരമൊരു ശ്രമത്തിനു തുടക്കം കുറിക്കാനവര്‍ തയ്യാറാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളേയും പോലെ കേരളത്തിലേയും കോണ്‍ഗ്രസ്സ് പാര്‍ട്ടി കടന്നുപോകുന്നത്. പതിറ്റാണ്ടുകള്‍ക്കുശേഷം എതിര്‍ മുന്നണിക്ക് തുടര്‍ഭരണം കൊടുത്ത് വിശ്രമിക്കുകയാണവര്‍. ഒപ്പം തമ്മില്‍ തല്ലും ആരംഭിച്ചുകഴിഞ്ഞു. തങ്ങളൊന്നും ചെയ്തില്ലെങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പതിവുപോലെ ഭരണം കിട്ടുമെന്ന ധാരണയില്‍ 2016 മുതല്‍ വലിയ ആലസ്യത്തിലായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം. അക്കാര്യത്തില്‍ ചെറിയ സംശയം തോന്നിയതിനാലായിരുന്നു പോയ വര്‍ഷം പ്രതിപക്ഷം സജീവമായത്. പ്രതിപക്ഷനേതാവ് അഴിമതി ആരോപണങ്ങളുടെ നീണ്ട നിരയുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ അതെല്ലാം നിഷേധിച്ചെങ്കിലും മിക്കതിലും നടപടികള്‍ സ്വീകരിക്കുക വഴി ഫലത്തില്‍ അംഗീകരിക്കുകയായിരുന്നു. പക്ഷെ പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവര്‍ത്തനമാരംഭിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു. അനിവാര്യമായ ദുരന്തം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യു ഡി എഫ് ഇക്കുറി ജയിക്കണമെന്നാഗ്രഹിച്ചതില്‍ അവരുമായി ബന്ധമില്ലാത്ത ഒരുപാട് പേരുമുണ്ടായിരുന്നു. ജനാധിപത്യസംവിധാനത്തിന്‍ തുടര്‍ഭരണമാണ് കൂടുതല്‍ ഗുണകരം എന്ന വിഷയം പ്രചാരണവേളയില്‍ വലിയ ചര്‍ച്ചയായിരുന്നല്ലോ. മാത്രമല്ല, കേരളത്തിലെ സവിശേഷ മുന്നണി സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ ഭരണത്തുടര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപിക്ക് സഹായകരമാകുമെന്ന വാദവുമുയര്‍ന്നു. ഇക്കാര്യം ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും രഹസ്യമായി സമ്മതിച്ചിരുന്നു.

എന്തായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന പ്രതിഭാസം കേരളത്തില്‍ അവസാനിക്കുകയാണ്. മുസ്ലിം – സുറിയാനി – നായര്‍ വിഭാഗങ്ങള്‍ എന്തായാലും തങ്ങളെ വിജയിപ്പിക്കുമെന്ന ധാരണയും തിരുത്തിയേ പറ്റൂ. സ്വയം ഒരു ഉടച്ചുവാര്‍ക്കലിനു വിധേയമാകാതേയും ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെടാതേയും ഇനിയും കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ കേരളത്തില്‍ വിജയിക്കാനാവുമെന്നു കരുതുക മൗഢ്യമായിരിക്കും. അത്തരമൊരു ശ്രമത്തിനു തുടക്കം കുറിക്കാനവര്‍ തയ്യാറാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. സ്വയം ഉടച്ചുവാര്‍ക്കുക എന്നത് നിസ്സാരവിഷയമല്ല. കാലങ്ങളായി പദവികളിലും അധികാരത്തിലും അള്ളിപ്പിടിച്ചിരിക്കുന്നവര്‍ക്ക് അതത്ര എളുപ്പമല്ല. പക്ഷെ അതു ചെയ്‌തേ പറ്റൂ. അല്ലെങ്കില്‍ അതിനായി പാര്‍ട്ടിക്കകത്ത് കലാപം ചെയ്യാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണം. സത്യത്തില്‍ അത്തരം ചരിത്രം കേരളത്തിലെ കോണ്‍ഗ്രസ്സിനുണ്ട്. 1970കളില്‍ അന്നത്തെ ജീര്‍ണ്ണിച്ച നേതൃത്വത്തിനെതിരെ കലാപം ചെയ്തായിരുന്നു ചെറുപ്പക്കാരുടെ നീണ്ട നിര ഉയര്‍ന്നു വന്നത്. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും സുധീരനും വയലാര്‍ രവിയും പി സി ചാക്കോയും മറ്റും പാര്‍ട്ടിക്കുള്ളില്‍ നടത്തിയ കലാപം ചെറുതായിരുന്നില്ല. പാര്‍ട്ടിക്കകത്തു മാത്രമല്ല, കേരളത്തിലെ തെരുവുകള്‍ യൂത്ത് കോണ്‍ഗ്രസ്സ് – കെ എസ് യു മുദ്രാവാക്യങ്ങളാലും മുഖരിതമായി. അതോടൊപ്പമാണ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കരുണാകരന്‍ – ആന്റണി ഗ്രൂപ്പിസം ശക്തമായത്. പക്ഷെ അക്കാലയളവില്‍ ഗ്രൂപ്പിസം പാര്‍ട്ടിക്ക് ഗുണകരമായി മാറുകയായിരുന്നു. കാരണം നിര്‍ണ്ണായകവേളകളില്‍ ഗ്രുപ്പുകള്‍ വൈര്യം മറന്ന് ഒന്നിച്ചിരുന്നു. ആന്റണി ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായതും ചെന്നിത്തല മന്ത്രിയായതുമൊക്കെ ആ കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു. സിപിഎമ്മടക്കം ഒരു പാര്‍ട്ടിയിലും സമാനമായ സംഭവം കാണാനാകില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിര്‍ഭാഗ്യവശാല്‍ അന്ന് ഇത്തരമൊരു മുന്നേറ്റത്തിനു നേതൃത്വം നല്‍കിയവരാണ് ഇന്നു പുതിയ തലമുറക്കുമുന്നില്‍ വിഘാതമായി നില്‍ക്കുന്നതെന്നതാണ് വൈരുദ്ധ്യം. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ തങ്ങളാണ് ഭേദമെന്ന് പല കോണ്‍ഗ്രസ്സുകാരും പറയാറുണ്ട്. സിപിഎമ്മിന്റേത് മറ്റൊരു സംഘടനാ ചട്ടക്കൂടാണ്. കേഡര്‍ ശൈലിയില്‍ പടുത്തുയര്‍ത്തിയ അതിശക്തമായ സ്റ്റാലിനിസ്റ്റ് സംഘടനാസംവിധാനം. അതിനുള്ളിലൊരു കലാപം എളുപ്പമല്ല എന്ന ചരിത്രം നമുക്കു മുന്നിലുണ്ട്. ജനാധിപത്യവിരുദ്ധമായി അത്തരമൊരു സംവിധാനമല്ല കോണ്‍ഗ്രസ്സ് മാതൃകയാക്കേണ്ടത്. കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് മാറിനില്‍ക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകേണ്ടത്. അതിനുപോലും അവര്‍ക്കു മടിയാണെന്നാണ് വാര്‍ത്തകള്‍ കാണുന്നത്. കെ സുധാാകരന്‍, കെ മുരളീധരന്‍, വ ഡി സതീശന്‍ തുടങ്ങിയവരെ നേതൃത്വത്തില്‍ കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അതൊക്കെ വെറും തൊലിപ്പുറത്തെ ചികിത്സ മാത്രം. ഹൈക്കമാന്റ് ശക്തമായി ഇടപെടാന്‍ പോകുന്നു എന്നും നേതൃത്വത്തെ മാറ്റാനുദ്ദേശിക്കുന്നു എന്നും വാര്‍ത്തയുണ്ട്. നേമത്തെ അടിസ്ഥാനമാക്കിയെടുത്ത് തങ്ങള്‍ക്കാണ് ബിജെപിയെ ചെറുക്കാനുള്ള ശക്തിയുള്ളത് എന്ന രീതിയില്‍ പ്രചണ്ഡമായ പ്രചാരണം നടത്താനുള്ള തങ്ങളുടെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനനേതൃത്വത്തിനായില്ല എന്നതാണ് ഹൈക്കമാന്റിന്റെ പ്രധാന വിമര്‍ശനം. സത്യത്തില്‍ കഴിവുള്ള നിരവധി ചെറുപ്പക്കാര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ ഇനി പാര്‍ട്ടിയെ നയിക്കട്ടെ. അതിനവസരം നല്‍കുന്നില്ലെങ്കില്‍ നേതൃത്വം തയ്യാറില്ലെങ്കില്‍, ഇതേ നേതാക്കള്‍ പണ്ടുചെയ്ത കലാപം ഇവര്‍ക്കെതിരെ നടത്താനാണ് യുവനേതാക്കള്‍ തയ്യാറാകേണ്ടത്. വി ഡി സതീശനും വി ടി ബല്‍റാമിനും ഹൈബി ഈഡനും ഷാഫി പറമ്പലിനും ശബരിനാഥിനും മറ്റും അതിനുള്ള സന്നദ്ധതയില്ല എന്നതാണ് വലിയ ദുരന്തം. തീര്‍ച്ചയായും മുന്‍ചരിത്രത്തില്‍ നിന്ന് വ്യത്യസാഥമായി വനിതകളും ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ വേണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബംഗാള്‍ മാതൃക നമ്മുടെ മുന്നിലുണ്ട്. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട കുത്തകഭരണകാലത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല എന്നു ബോധ്യമായപ്പോഴായിരുന്നു ചെറുപ്പക്കാരിയായിരുന്ന മമത ബാനര്‍ജി പാര്‍ട്ടി വിടുകയും തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുകയും ചെയ്തത്. പിന്നീട് നടന്നതൊക്കെ സമകാലിക ചരിത്രമാണല്ലോ. ഇന്ന് മോദിയും അമിത് ഷായും ഭയപ്പെടുന്ന ഏറ്റവും പ്രധാന നേതാവായി മമത മാറിയിരിക്കുന്നു. സംഘപരിവാര്‍ ഭയപ്പെടുന്ന പ്രധാന പാര്‍ട്ടി തൃണമൂലും. കേരളത്തിലെ വൃദ്ധനേതൃത്വം സ്വയം മാറിനില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മമത നടത്തിയ പോലുള്ള കലാപത്തിനാണ് യുവനേതാക്കള്‍ തയ്യാറാകേണ്ടത്. സൂചിപ്പിച്ചപോലെ വനിതകള്‍ക്കായിരിക്കണം അതില്‍ പ്രധാന പങ്ക്. പക്ഷെ ഇതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി തീരാന്‍ തന്നെയാണ് സാധ്യത. ബംഗാളില്‍ തൃണമൂലും ബിജെപിയും പങ്കിട്ടെടുത്തപോലെ ഇവിടെ സിപിഎമ്മും ബിജെപിയും പങ്കിട്ടെടുക്കുന്ന കാലം അതിവിദൂരമാകുമെന്നു കരുതാനാവില്ല. ഈ പോക്കാണ് കോണ്‍ഗ്രസ്സിന്റേതെങ്കില്‍ ഇപ്പോഴത്തെ പരാജയത്തെ മറികടന്ന് ബിജെപി ശക്തമാകുമെന്നുതന്നെ കരുതാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊന്ന് ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമാണ്. ഭരണമാറ്റം എന്ന കിനാവിന് അറുതി വന്ന സ്ഥിതിക്ക് ഇനിയെങ്കിലും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കാന്‍ യുഡിഎഫ് തയ്യാറാകണം. നിയമസഭക്കകത്തും പുറത്തും അതുവേണം. മുകളില്‍ സൂചിപ്പിച്ചപോലെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന കലാപസമയത്ത് കേരളത്തിലെ തെരുവുകള്‍ യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യു സംഘടനകള്‍ സജീവമാക്കിയിരുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ അത്തരം സജീവത തിരിച്ചുപിടിക്കാന്‍ ഈ സംഘടനകളും മഹിളാ കോണ്‍ഗ്രസ്സുമൊക്കെ തയ്യാറാകണം. ഇക്കാര്യത്തില്‍ ഒരു പരിധി വരെ ഡി വൈ എഫ് ഐയെ മാതൃകയാക്കാവുന്നതാണ്. അത്തരത്തില്‍ സ്വയം മാറാനും ജനങ്ങള്‍ക്കിടയില്‍ സജീവമാകാനും തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനും മറ്റു പല സംസ്ഥാനങ്ങളിലെ അവസ്ഥ കൈവരും. അതാകട്ടെ അവര്‍ക്കുമാത്രമല്ല, കേരളത്തിനും ജനാധിപത്യത്തിനും ദുരന്തമായിരിക്കുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply